ജീവിതത്തിൽ അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം പ്രതാപനെ വന്നു സ്പർശിച്ചു. അവിടെ നിന്നുകൊണ്ട് അയാൾ തന്റെ കൈകളിലേക്കു നോക്കി. പതിനാറു ദിവസം മുമ്പ് ഒന്നേമുക്കാൽ പവൻ വരുന്ന മാലയ്ക്കു വേണ്ടി അറുപത്തിരണ്ടു വയസ്സുള്ള ഒരു വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കൈകളാണത്. അതിനകം കൈകൾ നല്ലതുപോലെ ഉരച്ചുകഴുകാൻ

ജീവിതത്തിൽ അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം പ്രതാപനെ വന്നു സ്പർശിച്ചു. അവിടെ നിന്നുകൊണ്ട് അയാൾ തന്റെ കൈകളിലേക്കു നോക്കി. പതിനാറു ദിവസം മുമ്പ് ഒന്നേമുക്കാൽ പവൻ വരുന്ന മാലയ്ക്കു വേണ്ടി അറുപത്തിരണ്ടു വയസ്സുള്ള ഒരു വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കൈകളാണത്. അതിനകം കൈകൾ നല്ലതുപോലെ ഉരച്ചുകഴുകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം പ്രതാപനെ വന്നു സ്പർശിച്ചു. അവിടെ നിന്നുകൊണ്ട് അയാൾ തന്റെ കൈകളിലേക്കു നോക്കി. പതിനാറു ദിവസം മുമ്പ് ഒന്നേമുക്കാൽ പവൻ വരുന്ന മാലയ്ക്കു വേണ്ടി അറുപത്തിരണ്ടു വയസ്സുള്ള ഒരു വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കൈകളാണത്. അതിനകം കൈകൾ നല്ലതുപോലെ ഉരച്ചുകഴുകാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ അന്നുവരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം പ്രതാപനെ വന്നു സ്പർശിച്ചു. അവിടെ നിന്നുകൊണ്ട് അയാൾ തന്റെ കൈകളിലേക്കു നോക്കി. പതിനാറു ദിവസം മുമ്പ് ഒന്നേമുക്കാൽ പവൻ വരുന്ന മാലയ്ക്കു വേണ്ടി അറുപത്തിരണ്ടു വയസ്സുള്ള ഒരു വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കൈകളാണത്. അതിനകം കൈകൾ നല്ലതുപോലെ ഉരച്ചുകഴുകാൻ സാധിക്കാത്തതിനാൽ നഖങ്ങൾക്കിടയിൽ വൃദ്ധയുടെ ചോര അപ്പോഴും കറുത്തുകിടപ്പുണ്ടായിരുന്നു. അനവധി മോഷണങ്ങളും പിടിച്ചു പറികളും കത്തിക്കുത്തുകളും നടത്തിയിട്ടുണ്ടായിരുന്നെങ്കിലും അയാളൊരു നരഹത്യ ചെയ്യുന്നത് ആദ്യമായിട്ടാണ്. അതൊന്നും അയാൾക്കൊരു പ്രശ്‌നമായിരുന്നില്ല. എങ്കിലും ആദ്യത്തെ കൊലയുടെ അറപ്പ് തീർക്കാൻ അയാളൊന്ന് ഒളിച്ചിരുന്നു എന്നേയുള്ളൂ. 

 

ADVERTISEMENT

സുസ്‌മേഷ് ചന്ത്രോത്തിന്റെ ‘മരണത്തിനും  സ്വർണത്തിനുമരികെ’ എന്ന ചെറുകഥയിലെ ഏഴാമത്തെ ഖണ്ഡികയാണിത്. ആദ്യത്തെ ആറു ഖണ്ഡികകളിലായി കഥ നടക്കുന്ന സ്ഥലവും പശ്ചാത്തലവുമൊക്കെ വിവരിച്ച ശേഷമാണ് ഈ വരികളിലൂടെ നായകനായ പ്രതാപന്റെ സമ്പൂർണ സ്വഭാവചിത്രം അനാവരണം ചെയ്യുന്നത്. 

വൃദ്ധയെ കൊലപ്പെടുത്തിയ ശേഷം ദിവസങ്ങളോളം ഒളിവിലിരുന്നത് വനത്തെ തൊട്ടുകിടക്കുന്ന വിജനമായ തെങ്ങിൻതോപ്പിലാണ്. അവിടെനിന്ന് പുറത്തുകടന്ന്, വല്ലപ്പോഴും ചില വാഹനങ്ങൾ  മാത്രം കടന്നുപോവുന്ന നെടുമ്പാതയിലേക്കിറങ്ങിയപ്പോഴാണ് കൺമുന്നിലൊരു അപകടം നടക്കുന്നത്. വേഗത്തിൽ പോയൊരു ബൈക്കിനെ അതിലും വേഗത്തിൽ വന്നൊരു കാർ ഇടിച്ചിട്ടിട്ട്  നിർത്താതെ പോയി. പ്രതാപൻ നോക്കുമ്പോൾ അടുത്തെങ്ങും ആരുമില്ല. ബൈക്കോടിച്ചിരുന്ന യുവാവ് ചോരയിൽ കുളിച്ച്, ബോധരഹിതനായി വഴിയിൽ വീണു കിടക്കുകയാണ്. എങ്കിൽ, അയാളെയൊന്നു പരതാം എന്നു കരുതി അടുത്തു ചെന്നു ദേഹപരിശോധന നടത്തി. 

 

ജീൻസിന്റെ പോക്കറ്റിൽ പഴ്‌സ് ഉണ്ടായിരുന്നു. ഇരുപതിനായിരത്തിൽ കുറയാത്ത സംഖ്യയുടെ ആയിരത്തിന്റെ നോട്ടുകൾ പ്രതാപന്റെ കണ്ണിലൊരു തിളക്കം തന്നെയുണ്ടാക്കി. നോട്ടുകൾ വലിച്ചെടുത്ത ശേഷം കുറച്ചു വടക്കോട്ടു നടന്ന് ചതുപ്പിലെ വെള്ളം കുറഞ്ഞ ഭാഗത്തേക്ക് പഴ്‌സ് വലിച്ചെറിഞ്ഞു. പിന്നാലെ ഭാരമുള്ള ഒരു കല്ലുമെടുത്തെറിഞ്ഞു.

