കൊച്ചിയിലെ ‘ഓട്ടക്കാരൻ’ ആൽക്കെമിസ്റ്റ്; വൈറലാക്കി സാക്ഷാൽ കൊയ്‌ലോ
Mail This Article
കൊച്ചി നഗരത്തിരക്കിൽനിന്ന് ഓടിയോടി ബ്രസീൽ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ സമൂഹമാധ്യമപ്പേജിൽ സഡൻ ബ്രേക്കിട്ടിരിക്കുകയാണ് ആൽക്കെമിസ്റ്റ് എന്ന ഓട്ടോ. പൗലോ കൊയ്‌ലോ എന്ന് ഇംഗ്ലിഷിലും ആൽക്കെമിസ്റ്റ് എന്ന് മലയാളത്തിലുമെഴുതിയ ഒരു ഓട്ടോയുടെ ചിത്രം ട്വിറ്ററിലൂടെയാണ് സാക്ഷാൽ പൗലോ കൊയ്‌ലോ പങ്കുവച്ചത്. ഏറെ ആവേശത്തോടെ മലയാളിവായനക്കാർ ആ വൈറൽ ട്വീറ്റിന് നന്ദി പറയുമ്പോൾ ഏറെ അഭിമാനത്തോടെ, സന്തോഷത്തോടെ ആ വാർത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് ആൽക്കെമിസ്റ്റ് എന്ന ഓട്ടോയുടെ സാരഥിയും ഉടമസ്ഥനുമായ കെ.എ പ്രദീപ്.
ലോകമെമ്പാടുമുള്ള മലയാളി വായനക്കാർ ഈ സന്തോഷം ആഘോഷിക്കുമ്പോൾ പ്രദീപിനെ അറിയാവുന്ന എറണാകുളം സ്വദേശികൾക്ക് ഇതിലത്ര അദ്ഭുതം തോന്നില്ല. കാരണം പ്രദീപിന്റെ പുസ്തകപ്രേമവും പൗലോ കൊയ്‌ലോ ആരാധനയും അവരോളമറിയുന്നവരാരുമില്ലല്ലോ. അവരുടെ അഭിപ്രായത്തിൽ, പൗലോ കൊയ്‌ലോ കൃതികളുടെ മലയാളവിവർത്തനങ്ങൾ തേടിപ്പിടിച്ച് വായിക്കുന്ന പ്രദീപ് എന്ന പുസ്തകപ്രേമിക്കു കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഒരു സുഹൃത്ത് കാട്ടിക്കൊടുത്തപ്പോഴാണ് പൗലോ കൊയ്‌ലോ പങ്കുവച്ച ട്വീറ്റ് പ്രദീപ് കണ്ടത്. ആ വൈറൽ ട്വീറ്റിനെക്കുറിച്ച് പ്രദീപ് ഓൺമനോരമയോടു പ്രതികരിച്ചതിങ്ങനെ : ‘‘ ഇതൊരു വലിയ വിസ്മയമാണ്. ഞാൻ ഒരുപാട് ആരാധിക്കുന്ന എഴുത്തുകാരൻ എന്റെ ഓട്ടോയുടെ ചിത്രം പങ്കുവച്ചതിന്റെ എക്സൈന്റ്മെന്റിലാണ് ഞാൻ’’
10 വർഷം മുൻപ് പൗലോ കൊയ്‌ലോയുടെ ഒരു കൃതിയുടെ മലയാള വിവർത്തനം വായിച്ചതോടെയാണ് അൻപത്തിയഞ്ചുകാരനായ പ്രദീപ് പൗലോ കൊയ്‌ലോ ആരാധകനായത്. ആ അനുഭവം പ്രദീപ് പങ്കുവയ്ക്കുന്നതിങ്ങനെ : ‘‘അദ്ദേഹത്തിന്റെ കഥപറച്ചിൽ രീതി എന്നെ വല്ലാതെ ഭ്രമിപ്പിച്ചു. അന്നു മുതൽ അദ്ദേഹത്തിന്റെ കൃതികളുടെ മലയാള വിവർത്തനങ്ങൾ തേടിപ്പിടിച്ച് വായിക്കാൻ തുടങ്ങി. പുസ്തകവായന പൂർത്തിയാക്കാൻ ജോലിയിൽനിന്ന് ഇടവേളയെടുക്കാറുണ്ട്. മാന്ത്രികപ്പേനയുള്ള പ്രതിഭയാണദ്ദേഹം’’
വെറോനിക്ക ഡിസൈഡ്സ് ടു ഡൈ, ദ് പിൽഗ്രിമേജ്, ഫിഫ്ത്ത് മൗണ്ടൻ, സഹീർ എന്നിവയടക്കം കൊയ്‌ലോയുടെ പത്തു പുസ്തകങ്ങളുടെ മലയാളം വിവർത്തനങ്ങൾ പ്രദീപ് വായിച്ചിട്ടുണ്ട്. ദി അഡൽറ്ററിയും ഇലവൻ മിനിറ്റ്സുമാണ് ഒടുവിൽ വായിച്ചത്.
