ബ്ലോഗിൽ നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാളി അരുൺ ആയിരിക്കുമോ? അതെന്തായാലും, മലയാളത്തിൽ  ഡിജിറ്റൽ വായന പിച്ചവച്ചു തുടങ്ങുന്ന കാലത്ത് അതിലേക്കിറങ്ങിച്ചെന്ന് വായനക്കാരെ കൂടെ കൂട്ടിയ ആളാണ് അരുൺ. Arun Arsha | Pusthakakkazcha | Ravi Varma Thampuran

ബ്ലോഗിൽ നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാളി അരുൺ ആയിരിക്കുമോ? അതെന്തായാലും, മലയാളത്തിൽ  ഡിജിറ്റൽ വായന പിച്ചവച്ചു തുടങ്ങുന്ന കാലത്ത് അതിലേക്കിറങ്ങിച്ചെന്ന് വായനക്കാരെ കൂടെ കൂട്ടിയ ആളാണ് അരുൺ. Arun Arsha | Pusthakakkazcha | Ravi Varma Thampuran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്ലോഗിൽ നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാളി അരുൺ ആയിരിക്കുമോ? അതെന്തായാലും, മലയാളത്തിൽ  ഡിജിറ്റൽ വായന പിച്ചവച്ചു തുടങ്ങുന്ന കാലത്ത് അതിലേക്കിറങ്ങിച്ചെന്ന് വായനക്കാരെ കൂടെ കൂട്ടിയ ആളാണ് അരുൺ. Arun Arsha | Pusthakakkazcha | Ravi Varma Thampuran

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുൺ ആർഷ മൂന്നു നോവലേ എഴുതിയിട്ടുള്ളൂ. മൂന്നിലും കേരളമില്ല, പക്ഷേ മലയാളമുണ്ട്. മറവിയിലേക്കു പോവുകയോ അജ്ഞാതമായി കിടക്കുകയോ ചെയ്യുന്ന ലോകചരിത്ര അടരുകൾ, കൊതിപ്പിക്കുന്ന തെളിമലയാളത്തിൽ നോവലാക്കിക്കൊണ്ടിരിക്കുന്ന അരുൺ എഴുത്തിലെ സ്വന്തമായ വഴിവെട്ടുകാരനാണ്. ആദ്യനോവൽ ഗീസ്വാൻ ഡയറി എഴുതുന്നത് 2010- 2011 കാലത്താണ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ പ്രവർത്തനമായിരുന്നു പ്രമേയം. സ്വന്തം ബ്ലോഗിൽ എഴുതിപ്പൂർത്തിയാക്കിയ ആ  നോവൽ പുസ്തകമാക്കാതെതന്നെ ബ്ലോഗിൽ അടുത്ത നോവൽ എഴുതാനാരംഭിച്ചു. ബ്ലോഗിൽ നോവൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കുന്ന ആദ്യ മലയാളി അരുൺ ആയിരിക്കുമോ? അതെന്തായാലും, മലയാളത്തിൽ  ഡിജിറ്റൽ വായന പിച്ചവച്ചു തുടങ്ങുന്ന കാലത്ത് അതിലേക്കിറങ്ങിച്ചെന്ന് വായനക്കാരെ കൂടെ കൂട്ടിയ ആളാണ് അരുൺ. 

 

ADVERTISEMENT

രണ്ടാം നോവൽ, ഓഷ്‌വിറ്റ്സിലെ ചുവന്ന പോരാളി അതിവേഗം വലിയ ഹിറ്റ് ആയി. എണ്ണായിരത്തിലേറെ വായനക്കാർ പതിവായി ബ്ലോഗ് സന്ദർശിച്ച് അതു വായിച്ചുകൊണ്ടിരുന്നു. ഈ വലിയ ജനപ്രീതി കണ്ടിട്ടാവാം നോവലിന്റെ ബ്ലോഗ് ജന്മം യൗവനത്തിലെത്തുമ്പോഴേക്കും ഗ്രീൻ ബുക്‌സ്  അങ്ങോട്ടു ബന്ധപ്പെട്ട് പൂർണകായ പുസ്തകമാക്കാനുള്ള താൽപര്യം അറിയിച്ചത്. തന്റെ ബ്ലോഗ് വായനക്കാരെ ഇരുട്ടിൽ നിർത്തി ഒളിവിൽ പോകാൻ താൽപര്യമില്ലാത്തതിനാൽ അരുൺ അപ്പോഴൊരു മറുപടി പറഞ്ഞില്ല. ബ്ലോഗിൽ വളർന്നു പടർന്ന് അവസാന അധ്യായവും വിടർന്നു വിലസുന്നതു കണ്ട് ആനന്ദിച്ച ശേഷമാണ് ഓഷ്‌വിറ്റ്സിനെ പുസ്തകമാക്കാൻ ഗ്രീനിനു കൈമാറുന്നത്.