ADVERTISEMENT

അരക്കിലോമീറ്ററോളം നടന്ന ശേഷം മനസ്സിനെ മഥിക്കുന്ന ആലോചനയോടെ പ്രതാപൻ തിരിഞ്ഞു നടന്നു. ജീവിതത്തിൽ അന്നു വരെ തോന്നിയിട്ടില്ലാത്ത ഒരു വികാരം പ്രതാപനെ വന്നു സ്പർശിച്ചു. ആ വികാരത്തിന്റെ പ്രേരണയാൽ അയാൾ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചെത്തി. അദ്ഭുതകരമായ ഒരു കാര്യമാണ് അയാൾക്കവിടെ കാണാൻ കഴിഞ്ഞത്. അതിജീവനത്തിന്റെ അടയാളം പോലെ റോഡരികിൽ എഴന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു ആ മനുഷ്യൻ. പ്രതാപൻ ഓടിച്ചെന്ന് അയാളെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു. ചളുങ്ങിപ്പോയ ഹെൽമറ്റ് തലയിൽ നിന്നൂരിമാറ്റി. അതിസുന്ദരനായ ഏതോ ചെറുപ്പക്കാരനായിരുന്നു അത്. 

 

എനിക്ക് തല തിരിയുന്നു. ഞാൻ മരിച്ചുപോകും. എന്നെയൊന്ന്.... ആശുപത്രീയിൽ... എന്റെ ഫോണിൽ നിന്ന് വിളിക്കാമോ.... പഴ്‌സിൽ കാശുണ്ട്...

അത്രയും പറഞ്ഞൊപ്പിച്ചതും അയാളുടെ കൈകളിലേക്കുതന്നെ ചെറുപ്പക്കാരൻ ബോധം മറഞ്ഞ് കുഴഞ്ഞു വീണു. അപ്പോഴൊരു നീല സെൻ കാർ അവർക്കരികിൽ വന്നു നിന്നു. അതിനകത്തിരുന്ന സ്ത്രീയും പുരുഷനും ഭൂതദയ ഉള്ളവരായിരുന്നു. 

ADVERTISEMENT

തങ്ങൾ ഒരുമിച്ച് ബൈക്കിൽ വരികയായിരുന്നുവെന്നും അപകടത്തിൽ പരുക്കുപറ്റിക്കിടക്കുന്ന കൂട്ടുകാരനെ ആശുപത്രിയിലാക്കാൻ സഹായിക്കണമെന്നും പ്രതാപൻ അവരോടു പറഞ്ഞു. രണ്ടു പേരെയും ആശുപത്രിയിലാക്കിയ ശേഷം അവർ മടങ്ങി. 

ചെറുപ്പക്കാരനെ പരിശോധിച്ച ഡോ. സഞ്ജയ് പ്രതാപനോടു പറഞ്ഞു: അടിയന്തരമായിട്ട് ഓപ്പറേഷൻ വേണം. പണമില്ലേ കയ്യിൽ.

 

പ്രതാപൻ പോക്കറ്റിൽ കയ്യമർത്തിക്കൊണ്ട് അറിയാതെ പറഞ്ഞുപോയി: ഉണ്ട്.

ചെറുപ്പക്കാരന്റെ പഴ്‌സിൽ നിന്നെടുത്ത പണത്തിൽനിന്ന് 9800 രൂപ അയാൾ ആശുപത്രിയിൽ അടച്ചു. കയ്യിലെത്തിയ പണത്തിൽനിന്ന് 10,000 രൂപ നഷ്ടപ്പെടുത്തിയ താൻ ഒരു മണ്ടനല്ലേ, ഇനിയെങ്കിലും ഇവിടെനിന്ന് ഇറങ്ങിപ്പൊയ്ക്കൂടേ എന്ന് ചിന്തിച്ചുകൊണ്ടു നിൽക്കുമ്പോഴാണ്  പ്രതാപന്റെ കയ്യിലേക്ക്, ശസ്ത്രക്രിയയ്ക്കു കയറ്റിയ ചെറുപ്പക്കാരന്റെ ദേഹത്തുണ്ടായിരുന്ന ഷർട്ടും സ്വർണമാലയും രണ്ടു ചളുങ്ങിയ മോതിരങ്ങളും അറ്റൻഡർ വച്ചു കൊടുത്തത്. 

ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തുകൊണ്ടു വന്ന ചെറുപ്പക്കാരനെ ശുശ്രൂഷിച്ചുകൊണ്ട് പ്രതാപൻ അന്നും പിറ്റേന്നും ആശുപത്രിയിൽ കഴിഞ്ഞു. ജനറൽ വാർഡിലെ തറയിൽ ചെറുപ്പക്കാരന്റെ കട്ടിലിനരികെ രാത്രി അന്തിയുറങ്ങാൻ കിടക്കുമ്പോൾ തൊട്ടടുത്തായി ഉറങ്ങിക്കൊണ്ടിരിക്കുന്ന സ്ത്രീകളെയും പുരുഷൻമാരെയുമൊക്കെ അയാൾ നിരീക്ഷിച്ചു. അവരിൽ ചിലരുടെ ദേഹത്ത് വില കൂടിയ ആഭരണങ്ങൾ ഉണ്ടായിരുന്നു. സ്ത്രീകളിൽ ചിലർ ഭ്രമിപ്പിക്കുന്ന സൗന്ദര്യമുള്ളവരായിരുന്നു. രാത്രിയുടെ ആഴങ്ങളിലെപ്പോഴോ ധരിച്ചിരുന്ന വസ്ത്രം കാൽ മുട്ടിനുമുകളിലേക്ക് ഉയർന്ന്, ചുവന്നു നഗ്നമായ തുടയും കണങ്കാലുമൊക്കെ പ്രദർശിപ്പിച്ചു കിടന്ന തടിച്ച സ്ത്രീയുടെ ദേഹത്തേക്ക് ഉരുണ്ടുകയറാൻ പോലും പ്രതാപന്റെ ഉള്ളു വെമ്പി. പക്ഷേ, എന്തോ ഒന്ന് അയാളെ തടയുകയും പിന്തിരിപ്പിക്കുകയും ചെയ്തു.