25 വർഷമായി പ്രദീപ് എറണാകുളത്ത് ഓട്ടോ ഓടിക്കുകയാണ്. ദിവസവും രാവിലെ ഓട്ടത്തിനായി ആൽക്കെമിസ്റ്റുമായെത്തുന്ന പ്രദീപ് രാത്രിയോടെ മടങ്ങും. 10 വർഷം മുൻപാണ് പ്രദീപ് തന്റെ ഓട്ടോയ്ക്ക് ആൽക്കെമിസ്റ്റ് എന്ന് പേരിടുന്നത്. അന്ന് അത്തരത്തിലൊരു പേര് അസാധാരണമായിരുന്നു. മക്കളുടെ പേര്, സിനിമാതാരങ്ങളുടെ പേര്, ഇഷ്ടസിനിമയിലെ കഥാപാത്രങ്ങളുടെ പേര് ഒക്കെയായിരുന്നു സാധാരണയായി എല്ലാവരും ഓട്ടോറിക്ഷയ്ക്ക് ഇട്ടിരുന്നത്. തന്റെ പ്രിയപ്പെട്ട എഴുത്തുകാരന്റെയും കൃതിയുടെയും പേര് ഓട്ടോയ്ക്കിട്ടപ്പോൾ പലർക്കും അദ്ഭുതമായിരുന്നു. പക്ഷേ തനിക്ക് നല്ല യാത്രക്കാരെ കിട്ടാൻ ആ പേര് കാരണമായിട്ടുണ്ടെന്നും അവരിൽ പ്രശസ്തരായ പലരും തനിക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകാറുണ്ടെന്നും പ്രദീപ് പറയുന്നു.
എഴുത്തുകാർ, പുസ്തകപ്രേമികൾ, സിനിമാ സംവിധായകർ, സംഗീതസംവിധായകർ ഒക്കെ കൊച്ചിയിലെത്തുമ്പോൾ പ്രദീപിന്റെ ഓട്ടോയിൽ സഞ്ചരിക്കാറുണ്ട്. യാത്രയ്ക്കിടെ പുസ്തകങ്ങളെപ്പറ്റിയും സാമൂഹികപ്രശ്നങ്ങളെപ്പറ്റിയുമൊക്കെ ചർച്ചയും നടക്കും.
‘‘കൊച്ചിയിലെത്തുമ്പോൾ ആൽക്കെമിസ്റ്റ് ഓട്ടോയിൽ സഞ്ചരിക്കുന്നതാണ് എനിക്കേറെയിഷ്ടം. പ്രദീപിനൊപ്പം യാത്ര ചെയ്യുന്നതിൽ ഒരു പ്രത്യേക സന്തോഷമുണ്ട്. യാത്രകളിൽ ഞങ്ങളൊരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്.’’ – പ്രശസ്ത സംഗീതസംവിധായകൻ വീത്‌രാഗ് പറയുന്നു.
പൗലോ കൊയ്‌ലോയുടെ ട്വീറ്റ് വൈറലായതോടെ, കൊയ്‌ലോയെ നേരിട്ടു കാണണം എന്ന ഏറെനാളായുള്ള തന്റെ സ്വപ്നത്തിലേക്കുള്ള ദൂരം കുറഞ്ഞുവെന്നാണ് പ്രദീപ് വിശ്വസിക്കുന്നത്. ‘‘ പൗലോ കൊയ്‌ലോയെ നേരിട്ടു കണ്ട്, കൃതികൾ നൽകിയതിന് അദ്ദേഹത്തോടു നന്ദിപറയണം. അതുടനെ സാധിക്കുമെന്ന് കരുതുന്നു’’. – പ്രദീപ് പറയുന്നു.
Content Summary : Paulo Coelho has tweeted a photo of an autorickshaw with the names of Paulo Coelho in English and Alchemist in in Malayalam, plying on a Kochi road