‘തെറി’യാണ് ഇഷ്ടമെങ്കിൽ ആളുകൾ അത് ചർച്ച ചെയ്യട്ടെ; ഒരു സിനിമ കൊണ്ടൊന്നും സമൂഹം മാറില്ല’
തെറ്റു ചെയ്യുമ്പോഴല്ല, ചെയ്ത തെറ്റ് മറ്റൊരാൾ അറിയുമ്പോൾ മാത്രമാണ് ഒരാൾ കുറ്റവാളിയാകുന്നത്. സ്വന്തം ഇഷ്ടത്തിനു ജീവിക്കാനുള്ള സഹജവാസനയെ അടക്കിവച്ച് സമൂഹത്തിനും നിയമത്തിനും അനുസരിച്ചു ജീവിക്കാൻ സ്വയം പരിശീലിപ്പിച്ചെടുത്ത ജീവിവർഗമാണ് മനുഷ്യൻ. ഏതാണു തെറ്റ്, ഏതാണു ശരി? ആരാണ് ഈ ശരിയും തെറ്റും
തെറ്റു ചെയ്യുമ്പോഴല്ല, ചെയ്ത തെറ്റ് മറ്റൊരാൾ അറിയുമ്പോൾ മാത്രമാണ് ഒരാൾ കുറ്റവാളിയാകുന്നത്. സ്വന്തം ഇഷ്ടത്തിനു ജീവിക്കാനുള്ള സഹജവാസനയെ അടക്കിവച്ച് സമൂഹത്തിനും നിയമത്തിനും അനുസരിച്ചു ജീവിക്കാൻ സ്വയം പരിശീലിപ്പിച്ചെടുത്ത ജീവിവർഗമാണ് മനുഷ്യൻ. ഏതാണു തെറ്റ്, ഏതാണു ശരി? ആരാണ് ഈ ശരിയും തെറ്റും
തെറ്റു ചെയ്യുമ്പോഴല്ല, ചെയ്ത തെറ്റ് മറ്റൊരാൾ അറിയുമ്പോൾ മാത്രമാണ് ഒരാൾ കുറ്റവാളിയാകുന്നത്. സ്വന്തം ഇഷ്ടത്തിനു ജീവിക്കാനുള്ള സഹജവാസനയെ അടക്കിവച്ച് സമൂഹത്തിനും നിയമത്തിനും അനുസരിച്ചു ജീവിക്കാൻ സ്വയം പരിശീലിപ്പിച്ചെടുത്ത ജീവിവർഗമാണ് മനുഷ്യൻ. ഏതാണു തെറ്റ്, ഏതാണു ശരി? ആരാണ് ഈ ശരിയും തെറ്റും
തെറ്റു ചെയ്യുമ്പോഴല്ല, ചെയ്ത തെറ്റ് മറ്റൊരാൾ അറിയുമ്പോൾ മാത്രമാണ് ഒരാൾ കുറ്റവാളിയാകുന്നത്. സ്വന്തം ഇഷ്ടത്തിനു ജീവിക്കാനുള്ള സഹജവാസനയെ അടക്കിവച്ച് സമൂഹത്തിനും നിയമത്തിനും അനുസരിച്ചു ജീവിക്കാൻ സ്വയം പരിശീലിപ്പിച്ചെടുത്ത ജീവിവർഗമാണ് മനുഷ്യൻ. ഏതാണു തെറ്റ്, ഏതാണു ശരി? ആരാണ് ഈ ശരിയും തെറ്റും തീരുമാനിക്കുന്നത്? തെറ്റുകുറ്റങ്ങൾ കണ്ടെത്തി തിരുത്താനും ശിക്ഷിക്കാനും ആർക്കാണ് അധികാരമുള്ളത്? എക്കാലത്തും