ഒരു നഗരം എഴുത്തിൽ അലിഞ്ഞുചേർന്ന വിധം
കോട്ടയത്തെ കാണേണ്ട കാഴ്ചകളോ അറിയേണ്ട മനുഷ്യരോ ഒരുപക്ഷേ, സ്മിത ഗിരീഷിന്റെ കോട്ടയം ഡയറി എന്ന പുസ്തകത്തിൽ ഉണ്ടാകില്ല. എന്നാൽ ലോകമെമ്പാടുമുള്ള കോട്ടയംകാരും കോട്ടയംകാരല്ലാത്തവരും അതു വായിച്ചു കഴിയുമ്പോൾ ആ നഗരത്തെ അഗാധമായി പ്രണയിച്ചു തുടങ്ങും...Puthuvakku, Smitha Girish, Kottayam Diary
കോട്ടയത്തെ കാണേണ്ട കാഴ്ചകളോ അറിയേണ്ട മനുഷ്യരോ ഒരുപക്ഷേ, സ്മിത ഗിരീഷിന്റെ കോട്ടയം ഡയറി എന്ന പുസ്തകത്തിൽ ഉണ്ടാകില്ല. എന്നാൽ ലോകമെമ്പാടുമുള്ള കോട്ടയംകാരും കോട്ടയംകാരല്ലാത്തവരും അതു വായിച്ചു കഴിയുമ്പോൾ ആ നഗരത്തെ അഗാധമായി പ്രണയിച്ചു തുടങ്ങും...Puthuvakku, Smitha Girish, Kottayam Diary
കോട്ടയത്തെ കാണേണ്ട കാഴ്ചകളോ അറിയേണ്ട മനുഷ്യരോ ഒരുപക്ഷേ, സ്മിത ഗിരീഷിന്റെ കോട്ടയം ഡയറി എന്ന പുസ്തകത്തിൽ ഉണ്ടാകില്ല. എന്നാൽ ലോകമെമ്പാടുമുള്ള കോട്ടയംകാരും കോട്ടയംകാരല്ലാത്തവരും അതു വായിച്ചു കഴിയുമ്പോൾ ആ നഗരത്തെ അഗാധമായി പ്രണയിച്ചു തുടങ്ങും...Puthuvakku, Smitha Girish, Kottayam Diary
കോട്ടയത്തെ കാണേണ്ട കാഴ്ചകളോ അറിയേണ്ട മനുഷ്യരോ ഒരുപക്ഷേ, സ്മിത ഗിരീഷിന്റെ കോട്ടയം ഡയറി (Smitha Girish's Kottayam Diary) എന്ന പുസ്തകത്തിൽ ഉണ്ടാകില്ല. എന്നാൽ ലോകമെമ്പാടുമുള്ള കോട്ടയംകാരും കോട്ടയംകാരല്ലാത്തവരും അതു വായിച്ചു കഴിയുമ്പോൾ ആ നഗരത്തെ അഗാധമായി പ്രണയിച്ചു തുടങ്ങും, അവിടുത്തെ ആളുകളെയും. ഈരയിൽകടവിലൂടെയും കോടിമതയിലൂടെയും നാഗമ്പടത്തുകൂടെയും ശാസ്ത്രി റോഡിലൂടെയും മണർകാട്, പുതുപ്പള്ളി, തിരുനക്കര ആരാധാനാലയങ്ങളിലൂടെയും ‘സാറ’ എന്നു പേരുള്ള ഓട്ടോയിൽ കയറി സഞ്ചരിക്കാൻ കൊതി തോന്നും. കുമരകത്തെ ഷാപ്പിൽ കയറി മധുരക്കള്ളും കരിമീൻഫ്രൈയും അൽപം പ്രകൃതിഭംഗി തൊട്ടുകൂട്ടി കഴിക്കാനും കൊല്ലാട്ടെ കണ്ണെത്താദൂരത്തുള്ള ആമ്പൽവസന്തം ആവോളം നുകരാനും മനസ്സ് തുടിക്കും.
ആകസ്മിക വേദനകളിൽ തുണച്ച അഭയനഗരമായാണു സ്മിത എഴുത്തിനെ വിശേഷിപ്പിക്കുന്നത്. ആ എഴുത്തിന്റെ രണ്ടാം വരവിനിടയ്ക്ക് അഭയമായ നഗരമാണു കോട്ടയം. കഥയ്ക്കു സ്കൂൾ യുവജനോൽസവങ്ങളിൽ സമ്മാനങ്ങൾ മേടിച്ചിരുന്ന, എഴുത്തിലൂടെ കലാതിലകം വരെയായിരുന്ന കുട്ടി പിന്നീടു വലിയൊരു കാലം മൗനത്തിന്റെ തോടിനുള്ളിലൊളിച്ചിരിക്കുകയായിരുന്നു. കഥകളും കവിതകളും അപ്പോഴൊക്കെയും തങ്ങളെപ്പറ്റി വായനക്കാരോടു പറയൂയെന്നാവശ്യപ്പെട്ട് ആ മനസ്സിനുള്ളിൽ ബഹളം കൂട്ടിക്കൊണ്ടിരുന്നു. പതിയെപ്പതിയെ അവ കെട്ടുപൊട്ടിച്ചു പുറത്തു ചാടി. സ്വന്തമായി എഴുത്തുമേശയില്ലാത്ത എഴുത്തുകാരിയാണു താനെന്നു സ്മിത പറയുന്നുണ്ട്. പ്രിവിലേജുകൾ ഇല്ലാത്ത ഭൂരിഭാഗം സ്ത്രീ എഴുത്തുകാരെയും പോലെ ഉറക്ക, വിശ്രമസമയങ്ങളിൽ എരിഞ്ഞുണങ്ങിയവയാണ് ആ ആക്ഷരങ്ങൾ. കുഞ്ഞു മകനൊപ്പം ഒരു വർഷം കോട്ടയം നഗരത്തിൽ (Kottayam Town) താമസിച്ചത് എഴുത്ത് ആഘോഷിച്ച കാലം കൂടിയായി. അങ്ങനെ പിറന്നതാണു ‘കോട്ടയം ഡയറി’ എന്ന പുസ്തകം. ഈയടുത്തു പ്രസിദ്ധീകരിച്ച ‘ദ്വൈതം’ എന്ന ഉൾക്കനമുള്ള കഥ എഴുത്തുകാരിയുടെ ക്രാഫ്റ്റ് അടയാളപ്പെടുത്തിയ ഒന്നാണ്. റോസമ്മയും സെൽബിയച്ചനും ശോശക്കൊച്ചും ഇടുക്കിയിലെ പ്രകൃതിയും ചേർന്നൊരു മായിക വായനാനുഭവം നൽകുന്നുണ്ട് ആ കഥ. സ്മിത ജീവിതം പറയുന്നു.