മൂന്നാമത്തെ ദിവസം നേരം പുലരുമ്പോൾ ചെറുപ്പക്കാരൻ പ്രതാപന്റെ മുഖത്തു നോക്കി പറഞ്ഞു: എന്റെയൊരു മാലയുണ്ട്. നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളത് വിറ്റ് നിങ്ങൾക്ക് ചെലവായ പണം എടുത്തുകൊള്ളൂ. 

പ്രതാപൻ എണീറ്റു. ആശ്വാസത്തോടെ ചെറുപ്പക്കാരൻ ചിരിക്കാൻ ശ്രമിച്ചു. അയാൾക്ക് തുടർന്നെന്തെങ്കിലും പറയാൻ ഇട കിട്ടും മുമ്പ് പ്രതാപൻ തന്റെ പോക്കറ്റിൽനിന്ന് സ്വർണാഭരണങ്ങൾ വലിച്ചെടുത്തു. അതിൽ വൃദ്ധയുടെ കഴുത്തിൽനിന്നു പൊട്ടിച്ചെടുത്ത മാലയുമുണ്ടായിരുന്നു. പോക്കറ്റിൽനിന്ന് ബാക്കിയുണ്ടായിരുന്ന ആയിരത്തിന്റെ നോട്ടുകൾ കൂടി വലിച്ചെടുത്ത് എല്ലാം ചെറുപ്പക്കാരന്റെ തലയണയ്ക്കടിയിലേക്ക് പ്രതാപൻ വച്ചു. പിന്നെ ഒന്നും പറയാതെ തിടുക്കത്തിൽ പുറത്തേക്കു നടന്നു. വാർഡിൽ അപ്പോഴും മറ്റാരും ഉണർന്നിട്ടുണ്ടായിരുന്നില്ല.

 

വർഷങ്ങൾക്കു മുമ്പ് ഒരു ഓണപ്പതിപ്പിൽ ‘മരണത്തിനും സ്വർണത്തിനും അരികെ’ എന്ന കഥ അച്ചടിച്ചു വന്നതു വായിച്ച് ഞാൻ സുസ്‌മേഷ് ചന്ത്രോത്തിനെ ഫോണിൽ വിളിച്ചു. അളവില്ലാത്ത മനുഷ്യനന്മയുടെ, കൊടുംക്രിമിനലിനെപ്പോലും മാനസാന്തരപ്പെടുത്തിയെടുക്കുന്ന അക്ഷരവിദ്യയുടെ ഈ അപൂർവസുന്ദരശിൽപം സമ്മാനിച്ച എഴുത്തുകാരനോട് വായനക്കാരനെന്ന നിലയിലുള്ള എന്റെ നന്ദി അറിയിച്ചു. വർഷങ്ങൾക്കു ശേഷം ആ കഥ വീണ്ടും വായിക്കുമ്പോൾ സന്തോഷം അന്നത്തേക്കാൾ ഇരട്ടിക്കുന്നതേയുള്ളൂ. മരണ വിദ്യാലയം എന്ന സമാഹാരത്തിൽ സുസ്‌മേഷെഴുത്തുകളുടെ വശ്യത പരന്നുകിടക്കുന്ന ഹരിതമോഹനം, മരണവിദ്യാലയം, ഉപജീവിതകലോൽസവം, റെഡ് അറേബ്യ തുടങ്ങി വേറെ ഒൻപത് കഥകൾ കൂടിയുണ്ട്. 

 

നവാഗത എഴുത്തുകാർക്കു വേണ്ടി ഡിസി ബുക്‌സ് 2004ൽ നടത്തിയ നോവൽ കാർണിവൽ മൽസരത്തിൽ സമ്മാനാർഹമായ ഡി മുതൽ ഇടവേളയില്ലാത്ത എഴുത്തുമായി സുസ്‌മേഷ് നമുക്കിടയിലുണ്ട്. ചെറുകഥ, നോവൽ, തിരക്കഥ, നാടകം  തുടങ്ങി വിവിധ രചനാരൂപങ്ങളിലൂടെ അദ്ദേഹം സ്വയം വെളിപ്പെടുത്തി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. 2018 ൽ പത്മിനി എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു. ഇപ്പോളത് cave films and shows എന്ന ഒടിടിയിൽ ഓടുന്നുണ്ട്.

 

മതിലുകളും അതിരുകളുമില്ലാത്ത സമൂഹത്തെ സങ്കൽപിച്ചു കൊണ്ട് 2017 ൽ ഞാൻ പൂജ്യം എന്ന നോവൽ എഴുതിയപ്പോൾ സുഹൃത്ത് ടി.സി. രാജേഷാണ് പറഞ്ഞത് ഇടുക്കി ജില്ലയിലെ അടിമാലിക്കടുത്ത് വർഷങ്ങൾക്കുമുമ്പ് ഇങ്ങനെയൊരു ഗ്രാമം  നിലവിലിരുന്നു എന്ന്. സുസ്‌മേഷ് ജനിക്കുന്നതിനു വളരെ മുമ്പ് ആ ഗ്രാമം സൃഷ്ടിക്കപ്പെടുകയും പിന്നീട് ശിഥിലമാവുകയുമുണ്ടായി. എങ്കിലും ആ ഗ്രാമസങ്കൽപം നിലനിന്ന നാട്ടിൽനിന്ന് ഏറെയകലെയല്ലാതെ ജനിച്ചു വളർന്ന സുസ്‌മേഷ് പിന്നീട് പാലക്കാടേക്കും കൊച്ചിയിലേക്കും കൊൽക്കത്തയിലേക്കും ഒക്കെ പറിച്ചുനടപ്പെട്ടു. പ്രാദേശികതയുടെ അതിരുകളെ മറി കടന്ന് ആ എഴുത്തു വളർന്നു.

