‘ഹുവാൻ നെപോമു സേനേ കാർലോസ് പെറോസ് റൂൾഫോ വിസ് കെയ്നോ’ എന്ന മുഴുവൻ പേര് പറഞ്ഞാൽ ആളെ പിടി കിട്ടില്ല. ഹുവാൻ റൂൾഫോ (Juan Rulfo) എന്ന് പറഞ്ഞാൽ ആളെ പിടി കിട്ടുക മാത്രമല്ല; റൂൾഫോയുടെ ‘പെഡ്രോ പരാമോ’ എന്ന നോവലും അതിലെ മരിച്ചവരുടെ ഗ്രാമമായ കൊമാലയും വായനക്കാരുടെ ഉള്ളിൽ പെരുമഴയായി ഇരച്ചെത്തും. കൊമാല എന്ന പേരിൽ

‘ഹുവാൻ നെപോമു സേനേ കാർലോസ് പെറോസ് റൂൾഫോ വിസ് കെയ്നോ’ എന്ന മുഴുവൻ പേര് പറഞ്ഞാൽ ആളെ പിടി കിട്ടില്ല. ഹുവാൻ റൂൾഫോ (Juan Rulfo) എന്ന് പറഞ്ഞാൽ ആളെ പിടി കിട്ടുക മാത്രമല്ല; റൂൾഫോയുടെ ‘പെഡ്രോ പരാമോ’ എന്ന നോവലും അതിലെ മരിച്ചവരുടെ ഗ്രാമമായ കൊമാലയും വായനക്കാരുടെ ഉള്ളിൽ പെരുമഴയായി ഇരച്ചെത്തും. കൊമാല എന്ന പേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹുവാൻ നെപോമു സേനേ കാർലോസ് പെറോസ് റൂൾഫോ വിസ് കെയ്നോ’ എന്ന മുഴുവൻ പേര് പറഞ്ഞാൽ ആളെ പിടി കിട്ടില്ല. ഹുവാൻ റൂൾഫോ (Juan Rulfo) എന്ന് പറഞ്ഞാൽ ആളെ പിടി കിട്ടുക മാത്രമല്ല; റൂൾഫോയുടെ ‘പെഡ്രോ പരാമോ’ എന്ന നോവലും അതിലെ മരിച്ചവരുടെ ഗ്രാമമായ കൊമാലയും വായനക്കാരുടെ ഉള്ളിൽ പെരുമഴയായി ഇരച്ചെത്തും. കൊമാല എന്ന പേരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹുവാൻ നെപോമു സേനേ കാർലോസ് പെറോസ് റൂൾഫോ വിസ് കെയ്നോ’ എന്ന മുഴുവൻ പേര് പറഞ്ഞാൽ ആളെ പിടി കിട്ടില്ല. ഹുവാൻ റൂൾഫോ (Juan Rulfo) എന്ന് പറഞ്ഞാൽ ആളെ പിടി കിട്ടുക മാത്രമല്ല; റൂൾഫോയുടെ ‘പെഡ്രോ പരാമോ’ എന്ന നോവലും അതിലെ മരിച്ചവരുടെ ഗ്രാമമായ കൊമാലയും വായനക്കാരുടെ ഉള്ളിൽ പെരുമഴയായി ഇരച്ചെത്തും. കൊമാല എന്ന പേരിൽ മലയാളത്തിന്റെ പ്രിയ കഥാകൃത്ത് സന്തോഷ് എച്ചിക്കാനം എഴുതിയ കഥയും ഓർമ വരും.

 

ADVERTISEMENT

മലയാളിയുടെ സ്വന്തം ഗാബോ (ഗബ്രിയേൽ ഗാർസിയ മാർക്വിസ്) കാണാപാഠം പഠിച്ച ഒറ്റ നോവലേയുള്ളൂ. അത് ഹുവാൻ റൂൾഫോയുടെ പെട്രോ പരാമോയാണ്. ഒറ്റ നോവൽ കൊണ്ട് തന്നെ ലോകപ്രശസ്തനായ എഴുത്തുകാരനാണ് ഹുവാൻ റൂൾഫോ. ഓരോ പതിപ്പിലും ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിയുന്ന ഈ നോവൽ ഇന്നും ഒരു അത്ഭുതമായി നിലകൊള്ളുകയാണ്.

