‘പെണ്ണുകാണൽ ശരിക്കുള്ള എന്തുകാണലാണ്?’ ബ്രോക്കറിന്റെയും വരനായേക്കാവുന്ന മൃഗഡോക്ടറുടെയും ആർത്തിപിടിച്ച കണ്ണുകൾ അരക്കെട്ടും കടന്ന് മുകളിലേക്ക് അരിച്ചരിച്ചു കയറുമ്പോൾ ഫെയ്സ്ബുക്കിലെ തന്റെ വ്യാജ പ്രൊഫൈലായ ‘കുഞ്ഞമ്മിണി’യിൽ പോസ്റ്റാനുള്ള ഉശിരൻ കുറിപ്പിനെപ്പറ്റി ചിന്തിക്കുകയായിരുന്നു വധു വേഷത്തിൽ നിന്ന

‘പെണ്ണുകാണൽ ശരിക്കുള്ള എന്തുകാണലാണ്?’ ബ്രോക്കറിന്റെയും വരനായേക്കാവുന്ന മൃഗഡോക്ടറുടെയും ആർത്തിപിടിച്ച കണ്ണുകൾ അരക്കെട്ടും കടന്ന് മുകളിലേക്ക് അരിച്ചരിച്ചു കയറുമ്പോൾ ഫെയ്സ്ബുക്കിലെ തന്റെ വ്യാജ പ്രൊഫൈലായ ‘കുഞ്ഞമ്മിണി’യിൽ പോസ്റ്റാനുള്ള ഉശിരൻ കുറിപ്പിനെപ്പറ്റി ചിന്തിക്കുകയായിരുന്നു വധു വേഷത്തിൽ നിന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പെണ്ണുകാണൽ ശരിക്കുള്ള എന്തുകാണലാണ്?’ ബ്രോക്കറിന്റെയും വരനായേക്കാവുന്ന മൃഗഡോക്ടറുടെയും ആർത്തിപിടിച്ച കണ്ണുകൾ അരക്കെട്ടും കടന്ന് മുകളിലേക്ക് അരിച്ചരിച്ചു കയറുമ്പോൾ ഫെയ്സ്ബുക്കിലെ തന്റെ വ്യാജ പ്രൊഫൈലായ ‘കുഞ്ഞമ്മിണി’യിൽ പോസ്റ്റാനുള്ള ഉശിരൻ കുറിപ്പിനെപ്പറ്റി ചിന്തിക്കുകയായിരുന്നു വധു വേഷത്തിൽ നിന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പെണ്ണുകാണൽ ശരിക്കുള്ള എന്തുകാണലാണ്?’ ബ്രോക്കറിന്റെയും വരനായേക്കാവുന്ന മൃഗഡോക്ടറുടെയും ആർത്തിപിടിച്ച കണ്ണുകൾ അരക്കെട്ടും കടന്ന് മുകളിലേക്ക് അരിച്ചരിച്ചു കയറുമ്പോൾ ഫെയ്സ്ബുക്കിലെ തന്റെ വ്യാജ പ്രൊഫൈലായ ‘കുഞ്ഞമ്മിണി’യിൽ പോസ്റ്റാനുള്ള ഉശിരൻ കുറിപ്പിനെപ്പറ്റി ചിന്തിക്കുകയായിരുന്നു വധു വേഷത്തിൽ നിന്ന ഭാഗ്യ. വരന്റെ കുറുക്കൻ നോട്ടം നെഞ്ചിൽ നിന്ന് ഭാഗ്യയുടെ മുറിച്ചുണ്ടിലേക്ക് ചാടി. അവിടെ നിന്നു നെറ്റി ചുളിച്ച് കൂകിപ്പാഞ്ഞ് പറമ്പിലൂടെ തൊഴുത്തിനും കോഴിക്കൂടിനും ഇടയിൽ ചെന്നു കിതച്ചു. അയയിൽ പെണ്ണുവീട്ടിന്റെ ആസ്തി കാണിക്കാനായി നിരത്തി വിരിച്ചിട്ടിരുന്ന, വെള്ളം തോരാത്ത റബർ ഷീറ്റുകളെ കിലോക്കണക്കിന് എണ്ണാൻ ശ്രമിക്കുന്ന വരനെക്കണ്ട് ഭാഗ്യക്കും ചിരിപൊട്ടി. 

 

ADVERTISEMENT

പേരെങ്കിലും ചോദിക്കെന്ന ബ്രോക്കറിന്റെ നടുവിരലൻ തോണ്ടല് ഷീറ്റെണ്ണങ്ങൾ തെറ്റിച്ച് മൃഗഡോക്ടറെ വീട്ടിലേക്ക് തെളിച്ചുകയറ്റി.

‘പേര്..’ അയാളുടെ കണ്ണുകൾ ഭാഗ്യയുടെ കഴുത്തുവരെ എത്തിയിട്ട് ചോദിച്ചു.

 

‘ഭാഗ്യ...’ മുറിച്ചുണ്ടിന്റെ ഇടയിലൂടെ ‘ഫാ’യുടെ കാറ്റ് പുറത്തേക്ക് ശൂന്ന് തെറിച്ചു. ആ കാറ്റിൽ പറന്നുപോയ ‘വരൻ’ അയയിൽക്കിടന്ന ഷീറ്റുകൾ വീണ്ടും ഒന്നേന്ന് എണ്ണാൻ തുടങ്ങി. കിലോക്കിന്ന് വിലയെത്ര? ദിവസവും കിട്ടുന്ന ഷീറ്റെത്ര? മനഃക്കണക്കിലാക്കി തുക കണ്ട് ആസന്നഭാവിയെ ഭദ്രമാക്കി പെട്ടിയിൽ വച്ചു.