 

സുസ്‌മേഷ് എഴുതി കൊൽക്കത്തയിൽ അവതരിപ്പിച്ച ആനിദൈവം എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമി നടത്തിയ പ്രവാസി നാടക മത്സരത്തിൽ കിഴക്കൻ മേഖലയിൽനിന്ന് ഒന്നാം സ്ഥാനം ലഭിച്ചു.   

എഴുത്തിന്റെ മാത്രമല്ല, വായനയുടെയും വൈവിധ്യമാണ് ഈ എഴുത്തുകാരന്റെ ശക്തി. ഒരു സമാഹാരത്തിലെ പത്തു കഥകൾ പത്തുപേർ എഴുതിയതു പോലെ വ്യത്യസ്തവും മനോഹരവുമാകുന്നുവെങ്കിൽ അതിലധികമെന്തുവേണം ആ സമാഹാരം വില കൊടുത്തുവാങ്ങിയ വായനക്കാരന് ആനന്ദിക്കാൻ. 

 

സുസ്‌മേഷിനോടു സംസാരിച്ചാലോ?

 

‘മരണവിദ്യാലയം’ കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന്റെ ഹൃദയ ശൂന്യതയും വിദ്യാഭ്യാസ കച്ചവടത്തിന്റെ ക്രൂരമുഖവും അനാവരണം ചെയ്യുന്ന കഥയായാണ് എനിക്കു തോന്നിയത്. മിക്ക സ്വകാര്യ വിദ്യാലയങ്ങളും നടത്തുന്നത് മത, ആത്മീയ സംഘടനകളായതിനാൽ ഇത് അവരുടെ പൊള്ളത്തരത്തെയും പുറത്തു കൊണ്ടുവരുന്നു. കഥയുടെ  പശ്ചാത്തലം ഒന്നു വിവരിക്കാമോ?

 

പതിനൊന്നു വർഷം മുമ്പെഴുതിയ കഥയാണ് മരണവിദ്യാലയം. എറണാകുളം നഗരത്തിലെ താമസമാണ് ആ കഥ തന്നതെന്ന് പറയാം. പ്രവൃത്തി ദിവസങ്ങളിൽ തലങ്ങും വിലങ്ങും ഓടുന്ന സ്വകാര്യ സ്‌കൂൾ ബസുകളുടെ കാഴ്ചയും അതിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ മുഖവുമാണ് നേത്രി എന്ന കഥാപാത്രത്തിലേക്കെത്തിച്ചത്. സ്‌കൂൾ നടത്തുന്നത് സ്വകാര്യവ്യക്തിയായാലും മതസംഘടനകളായാലും നടക്കുന്നത് ചൂഷണമാണ്. മതം പ്രചരിപ്പിക്കാനും വർഗീയത വളർത്താനും പണം സമ്പാദിക്കാനുമെല്ലാം സ്‌കൂൾ നടത്തിപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു സ്വകാര്യ സ്‌കൂൾ എന്നാൽ നിസ്സഹായരായ അനേകം തട്ടിലുള്ള ആളുകളുടെ കൂട്ടമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്യൂൺ മുതൽ പ്രിൻസിപ്പൽ വരെ ഭയന്നാണു കഴിയുന്നത്. ഭയം ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനം ആത്മഹത്യയിലേക്കും കൊലയിലേക്കും വഴി കാണിച്ചുകൊടുക്കാതിരിക്കില്ല.

 

ഒരു എഴുത്തുകാരന്റെ  സംയമനത്തെ പരീക്ഷിക്കുന്ന മൂന്നു സന്ദർഭങ്ങൾ ആ കഥയിൽ എനിക്കു കാണാനായി. അദിതി എന്ന അധ്യാപിക നേത്രി എസ്. എന്ന വിദ്യാർഥിനിയോട് ഉത്തര പേപ്പർ  തിരുത്താൻ ആവശ്യപ്പെടുകയും അത് ചെയ്യിക്കുകയും ചെയ്യുന്ന സന്ദർഭമാണൊന്ന്. നേത്രിയുടെ തെറ്റ് ജസ്‌ന മിസ് കണ്ടുപിടിക്കുന്ന സന്ദർഭം രണ്ടാമത്തേത്. നേത്രി ടെയിനിനു മുന്നിലേക്ക് കയറി നിൽക്കുന്നതാണ് മൂന്നാം സന്ദർഭം. ഈ മൂന്നു സന്ദർഭങ്ങളും വായനക്കാരനെയും വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. ആ കഥയുടെ ആദ്യകരട് രൂപപ്പെട്ട ശേഷം അവസാന രൂപത്തിനിടയ്ക്ക് മാറ്റിയെഴുത്ത് എത്ര തവണ വേണ്ടി വന്നു?

 

ഓരോ കഥയും അനേകം തവണ മാറ്റിയെഴുതുന്നുണ്ട്. എഴുത്തിനിടയിലെ സൂക്ഷ്മപരിണാമങ്ങൾ വിവരിക്കാൻ സാധിക്കില്ലല്ലോ.