∙ കോട്ടയം ഡയറി 240 പേജും വായിച്ചു പുസ്തകം മടക്കിക്കഴിഞ്ഞപ്പോൾ സ്മിത കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഓരോ വർഷം വീതം താമസിച്ചിരുന്നെങ്കിലെന്ന തോന്നലാണ് പെട്ടെന്നുണ്ടായത്. എങ്കിലെന്തു രസമായി ആ നഗരങ്ങളെക്കുറിച്ചും അവിടുത്തെ ആളുകളെക്കുറിച്ചും വായിക്കാമായിരുന്നു. തൊടുപുഴയെപ്പറ്റിയും എറണാകുളത്തെപ്പറ്റിയും കുന്നംകുളത്തെപ്പറ്റിയും എഴുതാതെ കോട്ടയം മാത്രമെങ്ങനെ ആ പേനത്തുമ്പിലെത്തി വിളയാടി?
സത്യത്തിൽ അതൊരു അദ്ഭുതമാണ്. രേഖപ്പെടുത്തേണ്ട ഒരുപാടിടങ്ങളിൽ ജീവിച്ചിട്ടുണ്ട്. എന്റെ കുട്ടിക്കാലം ഹൈറേഞ്ചിലായിരുന്നു. പിന്നീടു കുടുംബം കാഞ്ഞാർ, മടക്കത്താനം തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച ശേഷം തൊടുപുഴയിൽ സെറ്റിലായി. വിവാഹ ശേഷം ഞാൻ കുന്നംകുളംകാരിയായി. രാമപുരത്തും കൊച്ചിയിലും മൈസൂരുവിലും പഠിച്ചിട്ടുണ്ട്. ദുബായിലും കുറച്ചു കാലം ജീവിച്ചു. കോട്ടയം പോലെ തന്നെ, ഈ സ്ഥലങ്ങളുടെയൊക്കെ കാഴ്ചകളും മനുഷ്യരും ഭാഷയും മനസ്സിലുണ്ട്. ജീവിതത്തിൽ നമ്മൾ എത്രയോ മനുഷ്യരെ കാണുന്നു, ഇഷ്ടപ്പെടുന്നു, ഓർത്തുവയ്ക്കുന്നു. പക്ഷേ, ചിലരല്ലേ നമ്മുടെ ജീവിതത്തിൽ തങ്ങി നിൽക്കുകയുള്ളൂ എന്ന പോലെ കോട്ടയത്തെ മാത്രമാണു പകർത്താൻ തോന്നിയത്. കോട്ടയം എന്റെ ജീവിതത്തിലെ ആകസ്മിക നഗരമായിരുന്നു. ആറ്റുനോറ്റുണ്ടായ കുഞ്ഞിനു ചെറിയ കമ്യൂണിക്കേഷൻ പ്രശ്നങ്ങൾ ഉണ്ടെന്നറിഞ്ഞ സമയം മുതൽ മനവും ദേഹവും വെന്തോടുകയായിരുന്നു ഞാൻ. കോട്ടയത്തെ ഒരു പരിശീലനസ്ഥാപനമാണ് സത്യത്തിൽ ഞങ്ങളെ അങ്ങോട്ടെക്കെത്തിച്ചത്. കുഞ്ഞുമൊത്ത് അവിടെ കുറച്ചു നാൾ താമസിക്കണം. ആദ്യകാലത്ത് കോട്ടയം എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്ന ഇടമായി തോന്നിയതേയില്ല. ലോഹകവചമിട്ട പോലൊരു സ്ഥലം. ആദ്യകുറിപ്പുകളൊക്കെ ആ ആകുലതയെ മറികടക്കാൻ വേണ്ടി വെറുതെ സോഷ്യൽ മീഡിയയിലും വാട്സാപ് ഗ്രൂപ്പിലും എഴുതിയിട്ടു തുടങ്ങിയവയാണ്. ഇനി ഒരിടത്തെപ്പറ്റിയും അങ്ങനെ എഴുതാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അങ്ങനെയെങ്കിൽ ജീവിക്കുന്ന സ്ഥലമായ കുന്നംകുളവും അവിടുത്തെ ചരിത്രവും മനുഷ്യരും ചുറ്റുവട്ടങ്ങളുമൊക്കെ ഏറെ പ്രത്യേകതകൾ ഉള്ളതാണ്. എഴുതിയിട്ടില്ല. മൈസൂരു എഴുതാൻ കഴിഞ്ഞിട്ടേയില്ല. എനിക്ക് തോന്നുന്നു ഞാൻ എഴുതണമെന്ന് നിയോഗമുള്ള ഇടമാകും കോട്ടയം. അതാവും ഇങ്ങനെ ഒരെഴുത്ത് സംഭവിച്ചത്. പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നതുപോലെ കോട്ടയത്തെ കാണേണ്ട കാഴ്ചകളോ അറിയേണ്ട മനുഷ്യരെയോ ഞാൻ കണ്ടിട്ടില്ല. പക്ഷേ, ലോകമെമ്പാടുമുള്ള കോട്ടയംകാർക്കുള്ള എന്റെ സ്നേഹോപഹാരമാണ് ഈ പുസ്തകം.
∙ ബിജുവും അജിത്തും ജോഷിയും കണ്ണനുമടങ്ങുന്ന ഓട്ടോക്കാരാണ് കോട്ടയം ഡയറിയുടെ ആത്മാവ്. ഓട്ടോക്കാരുടെ മനസ്സിലൂടെ ഒരു ദേശത്തെ മുഴുവനായി വരച്ചിടുന്ന ഇതുപോലൊരു പുസ്തകം ഓർമയിലില്ല. നേർരേഖയിലൂടെ മാത്രം കൊണ്ടുപോകുന്ന കാഴ്ചകൾക്കു പകരം അത് വളഞ്ഞും പുളഞ്ഞുമുള്ള ചില കാണാക്കാഴ്ചകളിലേക്ക് നയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അത്തരമൊരു എഴുത്തു രീതി തിരഞ്ഞെടുത്തത്?
