മാനിക്വീനുകളെ പ്രദർശനത്തിനും വിൽപനയ്ക്കും വച്ച കടയിലാണ് ഒരാഴ്ചയായി മാതംഗി ജോലി ചെയ്യുന്നത്. ചെറിയ കടയുടെ പിന്നിലെ വിശാലമായ മുറ്റത്തും മുഷിഞ്ഞ കെട്ടിടങ്ങൾക്കുള്ളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കും. അങ്ങോട്ട് മാതംഗിക്കോ കാഷിലിരിക്കുന്ന അക്ബറിനോ പോകേണ്ടതില്ല. ഷോറൂം തീരെ ചെറുതാണെങ്കിലും ചില്ലുപാളികളോടു

മാനിക്വീനുകളെ പ്രദർശനത്തിനും വിൽപനയ്ക്കും വച്ച കടയിലാണ് ഒരാഴ്ചയായി മാതംഗി ജോലി ചെയ്യുന്നത്. ചെറിയ കടയുടെ പിന്നിലെ വിശാലമായ മുറ്റത്തും മുഷിഞ്ഞ കെട്ടിടങ്ങൾക്കുള്ളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കും. അങ്ങോട്ട് മാതംഗിക്കോ കാഷിലിരിക്കുന്ന അക്ബറിനോ പോകേണ്ടതില്ല. ഷോറൂം തീരെ ചെറുതാണെങ്കിലും ചില്ലുപാളികളോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനിക്വീനുകളെ പ്രദർശനത്തിനും വിൽപനയ്ക്കും വച്ച കടയിലാണ് ഒരാഴ്ചയായി മാതംഗി ജോലി ചെയ്യുന്നത്. ചെറിയ കടയുടെ പിന്നിലെ വിശാലമായ മുറ്റത്തും മുഷിഞ്ഞ കെട്ടിടങ്ങൾക്കുള്ളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കും. അങ്ങോട്ട് മാതംഗിക്കോ കാഷിലിരിക്കുന്ന അക്ബറിനോ പോകേണ്ടതില്ല. ഷോറൂം തീരെ ചെറുതാണെങ്കിലും ചില്ലുപാളികളോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനിക്വീനുകളെ പ്രദർശനത്തിനും വിൽപനയ്ക്കും വച്ച കടയിലാണ് ഒരാഴ്ചയായി മാതംഗി ജോലി ചെയ്യുന്നത്. ചെറിയ കടയുടെ പിന്നിലെ വിശാലമായ മുറ്റത്തും മുഷിഞ്ഞ കെട്ടിടങ്ങൾക്കുള്ളിലും നിർമാണ പ്രവർത്തനങ്ങൾ നടക്കും. അങ്ങോട്ട് മാതംഗിക്കോ കാഷിലിരിക്കുന്ന  അക്ബറിനോ പോകേണ്ടതില്ല. ഷോറൂം തീരെ ചെറുതാണെങ്കിലും ചില്ലുപാളികളോടു ചേർത്ത് പല വലുപ്പത്തിലുള്ള ധാരാളം മാനിക്വീൻസിനെ നിരത്തിവച്ചിട്ടുണ്ട്. കൂടുതലും സ്ത്രീരൂപങ്ങൾ. നിരത്തിലൂടെ പോകുന്നവർക്ക് കാണാൻ പാകത്തിൽ ഉടുതുണിയില്ലാത്ത ശരീരങ്ങൾ. ആദ്യമൊക്കെ മാതംഗിക്ക് ലജ്ജ തോന്നിയിരുന്നു. ഷാളോ തുണിയോ കൊണ്ട് അവരെ  പുതപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ, അക്ബർ അവളെ തടഞ്ഞു. അതൊക്കെ അവരെ കൊണ്ടു പോകുന്നവർ ചെയ്യട്ടെ, നമ്മൾ അവറ്റകളെ അതിന്റെ യഥാർത്ഥമായ രൂപത്തിൽ പ്രദർശിപ്പിക്കുകയാണ് വേണ്ടത്. വലുപ്പവും ഷേപ്പും ഉയർച്ചതാഴ്ചകളുമൊക്കെ നോക്കിയിട്ടേ കച്ചവടക്കാർ ഇവരെ വാങ്ങാൻ പോണുള്ളു. ഒറ്റനോട്ടത്തിൽ അതൊക്കെ കാണാനും അളക്കാനും പാകത്തിൽ വച്ചാൽ മാത്രം മതി. അതിനാണ് നമുക്ക് ശമ്പളം തരുന്നത്.

 

ADVERTISEMENT

‘‘നിനക്കിവിടെ ഇരിക്കാൻ പ്രയാസമുണ്ടോ?’’ 

 

അക്ബറുടെ ചോദ്യത്തിൽ ഒട്ടും സഹാനുഭൂതി ഇല്ലായിരുന്നു. ഉടുപ്പിടാതെ നിൽക്കുന്ന ഒരു ആൺ മാനിക്വീനിപ്പോലെ വിജൃംഭിതമായ ചോദ്യമെന്ന് മാതംഗി മനസിലോർത്തു. അക്ബറിന്റെ അമിതമായി വെളുത്ത ശരീരത്തിനും മീശയില്ലാത്ത മുഖത്തിനുമൊക്കെ അവിടെയുള്ള പ്രതിമകളുമായി സാമ്യമുണ്ടെന്ന് അവൾക്ക് തോന്നാൻ തുടങ്ങിയതും ആ നിമിഷമാണ്. ഇട്ടിരിക്കുന്ന ജീൻസും ടീ ഷർട്ടും ഷൂസും അഴിച്ചു കളഞ്ഞ് അവർക്കിടയിൽ ചെന്നു നിന്നാൽ ഏതെങ്കിലും തുണിക്കടക്കാരൻ അക്ബറിനെയും കൊണ്ടുപോവാനിടയുണ്ട്. ചിലപ്പോൾ മോഹവില തന്ന്. സ്പന്ദിക്കുന്ന മാനിക്വീൻ!

 

ADVERTISEMENT

‘‘നിനക്ക് പ്രയാസമുണ്ടെങ്കിൽ സാറിനോട് പറയ്, ഇവിടുന്ന് മാറ്റാൻ. അല്ലെങ്കിലും ഇതു പെണ്ണുങ്ങൾക്കു പറ്റിയ സ്ഥലമൊന്നുമല്ല.’’

 

അക്ബർ നിർവികാരനായി ആവർത്തിച്ചു. 

 

ADVERTISEMENT

ഇവിടെയെന്നല്ല, ഏതു നരകത്തിലും ജോലി ചെയ്യാൻ തയാറായിരുന്നതുകൊണ്ട് മാതംഗി തല വിലങ്ങനെയാട്ടി കുഴപ്പമില്ല

എന്നു പിറുപിറുത്തു. പെണ്ണുങ്ങൾക്കു നിൽക്കാൻ പറ്റാത്ത ഇവിടെ കൂടുതലും പെണ്ണുങ്ങളാണല്ലോ എന്നു മനസിലൊരു തർക്കുത്തരവും പറഞ്ഞു. 

 

‘‘ഇവിടെ ഇതുവരെ ആണുങ്ങളേ ഉണ്ടാരുന്നുള്ളൂ. പുറകിലെ ഫാക്ടറീലായാലും ഈ ഷോറൂമിലായാലും. ആക്ച്വലി അതാരുന്നു നല്ലതും. ഇതിപ്പോ വല്ലതും ഒരു കമന്റ് പറയാൻ പോലും ഇപ്പോൾ പറ്റാതായി.’’