 

ഫ്‌ളാറ്റിലെ നിയമം എല്ലാവരും അനുസരിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാധ്യതപ്പെട്ട രാജൻ പിള്ളയും നിയമ ലംഘനം നടത്തി ഫ്‌ളാറ്റിൽ മരം വളർത്തുന്ന അരവിന്ദാക്ഷനും രമ്യതയിലാവുന്ന മുഹൂർത്തം ഹരിത മോഹനത്തെ മലയാളത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി കഥയാക്കുന്നുണ്ട്. പ്രകൃതിവിരുദ്ധൻ എന്ന് ആരോപിക്കപ്പെടാവുന്ന രാജൻ പിള്ളയുടെ ഉള്ളിലും ഒരു പ്രകൃതിസ്‌നേഹി ഒളിച്ചിരിക്കുന്നു എന്ന കണ്ടെത്തൽ അപൂർവ മനോഹാരിതയോടെ പറഞ്ഞു വച്ചിട്ടുണ്ട്. പക്ഷേ, യഥാർഥ ജീവിതത്തിൽ പ്രകൃതിചൂഷകരുടെ എണ്ണം കൂടി വരികയല്ലേ? ഇവരെ എങ്ങനെ പരിവർത്തിപ്പിക്കാൻ കഴിയും?

 

ഹരിതമോഹനത്തെ പരിസ്ഥിതി കഥയെന്ന ലേബലിൽ അവതരിപ്പിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. ഞാൻ പരിസ്ഥിതി എഴുത്തുകാരനോ മറ്റേതെങ്കിലും ടെംപ്ലേറ്റ് സൃഷ്ടിച്ച് അതിനകത്തു വരുന്ന കഥയെഴുതുന്ന ആളോ അല്ല. ഹരിതമോഹനത്തിൽ പറയാൻ ശ്രമിക്കുന്നത് മനുഷ്യബന്ധങ്ങളെക്കുറിച്ചാണ്. എല്ലായ്‌പ്പോഴും മനുഷ്യരുടെ മനസ്സും അവരുടെ ജീവിതവും പറയാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോൾ കഥയ്ക്കുള്ളിൽ പല പ്രശ്‌നങ്ങളും കയറിവരും. അതുപോലെ കയറി വരുന്നതാണ് റിയൽ എസ്‌റ്റേറ്റും സ്വകാര്യസ്‌കൂളും എല്ലാം. മരണവിദ്യാലയത്തിലും ഹരിതമോഹനത്തിലും ആത്യന്തികമായി ചർച്ച ചെയ്യുന്നത് ജീവിതത്തിലെ നിസ്സഹായതകളെക്കുറിച്ചാണ്. യഥാർഥ ജീവിതത്തിലെ പ്രകൃതിചൂഷകരുടെയോ മറ്റേതെങ്കിലും ചൂഷകരുടെയോ സ്വഭാവം മാറ്റലൊന്നും എന്റെ ലക്ഷ്യമല്ല. ഞാനൊരു പൊതുപ്രവർത്തകനോ ആക്ടിവിസ്‌റ്റോ ഒന്നുമല്ല. സാധാരണക്കാരനായ എഴുത്തുകാരൻ മാത്രമാണ്.

 

ഉപജീവിത കലോൽസവം ഒരു  കമ്യൂണിസ്റ്റ് വിമർശന കഥയായിരിക്കെത്തന്നെ കമ്യൂണിസ്റ്റ് ആരാധന നിറയുന്ന കഥയുമാണ്. രണ്ടും നമ്മൾ ആസ്വദിക്കും. പക്ഷേ, കുറെക്കാലമായി മലയാളത്തിൽ ഇറങ്ങുന്ന ചില കഥകളിലെങ്കിലും അരോചകമാം വിധം ഉപരിപ്ലവമായി രാഷ്ട്രീയം പ്രയോഗിക്കുന്നുണ്ട്. രാഷ്ട്രീയ കഥകളെക്കുറിച്ചുള്ള സങ്കൽപം എന്താണ് ?

 

മലയാളകഥയിൽ രാഷ്ട്രീയം പ്രയോഗിക്കുന്നത് ഉപരിപ്ലവമായിട്ടാണോ എന്ന് എനിക്ക് പറയാൻ കഴിയില്ല. ഒരു വർഷം പുറത്തുവരുന്ന എല്ലാ കഥകളും വായിക്കുന്ന ആളല്ല ഞാൻ. എന്തായാലും സാഹിത്യത്തിൽ ഒന്നും മുഴച്ചുനിൽക്കാൻ പാടില്ലെന്ന അഭിപ്രായം എനിക്കുണ്ട്. കലാത്മകമാവണം രചന. ഉപജീവിതകലോത്സവം എന്ന കഥയുടെ തീം മനസ്സിൽ വന്നപ്പോൾ അതെഴുതി എന്നേയുള്ളൂ. അതിലും ഞാൻ പറയാൻ ശ്രമിച്ചിട്ടുള്ളത് വ്യക്തികളുടെ സംഘർഷങ്ങളെക്കുറിച്ചാണ്. എല്ലായ്‌പ്പോഴും എന്റെ മുന്നിൽ കഥാപാത്രങ്ങളും അവർ നേരിടുന്ന പ്രശ്‌നങ്ങളും മാത്രമേയുള്ളൂ. അത് ഓരോ തവണയും വ്യത്യസ്തമായിരിക്കും.

 

ആത്മഹത്യ ചെയ്യാൻ പോകുന്ന മനുഷ്യനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടുവന്ന ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന ടി.പത്മനാഭൻ കഥ മലയാളത്തിലെ പ്രകാശം പരത്തുന്ന കഥകളിൽ ഏറ്റവും പ്രകീർത്തിക്കപ്പെട്ട ഒന്നാണ്. ഒ. ഹെൻറിയുടെ ദ് ലാസ്റ്റ് ലീഫ് തുടങ്ങി ലോക കഥയിലും ഇത്തരം ഒരു പാട് പോസിറ്റീവ് കഥകളുണ്ട്. തിന്മയിൽനിന്ന് മനുഷ്യനെ നന്മയിലേക്കു നയിക്കുക എന്ന മഹത്തായ സാഹിത്യ ധർമം നിർവഹിക്കുന്ന അത്തരത്തിൽ പെട്ടൊരു കഥയാണ് മരണത്തിനും സ്വർണത്തിനും അരികെ. ആ കഥയ്ക്ക് മലയാളത്തിലെ ഏറ്റവും മികച്ച കഥകൾക്കിടയിലാണ് സ്ഥാനം.  കൊടുംക്രിമിനലായ പ്രതാപന്റെ ഉള്ളിലെ നല്ല മനുഷ്യനെ പുറത്തു കൊണ്ടുവരുന്ന ക്ലൈമാക്‌സ് യഥാർഥ ജീവിതത്തിൽ സംഭവിക്കാനുള്ള സാധ്യത എത്ര ശതമാനം? 