സമഗ്രവും ആധികാരികവുമായ ചരിത്രത്തിലല്ല, ഓട്ടോക്കാർ കൊണ്ടുപോകുന്ന വളഞ്ഞു പുളഞ്ഞ വഴികളിലെ കാണാക്കാഴ്ചകളിലാണു ഞാനെഴുതേണ്ട കോട്ടയത്തിന്റെ ആത്മാവ് മിടിക്കുന്നത് എന്നു തോന്നി. അവരുടെ വാക്കുകൾക്ക്, കാഴ്ചകൾക്ക് അരികുവത്ക്കരിക്കപ്പെട്ടവരുടെ സത്യസന്ധതയുണ്ട്, സ്നേഹമുണ്ട്. അവർ കാണിച്ചു തന്ന കോട്ടയത്തിന് ഉറപ്പും വലുപ്പവും കൂടുതലുണ്ട്. അതിനെ മാനിക്കണമെന്നു തോന്നി. ആദ്യം ദൈനംദിന അനുഭവക്കുറിപ്പുകളായിരുന്നു വെറുതെ സംസാര ഭാഷയിൽ കോറിയിട്ടത്. അവ വായിച്ച്, എഴുത്ത് തുടരാൻ പ്രോത്സാഹിപ്പിച്ചതു പ്രബുദ്ധരായ എഴുത്തുകാരാണ് എന്നത് ആത്മവിശ്വാസം പകർന്നു. എന്നാൽ സാധാരണക്കാർക്കും ഇതു വളരെ രസിച്ചു. എല്ലാ വിഭാഗത്തിലും പെട്ട വായനക്കാർ ഇഷ്ടപ്പെടുന്നു എന്ന് സൂക്ഷ്മനിരീക്ഷണത്തിൽനിന്നു മനസ്സിലായി. എനിക്ക് ഡ്രൈവിങ് ഭയമുള്ളയാളാണ്. മകൻ വന്ന ശേഷം കൂടുതൽ യാത്രകളും ഓട്ടോയിലാണ്. ഒരുപക്ഷേ, എനിക്ക് ഡ്രൈവിങ് സാധിച്ചിരുന്നെങ്കിൽ കോട്ടയം ഡയറി ഉണ്ടാവുകയേയില്ലായിരുന്നു എന്നതാണു വസ്തുത. ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ മിക്ക ഓട്ടോക്കാരും ധാരാളം സംസാരിക്കും. അവർ പറയുന്നതിൽ ഒരുപാടു കാര്യങ്ങൾ ഉണ്ടാവും. മനുഷ്യരെ കേൾക്കാനും നിരീക്ഷിക്കാനും ഇഷ്ടമാണ്. ഓട്ടോക്കാരുടെയും പെണ്ണമ്മച്ചിയുടെയുമൊക്കെ വാമൊഴിയിൽ കണ്ടും കേട്ടുമറിഞ്ഞ കോട്ടയത്തിന്റെ ഈ പുസ്തകത്തിൽ ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജീവിത യാഥാർഥ്യങ്ങളുടെയും കനമുണ്ടെന്ന് ഒറ്റനോട്ടത്തിൽ വായനക്കാരനു തോന്നരുത്. അവകാശവാദങ്ങളില്ല, എന്നാൽ ആഴത്തിൽ നോക്കിയാൽ കോട്ടയം ഡയറി ഒട്ടും നിസ്സാരമല്ല എന്ന മട്ടിലും പുസ്തകത്തെ വിലയിരുത്തപ്പെടണം എന്ന കൃത്യധാരണ വച്ചു തന്നെയാണ് എഴുതിയത്.
∙കോട്ടയം ഡയറിയിൽ ഇരുന്നൂറ്റമ്പതിലേറെ കഥാപാത്രങ്ങൾ/ആളുകൾ വന്നു പോകുന്നുണ്ടല്ലോ. പലരും വളരെ വിശദമായി, ചിലർ ഒറ്റ വാചകത്തിൽ. ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ട ഇത്രയും പേരെ ഈ കുറിപ്പുകളുടെ ഭാഗമാക്കിയത് എത്ര പ്രയത്നത്താലാണ്. ഓരോരുത്തരെയും പറ്റി ഓർത്തിരുന്ന്, അത് കൃത്യമായി ഈ കുറിപ്പുകളിൽ വിളക്കിച്ചേർത്തത് എങ്ങനെയാണ്? എന്തെങ്കിലും സൂത്രവിദ്യകൾ പറഞ്ഞു തരാനുണ്ടോ?
കോട്ടയം ഡയറിയുടെ വലിയ പ്രത്യേകത അതാണ്. പ്രശസ്തരും അപ്രശസ്തരും കൂടെയുള്ളവരും ഒന്നു കണ്ടവരും പരാമർശിക്കുന്നവരും തുടങ്ങി അത്രയേറെ മനുഷ്യർ അതിലുണ്ട്. അത്തരം ആളുകൾ സ്വാഭാവികമായും വന്നു പോവുകയായിരുന്നു. എല്ലാം നടന്ന കാര്യങ്ങൾ, സംഭാഷണങ്ങൾ പോലും കൃത്രിമമല്ലായിരുന്നു. ആയതു കൊണ്ട്, ആ സന്ദർഭങ്ങളിൽ വന്നവരെ, അവരുടെ വാക്കുകളെ ഓർമയിൽനിന്ന് എടുത്ത് എഴുതി വയ്ക്കുകയേ വേണ്ടിയിരുന്നുള്ളു. ചില ഇടങ്ങളിലെ എഴുത്തിലും എഡിറ്റിങ്ങിലും സംശയനിവൃത്തിക്ക് വേണ്ടി നാട്ടിലെത്തിയിട്ടും അജിത്തേട്ടനെയും ജോഷിയെയും പെണ്ണമ്മച്ചിയെയുമൊക്കെ വിളിച്ചു ചോദിച്ചിട്ടുണ്ട്. സ്വാഭാവികതയുടെ ഒഴുക്ക് അതിലുണ്ടെന്ന് വായിക്കുന്നവർ അഭിപ്രായപ്പെടുന്നതു കേൾക്കുന്നതിൽ സന്തോഷം.
∙‘‘അതിരാവിലെ കോളിങ് ബെൽ റിങ് ചെയ്യുന്ന ശബ്ദം. പിന്നാലെ വാതിലിൽ ആരോ കൊട്ടുന്നുമുണ്ട്. അതാ മുറ്റത്തൊരു മൈന, സുരേഷ് തിരിഞ്ഞു നോക്കി എന്ന മട്ടിൽ പിടഞ്ഞെണീറ്റു’’. നർമം കോട്ടയം ഡയറിയുടെ ശക്തമായ അന്തർധാരയാണ്. തന്റെ തന്നെ പ്രവൃത്തികളെ മാറി നിന്നു നോക്കി ചിരിക്കാനുള്ള സ്മിതയുടെ കഴിവ് വായനക്കാരെ ആ കുറിപ്പുകളോട് അടുപ്പിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. ഒരുപക്ഷേ, അതാകാം അവയുടെ ജീവശ്വാസം. അതേപ്പറ്റി പറയാമോ?
