തോരാതെ പെയ്യുന്ന ദുരിതങ്ങളുടെ ഈ മഹാമാരി കാലത്ത്, ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞാൻ ഈ കഥ വായിക്കുക?
മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുകയും മനുഷ്യ നന്മയിൽ പ്രതീക്ഷ അർപ്പിക്കുകയും മനുഷ്യരെല്ലാം സുന്ദരന്മാരും സുന്ദരികളുമാണെന്ന് അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പരുത്തുള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ എന്ന ഉറൂബ്. ഒടുങ്ങാത്ത വേദനകളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമകളും കൊടുത്താൽ മടക്കി തരാത്ത
മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുകയും മനുഷ്യ നന്മയിൽ പ്രതീക്ഷ അർപ്പിക്കുകയും മനുഷ്യരെല്ലാം സുന്ദരന്മാരും സുന്ദരികളുമാണെന്ന് അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പരുത്തുള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ എന്ന ഉറൂബ്. ഒടുങ്ങാത്ത വേദനകളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമകളും കൊടുത്താൽ മടക്കി തരാത്ത
മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുകയും മനുഷ്യ നന്മയിൽ പ്രതീക്ഷ അർപ്പിക്കുകയും മനുഷ്യരെല്ലാം സുന്ദരന്മാരും സുന്ദരികളുമാണെന്ന് അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പരുത്തുള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ എന്ന ഉറൂബ്. ഒടുങ്ങാത്ത വേദനകളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമകളും കൊടുത്താൽ മടക്കി തരാത്ത
മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുകയും മനുഷ്യ നന്മയിൽ പ്രതീക്ഷ അർപ്പിക്കുകയും മനുഷ്യരെല്ലാം സുന്ദരന്മാരും സുന്ദരികളുമാണെന്ന് അടയാളപ്പെടുത്തുകയും ചെയ്ത എഴുത്തുകാരനാണ് പരുത്തുള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ എന്ന ഉറൂബ്.
ഒടുങ്ങാത്ത വേദനകളും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഓർമകളും കൊടുത്താൽ മടക്കി തരാത്ത ഹൃദയങ്ങളും ബാക്കിയാവുമ്പോഴും ജീവിതം എത്രമാത്രം സുന്ദരമാണെന്ന് അത്ഭുതം കൊണ്ടു ഉറൂബ് ..
ഉറൂബിന്റെ തെരഞ്ഞെടുത്ത കഥകളിൽ, താമര തൊപ്പിയും തുറന്നിട്ട ജാലകവും രാച്ചിയമ്മയും വെളുത്തകുട്ടിയും വസന്തയുടെ അമ്മയും കതിർ കറ്റയും വായിച്ച് വാടക വീടുകളിൽ എത്തിയപ്പോൾ പണ്ട് വായിച്ചതാണെങ്കിലും ഈ കഥ ഇന്നത്തെ ദുരിത കാലത്തിന് എത്രമാത്രം ഇണങ്ങുന്നതാണ് എന്ന് ഞാൻ അത്ഭുതപ്പെട്ടു. ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ വാടകവീടുകൾ എന്ന ഈ കഥ 2021 ൽ എഴുതപ്പെട്ടതാണെന്നേ ആരും പറയൂ ... വെറുതെയല്ല, ലോകചെറുകഥാസാഹിത്യത്തിന്റെ നടുത്തളത്തിൽ മലയാളിക്ക് അഭിമാനത്തോടെ കുടിയിരുത്താവുന്ന രചനയെന്ന് വാടകവീടുകളെ, എം. കൃഷ്ണൻ നായർ പ്രശംസിച്ചത്.
ഈ കോവിഡ് കാലത്ത് എത്രയെത്രയോ ദുരന്ത വാർത്തകൾ നമ്മളെ തേടിയെത്തുന്നു. പലതിനു നേർക്കും കണ്ണടക്കാൻ നമ്മൾ പഠിച്ചിരിക്കുന്നു. വാർത്തകളിൽ പോലും ഇടം പിടിക്കാത്ത ജീവിതങ്ങളാണ് വാടക വീടുകളിൽ താമസിക്കുന്നവരുടേത്. മിക്കവരും കൂലിപ്പണിക്കാർ... ജോലിയില്ലാതെ വാടക കൊടുക്കാനാവാതെ വീട്ടുടമയുടെ ആട്ടും തുപ്പും സഹിച്ച് സ്വന്തം മക്കളെയും ചേർത്തുപിടിച്ച് ജീവിതമെന്ന നെടുംപാതയ്ക്കു മുമ്പിൽ അന്തിച്ച് നിൽക്കുന്നവർ...
