എഴുത്തുകാരുടെ മനസ്സിൽ നിന്നുള്ള രാമായണവർത്തമാനങ്ങൾ
രാമായണമാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. എന്നാൽ രാമായണം ഒരിക്കലും അവസാനിക്കുകയില്ല. സഹസ്രാബ്ദങ്ങളായി അതിവിടെയുണ്ട്. ഇനിയും ഉണ്ടായിരിക്കുകയും ചെയ്യും. മലയാളികളുടെ മാതൃഭാഷയിൽ രാമായണങ്ങൾ പലതുണ്ടായിട്ടുണ്ട്. പക്ഷേ, എഴുത്തച്ഛൻ രാമായണമെഴുതിയപ്പോഴാണ് മലയാളികളുടെ മാതൃഭാഷയ്ക്ക് ഇപ്പോഴത്തെ രൂപം
രാമായണമാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. എന്നാൽ രാമായണം ഒരിക്കലും അവസാനിക്കുകയില്ല. സഹസ്രാബ്ദങ്ങളായി അതിവിടെയുണ്ട്. ഇനിയും ഉണ്ടായിരിക്കുകയും ചെയ്യും. മലയാളികളുടെ മാതൃഭാഷയിൽ രാമായണങ്ങൾ പലതുണ്ടായിട്ടുണ്ട്. പക്ഷേ, എഴുത്തച്ഛൻ രാമായണമെഴുതിയപ്പോഴാണ് മലയാളികളുടെ മാതൃഭാഷയ്ക്ക് ഇപ്പോഴത്തെ രൂപം
രാമായണമാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. എന്നാൽ രാമായണം ഒരിക്കലും അവസാനിക്കുകയില്ല. സഹസ്രാബ്ദങ്ങളായി അതിവിടെയുണ്ട്. ഇനിയും ഉണ്ടായിരിക്കുകയും ചെയ്യും. മലയാളികളുടെ മാതൃഭാഷയിൽ രാമായണങ്ങൾ പലതുണ്ടായിട്ടുണ്ട്. പക്ഷേ, എഴുത്തച്ഛൻ രാമായണമെഴുതിയപ്പോഴാണ് മലയാളികളുടെ മാതൃഭാഷയ്ക്ക് ഇപ്പോഴത്തെ രൂപം
രാമായണമാസം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കും. എന്നാൽ രാമായണം ഒരിക്കലും അവസാനിക്കുകയില്ല. സഹസ്രാബ്ദങ്ങളായി അതിവിടെയുണ്ട്. ഇനിയും ഉണ്ടായിരിക്കുകയും ചെയ്യും. മലയാളികളുടെ മാതൃഭാഷയിൽ രാമായണങ്ങൾ പലതുണ്ടായിട്ടുണ്ട്. പക്ഷേ, എഴുത്തച്ഛൻ രാമായണമെഴുതിയപ്പോഴാണ് മലയാളികളുടെ മാതൃഭാഷയ്ക്ക് ഇപ്പോഴത്തെ രൂപം കൈവന്നത്. അതുകൊണ്ട്, വാല്മീകി രാമായണം വായിച്ച് സ്വന്തമായൊരു രാമായണമെഴുതിയ ആ മഹാഗുരു മലയാളത്തിന്റെ പിതാവായി. കേരളീയ നവോത്ഥാനത്തിന്റെ ഉത്ഭവവും എഴുത്തച്ഛനിലാണ്. പോർച്ചുഗീസ് അധിനിവേശത്തിന്റെ വാൾമുനയാലും നാട്ടിലെ പ്രത്യേക സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധികളുടെ മുൾമുനയാലും പലതായി പിളർന്നും തമ്മിലടിച്ചും ഒടുങ്ങിപ്പോകുമായിരുന്ന മലയാളികളെ അധ്യാത്മ രാമായണം കിളിപ്പാട്ടെന്ന സ്‌നേഹച്ചരടിട്ടു കൂട്ടിക്കെട്ടി സംസ്‌കാരമുള്ള മനുഷ്യരാക്കിയ എഴുത്തച്ഛനെക്കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചും നാല് എഴുത്തുകാർ നടത്തുന്ന സംഭാഷണമാണ് ഈ ലക്കം പുസ്തകക്കാഴ്ചയിൽ.
നാല് എന്ന സംഖ്യയ്ക്ക് വലിയ പ്രാധാന്യമുണ്ട്, രാമായണത്തിൽ. കാവ്യത്തിന്റെ പേരു തന്നെ നാല് അക്ഷരങ്ങൾ ചേരുന്നതാണ്. ദശരഥനു മക്കൾ നാല്- ശ്രീരാമൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ. പുത്രവധുക്കൾ നാല്- സീത, ഊർമിള, ശ്രുതകീർത്തി, മാണ്ഡവി. മക്കൾക്ക് മാതാപിതാക്കൾ നാല്- ദശരഥൻ, കൗസല്യ, കൈകേയി, സുമിത്ര. ഭക്തിയോടെ രാമായണത്തെ കാണുന്നവരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന നാലുപേർ ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഹനുമാൻ.... അങ്ങനെ പോകുന്നു രാമായണവും നാല് എന്ന സംഖ്യയുമായുള്ള ബന്ധം. അപ്പോൾ, നാല് എഴുത്തുകാർ രാമായണത്തെക്കുറിച്ചു പറയുന്നതിനുമൊരു കൗതുകമുണ്ടാകുമല്ലോ.
എഴുത്തുവഴിയിലൂടെ സഞ്ചരിച്ച് മലയാളികളുടെ ഹൃദയം കീഴടക്കിയ സി. രാധാകൃഷ്ണൻ, ചന്ദ്രമതി, പി.കെ. ഗോപി, ടി.ഡി. രാമകൃഷ്ണൻ എന്നിവരാണ് മനസ്സ് തുറക്കുന്നത്. നാലു ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും നാലുപേരുടെയും പ്രതികരണങ്ങൾ.
∙ അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ വർത്തമാനകാല പ്രസക്തി?