ADVERTISEMENT

 

‘‘എനിക്ക് രണ്ടും പെണ്ണാണ്. ഒരുത്തി ബാംഗ്ളൂരിൽ പഠിക്കാൻ പോയതാ. രണ്ടിനേം എന്റേല് തന്നിട്ട് ഇവരെ തള്ള നേരത്തേപോയി. ഇവൾക്ക് ജോലിയുണ്ടാക്കി, മറ്റോളെയും ഒരു കരപറ്റിക്കണം. എന്നിട്ടൊന്ന്..?’’ അച്ഛന്റെ വിരസൻ ഡയലോഗും ചുവരിൽ പതിഞ്ഞിരിപ്പായ അമ്മയിലേക്കുള്ള നാടകീയ നോട്ടവും കണ്ടിട്ട് ഭാഗ്യയ്ക്ക് ഇത്തവണ എന്തോ ഒരു വെറുപ്പുണ്ടായി. ഭാവിയിലേക്ക് നല്ല കണ്ണുള്ള വരൻ നിരാശയോടെയാണെങ്കിലും അയയിലെ റബറും ആ പറമ്പും ഭാഗ്യഭവ്യമാർക്ക് തുല്യമായി പകുത്തുകാണണം.

 

കീറച്ചുണ്ടുള്ള ചേച്ചിയെ വിട്ട് അനുജത്തിയെ നോക്കാമെന്ന് ബ്രോക്കറിലൂടെ കയ്പ്പൻ സന്ദേശങ്ങൾ വീട്ടിലേക്ക് പലതവണ കയറിവന്നു. അങ്ങനെയാണ് ബ്രോക്കറും അച്ഛനും ഭാഗ്യയുടെ അനുജത്തിയായ ഭവ്യക്ക്, വരുന്നവരെല്ലാം ‘പെണ്ണുകണ്ട്’ തീരുംവരെ അകത്തെ മുറിയിൽ തടവ് വിധിച്ചത്. മുറിയുടെ പാതി ചാരിയ ജനാലയുടെ മറവിലെ‘ബാംഗ്ളൂരിൽ’ നേർത്തചിരിയുമായി ഭവ്യയുണ്ടാവും. ഭാഗ്യയപ്പോഴും അച്ഛന്റെ അരികിൽ വരന്മാരുടെ പ്രണയമുള്ള നോട്ടങ്ങൾക്ക് പ്രതീക്ഷയറ്റ് കാത്തുനിൽക്കും.  

ADVERTISEMENT

 

പറമ്പിന്റെ നാലതിരും മേഞ്ഞിട്ട് വന്ന മൃഗഡോക്ടറുടെ കണ്ണ് ഭാഗ്യയുടെ കാലുവഴി വീണ്ടും ഇഴഞ്ഞു കയറാൻ തുടങ്ങി. സ്വർണമാലകൾ തൂക്കിനോക്കി, സാരിയുടെ വില നിർണയിക്കാൻ കഴിവില്ലല്ലോ എന്ന് ദുഃഖിതനുമായി. ഇത്തവണ ചുണ്ടിന്റെ പിളർപ്പ് വഴി ചുവരിലെ പരേതയായ ‘അമ്മായി’യിലേക്കാണ് കയറിപ്പോയത് അവരുടെ ചുണ്ടിലെത്തിയപ്പോൾ ഒന്നു നിന്നു. ഫോട്ടോയുടെ അരികിൽ ആകുലതയോടെ കാത്തിരുന്ന ഒരു കറുത്ത പല്ലി അയാളുടെ നേരെ ‘എഴുന്നേറ്റ് പോടാ നാറീന്ന്’ പരുക്കൻ വാലുചുഴറ്റി.

 

കണ്ണിലേക്ക് ഒരുവട്ടമെങ്കിലും നോട്ടമെത്തുമെന്ന് കാത്തുനിന്ന ഭാഗ്യക്ക് കലികയറി തന്റെ മുറിയിലേക്കു നടന്നു. ‘ഒളിവിൽ’ കഴിയുന്ന ഭവ്യയുടെ വാതിലിൽ കൈമുറുക്കി രണ്ടു തവണ ഇടിച്ചു. ഭവ്യ ഭയന്നു. അച്ഛനും ബ്രോക്കറും ആ തക്കത്തിന് ചായയുമായി മുറ്റത്തേക്കിറങ്ങി. ബ്രോക്കർ മൃഗഡോക്ടറോട് ‘ഉറപ്പിച്ചിരുന്നോന്ന്’ കണ്ണിറുക്കി. കവലയിലെ ഇരുനില വീടും കടമുറിയും ഭാഗ്യയുടെ വിഹിതമാക്കുന്ന ചർച്ചയിലാണവർ. വേണമെങ്കിൽ മൃഗഡോക്ടർക്ക് അവിടെയൊരു മെഡിക്കൽ സ്റ്റോറിടാമല്ലോ..? ജനാലയിലൂടെ അവർ നിൽക്കുന്ന ഭാഗത്തേക്ക് ഭാഗ്യ കാർക്കിച്ചു തുപ്പി. അവൾ ഹോസ്റ്റലിലേക്ക് പോകാനുള്ള ബാഗുമായി ഭാവി വരന്റെ മുന്നിലെ കസേരയിൽ വന്നിരുന്നു. 

 

കൊഴുത്ത പാലൊഴിച്ച ചായയിലെ ഒടുക്കത്തെ തുള്ളിയും നാവിലേക്കിറ്റിച്ച് ചില്ലുഗ്ലാസ് ടീപ്പോയിലേക്ക് വയ്ക്കാനൊരുങ്ങുന്ന മൃഗഡോക്ടറുടെ മുഖത്ത് ചിരി. ഭാഗ്യ അയാളുടെ കവിളിൽ വിരലുകൾ കുത്തിപ്പിടിച്ചു. വിറയുള്ള ചുവപ്പൻ ചുണ്ടിൽ ഉഗ്രനൊരുമ്മ വച്ചുകൊടുത്തിട്ട് ‘എന്തേലും കുറവ് തോന്നുന്നുണ്ടോടാ...?’ എന്നൊന്ന് ചോദിക്കാനാണ് തുടങ്ങിയത്. പക്ഷേ, ‘നിനക്ക് വല്ലാത്ത ചാണകത്തിന്റെ മണമാണ് അതോണ്ട് എനിക്ക് നിന്നെ ഒട്ടുമിഷ്ടമായില്ല’ എന്നൊരു കലക്കൻ ഡയലോഗുമാത്രം കാച്ചിയിട്ട് പുറത്തിറങ്ങി. ബ്രോക്കറും അപ്പനും തങ്ങളുടെ നേർക്ക് വരുന്ന വധുവേഷത്തെ അന്തംവിട്ടങ്ങനെ കണ്ടുനിന്നു.

