കവി ജീവിച്ചിരുന്നപ്പോൾ ആ കവിതകൾ അധികമാരും കണ്ടില്ല, പക്ഷേ ‘രക്തബന്ധം’ തിരിച്ചറിഞ്ഞു!
Mail This Article
വൈപ്പിൻ∙ അധ്യാപനം തൊഴിലാക്കിയിട്ടും കവിതയോടായിരുന്നു ശിവദാസിനു ‘രക്തബന്ധം’. പക്ഷേ, സമൂഹത്തിനുള്ള നല്ലപാഠങ്ങളുടെ ഗർഭം പേറിയ ആ കവിതകൾ കവി ജീവിച്ചിരുന്നപ്പോൾ അധികമാരും കണ്ടില്ല. പതിറ്റാണ്ടിനിപ്പുറം ആ കാവ്യലോകത്തു വീണ്ടെടുപ്പിന്റെ താളം മുഴക്കുകയാണു സ്വന്തം കുടുംബത്തിലെ പിൻമുറക്കാർ. അധ്യാപകനും കവിയുമായിരുന്ന ചെറായി സ്വദേശി എൻ.സി.ശിവദാസിനാണു വിയോഗത്തിന്റെ 19 വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരം ഒരുക്കിയിരിക്കുന്നത്. സമാഹാരത്തിന്റെ പേര്, രക്തബന്ധം!
പഠനം സ്കൂളുകളിൽ ഒതുങ്ങേണ്ടതല്ലെന്നായിരുന്നു ശിവദാസിന്റെ നിലപാട്. നന്മയുടെ സന്ദേശങ്ങൾ സാമൂഹത്തിലേക്കു പകരാനുള്ള അദ്ദേഹത്തിന്റെ ക്ലാസ്മുറിയായിരുന്നു സ്വന്തം കവിതകൾ. 1947, 72, 83 വർഷങ്ങളിൽ അദ്ദേഹം സ്വന്തമായി പുറത്തിറക്കിയ കവിതാസമാഹാരങ്ങൾ ഒന്നാന്തരം രചനകൾ ഉൾപ്പെട്ടവയായിട്ടും വേണ്ടരീതിയിൽ ചർച്ച ചെയ്യപ്പെട്ടുമില്ല. ഇപ്പോൾ, ഈ മൂന്നു സമാഹാരങ്ങളും ചേർത്താണു കുടുംബാംഗങ്ങൾ പുസ്തകമായി പ്രസിദ്ധീകരിച്ചത്.
ദശകങ്ങൾക്കു മുൻപ് ദലിത് സമൂഹത്തിൽ നിലനിന്നിരുന്ന കൊടിയ ദുരിതങ്ങളും പീഡനങ്ങളും മുഖാമുഖം കണ്ട കവി അവയുടെ നേർചിത്രങ്ങൾ തന്റെ രചനകളിൽ കോറിയിട്ടിട്ടുണ്ടെന്നു ശിവദാസിന്റെ മകനും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനുമായ സുരേഷ് പറയുന്നു. തൃശൂർ ചേലക്കര സ്കൂളിൽ സർക്കാർ സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശിവദാസ് പിന്നീടു സ്വദേശമായ ചെറായിയിലെ ഗവൺമെന്റ് എൽപി സ്കൂളിലാണു ദീർഘകാലം ജോലി ചെയ്തത്. പഴമയുടെ ചൂടും ചൂരുമാണു ‘രക്തബന്ധ’ത്തിലെ കവിതകളെ വ്യത്യസ്തമാക്കുന്നതെന്നു അവതാരിക എഴുതിയ മുൻ അധ്യാപകൻ കൂടിയായ ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ചൂണ്ടിക്കാട്ടുന്നു. 2002 സെപ്റ്റംബർ 21 നായിരുന്നു കവിയുടെ വിയോഗം.
Content Summary : Rakthabandam - Poetry collection of N.C. Sivadas