സമൂഹത്തിന്റെ ഭാഗമായിരുന്ന ഇതേ ചോദ്യങ്ങളുടെ തുടർച്ച തേടൽ തന്നെയാണ് വിനോയ് തോമസിന്റെ ‘കളിഗമിനാറിലെ കുറ്റവാളികൾ’ എന്ന കഥയും ആ കഥയെ അടിസ്ഥാനമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന സിനിമയും. സാഹചര്യം അനുകൂലമെങ്കിൽ ഏച്ചുകെട്ടലുകൾ ഒന്നുമില്ലാതെ തനിസ്വഭാവം പുറത്തെടുക്കുന്ന മനുഷ്യരുടെ കഥ. സാഹചര്യം മാറുമ്പോഴൊക്കെയും അതിനൊത്ത് നിൽക്കാൻ പഠിച്ചവര്‍. ചുരുക്കിപ്പറഞ്ഞാൽ, ചുരുളിക്കു പുറത്ത് ജീവിക്കാൻ വിധിക്കപ്പെട്ട ചുരുളിക്കാരാണ് നമ്മളിൽ അധികവും. ചിലരുടെ നേരേ കണ്ണടച്ചും ചിലരുടെ നേരേ കണ്ണുതുറന്നുമിരിക്കുന്ന നിയമവും നീതിയുമെല്ലാം സിനിമ ചർച്ച ചെയ്യുമ്പോഴും സമൂഹമാധ്യമത്തിലെ പ്രധാന ചർച്ച സിനിമ പറഞ്ഞ ‘തെറി’ കളെക്കുറിച്ചാണ്.
ജോസ് ജോസഫ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ പങ്കുവച്ച ഒരു കേസന്വേഷണ അനുഭവത്തെ കഥകളുടെ ലോകത്തേക്കു പറിച്ചു നട്ടപ്പോൾത്തന്നെ അതിന്റെ വളർച്ചയ്ക്ക് ആവശ്യമായ വെള്ളവും വളവും കൃത്യമായി ഇട്ടിരുന്നു വിനോയ് തോമസ്. കഥയുടെ വായനയിൽ വായനക്കാരുടെ മനസ്സിൽ ഒരു കാടും കാടിനുള്ളിലെ നാടും വളർന്നു വന്നു. കഥ മനസ്സിൽ ഉറപ്പിച്ച ഈ ദൃശ്യങ്ങളെ മിത്തുകളുടെയും നാടോടി സങ്കൽപങ്ങളുടെയും അകമ്പടിയോടെ കണ്ണിനു മുൻപിൽ എത്തിക്കുകയായാണ് ചുരുളി എന്ന സിനിമയിലൂടെ ലിജോ ജോസ് പെല്ലിശ്ശേരി ചെയ്തത്. എന്നിട്ടും കഥ വായിച്ചവർക്കു സിനിമ ആസ്വദിക്കാനും സിനിമ ആസ്വദിച്ച ശേഷവും പുതിയ ഒന്ന് എന്ന പോലെ കഥ വായിച്ചു പോകാനുമുള്ള സാധ്യത കഥയും സിനിമയും അവശേഷിപ്പിക്കുന്നുണ്ട്. എസ്. ഹരീഷാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.