 

‘ഇനി ഇയാൾക്ക് ഇതിന്റെ പേരിൽ അഞ്ചിന്റെ പൈസ കൊടുത്തേക്കരുത്’. അച്ഛന്റെ കവിളിൽ ഭാഗ്യ ഒരുമ്മ കൊടുത്തു. ചിരിയോടെ മുന്നോട്ട് വന്ന ബ്രോക്കറിന്റെ നെഞ്ചിൽ പതിയെ ഒന്ന് തള്ളി. നിരത്തിലേക്ക് വേഗത്തിൽ നടന്നു. ആ പോക്കിനിടയിൽ ഇരുനില വീടിന്റെ താക്കോൽക്കൂട്ടം കൈയിലിട്ട് കറക്കി അച്ഛന്റെ നേരെ കാണിച്ചിട്ട് ‘ഞാൻ ചെലപ്പം ഇനിമുതൽ അവിടേക്ക് താമസം മാറ്റും’ എന്ന ഭാവത്തിൽ ചിരിച്ചു. ആ നേരത്ത് ഭാവി വരന്റെ ‘എല്ലാംപോയെന്നുള്ള’ ആ നിൽപ് ഭാഗ്യ തീർച്ചയായും തിരിഞ്ഞുനിന്നൊന്ന് കാണണമായിരുന്നു. 

 

‘‘ഞാൻ എന്നെയും കെട്ടി പുതിയ ജീവിതം തുടങ്ങുന്നു’’. ബസ്സു കാത്തുനിൽക്കുന്നതിനിടയിൽ കുഞ്ഞമ്മിണിയിൽ പുതിയ പോസ്റ്റിട്ടു. പുത്തൻ സാരിയിൽ ഒരു സെൽഫിയും ചേർത്തു. മുഖം, ചുവന്ന ഹൃദയചിഹ്നമിട്ട് മറച്ചു. ലൈക്കുകളുടെ കുത്തൊഴുക്ക്. ആരാധകരും നിരവധി വിവാഹ വാഗ്ദാനങ്ങളും നിറഞ്ഞു കിടപ്പുള്ള ആ പ്രൊഫൈലിൽ സത്യമായിട്ടുള്ളത് മുഖചിത്രത്തിലെ കണ്ണുകൾ മാത്രമാണ്.

 

സാമൂഹ്യ സാംസ്കാരിക വിഷയങ്ങളിൽ കുഞ്ഞമ്മിണിയുടെ പ്രതികരണങ്ങൾക്ക് ലൈക്കും ഷെയറുകളും കുന്നുകൂടും. കമന്റുകളായി ചർച്ചകൾ നീളും. ആരാധന മൂത്ത് കുഞ്ഞമ്മിണിയെ കണ്ടുപിടിക്കാൻ ഇറങ്ങിത്തിരിച്ച് നിരാശരായി കഴിയുന്ന കാമുകന്മാരും സൈബർ സിഐഡികളും സൗഹൃദക്കൂട്ടത്തിലുണ്ട്. ഭാഗ്യ കമന്റുകൾ വായിച്ചു. പെണ്ണുകാണലാണോ..?. പല വിധത്തിലുള്ള ഒരേ ചോദ്യങ്ങൾ.

 

ഈ ബോറൻ പരിപാടി ഭാഗ്യ പലതവണ വേണ്ടെന്ന് വച്ചതാണ്. ഒരു തവണ കാണാൻ വന്ന അധ്യാപകൻ ഭാഗ്യയുടെ ചുണ്ടിൽ നിന്ന് ഭവ്യയിലേക്ക് ചാടിയിട്ട് അവളുടെ കരളിൽ നിന്നിതുവരെ ഇറങ്ങിപ്പോയിട്ടില്ല. ഭവ്യയും ‘സാറിനെയേ’ കെട്ടൂ എന്ന ഒറ്റനിൽപ്പ്. ചേച്ചിയെ നിർത്തി അനുജത്തിയെ കെട്ടിക്കില്ലെന്ന് അച്ഛൻ. അങ്ങനെയാണ് മൃഗഡോക്ടർക്ക് മുന്നിലും ചെന്നുനിന്നത്. ഇനിയിപ്പോ അച്ഛന്റെ വാശി കീശയിൽ ഇരിക്കട്ടെ. തനിക്ക് താനും കവലയിലെ പുരയ്ക്ക് തൂണും കുഞ്ഞമ്മിണിയുടെ തീരുമാനം ഭാഗ്യയും ഉറപ്പിച്ചു.

 

കുഞ്ഞമ്മിണിയെ പൂട്ടിവച്ചു. മൃഗഡോക്ടർ കവിളുംകൂർപ്പിച്ച് ‘ന്റമ്മോന്നുള്ള’ ഇരിപ്പോർത്ത് ഭാഗ്യ ചിരിച്ചു. ബസ് കാത്തുനിന്ന സകലരും അവളുടെ ചിരിയും വിറയ്ക്കുന്ന മുറിയൻ ചിറിയും ‘അയ്യടാന്ന്’ നോക്കി. അമ്മ മണമുള്ള ചുവപ്പൻ ബസ് പാഞ്ഞുവന്ന് എന്റെ ‘കൊച്ചിനെ നീയൊക്കെ കണ്ണുവച്ചത് മതിയെന്ന്’ സകലരോടും വഴക്കിട്ടു. വാ പെണ്ണേന്ന് നീട്ടിവിളിച്ച് മടിയിലിരുത്തി ഒറ്റപ്പോക്കങ്ങ് പോയി. തുറിച്ചുനോക്കിയ ഒരുത്തിയുടെ മുഖത്തേക്ക് ‘തൂഫൂന്ന്’ ഒരു കുട്ട കറുത്ത പുകയും വിട്ടു.    

