നസ്രാണി വർഷങ്ങളിൽനിന്ന് കമ്യൂണിസ്റ്റ് വർഷങ്ങളിലേക്ക്: മാന്തളിരിലേക്ക് പുരസ്കാര പ്രഭ
‘മാന്തളിൽ ദേശമേ നിന്നെ ഞാൻ മറക്കുന്നുവെങ്കിൽ ഞാനെന്റെ വലം കൈ മറന്നുപോകട്ടെ. നിന്നെ ഞാൻ ഒർക്കാതെ പോയാൽ എന്റെ നാക്ക് അണ്ണാക്കിനോട് പറ്റിപ്പോകട്ടെ.’ മാന്തളിൽ ദേശവുമായി ബെന്യാമിൻ എന്ന എഴുത്തുകാരനുള്ള ബന്ധം വ്യക്തമാക്കാൻ ഇതിലും നല്ല വരികളില്ല. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന ആത്മകഥാപരമായ
‘മാന്തളിൽ ദേശമേ നിന്നെ ഞാൻ മറക്കുന്നുവെങ്കിൽ ഞാനെന്റെ വലം കൈ മറന്നുപോകട്ടെ. നിന്നെ ഞാൻ ഒർക്കാതെ പോയാൽ എന്റെ നാക്ക് അണ്ണാക്കിനോട് പറ്റിപ്പോകട്ടെ.’ മാന്തളിൽ ദേശവുമായി ബെന്യാമിൻ എന്ന എഴുത്തുകാരനുള്ള ബന്ധം വ്യക്തമാക്കാൻ ഇതിലും നല്ല വരികളില്ല. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന ആത്മകഥാപരമായ
‘മാന്തളിൽ ദേശമേ നിന്നെ ഞാൻ മറക്കുന്നുവെങ്കിൽ ഞാനെന്റെ വലം കൈ മറന്നുപോകട്ടെ. നിന്നെ ഞാൻ ഒർക്കാതെ പോയാൽ എന്റെ നാക്ക് അണ്ണാക്കിനോട് പറ്റിപ്പോകട്ടെ.’ മാന്തളിൽ ദേശവുമായി ബെന്യാമിൻ എന്ന എഴുത്തുകാരനുള്ള ബന്ധം വ്യക്തമാക്കാൻ ഇതിലും നല്ല വരികളില്ല. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന ആത്മകഥാപരമായ
‘മാന്തളിൽ ദേശമേ നിന്നെ ഞാൻ മറക്കുന്നുവെങ്കിൽ ഞാനെന്റെ വലം കൈ മറന്നുപോകട്ടെ. നിന്നെ ഞാൻ ഒർക്കാതെ പോയാൽ എന്റെ നാക്ക് അണ്ണാക്കിനോട് പറ്റിപ്പോകട്ടെ.’
മാന്തളിൽ ദേശവുമായി ബെന്യാമിൻ എന്ന എഴുത്തുകാരനുള്ള ബന്ധം വ്യക്തമാക്കാൻ ഇതിലും നല്ല വരികളില്ല. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ എന്ന ആത്മകഥാപരമായ നോവലിന്റെ അവസാന ഖണ്ഡികയിലാണ് ബെന്യാമിൻ ഈ സത്യ പ്രസ്താവന നടത്തുന്നത്; മാന്തളിരിന്റെ കഥാ സ്ഥലികളിലൂടെ സഞ്ചരിച്ചവർക്കു നന്ദി പറയുമ്പോൾ. പ്രവാസ വർഷങ്ങളുമായി ഇനിയും തിരിച്ചുവരും എന്നു പറയുമ്പോൾ.
