കണ്ടുമുട്ടിയവരുടെ മനസ്സ് മോഷ്ടിച്ചത് പിന്നീട് കഥകളാക്കി !
നമുക്കു ചുറ്റുമുള്ള ജീവിതം ഒരു സൂക്ഷ്മദർശനിയിലെന്നവണ്ണം അനുഭവവേദ്യമാക്കും അനിൽ ദേവസ്സിയുടെ കഥകൾ. ആ വാക്കുകളിലെ നേരിന്റെ ചൂട് പൊള്ളിക്കും. ഇതെന്റെ ജീവിതം തന്നെയാണല്ലോ, ഇതെന്റെ സഹജീവിയുടെ കണ്ണീരോ ചിരിയോ ആണല്ലോ എന്നൊരു നിമിഷം ഓർമിപ്പിക്കും. പണമില്ലാതെ ഉപരിപഠനം മുടങ്ങിയ കാര്യം വീട്ടിലറിയാതിരിക്കാൻ
നമുക്കു ചുറ്റുമുള്ള ജീവിതം ഒരു സൂക്ഷ്മദർശനിയിലെന്നവണ്ണം അനുഭവവേദ്യമാക്കും അനിൽ ദേവസ്സിയുടെ കഥകൾ. ആ വാക്കുകളിലെ നേരിന്റെ ചൂട് പൊള്ളിക്കും. ഇതെന്റെ ജീവിതം തന്നെയാണല്ലോ, ഇതെന്റെ സഹജീവിയുടെ കണ്ണീരോ ചിരിയോ ആണല്ലോ എന്നൊരു നിമിഷം ഓർമിപ്പിക്കും. പണമില്ലാതെ ഉപരിപഠനം മുടങ്ങിയ കാര്യം വീട്ടിലറിയാതിരിക്കാൻ
നമുക്കു ചുറ്റുമുള്ള ജീവിതം ഒരു സൂക്ഷ്മദർശനിയിലെന്നവണ്ണം അനുഭവവേദ്യമാക്കും അനിൽ ദേവസ്സിയുടെ കഥകൾ. ആ വാക്കുകളിലെ നേരിന്റെ ചൂട് പൊള്ളിക്കും. ഇതെന്റെ ജീവിതം തന്നെയാണല്ലോ, ഇതെന്റെ സഹജീവിയുടെ കണ്ണീരോ ചിരിയോ ആണല്ലോ എന്നൊരു നിമിഷം ഓർമിപ്പിക്കും. പണമില്ലാതെ ഉപരിപഠനം മുടങ്ങിയ കാര്യം വീട്ടിലറിയാതിരിക്കാൻ
നമുക്കു ചുറ്റുമുള്ള ജീവിതം ഒരു സൂക്ഷ്മദർശനിയിലെന്നവണ്ണം അനുഭവവേദ്യമാക്കും അനിൽ ദേവസ്സിയുടെ കഥകൾ. ആ വാക്കുകളിലെ നേരിന്റെ ചൂട് പൊള്ളിക്കും. ഇതെന്റെ ജീവിതം തന്നെയാണല്ലോ, ഇതെന്റെ സഹജീവിയുടെ കണ്ണീരോ ചിരിയോ ആണല്ലോ എന്നൊരു നിമിഷം ഓർമിപ്പിക്കും. പണമില്ലാതെ ഉപരിപഠനം മുടങ്ങിയ കാര്യം വീട്ടിലറിയാതിരിക്കാൻ ക്ലാസിൽ പോകാതെ റെയിൽവേ മേൽപാലത്തിനു മുകളിൽ മണിക്കൂറുകളിരുന്നു പുസ്തകം വായിച്ച കുട്ടിയിലേക്ക് ഇന്നത്തെ അനിൽ ദേവസ്സിയിൽ നിന്ന് അധികം ദൂരമില്ല. വീട്ടുചെലവു നടത്താൻ അപ്പച്ചനോടൊപ്പം വർഷങ്ങളോളം ടൗണിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നപ്പോഴും അനിലിന്റെ നോട്ടം വാങ്ങാനെത്തുന്നവരുടെ ശരീരം കടന്നു മനസ്സിൽ തൊട്ടിരുന്നു. പിന്നീടു ജീവിതം കെട്ടിപ്പടുക്കാൻ ദുബായിലെത്തിയപ്പോൾ കൂടെ ജോലി ചെയ്യുന്നവരുടെയും ഫ്ലാറ്റിലെ അയൽവാസികളുടെയും മെട്രോ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന അപരിചിതരുടെയും മനസ്സു വായിക്കാൻ അനിലിന് വളരെയെളുപ്പം കഴിഞ്ഞതും അനുഭവങ്ങളുടെ ആ പാഠങ്ങൾ ആഴത്തിൽ പതിഞ്ഞിരുന്നതു കൊണ്ടു തന്നെയാകണം. മരണക്കിണർ, കളമെഴുത്ത്, വെട്ടിക്കൂട്ട്, പാതിരാകനി, ഗൂഗിൾമേരി പോലുള്ള തന്റെ വിവിധ കഥകളിലും ‘യാ ഇലാഹി ടൈംസ്’ എന്ന നോവലിലും അനിൽ വരച്ചിടുന്ന ജീവിതങ്ങൾ വായനക്കാരുടെ ഹൃദയം തൊടുന്നത് അതവരുടെ വേദനകളും സന്തോഷങ്ങളും തന്നെയായതിനാലാണ്. മാനവികതയുടെ പക്ഷമാണ് അനിൽ ദേവസ്സിയുടെ കഥകളുടേത്. കരുതലും സ്നേഹവുമാണ് അവയുടെ ഭാഷ. അനിലുമൊത്ത് ഒരു ദീർഘഭാഷണം.
മനുഷ്യമനസ്സിന്റെ നിഗൂഢമായ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന കഥയാണ് ‘മരണക്കിണർ’. പുറംലോകത്തേക്കു തിരിച്ചു വച്ചിരിക്കുന്ന ദൂരദർശനിയിലൂടെ കാണുന്ന കാഴ്ചകളിൽ അന്ധമായി വിശ്വസിച്ചു വിവിധ പദ്ധതികൾ മെനയുന്ന മനസ്സിനെയും ഒടുവിൽ ആ ദൂരദർശനി അകത്തേക്കു തിരിച്ചു കഴിയുമ്പോൾ ആ മനസ്സിനു സംഭവിക്കുന്ന തകിടംമറിച്ചിലുകളെയുമാണ് ഉദ്വേഗഭരിതമായൊരു കഥയിലൂടെ അനിൽ കാണിച്ചുതരുന്നത്. മനസ്സാകുന്ന മരണക്കിണറിൽ നിന്നു പുറത്തുകടക്കാനാകാത്ത ജീവിതങ്ങളുടെ നേർക്കാഴ്ചയും പകരുന്നുണ്ട് കഥ. അനിലിന് ‘മരണക്കിണർ’ കാഴ്ച ലഭിച്ചതെങ്ങനെയാണ്? അതൊരു കഥയായി മാറിയതെങ്ങനെ?