നർമം പാരമ്പര്യമാണെന്നു തോന്നുന്നു. വീട്ടിലെല്ലാവരും നന്നായി നർമം പറയുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. ഇഷാന് പോലും അതുണ്ടെന്നു തോന്നും. ജീവിതത്തിൽ ഏറ്റം നന്നായി ഫലിതം പറയുന്ന സ്ത്രീയെ ഞാൻ കണ്ടത് ഇളയ അച്ഛൻ പെങ്ങളായ സതി ആന്റിയിലാണ്. ക്വിക്ക് വിറ്റഡ് ആണ്. എന്തു പറഞ്ഞാലും നമ്മൾ ചിരിച്ചു മറിയും. സ്ത്രീകൾ നർമം എഴുതില്ല എന്ന മുൻവിധി തകർക്കണമെന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലൊക്കെ അസ്സലായി നർമം എഴുതുന്നവരുണ്ട്. കോട്ടയം ഡയറിയിൽ നർമം സ്വാഭാവികമായി വരികയാണ്. ഒട്ടും ബുദ്ധിമുട്ട് വേണ്ടി വന്നില്ല. പക്ഷേ, നർമം എഴുതുമ്പോൾ സാഹിത്യം എഴുതുന്ന പോലെയല്ല, വളരെ ശ്രദ്ധിക്കണം. ലേശം പാളിയാൽ ബോറാവും. കഥാപാത്രങ്ങളെ സംസാരിപ്പിക്കുമ്പോൾ, നമ്മൾ കൈകാര്യം ചെയ്യുമ്പോൾ, അവരെ ബഹുമാനിക്കണം, സ്വകാര്യത മാനിക്കണം. പല ഭാഗങ്ങളും, അവരേക്കാൾ ഒരു പടി താഴെയാണെന്ന ഉത്തമ ബോധ്യത്തിൽ, സ്വയം പരിഹസിച്ച് ചിരിപ്പിച്ച് എഴുതിയതാണ്. എന്നെ മാറി നിന്ന് നിരീക്ഷിച്ച്, വങ്കത്തരങ്ങളോർത്ത് സ്വയംചിരിപ്പിക്കൽ എനിക്കിഷ്ടമാണ്. ഹൃദയത്തിന്റെ ഭാഷയായിരുന്നു കോട്ടയം ഡയറിയിൽ വന്നത്. ഒട്ടും വച്ചുകെട്ടില്ലാതെ. ആ സത്യസന്ധതയാവും വായനക്കാർക്ക് അതിഷ്ടപ്പെടാൻ കാരണവും. അതു വായിക്കുന്നവരെ സന്തോഷിപ്പിക്കണമെന്നും ആഗ്രഹിച്ചിരുന്നു. കോട്ടയം കാലത്ത് എനിക്ക് എല്ലാ മനുഷ്യരുടെ ജീവിതത്തിലുമെന്ന പോലെ ധാരാളം പ്രതിസന്ധികൾ, സങ്കടങ്ങൾ എന്നിവ വ്യക്തിപരമായി ഉണ്ടായിരുന്നു. പക്ഷേ, ഡയറിയിലാകെ ചിരിയും പ്രതീക്ഷയുമാണ് എഴുതി നിറച്ചത്. ഒന്നോ, രണ്ടോ ഇടങ്ങളിൽ മാത്രമേ, ചെറിയ നൊസ്റ്റാൾജിയകൾ പോലും പറയുന്നുള്ളൂ. കോട്ടയം ഡയറിയുടെ രീതിയും ഭാഷയും വേറിട്ടതാണ്. മറ്റൊരു എഴുത്തിലും ഇനി പരീക്ഷിക്കാൻ സാധ്യതയില്ലാത്തത്. എനിക്കതിന് ഇനി കഴിയുമെന്നും തോന്നുന്നില്ല.
∙പരിചിതമല്ലാത്ത ഒരു പട്ടണത്തിൽ, അത്ര പരിചയമില്ലാത്ത ആളുകളുടെ നടുവിൽ, ഇഷാൻ വാവയ്ക്കൊപ്പം ഓടുന്ന തിരക്കിനിടയിൽ ശരിക്കും ഈ കുറിപ്പുകൾ എഴുതിയത് എങ്ങനെയാണ്? എന്തെങ്കിലും എഴുതാൻ ശാന്തതയും ഒഴിഞ്ഞൊരു മൂലയും മേശമേലൊരു കപ്പ് കാപ്പിയും വേണ്ട സാമ്പ്രദായികതയുടെ കടയ്ക്കൽ കത്തിവച്ച ഈ എഴുത്ത് സാധ്യമായത് എങ്ങനെയാണ്?
ഈ ചോദ്യം കൃത്യമാണ്. ഈ കുറിപ്പുകൾ മാത്രമല്ല, 2014 മുതൽ ഏഴു വർഷം ഞാൻ തുടർച്ചയായി എല്ലാ ദിവസവും രാപകലെന്യേ എഴുതുന്നു. എന്തെഴുതി എന്നല്ല, എന്തെങ്കിലും എല്ലാ ദിവസവും കുറിക്കുന്നു. ഇതൊക്കെ എഴുത്തുപ്രിവിലേജുകൾ ഒന്നുമില്ലാതെയാണ്. കംപ്യൂട്ടറോ ലാപ്ടോപ്പോ ബുക്കോ പേപ്പറോ ഒന്നുമുപയോഗിക്കാതെ. ഫോണിൽ വിരൽ കൊണ്ടാണ് എഴുതുക. എഴുതാനൊരു സമയം പ്രത്യേകമായി കിട്ടില്ല. മകനൊപ്പം നടക്കുമ്പോഴും വീട്ടുജോലിക്കിടയിലും ഫോണിൽ എഴുതും. എന്റെ മാത്രമല്ല, മിക്ക സ്ത്രീകളുടെ എഴുത്തും ഇങ്ങനെയൊക്കെയാണ്. എഴുതുന്ന പെണ്ണിനെ വീടുകൾ ഭയക്കുന്ന പോലെ തോന്നിയിട്ടുണ്ട്. ഉറക്ക, വിശ്രമസമയങ്ങൾ നഷ്ടപ്പെടുത്തിയാണ് മിക്ക സ്ത്രീകളും എഴുതുക. എന്റെ എഴുത്തുകൾക്ക് വേണ്ട വിവരശേഖരണക്കുറിപ്പുകൾ മാത്രം ചിലപ്പോൾ ബുക്കിൽ എടുക്കും. എഴുത്തുകൾക്ക് യാതൊരു സിനോപ്സിസോ ധാരണയോ ഇല്ല. ഒറ്റ ആലോചനയിൽ ക്രാഫ്റ്റ്. ഫോണിൽ ഒറ്റയെഴുത്ത്. എഡിറ്റിങ് വളരെ കുറവാണ്. ഇത്തരത്തിൽ നൂറിനടുത്ത് കവിതകൾ, അത്ര തന്നെ ലേഖനങ്ങൾ, ചെറുനോവൽ, പാട്ടു കോളം, കഥ, കഥയും അനുഭവവും വരുന്ന എഴുത്തുകൾ എന്നിവ എഴുതിയിട്ടുണ്ട്. ആദ്യസമാഹാരമായ ബൊഹീമിയൻ റിപ്പബ്ലിക്കും കോട്ടയം ഡയറിയുമടക്കം എന്റെ പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളും ഫോണിൽ ഓടിനടന്ന് പിടഞ്ഞെഴുതിയവയാണ്. ഈ എഴുത്തിന് ഉന്മാദമുണ്ട്. ചിലപ്പോൾ ജീവിതം കുഞ്ഞു വരുന്നതിന് മുൻപിലെപ്പോലെ അലസമായ കംഫർട്ട് സോണിലെങ്കിൽ ഞാൻ എഴുതുകയേ ഉണ്ടാവില്ല. പക്ഷേ, ഒട്ടേറെ ഉത്തരവാദിത്തങ്ങൾക്കിടയിൽ എഴുത്തുമേശയില്ലാതെ, പ്രിവിലേജുകളില്ലാതെ എഴുതുന്ന അനേകം സ്ത്രീകളിലൊരുവൾ എന്ന അഭിമാനമുണ്ട്, കരുത്തുണ്ട്, ആർജവബോധമുണ്ട്. എഴുത്തിൽ അതുണ്ടെന്ന് വായിക്കുന്നവർ പറയുന്നതാണ് തുടർന്നും എഴുതാൻ ജീവോർജം.