 

കഥയിൽ അവതരിപ്പിക്കുന്ന കാര്യങ്ങൾക്ക് യഥാർഥജീവിതത്തിൽ എത്രത്തോളം സാധ്യതയുണ്ടെന്ന് അന്വേഷിക്കുന്നത് മണ്ടത്തരമാണെന്ന് ഞാൻ കരുതുന്നു. സാഹിത്യം എന്നത് ഫിക്‌ഷനാണ്, റിപ്പോർട്ടിങ്ങല്ല. മരണത്തിനും സ്വർണത്തിനുമരികെ എന്ന കഥയിലെ പ്രതാപന്റെ മനസ്സ് മാറാനുള്ള സാഹചര്യങ്ങൾ ആ കഥയിലുണ്ട്. അത് ലോജിക്കലാണ്. അത് ആ കഥയിലെ കഥാപാത്രത്തിനു മാത്രമാണ് ബാധകം. മറ്റൊരു കഥയിൽ പ്രതാപൻ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ക്ലൈമാക്‌സ് ഇതേ മട്ടിൽ ആകണമെന്നില്ല. അങ്ങനെ സംഭവിച്ചാൽ അത് ആ കഥാപാത്രത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതുപോലെയാവും. മനുഷ്യർക്കും കഥാപാത്രങ്ങൾക്കും ഫോട്ടോസ്റ്റാറ്റ് ഇല്ലല്ലോ. തിന്മയിൽനിന്നു നന്മയിലേക്ക് നയിക്കുകയാണ് സാഹിത്യത്തിന്റെ ധർമമെന്ന് കരുതുന്നില്ല. എഴുതുമ്പോൾ വായനക്കാരനെ പവിത്രീകരിക്കണമെന്ന് വിചാരിക്കാറില്ല. ചുറ്റിനുമുള്ളതും അവനവനിലുള്ളതുമായ അവസ്ഥകളും സാഹചര്യങ്ങളും വായിക്കുന്നയാളെ ബോദ്ധ്യപ്പെടുത്തണമെന്നു മാത്രമേ വിചാരിക്കാറുള്ളൂ. സാഹിത്യം വായിച്ചാലോ മതഗ്രന്ഥങ്ങൾ വായിച്ചാലോ ഒക്കെ ആളുകൾ നന്നാവുമെന്ന് തോന്നുന്നില്ല. നല്ല മാതാപിതാക്കൾ കാര്യകാരണബോധ്യത്തോടെയും ഉത്തരവാദിത്തത്തോടെയും പുരോഗമനാശയങ്ങളോടെയും മക്കളെ വളർത്തിയാൽ മാത്രമേ ആളുകൾ നന്നാവുകയുള്ളൂ.

 

എഴുത്തും വായനയും ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും കുറേ വർഷം മുമ്പു വരെ കൊൽക്കത്ത ഒരു സ്വർഗഭൂമിയായി തോന്നിയിട്ടുണ്ടാവണം. ഇപ്പോഴത്തെ കൊൽക്കത്ത എങ്ങനെ? കലയും സാംസ്‌കാരികപ്രവർത്തനങ്ങളും എഴുത്തും ഒക്കെ എങ്ങനെ?

 

ഇതൊക്കെ സാഹിത്യം വായിക്കുകയോ എഴുതുകയോ ചെയ്യുന്ന ന്യൂനപക്ഷത്തിന്റെ ഉള്ളിലെ വിചാരങ്ങളാണ്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ മുപ്പതിനായിരം ആളുകൾ പോലും കൊൽക്കത്തയ്ക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടാവുമെന്ന് ഞാൻ കരുതുന്നില്ല. വെറുതേ കൊണ്ടുപോകാം എന്നു പറഞ്ഞാൽ പോലും അങ്ങോട്ടുപോകില്ല. അവിടുള്ള മനുഷ്യരൊക്കെ ഇങ്ങോട്ടു വരികയല്ലേ എന്നു തിരിച്ചുചോദിക്കും. കാരണം സാധാരണക്കാരന്റെ പ്രധാന വിഷയം കൊൽക്കത്തയോ സാഹിത്യവായനയോ ഒന്നുമല്ല. ലോട്ടറിയെടുക്കുന്നവരും രാഷ്ട്രീയക്കാരും സന്ന്യാസികളും ബിസിനസുകാരുമടങ്ങിയ സാധാരണക്കാരല്ലാത്തവരുടെയും വിഷയം സാഹിത്യമല്ല. സാഹിത്യം വായിക്കുന്ന ചെറിയ വിഭാഗം ആളുകളുടെ ഭ്രമാത്മകതയെ കാര്യമായിട്ടെടുക്കാതിരിക്കുന്നതാണ് നല്ലത്.