2020 ജനുവരിയിലാണ് ഞാനും കുടുംബവും അവസാനമായി നാട്ടിലെത്തുന്നത്. ഫെബ്രുവരി പകുതിയോടെ ഞാൻ ദുബായിലേക്ക് തിരിച്ചുപോരുകയും ചെയ്തു. ഭാര്യയും മോനും ഒരു മാസം കൂടുതൽ നാട്ടിൽ നിന്നതിനുശേഷം മാർച്ച് അവസാനത്തോടെ മടങ്ങിവരാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. പക്ഷേ, കൊറോണ പണി പറ്റിച്ചു. അവർ നാട്ടിൽ കുടുങ്ങിപ്പോയി. ലോകം മുഴുവൻ പൂട്ടിക്കെട്ടുന്ന കാഴ്ചയാണ് തുടർന്നു കാണാൻ കഴിഞ്ഞത്. ഇതിനോടകം തന്നെ ഒരു നോവലെഴുത്തിൽ കുടുങ്ങിപ്പോയ ഞാൻ ഏകാന്തവാസത്തെ എങ്ങനെയെങ്കിലും മുതലാക്കണമെന്ന ലാക്കോടെ കൊണ്ടുപിടിച്ച എഴുത്തിലേക്ക് വീണുപോവുകയായിരുന്നു. എഴുത്തും വായനയും ഒരിക്കലും മടുക്കാത്ത അവനവൻ ആനന്ദമായതുകൊണ്ടു കിട്ടാവുന്ന സമയമൊക്കെ അതിൽ മുഴുകുകയായിരുന്നു. അപ്പോൾ, എഴുതിക്കൊണ്ടിരിക്കുന്ന നോവലിലെ കഥാപാത്രങ്ങൾ കുഴക്കുന്ന ഒരു ചോദ്യവുമായി എന്നെ സമീപിച്ചു. ഈ നോവൽ പൂർണമാക്കാൻ കഴിയാതെ നീയെങ്ങാനും തട്ടിപ്പോയാൽ ഞങ്ങളുടെ ഭാവി എന്താകുമെന്നായിരുന്നു ആ ചോദ്യം. സത്യം പറയാമല്ലോ, നോവൽ പൂർണമാക്കാൻ കഴിയാതെ ഞാനെങ്ങാനും മരിച്ചുപോകുമോ എന്നൊരു ഭയം എന്നെ പിടികൂടി. സ്വിച്ചിട്ടപോലെ എഴുത്ത് സ്റ്റോപ്പായി. ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിലാണ് ജീവിതം. തൊട്ടടുത്തുള്ളവരെയൊന്നും വലിയ പരിചയമില്ല. മാത്രമല്ല, എല്ലാവരും കൊറോണയുടെ ഭീതിയിലുമാണ്. ഞാനെങ്ങാനും ഉറക്കത്തിൽ തട്ടിപ്പോയാൽ ഒരു മനുഷ്യനും അറിയാൻ പോകുന്നില്ല; എന്റെ കഥാപാത്രങ്ങൾ ഒഴികെ. അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോഴാണ് മനസ്സ് ഒരു മരണക്കിണർ ആകുന്നത്. മരണത്തെ മടിയിൽ കൊണ്ടു നടക്കുന്ന ഒരു മനുഷ്യൻ. മനുഷ്യമനസ്സുകളുടെ താളപ്പിഴകൾ ശരിയാക്കാൻ കഴിവുള്ള ഒരു ഡോക്ടർ. ഇവർക്കിടയിൽ പെട്ടുപോയ ഞാൻ നോവൽ എഴുത്ത് നിർത്തിവച്ചു മരണക്കിണർ എഴുതാൻ തുടങ്ങി. ഒരു വർഷത്തിനിപ്പുറം, ആ കഥ ഭാഷാപോഷിണിയിൽ അച്ചടിച്ചുവന്നിരിക്കുന്നു.
പരിഭവങ്ങൾ പറഞ്ഞുതീർക്കാതെ അത്രമേൽ പ്രിയപ്പെട്ട ഒരാൾ മരണത്തിലേക്കും മറ്റേയാൾ ജീവിതത്തിലേക്കും ഒറ്റപ്പെടുന്നതിനെ ലോകാവസാനം എന്നാണു ‘കളമെഴുത്ത്’ എന്ന കഥയിൽ അനിൽ വിശേഷിപ്പിക്കുന്നത്. എത്ര ചേതോഹരം. പ്രണയത്തിന്റെയും മരണത്തിന്റെയും ജീവിതത്തിന്റെയും വർണപ്രപഞ്ചം കളമെഴുത്താചാരത്തിന്റെ ചുറ്റുവട്ടങ്ങളിൽ മനോഹരമായി വരച്ചുചേർത്ത കഥയാണ് കളമെഴുത്ത്. ആലപ്പുഴയ്ക്കും തൃശൂരിനുമിടയിൽ പ്രണയത്തിന്റെ വർണപ്രപഞ്ചം വിടർത്തിപ്പിടിച്ച കൊച്ചിയെക്കുറിച്ചും മുകളിലത്തെ ഫ്ലാറ്റിൽനിന്നു മുല്ലവള്ളികളിലൂടെ താഴത്തെ ഫ്ലാറ്റിലേക്ക് ഊർന്നിറങ്ങിയെത്തുന്ന കൊതിപ്പിക്കുന്ന മീൻമണത്തെക്കുറിച്ചും എഴുതുമ്പോൾ ബെന്നിക്കുഞ്ഞിനും ഉമ്മച്ചിക്കും ഉണ്ണിയച്ഛനുമൊപ്പം വായനക്കാരും ജീവിക്കുകയാണ്. കളമെഴുത്തിന്റെ സൂക്ഷ്മ വിശദാംശങ്ങളിൽ പോലും ശ്രദ്ധചെലുത്തിയുള്ള ഈ കഥ പിറന്നതെങ്ങനെയാണ്?