∙ഭക്ഷണം, രാഷ്ടീയം, സ്ത്രീപക്ഷം, വിശ്വാസം, ആത്മീയത, വായന, യാത്ര, സൗഹൃദം, വൈദ്യം, പ്രകൃതി, പേരന്റിങ്, മോട്ടിവേഷൻ, ചരിത്രം, സിനിമ തുടങ്ങി കോട്ടയം ഡയറി കൈവയ്ക്കാത്ത വിഷയങ്ങൾ കുറവാണ്. വായന കഴിയുമ്പോൾ ഒരു അടിപൊളി കോക്ടെയിൽ കുടിച്ച ഫീൽ. ഇത്രമാത്രം വിഷയങ്ങൾ കൃത്യമായ ചേരുവയിൽ എങ്ങനെ അടുക്കിവച്ചു?
കോട്ടയം ഡയറിയുടെ ആമുഖത്തിൽത്തന്നെ ആ കൃതി മലയാള സാഹിത്യത്തിൽ യാതൊരു അവകാശവാദങ്ങളുമുന്നയിക്കാൻ പ്രാപ്തമല്ലെന്ന് കൃത്യമായി പറയുന്നുണ്ട്. സാഹിത്യമോ കാൽപനികതയോ ചരിത്ര രാഷ്ട്രീയ ഭാഷാ ബോധ്യങ്ങളോ കൃത്യമായില്ലാതെ എഴുതിയ ഒന്നാണിതെന്ന മുൻകൂർ ജാമ്യവുമുണ്ട്. എന്നാൽ, അതു മറ്റാരും മുൻപ് ഒരിടത്തും ചെയ്യാത്ത പോലെ വ്യത്യസ്തമാക്കണമെന്ന ധാരണയുമുണ്ടായിരുന്നു. ഞാൻ അടിസ്ഥാനപരമായി വായന ഇഷ്ടമുള്ള ഒരാളാണ്. എല്ലാത്തരം വായനക്കാർക്കും വേണ്ടതൊക്കെ, രുചിയോടെ കൃത്യപ്ലാനിങ്ങിൽ വിളമ്പാൻ കോട്ടയം ഡയറിയിൽ ശ്രമിച്ചിട്ടുണ്ട്. അധ്യായങ്ങൾ പ്ലാൻ ചെയ്യുന്നതിൽ, ഭാഷയിൽ, ഓരോന്നും അവസാനിപ്പിക്കുന്നതിൽ ഒക്കെ എഴുത്തിന്റെ ഷാർപ്പ് ടെക്നിക്ക്സ്, പാളിച്ചകൾ ഉണ്ടെങ്കിലും കൊണ്ടുവന്നിട്ടുണ്ട്. ഡയറി കോട്ടയത്ത് വച്ച് തുടർച്ചയായി എഴുതാൻ കഴിഞ്ഞില്ല. നാട്ടിൽ വന്നപ്പോഴും അലസതയും തടസ്സവും ഉണ്ടായി. പല ഭാഗങ്ങളും ഓർമയിൽനിന്ന് എഴുതി. പുസ്തകം വായിക്കപ്പെടുമെന്ന ഉറപ്പുണ്ടെങ്കിലും, ചിലയിടത്ത് ഉഴപ്പിയത് പുസ്തകത്തിൽ എനിക്ക് കൃത്യമായും മനസ്സിലാവും. ഇത്രമാത്രം ആളുകൾ അത് ഏറ്റെടുക്കുമെന്ന് ഊഹിച്ചതുമില്ല. കൂടുതൽ നന്നാക്കാമായിരുന്നു എന്നോർത്ത് പശ്ചാത്താപം തോന്നും. അമ്മ മകൻ സെന്റിമെന്റൽ സ്റ്റോറിയായി ഇതിനെ വായിക്കുന്നത് സങ്കടമാണ്. വാസ്തവത്തിൽ ഇത് ത്യാഗത്തിന്റെ, ദുഃഖത്തിന്റെ കഥയല്ല. പ്രതീക്ഷയുടെ ഉപജീവനവും അതിജീവനവുമാണ്. എന്നെ പുണ്യവതി അമ്മയായി ആരും കപ്പേളയുണ്ടാക്കി പ്രതിഷ്ഠിക്കേണ്ട. പക്ഷേ, യുക്തിയുള്ള ഇത്തരം മറ്റ് അമ്മമാരെ അവരുടെ അടഞ്ഞ സാഹചര്യങ്ങളിൽ വീടും സമൂഹവും ഇത്തരം സ്വന്തം ഇഷ്ടങ്ങളിൽക്കൂടി റിലാക്സ് ചെയ്ത് ജീവിക്കാനനുവദിക്കണമെന്ന അപേക്ഷയുണ്ട്. ജീവിതം സന്ധിയില്ലാ സമരമാണ് മിക്ക അമ്മമാർക്കും. ഈ പുസ്തകം അതു പറയാതെ പറയുന്നുണ്ട്. എന്നെ പരിചയമില്ലാത്ത സക്കറിയ സാറിന് ഡയറി വായിക്കാൻ കൊടുത്തത് സുഹൃത്താണ്. എഴുത്തിലും ജീവിത ചിട്ടയിലും കണിശക്കാരനെന്ന് കേട്ട അദ്ദേഹം ഇതിന് സാഹിത്യമൂല്യമുണ്ടെന്നു കൂടി അഭിപ്രായപ്പെട്ടതാണ് ഈ പുസ്തകത്തിന് കിട്ടിയ ഏറ്റവും വലിയ അവാർഡ്. കുട്ടിപ്രായം മുതൽ ഞാൻ വായിച്ചാദരിച്ച, മലയാളിയുടെ മഹാ എഴുത്തുകാരനായ അദ്ദേഹം ബ്ലർബ് എഴുതിയ പുസ്തകം, പാവക്കുട്ടിയെ പിടിച്ചു നടക്കുന്ന കുട്ടിയെപ്പോലെ എപ്പോഴും ഇപ്പോൾ കയ്യിലുണ്ട്. ഈ പുസ്തകത്തിന്റെ ആ വാക്കുകളുള്ള പിൻപുറംചട്ടയാണ് സത്യത്തിൽ ഏറെയാഹ്ളാദം. മറ്റൊന്ന് വി.കെ. ശ്രീരാമേട്ടനും മറ്റു പ്രിയപ്പെട്ട ചിലരും ചിത്രങ്ങളുമായി പുസ്തകത്തിൽ ഒപ്പമുണ്ടെന്ന ചാരിതാർത്ഥ്യവും.