 

2013 ൽ പ്രസിദ്ധീകരിച്ച ഓഷ്‌വിറ്റ്സിന്  അധികം വൈകാതെ ഒരു പതിപ്പ് കൂടിയുണ്ടായി. 1943- 45 കാലത്തെ നാസി ജർമനിയിലെ ഓഷ്‌വിറ്റ്സ് തടങ്കൽ പാളയമാണ് കഥയുടെ കേന്ദ്രഭൂമിക. ഹിറ്റ്‌ലറെ വധിക്കാൻ പദ്ധതിയിട്ട് ഇറങ്ങിത്തിരിക്കുകയും ശ്രമം പരാജയപ്പെട്ട് പിടിയിലാവുകയും ചെയ്ത റെഡ്‌വിൻ എന്ന യഹൂദൻ തടവിൽ കിടക്കുമ്പോൾ അനുഭവിച്ച ദുരിതങ്ങളും വളരെ ബുദ്ധിപരമായി അയാൾ തടങ്കൽപാളയത്തിനു പുറത്തുകടക്കുന്നതിന്റെ സാഹസികതയുമാണ് അതിന്റെ കഥ. 

 

ADVERTISEMENT

ഹിറ്റ്‌ലറെ വെടിവച്ചുകൊല്ലാൻ യഹൂദരുടെ ഒരു ചെറുസംഘം മ്യൂണിക്കിൽ നടത്തിയ ശ്രമം കഥാബീജമാക്കി എഴുതിയ നോവലിൽ മുഖ്യകഥാപാത്രമടക്കം മിക്കയാളുകളും സാങ്കൽപികമാണ്.

അരുൺ ആർഷ

 

അഫ്ഗാനും ജർമനിയും കടന്ന് അരുണിന്റെ അന്വേഷണം പെറുവിലും സ്‌പെയിനിലുമെത്തിയതിന്റെ ഫലമാണ് മൂന്നാം നോവലായ ദാമിയന്റെ അതിഥികൾ. 1500- 1532 കാലഘട്ടമാണ് നോവലിൽ പരാമർശിക്കപ്പെടുന്നത്. പെറു ഭരിച്ചിരുന്ന ഇൻകാ രാജവംശത്തെയും അവരുടെ അഞ്ചുലക്ഷം പടയാളികളെയും പരാജയപ്പെടുത്തി ഫ്രാൻസിസ്കോ പിസാരോയുടെ നേതൃത്വത്തിൽ സ്‌പെയിനിൽ നിന്നെത്തിയ 160 പേരുടെ സംഘം രാജ്യം പിടിച്ചെടുക്കുന്നതാണ് ദാമിയന്റെ അതിഥികളിലെ കഥ. ജീവിച്ചിരുന്ന അഞ്ചോ ആറോ പേരും ഒട്ടേറെ സാങ്കൽപിക കഥാപാത്രങ്ങളും അണിനിരക്കുന്ന ബൃഹത്തായ നോവൽ പെറുവിലും സ്‌പെയിനിലുമായാണ് സംഭവിക്കുന്നത്. 

 

ADVERTISEMENT

സൂര്യനെ ആരാധിക്കുന്ന ഇൻക വംശക്കാരെ തോൽപിക്കാനും ക്രിസ്തുമത പ്രചാരണം സാധ്യമാക്കാനും വേണ്ടി പെറുവിലെത്തി തന്ത്രപരമായ നീക്കം നടത്തുന്ന സ്പാനിഷ് പര്യവേഷകരുടെ ലക്ഷ്യം പെറുവിലെ അളവില്ലാത്ത സ്വർണനിക്ഷേപം സ്വന്തമാക്കുക എന്നതു കൂടിയായിരുന്നു. 