2005 ലാണ് മാന്തളിരിന്റെ ആദ്യ പുസ്തകം ബെന്യാമിൻ എഴുതുന്നത്– ‘അക്കപ്പോരിന്റെ 20 നസ്രാണി വർഷങ്ങൾ’; മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ സ്വന്തമായൊരിടം നേടിയ ‘ആടുജീവിതം’ എന്ന പുസ്തകം എഴുതുന്നതിനും മൂന്നു വർഷം മുൻപ്. അന്ന് അറിയപ്പെടാത്ത പ്രവാസി മാത്രമായിരുന്നു അദ്ദേഹം. ആടുജീവിതം കാലത്തെ കീഴടക്കിയ ശേഷമാണ് പലരും അക്കപ്പോരിന്റെ നസ്രാണി വർഷങ്ങൾ വായിക്കുന്നത്. ചിലരെങ്കിലും ഇന്നും ബെന്യാമിന്റെ മികച്ച കൃതിയായി കാണുന്നതും നസ്രാണി വർഷങ്ങൾ തന്നെയാണ്. ഒരു വ്യാഴവട്ടത്തിനു ശേഷമാണ് കമ്യൂണിസ്റ്റ് വർഷങ്ങൾ പുറത്തുവരുന്നത്; കാത്തിരുന്ന വയലാർ പുരസ്കാരം ബെന്യാമിനു ലഭിക്കുന്നതും.
ബെന്യാമിൻ എന്ന എഴുത്തുകാരൻ മലയാളത്തിൽ സൃഷ്ടിച്ച ഭാവുകത്വം അംഗീകരിക്കുമ്പോൾത്തന്നെ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. എഴുത്തുകാരന് പ്രിയപ്പെട്ടതെങ്കിലും, മികച്ചത് എന്ന അംഗീകാരം നേടാത്ത കമ്യൂണിസ്റ്റ് വർഷങ്ങളിലൂടെയാണോ അദ്ദേഹത്തിന് മലയാളത്തിലെ ഉന്നത പുരസ്കാരം ലഭിക്കേണ്ടത് എന്ന ചോദ്യം. ഒ.വി. വിജയന് ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന കൃതിയുടെ പേരിലല്ല വയലാർ പുരസ്കാരം ലഭിച്ചതെന്നാണ് ആ ചോദ്യത്തിനുള്ള മറുപടി. അടുത്ത കാലത്തായി വയലാർ പുരസ്കാരവുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇവിടെ പ്രസക്തമാണ്. ലളിതാംബിക അന്തർജനത്തിന്റെ ‘അഗ്നിസാക്ഷി’ എന്ന ഉജ്വല കൃതിയിൽ തുടങ്ങിയ വയലാർ പുരസ്കാരത്തിന്റെ നാൾവഴികളിൽനിന്ന് മികവിന്റെ അടയാളങ്ങൾ മായുകയാണോ എന്ന സംശയിക്കുന്നവരുണ്ട്. അവരെ കുറ്റം പറയാനാവില്ല. ഒരു പുരസ്കാരവും സ്വന്തം നിലയിലല്ല ഔന്നത്യം നേടുന്നത്. മികച്ച കൃതികളെ കണ്ടെടുക്കുമ്പോഴാണ് പുരസ്കാരത്തിനു ശോഭ ലഭിക്കുന്നത്. പുരസ്കാരമല്ല, കൃതി തന്നെയാണ് ഉയർന്നുനിൽക്കേണ്ടത്; എന്നും എവിടെയും.
