ഇതിഹാസ ജീവിതത്തിന്റെ ഏടുകൾ: ‘കഴിഞ്ഞ കാലം’ പറയുന്ന ചരിത്ര നിമിഷങ്ങൾ
‘നാളെ പത്തുമണിക്ക് നിന്റെ കഥ കഴിയും. നിന്നെ തൂക്കാം, വെടി വയ്ക്കാം, കഴുത്തുവെട്ടാം’. മനസ്സിൽ മിന്നിമറയുന്ന ദുർമരണ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി...K. P. Kesava Menon, Free Fighter, Journalist, Mathrubhumi
‘നാളെ പത്തുമണിക്ക് നിന്റെ കഥ കഴിയും. നിന്നെ തൂക്കാം, വെടി വയ്ക്കാം, കഴുത്തുവെട്ടാം’. മനസ്സിൽ മിന്നിമറയുന്ന ദുർമരണ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി...K. P. Kesava Menon, Free Fighter, Journalist, Mathrubhumi
‘നാളെ പത്തുമണിക്ക് നിന്റെ കഥ കഴിയും. നിന്നെ തൂക്കാം, വെടി വയ്ക്കാം, കഴുത്തുവെട്ടാം’. മനസ്സിൽ മിന്നിമറയുന്ന ദുർമരണ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി...K. P. Kesava Menon, Free Fighter, Journalist, Mathrubhumi
സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും കോൺഗ്രസ് നേതാവും മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്നു കെ.പി.കേശവമേനോൻ. അദ്ദേഹം പ്രസിഡന്റായിരുന്ന ഐക്യകേരള കമ്മിറ്റിയുടെ പ്രയത്നഫലമായാണ് 1956 നവംബർ ഒന്നിന് കേരളത്തിന് പ്രത്യേക സംസ്ഥാന പദവി ലഭിച്ചത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് കെ.പി.കേശവമേനോൻ സിംഗപ്പൂരിലായിരുന്നു. ഇന്ത്യൻ നാഷനൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതിന്റെ പേരിൽ ജപ്പാൻ സൈന്യം അദ്ദേഹത്തെയും പിടിച്ചു ജയിലിലടച്ചു. ചോദ്യം ചെയ്യലിൽ മിലിറ്ററി ഉദ്യോഗസ്ഥൻ കേശവമേനോനു നൽകിയ താക്കീത് കടുത്തതായിരുന്നു. ‘നാളെ പത്തുമണിക്ക് നിന്റെ കഥ കഴിയും. നിന്നെ തൂക്കാം, വെടി വയ്ക്കാം, കഴുത്തുവെട്ടാം’. മനസ്സിൽ മിന്നിമറയുന്ന ദുർമരണ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ഉറക്കം കെടുത്തി. താൽക്കാലികമായി മരണത്തിൽനിന്ന് രക്ഷപ്പെട്ട അദ്ദേഹത്തെ ലോക്കപ്പിൽനിന്നു മിലിറ്ററി ജയിലിലേക്ക് മാറ്റി... ഇത്തരത്തിൽ യുദ്ധകാലത്ത് അനുഭവിച്ച കഠിനയാതനകൾ പലതും ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയിൽ അദ്ദേഹം വിവരിക്കുന്നുണ്ട്. അര നൂറ്റാണ്ടിലേറെ നീണ്ട പൊതുജീവിതം, സ്വദേശത്തും വിദേശത്തും നയിച്ച വക്കീൽ ജീവിതം, കടക്കെണിയിൽ ഉഴറിയ വ്യക്തിജീവിതം, സ്വാതന്ത്യ്രസമര കോലാഹലങ്ങൾ... എല്ലാം ‘കഴിഞ്ഞ കാല’ത്തിൽ തെളിഞ്ഞുകാണാം. ക്ഷയരോഗം ബാധിച്ച് ഭാര്യ ലക്ഷ്മി മരിച്ചതിനെ തുടർന്ന് അവരുടെ സഹോദരി അമ്മുവിനെ വിവാഹം കഴിച്ചു. കാൻസർ ബാധിച്ച് അമ്മുവും മരിച്ചു. ഇവർ രണ്ടുപേരുടെയും പാവന സ്മരണയ്ക്കു മുന്നിലാണ് കേശവമേനോൻ ആത്മകഥ സമർപ്പിക്കുന്നത്.
കേരള സാഹിത്യ അക്കാദമി വർക്കിങ് പ്രസിഡന്റ്, മലബാർ ജില്ലാ കോൺഗ്രസിന്റെ പ്രഥമ സെക്രട്ടറി എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ച കേശവമേനോൻ സത്യഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവായിരുന്നു. സ്വാതന്ത്ര്യസമര കാലത്ത് തിരൂരങ്ങാടിയിലും പൂക്കോട്ടൂരും കലാപങ്ങൾ ഉണ്ടായപ്പോഴും വാഗൺ ട്രാജഡി നാടിനെ നടുക്കിയപ്പോഴും ജനങ്ങളുടെ ഐക്യത്തിനായി പ്രവർത്തിച്ചു. വൈക്കം സത്യഗ്രഹ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൂജപ്പുര സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ നിർദേശപ്രകാരമാണ് അദ്ദേഹം സിലോൺ ഹൈക്കമ്മിഷണർ പദവി ഏറ്റെടുക്കുന്നത്.
പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷമാണ് കേശവമേനോൻ ഉന്നതപഠനത്തിന് മദിരാശിയിലേക്കു പോകുന്നത്. 1912–ൽ ഇംഗ്ലണ്ടിലായിരുന്നു ബാരിസ്റ്റർ പഠനം. വിദ്യാർഥിയായിരുന്ന കാലം മുതൽ വിടാതെ പിൻതുടർന്ന കടക്കാരന്റെ ദുരിതങ്ങളും ആത്മകഥയിൽ വിവരിക്കുന്നുണ്ട്. സാമ്പത്തിക പ്രയാസങ്ങളായിരുന്നു വക്കീൽ ജോലിക്കായി അദ്ദേഹത്തെ കോഴിക്കോട്, മദിരാശി, മലയ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് നെട്ടോട്ടമോടിച്ചത്. അപ്പോഴെല്ലാം സാമുഹികസേവനത്തെയും കൂടെ കൂട്ടിയിരുന്നു.
കെ.പി.കേശവമേനോൻ
മുഴുവൻ പേര്: കിഴക്കെ പൊറ്റെ കേശവമേനോൻ
ജനനം: 1886 സെപ്റ്റംബർ 1ന് പാലക്കാട്ട്
മരണം: 1978 നവംബർ 9
ഭാര്യമാർ: ലക്ഷ്മി, അമ്മു
പ്രധാന കൃതികൾ:
കഴിഞ്ഞകാലം, നാം മുന്നോട്ട്, യേശുദേവൻ, നവഭാരത ശിൽപികൾ, ജീവിത ചിന്തകൾ, സായാഹ്ന ചിന്തകൾ, ബിലാത്തിവിശേഷം, രാഷ്ട്രപിതാവ്, ജവാഹർലാൽ നെഹ്റു, പ്രഭാതദീപം, ദാനഭൂമി, വിജയത്തിലേക്ക്.
ബഹുമതികൾ:
പത്മഭൂഷൺ, കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്, കോഴിക്കോട് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ്.
Content Summary : Athmakathayanam Column by Dr. M. K. Santhosh Kumar on K. P. Kesava Menon