അടുത്ത വര്‍ഷം ആയിരം പൂർണചന്ദ്രൻമാരുടെ പ്രഭയിലേക്ക് പ്രവേശിക്കുകയാണ് പി. വത്സല. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം വത്സലയെ തേടിയെത്തിയത് ഈ കേരളപ്പിറവിദിനത്തിലാണ്. വയനാടൻമണ്ണിലെ അടിയാളജനതയുടെ കഥ പറഞ്ഞ ‘നെല്ലി’ന് അടുത്ത വർഷം 50 വയസ്സ് പൂർത്തിയാവുന്നു. പി. വത്സല

അടുത്ത വര്‍ഷം ആയിരം പൂർണചന്ദ്രൻമാരുടെ പ്രഭയിലേക്ക് പ്രവേശിക്കുകയാണ് പി. വത്സല. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം വത്സലയെ തേടിയെത്തിയത് ഈ കേരളപ്പിറവിദിനത്തിലാണ്. വയനാടൻമണ്ണിലെ അടിയാളജനതയുടെ കഥ പറഞ്ഞ ‘നെല്ലി’ന് അടുത്ത വർഷം 50 വയസ്സ് പൂർത്തിയാവുന്നു. പി. വത്സല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത വര്‍ഷം ആയിരം പൂർണചന്ദ്രൻമാരുടെ പ്രഭയിലേക്ക് പ്രവേശിക്കുകയാണ് പി. വത്സല. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം വത്സലയെ തേടിയെത്തിയത് ഈ കേരളപ്പിറവിദിനത്തിലാണ്. വയനാടൻമണ്ണിലെ അടിയാളജനതയുടെ കഥ പറഞ്ഞ ‘നെല്ലി’ന് അടുത്ത വർഷം 50 വയസ്സ് പൂർത്തിയാവുന്നു. പി. വത്സല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത വര്‍ഷം ആയിരം പൂർണചന്ദ്രൻമാരുടെ പ്രഭയിലേക്ക് പ്രവേശിക്കുകയാണ് പി. വത്സല. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം വത്സലയെ തേടിയെത്തിയത് ഈ കേരളപ്പിറവിദിനത്തിലാണ്. വയനാടൻമണ്ണിലെ അടിയാളജനതയുടെ കഥ പറഞ്ഞ ‘നെല്ലി’ന് അടുത്ത വർഷം 50 വയസ്സ് പൂർത്തിയാവുന്നു. പി. വത്സല സംസാരിക്കുന്നു.

കാലത്തെ അതിജീവിച്ച് ‘നെല്ല്’ 50 വയസ്സ് പൂർത്തിയാക്കുകയാണ്. എഴുത്തുകാരിക്ക് എന്താണ് തോന്നുന്നത്?

ADVERTISEMENT

‘നെല്ല്’ ഇടയ്ക്കെടുത്ത് വായിച്ചുനോക്കാറുണ്ട്. ഇപ്പോൾ വായിക്കുമ്പോഴും നന്നായിട്ടുണ്ടെന്നു തോന്നാറുണ്ട് (ചിരിക്കുന്നു). 

എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ശേഷം വീണ്ടും വായിക്കാറില്ല. അടുത്ത പതിപ്പുകൾക്കായി റീറൈറ്റ് ചെയ്യാറില്ല. അച്ചടിക്കാൻ കൊടുത്തുകഴിഞ്ഞാല് ഒരക്ഷരം പോലും മാറ്റാറില്ല. ഞാൻ സ്വയം പല തവണ പകർത്തിയെഴുതി പകർത്തിയെഴുതിയാണ് അവസാന കയ്യെഴുത്തുപ്രതിയിലേക്കെത്തുക. അത്ര തൃപ്തിയായാൽ മാത്രമേ പ്രസിദ്ധീകരിക്കാൻ കൊടുക്കാറുള്ളു. ആ തൃപ്തി ലഭിക്കാൻ എത്ര തവണ മാറ്റിയെഴുതാനും ഞാൻ തയാറാണ്. കഠിനാധ്വാനമെന്ന സ്വഭാവം അച്ഛനിൽനിന്നു ലഭിച്ചതാണ്. 

സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കാണ് എഴുത്തച്ഛൻ പുരസ്കാരം. എഴുതിത്തുടങ്ങിയത് എങ്ങനെയാണ്?

എഴുതുകയെന്നതും വായിക്കുകയെന്നതും എന്റെ അമ്മയുടെ ആഗ്രഹങ്ങളായിരുന്നു. നടക്കാവ് ഗേൾ‍സ് സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയെ അച്ഛൻ വിവാഹം കഴിച്ചത്. പഠനം നിന്നുപോയെങ്കിലും അമ്മ വായന തുടർന്നു. അടുക്കളയിലായാലും ഉമ്മറത്തായാലും കയ്യിലൊരു പുസ്തകമില്ലാതെ അമ്മയെ കാണാറില്ലായിരുന്നു. ഞങ്ങൾ ആറു മക്കൾക്കും നല്ല വിദ്യാഭ്യാസം വേണമെന്നത് അമ്മയുടെ തീരുമാനമായിരുന്നു.

ADVERTISEMENT

റേഷനിങ്ങുള്ള കാലമാണ് അത്. വീട്ടിൽ വൈദ്യുതിയില്ലാത്ത കാലം. കട്ടിലിന്റെ തലയ്ക്കൽ മണ്ണെണ്ണ വിളക്കു കത്തിച്ചുവച്ചാണ് അമ്മ വായിച്ചിരുന്നത്. ഒരു പുസ്തകം തീരുന്നതുവരെ  വായിച്ചശേഷമാണ് അമ്മ ഉറങ്ങുക.

അമ്മ മരിച്ചിട്ട് അധികമായിട്ടില്ല. അമ്മയ്ക്ക് ഇഷ്ടപ്പെട്ട എന്റെ നോവലുകൾ നെല്ലും  ആഗ്നേയവുമാണ്. പ്രായമായ ശേഷം അമ്മയ്ക്കു സമാധാനമായി ഇരുന്നു വായിക്കാൻ ഏറെ സമയം കിട്ടിയിരുന്നു. 

പി.വത്സല വയനാടിന്റെ കഥാകാരിയെന്നാണ് പൊതുധാരണ. വയനാടിനോടുള്ള ഇഷ്ടം തുടങ്ങിയത് എങ്ങനെയാണ്?

വയനാടിനോടുള്ള അടുപ്പത്തിനുപിന്നിലുള്ള കാരണം അച്ഛന്റെ യാത്രകളാണ്. ബസുകൾ നിരത്തിൽ സജീവമായിത്തുടങ്ങിയ കാലമാണത്. വയനാട്ടിലേക്ക് അച്ഛനൊരു ബസ് സർവീസുണ്ടായിരുന്നു. ജീവനക്കാരുമുണ്ടായിരുന്നു. ബസ് ഓടിച്ച് വയനാട്ടിൽ പോവുകയെന്നത് അച്ഛന് ഏറെ ഇഷ്ടമായിരുന്നു. വയനാട് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വീട്ടിലേക്കുള്ള അരിയും നാടൻപച്ചക്കറികളുമൊക്കെ വയനാട്ടിൽനിന്നു ബസിലാണ് കൊണ്ടുവരാറുള്ളത്. എന്നാൽ അക്കാലത്തൊന്നും ഞാൻ വയനാട്ടിൽ പോയി താമസിച്ചിട്ടില്ല. 

ADVERTISEMENT

യാത്രയുടെ ബുദ്ധിമുട്ടോർത്ത് അച്ഛൻ ഞങ്ങളെ പോകാൻ സമ്മതിക്കാറില്ലായിരുന്നു. കോളജിൽനിന്ന് ഏകദിന യാത്രയ്ക്കായാണ് ആദ്യമായി വയനാട്ടിൽ ചെന്നത്. എന്റെ മകൾക്ക് അഞ്ചുമാസം പ്രായമുള്ളപ്പോഴാണ് വയനാട്ടിൽചെന്ന് ഏറെക്കാലം താമസിച്ചത്.

എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് എഴുത്താണെന്റെ വഴി എന്നു തിരിച്ചറിയുന്നത്. അമ്മ പഠിച്ച നടക്കാവ് സ്കൂളിലാണ് ഞാനും പഠിച്ചത്. അമ്മയെ പഠിപ്പിച്ച മൂന്നു അധ്യാപികമാർ എന്നെയും പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞാൻ അധ്യാപികയായപ്പോൾ ഇതേ സ്കൂളിലാണ് ജോലി ചെയ്തത്. 

ഭർത്താവ് എം. അപ്പുക്കുട്ടിക്കൊപ്പം പി. വത്സല ∙ ചിത്രംഛ സജീഷ് ശങ്കർ ∙ മനോരമ

ജീവിതത്തിലെ പ്രണയകഥ പറയാമോ?

നടക്കാവ് സ്കൂളിൽ ഞാൻ ജോലിക്കു ചേർന്നതിനു തൊട്ടടുത്ത വർഷമാണ് കക്കോടി മാറോളി അപ്പുക്കുട്ടി അധ്യാപകനായെത്തിയത്. സാഹിത്യത്തെ സ്നേഹിക്കുന്ന അധ്യാപകനാണ്. എനിക്ക് എഴുത്തിൽ താൽപര്യമുണ്ടെന്ന് മാഷിനറിയാം. അക്കാലത്ത് എന്റെ ഒരു കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. പരിചയം പ്രണയമായി.

അറുപതുകളുടെ ആദ്യപകുതിയിലാണ്. ഇന്നത്തെ സാമൂഹിക സാഹചര്യമല്ല. എന്നാൽ ഇരുവീട്ടുകാരും പ്രണയത്തിന് എതിരുനിന്നില്ല. ഞാനാണ് ആദ്യം വീട്ടിൽപറഞ്ഞത്. വീട്ടിൽ വലിയ എതിർപ്പുകളൊന്നുമില്ലായിരുന്നു. തുടർന്ന് മാഷ് വീട്ടിൽ പറ‍ഞ്ഞു വിവാഹാലോചനയുമായെത്തി. 1965ലായിരുന്നു വിവാഹം. 1986ലാണ് മാഷ് വിരമിച്ചത്.

എഴുത്ത് ഇപ്പോൾ എതുവഴിയിലൂടെയാണ്? 

വലിയൊരു കൂട്ടുകുടുംബത്തിലാണ് ഞാൻ ജീവിച്ചത്. അക്കാലത്ത് കേട്ടറിഞ്ഞ അനുഭവകഥകൾ പറയാനുള്ള ഒരുക്കം നടക്കുകയാണ്.. വടക്കുകാവിൽ മുത്തപ്പനെ തൊഴാൻപോവുന്ന അച്ഛന്റെയച്ഛന്റെ കഥകൾ കേട്ടുപരിചയിച്ചിട്ടുണ്ട്. ഇതൊക്കെ പുസ്തകമാക്കണമെന്നാണ് ഇപ്പോൾ ആഗ്രഹം. ഇതരസംസ്ഥാനത്തൊഴിലാളികളെക്കുറിച്ചുള്ള പുസ്തകത്തിന്റെ ഏതാനും ഭാഗങ്ങൾ എഴുതിവച്ചിട്ടുമുണ്ട്.

എഴുതാനുള്ളതൊന്നും ഞാൻ കുറിപ്പുകളായി കുറിച്ചുവയ്ക്കാറില്ല. അനുഭവങ്ങൾ ഓർമകളിലുണ്ടാവും. മനസ്സിൽ നിൽക്കാത്തതാണെങ്കിൽ എഴുതാൻ അതിന് യോഗ്യതയില്ല. 

എഴുത്തിന് ഒരു ഇച്ഛാശക്തി വേണം. എഴുത്തിനോടുള്ള ഇച്ഛയ്ക്ക് ഒന്നാംസ്ഥാനത്ത് പ്രാധാന്യം കൊടുത്താലേ എഴുത്തുകാരനാവാൻ കഴിയൂ.  

എത്രയെത്ര കോളജ്  അധ്യാപകർ എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. 