കളിഗമിനാറിലെ കുറ്റവാളികളുടെ ലോകം സൃഷ്ടിച്ച വിനോയ് തോമസ് കഥയെക്കുറിച്ചും സിനിമയെക്കുറിച്ചും മനസ്സ് തുറക്കുന്നു –
‘തെറി’ പറയുന്നവരും, തെറിയെ കുറിച്ചു മാത്രം പറയുന്നവരും
ആളുകൾ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നു. നമുക്കു തെറി ഇഷ്ടപ്പെടുന്നതു കൊണ്ട് നമ്മൾ അതിനെപ്പറ്റി ചർച്ച ചെയ്യുന്നു. ഭൂരിഭാഗം ആൾക്കാരും ഇതിലെ കലയുടെ സാധ്യതകളായിരുന്നു ഇഷ്ടപ്പെടുന്നതെങ്കിൽ, സിനിമയുടെ ആസ്വാദ്യത ആണ് ഇഷ്ടപ്പെടുന്നതെങ്കിൽ, അതിന്റെ സാങ്കേതിക നിലവാരമായിരുന്നു ഇഷ്ടപ്പെടുന്നതെങ്കിൽ, സിനിമ മുന്നോട്ടു വച്ച ആശയങ്ങളുടെ തത്വചിന്ത ആണ് ഇഷ്ടപ്പെടുന്നതെങ്കിൽ അത് പ്രധാന ചർച്ചയാകുമായിരുന്നു. പക്ഷേ നമുക്കതല്ല ഇഷ്ടം. അതിൽനിന്ന് നമ്മൾ മനസ്സിലാക്കേണ്ടത് തത്വചിന്തയേക്കാൾ നമ്മൾ ആഗ്രഹിക്കുന്നത് ‘തെറി’ ചർച്ച ചെയ്യാനാണ്. സിനിമയുടെ ഒരു തത്വം അതു തന്നെയാണല്ലോ പറയുന്നത്. ആ ചർച്ചയിൽ ഒരു പ്രശ്നവും ഇല്ല എന്നാണെനിക്കു തോന്നുന്നത്. ആളുകൾ അവർക്ക് ഏറ്റവും ഇഷ്ടമുള്ളത് ചർച്ച ചെയ്യട്ടെ.
ഞങ്ങൾ തെറിയുടെ വെറൈറ്റി പിടിച്ചില്ല എന്നുവരെ പരാതികളുണ്ട്. ഓരോ കലാസൃഷ്ടി ഇറങ്ങുമ്പോഴും സമൂഹം അവർക്ക് ഇഷ്ടമുള്ളത് ചർച്ച ചെയ്യട്ടെ. അതാണ് എന്റെ അഭിപ്രായം.
സിനിമ പറയാനാഗ്രഹിച്ചത്, ആളുകൾ കേൾക്കാതെ പോയത്
സിനിമയുടെ രാഷ്ട്രീയം തെറിചർച്ചകളിൽ മുങ്ങിപ്പോകുന്നുണ്ട്. എനിക്കു തോന്നുന്നത്, ഒരു സിനിമയിലൂടെ രാഷ്ട്രീയം പറഞ്ഞു എന്നതുകൊണ്ട് സമൂഹത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല. കാരണം അധികാരസ്ഥാനം എല്ലായ്‌പോഴും കുറ്റകൃത്യങ്ങൾ ചെയ്‌തുകൊണ്ടേയിരിക്കും. ഭരണകൂടം കുറ്റകൃത്യങ്ങൾ ഇനിയും തുടരുകയും അത് ഇനിയും നീതീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. ഒരു സിനിമ കൊണ്ടൊന്നും നമ്മുടെ സമൂഹം മാറില്ല. പക്ഷേ ഈ സിനിമയിലൂടെ സംവിധായകനായ ലിജോയ്ക്കും തിരക്കഥാകൃത്ത് എന്ന നിലയിൽ എസ്. ഹരീഷിനും ഈ കഥ എഴുതിയ എനിക്കും ഒക്കെ ഈ നീതിയുടെ വിവേചനം ഞങ്ങൾ അറിയുന്നുണ്ട് എന്നു വിളിച്ചു പറയാൻ കഴിഞ്ഞു. ഭരണകൂടത്തെകുറിച്ച്, നീതിയെയും നിയമത്തെയും കുറിച്ച് സമൂഹം കൃത്യമായി മനസ്സിലാക്കുന്നുണ്ട് എന്ന കാര്യം അറിയിക്കാൻ കഴിഞ്ഞു. അതാണ് ഏതൊരു കലാകാരനും ചെയ്യാൻ കഴിയുന്നത്. അതുകൊണ്ടൊന്നും ഒരു മാറ്റവും ഉണ്ടാകില്ല എന്നതാണ് യാഥാർഥ്യം. മുൻപും എത്രയോ നല്ല കലാസൃഷ്ടികൾ ഉണ്ടായിട്ടുണ്ട്, എന്തെല്ലാം വിഷയങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഒരു മാറ്റം എന്നതിലുപരി, സമൂഹത്തിന്റെ നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ച്, സമൂഹം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്, സമൂഹത്തിനൊപ്പം ജീവിച്ചിരിക്കുന്ന കലാകാരൻമാർ ബോധവാന്മാരാണ്, ഞങ്ങൾ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്നു കാണിക്കുക മാത്രമാണ് സിനിമ ചെയ്യുന്നത്. അത് ധൈര്യപൂർവം ലിജോ ജോസ് പെല്ലിശേരി ചെയ്തു എന്നതാണ് ഈ സിനിമയുടെ വിജയം.
