രാഷ്ട്രീയക്കാരുടെ കൂലിപ്പട്ടാളമാകരുത് എഴുത്തുകാർ; ശരികൾ വിളിച്ചുപറയണം
ചരിത്രത്തെ മുൻനിർത്തി കേരളത്തിന്റെ സമകാല ജീവിതത്തെ, രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നിലപാടുകളെ ഇഴപിരിച്ചു പരിശോധിക്കുകയാണ് മുടിപ്പേച്ച് എന്ന നോവലിൽ രവിവർമ തമ്പുരാൻ. എഴുത്തുകാരന്റെ പരമപ്രധാനമായ ഉത്തരവാദിത്തം സമൂഹത്തോടും സഹജീവിതങ്ങളോടുമാണെന്നു പ്രഖ്യാപിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.
ചരിത്രത്തെ മുൻനിർത്തി കേരളത്തിന്റെ സമകാല ജീവിതത്തെ, രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നിലപാടുകളെ ഇഴപിരിച്ചു പരിശോധിക്കുകയാണ് മുടിപ്പേച്ച് എന്ന നോവലിൽ രവിവർമ തമ്പുരാൻ. എഴുത്തുകാരന്റെ പരമപ്രധാനമായ ഉത്തരവാദിത്തം സമൂഹത്തോടും സഹജീവിതങ്ങളോടുമാണെന്നു പ്രഖ്യാപിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.
ചരിത്രത്തെ മുൻനിർത്തി കേരളത്തിന്റെ സമകാല ജീവിതത്തെ, രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നിലപാടുകളെ ഇഴപിരിച്ചു പരിശോധിക്കുകയാണ് മുടിപ്പേച്ച് എന്ന നോവലിൽ രവിവർമ തമ്പുരാൻ. എഴുത്തുകാരന്റെ പരമപ്രധാനമായ ഉത്തരവാദിത്തം സമൂഹത്തോടും സഹജീവിതങ്ങളോടുമാണെന്നു പ്രഖ്യാപിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ.
ചരിത്രത്തെ മുൻനിർത്തി കേരളത്തിന്റെ സമകാല ജീവിതത്തെ, രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ നിലപാടുകളെ ഇഴപിരിച്ചു പരിശോധിക്കുകയാണ് മുടിപ്പേച്ച് എന്ന നോവലിൽ രവിവർമ തമ്പുരാൻ. എഴുത്തുകാരന്റെ പരമപ്രധാനമായ ഉത്തരവാദിത്തം സമൂഹത്തോടും സഹജീവിതങ്ങളോടുമാണെന്നു പ്രഖ്യാപിക്കുന്നവയാണ് അദ്ദേഹത്തിന്റെ രചനകൾ. മനുഷ്യജീവിതത്തിന്റെ വൈകാരികവും വൈചാരികവുമായ പല അടരുകളിലൂടെയും സഞ്ചരിക്കുന്നുണ്ട് അവ. ആ യാത്രയുടെ ബോധ്യങ്ങൾ നിർഭയം വിളിച്ചുപറയുകയും ചെയ്യുന്നു. എഴുത്തിനെപ്പറ്റിയും നിലപാടുകളെപ്പറ്റിയും രവിവർമ തമ്പുരാൻ സംസാരിക്കുന്നു.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നോവൽ – വിഷം– എഴുതിയത്. വായനയുടെയും എഴുത്തിന്റെയും തുടക്കത്തെപ്പറ്റി പറയാമോ?
ഞാൻ അഞ്ചിലോ ആറിലോ പഠിക്കുമ്പോൾത്തന്നെ കഥകളെഴുതിയിട്ടുണ്ട്. അതു പക്ഷേ എനിക്കോർമയില്ല. അക്കാലത്തൊരിക്കൽ ഒരമ്മാവന്റെ വീട്ടിൽ പോയപ്പോൾ, നീയെഴുതിയ കഥ വായിച്ചതായി അമ്മ പറഞ്ഞെന്ന് എന്റെ കസിൻ പറഞ്ഞു. അന്ന് എഴുതിയതായാണ് മനസ്സിലാവുന്നത്. എന്റെ ഓർമയിൽ ഞാൻ കഥയെഴുതിയത് എട്ടിലും ഒൻപതിലുമൊക്കെ പഠിക്കുമ്പോഴാണ്. ഒൻപതിൽ പഠിക്കുമ്പോൾ വിഷം എന്ന പേരിൽ ഒരു നോവലെഴുതി. ഇന്നതു കേൾക്കുമ്പോൾ തമാശയായി തോന്നും. മദ്യപാനം മൂലം ഒരു കുടുംബം തകരുന്നതിനെപ്പറ്റിയാണ് അത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ വിഷം നാടകമായിട്ടും ഞാനെഴുതി. അത് സ്കൂളിലെ കലോൽസവത്തിൽ അവതരിപ്പിച്ചു. അതിനു മുന്നോടിയായി സ്കൂളിലെ ജനാലയിൽ ചോക്കുകൊണ്ട് വിഷം നാടകം, സംവിധാനം രവിവർമ വെൺമണി എന്ന് പരസ്യം പോലെ എഴുതിവച്ചു. അതിന് എന്നെ അവിടുത്തെ തങ്കച്ചൻ സാർ അടിക്കുകയും ചെയ്തു. ആ അടിയാണ് എഴുത്തിനെപ്പറ്റിയുള്ള മറ്റൊരോർമ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെറുകഥാ രചനയ്ക്ക് ഒന്നാം സമ്മാനം കിട്ടുകയും കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇതൊക്കെയാണ് സ്കൂൾ കാലത്തെ എഴുത്തിനെപ്പറ്റിയുള്ള ഓർമകൾ.
കുട്ടിക്കാലം മുതൽ വായിക്കുമായിരുന്നു. എന്റെ ചേട്ടൻ വെൺമണി പഞ്ചായത്ത് ലൈബ്രറിയിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയത് ഓർമയുണ്ട്. അവിടെനിന്ന് ബഷീറിന്റെ പുസ്തകങ്ങളൊക്കെ എടുത്തു വായിച്ചിട്ടുണ്ട്. പത്താംക്ലാസൊക്കെയായപ്പോൾ ഡിറ്റക്ടീവ് നോവലുകളും മറ്റും എടുത്തു വായിച്ചിട്ടുണ്ട്. പ്രീഡിഗ്രിക്കാലത്ത് അവിടെ സുരേന്ദ്രൻ എന്നൊരു ലൈബ്രേറിയൻ വന്നു. അദ്ദേഹമാണ് എന്റെ വായനയെ വഴിതിരിച്ചുവിട്ടത് എന്നു തോന്നുന്നു. ഗൗരവമുള്ള വായനയും ക്ലാസിക്കുകളും ഒക്കെ പരിചയപ്പെടുത്തിയതും വായനയെ ശരിയായ ദിശയിലേക്കു നയിച്ചതും അദ്ദേഹമായിരുന്നു.