സി. രാധാകൃഷ്ണൻ
ഒരു മനുഷ്യൻ തെറ്റു ചെയ്യാനുള്ള കാരണങ്ങളെക്കുറിച്ച് കാരണവന്മാർ പറയാറുള്ള രണ്ടു കാര്യങ്ങൾ ഒന്ന് അന്തമില്ലായ്മയും മറ്റൊന്ന് കഥയില്ലായ്മയും ആണ്. അന്തമില്ലായ്മ എന്നുവച്ചാൽ വേദാന്തജ്ഞാനമില്ലായ്മ. കഥയില്ലായ്മ എന്നാൽ ഈ അറിവുകളൊക്കെ മനുഷ്യർക്കു മനസ്സിലാകുംവിധം രചിക്കപ്പെട്ടുവച്ചിരിക്കുന്ന ഇതിഹാസങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത അവസ്ഥ. ഈ അന്തമില്ലായ്മയും കഥയില്ലായ്മയുമൊക്കെ വളരെക്കാലം മുമ്പേ മാറിക്കിട്ടിയതുകൊണ്ടാണ് കേരളീയർ ഇന്ന് ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, പൊതുവേ ലോകത്തെ അപേക്ഷിച്ച് സാർവലൗകികമനോഭാവമുള്ള ജനതതിയായി മാറിയത്. രാമായണം സകലാഭീഷ്ട സിദ്ധി തരുന്നു. സകലാഭീഷ്ട സിദ്ധി എന്ന വാക്കിന് എല്ലാ മനുഷ്യരുടെയും അഭീഷ്ടങ്ങളുടെ സിദ്ധി എന്നാണ് അർഥം. എന്നു വച്ചാൽ ഏതെങ്കിലും ഒരാൾ ഈ ഭൂമിയിലുള്ളതെല്ലാം തനിക്കുവേണം എന്നു വിചാരിച്ചാൽ അതിന്റെ സിദ്ധി എന്നല്ല. കാരണം അപ്പോൾ മറ്റുള്ളവർക്ക് ഇഷ്ടസിദ്ധി ഇല്ലാതെയാകുമല്ലോ. എല്ലാ മനുഷ്യർക്കും ഒരുപോലെ അവർക്ക് അത്യാവശ്യമുള്ളതിന്റെയൊക്കെ സിദ്ധി എന്നാണ് ഇതിന്റെയർഥം. സ്വന്തം ആവശ്യങ്ങളെ പരിമിതപ്പെടുത്തി നിർത്താനും മറ്റുള്ളവരുടേത് തട്ടിപ്പറിച്ചെടുക്കാതിരിക്കാനുമുള്ള മനഃസ്ഥിതി ഉണ്ടാക്കിയെടുത്തതും സമത്വബോധം സൃഷ്ടിച്ചെടുത്തതും കേരളത്തിലെ ഈ കിളിപ്പാട്ടുരാമായണമാണ് എന്ന കാര്യം നമുക്ക് മറക്കാൻ വയ്യാ. ഇനിയും നമുക്കിവിടെ ഈ രണ്ടു മഹാഗുണങ്ങളും വളർത്തിക്കൊണ്ടു വരണമെങ്കിൽ രാമായണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക തന്നെ വേണം.
ചന്ദ്രമതി
വർത്തമാനകാല പ്രസക്തി ഒട്ടും അറ്റുപോകാത്ത ഗ്രന്ഥങ്ങളിൽ ഒന്നാണ് രാമായണം. ഇന്നത്തെ രാഷ്ട്രീയ, സാമൂഹിക വിചാരധാരകളുമായി അത് അഭേദ്യമായ ബന്ധം പുലർത്തുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മാതൃഭാഷയിൽനിന്ന് അകന്നു പോകുന്ന പുതു തലമുറയെ വലിച്ചടുപ്പിക്കാനുതകുന്ന പുസ്തകമാണ്. മലയാളവും സംസ്‌കൃതവും ചേർന്ന ഹൈബ്രിഡ് ഭാഷ വായനയ്ക്ക് ചില തടസ്സങ്ങൾ ഉണ്ടാക്കിയേക്കാമെങ്കിലും വായനക്കാരിൽ താളബോധവും അനായാസതയും അണയ്ക്കാൻ പര്യാപ്തമാണ്. അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്റെ ഏറ്റവും വലിയ സാമൂഹികപ്രസക്തി, അത് പകർന്നു തരുന്ന സന്ദേശമാണ്. മൂല്യങ്ങൾ നഷ്ടപ്പെടുകയും ബന്ധങ്ങൾക്ക് വില പോവുകയും ചെയ്യുന്ന ഈ കാലത്ത് കടമ എന്ന മൂന്ന് അക്ഷരങ്ങൾ അടിവരയിട്ടുറപ്പിക്കുന്ന ഒരു മോറൽ കോഡ് അതിലുണ്ട്. മാതാപിതാക്കളും പുത്രന്മാരും തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, തുടങ്ങി ഭാര്യാഭർതൃ ബന്ധത്തിലെ വരെ കടമയുടെ ആവശ്യകത ഇതിൽ ഊന്നിപ്പറയുന്നുണ്ട്. ത്യാഗത്തിന്റെയും നിഷ്‌കാമകർമത്തിന്റെയും വില ഒട്ടും അറിയാതെ ജീർണതയിലേക്ക് വേഗം കുതിക്കുന്ന ഇക്കാലത്ത് ഇതിലെ സന്ദേശത്തിന് വിലയേറുന്നു. പ്രത്യേകിച്ച്, ഭരണാധികാരികൾ എങ്ങനെയാവണം എന്നതിന്റെ മാതൃകയും അധ്യാത്മരാമായണത്തിലുണ്ട്. പിതൃമേധാവിത്വം ശക്തമായിരുന്ന സമയത്ത് എഴുതപ്പെട്ടതു കൊണ്ടാവണം രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾക്ക് മങ്ങലേൽക്കുന്നത്. രാവണൻ കൊണ്ടുപോകുന്നതിനുമുമ്പ് യഥാർഥ സീതയെ മാറ്റി മായാസീതയെ സൃഷ്ടിക്കുന്ന എഴുത്തച്ഛൻ മൂലകൃതിയിൽനിന്ന് മാറിനിന്ന് രാമന്റെയും സീതയുടെയും ദൈവികത ഉറപ്പിക്കുകയാണ്. സ്ത്രീയുടെ പാതിവ്രത്യം അന്യപുരുഷൻ സ്പർശിച്ചാലുടനേ തകർന്നു വീഴും എന്ന പ്രാചീന ചിന്താധാരയുടെ സ്ഫുരണം. ശൂർപ്പണഖയ്ക്കു നേരേയുള്ള ലക്ഷ്മണന്റെ ആക്രമണവും അതുപോലുള്ള ചില കഥാസന്ദർഭങ്ങളും വർത്തമാനകാലത്തെ എഴുത്തുകാർ പുനർവായനയ്ക്ക് വിധേയമാക്കുന്നതു തന്നെ ഈ ഗ്രന്ഥത്തിന്റെ സമകാലിക പ്രസക്തി വ്യക്തമാക്കുന്നു.