കഥ എഴുതുന്ന ചെലവല്ല സിനിമയ്ക്കു വേണ്ടത്. വേറെന്തിനേക്കാളും സാമ്പത്തികമായ വശം കൂടി സിനിമയ്ക്കുണ്ട്.. ഇത്രയും പൈസ മുടക്കി, ഇങ്ങനെ ഒരു കഥ പറയാൻ ലിജോ കാണിച്ച ധൈര്യമാണ് ഈ സിനിമ.
‘നീ എന്നു പറയാൻ നിനക്കായിട്ട് എന്നതാ ഒരു പ്രത്യേകത? ഒന്നുമില്ല. വേറൊള്ള മനുഷ്യരുടെ കൂടെകൂടിയാ നീ വെറും ആൾക്കൂട്ടവാ’
ചുരുളിയിലെ ആ ആൾക്കൂട്ടത്തിനൊപ്പം മലയാളത്തിന്റെ പ്രിയ കഥാകൃത്ത് വിനോയ് തോമസും ഉണ്ടായിരുന്നു. ആൾക്കൂട്ടത്തിലൊരുവനായി, തനി ചുരുളിക്കാരനായി. ഷൂട്ടിങ് കാണാൻ പോയി നടനായ അനുഭവം കഥാകാരൻ പങ്കുവയ്ക്കുന്നതിങ്ങനെ–
‘ഷൂട്ട് കാണാൻ വേണ്ടി ചെല്ലാൻ പറഞ്ഞപ്പോൾ കാണാൻ വേണ്ടി ചെന്നു നിന്നതാണ്. ഞാൻ ആദ്യമായാണ് ഒരു സിനിമ ഷൂട്ടിങ് കാണുന്നത്. അങ്ങനെ ഞാനും ചുരുളിയുടെ ഭാഗമായി മാറി. നമുക്ക് അവിടെ അഭിനയിക്കാനൊന്നും ഇല്ലല്ലോ. നമ്മുടെ ജീവിതത്തിൽനിന്ന് ഒരു കാര്യം ചെയ്യുന്നു.’
ആളുകളുടെ ഫിഗർ വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. പെട്ടെന്ന് നോട്ട് ചെയ്യപ്പെടുന്ന ആളുകൾ. എന്റെ ജീവിതത്തിൽത്തന്നെ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു അലമ്പുണ്ടാകുകയാണെങ്കിൽ നമുക്ക് നല്ല ഫിഗർ ഉണ്ടെങ്കിൽ പെട്ടെന്ന് അടി കിട്ടും. പക്ഷേ എന്നെ ഒരു ആൾക്കൂട്ടം ആയിട്ടേ കാണാൻ പറ്റൂ. അത്ര ഫിഗർ ഇല്ലാത്ത, സാധാരണക്കാരനായി തോന്നിക്കുന്ന ഒരാളെ ആരും അത്രപെട്ടെന്ന് നോട്ടു ചെയ്യില്ല. ഞാനാണ് അലമ്പുണ്ടാക്കുന്നതെങ്കിലും കാണാൻ കുറച്ച് ഓളം ഉള്ളവനിട്ടായിരിക്കും അടി കിട്ടുന്നത്. അത് ആൾക്കൂട്ടത്തിന്റെ ഒരു സ്വഭാവം ആണ്. ഓളം ഉള്ളവനെ ആക്രമിക്കുക എന്നത്. അതുകൊണ്ടാണ് പൊലീസിലെ ഓളം ഇല്ലാത്ത ആൾക്കാരെയാണ് ക്രൈംസ്ക്വാഡിനു പറ്റുന്നത് എന്നൊരു കൺസപ്റ്റ് കഥയിൽ പറഞ്ഞത്.