എന്റേതു പ്രണയവിവാഹമായിരുന്നു. ഞാൻ ചാലക്കുടിക്കാരൻ. ഭാര്യ ചേർത്തലക്കാരി. ഞങ്ങൾ കണ്ടുമുട്ടിയ നഗരം കൊച്ചി. ഈ വഴിക്കണക്ക് നോക്കിയാൽ കളമെഴുത്തിലെ കഥാപാത്രങ്ങളുടെ പ്രണയവും കലഹങ്ങളും സ്വപ്നങ്ങളുമെല്ലാം ഞങ്ങളുടേതു തന്നെയാണ്. ഭാര്യയുടെ അച്ഛൻ കളമെഴുത്തിനു പാടാൻ പോകുന്ന ഒരാളാണ്. അദ്ദേഹത്തിൽ നിന്നുമാണു കളമെഴുത്തിന്റെ വിശദാംശങ്ങൾ എനിക്കു കിട്ടുന്നത്. കളമെഴുത്തിനെ ജീവിതമെഴുത്താക്കി മാറ്റാനുള്ള ഒരു ശ്രമമായിരുന്നു ആ കഥ.
തിളച്ച എണ്ണയിലേക്ക് പൊടിമീനുകളെ നീന്താൻവിട്ട പാപ്പിയും എച്ചിലുണങ്ങിയ കൈ കൊണ്ട് വെള്ളത്തിൽ പരാക്രമം നടത്തിയ വെട്ടിക്കൂട്ടും ശബ്ദമില്ലാത്ത ഉലഹന്നാനും ചൂരാക്കുണ്ടും സിസിലിയുമെല്ലാം ചേർന്നൊരുക്കുന്ന എരിപൊരി മേളമാണ് ‘വെട്ടിക്കൂട്ട്’ എന്ന കഥ. ഒരു കട്ട ലോക്കൽ എഴുത്തനുഭവമാണ് ആ കഥ സമ്മാനിക്കുന്നത്. പള്ളിത്താഴത്തെ കവലയിൽ വെട്ടിക്കൂട്ടിന്റെയും പാപ്പിയുടെയും മരണമാസ് പ്രകടനം കാണാൻ തടിച്ചുകൂടിയ ആൾക്കൂട്ടത്തിലുണ്ട്, ആ കഥയുടെ വായനക്കാരനും വായനക്കാരിയും. പാപ്പിയും വെട്ടിക്കൂട്ടും ഏതു ദേശത്തും ഉണ്ടാകാനിടയുള്ള ചട്ടമ്പിമാരാണെങ്കിലും ആഖ്യാനത്തിലെ പുതുമ കഥ കണ്ണിമചിമ്മാതെ വായിക്കാൻ പ്രേരിപ്പിക്കുന്നു. കാലവും ദേശവും ഈ കഥയിൽ കൃത്യമായി ചേർത്തുവച്ചത് എങ്ങനെയാണ്?
തങ്ങൾ ചെയ്യുന്നതാണു ശരി എന്ന് ഉറച്ചുവിശ്വസിക്കുന്ന രണ്ടു പേരിലൂടെയാണു കഥ വികസിക്കുന്നത്. രണ്ടുപേർക്കും ഒരേ ഇരട്ടപ്പേര്. ഭയം എന്ന വികാരത്തെ മുതലെടുക്കുക എന്നതാണ് ഒരുവന്റെ ലക്ഷ്യം. സ്നേഹത്താൽ സ്വയം പ്രകാശിക്കുക എന്നതാണ് അടുത്തയാളുടെ ലക്ഷ്യം. കഥ പറഞ്ഞുപോകുന്നത്, ഭയത്തെ കൂട്ടുപിടിച്ച് എല്ലാവരെയും തന്റെ ചൊൽപ്പടിയിൽ ആക്കണം എന്നു തീരുമാനിച്ചുറപ്പിച്ച മനുഷ്യനിലൂടെയാണ്. ഇത്തരം ആളുകളെ സംബന്ധിച്ചിടത്തോളം വയലൻസ് അവരുടെ ആയുധമാണ്. മറ്റുള്ളവരെ ഭയപ്പെടുത്തി സ്വന്തം കാര്യം സാധിക്കുക എന്ന ചിന്ത മാത്രമേ അവർക്കുള്ളൂ. അതൊരു വ്യക്തിയാകാം, പ്രസ്ഥാനമാകാം, അധികാരവർഗ്ഗങ്ങളാകാം. ഓരോ കാലത്തും ഓരോ ദേശത്തും ഇത്തരം ആളുകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. അത്തരം ഒരു ചിന്തയിൽ നിന്നുമാണ് ‘വെട്ടിക്കൂട്ട്’ എന്ന കഥയുടെ ജനനം.
‘പാതിരാകനി’ എന്ന കഥ പ്രവാസത്തിന്റെയും കപട ലൈംഗികതയുടെയും ആൺകോയ്മയുടെയും വിവിധതലങ്ങളിൽ നിന്നു കൊണ്ട് ബന്ധങ്ങളെ നിർവചിക്കാൻ ശ്രമിക്കുകയാണ്. സുധിയും തങ്കച്ചനും ഇരുണ്ട ഭൂതകാലം മറച്ചുവച്ചു പുതിയ ജീവിതം എങ്ങനെയും കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരുടെ പ്രതിനിധികളാണ്. എന്നാൽ മുറിവുകളുണങ്ങിയിട്ടില്ലാത്തവരുടെ മടങ്ങിവരവിൽ എപ്പോൾ വേണമെങ്കിലും തകർന്നടിയാവുന്നതാണു വ്യാജബിംബങ്ങൾ ചേർത്തു തങ്ങൾ കെട്ടിയുയർത്തിയ കൊട്ടാരങ്ങളെന്നവർ അറിയുന്നതു വളരെ വൈകിയായിരുന്നു. സിനിമയുടെയും മീടുവിന്റെയും പ്രവാസത്തിന്റെയും പശ്ചാത്തലത്തിലുള്ള ഈ കഥ രൂപപ്പെട്ടതെങ്ങനെയാണ്?
ഒരാൾക്ക് മറ്റൊരാളുടെ എല്ലാമെല്ലാം ആകാൻ കഴിയുമോ? ഈ ഒരു ചോദ്യത്തിൽ നിന്നാണ് ആ കഥയുണ്ടാകുന്നത്. തന്റെ അപ്പനും അമ്മയും സുഹൃത്തും കാമുകനും കുഞ്ഞുമാകാൻ സാധിക്കുന്ന ഒരാളെ താൻ കണ്ടെത്തിയെന്നാണു പാതിരാകനി സുധിയോടു പറയുന്നത്. അതിന്റെ അർത്ഥം മനസ്സിലാക്കാൻ സുധിക്ക് സാധിക്കുന്നുമില്ല. കാരണം, അയാൾക്ക് അങ്ങനെയൊരാളാകാൻ കഴിയില്ല എന്നതു തന്നെയാണ്. അയാളുടെ കണ്ണ് എപ്പോഴും സ്വാർഥ ലാഭങ്ങൾക്കു പുറകേയാണ്. ഭൂതകാലത്തെ മറച്ചുവച്ചുകൊണ്ട്, താനൊരു മാന്യനാണെന്നു കാണിക്കാനുള്ള പൊടിക്കൈകളുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരുടെ തകർച്ചയ്ക്കു മുൻപുള്ള വെപ്രാളം വരച്ചിടുകയാണു ‘പാതിരാകനി’ എന്ന കഥ. മീടു വാർത്തകൾ കത്തിക്കയറി നിൽക്കുന്ന സമയത്ത് മീനോട്ട് എന്ന ഹാഷ്ടാഗ് ക്യാംപെയ്നും ഫെയ്സ്ബുക്കിൽ നിറഞ്ഞു നിന്നിരുന്നു. പാതിരാകനി എഴുതാനുള്ള സ്പാർക്ക് അതിൽ നിന്നുമാണു കിട്ടിയത്.