മനസ്സിൽവരുന്ന ഒരു ആശയം എഴുതാതിരിക്കാൻ പറ്റില്ല എന്നു തോന്നിയാലേ എഴുതൂ. അത് ഏതു രാത്രിയായാലും എഴുതും. നോവലെഴുതുകയെന്നത് ഏറെ ശ്രമകരമാണ്. 

എഴുത്തിനു താൽപര്യമുണ്ടെങ്കിൽ നിർത്താതെ എഴുതണം. തുടർച്ചയായി എഴുതാതെ വളർച്ചയുണ്ടാവില്ല. എന്നും വെള്ളമൊഴിച്ചാലേ ചെടി വളരൂ. ശ്രമം വേണം. എന്തു തിരക്കുണ്ടെങ്കിലും എഴുത്തു മാറ്റിവയ്ക്കരുത്.

ഞാൻ കണ്ടുമുട്ടിയതുപോലുള്ള ജനങ്ങളെ കണ്ടുമുട്ടാനുള്ള സാഹചര്യം ഇന്നത്തെ എഴുത്തുകാർക്കു കുറവാണ്. വായനയെന്ന ശീലം വിട്ടുകളയരുത്. ചർച്ചകൾ വേണം. 

എഴുത്തിന്റെ രീതി എങ്ങനെയാണ്?

ഞാൻ രാത്രിയാണ് ഇരുന്ന് എഴുതാറുള്ളത്. പകൽ എഴുതണമെന്നുണ്ടെങ്കിൽ വീട്ടിലെ പണികളെല്ലാം ചുരുക്കിയാണ് സമയം കണ്ടെത്താറുള്ളത്. മാഷ് അതിനെല്ലാം തയാറാണ്. അടുക്കളക്കാരിയായ വീട്ടമ്മയാവാൻ പറ്റുന്നയാളാണ് ഞാൻ. കൂട്ടുകുടുംബത്തിൽ വളർന്നയാളാണ് ഞാൻ. പക്ഷേ, ഭക്ഷണമുണ്ടാക്കി സമയം കളയാതെ എഴുതണമെന്ന് പറയാറുള്ളത് മാഷാണ്. നെല്ലാണ് മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട നോവലെന്നു തോന്നുന്നു. മാഷാണ് എന്റെ രചനകളുടെ ആദ്യവായനക്കാരൻ. പക്ഷേ, വിമർശിക്കാറില്ല. 

യാത്രകൾ എഴുത്തിനെ സ്വാധീനിക്കുമോ? 

യാത്ര ചെയ്യുകയെന്നത് പ്രധാനമാണ്. ഒരേ വഴിക്കല്ലേ നമ്മൾ എന്നും നടക്കുന്നത്. ലോകം വളരുകയല്ലേ. ലോകത്ത് എന്തെല്ലാം മാറ്റമുണ്ടെന്ന് കാണണമെങ്കിൽ യാത്ര വേണ്ടേ? സ്വബോധമുണരാനാണ് യാത്ര പോവുന്നത്. 

മുത്തച്ഛൻ ക്ഷേത്രങ്ങളിലേക്ക് യാത്ര നടത്താറുണ്ട്. അച്ഛന്റെ വയനാട് യാത്രകളെക്കുറിച്ച് പറഞ്ഞുവല്ലോ. അതുപോലെ അനേകം യാത്ര ചെയ്യുന്നയാളാണ് ഞാൻ.

എഴുത്തിനകത്തും യാത്രകളുണ്ട്. ‘നെല്ലി’നകത്ത് നാരായണൻ നായർ അയാളുടെ യാത്രയിലൂടെയാണ് വളരുന്നത്. തളിപ്പറമ്പിൽനിന്നു തിരുനെല്ലിയിലേക്കു വന്നയാളാണ് യഥാർഥ ജീവിതത്തിൽ നാരായണൻ നായർ. ഞങ്ങൾ എത്രയോ മണിക്കൂറുകളോളം ഇരുന്നു സംസാരിച്ചിട്ടുണ്ട്. 

