കേന്ദ്ര പുരസ്കാര പ്രഭയിൽ ലീലാവതി മലയാളം

Mail This Article
നൂറ്റാണ്ടു പിന്നിട്ട കാവ്യമാണ് ചിന്താവിഷ്ടയായ സീത. മലയാളത്തിലെ ആദ്യ ഫെമിനിസ്റ്റ് കാവ്യമെന്നു കീർത്തികേട്ട കുമാരനാശാന്റെ കൃതി. സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പിന് എം.ലീലാവതി അർഹയാകുമ്പോൾ ലീലാകാവ്യം കൂടിയാണ് അംഗീകരിക്കപ്പെടുന്നത്.
ലീലാകാവ്യത്തിൽ നിന്നാണ് ലീലാവതി എന്ന പേര് ജനിക്കുന്നത്. ആശാന്റെ കാവ്യങ്ങൾ നോട്ടുബുക്കിൽ പകർത്തി സൂക്ഷിക്കുമായിരുന്നു ലീലാവതിയുടെ അമ്മ. ചിന്താവിഷ്ടയായ സീതയായിരുന്നു ഏറ്റവും ഇഷ്ടകൃതി. കവിതയോടുള്ള ഇഷ്ടം മകൾക്ക് പേരിടുന്നതിലും പ്രതിഫലിച്ചപ്പോൾ ലീലാവതി എന്ന പേര് ജനിച്ചു. ആ പേരിൽ പ്രശസ്തയായ അധ്യാപികയും ചിന്തകയും നിരൂപകയുമായ ലീലാവതി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സംഭാവനകൾ ഇനിയും തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. പൊതുവെ സ്ത്രീകൾ കടന്നുചെല്ലാൻ മടിക്കുന്ന നിരൂപണ ശാഖയിൽ സ്വന്തം കയ്യൊപ്പ് ചാർത്തിയ അവർ പ്രൗഡ ഗ്രന്ഥങ്ങളിലൂടെ ഭാഷയ്ക്കു സമ്മാനിച്ചത് ശക്തി മാത്രമല്ല സൗന്ദര്യം കൂടിയാണ്. വൈകിയെങ്കിലും കേന്ദ്ര അക്കാദമിയുടെ ഫെലോഷിപ് ഏറ്റവും അർഹിക്കുന്ന വ്യക്തിക്കു തന്നെ ലഭിച്ചു എന്ന സവിശേഷതയുമുണ്ട്.
രാജ്യസ്വാതന്ത്ര്യത്തിനും മുൻപുള്ള കൊച്ചി രാജ്യത്ത് പത്താം ക്ലാസ് പരീക്ഷയിൽ പെൺകുട്ടികളിൽ ഒന്നാമതെത്തിയ ലീലാവതി അതിനും മുന്നേ ആദ്യ ലേഖനം എഴുതി പ്രസിദ്ധീകരിച്ചിരുന്നു. കേരള സ്ത്രീകളുടെ ഭാഷാ പാണ്ഡിത്യം എന്നായിരുന്നു ബാലമിത്രം മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേര്. സാഹിത്യ ലോകത്ത് എണ്ണപ്പെട്ട സ്തീകൾ അധികം പേരൊന്നും ഇല്ലാതിരുന്നു കാലത്താണ് ലീലാവതി ലേഖനം എഴുതിയത്. അതും പൊതുവെ പുരുഷൻമാർ മാത്രം കൈവയ്ക്കുന്ന ഭാഷാ വിജ്ഞാനീയത്തിൽ. 7–ാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ പ്രഭാഷകയായും അവർ പേരെടുത്തിരുന്നു. സാക്ഷാൽ ജോസഫ് മുണ്ടശ്ശേരിയുടെ സാന്നിധ്യത്തിലായിരുന്നു ആദ്യത്തെ പ്രസംഗം. അദ്ദേഹത്തിൽ നിന്ന് അനുമോദനം നേടിയ ലീലാവതി പിന്നീട് ക്ലാസ്സ് മുറികളിൽ തലമുറകൾക്ക് വിജ്ഞാനം പകർന്നു കൊടുത്തതിനൊപ്പം പ്രഭാഷകയായും പേരെടുത്തു.