 

മാതംഗി കേൾക്കണമെന്നില്ലെന്ന ഭാവത്തിൽ അലക്ഷ്യമായി അക്ബർ പറഞ്ഞു. അവൾ തുണിത്തുണ്ടുകൾ കൊണ്ടുണ്ടാക്കിയ ബ്രഷു കൊണ്ട് ചന്ദനനിറമുള്ള ഒരു പെൺശരീരത്തിന്റെ പൊടിതൂക്കുകയായിരുന്നു. 

 

‘‘അങ്ങനെ തട്ടിയാൽ പോര, അതിന്റെ മുലേടെ, സോറി പൊങ്ങിയിരിക്കുന്നേന്റെ അടീലൊക്കെ പൊടി കാണും. നന്നായി അമർത്തിത്തുടച്ചുകളയ്. വരുന്നോന്മാര് അതൊക്കെ നോക്കും. തൊട്ടും പിടിച്ചും തന്നെ നോക്കും. ഫ്രഷാണോന്നു പരിശോധിക്കും.’’

 

അക്ബർ അവൾക്കരികിലേക്കു വന്ന് എങ്ങനെ ചെയ്യണമെന്നു കാണിച്ചു കൊടുത്തു. അയാളുടെ സ്പർശങ്ങളിൽ മര്യാദയില്ലെന്ന് മാതംഗിക്കു തോന്നി. ജീവനില്ലാത്തതാണെങ്കിലും അതൊരു സ്ത്രീയുടെ ശരീരമാണ്. പൊടി തുടക്കാൻ മുലകളിലിങ്ങനെ അമർത്തിപ്പിടിക്കുന്നതെന്തിനാണ്?. ദേഹത്തു സ്പർശിക്കാതെ തന്നെ അതൊക്കെ ചെയ്യാമല്ലോ. മാതംഗി അങ്ങനെയാണു ചെയ്യുന്നത്. 

 

മുൻപ് ജോലിക്കു നിന്നിരുന്ന തുണിക്കടയിൽ ഉടുപ്പഴിച്ചു നിൽക്കുന്ന പ്രതിമകളെ കാണുമ്പോൾ മാതംഗിക്ക് സ്വയം തുണിയുരിഞ്ഞ പോലെ തോന്നുമായിരുന്നു. ആ പാവങ്ങളോടു സഹതാപവും. ഏതു കറുത്ത രാത്രിയെക്കാളും ഇരുണ്ട ഒരു പകൽ അവളുടെ കുട്ടിക്കാലത്തിന്റെ ഓർമയിലുണ്ട്. ആ പകലിൽ, തുണിയുടുക്കാത്ത, നിറഞ്ഞ ഒരു പെണ്ണുടലിനെ ആരൊക്കെയോ തിരിച്ചും മറിച്ചുമിടുന്ന കാഴ്ച ഈ മാനിക്വീനുകളെ കാണുമ്പോഴൊക്കെ അവളുടെ ഉള്ളറിയും. അന്നേരം അവളുടെ അടിവയറ്റിൽ തണുത്ത തീയാളും. ആ ഉടലിനും ഇവരെപ്പോലെ ജീവനില്ലായിരുന്നു. 

 

തുണിക്കടയിൽ ജോലി ചെയ്യുന്ന കാലത്ത് പ്രതിമകളെ കൂടെക്കൂടെ നഗ്നരാക്കേണ്ടി വരുമായിരുന്നു മാതംഗിക്ക്. ഷോപ്പിങ്ങിനു വരുന്ന മിക്ക  പെണ്ണുങ്ങൾക്കും മാനിക്വീൻ ഇട്ട ഡ്രസ്സ് തന്നെ വേണം. മാതംഗി പരമാവധി അവരുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കും. അതേ സ്റ്റഫിന്റെ വേറെ കളർ ഉണ്ടെന്നും മാഡത്തിനതാണു കൂടുതൽ ചേർച്ചയെന്നുമൊക്കെ പ്രലോഭിപ്പിക്കാൻ നോക്കും. ഒരു കാര്യവുമില്ല. അവർക്ക് പ്രതിമ ഇട്ട വേഷം തന്നെ വേണം. ഏറ്റവും മികച്ചതേ ഷോപീസായി വയ്ക്കൂ എന്നൂഹിക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല എന്നാണ് കസ്റ്റമേഴ്സിന്റെ ഭാവം. അങ്ങനെയല്ലെന്നും പെട്ടെന്നു വിറ്റഴിയാൻ വേണ്ടി മോശമായതും മാനിക്വീനെ ഉടുപ്പിക്കാറുണ്ടെന്നും അവരോടു പറയണമെന്നു മാതംഗി ഓർക്കും. പക്ഷേ, അതിനൊന്നും സാവകാശം കിട്ടില്ല. ഒന്നുകിൽ കസ്റ്റമേഴ്സ് അസ്വസ്ഥരാവും. മാതംഗിക്ക് വെപ്രാളത്തോടെ പ്രതിമയുടെ ശരീരത്തിൽ കൈവയ്ക്കേണ്ടി വരും. അതല്ലെങ്കിൽ  ഫ്ലോർ മാനേജർ അടുത്തെത്തി അഴിച്ചു കൊടുക്ക് എന്ന് കൽപിച്ചു കൊണ്ട് ചിലപ്പോൾ സ്വയം അതിനു തുനിയും. അതു മാതംഗിയ്ക്കിഷ്ടമില്ല. അയാൾ ഒട്ടും ദയവില്ലാതെയാണു വസ്ത്രാക്ഷേപം തുടങ്ങുക. മാതംഗിയാണെങ്കിൽ അതീവ സൂക്ഷ്മതയോടെ, കഴിയുന്നത്ര ദേഹത്തു സ്പർശിക്കാതെ, പിന്നുകൾ അഴിച്ച് അല്ലെങ്കിൽ നോവാത്ത വിധം കഴുത്തിലൂടെ ഊരിയെടുത്തൊക്കെയേ ചെയ്യൂ. കൈകൾ ഷോൾഡറിൽ നിന്നു പറിച്ചെടുക്കേണ്ടി വരുമ്പോൾപ്പോലും അവൾ ദയവു കാണിക്കും. ഉടുപ്പഴിഞ്ഞ് അതിന്റെ നഗ്നമായ ദേഹം വെളിപ്പെട്ടു തുടങ്ങുമ്പോൾ മാതംഗിയതിനെ ഹാംഗറുകളിൽ തൂക്കിയിട്ടിരിക്കുന്ന തുണികളുടെ മറവിലേക്കു തള്ളും, ഉടുതുണിയില്ലാത്ത ആ നിൽപ് ആരും കാണരുതെന്നു വിചാരിച്ച്. 

 

പക്ഷേ, കൃത്യം ആ സമയത്ത് ഏതെങ്കിലും ജൂനിയർ പയ്യൻ അതിനെയും വലിച്ചിഴച്ചു പരസ്യമായി എവിടെങ്കിലും കുത്തി നിർത്തി, എല്ലാരും കാൺകെ പുതിയ സാരിയോ ഉടുപ്പോ ഇടീക്കാൻ തുടങ്ങും. കസ്റ്റമേഴ്സ് ഒഴിവായിക്കഴിഞ്ഞാൽ സ്വയം അതു ചെയ്യാമെന്ന് മാതംഗി വിചാരിച്ചിരിക്കുമ്പോഴാണ് പയ്യന്മാരുടെ ഓവർ സ്മാർട് കളി. തുണി മടക്കി വയ്ക്കലും ബിൽ സെക്‌ഷനിലേക്ക് ബാസ്ക്കറ്റുകളുമായി കസ്റ്റമേഴ്സിനെ കൊണ്ടുപോകലുമൊക്കെയാണ് ഈ തുടക്കക്കാരുടെ  ജോലി. എന്തു തന്നെയായാലും മാനിക്വീനെ ഉടുപ്പിച്ചൊരുക്കൽ അവരുടെ ഉത്തരവാദിത്വമേയല്ല. ഇത് ആരും പറയാതെ തന്നെ ചെയ്യുന്നതാണ്, ഫ്ലോർ മാനേജരെ സുഖിപ്പിക്കാൻ. മാതംഗിക്ക് പിന്നെയും വിമ്മിഷ്ടമുണ്ടാകും. അതു ചെയ്യണ്ട എന്നവനോടു പറയാൻ കാരണമൊന്നുമില്ല. പരമാവധി ആ സാരിയല്ലെന്നോ മറ്റേ കളർ വേണമെന്നോ പറയാമെന്നു മാത്രം. അവനതു കണ്ടു പിടിച്ച് മാറ്റിയുടുപ്പിക്കുകയും ചെയ്യും. 