ഈ നോവലിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം കഥാപാത്രങ്ങളും ജീവിച്ചിരുന്നവരോ ജീവിച്ചിരിക്കുന്നവരോ ആണ്. പരാമർശിക്കുന്ന സ്ഥാപനങ്ങളും നിലവിലുള്ളവ തന്നെ. എന്നാൽ അവരുടെ മേൽ ആരോപിക്കുന്ന കഥകളും സംഭവങ്ങളും കഥാകൃത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണ്. മാന്തളിർ കഥയുടെ ഒന്നാം ഭാഗമായ ‘അക്കപ്പോരിന്റെ നസ്രാണി വർഷങ്ങൾ’ക്ക് ബെന്യാമിൻ എഴുതിയ ആമുഖം കമ്യൂണിസ്റ്റ് വർഷങ്ങൾക്കും ഇണങ്ങും. നേരിന്റെ നേർത്ത ചരട് ഇഴപൊട്ടാതെ വീണുകിടക്കുന്നുണ്ട് ഇപ്പോൾ പുരസ്കാരം നേടിയ നോവലിലും. ശുദ്ധഹൃദയരായ കുറേ മനുഷ്യരുടെ മേൽ ചരിത്രത്തിന്റെയും ഭാവനയുടെയും നിറം പുരട്ടിയെടുക്കുകയാണ് എഴുത്തുകാരൻ. ആരുടെയും ജീവിതം അതുപോലെ പകർത്തിവയ്ക്കുകയല്ല. മനസ്സിൽ കിടന്ന് വീർപ്പു മുട്ടുന്ന ചില വിഷയങ്ങൾ, മുഹൂർത്തങ്ങൾ, ആശയങ്ങൾ, ആശങ്കകൾ, സന്ദേഹങ്ങൾ, ജീവിത വിചാരങ്ങൾ, ദർശനങ്ങൾ, കേട്ടറിവുകൾ, നാട്ടുമൊഴികൾ എന്നിവ പങ്കുവയ്ക്കുകയാണ്. അതിനു വേണ്ടി നീക്കുന്ന കരുക്കളാണ് കഥാപാത്രങ്ങൾ.
ആടുജീവിതത്തിലൂടെ യാഥാർഥ്യത്തിന്റെ പരുക്കൻ മുഖം കാണിച്ചുതന്ന എഴുത്തുകാരൻ മഞ്ഞവെയിൽ മരണങ്ങളിൽ ഭാവനയുടെ ലോകത്താണു വിഹരിച്ചത്. തികച്ചും സാങ്കൽപികമായ ഒരു ഭൂമിക സൃഷ്ടിച്ച്, സാങ്കൽപികമായ കഥാപാത്രങ്ങളിലൂടെ യാഥാർഥ്യത്തിന്റെ പ്രതീതി സൃഷ്ടിക്കുകയായിരുന്നു എഴുത്തുകാരൻ. ഓരോ കഥയും എഴുതിക്കഴിഞ്ഞ് ആ കഥയെയും കഥാഭൂമികയെയും ഉപേക്ഷിക്കുന്നതായിരുന്നു മറ്റേത് എഴുത്തുകാരെയും പോലെ ബെന്യാമിന്റെയും പതിവ്. പുതുമകൾ സമ്മാനിക്കാനാണല്ലോ ഏത് എഴുത്തുകാരനും ആഗ്രഹിക്കുക. എന്നാൽ മാന്തളിരിന്റെ തുടർക്കഥകൾ അടങ്ങാത്ത ആവേശമായി എഴുത്തുകാരനൊപ്പം കൂടി. അതിന്റെ കൂടി ഫലമാണ് കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന രചന.
സർക്കാർ രേഖകളിൽ ഇല്ലാത്ത മാന്തളിൽ എന്ന ദേശം വർഷങ്ങളായി തുടർന്നുവരുന്ന സഭാവഴക്കുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കഥകളുടെ പ്രഭവ കേന്ദ്രമായി ഒരു പള്ളിയും. അതിനെ ചുറ്റിപ്പറ്റി ജീവിതം കെട്ടിപ്പടുത്ത ഒരുപിടി മനുഷ്യരാണ് മാന്തളിരിനെ സജീവമായി നിർത്തുന്നത്. അതിനു പുറത്തു നടക്കുന്ന കാര്യങ്ങൾ അധികമൊന്നും അവരെ മഥിക്കുന്നില്ല. എന്നാൽ പള്ളിയെ സംബന്ധിച്ച് എന്തും അവർക്ക് വേണ്ടതിലധികം പ്രാധാന്യമുള്ളതാണു താനും. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ സഭാ വഴക്കുകളെ നിർദോഷമായ ആക്ഷേപഹാസ്യത്തിലൂടെ സരസമായി അവതരിപ്പിച്ച് കയ്യടി നേടിയെങ്കിൽ കേരളത്തിന്റെ മണ്ണിൽ കമ്യൂണിസ്റ്റ് പാർട്ടി കൊടിനാട്ടിയ വർഷങ്ങളിലൂടെ, ഒരു കുടുംബത്തിന്റെ കഥയിലൂടെ, ചരിത്രത്തിന്റെ ഇഴപിരിച്ചെടുക്കാനാണ് കമ്യൂണിസ്റ്റ് വർഷങ്ങളിൽ ബെന്യാമിൻ ശ്രമിക്കുന്നത്.