പിസാരോയുടെ ജന്മസ്ഥലമായ സ്‌പെയിനിലെ കാസ്റ്റയോണിലാണ് നോവൽ ആരംഭിക്കുന്നത്. കാസ്റ്റയോണിലെ ദാമിയൻ എന്നയാൾ നടത്തുന്ന സത്രം കഥയുടെ പ്രധാന രംഗവേദികളിലൊന്നാണ്. നോവലിലെ മുഴുവൻ കഥാപാത്രങ്ങളും എപ്പോഴെങ്കിലും സത്രത്തിൽ വന്നുപോകുന്നുണ്ട്. മദ്യപാനവും ചീട്ടുകളിയും വ്യഭിചാരവും എല്ലാം ആഡംബരപൂർവം നടക്കുന്ന ദാമിയൻ സത്രത്തിന് പെറുവിലെ അധിനിവേശവുമായോ സ്വർണക്കൊള്ളയുമായോ നേരിട്ടു ബന്ധമില്ല. പക്ഷേ, സത്രച്ചുവരുകളറിയാത്ത ഒരു സംഗതിയും നോവലിൽ സംഭവിക്കുന്നില്ല. 

2020 ൽ ഗ്രീൻ ബുക്‌സിലൂടെ പുറത്തു വന്ന ദാമിയന്റെ അതിഥികൾക്കു വേണ്ടിയുള്ള  ഗവേഷണം 2013 ലാണ് അരുൺ തുടങ്ങുന്നത്. ഒന്നരവർഷം പഠനം മാത്രമായിരുന്നു. പിന്നീട് നാലരവർഷം കൊണ്ടാണ് 360 പേജുള്ള നോവൽ എഴുതിത്തീർത്തത്.

 

ലളിതവും സുന്ദരവുമായ ഭാഷയിൽ അതിസൂക്ഷ്മാംശങ്ങൾ വരെ വിവരിച്ചുപോവുന്നതാണ് അരുണിന്റെ എഴുത്തുരീതി. അതുകൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം, വായനക്കാർക്ക് തീർത്തും അന്യമായ കാലത്തെയും രാജ്യങ്ങളെയും സംഭവങ്ങളെയുമൊക്കെ അവരുടെ കൺമുന്നിൽ കൊണ്ടുവന്ന് നേരിട്ടു കാട്ടിക്കൊടുക്കാൻ കഴിയുന്നു എന്നതാണ്. 

 

വായിക്കുന്നത് വിദേശരാജ്യത്തെ കഥയാണെന്നോ അതിലെ ജീവിതമുഹൂർത്തങ്ങൾ അപരിചിതമായവയാണെന്നോ ഒരു ഘട്ടത്തിൽ പോലും തോന്നാത്ത വിധം വായനക്കാർ നോവലിൽ ലയിച്ചുപോകുന്നു. ആദ്യത്തെ ഒന്നോ രണ്ടോ അധ്യായം കഴിയുന്നതോടെ  അപരിചിതത്വം മാറുകയും പിന്നീട് താൻ  നോവലിലെ ഒരു കഥാപാത്രമാണോ എന്നുപോലും തോന്നുംവിധം  അതിന്റെ ഉള്ളിലൂടെ അനായാസം സഞ്ചരിക്കുകയും ചെയ്യും. അതു മനസ്സിലാവാൻ ദാമിയന്റെ അതിഥികളിലെ ഒരു ഭാഗം വായിക്കാം.

 