 

മാതംഗിയുടെ കണ്ണ് ആ സമയത്തെല്ലാം അവിടെത്തന്നെയായിരിക്കും. അവൻ വൃത്തിയായി ഉടുപ്പിക്കുന്നുണ്ടോ, അനാവശ്യമായി ശരീരഭാഗങ്ങളിൽ തൊടുന്നുണ്ടോ എന്നൊക്കെ അവൾ ചുഴിഞ്ഞു നോക്കിക്കൊണ്ടിരിക്കും. മുന്നിൽ നിൽക്കുന്ന കസ്റ്റമേഴ്സ് അവളുടെ അശ്രദ്ധയിൽ കുപിതരായെന്നുവരാം. ചിലപ്പോഴെങ്കിലും മാനേജർ അവളെ ശാസിക്കാനായി  വിളിപ്പിച്ചിട്ടുമുണ്ട്. ഇത്രയധികം പ്രതിമകളെന്തിനാണ് ഒരു തുണിക്കടയിലെന്നു മാതംഗി അസ്വസ്ഥയായിത്തുടങ്ങിയതും അങ്ങനെയാണ്. ഒന്നോ രണ്ടോ മതി. ഡിസ്പ്ലേയ്ക്കു വേണ്ടി ഉടുപ്പിച്ച വസ്ത്രങ്ങൾ അഴിച്ചു കൊടുക്കില്ല എന്നും എഴുതി വയ്ക്കണം. ഇനി അതു തന്നെ കിട്ടിയേ മതിയാവൂ എന്നുണ്ടെങ്കിൽ പിറ്റേന്നു വരട്ടെ. മിക്കവാറും രാവിലെ തലേന്നത്തേത് അഴിച്ചുമാറ്റി പുതിയ ഡ്രസ് ഇട്ട് അണിയിച്ചൊരുക്കാറുണ്ട് അവരെ. ആ ജോലി മാതംഗി സന്തോഷത്തോടെ ചെയ്യുന്നതാണ്. അതിനു പ്രത്യേക അലവൻസോ ഓവർടൈമോ ഒന്നും കിട്ടില്ലെന്നറിയുമെങ്കിലും അവൾ അതിനു വേണ്ടി മാത്രം ചിലപ്പോ ഒരു മണിക്കൂറൊക്കെ നേരത്തെ കടയിലെത്താറുമുണ്ട്. നിറത്തിനും രൂപത്തിനും മാച്ച് ആയതെന്നു അവൾക്കു തോന്നുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് ശ്രദ്ധയോടെ, ക്ഷമയോടെ ഉടുപ്പിക്കുന്നതൊരു ലഹരിയാണ്. ആ ഫ്ലോറിൽത്തന്നെ പത്തു പന്ത്രണ്ടെണ്ണമുണ്ട്. എല്ലാത്തിനെയും എന്നും മാറ്റിയുടുപ്പിക്കാൻ മാതംഗി ശ്രദ്ധിക്കും. ഇന്നലെ ഇട്ടതു തന്നെ ഇന്നും ഇട്ട് വിയർത്തും മുഷിഞ്ഞും നിൽക്കുന്നത് തനിക്ക് ഓർക്കാൻ പോലും വയ്യ. അതുപോലല്ലേ ഈ പാവം മാനിക്വീനുകളും എന്നാണവൾ വിചാരിക്കുക. 

 

നിലംതൂക്കുന്ന രേവതി മാതംഗിയുടെ ഈ ഉടുത്തൊരുക്കൽ കണ്ട് അന്തംവിടും. ജീവനുള്ള പെണ്ണുങ്ങളെ ഒരുക്കുന്ന പോലാണല്ലോ കൊച്ചേന്ന് അവളെ കളിയാക്കുകയും ചെയ്യും. എന്തായാലും കട തുറക്കുന്ന സമയമാകുമ്പോഴേക്ക് എല്ലാറ്റിനെയും ഭംഗിയായൊരുക്കി മാതംഗി യഥാസ്ഥാനങ്ങളിൽ വച്ചിട്ടുണ്ടാകും. എന്നിട്ടാണ് ഇടയ്ക്കോരോരുത്തർ വന്ന് ഉടുത്തതു തന്നെ അഴിച്ചു വാങ്ങിക്കുന്നത്. മാതംഗി പല്ലു ഞെരിക്കും.

 

കടയിൽ വരുന്ന ചില ആണുങ്ങൾക്ക് വേറെ സൂക്കേടാണ്. സാരി വാങ്ങാനെന്ന ഭാവത്തിലൊക്കെ വന്ന് കുറെ തപ്പിത്തിരഞ്ഞ് ഒടുവിൽ മാനിക്വീൻ ഉടുത്തത് അഴിച്ചെടുപ്പിക്കും. അഴിച്ചു കൊണ്ടിരിക്കുമ്പോൾ അവരുടെ വഷളൻ ചിരി കൊണ്ട് ഉടലാകെ വഴുവഴുക്കും. നഗ്നയാവുന്ന പ്രതിമയെയും അതിന്റെ തുണി അഴിക്കുന്നവളെയും മാറി മാറി നോക്കി ചോര കുടിക്കും. ഒരിക്കൽ അങ്ങനെയൊരുത്തന് കൈ വീശി ഒന്നു കൊടുത്തതിന്റെ പേരിൽ  മാതംഗിക്ക് ഏഴു ദിവസത്തെ ശമ്പളമാണു കട്ടായിപ്പോയത്. മാനേജറുടെ ചീത്ത വേറെയും. ആ വൃത്തികെട്ട ചെക്കനോടവൾ മാപ്പു പറഞ്ഞേ തീരൂ എന്നുമയാൾ നിർബന്ധിച്ചു, ഏതോ പണച്ചാക്കിന്റെ സന്തതിയാണത്രേ അവൻ. അവനുണ്ടായ അപമാനത്തിന് മാതംഗി വില കൊടുത്തേ മതിയാവൂ എന്നായിരുന്നു മാനേജരുടെ നിലപാട്. പ്രമദയെന്ന പാവം പിടിച്ച പെങ്കൊച്ചായിരുന്നു അന്ന് അവന്റടുത്ത്. അവൻ പ്രതിമയെ ഉടുപ്പിച്ച ഗൗൺ അഴിച്ചു വാങ്ങിച്ചിട്ട് അതിന്റെ ദേഹം തലോടിക്കൊണ്ട് പ്രമദയുടെ സാരിക്കു നേരെ കൈ ചൂണ്ടി ഇതൂടെ അഴിച്ചുകാട്ടുമോ എന്നാണു ചോദിച്ചത്. പ്രമദ ഉടുപ്പഴിച്ചു തുടങ്ങിയപ്പഴേ മാതംഗിയുടെ കണ്ണുകളും ചെവിയും  അവിടെയായിരുന്നു. അവൾ ഓടിച്ചെന്ന് കൈവീശിയടിച്ചു. ചെക്കന്റെ കരണം ശരിക്കു പുകഞ്ഞു കാണും. എന്തായാലും അന്നു പണി പോകാതെ രക്ഷപ്പെടാൻ മാതംഗി നന്നായി വിയർത്തു. പിന്നെ പുറത്തൊരു വനിതാസംഘടന ആ ഇഷ്യു എറ്റെടുക്കുമെന്നായപ്പോഴാണ് മാനേജ്മെന്റ് അയഞ്ഞത്.