 

കണ്ടക്ടർ, വനിതാ ഹോസ്റ്റൽ മുക്കിലേക്ക് ഒരു ടിക്കറ്റ് കീറി നീട്ടി. സുന്ദരനായ അയാളുടെ നോട്ടത്തിൽ നിന്നും ചുരിദാറിന്റെ ഷാളുകൊണ്ട് തന്റെ ചുണ്ടിനെ പൊത്തിപ്പിടിക്കണമെന്ന് ഭാഗ്യക്ക് തോന്നിയില്ല. കണ്ടക്ടർ ഭാഗ്യയുടെ കണ്ണിലേക്ക് നോക്കി. കണ്ണുകളോട് പ്രണയമുള്ള അയാൾ പിന്നെയും പിന്നെയും നോക്കി. ബാക്കിയുള്ള നാലര രൂപ കൊടുക്കാൻ  മറന്നുനിന്ന അയാളോട് ഭാഗ്യ ചിരിച്ചു. അവരെ മാത്രം ശ്രദ്ധിക്കുന്ന ഒരു പെണ്ണിന് ഭാഗ്യയുടെ കണ്ണുകളോടും ഉടുത്തിരുന്ന സാരിയോടും അസൂയയുണ്ടായി. കുഞ്ഞമ്മിണിയുടെ മനസ്സിലപ്പോൾ സകല പ്രണയമനുഷ്യരോടും പറയാനുള്ള പുതിയൊരു പോസ്റ്റ് വിരിഞ്ഞു.

 

‘‘കണ്ണിലേക്ക് നോക്കാൻ തുടങ്ങുമ്പോൾ നിങ്ങൾ പ്രണയിക്കാനാരംഭിക്കുന്നു.’’ ഭാഗ്യ, സ്റ്റോപ്പിൽ ഇറങ്ങിപ്പോയിട്ടും ‘പോകാം പോകാമെന്ന’ പതിവ് മണിയടിക്കാനും ആ കണ്ടക്ടർ മറന്നുപോയി. അയാളുടെ മുഖത്തു പടർന്ന പ്രണയനൈരാശ്യം മുന്നിലിരിക്കുന്ന മറ്റൊരു യുവതിയാണ് ആദ്യമായി വായിച്ചെടുത്തത്. അവൾ കണ്ടക്ടർക്ക് വേണ്ടിയും ബെല്ലിന്റെ പയറുവള്ളിയിൽ രണ്ടുവട്ടം വലിച്ചു. സുന്ദരനായ കണ്ടക്ടറപ്പോൾ നിലതെറ്റി റോഡിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ചു.              

 

ഹോസ്റ്റൽ മുറിയിലേക്ക് നടക്കുന്ന ഭാഗ്യയോട് ‘കാര്യമെന്തായെടീ’ന്ന ഭാവത്തിൽ വാർഡൻ എതിരേ നിന്നു. അവരെ അവൾ ചിലപ്പോഴൊക്കെ ‘അമ്മ’യെന്ന് വിളിക്കുമായിരുന്നു. ആൺമക്കൾ ഉപേക്ഷിച്ചുപോയപ്പോൾ ജോലി രാജിവച്ച് വീടും പറമ്പും വിറ്റ് കാട്ടുമുക്കിൽ കൂറ്റൻ മതിലുകളുള്ള വനിതാഹോസ്റ്റലുണ്ടാക്കിയ അവരോട് താമസക്കാരിപ്പെണ്ണുങ്ങൾക്കും ഏതാണ്ട് അങ്ങനെയാണ്. അതിലേറ്റവും ഇഷ്ടമുള്ളത് ഈ മുറിച്ചുണ്ടത്തിക്കാണ്.

 

ഓരോ പെണ്ണുകാണലും തോറ്റുവരുമ്പോൾ ഭാഗ്യയെ മടിയിൽ കിടത്തി ഒരാശ്വസിപ്പിക്കൽ പതിവാണ്. ഭാഗ്യയ്ക്ക് ആകെയൊന്ന് കരയാൻ തോന്നുന്നത് അപ്പോഴാണ്‌. അവരാകട്ടെ മീശയില്ലാത്ത, പാട്ടുപാടുന്ന പൊലീസുകാരനുമായുള്ള ഒരു ഡസൻ ദാമ്പത്യ വർഷങ്ങളുടെ കഥകൾ അവൾക്കുവേണ്ടി തുറന്നുവയ്ക്കും. വാർഡനെ പരിഗണിക്കാതെ മുകളിലെ മുറിയിലേക്കുള്ള മരപ്പടികൾ കയറുമ്പോൾ ഭാഗ്യയ്ക്ക് ഉള്ളിലൊരു നീറ്റലുണ്ടായി. മുറിക്കാരികളെല്ലാം ഒഴിഞ്ഞുപോയ ഈ തണുപ്പൻ അവധിക്കാലത്തും തനിക്കുവേണ്ടിമാത്രമാണ് അവരിങ്ങനെ കാവൽ ഭൂതത്തിന്റെ കോലംകെട്ടുന്നത്. അതോർത്ത് തിരിച്ചിറങ്ങിവന്ന് മൂന്നാമത്തെ പടിയിൽ നിന്ന് ഒരു ചിരി ചേർത്ത് വിളിച്ചു പറഞ്ഞു.           

 

‘മൃഗഡോക്ടർക്ക് ഇരുനില കെട്ടിടത്തിലാണ് കണ്ണ്. ചാണകം നാറിക്ക് റബറിനോടുപോലും കിലോക്കണക്കിനുണ്ട് സ്നേഹം. ഞാനങ്ങ് വേണ്ടെന്നു വച്ചു’.

