കാമുകിയുടെ തലയോട്ടി വെട്ടിപൊളിക്കേണ്ടി വന്ന കാമുകൻ, പുനത്തിൽ പറഞ്ഞ നെഞ്ചുനീറ്റും കഥ
തന്റെ കുടിലിൽ തന്റെ ഇണയായി വരാൻ താൻ ഒരുപാട് ആശിച്ച പെൺകുട്ടിയുടെ ചൂട് നഷ്ടമായ നഗ്നശരീരത്തിലെ ആ നീണ്ട ഇടതൂർന്ന മുടി മുഴുവൻ അവൻ വടിച്ചു. പുരികം വടിച്ചു. ദേഹത്തിലുള്ള രോമശകലങ്ങൾ മുഴുവനും വടിച്ചു.
തന്റെ കുടിലിൽ തന്റെ ഇണയായി വരാൻ താൻ ഒരുപാട് ആശിച്ച പെൺകുട്ടിയുടെ ചൂട് നഷ്ടമായ നഗ്നശരീരത്തിലെ ആ നീണ്ട ഇടതൂർന്ന മുടി മുഴുവൻ അവൻ വടിച്ചു. പുരികം വടിച്ചു. ദേഹത്തിലുള്ള രോമശകലങ്ങൾ മുഴുവനും വടിച്ചു.
തന്റെ കുടിലിൽ തന്റെ ഇണയായി വരാൻ താൻ ഒരുപാട് ആശിച്ച പെൺകുട്ടിയുടെ ചൂട് നഷ്ടമായ നഗ്നശരീരത്തിലെ ആ നീണ്ട ഇടതൂർന്ന മുടി മുഴുവൻ അവൻ വടിച്ചു. പുരികം വടിച്ചു. ദേഹത്തിലുള്ള രോമശകലങ്ങൾ മുഴുവനും വടിച്ചു.
എന്തിനെന്നില്ലാതെ ഓർത്തുപോവുകയാണ്...
സോനയെ, അംഗുലിയെ, മേദി സാഹബിനെ, സോനയുടെ രോഗിയായ അമ്മയെ, അവരുടെ ദൈന്യം നിറഞ്ഞ കണ്ണുകളെ, അംഗുലിയും സോനയും ഒരുമിച്ചു കണ്ട സ്വപ്നങ്ങളെ, ധരിക്കാൻ ചെരുപ്പ് പോലുമില്ലാതെ സോന നടന്ന ചരൽപ്പാതകളെ, പഴയൊരു സൈക്കിളെങ്കിലും വാങ്ങാനുള്ള അവന്റെ മോഹത്തെ, ഗോതമ്പു വയലുകൾ ഹരിതാഭ തീർത്ത ജമാൽപൂരിനെ ... സോന ജോലിയെടുത്ത ഡിസക്ഷൻ ഹാളിനെ, കേഡവർ ടാങ്കിൽ നീന്തുന്ന ശവശരീരങ്ങളെ, ഗന്ധങ്ങൾ നഷ്ടമായ മരണമുറികളെ, നാനയും അവനും ചേർന്ന് സ്ട്രെച്ചറുകളിൽ നിന്ന് പിടിച്ചു കിടത്തിയ ശവങ്ങളെ, ചെമ്പു പാത്രങ്ങളിൽ കിടന്ന് വേവുന്ന മനുഷ്യ ശവങ്ങളുടെ ഗന്ധങ്ങളെ, ആ ശവങ്ങളുടെ എല്ലുകളെല്ലാം പൊട്ടി പോവാതെ വേർപെടുത്തി എടുത്താൽ അവന് കിട്ടുന്ന പത്ത് രൂപയെ, അതിന്റെ പകുതി തട്ടിയെടുക്കുന്ന നിസാർ അഹമ്മദ് എന്ന ടെക്നീഷ്യനെ ...
മനുഷ്യൻ മരിച്ചാലും അവന്റെ വില നശിക്കുന്നില്ലെന്ന് സോന മനസ്സിലാക്കിയത് പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന മലയാളിയുടെ കുഞ്ഞിക്കയിലൂടെയാണ്. 1965 ജൂലൈ 18ന് ഇറങ്ങിയ ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയ ജീവച്ഛവങ്ങൾ എന്ന കഥ ഇന്നും ഉള്ള് കിടുങ്ങാതെ വായിക്കാൻ വയ്യ. ആധുനികതയുടെ കുപ്പായമണിഞ്ഞ കള്ളനാണയങ്ങൾ മലയാളസാഹിത്യത്തെ വായനക്കാരിൽ നിന്നും അകറ്റുന്ന കാലത്താണ് ഇത്രയും ഹൃദയ സ്പർശിയായ ഒരു കഥ പുനത്തിൽ എഴുതിയത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു.