 

‘‘ആദ്യം ടെക്സ്റ്റൈൽസിലായിരുന്നില്ലേ? പിന്നെന്തിനാ അവിടം വിട്ടത്? അതല്ലേ നല്ല ജോലി? പിഎഫും ഗ്രാറ്റുവിറ്റീം ഒക്കെയുണ്ട്. ഇവിടിങ്ങനെ ഈച്ചയാട്ടി ഇരിക്കുന്നേലും ഭേദം. പലതരം മനുഷ്യരേം കാണാം.’’

 

അക്ബർ അവളോടു ചോദിച്ചു. 

 

മാതംഗി ഒന്നും പറയാതെ ചിരിച്ചുകൊണ്ട് പൊടിതട്ടൽ തുടർന്നു. വഴിയെ പോകുന്നവരിൽ ചിലർ ആർത്തിയോടെ, ചിലർ കൗതുകത്തോടെ നോക്കുന്നുണ്ട്, നൂൽബന്ധമില്ലാതെ നിൽക്കുന്ന പെൺപാവകളെയും അവർക്കിടയിലൂടെ നടക്കുന്ന അവളെയും. ഇത്തിരി കറുത്ത തുണിയെങ്കിലുമിട്ട് ഗ്ലാസ് മറക്കാൻ പറ്റിയിരുന്നെങ്കിൽ. മാതംഗി പിന്നെയും ഓർത്തു. ഡിസ്പ്ലേ കണ്ട് ഒന്നിനെ വീട്ടിലേക്ക് കൊണ്ടുപോകാമെന്നൊന്നും കരുതി ഇവിടെ ആരും വരാനില്ലല്ലോ. ഷോപ്പുകളിലേക്ക് മുൻകൂട്ടി ഓർഡർ തന്നു വാങ്ങാൻ വരുന്നവരാണ് ഇവിടത്തെ കസ്റ്റമേഴ്സ്. ഇങ്ങനെ പ്രദർശനത്തിനു വച്ചില്ലേലും അവരു കൊണ്ടുപോവും. ഏതെങ്കിലും ടെക്സ്റ്റയിൽസിന്റെ വണ്ടി വന്ന് ഒന്നൊഴിയാതെ എല്ലാം പെറുക്കിക്കൂട്ടികൊണ്ടു പോകുമല്ലോ എന്നോർക്കുമ്പോൾ മാതംഗിക്ക് അൽപം ആശ്വാസം തോന്നി. അവർക്കു പിന്നെ എന്നും തുണി, അതും പുതുപുത്തൻ ഫാഷനുകളിലുള്ളത് ഉടുത്തു ജീവിക്കാമല്ലോന്നോർത്തു. പക്ഷേ, അവിടെ നടക്കാനിരിക്കുന്ന വസ്ത്രാക്ഷേപങ്ങളാലോചിച്ച് പിന്നെയും അവൾ അസ്വസ്ഥയായി.

 

‘‘നീയെന്തിനാ അവിടുന്നു പോന്നേ? അവിടല്ലാരുന്നോ നല്ലത്? കുറച്ചു കൂടി സേഫും?’’

 

അക്ബർ അവളുടെ അടുത്തുവന്നു വീണ്ടും ചോദിച്ചു. അയാൾക്കും അവൾക്കുമിടയിൽ നഗ്നയായ പെൺപ്രതിമ മാത്രം. വേഗത്തിൽ  അവളതിനെ തന്റെ പുറകിലേക്കു നീക്കി നിർത്തി. അക്ബറിന് താനിവിടെ വന്നത് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ജോലിക്കു കേറിയ ഈയൊരാഴ്ചകൊണ്ടു തന്നെ മാതംഗിക്കു മനസിലായിട്ടുണ്ട്. ഈ മാനിക്വീനുകളെപ്പോലെ ഭംഗിയുള്ള മുഖവും നിറഞ്ഞു ലക്ഷണമൊത്ത ഒരുടലും ഉള്ളവളായിരുന്നു താനെങ്കിൽ അക്ബർ ഇത്രയും അസ്വസ്ഥനാകുമായിരുന്നോ? അതോ ഇത്രയധികം ജീവനറ്റ പെൺശരീരങ്ങൾക്കിടയിൽ ജീവനുള്ള ഒന്നിനെ കാണുന്നതിലുള്ള വിഷമമാണോ അവന്? 

 

‘‘ഞാൻ വിട്ടതല്ല, എന്നെ വിട്ടതാണ്.’’

 

മാതംഗി ഒഴുക്കൻമട്ടിൽ പറഞ്ഞു. പിരിച്ചുവിട്ടപ്പെട്ടവളാണെന്നത് തൽക്കാലം  അൽപം അന്തസാണ്. അനുസരണക്കേടുള്ളവളാണെന്നും ധിക്കാരിയാണെന്നും അക്ബർ വിചാരിച്ചോട്ടെ. അങ്ങനെയൊന്നും മെരുങ്ങുന്നവളല്ല താനെന്ന് അവൻ അറിയണമെന്നു മാതംഗിക്കു തോന്നി. എത്രകാലം ഇവനൊപ്പം ഇവിടെ പണിയെടുക്കേണ്ടി വരുമെന്നറിയില്ല. പാവത്തെപ്പോലെ നിന്നാൽ ഇവനൊക്കെ തലയിൽ കേറി നിരങ്ങും. പക്ഷേ, അവളെ അമ്പരപ്പിച്ചു കൊണ്ട് അക്ബർ പൊട്ടിച്ചിരിച്ചു.

 

‘‘നിന്നെ വിട്ടതോ? എന്തിന്? അതും നാലഞ്ചു വർഷം ജോലി ചെയ്ത കടേന്ന്! നിങ്ങൾക്ക് സംഘടന ഒന്നുമില്ലാരുന്നോ? അങ്ങനെ ചുമ്മാ പറഞ്ഞു വിടാൻ പറ്റുമോ?’’

 

തന്റെ ഭാഗത്തു നിന്നുള്ള വീഴ്ച കൊണ്ടാണ് പിരിച്ചുവിട്ടതെന്ന് അക്ബറിനു മനസിലാവുന്നില്ലല്ലോ എന്നു മാതംഗി പരിതപിച്ചു. അന്യായമായി പിരിച്ചുവിടപ്പെട്ടവളെന്ന സിംപതിയാണെന്നു തോന്നുന്നു അവന്. അത്തരം സഹതാപതരംഗമൊന്നും തൽക്കാലം മാതംഗിക്കാവശ്യമില്ല.

 

‘‘ചുമ്മാ വിട്ടതല്ല, ബോണ്ടിലെ കണ്ടീഷൻ തെറ്റിച്ചതിനാണ്.’’

 

അവന്റടുത്തു നിന്നു മാറി മറ്റൊരു മാനിക്വീനിനഭിമുഖമായി നിന്ന് അതിനെ തുടച്ചുകൊണ്ട് മാതംഗി പറഞ്ഞു. 

 

‘‘ഓഹോ! നിങ്ങക്കു ബോണ്ടൊക്കെ ഒണ്ടോ? എന്തായിരുന്നു നീ തെറ്റിച്ച കണ്ടീഷൻ?’’