 

നന്നേ ചെറുപ്പത്തിലേ ഇൻസോമിനിയ (ഉറക്കമില്ലായ്മ) രോഗം ബാധിച്ച റൂൾഫോ തനിക്ക് ചുറ്റുമുള്ള ലോകം ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ തനിച്ചിരുന്ന് ധാരാളം വായിച്ചു. ഒരുദിവസം രണ്ട് നോവൽ എന്ന ക്രമത്തിൽ, സ്പാനിഷ് സാഹിത്യവും ചരിത്രവും ദർശനവും, ലോകസാഹിത്യം ഏതാണ്ട് മുഴുവനായും തന്നെ വായിച്ചു. അറുപത്തെട്ട് വർഷത്തെ ജീവിതത്തിൽ ഹുവാൻ റൂൾഫോ എഴുതിയത് വെറും 300 പേജുകൾ മാത്രമാണെന്നത് നമ്മെ അത്ഭുതപ്പെടുത്തും. പക്ഷേ പെട്രോ പരാമോ എന്ന നോവൽ വായിച്ചവർക്ക് അറിയാം, വാക്കിന്റെ ഉപയോഗം നിലനിൽക്കുന്നിടത്തോളം കാലം റൂൾഫോയുടെ കൊമാല ഓർക്കപ്പെടുമെന്ന്. ഗാബോയെ സ്വാധീനിച്ച പോലെ മറ്റനേകം പ്രതിഭകളെ റൂൾഫോ സ്വാധീനിച്ചു കൊണ്ടേയിരിക്കും.

 

ADVERTISEMENT

ഹുവാൻ റൂൾഫോയുടെ ആദ്യ പുസ്തകമായി ലോകം വായിച്ചത്, ‘എൽല്യാനോ എൻ ല്യാ മസ്’ (El IIano en IIames) എന്ന ചെറുകഥാ സമാഹാരമാണ്. സ്പാനിഷ് സാഹിത്യത്തിൽ മാത്രമല്ല ലോക സാഹിത്യത്തിൽ തന്നെ ഒരു അപൂർവ്വതയായിരുന്നു അതിലെ കഥകൾ. നിലവിലുള്ള സാഹിത്യ ഫോർമുലകളെയൊക്കെ തകർത്ത് പുതിയൊരു നിലമൊരുക്കി അതിൻമേൽ റൂൾഫോ തന്റെ വാക്കുകളുടെ കൊട്ടാരം പണിതു. മാർക്വിസിലൂടെ പിൽക്കാലത്ത് ലോകം പരിചയിച്ച മാജിക്കൽ റിയലിസമെന്ന സാഹിത്യ സങ്കേതത്തിന്റെ ആദിരൂപം നമ്മൾ ഹുവാൻ റൂൾഫോയിലാണ് കണ്ടെത്തുക. റൂൾഫോയുടെ രചനകളിൽ നിന്നാണ് താൻ മാജിക്കൽ റിയലിസത്തിൽ എത്തിച്ചേർന്നത് എന്ന് മാർക്വിസ് റൂൾഫോയോടുള്ള തന്റെ കടപ്പാട് രേഖപ്പെടുത്തിയിട്ടുമുണ്ട്.

 

റൂൾഫോയുടെ ‘എൽല്യാനോ എൻ ല്യാ മസ്’ എന്ന കഥാ സമാഹാരത്തിലെ ഒരു കഥയാണ് തൽപ (Talpa). റൂൾഫോ തൽപ തുടങ്ങുന്നത് ഇങ്ങനെയാണ്.