 

കൊൽക്കത്ത എന്നല്ല ഒരു ഭൂമിയും സ്വർഗമാവില്ല; നമ്മുടെ വിചാരങ്ങളിലും പ്രവൃത്തികളിലും മനുഷ്യപ്പറ്റും ദയയും കാരുണ്യവും ഇല്ലെങ്കിൽ. ഞാൻ പല നാടുകളിലും കഴിഞ്ഞിട്ടുണ്ട്. ഭൂട്ടാനിലും ബംഗാളിലും ലഡാക്കിലും കശ്മീരിലും വിപുലമായി സഞ്ചരിച്ചിട്ടുണ്ട്; ദക്ഷിണേന്ത്യയിലും. ഇനിയും വേറിട്ട ഭൂപ്രദേശങ്ങളിൽ ചെന്ന് ജീവിക്കാൻ ആഗ്രഹമുണ്ട്. ചെന്നു പറ്റിയ സ്ഥലത്തെല്ലാം ഞാൻ മനുഷ്യരെ മാത്രമേ കണ്ടിട്ടുള്ളൂ. ജാതിയോ മതമോ നിറമോ ഭാഷയോ കണ്ടിട്ടില്ല. മറ്റൊരാൾ കഴിക്കുന്ന ഭക്ഷണം അവരോടൊപ്പം പങ്കുവച്ചു കഴിക്കാൻ തയാറാകുമ്പോൾ സംഭവിക്കുന്ന സാഹോദര്യത്തിലാണ് കാര്യമിരിക്കുന്നത്. അങ്ങനെ ചെയ്യാൻ നിങ്ങൾ തയാറായാൽ നിങ്ങൾക്കവിടെ സമാധാനവും സന്തോഷവും വിനോദവും കിട്ടും, കൊൽക്കത്തയിലായാലും.

 

എഴുത്തും വായനയും യാത്രയും ആയി തിരക്കിട്ട ജീവിതം നയിച്ച ആളിനെ കോവിഡ്കാലം എങ്ങനെ രൂപപ്പെടുത്തി ?

 

ഒരു കാലത്തും യാതൊരു തിരക്കും എനിക്കുണ്ടായിട്ടില്ല. തിരക്കുള്ള ജീവിതം ഉണ്ടാവരുതേ എന്നാഗ്രഹിക്കുന്ന ആളുമാണ്. കോവിഡ് കാലത്ത് കോവിഡ് വന്നു എന്നതാണ് സന്തോഷം. അതിന്റെ ശാരീരികബുദ്ധിമുട്ടുകളും ഉണ്ടായി. പിന്നീടതെല്ലാം മാറി. അതെല്ലാം അനുഭവമല്ലേ. കോവിഡ് വരാതിരുന്നെങ്കിൽ ശരിക്കും വിഷമം വന്നേനെ. കാരണം ഇതുപോലൊരു മഹാമാരി ഇനിയെന്നു ലോകത്തെ ബാധിക്കുമെന്ന് നമുക്കുറപ്പില്ല. അപ്പോൾ അതിലൂടെ നാം അതനുഭവിച്ച് കടന്നുപോകേണ്ടതുണ്ട്. അതു സംഭവിച്ചു. കോവിഡിന്റെ പ്രത്യേകതയായി പലരും പറയുന്നത് ലോക്ഡൗൺ ജീവിതമാണല്ലോ. ലോക്ഡൗണിൽ ഒൻപത് മാസത്തോളം കൊൽക്കത്തയിൽ തനിയെ താമസിച്ച ആളാണ് ഞാൻ. എനിക്ക് തരിപോലും ഏകാന്തതയോ ഭയമോ തോന്നിയില്ല. ഫ്‌ളാറ്റിൽനിന്നു നടക്കാൻ പോലും പുറത്തിറങ്ങാതെയാണ് കഴിഞ്ഞത്. എന്നിട്ടും ഒന്നും തോന്നിയില്ല. ഏതാണ്ട് പതിനൊന്നുവർഷമായി ലോക്ഡൗണിൽ ജീവിക്കുന്ന എനിക്ക് ഇതിലെല്ലാം എന്ത് പ്രത്യേകത തോന്നാനാണ്..? ജെ.ഡി. സാലിഞ്ചറുടെ കോൾഫീൽഡിനെപ്പോലെയാണ് ഞാൻ ചിലപ്പോഴെങ്കിലും. അല്ലെങ്കിൽ മുറാകാമിയുടെ വാട്ടെനാബെയെപ്പോലെ.

 

പല കാരണങ്ങളാൽ എഴുത്തും എഴുത്തുകാരും വെല്ലുവിളി നേരിടുന്ന കാലം എന്ന് പറയപ്പെടുന്നു. എന്താണ് അനുഭവം ?

 

ആർക്കാണ് വെല്ലുവിളി ഇല്ലാത്തത്? ദാവൂദ് ഇബ്രാഹിമിനും പെട്ടിക്കട നടത്തുന്ന മത്തായിച്ചേട്ടനും അവരവരുടെ ജീവിതത്തിൽ വെല്ലുവിളി ഇല്ലേ..? ജാതിമതരാഷ്ട്രീയത്തിനും വർഗീയതയ്ക്കും ഏകമതരാജ്യത്തിനും ദൈവത്തിനും എതിരെയുള്ള അഭിപ്രായങ്ങളുടെ പേരിൽ മനുഷ്യനുണ്ടാവുന്ന വെല്ലുവിളിയാണ് ഉദ്ദേശിച്ചതെങ്കിൽ മനുഷ്യരാശി ഉണ്ടായ കാലം മുതൽ ഉള്ളതാണ് അതെല്ലാം. ഈ ലോകത്ത് സംഭവിക്കുന്ന ഒന്നിലും പുതുമയില്ല.

 

ഓരോ മനുഷ്യനും സ്വയം കണ്ടെത്താനുള്ള അവസരം ഒരുക്കുകയാണ് സാഹിത്യത്തിന്റെ ധർമം എന്ന് പറയാറുണ്ട്. നമ്മുടെ നാട്ടിൽ ഇറങ്ങുന്ന പുസ്തകങ്ങളിലൂടെ വായനക്കാർ അവനവനെ കണ്ടെത്തുന്നുണ്ടാവുമോ?