‘ഗൂഗിൾ മേരി’ ഒരു മുന്നറിയിപ്പാണ്. നമ്മുടെ ചുറ്റും നടക്കുന്ന പല സംഭവങ്ങളുടെയും ഓർമപ്പെടുത്തലുകൾ ആ കഥയിലുണ്ട്. ബന്ധങ്ങളിൽ സാങ്കേതികവിദ്യയും ധനാർത്തിയും ചേർന്നു സൃഷ്ടിക്കുന്ന മാരക വൈറസുകൾ നമ്മുടെ മനസ്സുകൾ കീഴടക്കുന്നുവെന്ന ആശങ്കയും കഥ പങ്കുവയ്ക്കുന്നു. എന്തായിരുന്നു ഗൂഗിൾ മേരി എഴുതിയപ്പോൾ അനിലിന്റെ മനസ്സിൽ?
രണ്ടായിരത്തി പതിനാലിലാണ് ആ കഥയുടെ ആശയം മനസ്സിൽ പൊട്ടിമുളയ്ക്കുന്നത്. അതിനു കാരണമായ ചില സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും എഴുത്തു നടന്നിട്ടില്ലായിരുന്നു. ഒരിക്കൽ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഷാർജയിൽനിന്നു ദുബായിലേക്ക് മടങ്ങിവരികയായിരുന്നു. അപ്പോൾ വഴിയെച്ചൊല്ലി ചില തർക്കങ്ങൾ നടന്നു. കാറോടിച്ചുകൊണ്ടിരുന്നവൻ പറഞ്ഞു: ഗൂഗിൾമേരി ഒരിക്കലും വഴിതെറ്റിക്കുകയില്ലെന്ന്. നേർവഴി കാണിച്ചുകൊടുക്കുന്ന ഗൂഗിൾമാപ്പിന് അവനൊരു ദിവ്യപരിവേഷം കൊടുത്തതാണ്. ഞാൻ അതിനെ ഒന്നൂടെയൊന്നു പരിഷ്കരിച്ചു. വഴിതെറ്റിപ്പോയവരെ വലവീശിപ്പിടിക്കുന്ന ഇന്റർനെറ്റ് ഭൂതമായി ഗൂഗിൾമേരിയെ ഞാൻ അവതരിപ്പിച്ചു. കഥ ഇറങ്ങി കുറേ കാലത്തിനുശേഷം ഒരു വാർത്ത കണ്ടു. സ്വന്തം ഭാര്യയോടൊത്തുള്ള കിടപ്പറ രംഗങ്ങൾ ലൈവ് വിട്ട് കാശുവാങ്ങിയ ഒരു ഭർത്താവിനെക്കുറിച്ചുള്ളതായിരുന്നു ആ ന്യൂസ്. സമാനമായ മറ്റു പല വാർത്തകളും പിൽക്കാലത്ത് കാണാൻ സാധിച്ചു. ഇപ്പോഴും അത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്നു.
‘‘ആ പോസ്റ്റിൽ മാത്രമുണ്ടായിരുന്ന വഴിവിളക്കും അപ്പോൾ കിതച്ചുകൊണ്ടിരിക്കുകയായിരുന്നു’’ എന്ന് ‘മുഖം നോക്കി മനസ്സു വായിക്കുന്നവർ’ എന്ന കഥയിൽ കുഞ്ഞപ്പൻ കെട്ടിപ്പിടിച്ചു നിന്ന പോസ്റ്റിലെ മിന്നി മിന്നി കത്തിക്കൊണ്ടിരിക്കുന്ന വഴിവിളക്കിനെപ്പറ്റി എഴുതിയത് മനസ്സിൽ തറഞ്ഞു. ‘കളമെഴുത്ത്’ എന്ന കഥയിലെ മുല്ലവള്ളിയിലൂടെ താഴേക്ക് ഊർന്നിറങ്ങിയെത്തുന്ന കൊതിപ്പിക്കുന്ന മീൻമണവും അനിലിന്റെ എഴുത്തിന്റെ മാന്ത്രികത വെളിവാക്കിയ മറ്റൊരു സന്ദർഭമാണ്. വായനക്കാരെ ഒരു നിമിഷം പോസ്റ്റാക്കി നിർത്തി അൽപനേരം സ്വപ്നാടനത്തിലെന്നപോൽ നടത്തിക്കുന്ന ഒരു ജാലവിദ്യ ഈ എഴുത്തുകാരന്റെ കയ്യിലുണ്ടെന്നു വിവിധ കഥകളിലൂടെയുള്ള സഞ്ചാരം മനസ്സിലാക്കിത്തന്നിരുന്നു. എവിടെ നിന്നാണ് ഈ എഴുത്തുവിദ്യ കൈവശപ്പെടുത്തിയത്? എങ്ങനെ അതു കൈമോശം വരാതെ സൂക്ഷിക്കുന്നു?