അരുൺ ആർഷ

പതിവിലും ഏറെ വൈകിയാണ് ലൂയിസ് ഉറങ്ങാൻ കിടന്നത്. ജുവാനയുടെ ഭാവിതീരുമാനങ്ങളെക്കുറിച്ചോർത്ത് അവൻ ആശങ്കാകുലനായിരുന്നു. എന്നാൽ ജുവാനയാകട്ടെ നേരമൊന്ന് പുലർന്നു കിട്ടുവാനും ലൂയിസിനെ സന്ധിക്കുവാനുമുള്ള തീവ്രപ്രേരണയിൽ അക്ഷമയായി കിടക്കയെ ഉഴുതുമറിച്ചു. ആത്മാവിൽ നിന്നുതിർന്ന അവന്റെ  വാക്കുകൾ അവളുടെ ഹൃദയത്തെ മഥിച്ചുകൊണ്ടിരുന്നു. അവൾ മെനഞ്ഞുണ്ടാക്കിയ പാപബോധത്തിന്റെ സങ്കൽപ്പഭിത്തികൾ തകർന്നുവീണു. തന്റെ ചെയ്തികൾ ഒന്നൊന്നായി അവൾ അപഗ്രഥനം ചെയ്തു. കുറ്റബോധത്തിന്റെ മുറിപ്പാടുകളിൽ നിന്നും പ്രണയരക്തമൊഴുകി. 

 

വാതിലിൽ  ഉറക്കെ മുട്ടിവിളിക്കുന്നതു കേട്ടാണ് ലൂയിസ് ഞെട്ടിയുണർന്നത്. കിടന്നിട്ട് അധികസമയമായിരുന്നില്ല.  ഉറക്കച്ചടവോടെ അവൻ വാതിൽ തുറന്നു. അസ്വസ്ഥനായി കാണപ്പെട്ട ബെർനാൽഡിനോ തിടുക്കപ്പെട്ട് അവനോട് ആജ്ഞാപിച്ചു. 

ലൂയിസ് വേഗം തയാറാകൂ. നമുക്ക് അത്യാവശ്യമായി കാസ്റ്റയോണിലേക്ക് പോകണം. വസ്ത്രം മാറി ഞാൻ ഉടനെത്താം. 

തിരിഞ്ഞ് നടക്കുമ്പോഴും പരുഷമായി അയാൾ ഓർമപ്പെടുത്തി. 

പെട്ടെന്ന്. പ്രണയവും പ്രണയനൈരാശ്യവും കാമവും ചതിയും എന്നുവേണ്ട, ലോകത്തിന്റെ ഏതുഭാഗത്തു ജീവിക്കുമ്പോഴും  മനുഷ്യന്റെ അടിസ്ഥാന ചോദനകൾക്കു വ്യത്യാസമില്ലെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന എഴുത്തുകളാണ് അരുണിന്റെ സമ്പാദ്യങ്ങൾ, സംഭാവനകളും. 

 

ഇനി അരുണുമായി സംസാരിക്കാം.

അരുൺ ആർഷ

 

∙ ലോക ചരിത്രത്തിലെ അപൂർവ സംഭവങ്ങളാണ് അരുണിന്റെ  നോവലുകൾക്ക് ആധാരം. ഈ വിഷയങ്ങൾ തന്നെ നോവലെഴുത്തിന് തെരഞ്ഞെടുക്കുവാൻ കാരണം ? 

 

മലയാള സാഹിത്യാസ്വാദകർക്ക് പ്രാദേശിക വിധേയത്വം എന്നൊരു പരിമിതിയില്ലെന്നാണ് എന്റെ  വിശ്വാസം. മാർക് ട്വയിനിന്റെ  ടോംസോയർ വായിച്ച അതേ ബാല്യത്തിലാണ് നന്തനാരുടെ കുഞ്ഞിക്കൂനനും ആസ്വദിച്ചത്. മലയാളിത്തമില്ല എന്ന കാരണത്താൽ വികൃതിച്ചെറുക്കൻ ഹക്കിൾബെറി ഫിനോ അദ്ഭുതലോകത്തിലെ ആലീസോ മരമൂക്കൻ പിനോക്യോയോ നമുക്ക് അന്യരായിരുന്നില്ല. ഇന്റർനെറ്റും ലോകപരിജ്ഞാനവും പരിമിതമായിരുന്ന അക്കാലത്തു പോലും നമ്മുടെ സാഹിത്യാസ്വാദനശേഷി അത്രമേൽ വിപുലമായിരുന്നു. ലോകം വിരൽത്തുമ്പിലേക്ക്  ചുരുക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ സാഹിത്യലോകത്തിൽ ആസ്വാദ്യകരമായ ഒട്ടനവധി മാറ്റങ്ങൾക്ക് ഇനിയും സാധ്യതയുണ്ട്. ആ പ്രതീക്ഷയാണ് എന്റെ പ്രമേയ സ്വീകരണങ്ങളുടെ അടിസ്ഥാനവും.   

