കഞ്ചാവിൽ പുകഞ്ഞു തീരുന്ന ജീവിതങ്ങൾ, പുസ്തകത്തിനകത്തും പുറത്തും കണ്ടത്...
ഈ കൊറോണക്കാലത്ത് നമ്മുടെ അടുപ്പുകൾ പുകഞ്ഞില്ലെങ്കിലും നമ്മുടെ കവലകളിലും, പാതകളിലും കഞ്ചാവ് പുകയുന്നുണ്ട്. ഈ പുകച്ചിൽ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഈ കോവിഡ് കാലത്ത് അതിന്റെ പുക കൂടുതൽ ഇടങ്ങളിൽ കൂടുതൽ വ്യാപകമായിത്തന്നെ പുകഞ്ഞ് പരക്കുന്നുണ്ട്. ഈ പുക ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ചെറുതല്ല. ഏറെയും
ഈ കൊറോണക്കാലത്ത് നമ്മുടെ അടുപ്പുകൾ പുകഞ്ഞില്ലെങ്കിലും നമ്മുടെ കവലകളിലും, പാതകളിലും കഞ്ചാവ് പുകയുന്നുണ്ട്. ഈ പുകച്ചിൽ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഈ കോവിഡ് കാലത്ത് അതിന്റെ പുക കൂടുതൽ ഇടങ്ങളിൽ കൂടുതൽ വ്യാപകമായിത്തന്നെ പുകഞ്ഞ് പരക്കുന്നുണ്ട്. ഈ പുക ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ചെറുതല്ല. ഏറെയും
ഈ കൊറോണക്കാലത്ത് നമ്മുടെ അടുപ്പുകൾ പുകഞ്ഞില്ലെങ്കിലും നമ്മുടെ കവലകളിലും, പാതകളിലും കഞ്ചാവ് പുകയുന്നുണ്ട്. ഈ പുകച്ചിൽ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഈ കോവിഡ് കാലത്ത് അതിന്റെ പുക കൂടുതൽ ഇടങ്ങളിൽ കൂടുതൽ വ്യാപകമായിത്തന്നെ പുകഞ്ഞ് പരക്കുന്നുണ്ട്. ഈ പുക ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ചെറുതല്ല. ഏറെയും
ഈ കൊറോണക്കാലത്ത് നമ്മുടെ അടുപ്പുകൾ പുകഞ്ഞില്ലെങ്കിലും നമ്മുടെ കവലകളിലും, പാതകളിലും കഞ്ചാവ് പുകയുന്നുണ്ട്. ഈ പുകച്ചിൽ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഈ കോവിഡ് കാലത്ത് അതിന്റെ പുക കൂടുതൽ ഇടങ്ങളിൽ കൂടുതൽ വ്യാപകമായിത്തന്നെ പുകഞ്ഞ് പരക്കുന്നുണ്ട്. ഈ പുക ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ചെറുതല്ല. ഏറെയും നമ്മുടെ യൗവനാരംഭങ്ങളാണ് ഈ പുകയുടെ ലഹരിയിൽ കണ്ണുകളിലെ വെളിച്ചവും ചിന്തകളിലെ തെളിച്ചവും പെരുമാറ്റങ്ങളിലെ ക്രമ താളങ്ങളും നഷ്ടമായി നിലാവത്തിറങ്ങിയ കോഴികളെപ്പോലെ മറു ലോകത്തിൽ ജീവിക്കുന്നത്.
