ആഫ്രിക്കൻ ഒച്ചുകളുടെ വീട്
കഴിഞ്ഞ നവംബറിൽ, മറ്റേമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അക്കാലമത്രയും പുലർത്തിപ്പോന്ന മൂകത വെടിഞ്ഞു സരസമായും വാചാലമായും സംസാരിക്കാൻ തുടങ്ങി. വാഹനങ്ങളുടെ ഇൻഷുറൻസ് ശരിയാക്കി കൊടുക്കുന്ന ഓഫിസിലെ സ്റ്റെനോ ജോലിയിൽ നിന്നു പിരിഞ്ഞുപോന്നതിൽ പിന്നെ, വീട്ടിൽ അവർക്കായി അനുവദിച്ച മുറിയിൽ നിന്ന് അപൂർവമായി
കഴിഞ്ഞ നവംബറിൽ, മറ്റേമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അക്കാലമത്രയും പുലർത്തിപ്പോന്ന മൂകത വെടിഞ്ഞു സരസമായും വാചാലമായും സംസാരിക്കാൻ തുടങ്ങി. വാഹനങ്ങളുടെ ഇൻഷുറൻസ് ശരിയാക്കി കൊടുക്കുന്ന ഓഫിസിലെ സ്റ്റെനോ ജോലിയിൽ നിന്നു പിരിഞ്ഞുപോന്നതിൽ പിന്നെ, വീട്ടിൽ അവർക്കായി അനുവദിച്ച മുറിയിൽ നിന്ന് അപൂർവമായി
കഴിഞ്ഞ നവംബറിൽ, മറ്റേമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അക്കാലമത്രയും പുലർത്തിപ്പോന്ന മൂകത വെടിഞ്ഞു സരസമായും വാചാലമായും സംസാരിക്കാൻ തുടങ്ങി. വാഹനങ്ങളുടെ ഇൻഷുറൻസ് ശരിയാക്കി കൊടുക്കുന്ന ഓഫിസിലെ സ്റ്റെനോ ജോലിയിൽ നിന്നു പിരിഞ്ഞുപോന്നതിൽ പിന്നെ, വീട്ടിൽ അവർക്കായി അനുവദിച്ച മുറിയിൽ നിന്ന് അപൂർവമായി
കഴിഞ്ഞ നവംബറിൽ, മറ്റേമ്മ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അക്കാലമത്രയും പുലർത്തിപ്പോന്ന മൂകത വെടിഞ്ഞു സരസമായും വാചാലമായും സംസാരിക്കാൻ തുടങ്ങി. വാഹനങ്ങളുടെ ഇൻഷുറൻസ് ശരിയാക്കി കൊടുക്കുന്ന ഓഫിസിലെ സ്റ്റെനോ ജോലിയിൽ നിന്നു പിരിഞ്ഞുപോന്നതിൽ പിന്നെ, വീട്ടിൽ അവർക്കായി അനുവദിച്ച മുറിയിൽ നിന്ന് അപൂർവമായി മാത്രമേ അവർ പുറത്തിറങ്ങിയിരുന്നുള്ളൂ. പണ്ടെങ്ങോ വാങ്ങി സൂക്ഷിച്ച പുസ്തകങ്ങളുടെ പാരായണത്തിൽ മുഴുകിയും അപ്പന്റെ പഴയ വെള്ളമുണ്ടുകൾ കൈലേസ് വലുപ്പത്തിൽ മുറിച്ചെടുത്ത് അവയിൽ പൂ തുന്നിയും കൈപ്പത്തി വലുപ്പത്തിലുള്ള ഫിലിപ്സ് റേഡിയോയിൽ പാട്ടുകൾ കേട്ടും ജനാലകൾക്കിടയിലൂടെ മരക്കാടുകളെ നോക്കിയിരുന്നും മറ്റേമ്മ എല്ലാ ദിവസവും സമയമളന്നു.
‘സാറാക്കൊച്ചേ, വല്ലതും വന്നു കഴിക്കുന്നില്ലിയോ’ എന്നു നേരാനേരങ്ങളിൽ അമ്മ വിളിച്ചപ്പോഴെല്ലാം മടിച്ചുമടിച്ച് അടുക്കളയോളം വന്നു. വല്ലതും കഴിച്ചെന്നു വരുത്തി അതിവേഗം തന്റെ മുറിയുടെ ഏകാന്തതയിലേക്കു പിൻവാങ്ങി. അപ്പന്റെ മുന്നിൽ പെടാതെ അവരെപ്പോഴും സ്വയം മറയുന്നതായി എനിക്കും ജെനിക്കും തോന്നിയിരുന്നു. ആ മുറിയുടെ അഗാധവും എരിച്ചിൽ ഉണ്ടാക്കുന്നതുമായ തണുപ്പിൽ അവരെന്നേക്കുമായി ഉറഞ്ഞുപോകുമെന്നു ഞാനും ജെനിയും പരസ്പരം പറഞ്ഞു. അപ്പോഴും മറ്റേമ്മയുടെ നിഴലിൽ നിൽക്കുമ്പോഴെല്ലാം അമ്മ ചൂളിചുരുങ്ങുന്നതായി ഞങ്ങൾ സംശയിച്ചു. അടുത്തനിമിഷം അമ്മയെന്തിനു ചൂളണമെന്നു സ്വയം തിരുത്തി. മറ്റേമ്മയെന്താണിങ്ങനെ എന്നു ചോദിച്ചപ്പോഴെല്ലാം, ‘ഓരോത്തരുടെ പ്രകൃതം’ എന്ന് അമ്മ ചിരിച്ചൊഴിഞ്ഞു. ആ മറ്റേമ്മയാണു വീടിനെയാകെ ഇളക്കിമറിച്ചുകൊണ്ട് പെട്ടെന്നൊരു ദിവസം വാക്കുകളുടെ പങ്കായം ആഞ്ഞുവീശുന്നതെന്നു ഞങ്ങൾക്ക് വിശ്വസിക്കാനായില്ല.