ആദ്യകാലത്ത് വാരികകളിൽ കൃതികൾക്കൊപ്പം എഴുത്തുകാരുടെ പേര് മാത്രമാണു കൊടുത്തിരുന്നത്. ചിത്രം കൊടുക്കുന്ന പതിവ് അന്നില്ലായിരുന്നു. എന്നാൽ ലീലാവതിയുടെ ലേഖനത്തിനൊപ്പം പ്രശസ്ത കവിയും പത്രാധിപരുമായ എൻ.വി.കൃഷ്ണവാരിയർ ചിത്രം കൂടി ചേർത്തു. ലീലാവതി എന്ന കള്ളപ്പേരിൽ പുരുഷൻമാർ എഴുതിയതല്ലെന്നും ഒരു സ്ത്രീ തന്നെയാണ് ലീലാവതി എന്നു തെളിയിക്കാനും വേണ്ടിയായിരുന്നു അത്. അക്കാലത്ത് മലയാളത്തിൽ നിരൂപണ രംഗത്ത് സ്ത്രീകൾ ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ലീലാവതി ഏതെങ്കിലും പുരുഷൻ ആണെന്നു തെറ്റിധരിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇതു മുൻകൂട്ടിക്കണ്ടാണ് പത്രാധിപർ ലീലാവതിയുടെ ചിത്രം ലേഖനത്തിനൊപ്പം കൊടുത്ത് വായനക്കാരെ വിശ്വസിപ്പിച്ചത്. ഇതാ ഒരു സ്ത്രീ നിരൂപണ രംഗത്തേക്ക് കടന്നുവന്നിരിക്കുന്നു എന്ന പ്രഖ്യാപനമായിരുന്നു അത്. മലയാളത്തിലെ ഒട്ടുമിക്ക മികച്ച കവികളുടെയും കൃതികളെ സമഗ്രമായി പരിശോധിച്ച് ആധികാരികമായ ഗ്രന്ഥങ്ങൾ എഴുതിയ അവർക്ക് വയലാർ അവാർഡ് ലഭിച്ചത് സി.രാധാകൃഷ്ണന്റെ നോവലുകളെക്കുറിച്ചുള്ള പഠനത്തിനാണ്. അപ്പുവിന്റെ അന്വേഷണം എന്ന പേരിൽ എഴുതിയ കൃതിക്ക്.
നിരൂപണത്തിൽ സ്വന്തമായി വഴി വെട്ടിത്തുറന്ന എഴുത്തുകാരി കൂടിയാണ് ലീലാവതി. പൊതുവെ മുനയും മൂർച്ചയുമാണ് നിരൂപണത്തിന്റെ ശക്തി. വിമർശനം പലപ്പോഴും എഴുത്തുകാരുടെ കഴിവിനെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്കു മാറാറുമുണ്ട്. എന്നാൽ, സൗമ്യമധുരമായിരുന്നു ലീലാവതിയുടെ ശൈലി. സ്വന്തം വ്യക്തിത്വം എഴുത്തിലും പ്രതിഫലിക്കുന്ന അപൂർവത. വിമർശിക്കാൻ കൂട്ടാക്കാതിരുന്ന അവർ കാവ്യങ്ങളെക്കുറിച്ച് എഴുതിയപ്പോൾ അവയുടെ ആന്തരിക ലോകങ്ങളെ വെളിച്ചത്തുകൊണ്ടുവന്നു. അവ വായനക്കാർക്കു മാത്രമല്ല, എഴുത്തുകാർക്കുപോലും നൽകിയത് പുത്തൻ വെളിപാടുകൾ.
ലീലാവതി മലയാളത്തിൽ എഴുതിത്തുടങ്ങുമ്പോൾ അവരുടെ എഴുത്തിനെ ശീലാവതി മലയാളം എന്നു പരിഹസിച്ചവരുണ്ട്. എന്നാൽ കുരുത്തുള്ള എഴുത്തിലൂടെയാണ് അവർ മറുപടി പറഞ്ഞത്. ശീലാവതി മലയാളം എന്ന പരിഹാസപ്പേരിട്ടവർ ഒടുവിൽ ലീലാവതി മലയാളത്തിന്റെ സ്ഥിരം വായനക്കാരായി. ആരാധകരായി. മലയാളത്തിലെ ഒട്ടുമിക്ക പുരസ്കാരങ്ങളും ലഭിച്ച ലീലാവതിക്ക് ഇപ്പോൾ കേന്ദ്ര പുരസ്കാരവും ലഭിച്ചിരിക്കുന്നു; അർഹതയുടെ അംഗീകാരമായി.
Content Summary : Sahitya Akademi fellowship to Dr. M. Leelavathy