 

‘‘കടയിലെ സാധനങ്ങളൊന്നും സമ്മതത്തോടെയും  അറിവോടെയുമല്ലാതെ എടുക്കരുതെന്ന കണ്ടീഷൻ’’

 

‘‘മോഷണം? നീ മോഷണം നടത്തിയോ? ആദ്യായിരുന്നോ? അതോ സ്ഥിരം പരിപാടിയാരുന്നോ? എന്നിട്ടവരു നിന്നെ കയ്യോടെ പൊക്കി. പണീം പോയി അല്ലേ? നിന്നെയൊക്കെ വിശ്വസിച്ച് ഇവിടെ നിർത്താൻ പറ്റുമോ? എന്തേലും അടിച്ചോണ്ടു മുങ്ങുവോന്നാർക്കറിയാം?’’

 

അക്ബറിന്റെ സ്വരം ഉയർന്നപ്പോൾ  മാതംഗി ഒന്നു ഞെട്ടിപ്പോയി. പിന്നെ ഇത്ര ധാർമികരോഷം കൊള്ളണ്ട കാര്യമൊന്നുമില്ലെന്ന് അവൻ കേൾക്കാത്ത വിധം പിറുപിറുത്തു. തന്നെപ്പോലെ പണിക്കാരനാണ് അക്ബറും. മുതലാളിയൊന്നുമല്ലല്ലോ .

 

‘‘എന്താ നീ മോഷ്ടിച്ചത്? തുണിയോ? കാഷോ ? എന്താരുന്നു?’’

 

അവൻ കുറച്ചുകൂടി അടുത്തേക്കു വന്ന് ശബ്ദമുയർത്തി ചോദിച്ചു. അത് ചോദിക്കാൻ ഇത്ര ഒച്ച ആവശ്യമില്ലെന്നും ഇത്രയ്ക്കടുത്തു വരേണ്ടതില്ലെന്നുമാണ് മാതംഗിക്കാദ്യം തോന്നിയത്. മാറി നിക്ക് എന്നു പറഞ്ഞാലോ എന്നോർത്തു. അവനല്ല തനിക്കു ജോലി തന്നത്. പിന്നെ ഇപ്പോത്തന്നെ അധികം പിണക്കണ്ട എന്നും തോന്നി. ഒരാഴ്ചയല്ലേ ആയിട്ടുള്ളൂ. ഈ പത്തടി വീതിയും നീളവുമുള്ള കുഞ്ഞു ചതുര മുറിക്കകത്ത് കുറെ മാനിക്വീനുകളോടൊപ്പം കഴിഞ്ഞുകൂടേണ്ട തൊഴിലാളികളാണ് തങ്ങളിരുവരും. അതൊക്കെയോർത്ത് അവൾ മിണ്ടാതെ ജോലി തുടർന്നു. 

ജിസ ജോസ്

 

‘‘അപ്പോ കാര്യമായെന്തോ നീ മുക്കി! അതല്ലേ മിണ്ടാനിത്ര മടി? സത്യം പറ. ഞാനാരോടും പറയാനൊന്നും പോണില്ല, എന്താ എടുത്തത്?’’

 

‘‘ഒരു പെൺപ്രതിമയെ!’’

 

അക്ബറിന്റെ ശബ്ദത്തിലെ വീറ് അൽപ്പമൊന്നടങ്ങിയത് ശ്രദ്ധിച്ചു കൊണ്ട് മാതംഗി ഉദാസീനമായി പറഞ്ഞു.

 

‘‘പ്രതിമയോ? മാനിക്വീൻ എന്നാണോ നീ ഉദ്ദേശിച്ചത്?’’

 

അയാൾ അതിശയിച്ചു.

 

‘‘അതെ. ഇതേപോലത്തെ അല്ല, നല്ല കറുപ്പു നിറത്തിലുള്ള ഒന്ന്.’’ 

 

അവൾ പൊടിതട്ടിക്കൊണ്ടിരുന്നതിനെ ചൂണ്ടിക്കാണിച്ചു പറഞ്ഞു. 

 

‘‘എന്തിനായിരുന്നു അത്? നിനക്ക് ചേരുന്ന ആണുങ്ങളെയൊന്നും കിട്ടാഞ്ഞിട്ടായിരുന്നോ?’’

 

അക്ബർ പൊട്ടിച്ചിരിച്ചു. കറുപ്പു നിറത്തിലുള്ളവ പൊതുവേ ആണുങ്ങളായിരിക്കും. പെണ്ണുങ്ങൾക്കാണ് തുടുത്ത റോസ് നിറവും ചന്ദനനിറവുമൊക്കെ. അതായിരിക്കും അക്ബർ അങ്ങനെ ചോദിച്ചത്. മിണ്ടാതിരുന്നപ്പോൾ അക്ബർ ചിരിയടക്കി അതുതന്നെ പിന്നെയും ചോദിച്ചു.

 

‘‘ഞാനെടുത്തത് ഒരു പെണ്ണിനെയാണ്.’’

 

അക്ബറിന്റെ ചിരി പൂർണമായി കെടുന്നതും നിനക്കെന്തിനാണീ ഫൈബറുടലെന്നു അതിശയിക്കുന്നതും തിരിഞ്ഞു നോക്കാതെ തന്നെ മാതംഗി അറിഞ്ഞു. ഓണത്തിരക്കിനിടയിലെ ആ ദിവസം അവളുടെ ഓർമയിൽ തെളിഞ്ഞു വന്നു. ലോക്ഡൗണൊക്കെ കഴിഞ്ഞ് ഇളവുകൾ കിട്ടിത്തുടങ്ങിയ സമയം. ഓണക്കാലവും. രാവിലെ മുതൽ ഒറ്റനിൽപ്. ഉച്ചയ്ക്ക് അര മണിക്കൂർ ഉണ്ണാനെടുത്തതൊഴിച്ചാൽ മൂത്രമൊഴിക്കാൻ പോലും ഇട കിട്ടിയിട്ടില്ല. രാത്രി എട്ടു മണിയോടെ വിൽപ്പന നിർത്താമെന്നു വച്ചപ്പോൾ പിന്നെയും ചില ഫാമിലി വന്നു. ബാക്കിയെല്ലാ ലേഡി സ്റ്റാഫും പോയ്ക്കഴിഞ്ഞിരുന്നു. വീട്  അടുത്തുള്ള ആൾ, വീട്ടിൽ പ്രാരബ്ധമില്ലാത്ത ആൾ എന്നൊക്കെ മുദ്രകുത്തപ്പെട്ടിരുന്നതുകൊണ്ട് മാതംഗിക്ക് എപ്പോഴും അവസാനമേ ഇറങ്ങാൻ പറ്റാറുള്ളൂ. രാവിലെ എട്ടു മണിക്കു വന്നതാണെന്നും ഇപ്പോൾ പന്ത്രണ്ടു മണിക്കൂറായിരിക്കുന്നു ഡ്യൂട്ടിയെന്നും അവളോർത്തു. രാവിലത്തെ ഒരു മണിക്കൂർ അവൾ സ്വമേധയാ എടുക്കുന്ന ജോലിയാണ്. ആരും പറഞ്ഞിട്ടല്ല. എല്ലാവരും എത്തുന്ന ഒമ്പതരയ്ക്കു തന്നെ വന്നാൽ മതിയല്ലോ  മാതംഗിക്കും. അതുകൊണ്ട് ആ എട്ടരയ്ക്കുള്ള വരവും ജോലിയും ആരും കണക്കിൽ പെടുത്താറില്ല.  