പി.കെ. ഗോപി
മഹാകാവ്യം നിശ്ചയിച്ച മാനവ രേഖയാണ് രാമായണം. ഭൂമിയുടെ മക്കൾക്ക് ജീവിക്കാൻ നിയന്ത്രണ രേഖകൾ ആവശ്യമില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഏതു മായാമോഹങ്ങൾക്കും പ്രലോഭിപ്പിക്കാൻ കഴിയുന്ന മനസ്സ് ആരെയും രക്ഷിക്കുകയില്ലെന്ന് ദിവ്യ ജന്മങ്ങളെ സാക്ഷിയാക്കി രാമായണം വിളിച്ചു പറയുന്നില്ലേ? ലക്ഷ്മണരേഖ കടക്കരുതെന്ന വിവേകം എപ്പോൾ ദുർബലമായോ, അപ്പോൾ അലംഘനീയമായ ആസുരവിധി നടപ്പായി! ആ ദുർവിധിയെ മറികടക്കാൻ ഈശ്വര സങ്കല്പം മാത്രം പോരാ, സകല ജീവജന്തുജാലങ്ങളുടെയും സസ്യലതാദികളുടെയും പിന്തുണ വേണം. അവിടെ വീരബാഹുക്കളുടെയും അസ്ത്ര സാമർഥ്യങ്ങളുടെയും ശക്തിക്കപ്പുറം അണ്ണാറക്കണ്ണന്മാരുടെ പോലും സ്‌നേഹ പരിശ്രമം അനിവാര്യമാകുന്നു. ത്യാഗസമ്പന്നരുടെ കർമ സമർപ്പണം ഇല്ലാതെ വീണ്ടെടുപ്പും വിമോചനവും സാധ്യമല്ലെന്ന തിരിച്ചറിവിനേക്കാൾ മഹത്വമാർന്ന ജ്ഞാനമേത്? പുറംകാഴ്ചകളുടെ സുവർണാലങ്കാരങ്ങളിൽ ഭ്രമിച്ചു പോയാൽ, ആകാശം പിളർന്ന് പെയ്തിറങ്ങാവുന്ന രാവണമഴയുടെ ആഘാതം എത്രകാലം നിലനിൽക്കുമെന്ന് പറയാനാവില്ല. ദുരധികാരവും അക്രമവും നാശം വിതയ്ക്കുമെന്ന്, കാതോർത്താൽ വർത്തമാന കാലത്തിന് വ്യക്തമായി കേൾക്കാം.
ധർമ ബലവും കർമഫലവും ഇത്രമേൽ കൈകോർത്തു സഞ്ചരിക്കുന്ന കാവ്യധാരയിൽ അൽപനേരം ധ്യാനനിർഭരമായി വായനയിൽ മുഴുകി കഴിയുക. അതിമനോഹരമായ മാതൃഭാഷയുടെ നിർമലമായ ദ്വീപസമൂഹങ്ങളിൽ കയറിയിറങ്ങി, ആത്മസംഘർഷങ്ങളുടെ സമ്മർദ്ദങ്ങളിൽ സ്വയമെരിഞ്ഞ്, മനുഷ്യകൽപിതമായ എല്ലാറ്റിനെയും വിചാരണ ചെയ്ത്, അലൗകികമായ അനുഭൂതിയിൽ ആറാടുക. ഏച്ചുകെട്ടിയ ഉപകഥകൾ കേട്ടും ദുഷിച്ച വ്യാഖ്യാനച്ചതുരത്തിൽ സ്വയം കുടുങ്ങിയും കബളിപ്പിക്കപ്പെടേണ്ടതില്ല. രാമായണ മഹാസമുദ്രം
ഇതാ ഇവിടെ സഹസ്രാബ്ദങ്ങളായി അലയടിക്കുന്നു. സ്വതന്ത്ര വായനയുടെ കാവ്യാനുഭൂതിയിൽ, പഞ്ചഭൂതങ്ങൾ കാവൽനിൽക്കുന്ന കാനനവും കൊട്ടാരവും ഗ്രാമവും നഗരവും പർണ്ണശാലയും തപോവനവും കാമവും സഹനവും മോക്ഷവും യുദ്ധവും ശാന്തിയും സമാധാനവുമെല്ലാം ഒറ്റവാക്കിൽ പ്രതിഫലിച്ചു കൊണ്ടേയിരിക്കുന്നു... രാമായണത്തിൽ!
ടി.ഡി. രാമകൃഷ്ണൻ
ലോകം മുഴുവൻ ഹിംസ ആഘോഷിക്കപ്പെടുന്ന ഇക്കാലത്ത് മനുഷ്യരെ ദയയിലേക്കും കരുണയിലേക്കും നയിക്കുന്ന അധ്യാത്മരാമായണം കിളിപ്പാട്ടിന് വലിയ പ്രസക്തിയുണ്ട്.
∙ അധ്യാത്മരാമായണം ജീവിതത്തെയോ എഴുത്തിനെയോ ഏതെങ്കിലും തരത്തിൽ സ്വാധീനിച്ചിട്ടുണ്ടോ? വിശദമാക്കാമോ?
ചന്ദ്രമതി
കൗസല്യമാരുടെ പ്രാർഥന എന്നൊരു കഥ ഞാൻ എഴുതിയിട്ടുണ്ട് നമ്മുടെ മക്കൾക്ക് യാതൊരു സുരക്ഷിതത്വവും ഉറപ്പു തരാത്ത സമൂഹത്തിൽ അമ്മമാർക്കു മുന്നിൽ മറ്റൊരു രക്ഷാ മാർഗവുമില്ല. കലാലയങ്ങൾ കൊലക്കളങ്ങളാകുന്നു. പ്രതീക്ഷയോടെ വളർത്തുന്ന മക്കൾ കത്തിക്കിരയാവുന്നു. പെൺമക്കൾ പിച്ചിച്ചീന്തപ്പെടുന്നു.
എന്മകനാശു നടക്കുന്ന നേരവും
കൽമഷം തീർന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ
എന്ന് പ്രാർഥിക്കാൻ തുടങ്ങുന്ന (എന്റെ കഥയിലെ) അമ്മ ആദ്യത്തെ വരി എൻമക്കളാശു നടക്കുന്ന നേരവും എന്ന് തിരുത്തി രാജ്യത്തെ, ലോകത്തെ എല്ലാ കുട്ടികൾക്കും വേണ്ടിയുള്ള മാതൃ പ്രാർഥനയാക്കുന്നു.