‘മുഖം നോക്കി മനസ്സു വായിക്കുന്നവർ’ എന്ന കഥ എനിക്ക് ഏറെ പ്രിയപ്പെട്ട ഒരു കഥയാണ്. വളരെ യാദൃച്ഛികമായാണ് എഴുത്തിലേക്കും വായനയിലേക്കും ഞാൻ കടന്നുവരുന്നത്. പലപല കാരണങ്ങളാൽ ആൾക്കൂട്ടത്തിന്റെ ഇടയിൽനിന്ന് ഓടിയകലാനും എവിടെയെങ്കിലും ഒളിച്ചിരിക്കാനും ആഗ്രഹിക്കുന്ന ഒരാളായിരുന്നു ഞാൻ. പലവഴികളും തിരഞ്ഞ് ഒടുക്കം എത്തിച്ചേർന്നതു വായനയിലാണ്. പതുക്കെപ്പതുക്കെ എന്തെങ്കിലുമൊക്കെ എഴുതാൻ തുടങ്ങി. പിന്നെ അതു നിലച്ചു. ഒന്നും എഴുതാതെയായി. വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു. അതിനിടയിൽ പ്രവാസിയായി. 2011 മുതൽ 2017 വരെയുള്ള അഞ്ചുവർഷം വായനപോലും നഷ്ടമായി. വിവാഹത്തിനുശേഷം ഭാര്യയും എന്റെയൊപ്പം ദുബായിലെത്തി. അന്നു മുതലാണ് വീണ്ടും എഴുതാൻ തുടങ്ങുന്നത്. എഴുതൂ എന്നു പറഞ്ഞ് എന്നെ തുടന്നുവിടുക മാത്രമല്ല, ഒരു കഥ എഴുതാനുള്ള തീപ്പൊരി അവൾ എന്റെ ഉള്ളിലേക്ക് ഇട്ടുതരികയും ചെയ്തു. കരാമയിലെ ഷെയറിങ് റൂം ജീവിതത്തിനിടയിൽ ഒരിക്കൽ തൊട്ട് അപ്പുറത്തുള്ള മുറിയിലെ ഫാമിലിയുമായി ക്ലീനിങ്ങിനെച്ചൊല്ലി ചെറിയൊരു കശപിശയുണ്ടായി. അന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞങ്ങൾ അതിനെക്കുറിച്ച് സംസാരിച്ചു. ചെറിയൊരു വാക്കുതർക്കമാണെങ്കിലും സമാധാനം പോയല്ലോയെന്ന് എന്റെ ഭാര്യ സങ്കടപ്പെട്ടു. ഇതേ ചിന്ത അവർക്കും കാണുമോ എന്നു ഞാൻ തിരിച്ചു ചോദിച്ചു. അധികം വൈകാതെ ‘മുഖംനോക്കി മനസ്സു വായിക്കുന്നവർ’ എന്ന കഥ പിറന്നു. എഴുത്തുവിദ്യ കൈവശമുണ്ടോ എന്ന കാര്യത്തിൽ ഞാൻ ഇപ്പോഴും സംശയാലുവാണ്. എഴുതി തെളിഞ്ഞിട്ടില്ലെന്ന ബോധ്യമുള്ളതുകൊണ്ട് എഴുതിക്കൊണ്ടേയിരിക്കുന്നു. ഇതല്ലാതെ വേറൊരു ഇടവും എനിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് എഴുത്തിനെയും വായനയെയും മുറുകെ പിടിക്കുന്നു, അത്രമാത്രം.
വീടും നാടും നഷ്ടപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരാക്കപ്പെടുന്നവരുടെ വ്യസനങ്ങൾ ‘യാ ഇലാഹി ടൈംസ്’ എന്ന നോവൽ ആയി മാറിയതെങ്ങനെയാണ്?
പ്രവാസം തന്നെയാണ് ഈ നോവലെഴുതാനുണ്ടായ കാരണം. അതുപക്ഷേ, എന്റെ വീടിനെക്കുറിച്ചുള്ള ഓർമകളുടെ പൊള്ളലിൽ നിന്നോ ഗൃഹാതുരത്വത്തിൽ നിന്നോ ആയിരുന്നില്ല. പ്രവാസം കാണിച്ചു തന്ന പല പല കാഴ്ചകളിൽ നിന്നുമാണ് ഇങ്ങനെയൊരു നോവലിന്റെ ശ്രമങ്ങൾ ആരംഭിക്കുന്നത്. നാട്ടിൽനിന്നു തികച്ചും വ്യത്യസ്തമായൊരു അന്തരീക്ഷമായിരുന്നു പ്രവാസിയായ എനിക്കു ചുറ്റിലുമുണ്ടായിരുന്നത്. പല പല രാജ്യങ്ങളിൽ നിന്നുമുള്ള മനുഷ്യർ. ചില രാജ്യങ്ങളുടെ പേരുപോലും ഇവിടെ വന്നതിനുശേഷമാണ് കേൾക്കുന്നത്. പല സംസ്കാരങ്ങൾ കൂടിക്കലർന്നൊഴുകുന്ന ഒരു പുതിയ ലോകം. അതൊക്കെ എനിക്ക് കൗതുകമുണർത്തുന്ന കാഴ്ചകളായിരുന്നു. മറ്റു രാജ്യക്കാരായ എന്റെ സഹപ്രവർത്തകരുമായിട്ടുള്ള നിരന്തര സംഭാഷണങ്ങളിൽ നിന്നുമാണ് സാർവദേശീയ മാനമുള്ള എന്തെങ്കിലുമൊന്ന് എഴുതണമെന്ന ആശയം രൂപപ്പെടുന്നത്. അതുമായി ബന്ധപ്പെട്ട് നന്ദിയോടെ ഓർക്കേണ്ട പേരാണ് എന്റെ സഹപ്രവർത്തകനായ സലിമിന്റേത്. സിറിയക്കാരനായ അദ്ദേഹവുമായിട്ടുള്ള സംസാരത്തിൽനിന്നു കിട്ടിയ ചില കാര്യങ്ങൾ എന്റെ മനസ്സിലങ്ങനെ കെട്ടിക്കിടന്നിരുന്നു. ചെറുകഥകളെഴുതാനുളള ശ്രമങ്ങളാണ് ആദ്യം എന്റെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. എന്നാൽ ഒരു കഥയിൽ ഒതുങ്ങില്ലെന്നു മനസ്സിലായപ്പോഴാണ് നോവൽ ശ്രമം ആരംഭിക്കുന്നത്. ഇടയ്ക്ക് പലപ്രാവശ്യം എഴുത്ത് മുടങ്ങിപ്പോയിട്ടുണ്ട്. നോവൽ ശ്രമം പാടേയുപേക്ഷിച്ച ഘട്ടമുണ്ടായിട്ടുണ്ട്. പക്ഷേ, ചില കഥാപാത്രങ്ങൾ മനസ്സിൽനിന്ന് ഇറങ്ങിപ്പോകുന്നില്ലായിരുന്നു. അവരെന്നെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. ഞാനവരുമായി നിരന്തരം തർക്കിച്ചുകൊണ്ടിരുന്നു. അവർ അവരുടെ ദുരിതങ്ങളെ എന്റെ തലയിൽ കെട്ടിവച്ച് കൈയുംകെട്ടി നിൽക്കാൻ തുടങ്ങിയപ്പോഴാണു നോവൽ രചനയ്ക്ക് പുതിയൊരു വേഗം കൈവന്നത്.
നാട് അനിൽ ദേവസ്സി എന്ന എഴുത്തുകാരനെ രൂപപ്പെടുത്തിയതിൽ എന്തുമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്? ജനിച്ചുവളർന്ന നാടും ഇപ്പോൾ പ്രവാസ ജീവിതം നയിക്കുന്ന നാടും?