പലപ്പോഴും ഇത്തരം കുട്ടികൾ അക്രമകാരികളായി മാറുന്നുണ്ട്. അവരോട് നമുക്ക് ഒന്നും തന്നെ സംവദിക്കാൻ ആവില്ല. നന്നായി വായിക്കുകയും കുറച്ചൊക്കെ എഴുതുകയും ചെയ്തിരുന്ന പരിചയ വട്ടത്തിലുള്ള ഒരു ചെറുപ്പക്കാരൻ കുറച്ച് ദിവസം മുമ്പ് കവലയിൽനിന്ന് ആരോടെന്നില്ലാതെ ദേഷ്യപ്പെടുകയും ചീത്തവിളിക്കുകയും മുണ്ട് പൊക്കി കാണിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ ഈ പുകയുണ്ടാക്കുന്ന പ്രശ്നങ്ങളെ ഓർത്ത് വേദന തോന്നി. അങ്ങനെ തോന്നാൻ കാരണം കുറച്ച് കാലം മുമ്പ് ഇവന്റെ കയ്യിൽ നിന്നാണ് അമിതാവ് ഘോഷിന്റെ ‘സീ ഓഫ് പോപ്പീസ്’ എന്ന നോവൽ എനിക്ക് വായിക്കാൻ കിട്ടിയത്.
അമിതാവ് ഘോഷ് എന്ന എഴുത്തുകാരൻ നൊബേൽ പുരസ്കാരത്തിന് അർഹനാണെന്നും, ഓർഹൻ പാമുക്കിന് നൊബേൽ കൊടുക്കാമെങ്കിൽ അമിതാവ് ഘോഷിന് അത് രണ്ടുവട്ടം കൊടുക്കാമെന്നുമാണ് അന്ന് ഇവൻ പറഞ്ഞത്. നല്ലൊരു ഭാവി പ്രതീക്ഷിച്ചവനാണ് കഞ്ചാവ് ലഹരിയിൽ പൊതുസ്ഥലത്ത് മുണ്ടു പൊക്കി കാണിക്കുന്നത്.
ഞാനടക്കം ആരും അവനെ തടഞ്ഞില്ല. തടയാൻ നോക്കിയാൽ അവൻ വല്ലാതെ വയലന്റ് ആവും എന്നാണ് എന്റെ കൂട്ടുകാർ പറഞ്ഞത്. ഇത്തരം കുട്ടികൾ വീട്ടകങ്ങളിൽ ഉണ്ടാക്കുന്ന അതിക്രമങ്ങൾ ചെറുതല്ല. സഹജീവിസ്നേഹവും കരുണയും അലിവും ആർദ്രതകളുമൊക്കെ കഞ്ചാവെടുത്ത് പുക മങ്ങിയ കണ്ണുകളുമായി അവർ നമ്മുടെ ചുറ്റും ജീവിക്കുന്നു. അല്ല, ജീവിതമെന്ന പേരിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.
നമുക്ക് സീ ഓഫ് പോപ്പീസിലേക്ക് വരാം... ഈ നോവലിൽ അമിതാവ് ഘോഷ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യൻ മണ്ണിൽ വിതച്ച ക്രൂരതയുടെയും ആ ക്രൂരതയുടെ വിത്തുകൾ വളർന്നു തിടം വച്ചപ്പോൾ ഉണ്ടായ ദുരന്തങ്ങളെയുമാണ് പ്രമേയമാക്കുന്നത്.
ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുഖ്യ വരുമാനം ഗംഗാ തടങ്ങളിലെ കഞ്ചാവ് കൃഷിയായിരുന്നുവെന്ന ചരിത്രത്തിലെ ഇരുണ്ട സത്യം നമുക്ക് മുമ്പിൽ അതിന്റെ എല്ലാ കാളിമയോടെയും തെളിയുകയാണ്. മഹത്തായ ഒരു സംസ്കാരത്തിന്റെ തീരങ്ങളിൽ വൈദേശിക ശക്തികൾ നിരത്തിവെച്ച വ്യവസായിക കരുക്കളുടെ ചതുരംഗ കളി നമ്മെ വല്ലാതെ നോവിക്കും. പ്ലാസി യുദ്ധത്തോടെ ഇന്ത്യയിൽ ആ ചതുരംഗ കരുക്കൾ കളം പിടിച്ചു. വെട്ടിയും നീക്കിയും തന്ത്രങ്ങൾ മെനഞ്ഞും സാമ്രാജ്യത്വം കളിച്ച കളി ഒരു വെറും കളിയായിരുന്നില്ല. കഞ്ചാവ് കച്ചവടത്തിന് ക്ഷീണം വന്ന് തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ അവർ അടിമക്കച്ചവടം ആരംഭിച്ചു. ഭാവനയുടെ മാത്രം പിൻബലത്തിൽ അല്ല അമിതാവ് ഘോഷിന്റെ സീ ഓഫ് പോപ്പീസ് നമ്മോട് സംവദിക്കുന്നത്. കൃത്യമായ ഗവേഷണവും വിവരശേഖരണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് ഈ നോവൽ വായനയിൽ നമുക്ക് ബോധ്യപ്പെടും.