ഒരു മണിക്കൂർ കൊണ്ട് വായിക്കാവുന്ന ഈ കഥ ഒരു ആയുഷ്കാലം മുഴുവൻ വായനക്കാരുടെ ഉള്ളിൽ നടുക്കമായി മനുഷ്യാവസ്ഥകളുടെ ദയാരഹിതമായ തുറസ്സുകളായി ആ തുറസ്സിൽ നൊന്ത് പിടയുന്ന അനേകങ്ങളുടെ വേദനയായി ആർത്തിരമ്പുന്നു. ഏതൊക്കെയോ അഹന്തകളുടെ തീരങ്ങളിൽ തലതല്ലി ചിരിക്കുന്നു.
ഓർത്ത് പോവുകയാണ്...
വെള്ളം തിളച്ച് മറിയുന്ന ചെമ്പിൽ നിന്ന് എല്ലുകൾ ഓരോന്നായി പുറത്തെടുത്ത് ആ മനുഷ്യ എല്ലുകളിൽ പറ്റി നിൽക്കുന്ന ഇറച്ചിപ്പാടുകൾ കത്തികൊണ്ട്, എല്ലിന് കേട് പറ്റാതെ വരണ്ടി നീക്കുമ്പോൾ അവൻ സ്വന്തം ശരീരത്തെക്കുറിച്ച് ഓർത്തിരിക്കില്ലേ...? പക്ഷവാതം പിടിച്ചു തളർന്നു കിടക്കുന്ന അമ്മയുടെ എല്ലുകളെ, മാംസത്തെ, ഓർത്തിരിക്കില്ലേ ...? അമ്മയുടെ എല്ലുകളിൽ കത്തികൊണ്ട് വാരുന്നത് ഓർത്ത് നടുങ്ങിയിരിക്കില്ലേ ...?
മേദിസാഹിബാണ് അവന്റെ അമ്മയെ കാശ് വാങ്ങാതെ ചികിത്സിച്ചത്. അദ്ദേഹത്തിന് നല്ലത് വരാൻ അവൻ എപ്പോഴും ദൈവത്തോട് പ്രാർഥിച്ചു. ക്ലാസ്മുറിയിൽ ഒരു കൈയ്യിൽ എല്ലും മറ്റേ കയ്യിൽ ഛായ ചോക്കുകളും പിടിച്ച് ആർത്ത് വിളിച്ച് വിയർത്തുകുളിച്ച് ക്ലാസ്സെടുക്കുന്ന മേദി സാഹിബ്, ഉണ്ണുന്ന ചോറിന് പണിയെടുക്കുന്ന ആളാണെന്ന് സോന കരുണയോടെ ഓർക്കുന്നുണ്ട്.
ഒറ്റ കുഴപ്പമേ മേദി സാഹിബിനുള്ളൂ ...
ഇടയ്ക്ക് ക്ലാസ്സ്മുറിയിലേക്ക് അവനെ വിളിപ്പിച്ച് ഷർട്ട് ഊരാൻ പറയും. പിന്നെ അമ്പതോളം കുട്ടികളുടെ മുൻപിൽ ഒരു മരം പോലെ അവന് മണിക്കൂറുകളോളം നിൽക്കണം. അവന്റെ കഴുത്തിന് കീഴിലും വാരിയെല്ലുകളിലും പുറത്തുമെല്ലാം തൊട്ട് മേദി സാഹിബ് ഉച്ചത്തിൽ പറയുന്നതൊന്നും അവന് മനസ്സിലാവില്ല. അത്തരമൊരു നിൽപ്പിലാണ് വെളുത്ത് സുന്ദരിയായ പഞ്ചാബി പെൺകുട്ടി പാമ്പിനെപ്പോലെ ഇഴഞ്ഞ് വന്ന് നീണ്ടു മെലിഞ്ഞ വിരലുകൾ കൊണ്ട് അവന്റെ വാരിയെല്ലിൽ തൊട്ടത്. അപ്പോഴാണ് താൻ വെറുമൊരു ഉപകരണമല്ല, എല്ലാ അനുഭൂതികളും ഉള്ള മനുഷ്യ ജീവിയാണെന്ന് അവൻ തിരിച്ചറിയുന്നത്. ആ പെൺകുട്ടി തന്നെയാണ് മേദി സാഹബിനോടു പറഞ്ഞത്.