 

∙ ഒരു നോവലാശയം മനസ്സിൽ കയറിയാൽ എഴുത്തുഘട്ടത്തിലേക്ക് കടക്കുവാൻ എത്രകാലം എടുക്കും? 

 

ഓഷ്‌വിറ്റ്സ് പൂർത്തിയാക്കാൻ രണ്ടര വർഷമെടുത്തു. ദാമിയന്റെ അതിഥികൾ ആറു വർഷത്തെ പരിശ്രമഫലമാണ്. പ്രമേയത്തിന്റെ കാമ്പും ആഴവും അനുസരിച്ച് എഴുത്തുകാലയളവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. കഥയുടെ കാലവും സാമൂഹിക പശ്ചാത്തലവുമൊക്കെ  പഠിക്കാനും ഉൾക്കൊള്ളാനും സമയമെടുക്കാറുണ്ട്. കഥയും കഥാപാത്രങ്ങളുമായി എത്ര ആഴത്തിൽ ഇടപഴകുന്നുവോ, അത്രമാത്രം ആഴത്തിൽ അവർ എഴുത്തുകാരനോടു കനിവു പുലർത്തും.  

 

∙ ഒരു പരിചയവുമില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവും മനുഷ്യജീവിതവുമൊക്കെ പഠിച്ചെടുത്ത് നോവലാക്കുവാൻ നാട്ടിലെ ഒരു വിഷയം നോവലാക്കുന്നതിലും വളരെയേറെ അദ്ധ്വാനം വേണ്ടി വരുമല്ലോ?. അതൊന്ന് വിശദീകരിക്കാമോ?

 

വൈദേശിക പ്രമേയത്തെ അവതരിപ്പിക്കുമ്പോൾ മിഴിവോടെ കഥ പറയുന്നതുകൊണ്ടുമാത്രം കാര്യമില്ല. വായനക്കാരന്റെ  ആസ്വാദന മേഖലയിലേക്ക് വ്യത്യസ്തമായ ആ പ്രമേയം സ്വീകരിക്കപ്പെടണം. കഥാപാത്ര സൃഷ്ടിയിലും പശ്ചാത്തല വിവരണങ്ങളിലും ആഖ്യാന ശൈലിയിലുമെന്നുവേണ്ട പേനത്തുമ്പിന്റെ  ഓരോ ചലനത്തിലും അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.വാടിക്കൊഴിഞ്ഞ  ഒരു കാട്ടുപൂവിന്റെ വിവരണം പോലും അവിടെ പ്രാധാന്യമർഹിക്കുന്നു. ലാറ്റിനമേരിക്കൻ പശ്ചാത്തലമുള്ള ഒരു നോവലിൽ സ്ത്രീസൗന്ദര്യത്തെക്കുറിച്ച്  തുളസിക്കതിരിന്റെ ഭംഗി എന്നൊക്കെ വർണിച്ചാൽ എത്ര അരോചകമായിരിക്കും. വായനക്കാരൻ പൊറുക്കില്ല. എന്നാൽ,അതേ കഥാസന്ദർഭത്തിൽ അന്നാട്ടിലെ കാർനേഷൻ പൂക്കളെയാണ് എഴുത്തുകാരൻ വർണ്ണിക്കുന്നതെങ്കിലോ? തീർച്ചയായും അത് ആസ്വാദിക്കപ്പെടും. സരസമായ മറ്റൊരു ഉദാഹരണം കൂടി നോക്കാം. ഒരു സ്പാനിഷ് കുടുംബത്തിന്റെ അത്താഴവേളയിലെ കുടുംബകലഹം അവതരിപ്പിച്ചെന്നിരിക്കട്ടെ. നെയ്യിൽപ്പൊരിച്ച കാളത്തുട കൊണ്ടാവണം ഗൃഹനാഥൻ താന്തോന്നിയായ  മകനെ പ്രഹരിക്കേണ്ടത്. എന്നാൽ, ഇതേ കലഹം  ഇംഗ്ലണ്ടിലെ ഒരു പ്രഭുകുടുംബത്തിലാണെങ്കിലോ? പൊരിച്ച കാളത്തുടയ്ക്ക് പകരം ചുട്ട പന്നിയിറച്ചികൊണ്ടായിരിക്കും മകന് പ്രഹരമേൽക്കേണ്ടിവരിക. വൈദേശിക പ്രമേയത്തെ അവരിപ്പിക്കുമ്പോൾ കഥയിലെ ഓരോ സൂക്ഷ്മാംശവും വായനക്കാരന്റെ  മനസ്സിൽ സർഗാത്മകമായി ചിത്രീകരിക്കപ്പെടണം. ചുവരും പൂക്കളും നിഴലും, എല്ലാമെല്ലാം. 