ജീവിതത്തിൽ പലപ്പോഴും രാമായണത്തിലെ വരികൾ മനസ്സിൽ വന്നു നയിക്കാറുണ്ട്. ഏതു കാര്യത്തെക്കുറിച്ചും ഒരുപാട് ആലോചിക്കുന്ന കൂട്ടത്തിലാണ് ഞാൻ. ചിന്തയാകുന്നത് കാര്യവിനാശിനി (യുദ്ധകാണ്ഡം) എന്ന വരിയിലൂടെയാണ് ഞാൻ സ്വയം സ്വതന്ത്രയാക്കുന്നത്.
ഏറ്റവും വിഷമിപ്പിക്കുന്ന സന്ദർഭങ്ങളിൽ എനിക്കൊന്നും ചെയ്യാനാവില്ല എന്ന് തിരിച്ചറിയുമ്പോൾ സമസ്ത കർമാർപ്പണം ഭവതി കരോമി ഞാൻ എന്നു പറഞ്ഞ് രക്ഷപ്പെടാറുണ്ട്. ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളെക്കുറിച്ച് ക്ലാസ് എടുക്കുമ്പോൾ പലപ്പോഴും സ്ത്രീവാചകം വെർജീനിയ വുൾഫിന്റെ കണ്ടുപിടിത്തം ആണെന്ന പാശ്ചാത്യ സിദ്ധാന്തം പഠിപ്പിക്കേണ്ടി വരും. അപ്പോൾ ഞാൻ കുട്ടികളോട് അയോധ്യാകാണ്ഡത്തിലെ ഈ വരികൾ പറയാറുണ്ട്.
യാതൊന്നു യാതൊന്നു പുല്ലിംഗ വാചകം
വേദാന്തവേദ്യ തൽസർവവുമേവം നീ
ചേതോവിമോഹനസ്ത്രീലിംഗ വാചകം
യാതൊന്നതൊക്കവേ ജാനകീദേവിയും.
അതുപോലെ ഉത്തരാധുനിക സിദ്ധാന്തമായ സ്വയം പ്രതിഫലനം അഥവാ സെൽഫ് റിഫ്‌ളക്‌സിവിറ്റിക്കും അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ വരികൾ ഉദാഹരണമായെടുത്തിട്ടുണ്ട്. വനയാത്രയിൽ തന്നെയും കൂടെ കൊണ്ടുപോകാനായി സീതാദേവി ശ്രീരാമനോട് പറയുന്ന വരികൾ.
രാമായണങ്ങൾ പലതും കവിവര–
രാമോദമോടു പറഞ്ഞുകേൾപ്പുണ്ടു ഞാൻ.
ജാനകിയോടു കൂടാതെ രഘുവരൻ
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ.
ഈ വരികൾ പുരാ- നവം എന്ന കഥയിൽ ഞാനുദ്ധരിച്ചിട്ടുണ്ട്.
സി. രാധാകൃഷ്ണൻ
അധ്യാത്മരാമായണം കിളിപ്പാട്ട് കേരളീയ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്, നിശ്ചയം. അതാണ് ഇന്നറിയപ്പെടുന്ന മലയാളം ലിപിയിൽ എഴുതപ്പെട്ട ആദ്യത്തെ പുസ്തകം. അതിന്റെ സംഭാവനയാണ് ഇന്നു കാണുന്ന സാംസ്‌കാരികമായ അഭ്യുന്നതിയിൽ വല്ലതും ബാക്കിയുണ്ടെങ്കിൽ അത്. എന്റെ എഴുത്തിനെ അധ്യാത്മരാമായണം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എങ്ങനെയാണ് ലോകത്തെ കാണേണ്ടത്, എന്നെത്തന്നെ കാണേണ്ടത് എന്ന കാര്യത്തിൽ എനിക്ക് അടിയുറപ്പു തന്നത് അധ്യാത്മരാമായണത്തിലെ വരികളാണെന്ന് ആ മഹാകാരണവരായ ഗുരുനാഥനോട് നന്ദിപൂർവം ഓർത്തുകൊള്ളുന്നു.
ടി.ഡി. രാമകൃഷ്ണൻ
അധ്യാത്മരാമായണം എന്റെ ജീവിതത്തെയും എഴുത്തിനെയും വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ചെറുപ്പകാലത്ത് എന്റെ മുത്തശ്ശിയും അമ്മയുമൊക്കെ രാമായണം ചൊല്ലുന്നതു കേട്ടാണ് ഞാൻ വളർന്നത്. എന്റെ അമ്മയ്ക്ക് രാമായണം ഏകദേശം മുഴുവനും തന്നെ കാണാതെ അറിയാമായിരുന്നു. അമ്മ അതു ചൊല്ലുക മാത്രമല്ല അതിലെ കഥാസന്ദർഭങ്ങൾ വിശദീകരിച്ചു തരുകയും ചെയ്യും. ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്തു തന്നെ അമ്മ മരിച്ചുപോയി. എങ്കിലും അക്കാലത്ത് അമ്മ ചൊല്ലി വിശദീകരിച്ചു തന്ന രാമായണകാര്യങ്ങൾ ഇപ്പോഴും എന്റെ മനസ്സിൽ മായാത്ത ഓർമകളായി നിൽക്കുന്നുണ്ട്. എഴുത്തിലേക്കു വരുന്ന സമയത്ത് എന്റെ ചിന്തകളെ, എഴുത്തിൽ കൂടി മുന്നോട്ടു വയ്ക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ ഒക്കെ സ്വാധീനിച്ചിട്ടുള്ള പല ഘടകങ്ങളിലൊന്ന് അധ്യാത്മരാമായണം കിളിപ്പാട്ടാണ്. എന്റെ മാമാ ആഫ്രിക്ക എന്ന നോവലിൽ പ്രധാനകഥാപാത്രമായ താരാ വിശ്വനാഥിന്റെ അമ്മ ആഫ്രിക്കയിലെ യുഗാണ്ടയിൽ ജീവിക്കുമ്പോൾ എഴുത്തച്ഛനെഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ട് കാണാതെ ചൊല്ലുന്നുണ്ട്. പരപ്പനങ്ങാടിയിൽനിന്ന് യുഗാണ്ടയിലേക്ക് 1895 ൽ റെയിൽവേ ജോലിക്കായി പോകുന്ന പണിക്കർ എന്ന കഥാപാത്രം കൂടെ കൊണ്ടുപോകുന്ന കുറച്ചു സാധനങ്ങളിലൊന്ന് അധ്യാത്മരാമായണം കിളിപ്പാട്ടാണ്. അങ്ങനെ നേരിട്ട് എന്റെ എഴുത്തിന്റെ ഭാഗമായി അധ്യാത്മരാമായണം കിളിപ്പാട്ട് വരുന്നുണ്ട്. മാമാ ആഫ്രിക്കയിൽ പലയിടങ്ങളിലും താരയുടെ അമ്മ രാമായണം വായിക്കുന്നതായി പറയുന്നുണ്ട്. എന്റെ ചിന്തകളെ രൂപപ്പെടുത്തുന്നതിൽ രാമായണം വലിയ പങ്കുവഹിച്ചിട്ടുണ്ട്.