വാടക കോട്ടേഴ്സിൽ താമസിക്കുന്ന കൂലിപ്പണിക്കാരൻ എന്ന നിലയിൽ ഈ അന്തം വിടലിന്റെയും അര വയറുകളുടെയും അപമാനങ്ങളുടെയും ഒത്ത നടുവിൽ തന്നെയാണ് ഈയുള്ളവനും. എല്ലാവരും വാടക മുഴുവനായി കൊടുത്തു തീർത്തിട്ടേ പൊട്ടി ഒലിക്കുന്ന സെപ്റ്റിക് ടാങ്ക് വൃത്തിയാക്കി തരൂ എന്ന് വാശി പിടിച്ച് നിൽക്കുന്ന ഉടമയുടെ കോട്ടേഴ്സിൽ ഇരുന്നാണ് ഞാൻ ഉറൂബിന്റെ വാടക വീടുകൾ വായിക്കുന്നത്.
ഇല്ലായ്മകളും ദുരിതങ്ങളും പട്ടിണിയും കാലദേശ ഭേദമില്ലാതെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. വിശക്കുന്ന വയറുകൾ അന്നത്തിനായി ചുറ്റും നോക്കുന്നു...
വിശപ്പ് സഹിക്കാനാവാതെ വിദ്യാർഥിയുടെ പൊതിച്ചോറ് കട്ടു തിന്നുന്ന അധ്യാപകനെ കുറിച്ച് കഥ എഴുതിയ കാരൂരിന്റെയും (പൊതിച്ചോറ്) ജന്മദിനത്തിന്റെ അന്ന് വിശന്നുവലഞ്ഞ്, രാത്രിയായപ്പോൾ സഹമുറിയന്റെ ചോറ് കട്ടു തിന്നേണ്ടി വരുന്ന ഗതികേടിനെ നർമ്മത്തിൽ പൊതിഞ്ഞ് നമുക്ക് നുണയാൻ തന്ന ബഷീറിന്റെയും (ജൻമദിനം) നിലപാടുതറയിൽ നിന്നു കൊണ്ട് തന്നെയാണ് വാടകവീടുകൾ എന്ന കഥ ഉറൂബ് എഴുതിയിട്ടുള്ളത്.
ഈ കഥ കാലിക പ്രസക്തമാകുന്നത് ഇതിന്റെ മൊത്തം ഭാവത്തിലാണ്. കരയാതെ തന്നെ നമ്മൾ കരച്ചിൽ കേൾക്കുന്നു. അത് നമ്മുടേത് മാത്രമാണോ മുഴു ലോകത്തിന്റേതും ആണോ എന്ന സംശയം മാത്രമേ ബാക്കിയുള്ളൂ.
ഉറൂബ് കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
‘അടക്കാൻ വയ്യാത്ത അമർഷത്തോടെയാണ് ഞാൻ പുതിയ പാർപ്പിടത്തിന്റെ കോലായിലേക്ക് കയറിയത്. ഇത്ര വേഗത്തിൽ ഒരു വീട് മാറ്റം വേണ്ടി വരുമെന്ന് ഞാൻ ഓർത്തതല്ല. മൂന്നു മാസത്തെ വാടക ബാക്കിക്ക് അയാൾ എന്നെ പിടിച്ചു പുറം തള്ളേണ്ട ആവശ്യമൊന്നുമില്ല. ഈ വാടക കിട്ടിയിട്ട് വേണം കഴിഞ്ഞുകൂടാൻ എന്ന സ്ഥിതിയാണ് അയാളുടേതെങ്കിൽ തരക്കേടില്ല. ബാങ്കിൽ നിക്ഷേപിക്കാൻ സംഖ്യ തികയാത്തതാണ് അയാളുടെ കുഴപ്പം’
കഥയിലെ സാഹിത്യകാരനായ നായകൻ മൂന്ന് മാസത്തെ വാടക കുടിശിക കൊടുത്തു തീർക്കാഞ്ഞിട്ട് പുറത്താക്കപ്പെട്ടിരിക്കുകയാണ്. ഏതൊരു മനുഷ്യനും ആ അവസരത്തിൽ ഉണ്ടാവുന്ന അപമാനവും രോഷവും നിസ്സഹായതയും ഒക്കെ പാലിൽ മധുരമെന്ന പോലെ നർമ്മത്തിൽ അലിയിച്ച് ഉറൂബ് പറയുകയാണ്. വീട്ടുടമയുടെ ഭാര്യ പിണങ്ങി പോയതിന്റെ കുറ്റം മുഴുവൻ അയാളുടെ തലയിൽ ചാർത്തി സ്വയം ആശ്വസിക്കുമ്പോഴും, തന്റെ പെട്ടിയും കിടക്കയും പിടിച്ച് വെക്കാത്ത അയാളോട് കഥാനായകന് നന്ദിയുണ്ട്.