 

ADVERTISEMENT

‘‘നടാലിയ അമ്മയുടെ കൈകളിൽ വീണ് ഏറെനേരം ശാന്തമായി വിമ്മി കരഞ്ഞു. ഞങ്ങൾ സെൻസോന്റലയിൽ തിരിച്ചെത്തിയ ഈ അവസരത്തിനു വേണ്ടി ഏറെ നാളുകളുടെ കണ്ണീർ അവൾ സൂക്ഷിച്ച്‌ വെച്ചിരിക്കുകയായിരുന്നു. അമ്മയെ കണ്ടപ്പോൾ സാന്ത്വനത്തിനായി അവൾ കൊതിച്ചു. ഏറെ നാളത്തെ കഠിനമായ അധ്വാനത്തിനിടയ്ക്ക് തൽപയിലെ മണ്ണിൽ കുഴിമാന്തി ഞങ്ങൾ ടാനിലോയെ അടക്കിയപ്പോൾ, ആരും സഹായിക്കാനില്ലാത്ത ഞങ്ങൾ, അവളും ഞാനും, ശവക്കുഴി തെളിച്ചെടുക്കാനായി ഞങ്ങളുടെ ശക്തി ഒരുക്കൂട്ടിയപ്പോൾ, ഞങ്ങളുടെ കൈകൊണ്ട് തന്നെ മൺകട്ടകൾ വാരിയെടുത്തു കളഞ്ഞപ്പോൾ, മരണത്തിന്റെ ഗന്ധമുള്ള ശ്വാസോച്ഛാസത്താൽ ടാനിലാ മേലിലാരെയും ഭയപ്പെടുത്താതെയിരിക്കാൻ അവനെ തിടുക്കപ്പെട്ട് മണ്ണിനകത്ത് ഒളിച്ചു വച്ചപ്പോൾ, അപ്പോഴൊന്നും അവൾ കരഞ്ഞില്ല. ’’

 

കഥ പറയുന്ന ആളുടെ സഹോദര ഭാര്യയാണ് നടാലിയ. നടാലിയയുടെ ഭർത്താവായ ടാനിലോക്ക് ദേഹമാകെ വീർത്തു പൊട്ടുന്ന കുരുക്കളായിരുന്നു. അസഹ്യമായ നാറ്റം വമിക്കുന്ന ആ കുരുക്കൾ ടാനിലോക്ക് മരണത്തേക്കാൾ കഠിനമായ വേദനയാണ് നൽകിയത്. ചികിത്സകളൊന്നും ഫലിക്കാതെയാവുമ്പോൾ തൽപയിലെ വിശുദ്ധ മാതാവിന്റെ അരികിലേക്ക് പോവാൻ ടാനിലോ തന്നെയാണ് ആഗ്രഹം പ്രകടിപ്പിക്കുന്നത്.

 

വെറും ആഗ്രഹമായിരുന്ന ആ യാത്രയെ ഒരു ആവശ്യമാക്കി മാറ്റിയെടുക്കുന്നത്, കഥ പറയുന്ന ആളും നടാലിയയും ചേർന്നാണ്. സഹോദരന്റെ രോഗാവസ്ഥയ്‌ക്കിടയിൽ അവർ തമ്മിൽ ഉണ്ടാവുന്ന ഉടലാസക്തികളുടെ പൂർത്തീകരണത്തിന് അത്തരമൊരു യാത്ര അനിവാര്യമായിരുന്നു. അവർക്കിടയിലേക്ക്, അവർ തനിച്ചാവുന്ന അവസരങ്ങളിലേക്ക് ടാനിലോയുടെ വ്രണം പെട്ടിയൊലിക്കുന്ന കൈ എപ്പോഴും കടന്നുവന്നു.

 

തൽപ വളരെ വളരെ ദൂരത്തായിരുന്നു. രണ്ട് മാസത്തോളമെടുത്ത് നടന്നെത്താവുന്ന ദൂരത്തിൽ. കൊടിയ ചൂടും പൊടിപടലങ്ങളും നിറഞ്ഞ മാർച്ച് മാസത്തിലെ ആ യാത്ര ടാനിലോക്ക് ദുസ്സഹമായിരുന്നു. വിശുദ്ധ മാതാവിന്റെ അത്ഭുത സിദ്ധിയിൽ വിശ്വാസമർപ്പിച്ച് അവരുടെ രണ്ടാളുടെയും തോളിൽ തൂങ്ങി ടാനി ലോ യാത്ര തുടർന്നു. അയാളുടെ ശരീരമാകെ ചീർത്തു വിങ്ങി ഏത് നേരത്തും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു മനുഷ്യ ബലൂൺ മാതിരി ആയി കഴിഞ്ഞിരുന്നു.