∙‘ദ്വൈതം’ അസാമാന്യ ഉൾക്കനമുള്ള ഒരു കഥയാണ്. ഇരട്ട വ്യക്തിത്വങ്ങളിൽ ജീവിതം ഹോമിക്കുന്ന ഒരാളുടെ കഥ മനോഹരമായ കഥപറച്ചിലിലൂടെ വായനക്കാരുടെ മനസ്സിൽ ആഞ്ഞു തറപ്പിക്കുന്നു. ശോശക്കൊച്ചിനെപ്പോലെ ആ ഓലക്കുടിലിലെ മുറിയിൽ തിക്കുമുട്ടി നിന്നത് വായനക്കാരും കൂടിയാണ്. ആ കഥ പിറന്നത് എങ്ങനെയാണ്?
'ദ്വൈതം' കഥ പിറന്നത് ആകസ്മികമായാണ്. തനിക്ക് ഇരട്ട വ്യക്തിത്വമാണോയെന്ന സംശയമുണ്ടെന്നു പരിചയമുള്ള ഒരാൾ പറയുന്നു. അദ്ദേഹം കുടുംബസ്ഥനാണ്. പ്രതിസന്ധി വലുതാണ്. പുരുഷശരീരത്തിൽ വളർന്നു വരുന്ന പെൺമനസ്സ്. ഈ വിഷയം ഏറെക്കാലം മനസ്സിൽ സങ്കടത്തോടെ കിടന്നു. നാട്ടിൽ, മലയോരത്തുള്ള ഒരു സിദ്ധനെ കൂട്ടുകാരിയുമായി കാണാൻ പോയ കഥ അമ്മ പറഞ്ഞതും മനസ്സിലുണ്ടായിരുന്നു. കഥയിൽ പറയുന്ന ഇളംദേശത്ത് തൊടുപുഴക്കാരിയായിട്ടും ഞാൻ പോയിട്ടില്ല. എന്റെ സുഹൃത്തിന്റെ നാടാണത്. അവർ പറഞ്ഞു തന്ന ഭൂപ്രകൃതിയാണ് കഥയിൽ ആവിഷ്കരിച്ചതും. കഥയിലെ റോസമ്മയെപ്പോലെ എനിക്ക് ചില സുഹൃത്തുക്കളുണ്ട്. നമ്മളെപ്പോലെ പ്രിവിലേജ്ഡ് അല്ലാത്തവർ. പക്ഷേ, സ്നേഹത്തിലും യുക്തിയിലും കഴിവിലും മീതെ നിൽക്കുന്നവർ. കഥയ്ക്ക് വേണ്ടി ട്രാൻസ്ജെൻഡർ വിഷയങ്ങൾ നന്നായി പഠിച്ചു. ഡോക്ടറോട് സംസാരിച്ചു. ശീതൾ ശ്യാം തുടങ്ങിയ കൂട്ടുകാരോട് സംശയങ്ങൾ ചോദിച്ചു. ശീതൾ പറഞ്ഞ പ്രതിസന്ധികൾ കേട്ട്, അവരെ നമിക്കാൻ തോന്നി. കഥയിലെ സെൽബിയച്ചനെ കൈവിറച്ചാണ് വേഷം മാറ്റിയത്. അത്ര സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തിന്റെ പ്രതിസന്ധികൾ കഥയിൽ എന്റെ പരിമിതികൾക്കുള്ളിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ‘ദ്വൈതം’ ധാരാളം വായിക്കപ്പെട്ടതിൽ സന്തോഷം. പക്ഷേ, ദ്വന്ദവ്യക്തിത്വമനുഭവിക്കുന്നവരുടെ ജീവിതം കഥയിലെപ്പോലെ പെട്ടെന്നു തീരില്ലല്ലോ? സത്യത്തിൽ കോട്ടയം ഡയറിയും ദ്വൈതവുമൊക്കെ ഇത്തരം ചില ചോദ്യങ്ങളുമാണ് വായനക്കാരോട് ഗൂഢ ഭാഷയിൽ കൺവേ ചെയ്യുന്നത്.
∙‘ജോസ് എന്നൊരാൾ’ എന്ന കഥയിൽ സ്മിത ആവിഷ്കരിച്ചതു മാജിക്കൽ റിയലിസം എന്നു പറയാവുന്ന ഒരു എഴുത്തുരീതിയാണല്ലോ. വായനക്കാരെ ഒരുതരം ഭ്രമാത്മക അനുഭൂതിയിലേക്ക് ഉയർത്തുന്ന അത്തരം എഴുത്തുകളോടാണോ കൂടുതൽ ഇഷ്ടം?