അമ്മയുണരും മുൻപേ അടുക്കളയിൽ അരിയിടാനും അരപ്പിനും മറ്റേമ്മ തിടുക്കം കൂട്ടി. അരമതിലിലേക്ക് കാൽകയറ്റിയിരുന്നു പത്രം വായിക്കുന്ന അപ്പനോട്, ‘അച്ചാച്ചനിപ്പോ ചായ വേണോ’ എന്നു ചോദിച്ചു. തുലാവർഷത്തിന്റെ വരവറിയിച്ചുകൊണ്ട് ആകാശത്തെ പിളരുന്ന ആദ്യ ഇടിമുഴക്കം കേട്ടപോലെ അപ്പൻ നടുങ്ങുന്നതു ഞങ്ങൾ വാതിൽമറക്കിടയിലൂടെ കണ്ടു. ജെനിയെ പിടിച്ചുനിർത്തി, അവളുടെ മുടിയിൽ എണ്ണപുരട്ടി ഈരി പിന്നിയിട്ടുകൊടുത്തു. എന്റെ മുറിയിലേക്ക് ഇടിച്ചുകയറി, ‘ജോമോനെ, നിന്റെ ഷർട്ടു വല്ലോം കഴുകാനുണ്ടോ എന്നു ചോദിച്ചു. അടുക്കളപ്പുറത്തെ നീളൻ വരാന്തയിൽ ചെന്നുനിന്ന്, ‘ലില്ലിക്കുട്ടിയേ, ഞായറാഴ്ച പള്ളീപ്പോകുമ്പോ ഒന്നിച്ചു പോകാമെടീ..’ എന്ന് അയൽക്കാരെ ഞെട്ടിച്ചു. ‘സാറാക്കൊച്ചിനിതെന്നാ പറ്റി..’ എന്ന് അവരെല്ലാം ഞങ്ങളോടു തഞ്ചത്തിൽ തിരക്കി. മുറികളിൽ നിന്നു മുറികളിലേക്കും പുറത്തേക്കും നീളുന്ന അവരുടെ അതിവേഗ ചലനങ്ങളും സംസാരവും സ്വാഭാവികമെന്നു കരുതാനുള്ള ഞങ്ങളുടെ ശ്രമം വീണ്ടും വീണ്ടും പരാജയപ്പെട്ടുകൊണ്ടിരുന്നു.
ആയിടെ, മലയാളത്തിൽ തയാറാക്കപ്പെട്ട ഏകീകൃത ആംഗ്യഭാഷ പരിശീലിക്കുന്ന ഉദ്യമത്തിലായിരുന്നു ഞാനും ജെനിയും. വാട്സാപ്പിലെ സാധാരണക്കാരായ ഇമോജികളെ ഉപേക്ഷിച്ച് ഞങ്ങൾ പരസ്പരം കൈവിരലുകൾ മടക്കിയും ചുരുക്കിയും മലയാള അക്ഷരങ്ങൾക്ക് പുതുവ്യാഖ്യാനങ്ങൾ സൃഷ്ടിച്ചു. ‘മറ്റേമ്മയ്ക്ക് എന്താണോ..?’ ഒരിക്കൽ ആംഗ്യഭാഷയിലൂടെ ഞാൻ ജെനിയോട് ചോദിച്ചു. അവളയച്ച മറുപടി എന്താണെന്നു വായിക്കാൻ ഞാൻ പണിപ്പെട്ടു. നാലുവിരലും മടക്കി, തള്ളവിരൽ മാത്രം ഉയർത്തിയ മെസേജ് കിട്ടിയപ്പോൾ ഞാൻ വായിച്ചു: ‘വ’. ചുരുട്ടിയ മുഷ്ടി: ‘ട’. തള്ളവിരലും ചൂണ്ടുവിരലും മുകളിലേക്ക് വളച്ചുയർത്തിയപ്പോൾ: ‘ട്’. അവ രണ്ടും ആവർത്തിച്ചപ്പോൾ കിട്ടിയ വാക്കുകൾ ഞാൻ ചേർത്തു വായിച്ചു: ‘വട്ട്’. ‘അരുത്. അങ്ങനെ പറയരുത്’ എന്ന് അവളെ ഗുണദോഷിക്കാനായി ‘അ’ എന്ന അക്ഷരത്തിനായി തള്ളവിരൽ മടക്കി നാലു വിരലുകൾ തിരശ്ചീനമായിട്ടുള്ള ആംഗ്യത്തിനായി ഞാൻ ഫോണിൽ തിരയാൻ തുടങ്ങി.