ചരിത്രം വിഷയമോ പശ്ചാത്തലമോ ആയി വരുന്ന നോവലുകൾ മലയാളത്തിൽത്തന്നെ പലതുമുണ്ട്. സിവിയുടെ നോവലുകളിലേതുപോലെ ഒരു ചരിത്രഘട്ടത്തെ ആവിഷ്കരിക്കുന്നവ, ‘കയർ’, ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഒക്കെപ്പോലെ ദേശചരിത്രത്തിനൊപ്പം ദീർഘസഞ്ചാരം നടത്തുന്നവ, ‘ഗോവർധന്റെ യാത്രകൾ’ പോലെ പല ചരിത്ര വ്യക്തികളും കഥാപാത്രങ്ങളായി വരുന്നവ എന്നിങ്ങനെ, പക്ഷേ മുടിപ്പേച്ച് വ്യത്യസ്തമാകുന്നത് കേരള ചരിത്രത്തിലൂടെയുള്ള ഒരു തുടർസഞ്ചാരം എന്ന നിലയിലാണ്. ചരിത്ര സന്ധികളെ വർത്തമാനകാലവുമായി കൂട്ടിക്കെട്ടുന്ന ഒരാഖ്യാനതന്ത്രം. ഒപ്പം കേരളീയ നവോത്ഥാനത്തിന്റെ ഒരു സമഗ്ര ചിത്രവും.
ചെറുപ്പം മുതൽ ഒരു വായനാ സംസ്കാരമുള്ളതുകൊണ്ട്, ചരിത്രാഖ്യായികകളും നേരിട്ടു ചരിത്രം പറയുന്ന പുസ്തകങ്ങളും ഞാനൊരുപാടു വായിക്കുമായിരുന്നു. പത്രപ്രവർത്തകൻ എന്ന നിലയിൽ അതെനിക്ക് പിന്നീട് ഒരുപാടു സഹായകമായിട്ടുണ്ട്. പഴയ സംഭവങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിക്കുന്ന തരത്തിൽ ഒരുപാടു വാർത്തകൾ ചെയ്തിട്ടുണ്ട്. അതിൽപെട്ട ഒരു പരമ്പര പുന്നപ്ര– വയലാർ സമരത്തിന്റെ അമ്പതാം വാർഷികത്തിൽ മലയാള മനോരമ പത്രത്തിൽ ‘കനൽ മൂടിയ ചരിത്രം’ എന്ന പേരിൽ വന്നു. അതു പിന്നെ ‘പുന്നപ്ര–വയലാർ: അപ്രിയ സത്യങ്ങൾ’ എന്ന പേരിൽ പുസ്തകവുമായി. മുമ്പ് എനിക്കുണ്ടായിരുന്ന സാഹിത്യരചനാ ശ്രമങ്ങൾ, പത്രപ്രവർത്തനത്തിൽ സജീവമായ തൊണ്ണൂറുകളിൽ എങ്ങനെയോ അവസാനിച്ചു. പിന്നീട് സാഹിത്യരംഗത്തേക്കു തിരിച്ചുവരുന്നത് 2004 –2005 കാലത്താണ്. ചരിത്രം വായിക്കാനും എഴുതാനുമുള്ള താൽപര്യമുണ്ട്. നാളത്തെ ചരിത്രമാണ് ഇന്നത്തെ പത്രറിപ്പോർട്ട് എന്നും പറയാം. ഒരു പത്രപ്രവർത്തകൻ ജീവിക്കുന്നത്, സഞ്ചരിക്കുന്നത് ചരിത്രത്തിലാണ്. ചരിത്രപരമായ എല്ലാ സംഭവങ്ങളും അയാളെ പ്രചോദിപ്പിക്കും. വർത്തമാനകാല സംഭവങ്ങളും അയാളെ പ്രചോദിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യും.
മുടിപ്പേച്ച് എഴുതാനുണ്ടായ പശ്ചാത്തലം അതുപോലൊരു സംഭവമാണ്. 2018 –19 കാലത്ത് ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തിൽ വ്യാപകമായി നവോത്ഥാനം ചർച്ച ചെയ്യുകയുണ്ടായി. പറഞ്ഞുകേട്ട, പ്രചരിപ്പിക്കപ്പെട്ട നവോത്ഥാന ചരിത്രം സത്യത്തിൽനിന്ന് വളരെയേറെ അകലെയാണല്ലോ എന്ന തോന്നൽ എനിക്കുണ്ടായി. എന്നെപ്പോലെ യഥാർഥ ചരിത്രത്തെ അന്വേഷിക്കുകയും പിന്തുടരുകയും ചെയ്യുന്നവർക്കും ആ തോന്നലുണ്ടായിട്ടുണ്ടാവാം. പക്ഷേ ഞാനൊരു എഴുത്തുകാരനും പത്രപ്രവർത്തകനുമായതുകൊണ്ട്, ഇങ്ങനെ സത്യത്തെ വളച്ചൊടിക്കുന്നത്, അല്ലെങ്കിൽ വ്യാജ ചരിത്രം നിർമിക്കുന്നത് വെറുതേ കേട്ടുമറന്നു കളയേണ്ടതല്ല, അതിനെതിരെ ഒരു ചെറുത്തുനിൽപു വേണം എന്ന തോന്നലുണ്ടായി. അങ്ങനെയാണ് മുടിപ്പേച്ച് എഴുതുന്നത്. ഈ രൂപത്തിലൊരു പുസ്തകം എന്നൊന്നും മനസ്സിലില്ലായിരുന്നു. കേരളത്തിന്റെ നവോത്ഥാന ചരിത്രം പഠിക്കുക, അതു വച്ച് എന്തെങ്കിലുമൊന്നു ചെയ്യുക എന്നതായിരുന്നു ഉദ്ദേശ്യം.
ഞാനൊരു അഞ്ഞൂറു വർഷത്തെ ചരിത്രം പഠിച്ചത് 60– 70 പുസ്തകങ്ങൾ വായിച്ചിട്ടാണ്. അപ്പോഴാണ്, 2014 ൽ ഞാനെഴുതിയ ഭയങ്കരാമുടി എന്ന നോവലിന്റെ തുടർച്ചയായി ഈ നോവലിനെ അവതരിപ്പിക്കാമെന്നു മനസ്സിലായത്. ഭയങ്കരാമുടിയിലെ കഥാപാത്രങ്ങൾ ഈ നോവലിലും കടന്നുവരുന്നുണ്ട്. അവരുടെ ഒരു തുടർസഞ്ചാരമാണിത്. അവർക്കൊപ്പം ഞാനും ഒരു നിശ്ശബ്ദ കഥാപാത്രമായി ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. ചരിത്രത്തിന്റെ വളച്ചൊടിക്കലിനെതിരെ എഴുതുന്ന നോവലായതുകൊണ്ട് ഇതിൽ ചരിത്രം കൂടുതൽ കടന്നുവന്നെന്നേയുള്ളൂ. അതിലൊരു വർത്തമാനകാല കഥയുണ്ട്, രാഷ്ട്രീയമുണ്ട്, സാമൂഹിക ജീവിതമുണ്ട്, കൂട്ടത്തിൽ ചരിത്രവുമുണ്ട്.