 

മുകളിലേക്ക് നടക്കുമ്പോൾ ഭാഗ്യ പതിവില്ലാതെ കിതച്ചു. അവസാന പടിയിൽ ഒന്നു വിതുമ്പി. മുറിയടച്ച് ‘സിംഗിൾ’ കട്ടിലിന്റെ താഴെ ഇരിക്കുമ്പോൾ വാർഡന്റെ മുട്ടു കേട്ടു. എഴുന്നേറ്റ് തുറക്കാൻ ഭാഗ്യയ്ക്ക് തോന്നിയില്ല. മരപ്പടികളിലൂടെ ഇറങ്ങിപ്പോകുന്ന വാർഡന്റെ നോവുതാളത്തിനെ നിലത്ത് ചെവിചേർത്ത് അവൾ കേൾക്കുന്നുണ്ടായിരുന്നു. പടികളിറങ്ങുമ്പോൾ പതിവായി തലചുറ്റി വീഴുന്ന ആ സ്ത്രീക്ക് ഭാഗ്യയെ ചുറ്റിപ്പിടിച്ചുള്ള നടപ്പ് അത്രയേറെ ഇഷ്ടമായിരുന്നു. അപ്പോഴെല്ലാം ആ പെണ്ണിന്റെ നെറ്റിയിൽ അവർ നിറയെ ഉമ്മ വയ്ക്കും. അവൾക്കപ്പോൾ അവരെ അമ്മ മണക്കും.

 

നിലത്തങ്ങനെ കിടന്ന ഭാഗ്യ അൽപനേരം ഉറങ്ങി. കൂറ്റൻ ഗേറ്റിന്റെ അടഞ്ഞ കരച്ചിലാണ് അവളെ ഉണർത്തിയത്. നാലുമണിയായൽ അത് പൂട്ടും, പിന്നെ അകത്തേക്ക് കാണണമെങ്കിൽ ആകെയുള്ള കിളിവാതിൽ മാത്രം. നിലത്ത് മുട്ടുകുത്തിയിരുന്നാൽ അകത്ത് വട്ടുകളിക്കുന്ന, തുണിവിരിക്കുന്ന ചെടി നനയ്ക്കുന്ന, അതുമല്ലെങ്കിൽ ചുമ്മാ നടക്കുന്ന പെണ്ണുങ്ങളുടെ കൊലുസുകളും കാണാം. 

 

പഠിക്കാനോ പണിക്കോ പോയതിൽ ഒന്നെങ്കിലും വൈകിയാൽ അവരുടെ ഫോണിലേക്കുള്ള വാർഡന്റെ ‘എവിടെത്തി? എവിടെത്തി.?’ വിളികൾ തുടങ്ങും. അവരിങ്ങ് വന്നെത്തുവോളം ചരൽ വിരിച്ച മുറ്റത്ത് ആകുലതയുള്ള ഉലാത്തൽ. ഇതുനോക്കി മറ്റു പെണ്ണുങ്ങൾ ചിരിയടക്കും. വൈകി വന്നുകയറുന്ന പെണ്ണിനെ അവർ മുള്ളിൽ നിർത്തും. അന്ന് ആ പെണ്ണിന്റെ മുറിയിലാണ് വാർഡന്റെ കിടപ്പ്. അമ്മ മണമുള്ള എണ്ണതേപ്പിക്കലും കുളിപ്പിക്കലും തീറ്റിക്കലും ഉപദേശങ്ങളും പിന്നെ പ്രാർത്ഥനയും മറ്റു പെണ്ണുങ്ങൾ അസൂയയോടെ അതു കാണും. വൈകി വരാത്തതിൽ അവരെല്ലാം ഖേദിക്കും.

 

ഭാഗ്യ കൊച്ചമ്മിണിയെ തുറന്നു വച്ചു. വാർഡനെക്കുറിച്ച് എന്തെന്നെഴുതും? അതും ചിന്തിച്ചായി കിടപ്പ്. അത്രയും പ്രിയപ്പെട്ട ഒരാൾ ഇറങ്ങിപ്പോകുമ്പോൾ.... പകുതിയോളം എഴുതിയിട്ട് അത് മായ്ച്ചുകളഞ്ഞു. ഹോസ്റ്റൽ വിടുന്ന കാര്യം വാർഡന്റെ മുന്നിൽ അവതരിപ്പിക്കേണ്ട വാക്കുകളുടെ ഭാരം ഉള്ളിലിട്ടു തൂക്കിനോക്കി. ബാഗിലേക്ക് തുണികൾ നിറയ്ക്കുമ്പോൾ ഇറങ്ങിപ്പോക്കിന് പറ്റിയ ഒരു പോസ്റ്റ് ഭാഗ്യയുടെ മനസിൽ വന്നു.

 

‘ഇറങ്ങിപ്പോകാൻ തീരുമാനിച്ചാൽ പ്രിയപ്പെട്ടവരോട് വിശദീകരിക്കാൻ നിൽക്കരുത്, പോകുക അത്രതന്നെ..’ എല്ലാം പൊതിഞ്ഞുകെട്ടി ഇറങ്ങി ഒറ്റപ്പോക്ക്. വൈകാതെ അഭിനയിക്കാനുള്ള രംഗങ്ങളെല്ലാം ഭാഗ്യ ഉറപ്പിച്ചു. ജനാലയോട് ചേർന്ന് നിന്നപ്പോൾ ഒരു തണുത്ത കാറ്റ് വന്ന് ഭാഗ്യയുടെ കവിളിലെ നനവിൽ തൊട്ടു. ഇരുമ്പൻ ജനാലക്കമ്പിക്ക് മരവിച്ച തണുപ്പ്. തൊട്ടപ്പുറത്ത് ഹോസ്റ്റൽ മതിലിനും നിരത്തിനും ഇടയിൽ മരക്കൂട്ടങ്ങളാണ്. ഒരു പ്ലാസ്റ്റിക്ക് കുപ്പിയിലേക്ക് കുന്നിക്കുരുകൾ പെറുക്കുന്ന അഞ്ചോ ആറോ വയസുള്ള പുള്ളിപ്പാവാടക്കാരി. ഹോസ്റ്റലിലെ ‘പഠിക്കുന്ന’ പെണ്ണുങ്ങളും ചിലപ്പോഴെല്ലാം അങ്ങനെ പെറുക്കുന്നത് കണ്ടിട്ടുണ്ട്. കുന്നിക്കുരുകൾ കണ്ടെടുക്കുമ്പോൾ അവളുടെ ആവേശം പകർത്താൻ ഫോണിലെ ക്യാമറ തുറന്നു. ആ പുൽച്ചാടിപ്പെണ്ണ് കുഞ്ഞമ്മിണിയുടെ ക്യാമറയെ പല തവണ ഇടംമാറിയിരുന്ന് പറ്റിച്ചു.