‘‘സർ ബട്ട് ഒൺലി ഡിഫറൻസ്, ഈസ് ഹി ഈസ് എ ലിവിങ് കേഡ വർ’’
അവന് അതിന്റെ അർഥം മനസ്സിലായില്ലെങ്കിലും മേദി സാഹബ് ആ കുട്ടിയോട് ദേഷ്യപ്പെട്ട് അവളെ ക്ലാസിൽ നിന്ന് പുറത്താക്കിയപ്പോൾ അവൾ പറഞ്ഞത് അത്ര സുഖമുള്ള കാര്യമാവില്ലെന്ന് സോന ഊഹിച്ചെടുത്തിരിക്കണം.
ഇനി അംഗുലിയിലേക്കു വരാം...
സോനയെ മാത്രം സ്വപ്നം കണ്ട് അവന്റെ അമ്മയെ പരിചരിച്ച് അവന്റെ ദുഃഖങ്ങളിലും തീരെ ചെറിയ സന്തോഷങ്ങളിലും പങ്കാളിയായി പുതിയൊരു ജീവിതം സ്വപ്നം കണ്ട അവളെ, അവൾ ജോലിക്ക് പോകുന്ന വീട്ടിലെ മേം സാഹബിന് ഒത്തിരി ഇഷ്ടമായിരുന്നല്ലോ ... മാൻക്കുട്ടിയെപ്പോലെ സുന്ദരിയായ മേം സാഹബിന് ഭർത്താവായി കിട്ടിയ ഇഫ്തിഗാർ സാഹബിന്റെ കൊമ്പൻ മീശയും വസൂരി കലയുള്ള ചുവന്ന മുഖവും തുറിച്ചു നോട്ടവും അവൾക്ക് ഇഷ്ടമായിരുന്നില്ലല്ലോ ...
മുറ്റമടിക്കുമ്പോഴും മുയൽക്കൂട് വൃത്തിയാക്കുമ്പോഴും ഇഫ്തിഗാർ സാഹബിന്റെ കത്തി മൂർച്ചയുള്ള നോട്ടം തന്റെ ശരീരത്തെ കീറിമുറിക്കുന്നത് അവൾ അറിഞ്ഞതാണല്ലോ... പക്ഷേ മേംസാഹബ് പ്രസവത്തിന് നാട്ടിൽ പോയ അവസരത്തിൽ ആ കത്തി മൂർച്ച കരങ്ങളിലേക്ക് ആവാഹിച്ച് അയാൾ തന്നെ കോരിയെടുക്കുമ്പോൾ അംഗുലിയുടെ ഉള്ളിൽ ഇരമ്പിയ കടലുകൾക്ക് കണ്ണീരുപ്പ് തന്നെയായിരുന്നു. നിസ്സഹായതയുടെ ആ കടൽതീരത്ത് തന്റെ പഴകിയ ചെരുപ്പ് ഊരിയിടുവാൻ അവൾ നിർബന്ധിതയാവുകയായിരുന്നു.
അന്നേരം സോന വലിയ ചെമ്പുപാത്രത്തിൽ മനുഷ്യശരീരത്തിന്റെ പല ഭാഗങ്ങളും കൂട്ടിയിട്ട് പുഴുങ്ങിയെടുക്കുന്ന ജോലിയിലായിരുന്നോ ? ചോള വയലുകളുടെ ഗന്ധമുള്ള അംഗുലിയെ ഓർത്ത് അവന്റെയുള്ളിൽ വിരിഞ്ഞ താമരകൾക്ക് എല്ലാ ദുർഗന്ധങ്ങളെയും ഇല്ലാതാക്കാനുള്ള ശക്തിയുണ്ടായിരുന്നു.
എന്നിട്ടും നടന്നതൊന്നും അവനോട് തുറന്നു പറയാതെ അംഗുലി അവന് നേരെ വാതിൽ കൊട്ടിയടച്ചു. തനിക്കു മുന്നിൽ അടഞ്ഞു പോയ ആ സ്നേഹവാതിലിനു മുമ്പിൽ അന്തിച്ചു നിന്ന സോന അംഗുലിയെ മറന്നില്ല. ആശുപത്രിമുറ്റത്തെ നീണ്ട ക്യൂവിലേക്ക് അമ്മയുടെ മരുന്നിനായി ജമാൽപൂരിലെ പാതകളിലൂടെ അവൻ നടന്നു. കുട്ടികൾക്ക് മുമ്പിൽ കാഴ്ചവസ്തുവായി നിന്നു. അമ്മയെ മേദി സാഹബിന്റെ അരികിൽ ചികിത്സക്കായി കൊണ്ടുപോയി. നിസാർ അഹമ്മദിന്റെ തെറിവിളികൾ കേട്ടു.