 

∙ കേരളവുമായി നേരിട്ട് ബന്ധമില്ലാത്ത  നോവലുകൾ വായനക്കാരിലേക്ക് എത്താൻ തടസ്സമുണ്ടായിട്ടുണ്ടോ ?

 

വളരെ സാവധാനത്തിലാണ് ഈ നോവലുകൾ മലയാളി വായനക്കാർ സ്വീകരിക്കുന്നത്. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം സന്തോഷത്തിന് വകയുണ്ട്. പുരസ്‌കാര മഹിമയോ നിരൂപകപിന്തുണയോ  ഒന്നുമില്ലാതെ ഓഷ്‌വിറ്റ്സ് എട്ടു വർഷം ജീവിച്ചു. ഇന്നുമത് വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഓഷ്‌വിറ്റ്സ് സ്വീകരിക്കപ്പെട്ടതിന്റെ  ആത്മവിശ്വാസത്തിലാണ് ദാമിയന്റെ  അതിഥികൾക്കൊപ്പം ആറുവർഷം ചെലവഴിച്ചത്. മലയാളിത്തമില്ലാത്ത പ്രമേയം, ആഖ്യാന ശൈലിയിലെ വ്യത്യസ്തത, പുസ്തക മേഖലയിലെ കോവിഡ് ആലസ്യം..... ചിന്തിച്ചാൽ എല്ലാം വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങളാണ്. ഡാർവിൻ സിദ്ധാന്തം സാഹിത്യ മേഖലയിൽ ഏറെ പ്രസക്തമാണെന്ന് ഞാൻ കരുതുന്നു- അർഹതയുണ്ടെങ്കിൽ അതിജീവിക്കും.

 

∙ ഭാവി എഴുത്തുപദ്ധതികളും ലോകചരിത്രത്തിലൂടെയുള്ള സഞ്ചാരങ്ങളായിരിക്കുമോ ?

 

ആഖ്യാനശൈലിയിൽ കാലദേശങ്ങളുടെ വേലിക്കെട്ടുകൾ സ്ഥാപിക്കുവാൻ  ഉദ്ദേശ്യമില്ല. എച്ച്.ജി.വെൽസിന്റെ ടൈം മെഷീൻ എന്ന നോവലാണ് പെട്ടെന്ന് ഓർമ വന്നത്. അതിലെ കാലദേശാതീത യാത്രികന്റെ അതേ ആവേശമാണ് ഞാനും പങ്കുവയ്ക്കുന്നത്.

 

∙ വില്ലേജ് ഓഫിസർ പണി എഴുത്തിനെ എങ്ങനെ ബാധിക്കുന്നു ?

 

ഒരുപാടൊരുപാട്... നിരവധി ജീവിതങ്ങളെ അടുത്തറിയുന്നു. അവരുടെ പ്രശ്‌നങ്ങളിലും സന്താപങ്ങളിലും ദൈനംദിനം ഞാനും ഭാഗഭാക്കാകുന്നു. അൻപത് പേരോടെങ്കിലും ദിവസവും ഇടപഴകുന്നുണ്ട്. അതിനർഥം പ്രതിദിനം ഞാൻ അത്രത്തോളം പേരുടെ ക്ഷമയുള്ള കേൾവിക്കാരനാണെന്നാണ്. സ്വാഭാവികമായും ഔദ്യോഗിക ജീവിതം എഴുത്തിനെ സ്വാധീനിക്കുന്നുണ്ട്.

 

Content Summary : Pusthakakkazcha Column by Ravi Varma Thampuran on Arun Arsha