മറ്റേമ്മ എപ്പോഴെങ്കിലും സ്നേഹത്തോടെ പെരുമാറിയ ഓർമ ഞങ്ങൾക്കുണ്ടായിരുന്നില്ല. അവരെപ്പോഴും അവരുടെ ലോകത്തായിരുന്നു. ആ ലോകം ഇരുണ്ടതും ഗഹനവുമായിരുന്നു. ഇപ്പോഴത്തെ അവരുടെയീ അതിവാചാലതയും മുൻപുണ്ടായിരുന്ന അതിമൗനവും ഒരുതരം ഉന്മാദമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. പക്ഷേ, അതിനെ ഭ്രാന്തെന്ന് വിലയിരുത്താൻ ഞാൻ ഭയന്നു. നുണകൾ ഒളിച്ചിരിക്കുന്ന വെളിച്ചമാണു ഭ്രാന്ത്. മറ്റേമ്മയ്ക്ക് ഒളിപ്പിക്കാൻ ഒന്നുമില്ലല്ലോ. എങ്കിലും ഒരു രാത്രിയിൽ മറ്റേമ്മയുടെ ഉറക്കെയുള്ള ആക്രന്ദനം കേട്ടുകൊണ്ട് വീട് ഞെട്ടിയുണർന്നതു മറക്കാനാകില്ല. തള്ളിത്തുറന്ന വാതിലിനു പിന്നിൽ അവരാകെ വിവശയായി കാണപ്പെട്ടു. ആ പാരവശ്യത്തിനിടയിലും ലജ്ജിച്ചും പരിഭ്രമിച്ചും അവർ പറഞ്ഞു. ‘നമ്മുടെ വീടിനു മുകളിൽ ഒരു മയിൽ പറന്നിരുന്നതായി ഞാൻ സ്വപ്നം കണ്ടന്നേ..’ അതുകേട്ട് അപ്പനൊഴികെ, ഞങ്ങളെല്ലാം ചിരിച്ചു. മ്യൂസിയത്തിലല്ലാതെ മയിലുകളെ ഞങ്ങൾ കണ്ടിരുന്നില്ല. മയിൽ യഥേഷ്ടം വിരുന്നെത്തുന്ന പ്രദേശത്തും ആയിരുന്നില്ല ഞങ്ങളുടെ വീട്. എന്നാൽ പിറ്റേന്നു രാവിലെ മുറ്റം തൂക്കുന്നതിനിടയിൽ ചെടിപ്പച്ചകൾക്കിടയിൽ നിന്ന് ഒരു മയിൽപ്പീലി കണ്ടെടുത്ത ജെനിക്ക് കുറേനേരത്തേക്ക് മിണ്ടാൻ പോലുമായില്ല. മറ്റേമ്മ കണ്ട സ്വപ്നം സത്യമായിരുന്നു എന്നു ഞങ്ങൾ അമ്പരന്നു.
ഒരു മയിൽ ഈ ഭാഗത്തെങ്ങനെയോ വന്നുപെട്ടിട്ടുണ്ടെന്നു ടാപ്പിങ് ജോലിക്കാർ സാക്ഷ്യപ്പെടുത്തിയെങ്കിലും ഞങ്ങളുടെ അമ്പരപ്പ് മാറിയില്ല. തോട്ടത്തിൽ നിറയെ ഒച്ചുകൾ ഉണ്ടെന്നും അവറ്റയെ തിന്നാനാകും മയിൽ വരുന്നതെന്നും അവർ പറഞ്ഞു. മയിലുകൾ ഒച്ചുകളെ തിന്നുമോ? ഞങ്ങൾ സംശയിച്ചു. മറ്റേമ്മയാകട്ടെ ഒന്നും സംഭവിക്കാത്തതു പോലെ വീടിനെ ശബ്ദങ്ങളാൽ നിറച്ചു. വീട് പൊടുന്നനെ മറ്റൊന്നായി, അപരിചിതവും അപ്രാപ്യവുമായ മറ്റൊരിടമായി മാറുകയാണ് എന്നു ഞങ്ങൾക്കെല്ലാം തോന്നി. അലങ്കോലമായി കിടന്ന വീട്ടിലെ മുറികളെല്ലാം അവർ ഒന്നൊന്നായി അടുക്കിയടുക്കി വയ്ക്കാൻ തുടങ്ങി. കൈനീളമുള്ള മാറാലതട്ടിയുടെ പ്രയോഗമായിരുന്നു ആദ്യം. തുടർന്നു മറിഞ്ഞുതീർന്ന കലണ്ടറുകൾ മാറ്റിയിട്ടു. സ്വീകരണമുറിയിലെ ഷോകെയ്സിൽ എനിക്കും ജെനിക്കും കിട്ടിയ ചെറിയ പുരസ്കാരങ്ങൾ നനഞ്ഞ തുണിയാൽ തുടച്ചു തിളക്കം കൂട്ടി ക്രമത്തിൽ വച്ചു. റോയിമോന് സ്കൂളിലെ ക്വിസ് മത്സരത്തിൽ പങ്കെടുത്തതിനോ മറ്റോ കിട്ടിയ പതക്കം അവർ ഏറെ നേരം കൈകളിലെടുത്ത് നോക്കിയിരുന്നു. വർഷങ്ങൾക്കു മുൻപു മരിച്ചുപോയ അവൻ തിരിച്ചുവരുമ്പോൾ ഇതെല്ലാം ഇങ്ങനെ സൂക്ഷ്മതയില്ലാതെ സൂക്ഷിച്ചതിനു വഴക്കിടും എന്ന മട്ടിൽ, അതു വീണ്ടും വീണ്ടും തുടച്ചു തിളക്കമേറ്റാൻ യത്നിച്ചു. ടീപ്പോയ്ക്കു കീഴെ വലിച്ചു വാരിയിട്ടിരുന്ന പത്രങ്ങൾ ആക്രിക്കാരന്റെ വരവിനെ പ്രതീക്ഷിച്ച് കെട്ടിമാറ്റിവച്ചു. അലമാരകളും മേശകളും കസേരകളും അവയുടെ യഥാസ്ഥാനത്തു നിന്നു മാറ്റി മറ്റൊരു മട്ടിൽ സ്ഥാപിച്ചു. ആവശ്യമില്ലാത്ത കുപ്പികളും പാത്രങ്ങളും എടുത്തുമാറ്റി പുനഃക്രമീകരിച്ച അടുക്കളയിൽ കയറാൻ മടിച്ച്, അമ്മ പകച്ചുനിന്നു. ചിലപ്പോഴെല്ലാം എന്നെയും ജെനിയെയും സഹായത്തിനു വിളിച്ചു. ചെടിച്ചട്ടികൾക്കും തൂക്കുവിളക്കുകൾക്കും സ്ഥാനചലനം ഉണ്ടായി. അഴുക്കുവിരികളും മേലുറയും മാറ്റിയ കിടക്കയും തലയിണയും ഞങ്ങളുടെ മുറി, ഊർജസ്വലനായ ഭരണാധികാരിയുടെ വരവാഘോഷിക്കുന്ന രാജ്യംപോലെ തോന്നിച്ചു. അപ്പനും അമ്മയും കിടക്കുന്ന മുറി മാത്രം, ഈ പരിഷ്കാരങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട പ്രവിശ്യപോലെ മുഷിഞ്ഞും മ്ലാനമായും തുടർന്നു.