എന്റെ തൊട്ടപ്പുറത്ത് ഒരു വാടകവീട്ടിൽ നിന്നും സാധനങ്ങളൊക്കെ വലിച്ചു വാരി പുറത്തേക്കിട്ട് പച്ച തെറി പറഞ്ഞ വീട്ടുടമയേയും, വാടക കൊടുക്കാൻ കഴിയാത്തതിനാൽ വന്നുചേർന്ന അപമാനത്തിൽ നെഞ്ചുരുകി തലതാഴ്ത്തി നിന്ന ഒരു മനുഷ്യനെയും, അയാളുടെ ഭാര്യയുടെയും മക്കളുടെയും കണ്ണുകളിലെ നിസ്സഹായതയുടെ കറുപ്പും ഞാൻ കണ്ടത് ഒന്നരമാസം മുമ്പാണല്ലോ ...
സുഹൃത്ത് ഏർപ്പാട് ചെയ്ത മറ്റൊരു വീട്ടിലേക്ക് തന്റെ പെട്ടിയും കിടക്കയുമായി പോകുന്ന കഥാനായകനെ അവിടെ വരവേൽക്കുന്നത് അതിന്റെ ഉടമയായ സുന്ദരിയായ ഒരു സ്ത്രീയാണ്. അവരുടെ കണ്ണുകളിലെ തീക്ഷണതയും ആ യൗവ്വനത്തിന്റെ അഴകളവുകളും അയാളിൽ ചലനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഏത് നിസ്സഹായാവസ്ഥയിലും ജൈവ ചോതനകൾ നൈസർഗികമായി പുറം ചാടുന്നത് അതിമനോഹരമായിട്ടാണ് ഈ കഥയിൽ ഉറൂബ് എഴുതി ഫലിപ്പിച്ചിട്ടുള്ളത്.
തൊട്ടപ്പുറത്തെ മുറികളിലൊന്നിൽ സകല രാഷ്ട്രീയക്കാരെയും ഉച്ചത്തിൽ ചീത്തവിളിക്കുകയും, രാഷ്ട്രീയ കക്ഷികൾക്ക് വന്ന അപചയത്തിൽ രോഷം കൊള്ളുകയുമൊക്കെ ചെയ്യുന്ന വെള്ള വസ്ത്രക്കാരനുണ്ട്. അയാൾ ആർക്കൊക്കെയോ നിരന്തരം കത്തുകൾ എഴുതുന്നുമുണ്ട്. മറ്റൊരു മുറിയിൽ ഭാര്യയുമായി പിണങ്ങി വന്നു താമസിക്കുന്ന മധ്യവയസ്കനുണ്ട്. ഭാര്യ ജോലിക്ക് പോവുമ്പോൾ വഴിയോരത്ത് മറഞ്ഞു നിന്ന് അവളെ നോക്കി കണ്ണു നിറയ്ക്കുന്ന ഈ കഥാപാത്രത്തെ വളരെ ചുരുങ്ങിയ വാക്കുകളിലാണ് ഉറൂബ് അവതരിപ്പിക്കുന്നത്. പക്ഷേ കഥ വായിച്ചു കഴിഞ്ഞാലും ആ മനുഷ്യന്റെ കൺപീലികളിൽ പൊടിഞ്ഞു നിൽക്കുന്ന കണ്ണീരുപ്പിന്റെ രുചി നമ്മൾ മറക്കില്ല.