 

അസഹ്യമായ നാറ്റം സഹിച്ചുകൊണ്ട് ടാനിലോയെ ചുമലിൽ താങ്ങി നടക്കുമ്പോൾ സഹോദരന്റെ ഉള്ളിൽ നടാലിയയുടെ ഉടൽ വടിവുകളായിരുന്നു. വല്ലാതെ തനിച്ചായി പോയ അവളുടെ ഏകാന്തതയും സുന്ദരമായ ആ കാലുകളുമായിരുന്നു. ഉടലിന്റെ ആസക്തികൾ മനുഷ്യനെ നയിക്കുന്ന ഇരുൾ വഴികളെ പ്രമേയത്തിന് ഇണങ്ങുന്ന ഭാഷയിൽ റൂൾഫോ വിവരിക്കുമ്പോൾ വായനക്കാർ സ്വന്തം ആസക്തികളെ കുറിച്ചും ബോധമുള്ളവരായി തീരുന്നു.

 

രതിയെന്ന സൂര്യതേജസ്സിന് കൈ മറയിടാതെ റൂൾഫോ കഥ പറയുമ്പോൾ നമ്മൾ ആ കഥാപാത്രങ്ങളുടെ ഒത്ത നടുവിലാണ്. അവരുടെ ഒരു നോട്ടത്തിന്റെ പല അർഥങ്ങൾ പോലും നമുക്ക് മനസ്സിലാവുന്നു. ഒരു കമ്പിക്കഥയായി ചുരുങ്ങിയേക്കാവുന്ന പ്രമേയത്തെ ഉജ്ജ്വലമായ കലാസൃഷ്ടിയാക്കി എടുക്കുന്ന റൂൾഫോയുടെ പ്രതിഭാ ശക്തി വായിച്ചു തന്നെ അറിയേണ്ടതാണ് . 

 

ഇനി മുന്നോട്ട് പോകാനാകില്ലെന്ന ഘട്ടത്തിൽ ടാനിലോ വീട്ടിലേക്ക് മടങ്ങി പോവാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോൾ, നടാലിയയും സഹോദരനും ചേർന്ന് തൽപയിലെ വിശുദ്ധ മാതാവിന്റെ അനുഗ്രഹത്താൽ അസുഖം ഭേദമായവരുടെ അത്ഭുത കഥകൾ പറഞ്ഞ് അയാളെ മുമ്പോട്ട് വലിച്ചിഴക്കുന്നു.

 

റൂൾഫോ എഴുതുകയാണ്.

 