മറ്റേമ്മയുടെ മൂളിപ്പാട്ടുകൾ വീടിനെ ഒരു സംഗീതശാലയാക്കുന്നതിനെ തടയാൻ ആർക്കും കഴിഞ്ഞില്ല. ‘നമുക്ക് കടൽ കാണാൻ പോയാലോ..’
ഒരു ദിവസം മറ്റേമ്മ എന്നോടു ചോദിച്ചു. ഞാൻ വേണ്ടെന്നു പറഞ്ഞാലും അവർ പോകുമെന്ന് ഉറപ്പിക്കും വിധം ദൃഢമായിരുന്നു ആ ക്ഷണം. വീട്ടിൽ നിന്നു വളരെ ദൂരേക്ക് ബൈക്കോടിച്ചു പോകുന്നതിന് എനിക്ക് വിലക്കുകൾ ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം മറികടക്കാൻ മറ്റേമ്മ കൂടെയുണ്ട് എന്ന അധികധൈര്യത്തിന് കഴിഞ്ഞു. ഈ കാലത്തിനിടയിൽ ആദ്യമായിട്ടായിരുന്നു ഞാൻ അവർക്കൊപ്പം യാത്ര ചെയ്യുന്നത്. വിശേഷാവസരങ്ങളിൽ മാത്രം സംഭവിച്ച ഞങ്ങളുടെ കൂട്ടുയാത്രകളിൽ പോലും അവരൊരിക്കലും പങ്കുചേർന്നിരുന്നില്ലെന്ന് ഒട്ടൊരു വിസ്മയത്തോടെ ഞാൻ ഓർത്തു. എന്നിട്ടുമിപ്പോൾ, നര വീണു തുടങ്ങിയ മുടിയിഴകൾ പറപ്പിച്ചുകൊണ്ട് പിൻസീറ്റിൽ ഇരിക്കുന്നത് ഞങ്ങളുടെ വീടിന്റെ അഹന്തയാണ് എന്ന് എനിക്കു തോന്നി. കടൽ വിശാലമായ തന്റെ വിവേകത്തെ ഞങ്ങൾക്കു മുന്നിൽ ലോപമില്ലാതെ തുറന്നിട്ടു.
തീരം തൊടാൻ ഇഴഞ്ഞിഴഞ്ഞെത്തുന്ന തിരകളുടെ വിരൽ വരയ്ക്കുന്ന വരകളിൽ ചവിട്ടാതെ, കൃത്യമായ അകലം പാലിച്ചുകൊണ്ട് അവർ ചെറുചിരിയോടെ കടലിനെ നോക്കി നിന്നു. എന്നെ പൂർണമായും അവഗണിച്ചുകൊണ്ട് വളരെ ദൂരേക്ക് മണലിലൂടെ നടന്നു. അവർ തിരികെയെത്താൻ വൈകുന്നതിൽ ഒരേ സമയം ആഹ്ലാദവും ആശങ്കയും എന്നിൽ നുരയിട്ടു. നനഞ്ഞ മണലിലൂടെ അവർ കുട്ടികളെപ്പോലെ ഓടി. വെറുതേ ഒച്ചയിട്ടു. കടൽ കാണാൻ എത്തിയ അപരിചിതരോട് ആവശ്യമില്ലാത്ത അടുപ്പത്തിൽ സംസാരിച്ചു. മണൽ വാരി കടലിനു നേരെ എറിഞ്ഞു. ഒരിക്കലും കാണിച്ചിട്ടില്ലാത്ത ഉന്മാദത്തോടെ തളരുംവരെ സ്വയം പ്രദർശിപ്പിച്ചു.
‘മറ്റേമ്മേ, ആളുകൾ ശ്രദ്ധിക്കുന്നു...’
ഞാനവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അവരതു കേട്ടതായി തോന്നിയില്ല. ഇരുട്ടാവാൻ തുടങ്ങിയതോടെ മടങ്ങാം എന്നു മറ്റേമ്മ പറഞ്ഞു. മടങ്ങാം എന്ന് അതിനും മുൻപേ ഒരായിരം വട്ടം ഞാൻ അകമേ പറഞ്ഞുകഴിഞ്ഞിരുന്നു. കടലിന്റെ അലർച്ചയും മുരൾച്ചയും അത്രമേൽ എന്നെ മടുപ്പിച്ചിരുന്നു. കടലോ മടുപ്പിച്ചത്? അതോ മറ്റേമ്മയുടെ അസ്വാഭാവിക ചലനങ്ങളോ? എന്തായാലും ബൈക്കിനു നേരെ നടക്കുമ്പോൾ, മറ്റേമ്മ പറയുന്നതു വ്യക്തമായും ഞാൻ കേട്ടു. ‘റോയി മോൻ മരിച്ചതെങ്ങനെയെന്നു നീ നിന്റെ അപ്പനോട് ചോദിക്കണം. കൊന്നതാണ്... എന്റെ മോനായതു കൊണ്ട്..’