നേരത്തേ പറഞ്ഞതുപോലെ, എഴുത്തിൽ വ്യത്യസ്തതയാണ് ഇഷ്ടം. കഥ പറയുമ്പോഴും അനുഭവം എഴുതുമ്പോഴും കവിതയെഴുതുമ്പോഴും വേറിട്ടതാക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എട്ടു പത്ത് സ്ലാങ് കവിതാശ്രമങ്ങൾ വ്യത്യസ്തമായി ചെയ്തിട്ടുണ്ട്. സംഗീതത്തെപ്പറ്റി കോളം ചെയ്തപ്പോഴും അതിൽ ജീവിത പരിസരങ്ങൾ കഥ പോലെ ചേർത്ത് വേറിട്ടതാക്കാൻ ശ്രദ്ധിച്ചു. ഫാന്റസി / മാജിക്കൽ റിയലിസം / മിസ്റ്ററി കഥകൾ മുപ്പതിനടുത്ത് എഴുതി. അവയിലൊക്കെ എന്റെ അനുഭവ പരിസരങ്ങളുണ്ട്. അതിലേക്ക് കഥ വരുന്നത് വായിക്കുന്നവർക്ക് പെട്ടെന്നു മനസ്സിലാവാത്ത ഒരു തിരിവിൽ വച്ചാവണം. ഇത്തരം കഥകളിൽ ത്രില്ലർ എഴുതുന്ന ക്ഷമതയും ക്രാഫ്റ്റും പ്ലാനും വേണം. ഇതു രസിച്ചു ചെയ്യുന്നതാണ്. കഥയെഴുത്തിന്റെ തികവുള്ള ക്രാഫ്റ്റ് ഉണ്ടാകില്ല, പക്ഷേ, വായിക്കുന്നയാളെ കൂട്ടിപ്പിടിച്ച് നമ്മൾ ഓടണം. അണയ്ക്കുമ്പോൾ അവിടെ നിർത്തി നമ്മൾ മാറി നിൽക്കണം.. കോട്ടയം ഡയറിയുടെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ ധാരാളം വായനക്കാർ ഉണ്ടായിരുന്നു എന്നതു പോലെ ഈ സീരീസ് എഴുത്ത് പ്രതീക്ഷിച്ച് പ്രബുദ്ധരായ കുറേ വായനക്കാർ ഒപ്പമുണ്ട് എന്നത് എഴുത്തിന് ആവേശമാണ്. വ്യത്യസ്തത വേണം ഓരോ കഥയ്ക്കും. ജീവിത പരിസരം വേണം. ഇതൊക്കെ തിരക്കുകളിൽ ചിന്തിച്ച് തിട്ടപ്പെടുത്തി നല്ല ധാരണയോടെ പ്ലാൻ ചെയ്ത് മനസ്സിലിട്ടതിനു ശേഷം മാത്രം എഴുതും. വായനക്കാർ നെഞ്ചിലിട്ട് ബാക്കി പൂരിപ്പിക്കേണ്ട കഥകളാണവ. അതും താമസിയാതെ സമാഹരിക്കണം.
∙സ്കൂൾ കലോൽസവങ്ങളിൽ രചനാ മൽസരങ്ങളിൽ സ്ഥിരം സമ്മാനം നേടിയിരുന്ന ഒരു കുട്ടി പിന്നീട് പൂർണ നിശ്ശബ്ദതയിലേക്ക് വഴിമാറുകയും പതിറ്റാണ്ടുകൾക്ക് ശേഷം ഒരു ഓർമപ്പുസ്തകത്തിലൂടെയും മികച്ച കഥകളിലൂടെയും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്യുന്നു. ഈ അക്ഷരങ്ങളെ എവിടെ ഒളിപ്പിച്ചുവച്ചു?
വളരെ ചെറുപ്പത്തിൽ എഴുതിയിരുന്നു. അനായാസം ഇന്നും അന്നും ചെയ്തിരുന്ന ഒരേയൊരു കാര്യം എഴുത്ത് മാത്രമാണ്. വീട്ടുഭരണത്തിൽ, പാചകത്തിൽ, തൊഴിലിൽ ഒക്കെ നൂറു ശതമാനമാവാൻ നന്നായി ശ്രമിക്കണം. പക്ഷേ, ഒരു ശ്രമവുമില്ലാതെ ചെയ്യാൻ പറ്റുന്ന കാര്യം എഴുത്താണ്. എന്നാൽ ആ കാര്യത്തിൽനിന്ന് ഒളിച്ചോടാനായിരുന്നു എന്നും ഇഷ്ടം. സാഹിത്യമെഴുതുന്നവൾ എന്നത് കുട്ടിക്കാലത്ത് അപകർഷതയായി കരുതി. കാരണം എന്റെ കൂട്ടുകാരികളൊക്കെ സുന്ദരികളായ നർത്തകികളും ഗായികമാരും കായികതാരങ്ങളും ആയിരുന്നു. അവരുടെ പ്രസന്നതയും ഊർജവും എനിക്കില്ലായിരുന്നു. ഞാൻ ഉള്ളിലേക്ക് എത്തി നോക്കി കാണുന്ന കാഴ്ചകൾ അവർ കണ്ടില്ല. ഞാൻ പറയുന്ന കഥകളുടെ ഭ്രമാത്മകലോകം അവർക്ക് മനസ്സിലായതുമില്ല. അവരുടെ സന്തോഷങ്ങളുടെ ലോകം അപകർഷതയോടെ ഞാൻ കൊതിച്ചു. എന്റെ ഉള്ളിലെ എഴുത്തിന്റെ ഭ്രമാത്മക വിഷാദ ലോകം കുടത്തിലടച്ച് ആരും കാണാനിഷ്ടമില്ലാതെ വച്ചു. പക്ഷേ, സ്കൂൾ, കോളജ് സംസ്ഥാന, ഇതര കലോത്സവങ്ങളിൽ ഒരു മണിക്കൂറിൽ എഴുതിയ കഥകൾ എനിക്ക് സമ്മാനങ്ങളും അംഗീകാരങ്ങളും തന്നു. പക്ഷേ, ഞാൻ എഴുത്തിനെ ഒളിച്ച് ഏറെ നാൾ നടന്നു. എത്രയൊളിച്ചു നടന്നിട്ടും അത് എന്നെ വിട്ടു കളഞ്ഞില്ല എന്നതാണ് അദ്ഭുതം. എന്റെ അച്ഛന് ഞാൻ എഴുത്തുകാരിയായോ മജിസ്ട്രേറ്റായോ കാണാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒരിക്കലും എന്തായില്ലെങ്കിലും എഴുത്തുകാരി മാത്രമാവില്ല എന്നു കരുതി. ഇപ്പോഴും അതായില്ല. എന്റെ സങ്കൽപത്തിലെ എഴുത്തുകാരി ഒന്നോ രണ്ടോ പുസ്തകങ്ങൾ മാത്രമെഴുതിയ ആളല്ല. അതൊരു സപര്യയാണ്. വലിയ പദവിയാണ്. രണ്ടു കവിതയോ കഥയോ എഴുതിയാലും നാലു പുസ്തകമെഴുതിയാലും ആരും എഴുത്തുകാർ ആവില്ല. ഞാൻ അങ്ങോട്ടേക്ക് എത്തിയില്ലെങ്കിലും എഴുതിത്തുടങ്ങിയ, അതിൽ ചില അംഗീകാരങ്ങൾ കിട്ടിയ എന്നെ കാണാൻ അച്ഛനില്ല ഇപ്പോൾ എന്നതാണു പ്രാണ സങ്കടം. അത്രമേൽ അക്ഷരങ്ങൾ ഊട്ടി വളർത്തിയ ഒരു അച്ഛനായിരുന്നു അദ്ദേഹം എന്നതാണു പുണ്യം. ഇന്ന് ഇഷ്ടത്തോടെ നിറവോടെ പിടഞ്ഞെഴുതുന്നതൊക്കെ ജീവിച്ചു തീരാതെ ഒത്തിരി സങ്കടങ്ങളുമായി പോയ ഒരച്ഛനോടുള്ള മകളുടെ കടമ കൂടിയാണ് എന്നു കരുതാനാണ് ഇഷ്ടം. ആകസ്മിക വേദനകളിൽ തുണച്ച അഭയ നഗരമാണ് എന്റെ എഴുത്ത്.