 

ഭൂമിയിലേക്ക് കൂറ്റൻ വേരിറക്കി നിരത്തിനെ മറച്ചുപിടിച്ച ഒരു പേരാലിനും മതിലിനുമിടയിൽ ഭാഗ്യയെ നോക്കി ചിരിക്കുന്ന ഒരുത്തൻ. ഒരു കൈ മരത്തിന്റെ വേരിലും മറ്റേകൈ ഉടുമുണ്ടിനെ വകഞ്ഞു മാറ്റി തുറിച്ചുനിൽക്കുന്ന അവന്റെ മുൻവേരിലും പിടിച്ചിരിക്കുന്നു. മുൻവേരിനെ അവൻ ഒരു പ്രത്യേക താളത്തിൽ ചലിപ്പിക്കുന്നു. അപ്പുറത്ത് ഭാഗ്യക്കുറികൾ നിരത്തിവച്ച ചെറിയ ബോർഡ്. അയാൾ ആകാശത്തേക്ക് കണ്ണുകൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്, അതോ അവളുടെ നേർക്കോ..? അയാളുടെ അപ്പോഴത്തെ ചിരി ഭാഗ്യയ്ക്ക് തീരെ അപരിചിതമായിരുന്നു. ബോർഡിലിരുന്ന് അവളെ തുറിച്ചുനോക്കുന്ന നിർഭാഗ്യക്കുറികൾ ‘കേറിപ്പോടി കേറിപ്പോടീന്ന’ താളത്തിലാണ് ഇളകുന്നത്.

 

അലറി വിളിക്കാനാണ് ആദ്യം ഭാഗ്യയ്ക്ക് തോന്നിയത്. തൊട്ടപ്പുറത്ത് കുന്നിക്കുരുവിലേക്ക് പറന്നുനടക്കുന്ന ആ കുഞ്ഞിക്കിളി ഈ രംഗമെങ്ങാനും കണ്ടാൽ..? ഭാഗ്യയിലെ കുഞ്ഞമ്മിണി ഉണർന്നു. ആ രംഗങ്ങൾ വിഡിയോയിലാക്കി തത്സമയം പ്രതികരിക്കുന്നവരുടെ ലോകത്തേക്ക് കടത്തിവിട്ടു. തൊട്ടപ്പുറത്ത് കുഞ്ഞിന്റെ അപകടവും പെണ്ണിന്റെ നേർക്കുള്ള ‘പ്രദർശനവും’ ഒപ്പിയെടുത്തു. മുറിയിൽ വിരിച്ചിട്ട ബ്രാ, ചീപ്പ് കമ്മൽ തുടങ്ങിയ പെണ്ണടയാളങ്ങളും തെളിവിനായി പകർത്തി. ‘ഈ രോഗത്തിന് തല്ലിനപ്പുറം മറ്റൊന്നും ചെയ്യാനില്ല’ എന്ന പെൺശബ്ദവും കലർത്തി. ചുവപ്പൻ തലയുള്ള കോപ സ്മൈലികൾ, ലൊക്കേഷൻ ചോദിക്കുന്ന ആങ്ങള കമന്റുകൾ, പങ്കു വയ്ക്കലുകൾ. അവന്റെ ചിരിയും വേരുകുലുക്കവും അതാ ശമനതാളത്തിലേക്ക് മാറുന്നു. കുന്നിക്കുരുപ്പെണ്ണിന്റെ കുപ്പിയും പാതിയോളം നിറഞ്ഞു.     

 

നിരത്തിലൂടെ ആളുകൾ ഓടിക്കൂടുന്നതും പേരാലിന്റെ അപ്പുറത്തേക്ക് വേരുകുലുക്കനെ വന്നവർ വലിച്ചിഴക്കുന്നതും ആ കുന്നിക്കുരുപ്പക്ഷി ഉറക്കെയുറക്കെ കരയുന്നതും കണ്ടിട്ടാണ് ഭാഗ്യ കുഞ്ഞമ്മിണിയെ അവസാനിപ്പിച്ചത്. അവൾ കട്ടിലിലിരുന്ന് കിതച്ചു. ആകാശം നോക്കിയുള്ള ആ ചിരി അവളുടെ ഉള്ളിൽ തികട്ടി വന്നു. കുളിമുറിയിൽ ചെന്ന് പല തവണ അവന്റെ മുഖത്തേക്ക് കർക്കിച്ച് തുപ്പി. കുഞ്ഞമ്മിണിയിൽ നോട്ടിഫിക്കേഷനുകൾ പാഞ്ഞുകയറി വീഴുന്നതിന്റെ ശബ്ദം. കുളിമുറിയിൽ നിന്നിറങ്ങി, കുഞ്ഞമ്മിണിയുടെ ശബ്ദം പൂട്ടിവച്ചു. മരപ്പടികളിലൂടെ തിടുക്കത്തിൽ വാർഡൻ കയറിവരുന്ന താളം. ഭാഗ്യ കുളിമുറിയിലേക്ക് ഓടിക്കയറി ഷവറിന്റെ നേർത്ത കരച്ചിലിനെ ഉച്ചിയിലേക്ക് തുറന്നുവിട്ടു. 