പി.കെ. ഗോപി
രാമായണം എന്നെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. ഞാൻ കണ്ട ആദ്യത്തെ വലിയ പുസ്തകം രാമായണം ആകുന്നു. അച്ഛൻ വായിക്കുന്ന തടിച്ച പുസ്തകം. വിശുദ്ധ പുസ്തകം. അതിൽ മറ്റാരും തൊടരുത്. ചില ദിവസങ്ങളിൽ നേരം പുലരുമ്പോഴേ അച്ഛൻ ആ പുസ്തകവുമായി പുറത്തുപോകും. കുളിച്ച്, ശുഭ്രവസ്ത്രം ധരിച്ചാണ് യാത്ര. വൈകിട്ട് പ്രസന്നതയോടെ തിരിച്ചുവരും. ഭദ്രമായി പുസ്തകം മേശവലിപ്പിൽ വച്ച് തൊട്ടു തൊഴും. ആ പുസ്തകത്തിന് എന്തോ പ്രത്യേകതയുണ്ട്. അതിനോടൊപ്പം മറ്റു ചില വലിയ ഗ്രന്ഥങ്ങളും താളിയോലകളും അച്ഛൻ സൂക്ഷിക്കുന്നുണ്ട്. അതിലൊന്നും മറ്റാരും തൊടാറില്ല. അവ അച്ഛന്റെ സ്വത്താണ്. അച്ഛൻ രാമായണം വായിക്കാൻ പോകുന്നിടത്ത് സദ്യയുണ്ടത്രേ! സദ്യയോടുള്ള പ്രിയം കാരണം ഞാനും കൂടെ പോകാൻ ആഗ്രഹിക്കും. ചിലപ്പോൾ അച്ഛൻ കടാക്ഷിക്കും. എന്നെയും കൊണ്ടുപോകും. അച്ഛന്റെ രാമായണം വായന കേൾക്കാൻ രസമുണ്ട്. നീട്ടിയും കുറുക്കിയും രാഗവിസ്താരത്തോടെ വായന നീളും. എനിക്കും അങ്ങനെയൊന്നു വായിക്കണം. നല്ല സദ്യയുണ്ണണം. അച്ഛനെ ആളുകൾ ബഹുമാനിക്കുന്നതു പോലെ എന്നെയും ബഹുമാനിക്കണം. അതിന് രാമായണം വായിച്ചു പഠിച്ചേ പറ്റൂ. എന്താണ് വഴി? അച്ഛനില്ലാത്ത തക്കം നോക്കി ആരും കാണാതെ രാമായണം പുറത്തെടുത്തു. തൊട്ടു തൊഴുതു. എന്തായാലും ഒരു കൈ നോക്കുക തന്നെ. ബാല്യത്തിന്റെ സാഹസം... വായിൽ വന്നൊരീണത്തിൽ നീട്ടിയും കുറുക്കിയും ചൊല്ലിത്തകർത്തു. രാഗ മഴയിൽ എല്ലാം മറന്നു. ചില വാക്കുകൾ വിഴുങ്ങി. ചിലത് മുറിച്ചു. ചിലത് വലിച്ചുനീട്ടി. എന്തായാലും അതൊരു ഗംഭീര വായനയായിരുന്നു.
ഇടിവെട്ടീടും വണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാർ ഉരഗങ്ങളെപ്പോലെ...
പിറകിൽ ഇടിവെട്ടി. രാജാക്കന്മാർ നടുങ്ങിയതിനേക്കാൾ ഇരട്ടി ഞാൻ നടുങ്ങി. നെഞ്ചിൽ മിന്നലുണ്ടായി. അച്ഛന്റെ പൊട്ടിച്ചിരി! ഞാൻ പുസ്തകം മടക്കി ചാടിയെഴുന്നേറ്റു. എനിക്ക് തൊണ്ട വറ്റി. കയ്യോടെ കള്ളൻ പിടിക്കപ്പെട്ടു. കൊള്ളാം.. കൊള്ളാം.. നല്ല വായനയാണ്. ഒളിച്ചു വായിക്കേണ്ട. ഇനി ഉറക്കെ തെളിച്ചു വായിച്ചോ... നല്ലതേ വരൂ. കസേരയുടെ പിന്നിൽനിന്ന് അച്ഛൻ തോളിൽ തട്ടി. എന്റെ ശ്വാസം നേരേ വീണു. സന്തോഷത്താൽ മനസ്സ് കിതച്ചു.
കേൾക്കട്ടെ രാമായണം വായന. അമ്മ ഓടി വന്നു. ലജ്ജയാൽ ചൂളിപ്പിടഞ്ഞ് രാമായണം മടക്കിവച്ച് ഞാൻ മുറ്റത്തേക്ക് ഓടി. ഏതു ചെറിയ അനുഭവവും വിലപ്പെട്ടതാണ്. കാലം ഒഴുകിപ്പോയി. രാമായണകഥ ആറ്റിക്കുറുക്കി കഴിയും പോലെ കവിതയാക്കി ചിരന്തനം എന്ന് പേരു നൽകി ഭാഷാപോഷിണി മാസികയ്ക്ക് അയച്ചു. ആദരണീയനായ സി. രാധാകൃഷ്ണൻ വാർഷികപ്പതിപ്പിന്റെ നടുപ്പേജിൽ സി.എൻ. കരുണാകരന്റെ ചിത്രത്തോടൊപ്പം ചിരന്തനം പ്രസിദ്ധീകരിച്ചു. അഭിമാനം തോന്നി. രാമായണം ഓർമയും അന്നവും വെളിച്ചവും ഭാഷയും ആനന്ദവും ആശയങ്ങളുടെ സമഗ്ര ബോധവും ആകുന്നു. അച്ഛനെ, കാവ്യ കുലത്തെ, ഗുരുപരമ്പരയെ രാമായണം തൊട്ട് നമസ്‌കരിക്കുന്നു.
∙ രാമായണത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാസന്ദർഭം?