ഒരു കഥ ഒരായിരം കാഴ്ച
ചുരുളി സിനിമ ഓരോരുത്തർക്കും ഓരോന്നായിരുന്നു. കാണുന്നവരുടെ ഭാവനയ്ക്കും അനുഭവ പരിസരിത്തിനും അനുസരിച്ച് ആസ്വാദകന്റെ ഉള്ളിൽ സ്വയം മെനയപ്പെടുന്ന കഥ. കഥയുടെ ആവനാഴിയിൽ നിന്ന് എടുത്തപ്പോൾ ഒരെണ്ണമായിരുന്നെങ്കിൽ സിനിമയുടെ ബാണത്തിലിട്ട് തൊടുത്തപ്പോൾ ആയിരമായി ചിതറിയ അമ്പ്. കഥയിൽനിന്ന് സിനിമയിലെത്തിയപ്പോളുണ്ടായ ഈ മാറ്റത്തിനുകാരണം ലിജോ ജോസും എസ്. ഹരീഷും കൂട്ടിച്ചേർത്ത നാടോടി സങ്കൽപങ്ങളാണെന്നു പറയുന്നു വിനോയ് തോമസ് –
കർണാടകത്തിൽ നിലവിലുള്ള ഹരികഥ എന്ന ഫോക്ക് ആണ് സിനിമയുടെ ബാക് ഡ്രോപ്പിൽ കിടക്കുന്നത്. ഇത് മലയാള സിനിമയിൽ മുൻപ് ഉപയോഗിച്ചിട്ടില്ല. കഥയും കവിതയും ചേർത്ത് പറയുന്ന, കഥാപ്രസംഗത്തിന്റെ ഒക്കെ ആദിമ രൂപം എന്നു പറയാവുന്ന ഒരു നാടൻ കലാരൂപമാണ് ഹരികഥ. ഇങ്ങനെയുള്ള കുറേ ഫോക്‌ലോർ എലമെന്റുകൾ സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്.
മാടൻ, മറുത എന്നിങ്ങനെ നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള നാടോടി സങ്കൽപങ്ങൾക്കൊപ്പം വെസ്റ്റേൺ ഫോക്കും കൂട്ടിച്ചേർത്തുള്ള ഒരു ആഖ്യാന രീതിയാണ് സിനിമയിൽ സ്വീകരിച്ചിരിക്കുന്നത്. നാടോടി കലാരൂപങ്ങളുടെ ഏറ്റവും വലിയ സാധ്യത എന്നു പറയുന്നത് വ്യാഖ്യാനങ്ങൾക്കുള്ള ഇടമാണ്. ഓരോ മിത്തിനെയും ആസ്വാധകന് അവരുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കാം. ഇതാണ് നാടോടി കലാരൂപങ്ങളുടെ സ്വഭാവം. ഓരോ നാടോടി മിത്തിനുമൊപ്പം ഒരുപാട് വ്യഖ്യാന സാധ്യതകൾ തെളിഞ്ഞു വരുന്നു. നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള മിത്തുകളെയും യൂറോപ്യൻ മിത്തിനെയും വളരെ നന്നായി ഉപയോഗിച്ചു എന്നുള്ളതാണ് കഥയിൽനിന്നു സിനിമയിലെത്തിയപ്പോൾ ഞാൻ കണ്ട മാറ്റം.
ചുരുളി തുടങ്ങിവച്ച ചർച്ചകൾ അവസാനിക്കുന്നില്ലെങ്കിലും അടുത്ത സിനിമയുടെ തിരക്കുകളിലേക്കു പിൻവലിയുകയാണ് വിനോയ് തോമസ്.
Content Summary: Writer Vinoy Thomas speaks on Churuli movie