 

ഹോസ്റ്റലിന്റെ മുഴുവൻ മണങ്ങളും ഭാഗ്യ ബാഗിനുള്ളിലേക്ക് നിറയ്ക്കാൻ തുടങ്ങി. തുറന്നിട്ട വാതിലിനോട് ചേർന്ന് നിൽക്കുന്ന വാർഡന്റെ അനക്കങ്ങൾ അവൾ ശ്രദ്ധിച്ചില്ല. തലയിണപോലും നഷ്ടപ്പെട്ട് ‘സിംഗിളായി’ കിടക്കുന്ന കട്ടിലിന്റെ നഗ്‌നത കണ്ടപ്പോൾ കുഞ്ഞമ്മിണിയിൽ അതിന്റെയും ഒരു ഫോട്ടോ പോസ്റ്റ് ചെയ്യാനുള്ള ആഗ്രഹം തോന്നിയാണ് ഫെയ്സ്ബുക്ക് തുറന്നത്. കുഞ്ഞമ്മിണി പകർത്തിയിട്ട വിഡിയോയുടെ താഴെ കമന്റുകളുടെ വേരാഴം. പങ്കുവയ്ക്കലുകൾ. ആക്രമിക്കപ്പെട്ട അന്ധനായ ഭാഗ്യക്കുറി വിൽപ്പനക്കാരനെയും മകളെയും കുറിച്ചുള്ള സങ്കട വിവരണങ്ങൾ. പൊട്ടിപ്പോയ ലോട്ടറി ബോർഡിന്റെ സമീപത്ത് മകളെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛന്റെ നിരവധി ചിത്രങ്ങൾ. ആക്രമണ വാർത്തയും ലൈവ് വിഡിയോയുമുള്ള ലിങ്കുകൾ. വ്യാജ പ്രൊഫൈൽ വിചാരണകൾ. ഭാഗ്യക്ക് തലചുറ്റുന്നത് പോലെ തോന്നി. കട്ടിലിന്റെ മടിയിൽ തലവച്ച് കുറച്ചുനേരമിരുന്നു. ജനാലയോട് ചേർന്ന് നിന്നു. രംഗങ്ങൾ അപ്പാടെ മാഞ്ഞുപോയിരിക്കുന്നു. ആൽമരത്തിന്റെ വേരുകൾ അവളുടെ കഴുത്തിന് നേർക്ക് നീണ്ടുവരുന്നതായി തോന്നി..

 

ഫോണിൽ നോട്ടിഫിക്കേഷൻ തുള്ളികൾ പെയ്തുനിറയുന്നു. കുഞ്ഞമ്മിണിക്ക് ഉലകവലയുമായുള്ള ബന്ധം ഭാഗ്യ ഭയത്തോടെ മുറിച്ചിട്ടു. ബാഗിനെ തലയിണയാക്കി കുറച്ചുനേരം കിടന്നു. മകളെ കെട്ടിപ്പിടിച്ചു കരയുന്ന അച്ഛന്റെ ചിത്രം ഭാഗ്യയെ തുറിച്ചു നോക്കുന്നുണ്ടോ.? കുഞ്ഞമ്മിണി പകർത്തിയ വിഡിയോ സൈബർ തുരങ്കത്തിലൂടെ എത്ര രാജ്യം പോയിട്ടുണ്ടാകും.? ഭാഗ്യയ്ക്ക് ഭയം വർധിച്ചു. ഫോൺ തുറന്ന് കുഞ്ഞമ്മിണിയെ ഒറ്റക്കുത്തിനങ്ങ് കൊന്നുകളഞ്ഞു. പിന്നെയും തുറന്നുനോക്കി, ഇല്ല കുഞ്ഞമ്മിണി ഇനിയില്ല. ബാഗിനുള്ളിലേക്ക് ഒളിച്ചുവയ്ക്കും മുമ്പ് സാരിയിലുള്ള പുതിയ ഫോട്ടോ ചേർത്ത് ‘ഭാഗ്യയുടെ’ തനി പ്രൊഫൈലുണ്ടാക്കി. ഫോട്ടോയിൽ വീഴുന്ന കണ്ടക്ടറുടെ ചുവന്ന ഹൃദയത്തിന്റെ ആദ്യ കമന്റിനെപ്പറ്റി സങ്കൽപ്പിക്കാൻ ശ്രമിച്ചു, കഴിഞ്ഞില്ല. അവളുടെ ഉള്ളിലിരുന്ന്, കുഞ്ഞമ്മിണിയുടെ ഭൂതം നിർഭാഗ്യക്കുറികാരന്റെ ഭാഗങ്ങൾ വാദിക്കുന്നു. ബാഗുകളുമായി പടികളിറങ്ങി വരുന്ന ഭാഗ്യയിലുള്ള മകളെ വാർഡൻ വേദനയോടെ നോക്കിയിരുന്നു. ഒടുവിലെ താക്കോൽ ബന്ധവും മേശപ്പുറത്തിട്ട് ഗേറ്റിലേക്ക് അവൾ തലകുനിച്ച് നടക്കുമ്പോൾ അവരും പിന്നാലെ ചെന്നു.

 

നിരത്തിലേക്ക് ഭാഗ്യ കാലുവച്ച ആ നിമിഷം ഗേറ്റ് അകത്തു നിന്നും ശക്തിയായി കുറ്റിയിടുന്ന ശബ്ദം. അതിനുപിന്നാലെ ഹോസ്റ്റലിന്റെ ചരൽമുറ്റത്ത് തലചുറ്റിവീണ വാർഡന്റെ പതിഞ്ഞ കരച്ചിൽ. കിളിവാതിലെങ്കിലും തുറന്നുകിട്ടാൻ ഭാഗ്യ ഏറെനേരം മുട്ടി. മുട്ടുകുത്തിയിരുന്ന് താഴെയുള്ള അഴികളിലൂടെ അകത്തേക്ക് നോക്കി കൈകളൂന്നി എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്ന വാർഡൻ. ‘ഞാൻ വീണാൽ നിനക്കെന്ത്.?’ ആ മറുനോട്ടത്തിൽ ബാഗിനെയും കെട്ടിപ്പിടിച്ചു കരഞ്ഞ അവൾ, ബസ്റ്റോപ്പിലേക്ക് വേഗത്തിൽ ഓടിപ്പോയി.