 

1989 ൽ ബ്രിട്ടിഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറയ്ക്ക് ബുക്കർ സമ്മാനം ലഭിക്കുമ്പോൾ ഞാൻ ഏഴാം ക്ലാസിലാണ്. അദ്ദേഹത്തിന് ബുക്കർ കിട്ടി അഞ്ചു കൊല്ലത്തിനുള്ളിലെങ്കിലും ‘ദ് റിമെയ്ൻസ് ഓഫ് ദ് ഡേ’ വായിക്കാൻ എനിക്ക് സാധിച്ചിരുന്നെങ്കിൽ എന്റെ സാഹിത്യചിന്തകളുടെ ഭൂമിക മാറിപ്പോകുമായിരുന്നു. ആ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ മുന്നോട്ടു കയറിയത്. കൊൽക്കത്തയിൽ ജീവിക്കുന്നതുപോലും നാട്ടിൽ കിട്ടാത്തതു വായിക്കാനാണെന്ന് പറയാം.

2020 ൽ കോമൺവെൽത്ത് കഥാപുരസ്‌കാരം കിട്ടിയത് ജാർഖണ്ഡുകാരിയായ കൃതിക പാണ്ഡേയ്ക്കാണ്. ഗ്രാന്റ് ഡോട്ട് കോമിലാണ് അവരുടെ ‘ദ് ഗ്രേറ്റ് ഇന്ത്യൻ ടീ ആൻഡ് സ്‌നാക്‌സ്’ വായിക്കുന്നത്. സവർണ ഹൈന്ദവ രാഷ്ട്രീയത്തെയും മുസ്‌ലിം ന്യൂനപക്ഷവേട്ടയെയും പ്രമേയമാക്കുന്ന കഥയാണിത്. കഥയുടെ കരുത്ത് വെളിവാക്കുന്ന കഥ. നോവലിന്റെ കരുത്ത് കാണിച്ചുതന്നത് നികോസ് കസാൻദ്‌സാക്കീസാണ്. ഇരുപത് വയസ്സിനുമുമ്പ് അദ്ദേഹത്തെ വായിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കാറുണ്ട്. 

ഒൻപത് തവണ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ടയാളാണ് കസാൻദ്‌സാക്കീസ്. പക്ഷേ അദ്ദേഹത്തിനത് ലഭിച്ചില്ല. എനിക്കതിൽ സങ്കടമില്ല. തത്വചിന്തയുടെയും ധിഷണയുടെയും സാന്നിധ്യമില്ലാത്ത സാഹിത്യം വായിക്കേണ്ടിവരുമ്പോൾ നമ്മൾ ഇവരെപ്പോലുള്ളവരെ സവിശേഷമായി ഓർക്കും. അതാണ് അവരുടെ മഹത്വം. ദസ്തയേവ്‌സ്‌കി നിലനിൽക്കുന്നത് സാഹിത്യത്തിൽ വിളക്കിച്ചേർത്തിട്ടുള്ള അപരമനശ്ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും ഉൾക്കാഴ്ചയുടെയും കരുത്തിലാണ്. അലക്‌സി പെട്രോവിച്ചിനെപ്പറ്റി നടേഷ പറയുന്നത് വായിക്കുമ്പോൾ അലക്‌സി ഞാനാണെന്ന് എനിക്കു തോന്നാറുണ്ട്. ദസ്തയേവ്‌സ്‌കിക്കു മുന്നിൽ മുട്ടുകുത്തും അപ്പോൾ. അസാധ്യമായ സത്യസന്ധതയാണ് സാഹിത്യത്തിന്റെ വിജയം എന്ന് എന്നെ പഠിപ്പിച്ചത് ദസ്തയേവ്‌സ്‌കിയും പി. കുഞ്ഞിരാമൻ നായരുമാണ്.

മുറാകാമിയുടെ കോബയാഷി പുസ്തകശാല പോലെ ഒരെണ്ണം കുട്ടിക്കാലത്തുണ്ടായിരുന്നെങ്കിൽ എന്ന മോഹവും വലുതാണ്. ഗ്രന്ഥശാലയുള്ളിടത്ത് വളരുന്ന കുട്ടിയാവാനാണ് ഇനിയും തീരാത്ത കൊതി.

മാർഗരറ്റ് ആറ്റ് വുഡ് എന്ന കനേഡിയൻ എഴുത്തുകാരിയെക്കുറിച്ച് മൈക്കേൽ റൂബോ എന്ന ഓസ്‌ട്രേലിയൻ ഫിലിം മേക്കർ എടുത്ത ഡോക്യുമെന്ററിയാണ് ‘മാർഗരറ്റ് ആറ്റ് വുഡ്: വൺസ് ഇൻ ഓഗസ്റ്റ്’. ഈ ചിത്രത്തിന് രചന നടത്തിയത് മാധവിക്കുട്ടിയെക്കുറിച്ച് ‘ദ് ലവ് ക്യൂൻ ഓഫ് മലബാർ’ എഴുതിയ മെറിലി വിസ്‌ബോഡ് ആണ്. പുസ്തകം മാത്രമല്ല ഡോക്യുമെന്ററികളും സിനിമകളും നമ്മെ മുന്നോട്ട് നീക്കുന്നുണ്ട്.

ഒ.വി.വിജയന്റെ കടൽത്തീരത്ത്, കാഫ്കയുടെ മാരീഡ് കപ്പിൾ, മാർക്കേസിന്റെ ഡെത്ത് കോൺസ്റ്റന്റ് ബിയോണ്ട് ലവ്, റെയ്മണ്ട് കാർവറുടെ കത്തീഡ്രൽ, ആംബ്രോസ് ബിയേഴ്‌സിന്റെ ആൻ അക്വറൻസ് അറ്റ് ഓൾ ക്രീക്ക് ബ്രിജ്, ജാക്ക് ലണ്ടന്റെ ടു കിൽ എ മാൻ, ദ് വൈറ്റ് സൈലൻസ്... എന്നെ സംബന്ധിച്ച്, വായിക്കുമ്പോഴാണ് ഞാൻ യഥാർഥത്തിൽ കണ്ണാടി നോക്കുന്നത്.

 

Content Summary : Pusthakakkazcha Column by Ravi Varma Thampuran on Susmesh Chandroth