ഒരുതുണ്ട് മണ്ണിൽ കഞ്ചാവ് കൃഷി നടത്തിയും ഗാസിപ്പൂരിലെ കഞ്ചാവ് ഫാക്ടറിയിൽ ജോലി ചെയ്തും കുടുംബം പോറ്റുന്ന ഭർത്താവ് കഞ്ചാവിന് അടിമപ്പെട്ട് മരണമടയുമ്പോൾ ദീദിയും മകൾ കബുത്രിയും തികച്ചും അനാഥരാവുകയാണ്. ജീവിതത്തിന്റെ പെരുവഴിയിൽ നിസ്സഹായയായി നിൽക്കുന്ന ദീദിക്ക് ആശ്രയമാവുന്നത് കലുവ എന്ന ദളിതനാണ്. കാളവണ്ടിയിൽ കയറി ഗാസിപ്പൂരോളം ചെന്ന് ഭർത്താവിന്റെ ശവ ശരീരവുമായി മടങ്ങുന്ന ദീദി എന്ന കഥാപാത്രം ഈ നോവലിലെ നിറസാന്നിധ്യമാണ്.
വിധവയായ ദീദിയുടെ ഉടലിൽ കണ്ണ് വയ്ക്കുന്ന ഭർതൃസഹോദരന്റെ പിടിയിൽ നിന്ന് രക്ഷനേടാനായി സതി അനുഷ്ഠിക്കാൻ ഒരുങ്ങിയ ദീദിയെ കലുവയാണ് കൂട്ടികൊണ്ടുപോയി മരണത്തിൽ നിന്ന് രക്ഷിക്കുന്നത്. നോവൽ വായന എന്നതിലുപരി നമ്മളീ ജീവിതങ്ങൾക്ക് നടുവിൽ, അവരുടെ വികാര വിചാരങ്ങളിൽ കുടുങ്ങി ശ്വാസംമുട്ടും വിധമാണ് അമിതാവ് ഘോഷെന്ന എഴുത്തുകാരന്റെ തൂലികയും വാക്കുകളും പ്രവർത്തിക്കുന്നത്. നോവൽ വായിച്ചു പോവുക എന്നതിലുപരി മറു ജീവിതങ്ങൾ ജീവിച്ചു പോവുക എന്ന യഥാർഥ നോവൽ ലക്ഷ്യം തന്നെയാണ് അമിതാവ് ഘോഷ് ഈ നോവലിലൂടെ സാധിച്ചെടുക്കുന്നത്.
മകൾ കബൂത്രിയെ ബന്ധുക്കളെ ഏൽപ്പിച്ച് ചെറിയൊരു ചങ്ങാടത്തിൽ കലുവയുമൊത്ത് രക്ഷപ്പെടുന്ന ദീദി ചെന്നെത്തുന്നത് മൊറീഷ്യസിലേക്ക് അടിമകളെ കൊണ്ടുപോകുന്ന ഐ ബിസ് എന്ന കപ്പലിലാണ്. അതൊരു ലോകമാണ്... ഒരു ജനതയുടെ മേൽ വൈദേശിക ശക്തികൾ അതിന്റെ അധികാര രതി പ്രകടിപ്പിക്കുന്ന മറു ലോകം. അവിടെ എല്ലാവരും അടിമകളാണ്. ബോട്ടാണിക്കൽ ഗാർഡനിലെ ക്യൂരേറ്റരുടെ മകളും, അവളുടെ കളിക്കൂട്ടുകാരനും, നോബ് കിഷനെന്ന ബ്രഹ്മചാരിയും, ജമീന്ദാരി നഷ്ടപ്പെട്ട നീൽ രത്തൻ ഹൽദാറും ദീദിയും നിങ്ങളും ഞാനും അടിമകളാണ്.