ഏതൊക്കെയോ വിഷക്കായകൾ അരച്ച് കലക്കി കുടിച്ച് അംഗുലി ആശുപത്രിയിൽ മരണം കാത്ത് കിടന്നു. അവളെ താൻ കാണാറുണ്ടെന്നും അവൾക്ക് കുഴപ്പമൊന്നുമില്ലെന്നും അവൻ അമ്മയോട് കള്ളം പറഞ്ഞു. നീണ്ട വേദനകൾക്ക് വിരാമമിട്ട് ഒടുവിൽ അംഗുലി മരിച്ചു. ഉറ്റവരാരുമില്ലാത്ത അവളുടെ ശവം ഏറ്റെടുക്കാൻ അവൻ പോയെങ്കിലും അവനെത്തും മുമ്പേ അത് അനാഥ ശവങ്ങളുടെ മുറിയിലേക്ക് മാറ്റപ്പെട്ടിരുന്നു. തുണി നീക്കി അവൻ അവളുടെ മുഖം കണ്ടു. തന്നെ ചതിച്ചു കൊണ്ട് മരണത്തിലേക്ക് നടന്നു പോയ അവളെ ഓർത്ത് അവന്റെ നെഞ്ച് കനത്തിരിക്കണം.
പുനത്തിൽ അവനെ നയിച്ചത് അംഗുലിയുടെ ശവത്തിന്റെ മുടി നീക്കുന്ന ജോലിയിലേക്കാണ്. അതെ. അത് അവന്റെ ജോലിയായിരുന്നു. അതിന് കിട്ടുന്ന പ്രതിഫലം കൊണ്ട് കൂടിയാണ് അവനും അമ്മയും അന്നം കഴിച്ചത്. ഒരു യന്ത്രം പോലെയാണ് അവന്റെ കൈകൾ ചലിച്ചത്. നിസാർ അഹമ്മദിന്റെ തെറിവിളികൾ അവൻ കേട്ടിട്ടുണ്ടാവില്ല. തന്റെ കുടിലിൽ തന്റെ ഇണയായി വരാൻ താൻ ഒരുപാട് ആശിച്ച പെൺകുട്ടിയുടെ ചൂട് നഷ്ടമായ നഗ്നശരീരത്തിലെ ആ നീണ്ട ഇടതൂർന്ന മുടി മുഴുവൻ അവൻ വടിച്ചു. പുരികം വടിച്ചു. ദേഹത്തിലുള്ള രോമശകലങ്ങൾ മുഴുവനും വടിച്ചു.
അമ്മാ...
അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായ അവളുടെ തലമുടി ഈ കൈകൾ കൊണ്ട് വലിച്ചെടുക്കുമ്പോൾ എന്റെ മുമ്പിലെ ലോകം മുഴുവൻ വട്ടം ചുറ്റുകയായിരുന്നു എന്ന് അവൻ ഉള്ളിൽ വിലപിച്ചിരിക്കില്ലേ? അവളുടെ നഗ്നമേനിയെ കുറിച്ച് അശ്ലീലം പറഞ്ഞ നിസാർ അഹമ്മദിനെ വെറുപ്പോടെ നോക്കിയിട്ടുണ്ടാവില്ലേ? നിസാർ അഹമ്മദ് കൊടുത്ത സൂചിയും നൂലും കൊണ്ട് അവൻ അംഗുലിയുടെ ചുണ്ടുകൾ തുന്നിച്ചേർത്തു. ഒരു ചുംബനം കൊണ്ടു പോലും താൻ കളങ്കപ്പെടുത്താത്ത ആ ചുണ്ടുകളിലേക്ക് കൂർത്ത സൂചിമുന കയറ്റുമ്പോൾ അവന്റെ ഹൃദയത്തിന്റെ ചോരത്തുടിപ്പിലൂടെ വലിയൊരു സൂചി മുറിവേൽപ്പിച്ചു കൊണ്ട് കടന്നു പോയിരിക്കണം.
അന്നത്തെ രാത്രിയിൽ മൊട്ടയടിച്ച്, പുരികം വടിച്ച്, ചുണ്ട് തുന്നിക്കെട്ടി അംഗുലി അവന്റെ മുമ്പിൽ വന്ന് നിന്നു.