മതതീവ്രവാദം രൂക്ഷമാകുന്ന കാലമാണ് മുടിപ്പേച്ചിന്റെ പശ്ചാത്തലം. പ്രമേയപരമായി ഭയങ്കരാമുടി എന്ന നോവലിന്റെ തുടർച്ച കൂടിയാണത്. കഥാപരിസരം കേരളമാണെങ്കിലും പ്രമേയം ആഗോള പ്രസക്തമാണ്.
കേരളത്തിലെ ആളുകൾ വളരെയേറെ ബോധവാന്മാരാണ്. നമ്മുടെ നാടിനെപ്പറ്റി, രാജ്യത്തെപ്പറ്റി, ലോകത്തെപ്പറ്റി, അതിനപ്പുറം പ്രപഞ്ചത്തിന്റെ ഉള്ളാഴങ്ങളിൽ നടക്കുന്ന സംഭവങ്ങളെപ്പറ്റി ഒക്കെ ജാഗരൂകരാണ്. ഏതു വിഷയത്തെപ്പറ്റിയും എഴുതിയോ പറഞ്ഞോ പ്രസംഗിച്ചോ മലയാളി അവന്റെ അഭിപ്രായങ്ങൾ പുറത്തു കൊണ്ടുവരാറുണ്ട്. അതൊക്കെയാണല്ലോ സോഷ്യൽ മീഡിയയിൽ മലയാളികൾ ഇത്ര ലൈവാകാനുള്ള കാരണം. പക്ഷേ മലയാളി എപ്പോഴും നിശ്ശബ്ദത പാലിക്കുന്ന ഒരു വിഷയം മതതീവ്രവാദമാണ്. അതിനെപ്പറ്റി അടക്കം പറയുന്ന ആളുകൾ പോലും ഉച്ചത്തിൽ പറയാൻ ഭയക്കുന്നുണ്ട്. മതതീവ്രവാദത്തെപ്പറ്റി പറഞ്ഞാൽ തങ്ങൾക്കെന്തോ സംഭവിക്കുമെന്നോ നഷ്ടപ്പെടുമെന്നോ ഉള്ള ഭയം മലയാളിക്കുണ്ട്. മലയാളിയുടെ പ്രായോഗിക ബുദ്ധിയിൽനിന്നാവാം അതു വരുന്നത്. എന്നാൽപോലും അത് കേരളത്തിനും മലയാളികൾക്കും ദോഷം ചെയ്യും.
എന്റെ തോന്നലനുസരിച്ച് 30 വർഷമായി കേരളത്തിൽ ശക്തമായ മതതീവ്രവാദമുണ്ട്. അതിന്റെ അപകടങ്ങൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്. ആദ്യഘട്ടത്തിൽ തുറന്ന ചില ആക്രമണങ്ങൾ, സ്ഫോടനങ്ങൾ ഒക്കെയായിരുന്നെങ്കിൽ പിന്നീട് ബൗദ്ധിക തലത്തിലേക്ക് അതുമാറി. രാഷ്ട്രീയപാർട്ടികളിൽ, എഴുത്തുകാർക്കിടയിൽ, മാധ്യമങ്ങളിൽ, അങ്ങനെ കേരളത്തിന്റെ മുഖ്യധാരയിലെല്ലാം തീവ്രവാദി സാന്നിധ്യമുണ്ടെന്നുള്ളതാണ് എന്റെയൊരു ബോധ്യം.
എഴുത്തുകാരന്റെ കടമ ശരികൾ വിളിച്ചു പറയുകയാണ്. അതുകൊണ്ടാണ് ഞാൻ ഭയങ്കരാമുടി എഴുതിയത്, ഇപ്പോൾ മുടിപ്പേച്ച് വന്നപ്പോൾ, നവോത്ഥാനം സംബന്ധിച്ച ചർച്ചകൾ എങ്ങനെ വളച്ചൊടിക്കപ്പെട്ടു എന്ന് അന്വേഷിച്ചപ്പോഴാണ് അതിനകത്ത് മതതീവ്രവാദത്തിന്റെ സാന്നിധ്യം കണ്ടത്. മതതീവ്രവാദവുമായി ബന്ധപ്പെട്ട ഒരുപാട് എലമെന്റ്സ് കേരള ചരിത്രത്തെ ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ കടന്നുകൂടിയിരുന്നു. അത് നേരിട്ടു ബന്ധപ്പെടുന്നു എന്നുള്ളതുകൊണ്ടാണ് ഇതിനകത്തും മതതീവ്രവാദം കടന്നുവന്നത്. മതതീവ്രവാദം ആഗോളതലത്തിൽ നടക്കുന്നതായതുകൊണ്ട് ഈ വിഷയമെഴുതുമ്പോൾ കേരളം മാത്രമായി എഴുതാനാവില്ല. എന്റെ പുസ്തകമിറങ്ങുന്നതിന് ഏതാനും മാസം മുമ്പ് എന്റെ സുഹൃത്തു കൂടിയായ ശംസുദ്ദീൻ മുബാറക്ക് എഴുതിയ ദാഇശ് എന്ന പുസ്തകം മുടിപ്പേച്ചിന്റെ വായനക്കാർക്ക് ഒരുപാട് പശ്ചാത്തല വിവരങ്ങൾ കൊടുക്കുന്നുണ്ട്. അതുകൊണ്ട് ആഗോളതലത്തിലുള്ള കാര്യങ്ങൾ ഒരുപാട് എഴുതേണ്ടിവന്നില്ല.
വളരെ സവിശേഷമായൊരു സാമൂഹിക ദർശനം മുന്നോട്ടു വയ്ക്കുന്ന പുസ്തകമാണ് പൂജ്യം. ശ്രീനാരായണഗുരു, അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകന്മാരുടെയൊക്കെ ദർശനങ്ങളുടെ ഒരാറ്റിക്കുറുക്കൽ അതിലുണ്ട്; ദേവാലയങ്ങളെയും വിശ്വാസത്തെയും മതിലുകളെയും പ്രകൃതിയെയുമൊക്കെ സംബന്ധിച്ച്. ഒരുതരത്തിൽ പൂജ്യത്തിന്റെ കൂടി തുടർച്ച എന്ന് മുടിപ്പേച്ചിനെ പറയാൻ പറ്റുമോ?
അതെ. തീർച്ചയായും. എന്റെ മനസ്സിൽ അതുണ്ട്. പക്ഷേ തീവ്രവാദം പൂജ്യത്തിൽ വരുന്നതേയില്ല. അതുകൊണ്ടാണ് അതിന്റെ തുടർച്ച എന്നോ ആ നോവൽ സീക്വൻസിൽ പെട്ടത് എന്നോ ഞാൻ പറയാത്തത്. പക്ഷേ ഭയങ്കരാമുടിയും പൂജ്യവും മുടിപ്പേച്ചും വായിച്ചിട്ടുള്ള ആളുകൾ പറഞ്ഞത് ഭയങ്കരാമുടിയിൽനിന്ന് മുടിപ്പേച്ചിലേക്കുള്ള പാലമാണ് പൂജ്യം എന്നാണ്. പൂജ്യത്തിൽ ആത്യന്തികമായി ജാതി, മതം, രാഷ്ട്രീയം, ഭാഷ, നിറം ഇതെല്ലാം മനുഷ്യരെ വേർതിരിക്കുന്ന മതിലുകളാണ്. രക്തബന്ധം പോലും മനുഷ്യരെ വേർതിരിക്കുന്നു. ഇതിനൊക്കെ ഉപരിയായി ചിന്തിക്കാനുള്ള പ്രചോദനമാണ് പൂജ്യം. ലോകം ഒരൊറ്റ സമൂഹമാണ്, മനുഷ്യൻ എന്ന ഒറ്റ വർഗമാണ്. മതവും ജാതിയും ഉണ്ടാകാം, അതവന്റെ മനസ്സിലിരിക്കണം. മറ്റുള്ളവരെ തമ്മിൽത്തല്ലിക്കാനോ വേർതിരിക്കാനോ ഉപയോഗിക്കരുത് എന്ന സന്ദേശമാണ് പൂജ്യം കൊടുക്കുന്നത്. മതതീവ്രവാദത്തിന്റെ അപകടം പറയുമ്പോൾത്തന്നെ ചെറിയ തോതിലെങ്കിലുമുള്ള ജാതി, മത ചിന്ത ഉണ്ടാക്കുന്ന ദോഷവും പൂജ്യം പറയുന്നുണ്ട്.