ഒരു നിമിഷം ഞാൻ ഞെട്ടിത്തിരിഞ്ഞു. കടലിനു നേരെ തിരിഞ്ഞുനിൽക്കുന്ന മറ്റേമ്മ അങ്ങനെയെന്തെങ്കിലും പറഞ്ഞതായി ഒരു സൂചനയും അവരുടെ മുഖത്ത് എനിക്കു വായിക്കാനായില്ല. കാറ്റിനൊപ്പം മത്സരിച്ചു കടലും ഉഗ്രമായി അലറാൻ തുടങ്ങിയിരുന്നു. മറ്റേമ്മ എന്തെങ്കിലും പറഞ്ഞോ എന്ന് ചോദിക്കാൻ പോലും ധൈര്യമില്ലാതെ ഞാൻ ബൈക്കെടുത്തു. വളരെ ഇരുട്ടി വീട്ടിൽ എത്തുമ്പോൾ എല്ലാവരും ഞങ്ങളെ നോക്കി ഇരിക്കുകയായിരുന്നു. ‘സമയം ഇത്ര വൈകിയത് അറിഞ്ഞില്ലേ?’ എന്ന അമ്മയുടെ എന്നോടുള്ള ചോദ്യത്തെ ഒരു നോട്ടംകൊണ്ട് മറ്റേമ്മ ഇല്ലാതാക്കി. അപ്പൻ, വായിച്ചുകൊണ്ടിരുന്ന സത്യവേദപുസ്തകം മടക്കി മുറിയിലേക്ക് നടന്നു. ജെനിയാകട്ടെ, വാട്സാപ്പിൽ ഞാനവൾക്കയച്ച കടൽക്കരയിൽ നിന്നെടുത്ത ചിത്രങ്ങളുടെ വിശദീകരണം തേടി എനിക്കു പിറകേ വന്നു. സംസാരിക്കാനുള്ള വിമുഖതയോടെ ഞാൻ പെട്ടെന്ന് ബാത്ത്റൂമിലേക്ക് രക്ഷപ്പെട്ടു.
കുളി കഴിഞ്ഞുവന്നപ്പോൾ, ‘WHAT HAPPENED?’ എന്ന സന്ദേശവും ആകുലമുഖത്തിന്റെ ഇമോജിയും വന്നുകിടപ്പുണ്ടായിരുന്നു.
ആംഗ്യഭാഷയിൽ ‘ഒന്നുമില്ലെന്ന്’ ഞാൻ മറുപടി അയച്ചു. ‘ഒ’യ്ക്കായി ഉഗ്രൻ എന്ന കൈമുദ്രയും ‘ന്ന’യ്ക്കായി മൂന്നു ചൂണ്ടുവിരലുകളുടെ താഴേക്കുള്ള വ്യംഗ്യവും തിരയുമ്പോൾ, സംസാരഭാഷയേക്കാൾ ഈ മുദ്രകൾ തിരഞ്ഞെടുക്കുന്നതിലെ വിഷമം ചിലപ്പോഴെങ്കിലും നല്ലതാണ് എന്നു ഞാൻ ആശ്വസിച്ചു. ചില സംസാരം ഒഴിവാക്കാൻ മുദ്രകൾ തന്നെയാണു നല്ലത്. അതിവൈകാരികതയുടെ ക്ലേശഭാരം ഇമോജികൾക്കോ മുദ്രകൾക്കോ ഇല്ല. മറ്റേമ്മ പുലർത്തിപ്പോന്ന മ്ലാനതയും ഇപ്പോഴവർ പ്രകടിപ്പിക്കുന്ന വാചാലതയും ഒരുപോലെ ഭീകരവും നിന്ദ്യവുമാണ് എന്ന് ഞാൻ ചേർത്തുവായിച്ചു.
കുട്ടികളായിരിക്കുമ്പോൾ, മറ്റേമ്മ അപ്പന്റെ സഹോദരി എന്നായിരുന്നു ഞങ്ങൾ കരുതിയിരുന്നത്. അപ്പന്റെ മുഖച്ഛായയാണ് അവർക്കെന്ന് ജെനി എന്നോടു മുതിർന്നു കഴിഞ്ഞിട്ടും പറയുമായിരുന്നു. അവർ അമ്മയുടെ മൂത്തസഹോദരിയാണ് എന്ന കാര്യം പലപ്പോഴും ഞങ്ങൾ മറന്നു. അപ്പന്‍ അവരെയാണ് കല്യാണം കഴിക്കാൻ ആഗ്രഹിച്ചതെന്ന് മനസിലാക്കാന്‍ ഞങ്ങള്‍ വൈകി. റോയി മോൻ എന്നേക്കാൾ മൂത്തതാണെന്നും അവൻ മറ്റേമ്മയുടെ മകനായിരുന്നു എന്നും മനസിലാക്കാൻ പിന്നെയും വൈകി. ഇതിനിടയിലേക്ക് അമ്മയും ഞങ്ങളും എങ്ങനെ, എപ്പോൾ വന്നുചേർന്നുവെന്നത് ഇനിയും മനസിലാക്കേണ്ട ഒന്നാണ്. അപ്പനും മറ്റേമ്മയ്ക്കും ഇടയിലേക്ക് ആദ്യം അമ്മ വന്നു. പിന്നെ ഞാൻ. തൊട്ടുപിന്നാലെ ജെനി. സ്തോഭജനകമെങ്കിലും വിരസമായ ഈ നാടകീയതയിൽ വിരക്തി തോന്നിയതിനാലാകാം റോയി മോൻ എന്നെന്നേക്കുമായി രംഗം വിട്ടു. മറ്റേമ്മയാകട്ടെ തുടർന്നങ്ങോട്ട് സംഭാഷണങ്ങളില്ലാത്ത കഥാപാത്രമായി മാറി. എങ്കിലും, ഒരാംഗ്യം കൊണ്ട്, ഒരൊറ്റ ഡയലോഗ് കൊണ്ട് ഇതുവരെ എഴുതിയ കഥയത്രയും മാറ്റാനാകും എന്നവർ ഇന്നു തെളിയിച്ചു.
രാത്രി അപ്പനെന്റെ മുറിയിൽ വന്നു.
‘നിങ്ങളെവിടെ പോയതാ..’