എഴുത്തിലേക്ക് എത്തിപ്പെട്ടത് എങ്ങനെ എന്ന ചോദ്യം ഇടയ്ക്കിടയ്ക്കു ഞാനെന്നോടു തന്നെ ചോദിക്കുന്ന ഒന്നാണ്. എന്റെ വീട്ടിൽ സാഹിത്യലോകവുമായി ബന്ധപ്പെട്ട ആരും തന്നെയില്ലായിരുന്നു. പഠിക്കാനുള്ള പുസ്തകങ്ങളല്ലാതെ മറ്റു പുസ്തകങ്ങളൊന്നും വീട്ടിൽ ഇല്ലായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മലയാളത്തോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. കണക്കിനോട് വല്ലാത്ത ഭയവും. പത്താം ക്ലാസ്സുവരെ സാഹിത്യപുസ്തകങ്ങൾ ഒന്നും തന്നെ വായിച്ചിട്ടില്ലെന്നു പറയാം. പ്ലസ്ടു പഠനകാലം തൊട്ടാണ് വായനയിലേക്കും എഴുത്തിലേക്കും കടന്നുചെല്ലുന്നത്. പാഠപുസ്തകങ്ങളുടെ ഒഴിഞ്ഞ പേജുകളിൽ എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചിടുന്നതായിരുന്നു തുടക്കം. ഡിഗ്രി പഠനം കഴിഞ്ഞ് ചാർട്ടേഡ് അക്കൗണ്ടന്റ് കോഴ്സ് പഠിക്കാൻ തൃശൂർ സിഎ ചാപ്റ്ററിൽ ചേരുന്നതു മുതലാണ് ഞാൻ വായനയുടെ ഒരു വലിയ ലോകത്തിലേക്കു കടന്നു ചെല്ലുന്നത്. സിഎ പഠനവുമായി ബന്ധപ്പെട്ട് തൃശൂർ ചാപ്റ്ററിൽ പേര് റജിസ്റ്റർ ചെയ്തെങ്കിലും അവിടെ അടയ്ക്കാനുളള ഫീസ് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നു. ഫീസിനെക്കുറിച്ചൊന്നും വീട്ടിൽ പറയാൻ പോയില്ല. പറഞ്ഞാൽ അതുണ്ടാക്കാൻ വേണ്ടി വിൽക്കാനോ പണയം വയ്ക്കാനോ ഒന്നും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല. എന്തിനാണ് അവരെക്കൂടി വെറുതേ വിഷമിപ്പിക്കുന്നതെന്ന ചിന്ത മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ക്ലാസ്സിലേക്കെന്ന വ്യാജേന എല്ലാ ദിവസവും വീട്ടിൽ നിന്നുമിറങ്ങുന്ന ഞാൻ ചാലക്കുടി റെയിൽവേ സ്റ്റേഷന്റെ മേൽപാലത്തിന്റെ സ്റ്റെപ്പുകളിൽ ചെന്നിരുന്ന് ബാഗിലുള്ള പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങും. നോവലുകൾ തന്നെയായിരുന്നു ഇഷ്ട വിഭവം. റെയിൽവേ സ്റ്റേഷനിൽ എന്നെ അറിയുന്ന, എനിക്ക് അറിയാവുന്ന കുറേ പരിചിതമുഖങ്ങളുണ്ടായിരുന്നു. ചിലർ എറണാകുളത്തേക്കുള്ളവർ. മറ്റു ചിലർ തൃശൂർ ഭാഗത്തേക്ക്. എറണാകുളത്തേക്ക് രാവിലെ 10.30ന് ഒരു കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ്സുണ്ട്. തൃശൂർ ഭാഗത്തേക്ക് 11 മണിക്ക് ഒരു പരശുറാമും. അതുകഴിഞ്ഞാൽ പ്ലാറ്റ്ഫോം കാലിയാകും. മിക്കവാറും ദിവസങ്ങളിൽ മേൽപാലത്തിലിരുന്നുള്ള വായന പരശുറാം എക്സ്പ്രസ്സ് പോകുന്നതുവരെ നീളും. അതു കഴിഞ്ഞാൽ നേരേ ചാലക്കുടി മുനിസിപ്പൽ ലൈബ്രറിയിലേക്ക്. ഒരുവിധപ്പെട്ട എല്ലാ മാസികകളും അവിടെ ലഭ്യമായിരുന്നു. അവിടെനിന്നു പഴയ പുസ്തകങ്ങൾ മാറ്റിയെടുത്ത് പുതിയവ ബാഗിൽ വച്ച് നേരെ ഗവ. ബോയ്സ് സ്കൂളിന്റെ ഗ്രൗണ്ടിൽ ചെന്നിരിക്കും. ഉച്ചതിരിഞ്ഞ് ഒരു 2 മണിയൊക്കെ ആകുമ്പോഴേക്കും വീട്ടിൽ തിരിച്ചെത്തും. ചില ദിവസങ്ങളിൽ നേരേ തൃശൂർക്ക് വച്ചുപിടിപ്പിക്കും. പൂരപ്പറമ്പിൽ കറങ്ങും. വടക്കുംനാഥനെ വലംവയ്ക്കും. സാഹിത്യ അക്കാദമിയിൽ പോകും. അവിടെ എന്തെങ്കിലുമൊക്കെ പരിപാടികൾ കാണും. ഒന്നുമില്ലെങ്കിൽ അവിടുത്തെ ലൈബ്രറിയിൽ കൂടും. ഉച്ചയ്ക്കുള്ള ട്രെയിനിൽ വീട്ടിലേക്ക് മടങ്ങും. വെയിൽ വാടിവീഴുന്ന സമയത്ത് വീട്ടിൽ നിന്നുമിറങ്ങും. നേരേ ചാലക്കുടി-ആനമല ടൗണിലേക്ക്. പിന്നെ രാത്രി പത്തുപതിനൊന്നുമണിവരെ കപ്പലണ്ടി കച്ചോടം. അതായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ആകെയുള്ള വരുമാനമാർഗ്ഗം. പകൽ പുസ്തകങ്ങളാണ് കൂട്ടെങ്കിൽ, രാത്രിയിൽ അതു പലതരം മനുഷ്യരാകും. ഉന്തുവണ്ടിയുടെ അരികിലേക്ക് അടുക്കുന്ന ഓരോ മനുഷ്യരെയും ഞാൻ വായിച്ചുകൊണ്ടിരുന്നു. ആ കാലമാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ലകാലം. അപ്പച്ചന്റെ അസുഖവും അതോടനുബന്ധിച്ചുള്ള തൃശൂർ ജൂബിലി ഹോസ്പിറ്റൽ ദിവസങ്ങളും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അതുണ്ടാക്കിയ വലിയ ആഘാതത്തിന്റെ മറവിലാണ്, സിഎ പഠനം ഉപേക്ഷിക്കുന്നു എന്നു പ്രഖ്യാപിച്ചുകൊണ്ട് എറണാകുളത്തേക്ക് ജോലിതേടി യാത്രയാകുന്നത്. വായനയാകണം എന്റെയുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന എഴുത്തിനെ ഉണർത്തിയത്. ലൈബ്രറിയിൽ നിന്നുമെടുത്തു കൊണ്ടുവരുന്ന പുസ്തകങ്ങൾ എന്നേക്കാൾ മുൻപേ വായിച്ചു തീർത്ത്, നീ പുതിയ പുസ്തകം എടുക്കുന്നില്ലേയെന്നു ചോദിക്കാറുള്ള അപ്പച്ചനിൽനിന്നു തന്നെയാണ് എഴുത്തിന്റെ വിത്തുകൾ എന്നിലേക്ക് വീണുകിട്ടിയതെന്നു ഞാൻ വിശ്വസിക്കുന്നു. എഴുത്തിന്റെ രണ്ടാം ഘട്ടം പ്രവാസം കൊണ്ടു മാത്രം സംഭവിച്ചതാണ്. എന്റെ ഓർമകളെയും അനുഭവങ്ങളെയും വേവിച്ചെടുക്കുന്ന കനലായിരുന്നു പ്രവാസം. ആ കനലിപ്പോഴും എന്റെയുള്ളിൽക്കിടന്നു നീറുന്നുണ്ട്...