 

അവസാനം വന്ന കുടുംബത്തിന്റെ ആവശ്യങ്ങൾ വ്യത്യസ്തമായിരുന്നു. അമ്മയും അച്ഛനും കൈക്കുഞ്ഞുമുള്ള കുടുംബം. എല്ലാ നിലകളിലേക്കും അവൾക്കവരുടെയൊപ്പം പോകേണ്ടി വന്നു. അവിടൊക്കെ ആളൊഴിഞ്ഞിരിക്കുമെന്നറിയുന്നതു കൊണ്ട്. അല്ലെങ്കിൽ മെറ്റീരിയൽസ് ഫോർത്തിൽ, ജെന്റ്സ് തേഡിൽ എന്നൊക്കെ പറഞ്ഞ് ലിഫ്റ്റു കേറ്റി വിട്ടാൽ മതി. രാവിലെ മുതൽ നടന്നും ഡ്രസുകൾ വിടർത്തിയിട്ടു പ്രദർശിപ്പിച്ചും അവൾക്കു നടു കഴയ്ക്കുന്നുണ്ടായിരുന്നു. എങ്ങനെങ്കിലും ഒന്നു തീർത്തിറങ്ങിയാൽ മതിയെന്നായി. ഏതു ജോലിയും ചെയ്തു ചെയ്ത് അവസാനത്തിലെത്തുമ്പോഴത്തെ മടുപ്പ്. കാപ്പിക്കപ്പിനടിയിലെ മട്ടു കുടിക്കുമ്പോൾ തോന്നുന്ന കയ്പ്.

 

പല ഫ്ലോറിൽ നിന്നും പലതും സിലക്ടു ചെയ്ത് ഒടുവിൽ കട്ടിമീശയുള്ള സുന്ദരൻ ഭർത്താവ് കൈക്കുഞ്ഞിനെ ഭാര്യയ്ക്കു കൈമാറി നീ ഉടുപ്പുകൾ നോക്ക്, നിനക്കുള്ളത് ഞാൻ സിലക്ടു ചെയ്യാം എന്നു പറഞ്ഞ് മാതംഗിക്കൊപ്പം അതേ ഫ്ലോറിലെ സാരികൾ നോക്കാൻ തുടങ്ങി. മാനിക്വീനുകൾ മിക്കതും ഉടുതുണിയില്ലാതെ നിൽപ്പാണ്. തിരക്കിനിടയിലും അവളതു കാണാതെയല്ല. പക്ഷേ, ഒന്നും ചെയ്യാനാവില്ലായിരുന്നു. പാവങ്ങൾ എന്നു സഹതപിക്കാനല്ലാതെ. അയാളിരിക്കുന്നതിന് തൊട്ടു ചേർന്ന് ഉടുപ്പുകളില്ലാത്ത ഒരു പ്രതിമ വീഴാൻ ഭാവിച്ചു ടേബിളിലേക്കു ചെരിഞ്ഞു നിൽക്കുന്നുണ്ട്. കുറച്ചു മാറിയിരിക്കൂ എന്നു പറയാനുള്ള വെമ്പൽ മാതംഗി ഉള്ളിൽത്തന്നെ അമർത്തി.

 

കടക്കുള്ളിൽ ബാക്കിയുള്ള ജോലിക്കാരെല്ലാവരും തിരക്കിലായിരുന്നു. കടയുടെ ഷട്ടർ പാതി താഴ്ത്തിക്കഴിഞ്ഞിരുന്നു. ഇനി, ഉള്ളിലുള്ളവരെ പുറത്തു കടത്തണം. അതിനു ശേഷം എല്ലാം മടക്കി തിരിച്ചു വയ്ക്കണം. വിറ്റതും ബാക്കിയുള്ളതും ലിസ്റ്റ് നോക്കി ഫ്ലോർ മാനേജരെ ബോധ്യപ്പെടുത്തണം. എല്ലാവരും അത്തരം ജോലികളിലാണ്. മാതംഗി തനിക്കു മടക്കി വയ്ക്കാനുള്ളവയിലേക്കു നിസഹായതോടെ നോക്കി. എല്ലാം തീർത്തിട്ടു പോകണമെങ്കിൽ പാതിരയാകും. നാളെ രാവിലെ വീണ്ടും വിടർത്തിയിടാനുള്ളതാണ്, ഒരു രാത്രി മടക്കി വച്ചില്ലെങ്കിലും സാരമില്ല. പക്ഷേ, ആ പിശാച് ഫ്ലോർ മാനേജർ സമ്മതിക്കില്ല. ഇതുപോലെ ഏതോ ഉത്സവകാലത്ത് ഇക്കാര്യം ചോദിച്ചപ്പോൾ അയാൾ പല്ലിറുമ്മി പറഞ്ഞത് മാതംഗിയോർക്കുന്നുണ്ട്. ‘‘നിന്റെ വീട്ടിൽ നാളെ രാവിലെ പിന്നേം  കഴിക്കണ്ടതല്ലേന്നു വച്ച് രാത്രിയിലത്തെ എച്ചിൽപ്പാത്രങ്ങളു കഴുകാതെ എടുത്തു വയ്ക്കുമോ? എല്ലാ കഴിപ്പും കഴിഞ്ഞ് ഒന്നിച്ചു കഴുകിയാൽ മതിയെന്നു വയ്ക്കുമോ? ഇല്ലല്ലോ?  രാവിലെ കടക്കുള്ളില് കേറുന്നവര് ഈ വലിച്ചു വാരിയിട്ടതൊക്കെ കണ്ട് തിരിച്ചു പോകാനിട വരരുത്.’’

 

ആരെങ്കിലും സഹായിച്ചാൽപ്പോലും തന്റെ സെ‌ക്‌ഷനിലെ തുണികളൊക്കെ  മടക്കി ഷെൽഫിലേക്കു തിരിച്ചു കേറ്റാൻ മാതംഗിക്ക് ധാരാളം സമയം വേണം. ആ സുന്ദരന് പച്ച, ചുവപ്പ്, മഞ്ഞ തുടങ്ങി പല നിറങ്ങളിലുള്ള സാരികൾ, ചന്തേരി, കോട്ട, ഓർഗൻസ, 

സിൽക്ക് തുടങ്ങി പല സ്റ്റഫുകളിൽ പ്രദർശിപ്പിച്ചു കഴിഞ്ഞപ്പോഴേക്ക് ഷെൽഫിൽ മടക്കിവച്ചിരുന്ന ബാക്കിയുള്ളവയും ടേബിളിലെത്തി. അത്, മറ്റത് എന്നയാൾ കൈ ചൂണ്ടി ഓരോന്നെടുപ്പിക്കുമ്പോഴും മാതംഗി ഉള്ളിൽ ശപിച്ചു കൊണ്ട് പുഞ്ചിരിച്ചു. 

 

‘‘ഇത് സാറിന്റെ വൈഫിന് അസലായി ചേരും.’’ എന്ന് ഇടക്കിടെ അവൾ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. അയാൾ ഒന്നെടുത്ത് ഒഴിവായിട്ടു വേണം അവൾക്ക് ഫ്രീയാവാൻ. അതിലപ്പുറം മാതംഗിക്ക് ഒരു താൽപര്യവുമില്ല. ആ വെളുത്തു മെലിഞ്ഞ സുന്ദരിക്കോതയ്ക്ക് എല്ലാം ചേരുമെന്ന് അവൾ ഉള്ളിൽ വെറുതെ അസൂയപ്പെട്ടു. വൈൻ റെഡ് നിറമുള്ള പൈതാനി സിൽക്ക് വിടർത്തിയിട്ട് ക്ഷീണിച്ച ശബ്ദത്തിൽ ഇതു നന്നാവും സാർ എന്നു പറഞ്ഞപ്പോൾ അവളെ ഞെട്ടിച്ചു കൊണ്ട് അയാൾ പെട്ടന്നു ക്ഷുഭിതനായി.