മുഖവുരകളില്ലാതെ അപ്പൻ ചോദിച്ചു.
ബെഡ്-ലാമ്പിന്റെ ഷെയിഡ് ഉയർത്തി കൂടുതൽ വെളിച്ചത്തെ അപ്പന്റെ മുഖത്തേക്ക് ക്ഷണിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
‘കടൽ കാണാൻ’
‘അവളങ്ങനെ പലതും പറയും. അതുകേട്ടു തുള്ളാൻ നിൽക്കണ്ട..’
ആംഗ്യഭാഷയിൽ, ‘ശ’യ്ക്കായി ചൂണ്ടുവിരൽ തിരശ്ചീനമായും ‘ര’യ്ക്കായി ചുരുട്ടിയ മുഷ്ടി കീഴ്പ്പോട്ടായും വള്ളിക്കായി ചൂണ്ടുവിരൽ ലംബമായി ചുരുട്ടിയും കാണിക്കണമല്ലോ എന്നോർത്തുകൊണ്ട് ഞാൻ പറഞ്ഞു: ‘ശരി’.
ക്രിസ്മസിന് മുൻപ്, റോയി മോന്റെ കുഴിമാടപ്രാർത്ഥനയ്ക്ക് ഇത്തവണ മറ്റേമ്മയും പള്ളിയിൽ വന്നു. അവർ റോയി മോനെ നേരിൽ കാണാൻ പോകുംപോലെ ആഹ്ലാദവതിയായി കാണപ്പെട്ടു. എന്നാൽ, പ്രാർത്ഥന തുടങ്ങിയതോടെ അവർ ചില്ലുപാത്രം തകരും പോലെ ഉടയുകയാണെന്നു തോന്നി. അതൊരൽപ്പനേരമേ ഉണ്ടായുള്ളൂ. സെമിത്തേരിക്ക് പുറത്തുകടന്നതോടെ അവർ വീണ്ടും പ്രസരിപ്പ് വീണ്ടെടുത്തു. കുഴിമാടത്തിൽ വിതറാൻ വാങ്ങിയ ഇളംചുവപ്പ് നിറമുള്ള ക്രിസോന്തം പൂക്കളുടെ ഒരിതൾ, വിഷാദസൂചനപോലെ അവരുടെ അഴിച്ചിട്ട മുടിയിഴകളിൽ തങ്ങിനിൽക്കുന്നതു ഞാൻ കണ്ടു. പരിചയക്കാരോട് അവർ ചിരിച്ചും കയ്യുയർത്തിയും ആലിംഗനം ചെയ്തും സംസാരിക്കുന്നതിനെ തെല്ലൊരസഹ്യതയോടെ അപ്പൻ നോക്കി. ജെനിയും ഞാനും. അമ്മയാകട്ടെ, ഇതൊന്നും കാര്യമാക്കേണ്ട എന്ന മുഖഭാവം എടുത്തണിഞ്ഞു. പള്ളിയുടെ കവാടം കടന്നതേ അപ്പൻ മറ്റൊരു വഴിക്കു തിരിഞ്ഞു. ഞാനും ജെനിയും ബൈക്കിൽ വീട്ടിലേക്ക് മടങ്ങി. അമ്മയും മറ്റേമ്മയും ഒന്നിച്ച് നടന്നുവന്നു.
വീടിന്റെ ഗേറ്റ് തുറക്കുമ്പോൾ ജെനി ചോദിച്ചു:
‘അമ്മയും മറ്റേമ്മയും എന്താകും സംസാരിച്ചോണ്ട് വരുന്നത്..?’
ഞാൻ ആലോചിച്ചുനോക്കി.
പണ്ടായിരുന്നെങ്കിൽ അമ്മ നിർത്താതെ സംസാരിക്കുകയും മറ്റേമ്മ നിശബ്ദമായി അതു കേൾക്കുകയും ആയിരിക്കും. പക്ഷേ, ഇപ്പോൾ? തുടർദിനങ്ങളിൽ, അതുതന്നെ സംഭവിച്ചു. അമ്മ പതുക്കെ മിണ്ടാതാകുന്നതു വീടറിഞ്ഞു. മറ്റേമ്മയുടെ സംസാരവും ചിരിയും എവിടെയും മുഴങ്ങി. അസഹ്യമായൊരു ആരവം പോലെ ചിലപ്പോഴെങ്കിലും അതു ഞങ്ങളെ നീരസപ്പെടുത്തി. അമ്മ പെട്ടെന്നൊരു ദിവസം അടുക്കള വിട്ടൊഴിഞ്ഞു. അവിടെ നിന്നു മറ്റേമ്മയുടെ പെരുമാറ്റങ്ങളുടെ ശബ്ദം കേട്ടുതുടങ്ങി. സ്വയംഭരണാവകാശം നഷ്‌ടമായ ഒരു ഗ്രാമത്തിലേക്ക് പുതിയ പരിഷ്കാരങ്ങളും അധികാരവുമായി മറ്റൊരാൾ വന്നെത്തിയ പ്രതീതി എല്ലാവർക്കും ഉണ്ടായി. മറ്റേമ്മയുടെ മൂളിപ്പാട്ടുകൾക്ക് പാത്രങ്ങളുടെ കലമ്പൽ ബി.ജി.എം. ഒരുക്കുന്നുവെന്ന് ജെനി അതെല്ലാം തമാശയാക്കാൻ ശ്രമിച്ചു. അയൽവീട്ടുകാരുടെ വിളിച്ചുചോദ്യങ്ങൾക്ക് അമ്മയ്ക്ക് പകരം മറ്റേമ്മയുടെ മറുപടികൾ ഉയർന്നു. തീൻമേശയിൽ ഞങ്ങളെല്ലാം ഭക്ഷണം കഴിച്ചശേഷം മാത്രം അമ്മ വന്നിരുന്നു. എന്തെങ്കിലും കഴിച്ചെന്നു വരുത്തി.