കല രൂപപ്പെട്ട കാലം മുതലുള്ള ചോദ്യമാണ് കലാകാരന്റെ സാമൂഹിക പ്രതിബദ്ധത. എഴുത്തുകാരുമായുള്ള അഭിമുഖങ്ങളിൽ ക്ലീഷേ ആയിപ്പോയ ആ ചോദ്യം പക്ഷേ മുടിപ്പേച്ചിന്റെ എഴുത്തുകാരനോട് ആ നോവലിനെപ്പറ്റി സംസാരിക്കുമ്പോൾ വളരെയധികം പ്രസക്തമാണ്.
എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത വളരെയേറെയാണ്. സാമൂഹിക പ്രതിബദ്ധതയില്ലാത്ത മട്ടിൽ ഒരുപാട് എഴുത്തുകാർ പ്രവർത്തിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിലാണ്. കേരളത്തിൽ നവോത്ഥാന കാല സാഹിത്യം എന്നൊരു സംഗതിയുണ്ടായിരുന്നു. അത് തകഴി ശിവശങ്കരപ്പിള്ള, കേശവദേവ് അങ്ങനെയൊക്കെയുള്ള ആളുകളുടെ കാലമാണ്. അവരൊക്കെ എത്രമാത്രം ജാഗ്രതയോടെയാണ് സമൂഹത്തിലെ പ്രശ്നങ്ങളിലിടപെട്ടിട്ടുള്ളത്, സമൂഹത്തെ കറക്ട് ചെയ്യാൻ ശ്രമിച്ചിട്ടുള്ളത്. അധ്യാത്മ രാമായണം കിളിപ്പാട്ട് എഴുതുന്ന എഴുത്തച്ഛന്റെ ലക്ഷ്യം പോലും അക്കാലത്തെ കേരളത്തിലെ സാമൂഹിക പ്രശ്നങ്ങളെ അഡ്രസ് ചെയ്യാൻ ഭക്തി എന്നൊരായുധത്തെ ഉപയോഗിച്ചുകൊണ്ട് സമൂഹത്തെ കറക്ട് ചെയ്യുകയായിരുന്നു. കേരളീയ സമൂഹത്തെ കറക്ട് ചെയ്യാനുള്ള ഒരു പുസ്തകമാണ് അധ്യാത്മ രാമായണം കിളിപ്പാട്ട്. പോർച്ചുഗീസുകാർ വന്നതിനു ശേഷം കേരളത്തിലുണ്ടായ അതിഭയങ്കരമായ സംഘർഷങ്ങൾ, ഭിന്നിപ്പുകൾ, ജനങ്ങൾക്കിടയിലുള്ള അരാജകമായ അവസ്ഥ, ബ്രാഹ്മണർ എന്നു പറയുന്ന വിഭാഗങ്ങൾ ഒട്ടും ഉത്തരവാദിത്തമില്ലാതെ പെരുമാറുന്ന അവസ്ഥ, കീഴ്ജാതിക്കാർ എന്നു പറയുന്നവർ അനുഭവിക്കുന്ന ദുര്യോഗങ്ങൾ, ഇതിന്റെയൊക്കെ ഇടയ്ക്ക് സമൂഹത്തെയൊന്നു പുനസ്സംഘടിപ്പിക്കാൻ വേണ്ടി ഭക്തി ഉപയോഗിക്കാം എന്നുകണ്ടിട്ടാണ് അദ്ദേഹം അധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നത്.
അങ്ങനെ പഴയ കാലം മുതൽ അനലൈസ് ചെയ്താൽ എല്ലാക്കാലത്തും എഴുത്തുകാരുടെ ഒരു ലക്ഷ്യം സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുക എന്നുള്ളതായിരുന്നു. അത് ആഗോളതലത്തിലായാലും ദേശീയ തലത്തിലായാലും കേരളത്തിലായാലും. പക്ഷേ ഇക്കാലത്തെ എഴുത്തുകാർ– ഞാനെന്റെ സഹപ്രവർത്തകരായ എഴുത്തുകാരെ കുറ്റം പറയുന്നു എന്നു വിചാരിക്കരുത്, അതൊരു യാഥാർഥ്യമാണ്– സമൂഹത്തിൽ നടക്കുന്ന ഈ ദോഷകരമായ പ്രവണതകൾ, രാജ്യത്തിനും നാടിനും ജനങ്ങൾക്കു ദോഷം ചെയ്യുന്ന ഒരുപാടു പ്രവർത്തനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുണ്ട്. പക്ഷേ തങ്ങൾക്കാവശ്യമുള്ള കാര്യങ്ങളിൽ, പ്രയോജനം കിട്ടുന്നതെന്നു വിചാരിക്കുന്ന കാര്യങ്ങളിൽ വളരെ ശക്തമായി പ്രതികരിക്കുന്നുമുണ്ട്. എല്ലാ വിഷയങ്ങളിലും അവർ പ്രതികരിക്കണോ, അവർ പ്രതികരണത്തൊഴിലാളിയാണോ എന്നൊക്കെ ചോദിക്കാം. അവർ കൃത്യമായി പ്രതികരിക്കേണ്ട പല വിഷയങ്ങളിലും പ്രതികരിക്കുന്നില്ല. അതുകൊണ്ടാവാം കേരളീയ സമൂഹത്തിൽ ഇപ്പോൾ എഴുത്തുകാരുടെ സ്ഥാനം നേരത്തേയുണ്ടായിരുന്നതിനേക്കാൾ വളരെ താഴെയാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.