നഷ്ടപ്പെടാൻ കാൽച്ചങ്ങലകൾ മാത്രമുള്ളവർ. വിലാപസ്വരത്തിന്റെ അവകാശം പോലും നഷ്ടമായവർ. ഉടുവസ്ത്രമല്ലാതെ മറ്റൊന്നുമില്ലാത്തവർ. കാലികളെപ്പോലെ ഏതൊക്കെയോ നാടുകളിൽ വിലപേശി വിൽക്കാനുള്ള ഇരുകാലി മൃഗങ്ങൾ.
ഐബിസ് എന്ന കപ്പലും അതിലെ യാത്രയും ആ യാത്രയിലെ നെഞ്ചു പിളർക്കുന്ന സംഭവവികാസങ്ങളും നോവൽ വായിച്ച് കാലമെത്രകഴിഞ്ഞാലും വായനക്കാരെ പിന്തുടരുക തന്നെ ചെയ്യും. ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാൻ അമിതാവ് ഘോഷ് എന്ന പ്രതിഭ ഉപയോഗിച്ച ഊർജ്ജം ചെറുതല്ല. മനുഷ്യത്വം എന്ന പൊരുളിന് നേരെ ഈ പ്രതിഭ പിടിച്ച കണ്ണാടിയിലൂടെ നാം നമ്മുടെ പൂർവികരെ കാണുന്നു. അവരനുഭവിച്ച യാതനകളും വേദനകളും കഷ്ടപ്പാടുകളും നമ്മളും അനുഭവിക്കുന്നു.
ആ ഇരുണ്ട അന്തരീക്ഷത്തിൽ തന്നെയാണ് മുനിയ എന്ന ഗ്രാമവിശുദ്ധി അതിന്റെ നിഷ്കളങ്കതകളുമായി പ്രകാശിക്കുന്നത്. വേണ്ടത്ര ഭക്ഷണമോ വെള്ളമോ ലഭിക്കാതെ മരിച്ചുപോകുന്ന സർജു തന്റെ തുണിസഞ്ചിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് വിത്തുകൾ ദീദിക്ക് സമ്മാനമായി കൊടുക്കുകയാണ്. അത് കലുവയുടെ വായിലേക്കിട്ട് കൊടുത്ത് ദീദി പറയുകയാണ് .
‘‘തിന്ന് നോക്ക്. ഭവനങ്ങളിൽ നിന്നും നമ്മെ ഈ കപ്പലിലെത്തിച്ച നക്ഷത്രങ്ങളാണിത്. നമ്മുടെ ഭാവി ഭൂതങ്ങളെ ഭരിക്കുന്ന ഗ്രഹം... ’’
കലുവ ഗ്രാമത്തെ ഓർക്കുന്നു. ഗ്രാമത്തിന്റെ വിജനതയെ ശബ്ദമുഖരിതമാക്കിയ പാട്ടുകളെ ഓർക്കുന്നു. വരണ്ട കുളങ്ങളിൽ വാടിപ്പോയ താമരകളിൽ സുഗന്ധം പരത്തി നിന്ന പ്രണയങ്ങളെ ഓർക്കുന്നു. എല്ലാ ഓർമകൾക്കും സുഖദുഃഖങ്ങളും ഇടയിൽ കപ്പലിലെ രാത്രി നിശബ്ദതയിൽ രാജാ നീൽ, ഗംഗാസാഗറിന്റെ പുരാവൃത്തം പറയുന്നു.
സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായ കപില മുനി തപസ് ചെയ്യുമ്പോൾ ഇഷ്വാകു വംശത്തിൽ നിന്നും രാജ്യം പിടിച്ചെടുക്കാനെത്തിയ സാഗര ചക്രവർത്തിയുടെ അറുപതിനായിരം മക്കൾ മുനിയോട് അപമര്യാദ കാട്ടുന്നു. അതിൽ കുപിതനായ കപില മുനിയുടെ ഒരു കണ്ണിൽ നിന്നും വന്ന അഗ്നിയിൽ ദഹിച്ച അവരുടെ ചാമ്പൽ ഇവിടെ ചിതറിവീണു. ആ പാപത്തിൽ നിന്ന് മോക്ഷം നേടാനായി ഭഗീരഥൻ ഗംഗയെ പ്രാർഥിച്ച് ഇവിടെ കൊണ്ടു വന്ന് സമുദ്രം നിറച്ചു.
ആ ഗംഗയുടെ ജലമാണ് അവർക്ക് ചുറ്റും ഒഴുകുന്നത്. കപ്പലിൽ വെച്ച് മുനിയയുമായി ബന്ധപ്പെടുന്ന ജോഡി പിടിക്കപ്പെടുമ്പോൾ അന്തരീക്ഷമാകെ മാറുന്നു. മനുഷ്യന് മേൽ മനുഷ്യൻ നടപ്പിലാക്കുന്ന അഹിംസയുടെ ഉഗ്രതാണ്ഡവം നമ്മൾ അറിയുന്നു. മരണം ഒരു സംഭവമോ വാർത്തയോ അല്ലാതെയാവുന്നു. ജീവിതത്തിനും മരണത്തിനും ഇടയിൽ മറ്റൊരു ഗംഗയെ അമിതാവ് ഘോഷ് സൃഷ്ടിക്കുന്നു. നമുക്ക് അത്രയൊന്നും പരിചിതമല്ലാത്ത ഗംഗ...
ഒരു ജനത അനുഭവിച്ച അടിമത്വത്തിന്റെയും അനീതികളുടെയും കറുത്ത ഗംഗ ... ഹിംസയുടെ ആൾരൂപമായ അധികാരശക്തി ആ ഗംഗയിൽ മുങ്ങി നിവരുന്നു. വായനക്കാരുടെ ഉള്ളിലേക്ക് രക്തവും മനുഷ്യവിലാപവും തിരമാലകൾപോലെ ഇരച്ചെത്തുന്നു. ബ്രിട്ടീഷ് ആധിപത്യം നമ്മുടെ രാജ്യത്ത് നടത്തിയ സമാനതകളില്ലാത്ത അഹിംസയുടെ ലഘുചിത്രണമാണ് ഈ കപ്പൽയാത്ര. ഈ യാത്രയിൽ നമ്മൾ പരിചയപ്പെടുന്ന കുറേയേറെ കഥാപാത്രങ്ങളും ജീവിതങ്ങളുമുണ്ട്.
കമ്പനിയുമായുള്ള രേഖകളിൽ കള്ളയൊപ്പിട്ടെന്ന കുറ്റം ചാർത്തപ്പെടുന്ന ജമീന്ദാർ നീൽ രത്തൻ ഹൽദാർ, അച്ഛനെ തേടി കൽക്കത്തയിലെത്തുന്ന ആഫ്രത്, ഇഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതിക്കാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന പോളെറ്റ്, ക്യാപ്റ്റൻ ചില്ലിങ്ങർത്, ജൻമ രഹസ്യം മറച്ചുവെക്കാൻ പെടാപ്പാടുപെടുന്ന ക്യാപ്റ്റൻ സകാറേ, മനുഷ്യക്കടത്തിന്റെ ദല്ലാളായ ഭൈരോസിങ് ... അങ്ങനെ ഒട്ടനവധി ജീവനുള്ള കഥാപാത്രങ്ങൾ .