മനുഷ്യരുമായി സംസാരിക്കണം. അനുഭവകഥകൾ കേൾക്കണം. ജീവിതത്തിനു തുറസ്സുണ്ടല്ലോ എന്നൊരു ഉത്തേജനം സംസാരിച്ചാൽ ലഭിക്കും. നല്ല കേൾവിക്കാർക്കേ നല്ല എഴുത്തുകാരാവാൻ കഴിയൂ. വടകരയിൽനിന്നോ തലശ്ശേരിയിൽനിന്നോ വടക്കൻകേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നോ  വന്നുതാമസിച്ചവരാണ് തിരുനെല്ലിയിലെ അമ്പലവാസികളിൽ പലരും. മറ്റുള്ളവർ അവിടുത്തെ ആദിമജനതയാണ്. വയനാട്ടിലെ വയലുകളിലും സമൂഹങ്ങളിലും ഞാൻ കണ്ട കഥാപാത്രങ്ങളാണ് എന്റെ കഥകളിലുള്ളത്. നെല്ല് പുറത്തിറങ്ങിയ ശേഷം നാരായണൻനായർ അതുവായിച്ചിരുന്നു. ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം പിന്നീട് സംസാരിച്ചത്.  

തിരുനെല്ലിയിലേക്കുള്ള ആദ്യയാത്ര ?

ആദ്യമായി തിരുനെല്ലിയിൽ പോയത് ഇപ്പോഴും മറക്കാനാവില്ല. അക്കാലത്ത് തിരുനെല്ലിയിലൊന്നും ആരുംപോവില്ല. അഞ്ചു മാസം പ്രായമുള്ള കുട്ടിയുമായാണ് പോയത്. വാഹനങ്ങൾ അധികമില്ല. കഷ്ടി ഒരു റോഡുണ്ട്. പുഴയ്ക്കു കുറുകെ പാലമില്ല.

മാനന്തവാടിയിലെത്തിയപ്പോൾ ജീപ്പിന് ഡ്രൈവറില്ല. പാനൂരുകാരനായ ഒരു ഹംസയെ  തേടിപ്പിടിച്ചുകൊണ്ടുവന്നു. കാടിനുള്ളിലൂടെ അയാളാണ് ജീപ്പ് ഓടിച്ചുകൊണ്ടുപോയത്. കനത്ത മഴ പെയ്യുകയാണ്. കുത്തിയൊലിച്ചു വെള്ളം ഒഴുകുകയാണ്. തിരുനെല്ലി എത്തുമെന്നതിൽ ഹംസയ്ക്ക് സംശയമായിരുന്നു.

താമസം ഏർപ്പാടുചെയ്യാമെന്നേറ്റയാൾ ഞങ്ങൾ ചെല്ലുമ്പോൾ അവിടെയില്ല. രണ്ടു ദിവസം  അയാളുടെ വീട്ടിൽ താമസിച്ചു. മൂന്നാംദിവസമാണ് താമസിക്കാൻ ‘മനയമ്മ’യുടെ വീട് ശരിയാക്കിയത്. മനയമ്മയുടെ മകനു താമസിക്കാൻ വേണ്ടിയുണ്ടാക്കിയ  കളപ്പുരയിലാണ് ഞങ്ങൾ താമസിച്ചത്. 

മകൻ മറ്റൊരു ജാതിയിൽപ്പെട്ട സ്ത്രീയെ വിവാഹം കഴിച്ച് പാലക്കാട്ടായിരുന്നു. കളപ്പുര ഒഴിഞ്ഞു കിടക്കുകയായിരുന്നു. ‘ആഗ്നേയ’ത്തിലേക്ക് മനയമ്മയും മകനും കഥാപാത്രങ്ങളായി വന്നു. വിപ്ലവകാരിയായ ആ മകൻ മനയമ്മ മരിക്കുന്നതുവരെ ജയിലിലായിരുന്നു..