പി.കെ. ഗോപി
മുഖ്യമാം മനുഷ്യജന്മത്തിങ്കലെല്ലാവർക്കും
ദുഃഖ സൗഖ്യങ്ങളിടകലർന്നുണ്ടറിക നീ
വാത്മീകി ചൊന്ന കാവ്യമാകിയ രാമായണ
മാമോദം വരുമാറു ശേഷവും കേട്ടീടു നീ
എന്നാൽ നിന്നുടെ മായാമോഹമെല്ലാമേ നീങ്ങു
മെന്നരുൾ ചെയ്തു മറഞ്ഞീടിനാൻ വിധാതാവും
സീതാപരിത്യാഗവും വിലാപവും കോപതാപാദികളായ വികാരവിക്ഷുബ്ധതയും ഭൂപാലനീതിയെ തലങ്ങുംവിലങ്ങും വിചാരണ ചെയ്യവേ, സീതയുടെ തിരോധാനരംഗം വായിച്ചുകഴിയുമ്പോൾ നെടുവീർപ്പിന്റെ മൗനത്തിലേക്ക് ഞാൻ വിറങ്ങലിച്ചു വീഴുന്നു. സത്യമാതാവേ സകലാധാര ഭൂതേ എന്ന് ഭൂമീദേവിയോട് കേണപേക്ഷിക്കുന്നു. ഭക്തിയോ ജ്ഞാനമോ ദർശനമോ തത്വമോ എന്നെ വിട്ടകന്നിരിക്കുന്നു. കേവലം സാധാരണ മനുഷ്യരായി വാവിട്ടു കരയുന്ന ഞാനും ശ്രീരാമനും സമസ്തസാക്ഷികളും. അജ്ഞാനിക്കും വിജ്ഞാനിക്കും മുമ്പിൽ ഉത്തരം പറയേണ്ടിവരുന്ന എത്രയെത്ര സന്ദർഭങ്ങളിൽ ഓരോ കഥാപാത്രവും അവരവരുടെ ന്യായവാദങ്ങൾ നിരത്തി പ്രത്യക്ഷപ്പെടാം. ആരെടുത്താലും വീതം വച്ചാലും കുറയാത്ത സമുദ്രംപോലെ രാമായണം വീണ്ടും അലയടിച്ചു കൊണ്ടിരിക്കുന്നു.ഏതു തിരയോടാണ് ഏറ്റവും പ്രിയം എന്നു നിരൂപിക്കാനാവാത്തവിധം സംഭവങ്ങളുടെ തിരച്ചുരുൾ നോക്കി വിസ്മയത്തോടെ ഞാൻ നില്ക്കുന്നു.
കാരണമില്ലാതെ കാര്യമില്ലെന്ന ഗൗരവശാസ്ത്രം എന്നെ സമാധാനിപ്പിക്കുന്നു. അല്ലയോ, മഹാരാജാവേ അങ്ങും പുത്ര ദുഃഖത്താൽ മരിക്കാനിടവരട്ടെ എന്ന ആർത്തനാദം അന്ധരും ദരിദ്രരുമായ ഏതോ വൃദ്ധ മാതാപിതാക്കളുടെ ദീനരോദനത്തോടൊപ്പം ഞാൻ കേൾക്കുന്നു. രാമായണം എന്ന വാക്കിനോടൊപ്പം ബാല്യത്തിൽ മനസ്സിൽ പതിഞ്ഞ കഥയിലെ കർമഫലത്തിന് വിരാമമില്ല. കർമധർമ വ്യവസ്ഥയിൽ അധർമം എവിടെ ഒളിച്ചിരിക്കുന്നുവെന്നു പറയാൻ ആർക്കും കഴിയുകയില്ല. കഥയോടു കഥ ചേർത്ത് ഇഴ വേർപെടുത്താനാവാത്ത വിധം ഭൂത, വർത്തമാന, ഭാവികളെ കോർത്തിണക്കിയ കവിഭാവനയുടെ ആഴം എന്നത്തേയും അദ്ഭുതമാകുന്നു. വെറുമൊരു ശില പോലും പാദസ്പർശമേറ്റു മോക്ഷം കാത്തുകിടക്കുന്ന ജൈവമുദ്ര എന്നു പഠിപ്പിച്ച കാവ്യ ഗുരുവിനെ സാഷ്ടാംഗം പ്രണമിക്കാതെ ഞാൻ കവിത തൊടാറില്ല. വേദനയുടെ സമയരേഖകൾ ചുറ്റിപ്പിണയാതെ ദേവജന്മമോ ഋഷിജന്മമോ രാജജന്മമോ വെറും സാമാന്യ ജന്മമോ ഈ ഭൂമിയിൽ അസാധ്യമെന്ന് പഠിക്കാൻ ഭാഷയുടെ പവിത്ര ചരിത്രം എനിക്ക് സന്ദർഭം തന്നിരിക്കുന്നു. പ്രാക്തനമെന്നോ പൈതൃകമെന്നോ പാരമ്പര്യമെന്നോ വിധിയെഴുതി പുറംതിരിഞ്ഞു നടന്ന് മഹാനുഭവങ്ങളുടെ കാവ്യരസാനുഭൂതി കൈവിട്ടുകളയാൻ ഞാനൊരുക്കമല്ല. അതിനാൽ രാമായണകഥാസന്ദർഭങ്ങളെല്ലാം ഏതെങ്കിലുമൊരർഥത്തിൽ എനിക്ക് വിലപ്പെട്ടതാണ്, പ്രിയപ്പെട്ടതാണ്.
ടി.ഡി. രാമകൃഷ്ണൻ
രാമായണത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാസന്ദർഭം ലക്ഷ്മണോപദേശമാണ്. ശ്രീരാമൻ ലക്ഷ്മണനോട് ഉപദേശിക്കുന്നതായി പറയുന്ന കാര്യങ്ങൾ തത്വചിന്താപരമായി വളരെ പ്രാധാന്യമുള്ളതും മനുഷ്യരെ സംബന്ധിച്ച്, എല്ലാ കാര്യങ്ങളെയും കുറിച്ച് വളരെ അഗാധമായ ചിന്തകൾ ഉൾക്കൊള്ളുന്നതുമാണ്.