ചരിത്രത്തെ വ്യക്തികൾ എന്ന സൂക്ഷ്മത്തിലേക്കു ചുരുക്കിയും നാടിനെ സവിശേഷ ദേശത്തിലേക്കു കൊണ്ടുവന്നും നടത്തുന്ന ചരിത്രരചന തന്നെയാണ് ബെന്യാമിന്റെ നോവൽ. അങ്ങനയൊരു വായനയാണ് ആ നോവൽ മുന്നോട്ടുവയ്ക്കുന്നതും. അതിനപ്പുറം മലയാളത്തിലെ മികച്ച നോവലുകളുടെ പട്ടികയിൽ ഇടംപിടിക്കാൻ കമ്യൂണിസ്റ്റ് വർഷങ്ങൾക്കു കഴിയുമെന്നു തോന്നുന്നില്ല. നോവൽ പുറത്തുവന്നതിനു ശേഷമുള്ള നാലു വർഷം അതു തെളിയിച്ചതാണ്. ഭാവിയും അതിൽനിന്നു വ്യത്യസ്തമായ വിലയിരുത്തൽ നടത്തുമെന്നു കരുതാൻ ന്യായങ്ങളില്ല.
കഥയേക്കാൾ കഥ പറയുന്ന ശൈലിയാണ് ബെന്യാമിന്റെ കരുത്ത്. നസ്രാണി വർഷങ്ങളിൽ അദ്ദേഹത്തിന്റെ ശൈലി ആക്ഷേപ ഹാസ്യത്തെപ്പോലും ഉദാത്തമായി അവതരിപ്പിക്കുന്നു. ആടുജീവിതം യാഥാർഥ്യം തന്നെയെങ്കിലും ആ നോവലിലെ ഭാവനയുടെ കരുത്ത് അധികമാരും കണ്ടില്ല. കമ്യൂണിസ്റ്റ് വർഷങ്ങളിൽ ആകട്ടെ, ചരിത്രത്തിന്റെ വർണരേണുക്കൾ പടർന്നുകിടക്കുന്ന കഥാസ്ഥലിയിലൂടെ വായനക്കാരെ കൂടെ കൂട്ടാനാണ് ശ്രമിച്ചത്.
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണെന്ന് ബെന്യാമിൻ എഴുതിയിട്ടുണ്ട് ആടുജീവിതത്തിൽ. ഏതു കെട്ടുകഥയെയും സ്വന്തം ജീവിതം പോലെ അനുഭവിപ്പിക്കുന്നതാണ് മികച്ച എഴുത്തുകാരുടെ കരുത്ത്. ചില കൃതികളിൽ ബെന്യാമിനിൽ ആ സിദ്ധി തെളിഞ്ഞുകണ്ടു. ഇടയ്ക്കെവിടെയോ നഷ്ടപ്പെട്ട ആ സിദ്ധി തിരിച്ചുപിടിക്കാൻ നിമിത്തമാകട്ടെ ഇത്തവണത്തെ വയലാർ പുരസ്കാരം. ആടുജീവിതത്തിന്റെ അനുബന്ധത്തിൽ ബെന്യാമിൻ തന്നെ എഴുതിയ വാക്കുകൾ പ്രവചനാത്മകമാണ്.
‘ഒരു സ്വപ്നത്തിലൂടെയല്ലാതെ, മറ്റൊരു വഴിയിലൂടെയും എനിക്ക് എഴുത്തിലേക്ക് കടന്നുവരാൻ സാധ്യതയില്ലായിരുന്നു. ഈശ്വരാ, ഞാനെന്റെ സ്വപ്നത്തിൽ നിന്ന് ഉണർന്നുപോകുമോ ?’
Content Summary: Writer Benyamin wins Vayalar Award