വർഗീസുമായുള്ള കണ്ടുമുട്ടൽ 

അക്കാലത്ത് ആദിവാസികളുടെ അടിയാള ഭാഷ പഠിക്കാനും ജീവിതരീതി പഠിക്കാനുമായി ഞങ്ങൾ കുടിലുകൾ കയറിയിറങ്ങുകയായിരുന്നു. മുള ചായ്ച്ചുകെട്ടി മണ്ണുതേച്ചുണ്ടാക്കിയ കുടിലുകളാണ്. 

ഒരു ദിവസം ഞങ്ങൾ മടങ്ങിവരുമ്പോൾ വയൽവരമ്പത്ത് ഒരാളിരിക്കുന്നുണ്ട്. മുന്നിൽ അഞ്ചെട്ടുപേർ ഇരിക്കുന്നുണ്ട്. ഞങ്ങൾ വഴിയിലൂടെ നടന്നുപോവുമ്പോൾ അയാൾ എഴുന്നേറ്റു അടുത്തേക്കുവന്നു. ‘വത്സലട്ടീച്ചറല്ലേ?’ എന്നു ചോദിച്ചു. നക്സലൈറ്റ് വർഗീസായിരുന്നു അത്. ഞങ്ങൾ അവിടെവന്നു താമസിക്കുന്നത് എവിടെയാണെന്നും അതെന്തിനാണെന്നുമടക്കമുള്ള വിവരമെല്ലാം അദ്ദേഹത്തിനു ലഭിച്ചിരുന്നു. 

വർഗീസിനെ കൊന്ന വിവരം ഞങ്ങളോടു പറഞ്ഞത് മനയമ്മയാണ്. ആദ്യമൊരു വെടിയൊച്ച കേട്ടു. ചെമ്പിച്ച നാടൻതോക്കിന്റെ വെടിയായിരുന്നു. പിന്നീടാണ് വലിയൊരു വെടിയൊച്ച കൂടിക്കേട്ടതെന്നും മനയമ്മ പറഞ്ഞിരുന്നു. 

വയനാട്ടിൽ വീട് ?

കൂമൻകൊല്ലിയിൽ മനയമ്മയുടെ സ്ഥലത്താണ് ഞങ്ങൾ1987ൽ വീടുവച്ചത്. ഒരു വശത്ത് കാടാണ്. അതാണ് കൂമൻകൊല്ലി. കാളിന്ദിപ്പുഴ വയലിലേക്ക് കടക്കുന്ന സ്ഥലമാണ്. ഇപ്പോഴുമവിടെ വീടുണ്ട്. 

രണ്ടുകൊല്ലമായി അങ്ങോട്ടുപോയിട്ടില്ല. അടുത്തിടെപ്പോലും ആനയിറങ്ങിയെന്ന് നോട്ടക്കാരൻ പറഞ്ഞു. ഇപ്പോൾ ആ പ്രദേശമൊക്കെ വിനോദസഞ്ചാരകേന്ദ്രമായി മാറുകയാണ്. 

മുക്കത്ത് മകൾ ഡോ. എം.എ. മിനിയുടെ വീട്ടിലാണ് പി.വത്സലയും ഭർത്താവ് എം.അപ്പുക്കുട്ടിയും ഈ കോവിഡ്കാലത്ത് താമസിക്കുന്നത്. അമേരിക്കയിലാണ് മകൻ അരുൺ മാറോളി താമസിക്കുന്നത്. ഇടയ്ക്ക് അവിടെ പോവാറുണ്ട്.  വെള്ളിമാടുകുന്നിൽ വത്സല ജനിച്ചു വളർന്നിടത്തും സ്വന്തം വീടുണ്ട്. ഇവിടെ വല്ലപ്പോഴും വന്നുപോവാറുണ്ട്. മാനന്തവാടിയിലെ കൂമൻകൊല്ലിയിൽ പണികഴിപ്പിച്ച വീട്ടിലും ഇടയ്ക്കൊക്കെ സന്ദർശനം നടത്താറുണ്ട്. എന്നാൽ ഈ വീടുകളിലല്ല, വായനക്കാരുടെ മനസ്സിലാണ് പി.വത്സല വീടുകെട്ടി സ്ഥിര താമസമാക്കിയിരിക്കുന്നത്. 

English Summary : Novelist P. Valsala's exclusive Interview