ചന്ദ്രമതി
ഇഷ്ടപ്പെട്ട കഥാസന്ദർഭങ്ങൾ പലതാണ്, ഒന്നല്ല. മൈഥിലി മയിൽപ്പേട പോലെ സന്തോഷം പൂണ്ട സന്ദർഭം കൗമാരപ്രായത്തിൽ എന്നെയും സന്തോഷിപ്പിച്ചിട്ടുണ്ട്. മുതിരുന്നതനുസരിച്ച് സന്ദർഭങ്ങൾ മാറി വരും.എന്നാലും യുദ്ധാവസാനത്തിൽ, തങ്ങൾ ആർക്കു വേണ്ടിയാണോ യുദ്ധം ചെയ്തത്, ആ സീതാദേവിയെ കാണാൻ തിക്കിത്തിരക്കിയ വാനരന്മാരെ വിഭീഷണഭൃത്യന്മാർ ആട്ടിയകറ്റുമ്പോൾ ശ്രീരാമൻ തടയുന്ന സന്ദർഭം എന്നും ഇഷ്ടമാണ്. ജാനകിയെ അവർ കണ്ടാൽ എന്താണു കുഴപ്പം എന്ന് വിഭീഷണനെ ശാസിച്ചിട്ട് അമ്മയെ ചെന്നു കാണുന്നതുപോലെ നിങ്ങൾ സീതയെ പോയി കണ്ടുകൊള്ളുക എന്ന് വാനരന്മാരോടു പറയുന്ന സന്ദർഭം.
സി. രാധാകൃഷ്ണൻ
തലേന്നാൾ നിശ്ചയിക്കപ്പെട്ട സിംഹാസനാരോഹണം ഒറ്റരാത്രി കൊണ്ട് തകിടം മറിഞ്ഞപ്പോൾ അമ്മമാരും മക്കളും പ്രതികരിക്കുന്ന രീതിയാണ് രാമായണത്തിലെ ഏറ്റവും ഹൃദ്യമായ ഭാഗം. രാമൻ കൈകേയിയോടു പറയുന്നു, അമ്മയ്ക്ക് എന്നെ വലിയ സ്‌നേഹമാണല്ലോ എന്ന്. രാജ്യം ഭരിക്കുക എന്നത് വലിയ വൈഷമ്യമാണ്. കാട്ടിൽ പോയി ജീവിക്കുക താരതമ്യേന എളുപ്പവും. എനിക്ക് എളുപ്പമുള്ള പണി തന്നിട്ട് ഭരതനെ കൂടുതൽ ഭാരമുള്ള ജോലി ഏൽപിച്ചത് എന്നോടുള്ള സ്‌നേഹക്കൂടുതൽ കൊണ്ടാണ്. ഈ അമ്മ എനിക്ക് വലിയൊരു അവസരം തന്നിരിക്കുന്നു എന്നു കൂടി രാമൻ കൈകേയിയോടു പറയുന്നുണ്ട്. എങ്ങനെയാണ് രാജ്യത്തെ ഉപേക്ഷിക്കാനുള്ള കഴിവ് വർധിപ്പിക്കേണ്ടത് എന്ന് മനസ്സിലാക്കാനുള്ള അവസരം എനിക്ക് തന്നിരിക്കുന്നു. എങ്ങനെയാണ് ഒരു രാജകുമാരന് രാജ്യം ഭരിക്കാനുള്ള കഴിവ് വർധിപ്പിക്കാനാവുക എന്നും വിചാരിച്ചിരിക്കുന്നു, അത് നടപ്പാക്കിയിരിക്കുന്നു. കോപാക്രാന്തനായ ലക്ഷ്മണൻ അച്ഛൻ സ്ത്രീജിതനാണ്, വൃദ്ധനാണ്, ഭ്രാന്തനാണ് അതുകൊണ്ട് അച്ഛനെയും മറ്റുള്ളവരെയും പിടിച്ചുകെട്ടിയോ കൊന്നോ ഞാൻ നടത്താം അഭിഷേകം എന്നു പറയുമ്പോൾ ലക്ഷ്മണന് രാമൻ കൊടുക്കുന്ന ഉപദേശമാണ് രാമായണത്തിന്റെ ഹൃദയഭാഗം. എന്താണ് കോപം എന്നും എങ്ങനെയാണ് അത് ജീവിതത്തെ തകിടം മറിക്കുന്നത് എന്നും ഹൃദ്യമായി ആവിഷ്‌കരിച്ചിരിക്കുന്നു. കാട്ടിൽ പോകുന്നതിനു മുമ്പ് സ്വന്തം അമ്മയായ കൗസല്യയെ രാമൻ ചെന്നു കാണുമ്പോൾ ആ അമ്മ പറയുന്ന വാക്കുകളും അതിന് രാമൻ സാന്ത്വനമായി പറയുന്ന മറുപടിയുമൊക്കെ ഈ ഭൂമിയിൽ ഏറ്റവും ഹൃദ്യമായ വാക്കുകളാണ്. ലക്ഷ്മണൻ യാത്ര പറയാൻ ചെല്ലുമ്പോൾ ലക്ഷ്മണന്റെ അമ്മ സുമിത്ര നൽകുന്ന ഉപദേശം ഈ ഭൂമിയിൽ ഏതൊരു ജ്യേഷ്ഠന്റെയും കൂടെ ജീവിക്കാൻ പോകുന്ന ഏതൊരു അനുജനും നൽകാവുന്ന ഏറ്റവും നല്ല ഉപദേശമാണ്. കാട്ടിലേക്കു പോകാൻ തുടങ്ങുമ്പോൾ തന്റെ എല്ലാമെല്ലാമായ സീത, തനിക്ക് ഉടുക്കാൻ കിട്ടിയിരിക്കുന്ന മരവുരി കയ്യിൽ പിടിച്ച് ഇതു വളരെ പരുപരുത്തതാണല്ലോ, ഇതു ഞാനെങ്ങനെ ഉടുക്കും എന്നഭാവത്തിൽ രാമനെ നോക്കുമ്പോൾ ഇതാ ഇങ്ങനെ എന്നു പറഞ്ഞ് അതു വാങ്ങി രാമൻ സീതയെ ഉടുപ്പിക്കുന്നു. സ്വന്തം ഭാര്യയ്ക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനമാണ് എന്ന ഭാവത്തിലാണ് അദ്ദേഹമതു ചെയ്യുന്നത്. മനുഷ്യർക്ക് വളർന്നെത്താവുന്ന ഏറ്റവും വലിയ ഔന്നത്യം എന്ന മട്ടിലാണ് ഈ സന്ദർഭങ്ങളൊക്കെ എന്റെ മനസ്സിൽ നിൽക്കുന്നത്. രാമായണം വായിക്കുമ്പോൾ എന്റെ കണ്ണീരുറയുന്ന ഭാഗങ്ങൾ ഇവയാണ്.