 

‘‘എന്റെ ഭാര്യയ്ക്ക് എന്താ ചേരുന്നതെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ഞാൻ തന്നെ സിലക്ടു ചെയ്യാൻ വന്നത്. നിങ്ങൾക്ക് കാണിക്കാൻ വയ്യെങ്കിൽ അതു പറയൂ. എന്താ വേണ്ടേന്ന് എനിക്കറിയാം’’.

 

അയാളുടെ വെളുത്ത മുഖം അരിശം കൊണ്ട് തുടുത്തു ചുവന്നു. മാതംഗി തരിച്ചുനിന്നു. അവൾ പറഞ്ഞ സോറികളൊക്കെ അവളെക്കാളും വിളറിപ്പോയി. നിശബ്ദമായി പിന്നെയും സാരികൾ വലിച്ചിടുമ്പോൾ ആ സാരിക്കൂമ്പാരത്തിനടിയിലേക്കു മാഞ്ഞു പോയെങ്കിലെന്നു മാതംഗി ആത്മാർത്ഥമായും ആഗ്രഹിച്ചു. അവളുടെ മൗനം അയാൾ അനാസ്ഥയായാണു കണ്ടത്. 

 

‘‘എടുക്കുന്ന പണിയോട് ആത്മാർത്ഥത വേണം! വകക്കു കൊള്ളാത്ത ഓരോന്നിനെയൊക്കെ..’’

 

മാതംഗിക്ക് നിയന്ത്രണം വിട്ടു. അയാളുടെ ഭാര്യയ്ക്ക് ആ സാരി  ചേരുമെന്നു പറഞ്ഞതാണോ താൻ ചെയ്ത കുറ്റം? ഒച്ച കേട്ട് അപ്പുറത്തു നിന്ന് അയാളുടെ ഭാര്യയും അവിടെ നിന്നിരുന്ന  മനോജും എത്തിനോക്കുന്നത് മാതംഗി കണ്ടു. അവൾ ഇങ്ങോട്ടു വരണമോയെന്ന ആശങ്കയിലാണെന്നു തോന്നി. അവളുടെ കയ്യിൽ നിറയെ ഞൊറികളുള്ള ഒരുടുപ്പ്. കുഞ്ഞിനെ താഴെ നിർത്തിയിരിക്കുകയാവും. ആ മുരടൻ ഫ്ലോർ മാനേജർ കൂടി കേറി വരികയേ വേണ്ടൂ. തനിക്കു വയറുനിറച്ചു കിട്ടിക്കൊള്ളും. അയാൾക്കു തൊട്ടരികിൽ വീഴാൻ ഭാവിച്ചു നിൽക്കുന്ന  മാനിക്വീനെ നിസഹായതയോടെ നോക്കി മാതംഗി. കുറച്ചു മുമ്പുവരെ ഓഫ് വൈറ്റിൽ എംബ്രോയ്ഡറി ചെയ്ത നെറ്റ് സാരി ചുറ്റി അന്തസോടെ നിന്നവൾ. ആ കരിങ്കറുപ്പുടലിൽ എന്തൊരെടുപ്പായിരുന്നു അതിന്. ഏഴു മണിക്കു വന്ന കുറെ പെണ്ണുങ്ങളുടെ കൂട്ടത്തിലൊരുവളാണ് അതഴിച്ചു വാങ്ങിയത്.

 

‘‘മിഴിച്ചു നോക്കി നിൽക്കുന്നോ? എവിടെ നിങ്ങളുടെ മാനേജർ? ഇങ്ങനാണോ കസ്റ്റമേഴ്സിനോടു പെരുമാറാൻ പഠിപ്പിച്ചിരിക്കുന്നത്? തുണി എടുത്തുകാട്ടാൻ വയ്യാഞ്ഞിട്ട് അതു ചേരും, ഇതു ചേരും എന്ന്! നിന്റെ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു വേണമല്ലോ!’’

 

അയാളുടെ ഒച്ച പിന്നെയുമുയർന്നു. അപ്പുറത്തു നിന്ന് ഭാര്യ കുഞ്ഞിനെയുമെടുത്ത് തിരക്കിട്ടു വരുന്നു. മനോജും പിറകെയുണ്ട്. ആരൊക്കെയോ പടികൾ കേറിയും ഇറങ്ങിയും വരുന്നതിന്റെ ഒച്ചകൾ! ദേഷ്യത്തിൽ തിരിഞ്ഞു നടക്കുന്നതിനിടയിൽ അയാളുടെ ദേഹം തട്ടി ആ കറുപ്പു മാനിക്വീൻ താഴെ വീണു. അയാളതിനെ കാലുകൊണ്ട്  അവജ്ഞയോടെ തട്ടി നീക്കി.

 

ആ രാത്രിയിൽ പിന്നെ നടന്നതൊന്നും മാതംഗിക്ക് ഓർക്കാനിഷ്ടമില്ല. ഒൻപതര മണിക്കും അവളാ സാരിക്കൂമ്പാരത്തിനരികിൽ കുനിഞ്ഞിരിക്കുകയായിരുന്നു. മനോജ് ഇടയ്ക്കു വന്ന് സഹതാപത്തോടെ ഒരു ഗ്ലാസ് കട്ടൻ കാപ്പി നീട്ടി. ‘‘ഇവിടിരുന്നോ, എന്റെ പണി കഴിഞ്ഞ് ഞാൻ കൊണ്ടാക്കാം, ഒറ്റയ്ക്കു പോണ്ട’’ എന്നാശ്വസിപ്പിച്ചു. അവളുടെ യൂണിഫോം ബ്ലൗസും സാരിയും പിന്നുകളഴിഞ്ഞ് ഉലഞ്ഞിരുന്നു. അപമാനിതയായവളുടെ എല്ലാ ഭാവാദികളും മുഖത്തു വരുത്തി അവളവിടെ നിശ്ചലയായിരുന്നു. 

 

ആ സുന്ദരൻ അവളുടെ സാരിക്കുള്ളിൽ കയ്യിട്ട്  മാറത്തു ഞെരിച്ച് അപമാനിച്ചുവെന്ന് കുറച്ചു മുമ്പ് ഉറക്കെ ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്തപ്പോൾ നടുങ്ങിപ്പോയ അയാളുടെ മുഖം ഓർത്തെടുക്കുമ്പോഴൊക്കെ മാതംഗിക്ക് ആനന്ദമുണ്ടായി. അവളുടെ നിലവിളി കേട്ട് അയാൾ ഞെട്ടിത്തിരിഞ്ഞു. മുഖത്തു നിന്ന് രക്തമൊട്ടാകെ വാർന്നു. അയാളുടെ ഭാര്യ നിന്നിടത്ത്‌ ഉറഞ്ഞു പോയി. ഓടിക്കയറി വന്ന മാനേജർ നിന്നെയോ എന്ന് അതിശയം ഭാവിച്ചു. മനോജും മറ്റു സെയിൽസുകാരും പോലീസിനെ വിളി സാറേ, ഇതങ്ങനെ വിട്ടാൽ പറ്റില്ല എന്നു ബഹളം വച്ചു. മാതംഗി മാത്രം തന്റെ പ്രകടനം അവസാനിച്ച മട്ടിൽ നിലത്തു മറിഞ്ഞു കിടന്ന മാനിക്വീനെ നോക്കിയിരുന്നു. പാവം! തുണിയില്ലാതെ എല്ലാവർക്കും മുന്നിലിങ്ങനെ! 