എന്റെയൊരഭ്യർഥന എല്ലാ എഴുത്തുകാരും സമൂഹത്തിലെ പ്രശ്നങ്ങൾ കൃത്യമായും സത്യസന്ധമായും വിലയിരുത്തി പ്രതികരിക്കണം എന്നുതന്നെയാണ്. ഞാൻ എഴുത്തുകാരൻ എന്നതിനൊപ്പം പത്രപ്രവർത്തകൻ കൂടിയാണ്. എഴുത്തുകാരനായി നോവലോ കഥയോ എഴുതുമ്പോഴും പത്രപ്രവർത്തകനായി വാർത്തയെഴുതുമ്പോഴും എന്റെ പ്രതിബദ്ധത സമൂഹത്തോടാണ്. അതൊരു മുഖസ്തുതി പറയുകയല്ല, അതാണെന്നെ എഴുതാൻ പ്രേരിപ്പിക്കുന്നത്. അതാണെന്റെ പ്രകോപനം. എന്റെ വായനയുടെ, ചരിത്ര ജ്ഞാനത്തിന്റെ, ഇടപെടലുകളുടെ ഒക്കെ അടിസ്ഥാനത്തിലുണ്ടാക്കിയ വിലയിരുത്തലുകളിൽനിന്ന് ശരി എന്നു തോന്നുന്നതിനെ ഞാൻ അംഗീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും തെറ്റ് എന്നു തോന്നുന്നതിനെതിരെ ശക്തമായി എഴുതുകയും ചെയ്യുന്നു. അതാണ് എന്നെ ഒരു എഴുത്തുകാരനാക്കി നിലനിർത്തുന്നത്.
കഥകളുടെയും നോവലുകളുടെയും പേരുകൾ സവിശേഷമാണ്. ഭയങ്കരാമുടി, മാരകമകൾ, ചെന്താമരക്കൊക്ക...
പൊതുവേ പലരും അങ്ങനെ അങ്ങനെ പറയാറുണ്ട് എന്റെ കഥകളുടെയും നോവലിന്റെയും ഒക്കെ പേരിനെപ്പറ്റി. എന്തിന്റെയും പേര് – വ്യക്തിയെന്ന നിലയ്ക്ക് എന്റെ പേരും നമ്മുടെ സമൂഹത്തിലുള്ള ഓരോരുത്തരുടെയും പേരും – അവരിലേക്കു ശ്രദ്ധയാകർഷിക്കാനുള്ള തന്ത്രം തന്നെയാണ്. ആ പേരാണ് അവരുെട ഐഡന്റിറ്റി. പേരിൽ കാര്യമില്ല എന്ന് ഷെയ്ക്സ്പിയർ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പലരും പറയാറുണ്ടെങ്കിലും പേരിലൊരുപാടു കാര്യമുണ്ട്.
ഷർട്ടോ മറ്റു വസ്ത്രങ്ങളോ തൂക്കിയിടാൻ ഭിത്തിയിൽ ഉള്ള ഒരു ആണി സഹായിക്കും എന്നുപറഞ്ഞതുപോലെ ഒരു പുസ്തകത്തിന്റെ പേരാണ് അതിലേക്ക് ആളുകളെ ആകർഷിക്കുന്നത്. രണ്ടാമതു മാത്രമേ അതിന്റെ കണ്ടന്റ് ഇംപോർട്ടന്റ് ആകുന്നുള്ളൂ. ചിലത് നല്ല പുസ്തകമായിരിക്കും, പക്ഷേ പേര് മോശമാണെങ്കിൽ ആളുകൾ ആദ്യമതു ശ്രദ്ധിക്കുകയില്ല. പറഞ്ഞുകേട്ട് അതിലേക്കു പോകുമായിരിക്കും. വ്യത്യസ്തമായ പേരുമായി ഒരു പുസ്തകം ഷോറൂമിലിരുന്നാൽ ആളുകൾ അതൊന്നു കയ്യിലെടുത്തുനോക്കും. അപ്പോൾ അതു വായിക്കാൻ തോന്നിയാൽ ഉറപ്പായും വാങ്ങിക്കും. പുസ്തകത്തിലേക്കു ശ്രദ്ധ കൊണ്ടുവരാൻവേണ്ടിത്തന്നെയാണ് വ്യത്യസ്തമായ പേരുകളിടുന്നത്.
കേരളത്തിന്റെ ഭാവികാലത്തേക്കുള്ള യാത്രയാണ് ചെന്താമരക്കൊക്ക. നരഭോജികളായിമാറുന്ന ഒരു സമൂഹമാണതിൽ. അതിനു ശേഷം വന്ന മുടിപ്പേച്ച് ഭൂതകാലത്തിലെ, നവോത്ഥാനത്തിന്റെ ചരിത്ര മുഹൂർത്തങ്ങളിലേക്കുള്ള സന്ദർശനവും. ഇത് തന്റെ സമൂഹത്തിന്റെ ഭാവിയെപ്പറ്റി ഒഴെത്തുകാരന്റെ ഭീതിയും അതിനെ മറികടക്കാനുള്ള ശ്രമവുമാണോ?
സാംഖ്യ യോഗത്തിൽ പറയുന്നുണ്ട്, ഭൂതകാലം കഴിഞ്ഞുപോയി. ഭാവികാലത്തെപ്പറ്റി ചിന്തിച്ചിട്ടു കാര്യവുമില്ല. അതുകൊണ്ട് നമ്മൾ വർത്തമാനത്തിൽ ജീവിക്കുക. പക്ഷേ വർത്തമാനകാലത്തിൽ നമുക്ക് നന്നായി ജീവിക്കണമെങ്കിൽ ഭാവിയെപ്പറ്റി തോന്നലും ഭൂതകാലത്തെപ്പറ്റി അറിവുമുണ്ടാകണം. ചെന്താമരക്കൊക്ക എന്ന കഥയെഴുതാനുള്ള പശ്ചാത്തലം, കേരളത്തിന്റെ കടൽത്തീരം 25 കിലോമീറ്ററോളം കടലെടുത്തുപോകുമെന്ന് ഒരു ശാസ്ത്രജ്ഞൻ കൊച്ചിയിൽവന്ന് പ്രസംഗിച്ചതാണ്. ഗ്ലോബൽ വാമിങ്ങിന്റെ ഫലമായി ധ്രുവങ്ങളിലെ മഞ്ഞുരുകി കടലിലെ ജലനിരപ്പുയർന്ന് അതിന്റെ ഫലമായി കേരളത്തിന്റെ കടൽത്തീരം 25 കിലോമീറ്ററോളം കടലെടുത്തുപോകും എന്നാണ് അദ്ദേഹം പറഞ്ഞത്.
25 കിലോമീറ്റർ എന്നു പറഞ്ഞാൽ പ്രധാന ജില്ലകൾ മിക്കവാറും എല്ലാംതന്നെ ഇല്ലാതാകും. അപ്പോൾ അവിടെയുള്ള മനുഷ്യരൊക്കെ എങ്ങോട്ടു പോകും? ഒരു കൂട്ടപ്പലായനമായിരിക്കും സംഭവിക്കുക. അങ്ങനെ വന്നാൽ അവർ പശ്ചിമഘട്ടങ്ങളിലേക്കാവും പോവുക. വനം വെട്ടിനശിപ്പിച്ച് വീടുകൾ പണിയും. അപ്പോൾ, നമ്മുടെ അമ്മയായ പ്രകൃതിയെ നശിപ്പിച്ചു കഴിയുമ്പോൾ അവരിലെ നന്മയൊക്കെ എന്തായിത്തീരും എന്നൊരു ഉത്കണ്ഠ ഉണ്ടായിരുന്നു. അതുകൊണ്ടാണ് നരഭോജികളായിത്തീരുന്ന മനുഷ്യരെപ്പറ്റി, മഹാത്മാഗാന്ധിയുടെ പ്രതിമ തച്ചുടയ്ക്കുന്ന മനുഷ്യരെപ്പറ്റി എഴുതിയത്. 75 വർഷം കഴിഞ്ഞുള്ള കേരളത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ഒരു കാര്യത്തെപ്പറ്റി.
കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരം ഭൂതകാല ചരിത്രം പഠിച്ച്, ഭാവിയിൽ വരാൻ സാധ്യതയുള്ള അപകടങ്ങളെ തിരിച്ചറിഞ്ഞ് ഇപ്പോഴത്തെ തെറ്റു തിരുത്തുക എന്നുള്ളതാണ് മുടിപ്പേച്ച്. അതുകൊണ്ടാണ് അതിൽ ആ രീതിയിലൊരു സമീപനം എടുത്തത്.
ഒരു സമൂഹമെന്ന നിലയിലുള്ള മലയാളിയുടെ നൈതിക ബോധത്തെയും സദാചാര വിചാരങ്ങളെയും തള്ളിക്കളയുന്ന കഥാപാത്രങ്ങളുണ്ട് പല കഥകളിലും. പ്രത്യേകിച്ച് സ്ത്രീകൾ. ആറന്മുള വിമാനത്താവളം, ഓരോരോ മാമലമേൽ, സ്ത്രീ വെറും ശരീരം മാത്രമല്ല തുടങ്ങിയ കഥകൾ ഉദാഹരണം.
എന്റെ പെൺകഥാപാത്രങ്ങളെ ഞാൻ ഫെമിനിസ്റ്റ് എന്നൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല. അത്തരം ചില നിർവചനങ്ങളൊക്കെ ആളുകൾ പറയാറുണ്ടെങ്കിലും. പക്ഷേ എന്റെ കഥകളിൽ ഞാൻ ശ്രമിച്ചിട്ടുള്ളത് ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ്. പ്രകൃതിയിൽനിന്നുള്ള എതിർപ്പുകൾ, പുരുഷനിൽനിന്നുള്ള വിഷമകരമായ സംഭവങ്ങൾ, അതിനെയൊക്കെ നേരിടുന്ന കരുത്തരായ സ്ത്രീകൾ. പുരുഷൻ, സ്ത്രീ എന്നു പറയുന്ന രണ്ട് ജൈവ സൃഷ്ടികളിൽ ഏറ്റവും കരുത്തുള്ളത് സ്ത്രീക്കാണ്. നമ്മൾ അബല എന്നൊക്കെ മാറ്റിനിർത്തും. പക്ഷേ ഒരു കാരണവശാലും അങ്ങനെ മാറ്റിനിർത്തേണ്ടവരല്ല സ്ത്രീകൾ. ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ, ഒരു പുരുഷനു പനി വന്നാൽ അതോടെ അവന്റെ കാര്യം പോയി. പിന്നെ അസുഖമൊക്കെ മാറിക്കഴിഞ്ഞാണ് ഒന്നെഴുന്നേറ്റു നിൽക്കുന്നത്. പക്ഷേ സ്ത്രീക്ക് എന്തു മാരകരോഗം വന്നാലും അതുംകൊണ്ട് അവർ അവരുടെ ഉത്തരവാദിത്തം നിർവഹിക്കും. ചെറിയ സാഹചര്യങ്ങളിൽ തളർന്നുപോകുന്നവരാണ് പുരുഷന്മാർ എങ്കിൽ ഏതു പ്രതികൂല സാഹചര്യത്തിലും ശക്തരായി നിൽക്കുന്നവരാണ് സ്ത്രീകൾ. എന്റെ കഥാപാത്രങ്ങൾ എന്നല്ല, നമ്മുടെ സമൂഹത്തിൽ ചുറ്റുപാടും കാണുന്ന സ്ത്രീകളെല്ലാം അതെ. ഏതു പ്രശ്നത്തിനും ഒരു പ്രായോഗിക പരിഹാരം പറയാൻ കഴിയുന്നതും സ്ത്രീകൾക്കാണ്. അത്തരം സ്ത്രീകളാണ് എന്റെ കഥകളിൽവരുന്നത്. അവരെ ഒരാൾക്കും കീഴ്പ്പെടുത്താൻ പറ്റില്ല.
മനുഷ്യരിലെ ക്രൗര്യവും ചൂഷണ മനോഭാവവും കഥകളിൽ ആവർത്തിച്ചുവരുന്നുണ്ട്. മലപ്പാമ്പൻ, റിയാലിറ്റി ഷോ, ചെന്താമരക്കൊക്ക, ഊരുഭംഗം, മിന്നലായ് ചില മഞ്ഞകൾ തുടങ്ങിയ കഥകളിൽ ഇതു വ്യക്തമാണ്. കെട്ട കാലത്തോടുള്ള പ്രതികരണമായി ബോധപൂർവമാണോ ഇത്തരം പാത്രസൃഷ്ടികൾ?
എഴുത്തുകാരന്റെ ഒരു അടിസ്ഥാന വാസന, സമൂഹത്തിലെ നന്മയോടും നല്ല മനുഷ്യരോടും ഐക്യദാർഢ്യപ്പെടുക, സമൂഹത്തിലെ തിന്മയെയും ചീത്തയാളുകളെയും ശത്രുതയോടെ നേരിടുക എന്നതാണ്. അതുകൊണ്ടാണ് എഴുതുമ്പോൾ നന്മയെ ഉയരത്തിൽ പ്രതിഷ്ഠിക്കാനും തിന്മയെ ചവിട്ടിത്താഴ്ത്താനും എഴുത്തുകാർ ശ്രമിക്കാറുള്ളത്. മിക്കവാറും എല്ലാ എഴുത്തുകാരും അങ്ങനെതന്നെയാണ്. എഴുതാനിരിക്കുമ്പോൾ എന്റെ മനസ്സിലും ഇതു കയറിവരും. തിന്മയുടേതായ സാഹചര്യങ്ങളിൽ ചെന്നു നിൽക്കാൻ പോലും ഇഷ്ടമില്ലാത്തയാളാണ് ഞാൻ. സിനിമയിൽ വില്ലൻ വിജയിക്കുന്ന ഭാഗം വന്നാൽ ഞാൻ തിയറ്ററിൽനിന്ന് ഇറങ്ങിപ്പോകും. നല്ലവരായ നായകനോ നായികയ്ക്കോ കൂടുതൽ പീഡനങ്ങൾ വരുമ്പോൾ ഞാൻ തിയറ്ററിലിരുന്നു കരയും. അതെനിക്ക് ഉൾക്കൊള്ളാനാവില്ല.
