സ്നേഹിച്ച തെറ്റിനു പൊറുക്കുക, വീണ്ടും സ്നേഹിക്കുന്നതിനും – വിഡിയോ
സ്നേഹം പല രൂപത്തിലാണു പ്രവർത്തിക്കുന്നത്. പലപ്പോഴും അത് പൊസസ്സീവ് സെൻസ് മാത്രമാണ്. സ്വന്തമാക്കണമെന്ന ആഗ്രഹം. കളിപ്പാട്ടത്തിനു വേണ്ടി വാശിപിടിച്ചു കരയുന്ന കുട്ടിയെപ്പോലെ. മറ്റൊരാൾക്കും കിട്ടരുതെന്ന സ്വാർഥതയും. ചിലരുടെ കാര്യത്തിൽ സ്‌നേഹം തന്നെത്തന്നെ മറ്റൊരാളിൽ ലയിപ്പിക്കലാണ്. താൻ എന്നത്
സ്‌നേഹം പല രൂപത്തിലാണു പ്രവർത്തിക്കുന്നത്. പലപ്പോഴും അത് പൊസസ്സീവ് സെൻസ് മാത്രമാണ്. സ്വന്തമാക്കണമെന്ന ആഗ്രഹം. കളിപ്പാട്ടത്തിനു വേണ്ടി വാശിപിടിച്ചു കരയുന്ന കുട്ടിയെപ്പോലെ. മറ്റൊരാൾക്കും കിട്ടരുതെന്ന സ്വാർഥതയും. ചിലരുടെ കാര്യത്തിൽ സ്‌നേഹം തന്നെത്തന്നെ മറ്റൊരാളിൽ ലയിപ്പിക്കലാണ്. താൻ എന്നത്
സ്‌നേഹം പല രൂപത്തിലാണു പ്രവർത്തിക്കുന്നത്. പലപ്പോഴും അത് പൊസസ്സീവ് സെൻസ് മാത്രമാണ്. സ്വന്തമാക്കണമെന്ന ആഗ്രഹം. കളിപ്പാട്ടത്തിനു വേണ്ടി വാശിപിടിച്ചു കരയുന്ന കുട്ടിയെപ്പോലെ. മറ്റൊരാൾക്കും കിട്ടരുതെന്ന സ്വാർഥതയും. ചിലരുടെ കാര്യത്തിൽ സ്‌നേഹം തന്നെത്തന്നെ മറ്റൊരാളിൽ ലയിപ്പിക്കലാണ്. താൻ എന്നത്
സ്‌നേഹം പല രൂപത്തിലാണു പ്രവർത്തിക്കുന്നത്. പലപ്പോഴും അത് പൊസസ്സീവ് സെൻസ് മാത്രമാണ്. സ്വന്തമാക്കണമെന്ന ആഗ്രഹം. കളിപ്പാട്ടത്തിനു വേണ്ടി വാശിപിടിച്ചു കരയുന്ന കുട്ടിയെപ്പോലെ. മറ്റൊരാൾക്കും കിട്ടരുതെന്ന സ്വാർഥതയും. ചിലരുടെ കാര്യത്തിൽ സ്‌നേഹം തന്നെത്തന്നെ മറ്റൊരാളിൽ ലയിപ്പിക്കലാണ്. താൻ എന്നത് ഇല്ലാതാകുന്നു. മറ്റൊരാൾക്കു വേണ്ടിയുള്ള ജീവിതം. സ്വന്തം സുഖത്തെക്കാൾ, സംതൃപ്തിയെക്കാൾ, സന്തോഷത്തെക്കാൾ സ്‌നേഹിക്കുന്ന വ്യക്തിയുടെ സന്തോഷത്തിനും സംതൃപ്തിക്കും സുഖത്തിനും വേണ്ടിയുള്ള ജീവിതം. പ്രകാശിക്കുന്നതു സൂര്യനാണെങ്കിലും മഞ്ഞുതുള്ളിയിൽ പ്രതിബിംബിക്കുന്ന ലോകം പോലെ. സൂര്യനെ കാത്തിരുന്ന്, കണ്ട് കൺതുറക്കുന്ന സൂര്യകാന്തിയെപ്പോലെ. നിലാവിൽ വിടരുന്ന വെള്ളാമ്പൽപ്പൂക്കൾ പോലെ. എന്നാൽ പലരുടെയും കാര്യത്തിൽ, സ്‌നേഹം എന്നത് ആ പേരു വിളിക്കാൻ പോലും യോഗ്യതയില്ലാത്ത, കാര്യസാധ്യത്തിനു വേണ്ടിയുള്ള നീക്കുപോക്കുകൾ മാത്രമാണ്. ‘ഞാൻ മാത്രമല്ലാത്ത ഞാൻ’ എന്ന അപൂർവമായ ആത്മകഥയിൽ എഴുത്തുകാരൻ എൻ. പ്രഭാകരൻ പറയുന്നതും സ്നേഹത്തെക്കുറിച്ചാണ്. വിശ്വസ്തതയുടെയും പ്രതിബദ്ധതയുടെയും സങ്കീർത്തനം. എന്നാൽ സ്വന്തം മനസ്സിനെ പ്രതിക്കൂട്ടിൽ നിർത്തി എഴുത്തുകാരൻ നടത്തുന്ന വിചാരണ ആത്മകഥയെ അപൂർവ പുസ്തകമാക്കുന്നു. ആഴവും ആത്മാർഥതയുമുള്ള വാക്കുകൾ ജീവിതത്തെയും ബന്ധങ്ങളെയും പുനർനിർവചിക്കുകയാണ്. ആത്മകഥയിൽനിന്ന് ഞാൻ പൂർണമായി ഇല്ലാതാകുന്ന കാഴ്ചയുമുണ്ടിവിടെ. സ്വയം ജീവിതം അവസാനിപ്പിച്ച സഹോദരനെ നായകനായി പ്രതിഷ്ഠിക്കുന്ന സ്വന്തം കഥ. ജീവചരിത്രമായി അലിഞ്ഞ് ഇല്ലാതാകുന്ന ആത്മകഥ. നിസ്വാർഥതയുടെ പുതിയ ചരിത്രം.
സ്വന്തം കഥ സ്വന്തം മാത്രമല്ലെന്ന തിരിച്ചറിവിൽ എഴുതിയ ഉള്ളു പൊള്ളിക്കുന്ന കുമ്പസാരം. എന്നാൽ കുറ്റം ഏറ്റുപറയുമ്പോഴും ഇല്ലാത്ത, ചെയ്യാത്ത തെറ്റുകൾക്കാണ് പ്രഭാകരൻ മാപ്പ് അപേക്ഷിക്കുന്നത്; 27 വർഷം മുൻപ് ജീവനൊടുക്കിയ സഹോദരനോട്, കുറ്റബോധത്തിന്റെ എരിയുന്ന ചിത എന്നെന്നേക്കുമായി സമ്മാനിച്ച ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവത്തിന്റെ ഓർമയിൽ.
പ്രഭാകരനെക്കാൾ 14 വയസ്സ് ഇളയതാണ് കുട്ടൻ എന്നു വിളിക്കുന്ന പ്രദീപൻ. 27 വർഷം മുൻപ് കടുത്ത മനോരോഗത്തിനൊടുവിൽ ജീവനൊടുക്കുകയായിരുന്നു. രോഗമാണെന്നു തിരിച്ചറിഞ്ഞതുമുതൽ സഹോദരനു താങ്ങും തണലുമായി നിന്നു പ്രഭാകരൻ. എന്നാലും അപ്രതീക്ഷിതമായി പ്രദീപൻ ജീവനൊടുക്കിയതോടെ കുറ്റബോധം കാർന്നുതിന്നാൻ തുടങ്ങി എഴുത്തുകാരനെ. സഹോദരനെ രക്ഷിക്കാൻ താൻ പൂർണതോതിൽ ശ്രമിച്ചില്ലെന്ന വിചാരവും. ദുർമരണം സംഭവിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ ഉറക്കം നഷ്ടപ്പെട്ട അദ്ദേഹം അക്ഷരങ്ങളിൽത്തന്നെ അഭയം പ്രാപിച്ചു. പ്രദീപനെക്കുറിച്ചും രോഗത്തെക്കുറിച്ചും അയാൾ കടന്നുപോയ യാതനകളെക്കുറിച്ചും ഡയറിയിൽ എഴുതി. കാൽനൂറ്റാണ്ടിനു ശേഷം ആ ഡയറിക്കുറിപ്പ് തന്റെ ആത്മകഥയോടു ചേർത്തുവച്ച് പ്രായശ്ചിത്തത്തിന്റെ വഴി തേടുകയാണ് അദ്ദേഹം; അകാലത്തിൽ ഒടുങ്ങിയ സഹോദരന്റെ ജീവിതം തന്റെ എഴുത്തിലൂടെ പൂർത്തിയാക്കുകയും. സ്‌നേഹം തിരിച്ചുകൊടുത്തും ഓർമകളെ തിരികെ വിളിച്ച് അന്നമൂട്ടിയും നടത്തുന്ന തിലോദകം.