∙ഈ വർഷം വായിച്ചവയിൽ ഏറ്റവും ഇഷ്ടമായ കഥകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും പറയാമോ?
ഈ വർഷം വായനാ വർഷമാകണമെന്ന് കരുതി. കസൻദ്സാക്കിസും മാക്സിം ഗോർക്കിയും യാസ്മിൻ ഖാനും രാമചന്ദ്രഗുഹയും യോസയും സാരമാഗുവും മുറകാമിയും ലോർകയും ബഷീറും ആശാപൂർണ ദേവിയും നമ്പ്യാരും ആശാനും അനിത നായരും ചതോപാധ്യായയും കാരൂരുമെല്ലാം പുനർ/പുതു വായനകൾക്കായി കിടപ്പുമുറിയിൽ കൊണ്ടു വച്ചു. ഒരു പുസ്തകം എപ്പോഴും കൂടെയുണ്ടാവണം എന്നതാണ്. വായനയോളം നിർവൃതി വേറൊന്നുമില്ലതാനും. പക്ഷേ, ഈ വർഷം എഴുത്തിൽത്തന്നെയായിരുന്നു. വായന കാര്യമായി നടന്നില്ല. എഴുതുമ്പോൾ അധികം വായിക്കില്ല. സ്വാധീനം വരുമോ എന്ന പേടി. എന്നാൽ എഴുത്തു വരാൻ മടിക്കുമ്പോൾ എന്തുകൊണ്ടോ വായിക്കാൻ തോന്നുക വില്യംലോഗന്റെ മലബാർ മാന്വൽ ആണ്. അതിന്റെ ലോജിക്ക് എന്താന്നറിയില്ല.. ലോഗൻ എന്ന വ്യക്തിയുടെ ശ്രമങ്ങൾ, ഭാഷ, ഒക്കെ ഏതൊക്കെയോ തരത്തിൽ പ്രോത്സാഹിപ്പിക്കും. എഴുതാൻ മൂഡ് ക്രിയേറ്റ് ചെയ്യാൻ ടഗോറിന്റെ കവിതകൾ ഇടയ്ക്ക് വായിക്കും. തിരക്കിലും ധ്യാനം പോലെ ഒരു ശാന്തത അവ മനസ്സിനു നൽകും. എങ്കിലും ഈ വർഷം വായിച്ച പുസ്തകങ്ങളിൽ ഓർമയുള്ള ചിലതു പ്രിയപ്പെട്ടവരുടേത് തന്നെ. ബിപിൻ ചന്ദ്രന്റെ കപ്പിത്താന്റെ ഭാര്യ, രമേഷ് പെരുമ്പിലാവിന്റെ ബർദുബായ് കഥകൾ, നന്ദിനി മേനോന്റെ പച്ച മണമുള്ള വഴികൾ, കരുണാകരന്റെ ചന്ദ്രലേഖ, നന്ദനൻ മുള്ളമ്പത്തിന്റെ കോമാങ്ങ, സുധീർ പെരുമ്പിലാവിന്റെ ഖിസ, എം. ജി. രാധാകൃഷ്ണന്റെ തനിയെ, സിന്ധു സൂസന്റെ ആകാശച്ചില്ലയും തൊട്ട്, കമറുദ്ദീൻ ആമയം കവിതകൾ, ശ്രീജ വേണുഗോപാലിന്റെ മഴയത്ത് തോരാനിട്ടത് തുടങ്ങിയവ. ഇപ്പോൾ വായിക്കുന്ന രണ്ടു പുസ്തകങ്ങൾ ജെ. ആർ. പ്രസാദിന്റെ ഓർമപുസ്തകം കലണ്ടറും സ്വരൺദീപ് എന്ന പ്ലസ്ടു വിദ്യാർഥിയുടെ കെകെ ചില അന്വേഷണക്കുറിപ്പുകൾ എന്ന കുറ്റാന്വേഷണ നോവലുമാണ്. ജെ.ആർ. പ്രസാദ് സാറിന്റെ കുറിപ്പുകൾ നിസ്സാരമല്ല. കേരളത്തിന്റെ ഒരു കാലഘട്ടത്തിലെ കലാ സാംസ്കാരിക രംഗചരിത്രത്തെയും എഴുത്തുകാരെയും പുസ്തകം ലളിതമായി അടയാളപ്പെടുത്തുന്നു. സ്വരൺദീപ് ചെറുപ്രായത്തിൽ ത്രില്ലർ എഴുതുന്നതിൽ എത്ര മുതിർന്ന ഒരാളെന്നത് അഭിമാനവും തോന്നിപ്പിക്കുന്നു.
കൂടാതെ, വായിച്ചവയിൽ പെട്ടന്ന് ഓർമയിൽ വരുന്നത് എസ്.സിതാര, അനിൽ ദേവസി, ജിസ ജോസ്, പ്രിയ എ.എസ്., ജയകൃഷ്ണൻ, പി.ജെ.ജെ. ആന്റണി, സായ്‌റ തുടങ്ങിയവരുടെ കഥകളാണ്. കൂടാതെ ഐറിഷ് എഴുത്തുകാരൻ കോളം ടോബീനിന്റെ (Colm Toibin) ഹൗസ് ഫോർ സെയിൽ, അറബ് വുമൺ സ്റ്റോറീസ് എന്നീ പുസ്തകങ്ങളിലെ പെൺകഥകൾ എന്നിവ ഇടയ്ക്കിടെ ഓർക്കുന്ന വ്യത്യസ്ത വായനാനുഭവമായിരുന്നു.
Content Summary : Puthuvakku Series - Talk with writer Smitha Girish