പഴയ വീട്ടുടമയെ എപ്പോഴും വഴക്ക് പറയുന്ന പുതിയ വീട്ടുടമ പങ്കജം ആദ്യമൊക്കെ അയാളിലും നമ്മളിലും അമ്പരപ്പും സഹാനുഭൂതിയും ഉണ്ടാകുന്നുണ്ടെങ്കിലും അവരുടെ വാക്കുകളിലൂടെ തന്നെ നമ്മൾ മനസ്സിലാക്കുന്നു. പഴയ ആ വീട്ടുടമയുമായി പിണങ്ങി പിരിഞ്ഞ ഭാര്യയാണ് ഈ സ്ത്രീയെന്ന് . ഒരു ചേരയ്ക്ക് പോലും അയാളോടൊപ്പം താമസിക്കാൻ കഴിയില്ല എന്നാണ് അവർ ഭർത്താവിനോടുള്ള പിണക്കത്തിന് ന്യായമായി പറയുന്നത്. പക്ഷേ ഭർത്താവിൻ്റെ അച്ഛൻ്റെ പേരിലുള്ള ഒരു കെട്ടിടം തൻ്റെ പേർക്ക് എഴുതി തരാൻ ഭർത്താവിെൻ്റ അച്ഛൻ സമ്മതിക്കാത്തതും ഭർത്താവ് അതിന് അച്ഛനെ നിർബന്ധിക്കാത്ത തുമാണ് പിണക്കത്തിൻ്റെ യഥാർത്ഥ കാരണമെന്ന് നമ്മൾ അറിയുമ്പോൾ ഉറൂബ് അത് നമ്മളെ അനുഭവിച്ച രീതിയോർത്ത് നമ്മൾ വാ പൊളിക്കുക തന്നെ ചെയ്യും.
വീട്ടുടമയുടെ വീട്ടിൽ നിന്നുള്ള ഭക്ഷണമൊക്കെ കഴിച്ച് കാര്യങ്ങൾ ഒരു പരദൂഷണ സ്റ്റൈലിൽ അങ്ങനെ നീങ്ങുമ്പോഴാണ് പഴയ വീട്ടുടമ വാടക ബാക്കിയും ചോദിച്ചു വരുന്നത്. അവർ തമ്മിലുണ്ടാവുന്ന വാക്കേറ്റത്തിന് വിരാമമിടുന്നത് പങ്കജം തന്നെയാണ് .
‘ഇതാ ഇത് നിങ്ങളുടെ വീടല്ല. ഇവിടെ വന്നും ബഹളമുണ്ടാക്കുന്നോ ?’
എന്ന് ചോദിച്ച് അവൾ ഭർത്താവിനെ നേരിടുന്നു. അയാളാകട്ടെ അച്ഛന്റെ പീടികമുറി മുഴുവൻ അവളുടെ പേരിലേക്ക് മാറ്റി എഴുതിയ ആധാരവുമായിട്ടാണ് വന്നിരിക്കുന്നത്.
പങ്കജം ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങി പോവില്ലെന്ന് തന്നെ കഥാനായകനും നമ്മളും കരുതുമ്പോൾ നാലഞ്ച് ദിവസം കഴിഞ്ഞ് ശങ്കരനെന്ന ആ ഭർത്താവ് വീണ്ടും വാതിലിൽ മുട്ടി വിളിച്ചിട്ട് കഥാനായകനോട് വാടക ചോദിക്കുന്നു .മുമ്പ് പറഞ്ഞതിൽ കവിഞ്ഞൊന്നും പറയാനില്ല എന്ന അയാളുടെ വാക്കുകൾക്ക് മറുപടിയായി കിട്ടുന്നത്,
‘ഈ മുറിയുടെ വാടകയാണ് ചോദിക്കുന്നത്’ എന്നാണ്.
ഇനി ഉറൂബിന്റെ വാക്കുകൾ ...
‘‘അത് അവരുടെ കൈയിൽ കൊടുത്തേക്കൂ...’’ പിന്നിൽ നിന്ന് ഒരു വീണാനാദം. അത് പങ്കജമായിരുന്നു. ഞാൻ ശങ്കരനെ നോക്കി. അയാളെ ഉരുമ്മി നിൽക്കുന്ന പങ്കജത്തെയും നോക്കി. ചുറ്റുംനോക്കി. എന്നിട്ട് ഒന്നും പറയാതെ ബെഡ്ഡിങ് മടക്കി കെട്ടി പെട്ടി പൂട്ടി രണ്ടും ചേർത്തു വെച്ചു.
‘‘ഞാനിന്ന് പോണു ’’
‘‘വാടക ’’ ശങ്കരൻ വീണ്ടും ചോദിച്ചു. ഞാൻ മറുപടി പറഞ്ഞില്ല.
‘‘വാടക കൊണ്ടു വന്നിട്ട് നിങ്ങളുടെ ഈ സാധനങ്ങൾ കൊണ്ടു പൊയ്ക്കോളൂ കേട്ടോ...? ’’
വളരെ മധുരമായിട്ടു തന്നെയാണ് പങ്കജം പറഞ്ഞത്.