മിക്ക രാത്രികളിലും തനിക്കു പേടിയാകുന്നുവെന്നും നമ്മളറിയാതെ ഈ വീട്ടിൽ ഗൂഢമായ മറ്റെന്തൊക്കെയോ അരങ്ങേറുന്നതായും ജെനി എനിക്ക് സന്ദേശം അയച്ചു. ഒക്കെ നിന്റെ തോന്നൽ മാത്രമെന്നു ഞാനവളെ പരിഹസിച്ചു. ജനുവരിയിൽ, ഞാനും ജെനിയും വയലിൻ പ്രാക്റ്റീസ് തുടങ്ങി. വയലിന്റെ ശബ്ദം വിഷാദാത്മകമായ അന്തരീക്ഷത്തെ വീണ്ടും ആർദ്രമാക്കുന്നതായി ഞങ്ങളിരുവരും മനസിലാക്കി. ആ മാസത്തിന്റെ അവസാനം ഞങ്ങൾ പുറത്തെങ്ങോ പോയി മടങ്ങിയെത്തുമ്പോൾ, അമ്മയെ മുറിയിൽ കാണാഞ്ഞ് ഞങ്ങൾ പരിഭ്രമിച്ചു. മറ്റേമ്മേ, അമ്മയെവിടെ? എന്നു വിളിച്ചു ചോദിക്കേ, ജോമോനെ, ജെനീ ഓടിവാടാ എന്ന് അവർ താഴെപറമ്പിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. അവരുടെ സ്വരത്തിൽ, അത്ഭുതമോ പരിഭ്രാന്തിയോ എന്നു തിരിച്ചറിയാനാകാതെ ഞാൻ താഴ്ചയിലേക്കോടി. എനിക്ക് പിറകേ ജെനിയും. താഴെപറമ്പിന്റെ കയ്യാലക്കല്ലുകളും പെരുവ് ചെടികളുടെ ഇലകളും മണ്ണും എല്ലായിടവും ആഫ്രിക്കൻ ഒച്ചുകളുടെ വൻപട കീഴടക്കിയിരിക്കുന്നത് കണ്ട് ഞങ്ങൾ അന്തിച്ചു. അവയുടെ കുപ്പിണി ഒരേദിശയിൽ നീങ്ങി അധികം വൈകാതെ ഞങ്ങളുടെ വീട് കയ്യടക്കുമെന്ന് എനിക്ക് ഉറപ്പായി. അവ സഞ്ചരിക്കുന്ന വഴിയിലെല്ലാം ചിരപരിചിതർക്ക് മാത്രം വായിച്ചെടുക്കാവുന്ന നിശബ്ദമുദ്രകൾ തെളിഞ്ഞുകിടക്കുന്നത് ജെനി എനിക്ക് ചൂണ്ടിക്കാട്ടി തന്നു.
‘അമ്മയെവിടെ?’
ഞാൻ ചോദിച്ചു.
‘അവളകത്തുണ്ടല്ലോ.’
മറ്റേമ്മ പറഞ്ഞു.
ഒച്ചുകളെ ഇഴയാനും മറ്റേമ്മയെ അവയെ നിരീക്ഷിക്കാനും വിട്ട് ഞങ്ങൾ വീണ്ടും വീടിന്റെ അകത്തേക്കോടി. അമ്മ മറ്റേമ്മയുടെ മുറിയിൽ ഉണ്ടായിരുന്നു. മറ്റേമ്മയെ നെല്ലിട തെറ്റാതെ അനുകരിക്കുംവിധം അപ്പന്റെ പഴയ വെള്ളമുണ്ട് കൈലേസ് വലുപ്പത്തിൽ കീറിയെടുത്ത് അതിൽ പൂ തുന്നുകയായിരുന്നു അമ്മ. ചതഞ്ഞതെങ്കിലും കൃത്യതയാർന്ന സ്വരത്തിൽ ഫിലിപ്സ് റേഡിയോ പാടിക്കൊണ്ടിരുന്നു. ഞങ്ങളങ്ങനെ നിൽക്കുന്നതറിഞ്ഞിട്ടും ഞങ്ങളെ ശ്രദ്ധിക്കാതെ തുറന്നിട്ട ജനലിലൂടെ പുറത്തെ മരക്കാടുകൾക്ക് നേരെ അമ്മ ഇടയ്ക്കിടെ നോക്കി തുന്നൽ തുടർന്നു. ഞങ്ങളുടെ നിശ്ചലവും നിരാശ്രയവുമായ ആ നിൽപ്പിലേക്ക് പൊടുന്നനെ അപ്പൻ വന്നുകയറി. വാതിൽക്കൽ നിന്നുകൊണ്ട് അപ്പൻ പറഞ്ഞു. ‘ത്രേസ്യേ, അവളെപ്പോലെ ഓരോ വേഷംകെട്ടു കാണിക്കാതെ എഴുന്നേറ്റ് വാടീ...’ അമ്മയതിനു മറുപടിയായി മുഖമുയർത്താതെ ഇത്രമാത്രം പറഞ്ഞു: ‘ഇനിയില്ല’
ആ വാക്കുകളുടെ ദൃഢതയിൽ അപ്പനൊന്ന് ഉലഞ്ഞു.
അപ്പോൾ ഞങ്ങൾക്കു പിറകിൽ നിന്നു മറ്റേമ്മ ആ രംഗത്തിലേക്ക് വന്നുകയറി. അപ്പനെ ഒന്നുനോക്കി ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട്, മുറിയിലേക്കു കയറുകയും വാതിൽ അടയ്ക്കുകയും ചെയ്തു. ഒന്നിച്ചു താമസിക്കുന്ന മനുഷ്യർക്കിടയിൽ സംഭവിക്കുന്ന വിചിത്രമായ രീതികൾ വീണ്ടും എന്നെ അമ്പരപ്പിച്ചു കൊണ്ടിരുന്നു. ഒരു നിമിഷം പോലും വൈകാതെ അപ്പൻ, പൂമുഖത്തെ കസേരയിലെ ചിന്താമൂകമായ കിടപ്പിലേക്കും ഞാനും ജെനിയും അവരവരുടെ മുറികളിലേക്കും പിൻവാങ്ങി.