‘‘ആ രാത്രികൾ നന്നായി ഓർക്കുന്നു. രാത്രിയായാൽ ചുറ്റിനും പൈൻ വിറകു കത്തിച്ചു വെളിച്ചമുണ്ടാക്കും. പിന്നെ ചാരം മൂടി തീ കറുക്കുമ്പോൾ നടാലിയയും ഞാനും ഏതെങ്കിലും ഒരു നിഴൽ തേടി പോകും. നാട്ടു വെളിച്ചത്തിൽ നിന്നൊളിക്കാൻ. ഗ്രാമത്തിന്റെ വിജനതയിൽ ഞങ്ങൾ അഭയം തേടി. ടാനി ലോയുടെ കണ്ണുകളിൽ നിന്നകന്ന് രാത്രിക്കുള്ളിൽ ഒളിച്ചു. വിജനത ഞങ്ങളെ പരസ്പരം അടുപ്പിച്ചു. നടാലിയയുടെ ശരീരത്തെ എന്റെ കൈത്തലങ്ങളിലേക്ക് കൊണ്ടെത്തിച്ചു. ഞങ്ങൾ കിടന്ന മണ്ണ് എപ്പോഴും ഊഷ്മളമായിരുന്നു. ഇളം ചൂടേറ്റ് എന്റെ സഹോദരൻ ടാനിലോയുടെ ഭാര്യയായ നടാലിയയുടെ മാംസം പൊടുന്നനെ ചൂടു പിടിക്കും. ഈ രണ്ട് ഊഷ്മളതകളും കൂടിച്ചേർന്ന് കത്തുമ്പോൾ സ്വപ്നങ്ങളിൽ ഉണർന്നെണീക്കുവാൻ തോന്നും. അപ്പോഴെന്റെ കൈകൾ അവളെ തേടി ചെല്ലും. എല്ലാം മൂടിവച്ച മനസ്സിനു മീതെ അതു സഞ്ചരിക്കും. ആദ്യം പതുക്കെ, പിന്നെ രക്തം ഊറ്റിയെടുക്കാനുള്ള ആഗ്രഹം കൊണ്ടെന്ന പോലെ, ശക്തിയായി അവളെ ഞാൻ ഞെരിക്കും. പിന്നെയും പിന്നെയും... രാത്രിതോറും ഇതു തുടരും. പ്രഭാതം വന്ന് ഞങ്ങളുടെ ശരീരങ്ങളിലെ അഗ്നി ശീതകാറ്റുകൊണ്ട് കെടുത്തുന്നതുവരെ. രോഗശാന്തിക്കായി മാതാവിന്റെ അനുഗ്രഹം തേടുവാൻ ടാനിലോയെ തൽപയിലേക്ക് കൊണ്ടുപോയ സന്ദർഭത്തിൽ പാതയുടെ ഒരു വശത്ത് നടാലിയയും ഞാനും ഇതാണ് ചെയ്തത്.’’

 

സ്വന്തം സഹോദരൻ മരണാസന്നനായി ചലവും ചോരയും ഒലിപ്പിച്ച് വഴിവക്കിൽ കിടക്കുമ്പോൾ അവന്റെ ഭാര്യയുമായി ഇണചേരുന്നവനെ നമുക്ക് വേണമെങ്കിൽ വെറുക്കാം. രോഗമൊക്കെ മാറി തന്നോടൊപ്പം ശയിക്കാനുള്ള മോഹവുമായി വഴിവക്കിൽ കിടക്കുന്ന ഭർത്താവിനെ ക്രൂരമായി അവഗണിച്ചു കൊണ്ട് അയാളുടെ സഹോദരനുമായി ഇണചേരുന്ന ഭാര്യയേയും നമുക്ക് വെറുക്കാം.

 

പക്ഷേ ജീവിതമെന്നത് തീരാത്ത അത്ഭുതങ്ങളുടെയും അഭിനിവേശങ്ങളുടെയും തീ പൊള്ളലാണെന്ന് റൂൾഫോ നമ്മളെ അനുഭവിപ്പിക്കുമ്പോൾ നമുക്കീ പ്രതിഭയുടെ മുൻപിൽ തലകുനിക്കാതെ വയ്യ. ഉടലിന്റെ ആസക്തികൾക്ക് യാതൊന്നും തടസ്സമാവുന്നില്ല എന്നും, ആ ആസക്തികളുടെ ചതുപ്പുകളിൽ താണു പോവാൻ മനുഷ്യൻ നിർബന്ധിതനാവുകയാണ് എന്നും റൂൾഫോ പറയുമ്പോൾ അതൊരു കഥപറച്ചിൽ മാത്രമായി ചുരുങ്ങുന്നില്ല.

 

തൽപയിലെ മാതാവിന്റെ സന്നിധിയിൽ അവർ എത്തുമ്പോൾ ടാൻസിലോ കൈകാലുകൾ ബന്ധിക്കപ്പെട്ട വെറുമൊരു മാംസ കൂനയായി, മുട്ടിൽ ഇഴയുകയായിരുന്നു. അതൊരു ആചാരം മാത്രമല്ല, എല്ലാ മോഹങ്ങളെയും ആ ശക്തികളെയും റദ്ദ് ചെയ്യുന്ന മരണം എന്ന കറുത്ത കുതിരയുടെ മുമ്പിൽ എത്തുമ്പോൾ ഓരോ മനുഷ്യരും അറിയുന്ന, അറിഞ്ഞ് അനുഭവിക്കുന്ന, സത്യമാണെന്ന് ഹുവാൻ റൂൾഫോ നമ്മോടു പറയുകയാണ്.