ദസ്തയേവ്‌സ്‌കിയായിരുന്നു പ്രദീപന്റെ ഇഷ്ട എഴുത്തുകാരൻ. ചൂതു കളിക്കും അപസ്മാരത്തിനും സ്‌നേഹത്തിനും യേശുവിനും പകുത്തുകൊടുത്ത അതേ റഷ്യൻ എഴുത്തുകാരൻ. ദസ്തയേവ്‌സ്‌കിയുടെ ഇഡിയറ്റ് ആയിരുന്നു ഇഷ്ടനോവൽ. ഏറ്റവും പ്രിയപ്പെട്ട പുസ്തകം. മനോരോഗ ചികിത്സാലയത്തിൽനിന്നു മടങ്ങിയെത്തുന്ന മിഷ്‌കിനിൽ തുടങ്ങി ഒടുവിൽ ലോകത്തോടു യുദ്ധം ചെയ്തു പരാജയപ്പെട്ട് തളർന്ന് എവിടെനിന്നു വന്നോ അതേ ലോകത്തിലേക്കു തന്നെ മടങ്ങുന്ന യുവാവിന്റെ കഥ പറയുന്ന നോവൽ. പ്രദീപൻ സദാ കയ്യിൽ കൊണ്ടുനടന്നിരുന്നു ഇഡിയറ്റ്. മനോഹരമായി പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ആ പുസ്തകമായിരുന്നു ഏറ്റവും വലിയ സമ്പാദ്യം; ഒരേയൊരു സമ്പാദ്യവും. അന്ന്, പ്രദീപന്റെ കൂടെയുള്ളവർക്കു പോലും മനസ്സിലായില്ല എന്തുകൊണ്ടാണ് അയാൾ ആ പുസ്തകത്തെ ആത്മാവിനോടു ചേർത്തു നടക്കുന്നതെന്ന്. പ്രദീപനും ലോകത്തോടു പൊരുതുകയായിരുന്നു. നിഷ്‌കളങ്കത ആയിരുന്നു ആയുധം, നിരപരാധിത്വവും. ആർക്കും ഒരു ആപത്തും വരരുതെന്ന ആഗ്രഹം. ആരും കരഞ്ഞു കാണരുതെന്ന സ്വാർഥത. വേദനകൾ തന്റേതു മാത്രമെന്ന തിരിച്ചറിവും. അതുകൊണ്ടാണല്ലോ തന്റെ വേദനകൾ മോഷ്ടിച്ചു കഥകളാക്കിയെന്ന ആരോപണം സ്വന്തം സഹോദരന് എതിരെ ഉന്നയിക്കാൻ അയാൾ തയാറായത്.
ദസ്തയേവ്‌സ്‌കിയുടെ ഇഡിയറ്റ് തെമ്മാടിയല്ല. പാവമാണ്. പച്ചപ്പാവമാണ്. പ്രസിദ്ധ നിരൂപകനും കവിയുമായിരുന്ന എം. ഗോവിന്ദൻ അതു ചൂണ്ടിക്കാട്ടിയിട്ടുണ്ട്; ഇഡിയറ്റ് എന്ന വാക്കു കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടാകേണ്ടത് തെമ്മാടിയുടെ രൂപമല്ലെന്നും പാവത്താന്റെ സൗമ്യതയാണെന്നും. സത്യവും യേശുവും എന്ന രണ്ട് അവസ്ഥകളും അതിൽ ഒന്നു മാത്രം തിരഞ്ഞെടുക്കാൻ അവസരം വരികയും ചെയ്താൽ താൻ യേശുവിനെ തിരഞ്ഞെടുക്കും എന്നാണു ദസ്തയേവസ്‌കി പറഞ്ഞത്. മിഷ്‌കൻ വിശ്വസിച്ചതും അതേ പ്രത്യയശാസ്ത്രമാണ്. കാലത്തിനകലെ, ദൂരത്തെ അപ്രസക്തമാക്കി, ജീവിതം എരിതീയിലൂടെയെന്നവണ്ണം നടന്ന പ്രദീപനും യേശുവിനോടുള്ള ആഭിമുഖ്യം പ്രകടമാക്കിയിട്ടുണ്ട്. ഒരുപക്ഷേ യേശു എന്താണെന്നോ അദ്ദേഹത്തിന്റെ വചനങ്ങളുടെ സാരാംശമോ കുറച്ചെങ്കിലും മനസ്സിലാക്കുന്നതിനു മുൻപു തന്നെ. ആ സംഭവം പ്രഭാകരന്റെ ഓർമയിലുണ്ട്. എന്നോ മറക്കുകയും ഇപ്പോൾ കൂടെക്കൂടെ ഓർമയിലേക്ക് മിന്നൽപ്പിണർ പോലെ എത്തുകയും ചെയ്യുന്ന കുട്ടിക്കാല ഓർമ.