 

തിരക്കൊഴിഞ്ഞ ആ ബസ്റ്റോപ്പിൽ അയാളും പെൺകുട്ടിയുമുണ്ടായിരുന്നു. കുട്ടിയുടെ ഭാഗത്തേക്ക് ബാഗുകൾ ഒതുക്കിവച്ച് ഭാഗ്യ അൽപം മാറിയിരുന്നു. അയാളുടെ മുഖത്തും കൈകളിലും മുറിവുകൾ, പോക്കറ്റിൽ വിറ്റുപോകാത്ത കുറച്ച് ഭാഗ്യക്കുറികൾ, മുണ്ടിലും ഇളംമഞ്ഞ പൂക്കളുള്ള ഉടുപ്പിലും ചവിട്ടുകളുടെ ചെളിനിറപ്പാടുകൾ. കാൽവിരലിൽ നിന്നും ഇറ്റുവീഴുന്ന രക്തത്തുള്ളികൾ. ‘ഇവളാണ് കാരണം ഇവളാണ് കാരണം’ കുഞ്ഞമ്മിണി ഭാഗ്യയുടെ ഉള്ളിലിരുന്ന് ഒറ്റുകൊടുക്കുന്നു.

 

കുപ്പിയിലെ കുന്നിക്കുരുകൾ കുലുക്കി ശബ്ദമുണ്ടാക്കിയ കുട്ടി അച്ഛനിലേക്കുള്ള ഭാഗ്യ നോട്ടങ്ങളെ തിരിക്കാൻ ശ്രമിച്ചു. ചിരിക്കാൻ തുടങ്ങിയ അവളിൽ നിന്നും നിന്ന് പരുക്കരായ രണ്ട് വില്ലൻ ചുമകൾ തെറിച്ചു വീണു. അയാൾ നടുക്കത്തോടെ ഇനിയും ‘തല്ലരുതെന്ന’ താളത്തിൽ എഴുന്നേറ്റ് കൈകൂപ്പി നിന്നു. ‘എവിടേക്കാണ്..?’ ‘ഇവിടുന്ന് ഒരിത്തിരിയെങ്കിലും ദൂരേക്ക് എത്രയും വേഗം മാറണം അത്രയേ ഉള്ളൂ.’ അവർക്കിടയിൽ ചോദ്യവും ഉത്തരവും ഒറ്റശ്വാസത്തിൽ കഴിഞ്ഞു. ഭയവും ചിരിയുമുള്ള അയാളുടെ മുഖം ചോദ്യം വന്ന ദിക്കിലേക്ക് സംശയപ്പെട്ട് തങ്ങിനിന്നു.

 

‘ഇരിക്കു, ബസ് വരുമ്പോൾ ഞാൻ പറയാം’. തപ്പിയുറപ്പിച്ച് ഇരിക്കാനുള്ള ശ്രമത്തിൽ കുട്ടിയുടെ കുന്നിക്കുരുക്കുപ്പി അയാളുടെ കൈതട്ടി നിലത്തേക്ക് ചിതറി. കുട്ടിക്കരച്ചിലിന്റെ ആദ്യ തുള്ളികൾ വീഴുന്നതിന് മുമ്പ് തറയിൽ മുട്ടുകുത്തിയിരുന്ന ഭാഗ്യ, രക്തത്തുള്ളികളെ ഒപ്പിയെടുക്കാൻ തുടങ്ങി. ഭാഗ്യക്കുറികളെ വിശറിപോലെ പിടിച്ച്, നിറഞ്ഞ ചിരിയോടെ അയാൾ കാത്തിരുന്നു. ദൂരെ നിന്നും ബസിന്റെ വരുന്നേന്നുള്ള ശബ്ദം. ‘ഇനിയും വിറ്റുപോകാനുള്ള ഒരു ഭാഗ്യക്കുറിയാണ് ജീവിതം.’ തന്റെ പ്രൊഫൈലിൽ ഭാഗ്യ ആദ്യ പോസ്റ്റിട്ടു.

 

വഴി നീളെ വീണുകിടന്ന ഇരുട്ടിലേക്ക് മയക്കമുള്ള കണ്ണുകളും തുറന്നുവച്ച്, ആളൊഴിഞ്ഞ അമ്മബസ് വന്നുനിന്നു. ബാഗുകൾ തോളിലിട്ട് ഒരുകൈയിൽ കുന്നിക്കുരുപ്പെണ്ണിനെയും ചേർത്തു പിടിച്ച ഭാഗ്യ, അയാളുടെ ചെവിയോട് ചേർന്നുനിന്ന് ജീവിതരഹസ്യംപോലെ ‘ഒപ്പം പോരുന്നോ..?’ എന്നുമാത്രം ചോദിച്ചു. അയാൾ ഭാഗ്യക്കുറികൾ മടക്കി പോക്കറ്റിലിട്ടു. കുട്ടിയെ അവർ സീറ്റിന്റെ നടുക്കിരുത്തി ഗ്രൂപ്പിയെടുത്തു.

 

ഭാഗ്യയുടെ പ്രൊഫൈലിൽ വീഴുന്ന പുതിയ സ്റ്റാറ്റസിന് ‘കൊന്നാൽ പാപം തിന്നാൽ തീരും’ എന്ന് ‘ഹ ഹ ഹ’ ചേർത്ത് കുഞ്ഞമ്മിണി കമന്റിടും. ചുവന്ന ഹൃദയചിഹ്നമിട്ട് ‘അതേടീ’ന്ന് ഭാഗ്യ മറുപടിയും കൊടുക്കും. സുന്ദരനായ ആ കണ്ടക്ടർ ഈ ‘കുടുംബത്തെ’ നിരാശയോടെ നോക്കുന്നുണ്ടല്ലോ? ഇതൊന്നും എന്നോട് ചോദിക്കരുത്. അതെങ്ങനെ എനിക്കു പറയാൻ കഴിയും, നിങ്ങളും ആ യാത്ര കാണുകയല്ലേ? 

 

Content Summary: Kadhayarangu- Nirbhagyakurikal, Malayalam short story written by K.S. Ratheesh