 

ഒടുവിൽ എങ്ങനെയൊക്കെയാണ് ആ രംഗം അവസാനിച്ചതെന്നു മാതംഗി കൃത്യമായി  ഓർക്കുന്നില്ല. അയാൾ അവളോടു ക്ഷമാപണം നടത്തി. കേസാക്കരുതെന്നു യാചിച്ചു. അയാളുടെ തൂണുപോലുറഞ്ഞു പോയ ഭാര്യ മെല്ലെ ഇളകി, ഞങ്ങളെ അപമാനിക്കരുതെന്നു കാലു പിടിച്ചു. മാനേജർ ഞാൻ സംസാരിച്ചുകൊള്ളാം, നിങ്ങളിപ്പോ പോ എന്ന് അവരെ പുറത്തേക്കു കൊണ്ടുപോയി.

 

കട്ടൻ കാപ്പിക്കു കടുപ്പവും ചൂടുമുണ്ടായിരുന്നു. വരണ്ട തൊണ്ടയിലൂടെ അതിറങ്ങിപ്പോയപ്പോൾ അവൾക്ക് ആശ്വാസമുണ്ടായി. മനോജ് ദൂരെയാണ്. താൻ പറഞ്ഞ കഥ മാനേജർ വിശ്വസിച്ചിട്ടൊന്നുമില്ലെന്നു മാതംഗിക്കറിയാം. മിക്കവാറും ഇന്നത്തോടെ തന്റെ പണി തീർന്നേക്കും. ഇവിടിങ്ങനെ ശിംശിപാവൃക്ഷച്ചുവട്ടിലെ സീതയെപ്പോലെ കുത്തിയിരിക്കേണ്ട കാര്യമില്ല. അവൾ എഴുന്നേറ്റപ്പോൾ നിലത്തു മറിഞ്ഞു കിടക്കുന്ന മാനിക്വീന്റെ ഉടലിൽ കാലു തട്ടി. അയ്യോ പാവംന്നു പിറുപിറുത്തു  മാതംഗി അതിനെ പൊക്കിയെടുത്ത്‌ സെയിൽസ് ഗേൾസിന്റെ ബാഗും സാധനങ്ങളും വയ്ക്കുന്ന മുറിയിലേക്ക് കൊണ്ടുപോയി. യൂണിഫോം മാറ്റാനൊന്നും നിന്നില്ല. രാവിലെ വരുമ്പോഴിട്ട ചുരിദാറെടുത്ത് മാനിക്വീന്റെ കഴുത്തു വഴി ഇട്ടു കൊടുത്തു. അതിനെയും താങ്ങിപ്പിടിച്ച് പാർക്കിങ്ങിലെത്തുന്ന പിന്നിലെ സ്റ്റെപ്പു വഴി ഓടിയിറങ്ങി.  പാർക്കിങ്ങിൽ നിന്ന് കടയുടെ പിന്നിലെ ചെറിയ ഗേറ്റു വഴി അവർ രണ്ടു പേരും പുറത്തു കടന്നേനെ. പക്ഷേ, കൃത്യം ആ സമയത്തു തന്നെയാണ് വാച്ച്മാൻ ടോർച്ചുമായി ഗേറ്റടയ്ക്കാൻ വന്നത്. അവൾ പിന്നെയും കടയ്ക്കുള്ളിലായി. ആരോ പിഞ്ഞിത്തുടങ്ങിയ ചുരീദാർ മാനിക്വീന്റെ ദേഹത്തു നിന്നു വലിച്ചൂരിയെടുത്ത് അവളുടെ മുഖത്തേക്കെറിഞ്ഞു. അത്രയും ആൾക്കാർക്കിടയിൽ വീണ്ടും അനാവൃതയായ പ്രതിമയെ നോക്കിയപ്പോൾ അവളുടെ ഹൃദയം അസാധാരണമായി മിടിച്ചു.

 

ഈ കഥയൊക്കെ  പറഞ്ഞാൽ പേടിച്ച് അക്ബറിന്റെ ഹൃദയം നിലച്ചുപോകാനിടയുണ്ടെന്നോർത്തപ്പോൾ മാതംഗിക്ക് ചിരിയടക്കാനായില്ല. ഇവിടെ നിൽക്കാൻ പ്രയാസമുണ്ടോ എന്നവൻ ചോദിച്ചത് തനിക്ക് തിരിച്ചു ചോദിക്കാം. നിനക്കു ധൈര്യമുണ്ടോ എന്റെ കൂടെ ജോലി ചെയ്യാൻ? അവൾക്കു പിന്നെയും ചിരി വന്നു. 

 

‘‘ചിരിക്കുന്നതെന്തിനാ? നീ നുണ പറഞ്ഞതല്ലേ? ഒന്നിനും കൊള്ളാത്ത മാനിക്വീനെ മോഷ്ടിക്കാൻ നോക്കിയത്രേ! ആ കടേല് എനിക്കറിയുന്നോരും ഉണ്ട്. അന്വേഷിച്ചറിയാൻ പ്രയാസമൊന്നുമില്ല. നീയായിട്ട് പറഞ്ഞോ. എന്താ കട്ടത്?’’

 

അക്ബർ ഒച്ചയുയർത്തി ചോദിക്കുമ്പോൾ മാതംഗി അവനടുത്തേക്കു ചെന്ന് ശബ്ദമടക്കിപ്പറഞ്ഞു. 

 

‘‘ചെല്ല്. ചെന്നന്വേഷിക്ക്. ശരിക്കും അന്വേഷിച്ചോ. ഞാനെടുത്തത് ഒരു പെൺപ്രതിമയെത്തന്നാ. അതിനെ തുണിയുടുപ്പിക്കണംന്നേ അന്നേരം വിചാരിച്ചുള്ളൂ. അതെന്തിനാന്നു ചോദിച്ചാ, ആൾക്കാരടെ മുന്നില് ഉടുക്കാണ്ടു നിക്കുമ്പഴത്തെ നിസഹായത എന്താന്നു നിനക്കറിയില്ല. ഉടുതുണിയില്ലാണ്ട് എന്റെ അമ്മേടെ ശവം തോട്ടുവക്കില് ഒരു പകലു മുഴുക്കെ കെടന്നിട്ടുണ്ട്. ആറേഴു വയസില് ഒത്തിരി കാഴ്ചക്കാരടെ കൂട്ടത്തിൽ ഒരു പകലു മുഴുക്കെ ഞാനതു നോക്കി നിന്നിട്ടൊണ്ട്. സന്ധ്യയ്ക്ക് പോലീസു വരുന്നതു വരെ. ഒരു തുണിക്കഷണമിട്ടു മൂടാൻ പോലും ഒരുത്തനുമില്ലായിരുന്നു. കൊല്ലാൻ വിളിച്ചോണ്ടു പോയവനും. അതെന്റെ തന്തയായിരുന്നു. ആൾക്കാരു കാണുന്നതല്ലേ, അവസാനം ഇത്തിരി തുണി ദേഹത്തു ബാക്കി വച്ചേക്കാമെന്നു തോന്നിയില്ല.’’ 

 

അക്ബർ അമ്പരപ്പോടെ അവളെ നോക്കി. തുടച്ചു വൃത്തിയാക്കിയ പ്രതിമകളെയൊക്കെ ചില്ലുപാളികൾക്കു പുറത്തു നിന്നു നോക്കിയാൽ  കാണാത്ത വിധം മൂലക്കലേക്കു നീക്കിവയ്ക്കുകയായിരുന്നു മാതംഗിയപ്പോൾ. നീയും ഇങ്ങോട്ടു നോക്കിപ്പോവരുത്, ഒന്നിനേം തൊട്ടു പോവരുതെന്ന് പതറിയ ഒച്ചയിൽ അവൾ പിറുപിറുക്കുന്നുമുണ്ടായിരുന്നു. 

 

Content Summary: Mannequins, Malayalam short story written by Jisa Jose