വീട്ടിലും പുറത്തും ഞാൻ മനുഷ്യരോട് മോശമായി പെരുമാറാൻ ആഗ്രഹിക്കുന്നയാളല്ല. എന്നോടാരെങ്കിലും മോശമായി പെരുമാറുന്നതും എനിക്കു സഹിക്കാനാവില്ല. ഇതൊക്കെക്കൊണ്ടാവാം എന്റെ കഥകളിൽ നന്മയുള്ള കഥാപാത്രങ്ങൾ വിജയിക്കുന്നതും തിന്മയുള്ള കഥാപാത്രങ്ങളെ നിശിതമായി വിമർശിക്കുന്നതും. സമൂഹത്തിലുണ്ടായിരിക്കണം എന്നു ഞാനാഗ്രഹിക്കുന്ന ചില നീതികളും എന്റെ നീതിബോധവും ഒക്കെക്കൊണ്ടാവാം ഞാനങ്ങനെ എഴുതുന്നത്.
പ്രണയം പലതരത്തിൽ കഥകളിൽ വരുന്നുണ്ട്. പ്രണയം മാംസനിബദ്ധമല്ലല്ലോ എന്ന് ആശാനെ ഉദ്ധരിക്കുകയും അതേസമയം കാമത്തിലേക്കു വഴുതുകയും ചെയ്യുന്ന തരം പ്രണയം, രണ്ടു മനുഷ്യർ തമ്മിലുള്ള ശാരീരികമായ കേവലാകർഷണം എന്നതിനപ്പുറത്തേക്കു കടക്കുന്ന, ന്യാസം എന്ന കഥയിൽ വരുന്നതുപോലെയുള്ള അടുപ്പം എന്നിങ്ങനെ..
സത്യം പറഞ്ഞാൽ, എന്റെ കഥയിൽ പ്രണയം വളരെക്കുറവാണ്. വായനക്കാർ അതു പറയാറുമുണ്ട്. സ്കൂളിലോ കോളജിലോ പഠിക്കുമ്പോൾ നേരേചൊവ്വേ പ്രേമിച്ചിട്ടില്ലാത്തതിന്റെ കുഴപ്പമാണ് എന്ന് ഒരുപാടു വായനക്കാർ പറഞ്ഞിട്ടുണ്ട്. അതു സത്യവുമാകാം. എന്നെ സംബന്ധിച്ചടത്തോളം ഭയത്തോടെ കൈകാര്യം ചെയ്തിരുന്ന ഒരു കാര്യമാണ് പ്രണയം. നമ്മുടെ സാമൂഹിക ഘടനയിൽ ഇപ്പോൾ കാണുന്നതരം ഓപ്പണായിട്ടുള്ള ഇടപെടലുകൾ– സ്ത്രീകളും പുരുഷന്മാരും തമ്മിൽ, ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ– ഇല്ലാതിരുന്ന കാലത്താണ് ഞാൻ സ്കൂളിൽ പഠിച്ചത്. ഒരു പെൺകുട്ടിയോട് സംസാരിക്കുന്നത് ആരെങ്കിലും കണ്ടാൽ ഒന്നുകിൽ വിളിച്ച് ശകാരിക്കും അല്ലെങ്കിൽ നാട്ടിൽ പറഞ്ഞുനടക്കും എന്നുള്ള തോന്നൽ. വീട്ടിൽനിന്നും സ്കൂളിൽനിന്നുമൊക്കെ കിട്ടിയ ട്രെയിനിങ് അങ്ങനെയായിരുന്നു. ആൺ–പെൺ ബന്ധങ്ങളിൽ ഇന്നത്തേതുപോലെ ഒരു തുറന്ന അവസ്ഥ ഇല്ലാത്ത കാലത്തു സ്കൂളിൽ പഠിച്ചപ്പോൾ ഉണ്ടായ പ്രശ്നമാവാം. എങ്കിലും രഹസ്യമായ, മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രണയങ്ങൾ എനിക്കുണ്ടായിരുന്നു. എന്റെ കഥകളിലോ നോവലുകളിലോ വളരെ ശക്തമായ പ്രണയങ്ങൾ വരാത്തതിന്റെ കാരണം, ശക്തമായ ഒരു പ്രണയാനുഭവം ഉണ്ടായിട്ടില്ല എന്നതാവാം.
പിന്നെ, അതേപ്പറ്റിയുള്ള എന്റെയൊരു ചിന്ത, മനുഷ്യന് പ്രകൃതിയിലെ ജീവജാലങ്ങൾക്കെല്ലാമുള്ളതുപോലുള്ള നാലുതരം വാസനകളാണുള്ളത്. ആഹാരം, നീഹാരം, മൈഥുനം, നിദ്ര. മൈഥുനത്തിനുള്ള ഒരു മുന്നൊരുക്കം മാത്രമാണ് പ്രണയം. പ്രണയം ഇല്ലെന്നോ അതു സത്യമല്ലെന്നോ ഞാൻ പറയുന്നില്ല. പക്ഷേ ഇക്കാലത്തു കാണുന്ന പല പ്രണയങ്ങൾ കാണുമ്പോഴും നമുക്കു മനസ്സിലാകുന്ന സംഗതി, പ്രണയം എന്നു പറയുന്നത് ഒരു ഫാന്റസി, ഒരു തോന്നൽ മാത്രമാണ്. ആത്യന്തികമായി കാമത്തിലേക്കു വഴി തുറക്കാൻ വേണ്ടിയുള്ള ഒരു മുന്നൊരുക്കം. എങ്കിലും അതിനിടയിലൂടൊക്കെ മാനുഷിക വികാരങ്ങൾ– സ്നേഹം, എതിർലിംഗത്തെ കൂടെ ചേർത്തുനിർത്താനുള്ള വാസന – ഒക്കെയുണ്ട്.
സ്ത്രീയും സ്ത്രീയും കൂടി പ്രണയിച്ചാലെന്താ, പുരുഷനും പുരുഷനും കൂടി പ്രണയിച്ചാലെന്താ എന്നൊക്കെ എനിക്കു തോന്നാറുണ്ട്. അത്തരം ചില കഥകളൊക്കെ ഞാനെഴുതിയിട്ടുമുണ്ട്. പ്രണയം എന്നത് രണ്ടുതരത്തിലാണ് ഞാൻ കാണുന്നത്. ഒന്ന്, ശാരീരികമായി ബന്ധപ്പെടുന്നതിനു മുന്നോടിയായി ഒരു തയാറെടുപ്പായുള്ള പ്രണയം. പിന്നെ, എല്ലാത്തിനുമുപരിയായി മാനവസമൂഹത്തെ മുഴുവൻ നമ്മുടെ ഹൃദയത്തിലേക്ക് ഉൾക്കൊള്ളുന്നതിന്റെ ഭാഗമായുള്ള പ്രണയം. ഇതു രണ്ടും രണ്ടാണ്. ഇതു രണ്ടിനെയും ഞാൻ അവതരിപ്പിച്ചിട്ടുണ്ട്.
ഇന്നത്തെ രാഷ്ട്രീയ, സാംസ്കാരിക ചുറ്റുപാടികളിൽ ഒരുപാടു ചർച്ച ചെയ്യപ്പെടുന്നതാണ് എഴുത്തുകാരുടെ രാഷ്ട്രീയ പക്ഷപാതിത്വം, അതിന്റെ പേരിൽ പല സ്ഥലങ്ങളിലും അവർ പുലർത്തുന്ന, പൊതുസമൂഹം കുറ്റകരമെന്നു വിളിക്കുന്ന മൗനം. രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ പേരിൽ എഴുത്തുകാർ ചേരിതിരിഞ്ഞുനിന്ന് വാഗ്വാദം നടത്തുന്നുമൊക്കെയുണ്ട്.