 

നമ്മുടെ മരണശേഷവും ഭൂമിയിൽ ജീവിതങ്ങൾ ബാക്കിയുണ്ടാവും. കുളിർകാറ്റുകളും പുലരിത്തണുപ്പും, പ്രണയവും രതിയും പക്ഷിപ്പറക്കലും അസ്തമനങ്ങളും ആവർത്തിച്ചുകൊണ്ടേയിരിക്കും. ജീവിതമെന്ന ഇത്തിരി ദൂര ഓട്ടത്തിനിടയിൽ നമ്മൾ വാരിപ്പിടിച്ചതും വെട്ടിപ്പിടിച്ചതും കവർന്നെടുത്തതുമൊക്കെ മറ്റാരുടെയെങ്കിലും സ്വന്തമാവും. ജീവിതമെന്ന അത്ഭുതം ഇങ്ങനെ ചിലത് കൂടിയാണെന്ന് റൂൾഫോ ഈ കഥയിലൂടെ നമ്മളോട് പറയുകയാണ്. നമുക്കിതിനോട് യോജിക്കാം. വിയോജിക്കാം. പക്ഷേ, ഒരിക്കലും അവഗണിക്കാൻ കഴിയില്ല.

 

ഭർത്താവിന്റെ മരണവും, താൻ ചെയ്ത പാപത്തിന്റെ ബോധവും കണ്ണീരായി അമ്മയുടെ തോളിലേക്ക് ചൊരിയുന്ന നടാലിയയെ അവതരിപ്പിച്ചു കൊണ്ട് തുടങ്ങുന്ന കഥ റൂൾഫോ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് .

 

‘‘ഇവിടെ ഞങ്ങൾ എപ്പോഴും ഓർമിക്കുന്നത് ഒരുപക്ഷേ ഇതാവും. തൽപയിലെ ശവപ്പറമ്പിൽ ഞങ്ങൾ അടക്കം ചെയ്ത  ടാനിലോയെ... കുന്നുകളിൽ നിന്നിറങ്ങുന്ന വന്യമൃഗങ്ങൾ അവനെ കടിച്ചു പുറത്തെടുക്കാതെയിരിക്കാൻ വേണ്ടി ഞാനും നടാലിയയും അതിലേക്ക് കല്ലും മണ്ണും വാരിയെറിഞ്ഞത്...’’

 

ഹുവാൻ റൂൾഫോക്ക് നാഷണൽ അവാർഡ് ലഭിച്ചതിനെത്തുടർന്ന് സംഘടിപ്പിക്കപ്പെട്ട വിരുന്നിൽ വെച്ച് ഒരു സ്ത്രീ റൂൾഫോയോട് ചോദിച്ചുവത്രേ ... 

 

‘‘സെന്യോർ റൂൾഫോ, എഴുതുമ്പോൾ നിങ്ങൾക്ക് എന്താണ് അനുഭവപ്പെടാറ് ?’’

 

നീണ്ട ഒരു പ്രസംഗത്തിനു തന്നെ വകയുള്ള ഈ ചോദ്യത്തിന് റൂൾഫോ നൽകിയ മറുപടി രണ്ടു വാക്കുകളായിരുന്നു. 

 

‘‘വേദനകൾ മാത്രം’’

 

അതെ മനുഷ്യ കുലത്തിന്റെ വേദനകളെ കുറിച്ച് തന്നെയാണ് ഹുവാൻ റൂൾഫോ എഴുതിയത്. ആ എഴുത്തിന്റെ മാസ്മരിക സൗന്ദര്യം അനുഭവിച്ചറിയാൻ ഞാൻ നിങ്ങളെ കൊമാലയിലേക്ക് വിനയത്തോടെ ക്ഷണിക്കുകയാണ്.

 

Content Summary: Vayanavasantham, column written by Abbas TP on Juan Rulfo