സീ ഓഫ് പോപ്പീസ് എഴുതപ്പെട്ടിരിക്കുന്നത് ഐബിസ് ത്രയത്തിലെ ആദ്യ നോവലായിട്ടാണ്. റിവർ ഓഫ് സ്മോക്കും, ഫ്ലഡ് ഓഫ് ഫയറുമാണ് മറ്റ് രണ്ട് നോവലുകൾ. ഒറ്റ സീരീസിൽ പെടുന്നതാണെങ്കിലും സീ ഓഫ് പോപ്പീസിനു സ്വതന്ത്രമായ അസ്തിത്വമുണ്ട്.
മൂന്ന് പൂമാലകൾ ചേർത്ത് വെച്ച് അതിൽ നിന്ന് ഒന്നെടുത്താൽ അതിലുണ്ടാവുന്ന എല്ലാ സൗന്ദര്യവും സുഗന്ധവും വർണ്ണങ്ങളും സീ ഓഫ് പോപ്പീസിൽ ഉണ്ട്. ഒറ്റ സുഗന്ധത്തിലോ വർണ്ണത്തിലോ ഒതുങ്ങിപ്പോവുന്നില്ല ഈ രചന. അനേകം സുഗന്ധ, വർണ്ണ, സൗന്ദര്യമായി സീ ഓഫ് പോപ്പീസ് വായനക്കാരുടെ ഹൃദയം നിറയ്ക്കുന്നു. വായനക്കിടയിൽ പലപ്പോഴും നമ്മൾ മറ്റു സുഗന്ധങ്ങൾ മറന്നേ പോവുന്നു.
ദ ഷാഡോ ലൈൻസ്, ദി ഹങ്ഗ്രി ടൈഡ്, ദ ഗ്ലാസ് പാലസ്, സീ ഓഫ് പോപ്പീസ്, റിവർ ഓഫ് സ്മോക്, ഫ്ലഡ് ഓഫ് ഫയർ, ദ കൽകട്ട ക്രോമസോം എന്നിവയടക്കം ഒട്ടനവധി രചനകളുടെ സൃഷ്ടാവായ അമിതാവ് ഘോഷിന്, ജ്ഞാനപീഠ പുരസ്കാരവും, ബുക്കർ നോമിനേഷനും, നിരവധി അന്തർദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടെങ്കിലും നൊബേൽ പുരസ്കാരത്തിന് അദ്ദേഹം അർഹനാണെന്ന് തന്നെയാണ് ഈയുള്ളവന്റെ വിശ്വാസം. പ്രത്യേകിച്ചും നൊബേൽ ജേതാക്കളുടെ പട്ടിക പരിശോധിക്കുമ്പോൾ.
ഈ കുറിപ്പ് നിങ്ങൾ വായിക്കുമ്പോൾ നമ്മുടെ കവലകളിൽ പാതകളിൽ വീട്ടകങ്ങളിൽ കഞ്ചാവ് പുകയുന്നുണ്ടാവും. ആരോടെന്നില്ലാതെ ദേഷ്യപ്പെടുന്ന യുവത്വങ്ങൾ കഞ്ചാവ് പുകയിൽ പാറി നടക്കുന്നുണ്ടാവും. ദിവസവും കിലോ കണക്കിന് കഞ്ചാവ് പിടിക്കുന്ന വാർത്ത നമ്മൾ കേൾക്കുന്നുണ്ട്. എന്നിട്ടും ...
എനിക്ക് സീ ഓഫ് പോപ്പീസ് വായിക്കാൻ തന്ന ആ യുവ സുഹൃത്ത് ഈ കുറിപ്പ് വായിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോവുകയാണ്. വായനയിലേക്കും എഴുത്തിലേക്കും എല്ലാത്തിലുമപരി ജീവിതത്തിലേക്ക് അവൻ മടങ്ങി വന്നെങ്കിൽ എന്ന് പ്രാർഥിച്ചു പോവുകയാണ്.
Content Summary: Vayanavasantham, column written by Abbas TP on Amitav Ghosh