മുറി പൂട്ടി താക്കോലും വാങ്ങി പങ്കജവും ഭർത്താവും മടങ്ങിപ്പോവുമ്പോൾ അയാൾ എങ്ങോട്ടെന്നില്ലാതെ പടിയിറങ്ങുകയാണ്. കഥ മുഴുവൻ വായിച്ചാലേ ഈ പടിയിറക്കത്തിലെ കണ്ണീർ ചിരി മനസ്സിലാവൂ... മുമ്പ് രണ്ട് തവണ തക്കാളി വിൽക്കാൻ വന്ന കച്ചവടക്കാരനോട് പണമില്ലാത്തതിനാൽ തക്കാളി വേണ്ടെന്ന് പറഞ്ഞ കഥാനായകൻ പോക്കറ്റിലെ ചില്ലറത്തുട്ടുകൾ പൊറുക്കി എടുത്ത് രണ്ട് തക്കാളി വാങ്ങി ഒന്ന് സഹമുറിയന് കൊടുത്തിട്ട്
‘തിന്നോളൂ... വിറ്റാമിൻ ഉള്ളതാണ് ’
എന്നും പറഞ്ഞ് ഒരു കവിതാ ശകലവും മൂളി തക്കാളിയും കടിച്ച്, ജീവിതവും നന്ന്... തക്കാളിയും നന്ന് എന്നും പറഞ്ഞ് പാതയിലേക്ക് ഇറങ്ങുന്നിടത്ത് കഥ അവസാനിക്കുകയാണ്.
ഈ ദുരിത കാലത്ത് ആരുടെയൊക്കെയോ പെട്ടിയും കിടക്കകളും പാത്രങ്ങളും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും എത്രയോ വാടക വീടുകളിൽ വാടക കുടിശ്ശികയ്ക്കായി തടഞ്ഞു വെച്ചിരിക്കുന്നു. ഉടു വസ്ത്രവുമായി കുടുംബത്തോടെ തെരുവിലേക്ക് ഇറങ്ങിയവരൊക്കെ എവിടെ ചേക്കേറി എന്ന് നമ്മൾ ഓർക്കുന്നതേ ഇല്ല .പൊട്ടിയൊലിക്കുന്ന സെപ്റ്റിക് ടാങ്കിൽ നിന്നുള്ള ദുർഗന്ധത്തിന് നേരെ ഞാൻ മൂക്കു പൊത്തുമ്പോൾ എല്ലാവരും വാടക കൊടുത്താലേ ടാങ്ക് വൃത്തിയാക്കൂ എന്ന് പറയുന്ന ഈ കോർട്ടേഴ്സ് ഉടമയിൽനിന്ന് ഞാൻ വായിച്ച ശങ്കരനിലേക്കും പങ്കജത്തിലേക്കും അധികം ദൂരമൊന്നുമില്ല.
പ്രിയപ്പെട്ട ഉറൂബ് ... താങ്കൾ ഈ കഥ എഴുതിയിട്ട് കാലം ഒരുപാട് കഴിഞ്ഞിരിക്കുന്നു. ഇന്നും വാടക വീടുകളിൽ കഴിയുന്ന എത്രയോ മനുഷ്യരുടെ നിസഹായതയ്ക്ക് താങ്കളുടെ കഥയിലെ കാലത്തിൽ നിന്ന് അധികം ദൂരമില്ല .കാലം മാറുന്നില്ല കഥയും മാറുന്നില്ല.
വിശപ്പായും കണ്ണീരായും ദുരിതങ്ങളായും ദൈന്യമായും കണ്ണീരായും തിരയടിക്കുന്ന ജീവിതമെന്ന ഈ പെരും കടലിൽ എത്രയോ മനുഷ്യജന്മങ്ങൾ സ്വന്തമായി ഒരു വീടെന്ന സ്വപ്നവുമായി മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് അരവയർ മുറുക്കി ഉടുത്ത് നിശബ്ദരാവുന്നു.
താങ്കളുടെ കഥയെ കുറിച്ച് എഴുതിയതിൽ പലതും ചോർന്ന് പോയിട്ടുണ്ട് എന്നറിയാം. പക്ഷേ, തോരാതെ പെയ്യുന്ന ദുരിതങ്ങളുടെ ഈ മഹാമാരി കാലത്ത് ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞാൻ ഈ കഥ വായിക്കുക...?
Content Summary: Vayanavasantham, column written by Abbas TP on Uroob