∙ രാമായണത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ?
ടി.ഡി. രാമകൃഷ്ണൻ
ജീവാത്മാവെന്നും പരമാത്മാവെന്നതു–
മോർക്കിൽ കേവലം പര്യായ ശബ്ദങ്ങളെ–
ന്നറിഞ്ഞാലും, ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ
നൂനം ഭേദമുണ്ടെന്ന് പറയുന്നതജ്ഞന്മാരല്ലോ.
പി.കെ. ഗോപി
സീതാരാമതത്വ കഥയുടെ അന്തരാത്മാവ് നിറഞ്ഞൊഴുകുന്ന അമൃതധാര നുകർന്ന രാമാനുജ പൈങ്കിളി ഇങ്ങനെ പാടിയല്ലോ-
കിളിമകളുമതിസരസമിങ്ങനെ ചൊന്നതു
കേട്ടു മഹാലോകരും തെളിയേണമേ....
ആ മഹാലോകരിലൊരുവനായി ഇതെഴുതാനിട വരുമ്പോൾ ഏറ്റവും പ്രിയപ്പെട്ട വരികൾ എങ്ങനെ തരംതിരിക്കും? പ്രയാസമാണ്. എങ്കിലും ലക്ഷ്മണോപദേശം വായിച്ചു പോകുമ്പോൾ കാമ ക്രോധ ലോഭ മോഹാദികൾ സ്വബുദ്ധിയെ എങ്ങനെ വികലമാക്കുന്നുവെന്നു പരിശോധിക്കാൻ ഏതൊരാൾക്കും സൂചന കിട്ടും.
രാഗാദി സങ്കുലമായുള്ള സംസാര
മാകെ നിരൂപിക്കിൽ സ്വപ്നതുല്യം സഖേ
ഓർക്ക ഗന്ധർവ നഗരസമമിതിൽ
മൂർഖന്മാർ നിത്യമനുക്രമിച്ചീടുന്നു...
ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദുഷിപ്പിപ്പതിന്നു നീ
മാനസതാരിൽ നിരൂപിച്ചതും തവ
ജ്ഞാനമില്ലായ്‌കെന്നറിയ നീ ലക്ഷ്മണ....
ദുർജ്ജന ദുർഭാഷണത്തെ അതിജീവിക്കാൻ മധുര സ്ഫുടാക്ഷരം സരസ പദങ്ങളാൽ കാല പ്രമാണമനുസരിച്ച് ഉറക്കെ ഉച്ചരിക്കുക തന്നെ വേണം. അത് കാവ്യ ധർമം.
ചിന്തിക്കിൽ പരിണാമമില്ലാതൊരാത്മാനന്ദ
മെന്തൊരു മഹാമായാ വൈഭവം ചിത്രംചിത്രം.
ഭാഷ വികാസം പ്രാപിക്കാത്ത പതിനാറാം നൂറ്റാണ്ടിൽ ചക്കിലാട്ടിയ എണ്ണ പോലെ വാക്കുകളുടെ ലയനസമഞ്ജസം സരസവിസ്മയപത്മങ്ങളായി അലങ്കരിച്ചുവിരിയിച്ച ആചാര്യനാരായത്തിന് എമ്പാടും സ്തുതി. ഈ എളിയവൻ രാമായണം ബാല്യത്തിൽ തൊട്ടതിന് കാലം പാരിതോഷികം തന്നു. ദേശീയ അംഗീകാരം നേടിയ നാരായം എന്ന ചലച്ചിത്രത്തിൽ ജോൺസൻ മാഷിന്റെ സംഗീതത്തിൽ ശ്രീരാമ നാമം ജപസാര സാഗരം... എന്ന ഗാനമെഴുതാനിട വന്നു. കെ.എസ്. ചിത്രയായിരുന്നു ഗായിക. ഏതു കർക്കിടകത്തിലും ശ്രീരാമനാമം എന്റെ പേരിൽ കേൾക്കുമ്പോൾ ഇഷ്ടപ്പെട്ട വരികളോർത്ത് രാമായണ വിഹായസ്സിൽ ഓർമയുടെ നാട്ടുതത്ത ചിറകടിച്ചു പറക്കുന്നു.
സി. രാധാകൃഷ്ണൻ
രാമനെ നിത്യം ദശരഥനെന്നുള്ളി–
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ,
പിന്നെയയോധ്യയെന്നോർത്തീടടവിയെ
എന്ന വരികളാണ് അധ്യാത്മരാമായണം കിളിപ്പാട്ടിൽ ഏറ്റവും ഹൃദ്യം. രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാ... എന്ന് വാല്മീകി രാമായണത്തിലും ഈ ഭാഗം കാണാം. ഇത്ര മനോഹരമായ ഒരു ഉപദേശവാക്യം ലോകത്തിലെ മനുഷ്യർക്ക് മറ്റെവിടെയെങ്കിലുമുള്ളതായി എനിക്കറിവില്ല. നാലേ നാലു വരികളിൽ ജീവിതത്തിന്റെ ധാർമികമായ നിലപാടുതറ കൃത്യമായി നിർവചിച്ചിരിക്കുന്നു ഇവിടെ.
ചന്ദ്രമതി
പ്രാണാവസാനകാലത്തും പിരിയില്ല എന്നു ഞാൻ കരുതിയ എന്റെ പ്രിയ കൂട്ടുകാരനെ മൃതി കവർന്നെടുത്തപ്പോൾ, ദുരിതം നിറഞ്ഞ ആ അവസാന ദിനങ്ങൾക്ക് സാക്ഷിയായി ഞാൻ ആകെ തളർന്നു പോയി. മൃതതുല്യയായി ഞാനിരുന്ന ആ ദിവസങ്ങളിലൊന്നിൽ ഓൾ സെയിന്റ്‌സ് കോളജിലെ എന്റെ ഗുരുനാഥയും പിന്നീട് സഹപ്രവർത്തകയുമായ ചന്ദ്രികാ വിജയൻ ടീച്ചർ എന്നോട് രാമായണം കിളിപ്പാട്ടിലെ താരോപദേശം എന്നും വായിക്കാൻ പറഞ്ഞു. അതിലെ വരികൾ :
നീയും മയാപ്രോക്തമോർത്തു വിശുദ്ധയായ്
മായാവിമോഹം കളക മനോഹരേ
കർമബന്ധത്തിങ്കൽ നിന്നുടൻ വേർപെട്ടു
നിർമലബ്രഹ്‌മണിതന്നെ ലയിക്ക നീ.
Content Summary: Popular Malayalam writers about Ramayanam