ജോലിയുടെ ഭാഗമായുള്ള മെട്രോ യാത്രകളിലെ എഴുത്തിനെക്കുറിച്ചു പറയാമോ?
ഷാർജ ബോർഡറിലാണ് എന്റെ താമസം. ജോലി ദുബായ്‌യുടെ ഒരറ്റത്തും. അങ്ങോട്ടുമിങ്ങോട്ടുമായി ദിവസേന രണ്ടര മണിക്കൂർ യാത്രയുണ്ട്. ആ യാത്ര ഒരു നഷ്ടക്കച്ചവടമായി ഇന്നേവരെ തോന്നിയിട്ടില്ല. എന്റെ വായന നടക്കുന്നത് ഈ യാത്രയിലാണ്. ഇപ്പോൾ സഞ്ചരിച്ചുകൊണ്ട് എഴുതാനും തുടങ്ങിയിട്ടുണ്ട്. എഴുത്തിന്റെയും വായനയുടെയും രീതികൾ പാടെ മാറിപ്പോയെന്നു പറയാം. രാത്രികളിൽ മാത്രമാണ് എഴുത്ത് നടക്കാറുണ്ടായിരുന്നത്. അതും ശാന്തമായ അന്തരീക്ഷമല്ലെങ്കിൽ ഞാൻ അസ്വസ്ഥനാകുമായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. സമയമില്ലാത്തതു തന്നെ കാരണം. രാത്രിയോ പകലോ ബഹളങ്ങളോ എന്തുമാകട്ടെ, എനിക്കു വീണുകിട്ടുന്ന അൽപസമയങ്ങളിലെല്ലാം എഴുത്തു സംഭവിക്കുന്നുണ്ട്. വേറെ വഴിയില്ല. ജോലി, കുടുംബം, അലച്ചിൽ. ഇതിനിടയിൽ എഴുതാനും വായിക്കാനുമുളള സമയം കണ്ടെത്തുക എന്നതു ക്ലേശകരമാണ്. എഴുത്തും വായനയും ജീവിക്കാനുളള ഇന്ധനമായി മാറിയതുകൊണ്ട് എല്ലാ തടസ്സങ്ങളെയും അതിജീവിക്കാൻ കഴിയുന്നു.
ഈയടുത്തു വായിച്ചതിൽ അനിലിന് ഏറ്റവും ഇഷ്ടപ്പെട്ട കഥകളെപ്പറ്റി പറയാമോ?
ദുബായ് പോലൊരു നഗരത്തിലെ ജീവിതം വളരെ ഫാസ്റ്റാണ്. ജോലി – വീട്, വീട് – ജോലി എന്നതാണു പലരുടെയും അവസ്ഥ. സൺഡേയാണോ മൺഡേയാണോ എന്നൊന്നും തിരിച്ചറിയാൻ കഴിയാത്ത ഓട്ടപ്പാച്ചിലിനിടയിലും കഥകളെ കൃത്യമായി പിന്തുടരാൻ കഴിയാറുണ്ട്. മാഗ്സ്റ്റർ, റീഡ്‌വേർ തുടങ്ങിയ ആപ്പുകളുപയോഗിച്ചാണ് ആഴ്ചപ്പതിപ്പുകളും മാസികകളും വാങ്ങുന്നത്. തിങ്കൾ, ചൊവ്വ, വെളളി എന്നീ ദിവസങ്ങളെ തിരിച്ചറിയുന്നതു പോലും അന്നിറങ്ങുന്ന ആഴ്ചപ്പതിപ്പുകളുടെ പേരിലാണ്. ഒരുവിധം എല്ലാ കഥകളും വായിക്കാറുണ്ട്. ഫെയ്സ്ബുക് ഒക്കെയുള്ളതുകൊണ്ട് എഴുത്തുകാരെ കോൺടാക്ട് ചെയ്യാനൊക്കെ എളുപ്പമാണ്. പണ്ട്, വി.ജെ. ജയിംസിന്റെ നോവൽ വായിച്ച് പുസ്തകത്തിന്റെ പുറകിൽ ഒരു കുറിപ്പ് എഴുതിവച്ചിരുന്നു. പിന്നീടു കാലങ്ങൾക്കുശേഷം അദ്ദേഹത്തിന് അത് അയച്ചുകൊടുക്കാൻ സാധിച്ചു. അതുപോലെ സുസ്മേഷ് ചന്ദ്രോത്തിനും സുഭാഷ് ചന്ദ്രനും ഒരു നീണ്ട കുറിപ്പ് എഴുതി അയച്ചു, എന്റെ ഗുരു ആകാമോ എന്നൊക്കെ ചോദിച്ചുകൊണ്ട്. അവരെയൊക്കെ വായിച്ച് അന്തംവിട്ടുപോയ ഒരുവൻ അങ്ങനെയൊക്കെ ചെയ്തുപോയെന്നു വരും. പറഞ്ഞുവന്നതു കഥകളെക്കുറിച്ചാണ്. പെട്ടെന്ന് ഓർമയിൽ വരുന്ന ചില കഥകൾ പറയാം. സുനു എ.വി.യുടെ അബൂബക്കർ അടപ്രഥമൻ, ഷിനിലാലിന്റെ ബുദ്ധപഥം, ഫർസാനയുടെ ചെന്താരകം, അഭിജിത്ത് ഡി.പി.യുടെ ബ്ലഡ് റവലൂഷൻ, വിവേക് ചന്ദ്രന്റെ തടാകം, മനോജ് വെള്ളനാടിന്റെ പദപ്രശ്നം, ഗോവിന്ദന്റെ മാൻഡിഗോ, മനോജ് വെങ്ങോലയുടെ പൊറള്, ഷാഹിന റഫീഖിന്റെ റൂഹാനി, സിവിക് ജോണിന്റെ അകിര, ജേക്കബ് അബ്രഹാമിന്റെ ശ്വാസഗതി, കെ.എസ്. രതീഷിന്റെ ക്വസ്റ്റ്യൻ ബാങ്ക്, നിധീഷ് ജി.യുടെ താമരമുക്ക്. അങ്ങനെയങ്ങനെ ലിസ്റ്റ് നീണ്ടു നീണ്ടു പോകും...