വീട്ടിൽ ഒരു കോഴിക്കുഞ്ഞിനെ വാങ്ങിയിരുന്നു. ഒരിക്കൽ മുറ്റത്തു നിന്ന കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചാൻ ശ്രമിച്ചു. കോഴിക്കുഞ്ഞിന്റെ കഴുത്തിന്റെ ഒരു ഭാഗം പരുന്ത് കൊത്തിയെടുത്തിരുന്നു. അത് വല്ലാത്ത ശബ്ദത്തിൽ കരഞ്ഞുകൊണ്ടിരുന്നു. കോഴിക്കുഞ്ഞിനെ അനുജനെ ഏൽപിച്ച് പ്രഭാകരൻ മരുന്നെടുക്കാൻ പോയി. മഞ്ഞൾക്കുഴമ്പ് വച്ചുകെട്ടി. കോഴി അവശനായി നിൽക്കുന്നത് അന്ന് ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന പ്രദീപനും സഹോദരനും കൂടി നോക്കിനിന്നു. അനുജന്റെ മുഖം വല്ലാതെ വാടിയിരുന്നു. കരഞ്ഞില്ലെങ്കിലും കരച്ചിലിന്റെ വക്കത്തായിരുന്നു. പെട്ടെന്ന് പതിഞ്ഞതും വിറയ്ക്കുന്നതുമായ ശബ്ദത്തിൽ പ്രദീപൻ പറഞ്ഞു- ഏട്ടാ വലുതായാൽ എനിക്ക് യേശുവാകണം !
സഹോദരന്റെ വേദന സ്വന്തം വേദനയായി ഏറ്റെടുക്കുന്ന ലോകം എന്നെങ്കിലും യാഥാർഥ്യമാകുമോ എന്ന് ഇനി സംശയിക്കരുത്. മറ്റൊരാളുടെ വാക്കുകൾ സംഗീതം പോലെ ആസ്വദിക്കുന്ന കാലം വരുമോ എന്നും ആശങ്കപ്പെടേണ്ടതില്ല. ഇവിടെ ഈ ലോകത്തിൽ അത് സാധ്യമാണ്. സംശയമുള്ളവർക്ക് ‘ഞാൻ മാത്രമല്ലാത്ത ഞാൻ’ വായിക്കാം. ഇതൊരു പുസ്തകം മാത്രമല്ല. സ്പന്ദിക്കുന്ന ആത്മാവു കൂടിയാണ്. സദാ മിടിക്കുന്ന ഹൃദയമാണ്. ഇതിന്റെ താളുകൾ മൃദുവായി മറിക്കുക. ഈ പുസ്തകം സൗമ്യമായി സ്പർശിക്കുക. ഇത് കടലാസല്ല, ജീവിതമാണ്. ജീവന്റെ ജീവനാണ്. വേദനയിൽ ആശ്വാസം തേടുന്ന, കിട്ടിയ അതേ അളവിൽ സ്നേഹം തിരിച്ചു കൊടുക്കാൻ വെമ്പുന്ന അപൂർവ ഹൃദയം. മറന്നുവച്ച സ്നേഹത്തെ ഓർമിപ്പിക്കുന്ന പുസ്തകം. പറയാൻ മറന്ന വാക്കുകൾ കൂരമ്പുകളായി തിരിച്ചുവരുന്നു. സ്നേഹം പറയാൻ, കൂടെയുണ്ട് എന്ന് ഓർമിപ്പിക്കാൻ, തനിച്ചല്ലെന്നു മന്ത്രിക്കാൻ, വേദനയുടെ കുരിശു പങ്കിട്ടെടുക്കാം എന്ന് ആ ശ്വസിപ്പിക്കാൻ ഇനിയുള്ള സമയം മതിയാകുമോ ? കുട്ടാ, സ്നേഹിച്ച തെറ്റിന് പൊറുക്കുക, വൈകിയാണെങ്കിലും വീണ്ടും വീണ്ടും സ്നേഹിക്കുന്നതിനും.
ഞാൻ മാത്രമല്ലാത്ത ഞാൻ
എൻ. പ്രഭാകരൻ
മാതൃഭൂമി ബുക്‌സ്
വില 280 രൂപ
Content Summary : Vayanamuri, Njan Maatramallatha Njan book written by N Prabhakaran