പത്രപ്രവർത്തകൻ എന്ന രീതിയിൽ ഞാൻ എന്നെക്കാണുന്നത് ജനാധിപത്യത്തിന്റെ കാവൽഭടന്മാരായ ആളുകളിൽപെട്ട ഒരാൾ എന്ന നിലയിലാണ്. ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് ഈ മൂന്ന് ഭരണഘടനാപരമായ സംവിധാനങ്ങൾക്കും എന്തെങ്കിലും അപാകത വന്നാൽ അതിനെ തിരുത്തി നേരായവഴിക്കു നയിക്കാനുള്ള തിരുത്തൽ ശക്തികളാണ് മാധ്യമപ്രവർത്തകർ.
പക്ഷേ കലാകാരന്മാരും എഴുത്തുകാരും ഇതിനും അപ്പുറത്താണ്. ഈ നാലിനെയും – മീഡിയ. ജുഡീഷ്യറി, ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ് – കറക്ട് ചെയ്യാനുള്ള ഉത്തരവാദിത്തമുള്ളവരാണ് എഴുത്തുകാർ. ഗരുഡൻ മുകളിൽനിന്ന് ഭൂമിയിലെ കാര്യങ്ങൾ നോക്കുന്നതുപോലെ എഴുത്തുകാർ എല്ലാ മനുഷ്യരിൽനിന്നും എല്ലാ പ്രസ്ഥാനങ്ങളിൽനിന്നും എല്ലാ രാഷ്ട്രീയപാർട്ടികളിൽനിന്നും എല്ലാ ജാതികളിൽനിന്നും എല്ലാ മതങ്ങളിൽനിന്നും ഉയരെനിന്നുകൊണ്ട്, ഭൂമിയിലേക്ക്, ഈ പറയുന്ന എല്ലാത്തിലേക്കും നോക്കിക്കൊണ്ട് അതിലെ അപചയങ്ങൾ ചൂണ്ടിക്കാട്ടുകയും ശരിയായ കാര്യങ്ങളെ പ്രോൽസാഹിപ്പിക്കുകയും കറക്ട് ചെയ്യുകയും ചെയ്യുന്നവരാണ്.
ഞാൻ നേരത്തേ പറഞ്ഞതുപോലെ വർത്തമാനകാലത്തെ പല എഴുത്തുകാരും ഏതെങ്കിലുമൊക്കെ രാഷ്ട്രീയ പാർട്ടിയുടെ കൂലിപ്പട്ടാളമായി നിന്നുകൊണ്ട് എഴുതുകയും വായിക്കുകയും ചിന്തിക്കുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്നതു കാണുന്നുണ്ട്. അതിനോട് എനിക്കു യോജിക്കാൻ പറ്റുന്നില്ല. ഇതിനെയെല്ലാം കറക്ട് ചെയ്യണം. ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെ മാത്രമായി നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുക എന്നത്, വേറൊരു രാഷ്ട്രീയ പാർട്ടിയുടെ കലുങ്കിൽ കയറിയിരുന്നു പറയുക എന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല.
ഒപ്പമെഴുതുന്ന എഴുത്തുകാരിൽ പ്രിയപ്പെട്ടവർ, ശ്രദ്ധിച്ച പുസ്തകങ്ങൾ
ഒപ്പമെഴുതുന്ന ആളുകൾ വളരെ സജീവമായി സാഹിത്യം കൈകാര്യം ചെയ്യുന്നുണ്ട്. ഒരുപക്ഷേ എനിക്ക് എഴുത്തിൽ നിൽക്കാനുള്ള സന്തോഷവുമതാണ്. വളരെ ആക്ടീവാണ് മലയാള സാഹിത്യരംഗം. എഴുതുന്ന വിഷയം കൃത്യമായി പഠിച്ച് അതിനുവേണ്ട ഡേറ്റ കലക്ട് ചെയ്താണ് എല്ലാ എഴുത്തുകാരും എഴുതുന്നത്. പലരും ചൂണ്ടിക്കാണിക്കുന്നതുപോലെ, പണ്ടുകാലത്തെ സാഹിത്യത്തെ അപേക്ഷിച്ച് മലയാളത്തിലെ സാഹിത്യകൃതികളിൽ – കഥകളിലായാലും നോവലുകളിലായാലും – ധാരാളം ഇൻഫർമേഷൻസ് വരുന്നുണ്ട്. അത് എഴുത്തുകാർ നടത്തുന്ന ഗവേഷണത്തിന്റെ ഫലമായിരിക്കാം. വിവരശേഖരണത്തിൽ താൽപര്യമുള്ള ഒരാളെന്ന നിലയിൽ, അവർക്കിടയിൽ എഴുതാൻ കഴിയുമ്പോൾ എനിക്കും എന്റെ എഴുത്തിനെ മറ്റുള്ളവരുടെ എഴുത്തുമായി ചേർത്തുനിർത്താൻ കഴിയുന്നുണ്ട്.
സാഹിത്യത്തിന്റെ മൂല്യം നോക്കിയാൽ ഇന്ന് എഴുതുന്ന എല്ലാ എഴുത്തുകാരോടും എനിക്കു ബഹുമാനമാണ്. കാരണം എഴുത്തിനു ഞാൻ കൊടുക്കുന്ന സമയത്തേക്കാളേറെ കൊടുക്കുന്നവരാണ് അവരൊക്കെയും. പത്രപ്രവർത്തനത്തിനു ശേഷം കിട്ടുന്ന സമയത്തു മാത്രമേ എനിക്ക് എഴുതാനോ വായിക്കാനോ കഴിയുന്നുള്ളൂ. അതൊരു പരിമിതിയാണ്. ആ പരിമിതി എന്റെ എഴുത്തിനെ ബാധിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. വളരെയേറെ അധ്വാനിച്ച് സമയം കണ്ടെത്തി, രാത്രി വൈകിയുറങ്ങി, നേരത്തേ ഉണർന്ന് ഞാൻ വായിക്കാൻ സമയം കണ്ടെത്താറുണ്ട്. എങ്കിൽപോലും എന്നെക്കാൾ ഗൗരവമായി കേരളത്തിലെ മറ്റ് എഴുത്തുകാരൊക്കെയും കുടുതൽ സമയം വിനിയോഗിച്ച് സാഹിത്യത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്. അത് സന്തോഷകരമാണ്. അത്തരം പുസ്തകങ്ങളാണ് എന്നെ നിലനിർത്തുന്നത്.
പ്രിയപ്പെട്ട എഴുത്തുകാരുടെ പേരുപറയാനാണെങ്കിൽ ഒരു നീണ്ട പട്ടിക പറയേണ്ടിവരും. മലയാള സാഹിത്യം എന്ന ദേശീയപാതയിൽ മറ്റു യാത്രക്കാർക്കൊപ്പം പോകുന്ന ഒരു യാത്രക്കാരൻ എന്ന നിലയിൽ എന്നെ കാണാനാണ് എനിക്കിഷ്ടം.
Content Summary: Athmabhashanam - Talk with writer Ravivarma Thampuran