അനിലിന് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ചു പറയാമോ?
നോവലുകൾ വായിക്കാനാണ് ഏറ്റവും ഇഷ്ടം. ഒരു ദേശത്തിന്റെ കഥയാണ് ഏറ്റവും ഇഷ്ടപ്പെട്ട നോവൽ. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, സ്മാരകശിലകൾ, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ഉമ്മാച്ചി, ആടുജീവിതം, മഞ്ഞവെയിൽ മരണങ്ങൾ, സുഗന്ധിയെന്ന ആണ്ടാൾ ദേവനായകി, സമ്പർക്കക്രാന്തി, മീശ, കരിക്കോട്ടക്കരി, പുറപ്പാടിന്റെ പുസ്തകം, ബുധിനി, ആലാഹയുടെ പെൺമക്കൾ, മനുഷ്യന് ഒരു ആമുഖം, മൂന്നാമിടങ്ങൾ, അന്ധകാരനഴി, അനാഹി. അങ്ങനെയങ്ങനെ ലിസ്റ്റ് നീണ്ടു നീണ്ടു പോകും. കഥകളിൽ - ആദം, രാമച്ചി, തൊട്ടപ്പൻ, ബിരിയാണി, കല്യാശേരി തീസീസ്, ദൈവക്കളി – ലിസ്റ്റ് അപൂർണമാണ്. എസ്. കലേഷ്, എം. ആർ. രേണുകുമാർ, ബിന്ദു കൃഷ്ണൻ, റഫീഖ് അഹമ്മദ്, മോഹനകൃഷ്ണൻ കാലടി എന്നിവരുടെ കവിതകളും ഇഷ്ടമാണ്.
അനിലിന്റെ തലമുറയിൽ എഴുത്തും അതിന്റെ അസ്വാദനവും എത്രമാത്രം സജീവമായി നടക്കുന്നു? വായനക്കാരുടെ പ്രതികരണങ്ങളിൽ ശ്രദ്ധേയമായി തോന്നിയവ ചൂണ്ടിക്കാണിക്കാമോ?
ഈ തലമുറയിലെ പിള്ളേരൊക്കെ ഉഷാറല്ലേ. നോക്കൂ, പ്രിയപ്പെട്ട എഴുത്തുകാരനായ പി. എഫ്. മാത്യൂസേട്ടന്റെ ‘ചാവുനിലം’ എന്ന നോവൽ ഇപ്പോഴല്ലേ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത്. എത്രയോ കാലങ്ങൾക്കു മുന്നേ പിറന്ന നോവലാണ്. ഇപ്പോൾ അതിനേക്കുറിച്ചുള്ള പഠനങ്ങളും കുറിപ്പുകളുമൊക്കെയായി പുതുതലമുറ നെഞ്ചിലേറ്റി കൊണ്ടുനടക്കുകയാണ്. പുതിയ കുട്ടികൾ അടിപൊളിയാണ്. യുവാക്കളേ നിങ്ങൾ എവിടെപ്പോയി ഒളിച്ചിരിക്കുന്നു എന്നൊരു ചോദ്യം ചോദിക്കേണ്ട കാലം കഴിഞ്ഞെന്നാണു തോന്നുന്നത്. എല്ലാ കാര്യങ്ങളിലും അവർ ശക്തമായി ഇടപെടുകയും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ന്യുജെൻ പിള്ളേർ വെറും ടെക്കികൾ മാത്രമല്ല. അവർ പൗരബോധമുള്ള, കൃത്യമായ രാഷ്ട്രീയവീക്ഷണമുള്ള കുട്ടികൾ തന്നെയാണ്. വായനക്കാരുടെ പ്രതികരണങ്ങളിൽ ശ്രദ്ധേയമായി തോന്നിയത് ഓർത്തെടുക്കാൻ പറഞ്ഞാൽ കുറേയേറെയുണ്ട്. എഴുത്തുകൊണ്ട് സമ്പാദിക്കാൻ കഴിഞ്ഞത് കുറേ നല്ല സൗഹൃദങ്ങളാണ്. സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചുകളഞ്ഞ കുറെയേറെ മനുഷ്യർ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. എങ്കിലും പറയാതെ വയ്യ, ചില ആളുകളുണ്ട്, അവർക്ക് നമ്മുടെ എഴുത്ത് ഇഷ്ടമല്ലായിരിക്കും. അവർ എന്തു ചെയ്യുമെന്നോ? ആ കൃതിയെ വെറുക്കുന്നതിനോടൊപ്പം എഴുത്തുകാരനെയും വെറുപ്പുകൊണ്ടു മൂടിക്കളയും. കണ്ടാലും കാണാത്തപോലെ പോവുക, മിണ്ടാൻ ചെന്നാലും ഒഴിവാക്കുക, അങ്ങനെയങ്ങനെ. ഒരുപാടല്ലെങ്കിലും ചില അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്. എന്റെ എഴുത്ത് മലയാളസാഹിത്യത്തിന്റെ ഉന്നതിയിൽ തൊടുന്ന ഒന്നാണെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. അതിനും മാത്രമുളള പടക്കോപ്പൊന്നും എന്റെ കൈയിൽ ഇല്ലെന്ന് എനിക്ക് നല്ലപോലെ അറിയാം. എന്നിട്ടും എന്തെങ്കിലുമൊക്കെ എഴുതുന്നത് ജീവിച്ചിരിക്കുന്നു എന്ന് സ്വയം ഓർമിപ്പിക്കാൻ വേണ്ടിയാണ്. ഇതല്ലാതെ മറ്റു മാർഗങ്ങളൊന്നും തെളിഞ്ഞു കിട്ടാത്തതുകൊണ്ടു മാത്രമാണ്.
Content Summary: Puthuvakku Series - Talk with writer Anil Devassy