മുറിയിൽ നിന്നു ജെനി എനിക്ക് മെസേജ് അയച്ചു:
‘what hell is going on?’
ഞാൻ മറുപടിയിട്ടു:
‘nothing’
പെട്ടെന്നാണ് താഴെപ്പറമ്പിൽ ഒച്ചുകളുടെ പടയിറങ്ങിയ കാര്യം അപ്പനോടു പറഞ്ഞില്ലല്ലോ എന്ന് ഞാൻ ഓർത്തത്. അവ ചെടികളും കിണറും വീടാകെയും നാശമാക്കുമെന്ന് എനിക്കറിയാമായിരുന്നു. ഞാനതു പറഞ്ഞപ്പോൾ അപ്പൻ നിസ്സാരമായി മന്ദഹസിച്ചു. ‘ഓ.. .ഉപ്പു വിതറിയാൽ മതി. ഒക്കെ ചത്തുപൊക്കോളും.’ സന്ധ്യയ്ക്ക് അപ്പൻ ഉപ്പുനിറച്ച പാത്രവുമായി ചെടികൾക്കിടയിലൂടെ താഴേക്ക് ഇറങ്ങിപ്പോകുന്നത് ജനലിലൂടെ ഞാൻ കണ്ടു. അപ്പന് പിറകേ ചെല്ലണമെന്ന് തോന്നിയെങ്കിലും പോയില്ല. ഉപ്പുനീരിൽ പിടഞ്ഞുപിടഞ്ഞില്ലാതാകുന്ന ഒച്ചുകളുടെ വഴുക്കുന്ന ശരീരം എനിക്ക് ഓർക്കാൻ പോലും കഴിഞ്ഞില്ല. എന്നാൽ, രാത്രി ഏറെ കഴിഞ്ഞിട്ടും അപ്പൻ കയറി വന്നില്ലല്ലോ എന്ന് ഞാൻ നടുക്കത്തോടെ ഓർത്തു. നടുത്തളത്തിൽ വന്നപ്പോൾ അമ്മയുടെ മുറി തുറന്നുകിടപ്പുണ്ട്. അമ്മയിപ്പോൾ ഉറങ്ങുകയാണ്. മറ്റേമ്മയുടെ മൂളിപ്പാട്ടുകൾ അടുക്കളയിൽ നിന്നു കേട്ടു. താഴേക്ക് നോക്കി ‘അപ്പാ’ എന്ന് ഞാൻ ഉറക്കെ വിളിച്ചു. മറുപടി ഉണ്ടായില്ല. വീണ്ടും വിളിച്ചു. നിശബ്ദം. മൊബൈലിന്റെ ടോർച്ച് തെളിച്ചുകൊണ്ട് താഴേക്ക് ഇറങ്ങിച്ചെന്നു. അവിടെ, അപ്പനുണ്ടായിരുന്നു. എടന മരത്തിന്റെ ചില്ലയിൽ കെട്ടിയ മഞ്ഞനിറമുള്ള പ്ലാസ്റ്റിക് കയർ കഴുത്തിലിട്ട് അപ്പനൊരു ആംഗ്യഭാഷ ഉണ്ടാക്കിയിരിക്കുന്നു. പുതുലിപി നിർമാണത്തിന്റെ അത്യുത്സാഹത്തിൽ മരച്ചില്ല പൊട്ടിപ്പോയിട്ടുണ്ട്. അതിനാൽ, കഴുത്തിൽ മുറുകിയ കുരുക്കോടെ അപ്പൻ മണ്ണിൽ മുട്ടുമടക്കി ഇരിക്കുന്ന നിലയിലാണ്.
ഞാൻ വെളിച്ചം ഒന്നുയർത്തിനോക്കി. അപ്പന്റെ കിടപ്പും മറിഞ്ഞുചിതറിയ ഉപ്പുപാത്രത്തിന്റെ വട്ടവും ചേർന്നപ്പോൾ എനിക്കതൊരു ചോദ്യചിഹ്നം പോലെ തോന്നി. രണ്ട് സ്ത്രീകൾ തനിക്കു നേരെ ഉയർത്തിയ കലഹത്തെ പ്രതിരോധിക്കാൻ അപ്പൻ തന്റെ ഉടൽ കൊണ്ടുണ്ടാക്കിയ ആംഗ്യഭാഷ. എന്റെ നിലയിൽ ഞാനത് ഇങ്ങനെ വിവർത്തനം ചെയ്തു.
ഒരു കൈപ്പടം ചുരുട്ടിയും മറുകൈപ്പടം പാതി ചുരുട്ടിയും ഉയർത്തിക്കാട്ടിയാൽ: ‘മ’
വെള്ളം കുടയും പോലെ ഒരു കൈപ്പടം കീഴേക്ക് ചുരുട്ടിപ്പിടിച്ചാൽ ‘ര’
നടുവിരലും മോതിരവിരലും ചെറുവിരലും താഴേക്ക് നീട്ടിയാൽ: ‘ണ’
അവ ഒന്നാക്കി, ഉപ്പുപരലുകളിൽ നിന്നു രക്ഷപ്പെടാൻ വ്യഗ്രതപ്പെടുന്ന ഒച്ചുകളെ നോക്കി ഞാനിങ്ങനെ വായിച്ചു: ‘മരണം’.
Content Summary : Kadhayarangu- African Ochukalude Veedu, Malayalam Short Story written by Manoj Vengola