‘‘നിങ്ങളെ ഞാൻ വഞ്ചിച്ചു. ആ സങ്കടം തീർക്കാനാണ് ഞാൻ മരിച്ചു കളഞ്ഞത്’’
ജമാൽപൂരിലെ ചരൽ പാതകൾ പിന്നെയും അവന്റെ മുമ്പിൽ നീണ്ടുകിടന്നു. ആ പാതകളിലൂടെ ഡോക്ടർ സാഹബിന്റെ പഴയ ഷൂവും ധരിച്ച് അവൻ നടന്നു. കോളേജിന്റെ ഗേറ്റിലൂടെ സുന്ദരികളും സുന്ദരന്മാരും വാഹനങ്ങളും കടന്നു പോയി .
അവസാനം ആ ദിവസവും വന്നു. അന്ന് അംഗുലിയുടെ ശവത്തിന്റെ തലയോട് മുറിക്കുന്ന ദിവസമായിരുന്നു. അതു കാണരുതെന്ന് കരുതി അവൻ അപ്പുറത്ത് മാറി നിൽക്കുകയായിരുന്നു. അപ്പോഴാണ് കുട്ടികളിൽ ഒരാൾ വന്ന് അവനെ വിളിച്ചത് .
ഇനി പുനത്തിലിന്റെ വാക്കുകൾ...
പുനത്തിൽ എഴുതുന്നു.
ഉളിയും ചുറ്റികയും അവന്റെ കൈയ്യിൽ കൊടുത്തിട്ട് കുട്ടികൾ പറഞ്ഞു.
‘‘സോനാ ഈ തലയോടു മുറിക്ക് .ഞങ്ങൾക്കു മുറിക്കാൻ കഴിയുന്നില്ല’’
അവന് ഒന്നും പറയാൻ കഴിഞ്ഞില്ല. ഉളിയും കൈയിൽ പിടിച്ച് ചില സെക്കൻഡുകൾ അവൻ നിന്നു. കുട്ടികൾ തിരക്കു കൂട്ടി.
‘‘വേഗം നോക്ക്, സമയമില്ല’’
തലയോടിൽ ഉളിവെച്ച് അവൻ ചുറ്റിക കൊണ്ട് അടിച്ചു തുടങ്ങി. എത്ര നേരം അടിച്ചുവെന്ന് അവനോർമയില്ല. തലയോടു പിളർന്നു. അപ്പോൾ അവൻ കണ്ടു, വെളുത്ത, അല്ല ഇളം മഞ്ഞനിറമുള്ള നിരവധി ചുളിവുകളുള്ള തലച്ചോറ്. തന്നെപ്പറ്റി അവൾ പലപ്പോഴും ഓർത്ത അത്ഭുതം നിറഞ്ഞ തലച്ചോറ്.’’
എന്നെഴുതി പുനത്തിൽ കഥ അവസാനിപ്പിക്കുമ്പോൾ നമ്മുടെ നെഞ്ച് കനക്കുന്നു. തൊണ്ടയിൽ എന്തോ തടയുന്നു. ചുറ്റും ഇരുൾ മൂടുന്നത് നമ്മൾ അറിയുന്നു. വാക്കുകൾ കൊണ്ട് മനുഷ്യാവസ്ഥകളുടെ ദൈന്യവും നീറ്റലും എങ്ങനെ വായനക്കാരെ അനുഭവിക്കാം എന്ന് തെളിയിച്ചു കൊണ്ട് ഭാരം നിറഞ്ഞ ശിരസ്സോടെ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന എഴുത്തുകാരൻ നമ്മുടെ മുമ്പിൽ നിൽക്കുന്നു. ആ കാലിൽ തൊട്ടു വന്ദിക്കാതെ വയ്യ.
സ്മാരകശിലകളും മരുന്നും കന്യാവനങ്ങളും പരലോകവും (നോവലുകൾ) മലമുകളിലെ അബ്ദുള്ളയും ക്ഷേത്ര വിളക്കുകളും കത്തിയും കാലാൾപ്പടയുടെ വരവുമടക്കം ഒരുപാട് നല്ല കഥകൾ മലയാളത്തിന് എഴുതി തന്ന പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന വലിയ അബ്ദുള്ളയ്ക്ക് സ്വസ്ഥി. ആ ഓർമകൾക്കു മുമ്പിൽ വിനയാദരങ്ങളോടെ.
Content Summary: Vayanavasantham, column written by Abbas TP on Punathil Kunjabdulla