കണ്ണാടി ചില്ലുകൾ നോക്കി ചിരിക്കുന്ന പെൺകുട്ടി

മാതാപിതാക്കളുമായുണ്ടായ സ്പർദ്ധകളും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും തുടർന്നുണ്ടായ വിവാഹമോചനവും സാമ്പത്തിക പ്രാരാബ്ദം മൂലം കുട്ടികളെ ശരിയായി വളർത്താൻ കഴിയുന്നില്ല എന്നുള്ള വ്യഥയും എല്ലാം അവരെ ഒരു പാട് മഥിച്ചിരിക്കണം. അതു കൊണ്ട് തന്നെയാവണം 1963 ഫെബ്രുവരി പതിനൊന്നാം തിയതി രാവിലെ - അന്നവർക്ക് മുപ്പതു വയസ്സ് മാത്രമാണ് പ്രായം
മാതാപിതാക്കളുമായുണ്ടായ സ്പർദ്ധകളും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും തുടർന്നുണ്ടായ വിവാഹമോചനവും സാമ്പത്തിക പ്രാരാബ്ദം മൂലം കുട്ടികളെ ശരിയായി വളർത്താൻ കഴിയുന്നില്ല എന്നുള്ള വ്യഥയും എല്ലാം അവരെ ഒരു പാട് മഥിച്ചിരിക്കണം. അതു കൊണ്ട് തന്നെയാവണം 1963 ഫെബ്രുവരി പതിനൊന്നാം തിയതി രാവിലെ - അന്നവർക്ക് മുപ്പതു വയസ്സ് മാത്രമാണ് പ്രായം
മാതാപിതാക്കളുമായുണ്ടായ സ്പർദ്ധകളും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും തുടർന്നുണ്ടായ വിവാഹമോചനവും സാമ്പത്തിക പ്രാരാബ്ദം മൂലം കുട്ടികളെ ശരിയായി വളർത്താൻ കഴിയുന്നില്ല എന്നുള്ള വ്യഥയും എല്ലാം അവരെ ഒരു പാട് മഥിച്ചിരിക്കണം. അതു കൊണ്ട് തന്നെയാവണം 1963 ഫെബ്രുവരി പതിനൊന്നാം തിയതി രാവിലെ - അന്നവർക്ക് മുപ്പതു വയസ്സ് മാത്രമാണ് പ്രായം
‘‘ജനനിബിഡമായ തെരുവീഥിയിൽക്കൂടി ഹോട്ടൽ ലക്ഷ്യമാക്കി അയാൾ നടന്നു. എന്തൊരു ജനത്തിരക്ക്. സാധാരണയിൽക്കവിഞ്ഞ ജനത്തിരക്കുണ്ടോ ഇന്ന്? നാളെ ഈ നേരത്ത് ഇക്കാണുന്ന ജനങ്ങളെല്ലാം ഈ ഭൂമുഖത്തുതന്നെ കാണുമോ? അതിനകം എത്രയെത്രപേർ മരണമെന്ന ശാശ്വതസത്യത്തിൽ ലയിച്ചിരിക്കും. അവരിൽ ഒരാൾ താനായിരിക്കില്ലേ...’’
പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ അവസാനം ചോദിച്ച ചോദ്യങ്ങളിലൊന്ന് അതായിരിക്കണം, ഇനി ഈ മണ്ണിൽ ജീവിക്കേണ്ട എന്ന് തീരുമാനിച്ച്, പാലക്കാട്ടുള്ള കോമൺസ് ലോഡ്ജിലെ മുറിയിൽ ഉറക്കഗുളിക കഴിച്ച് ഒടുങ്ങുന്നതിന് ഏറെ മുമ്പായിരുന്നില്ല ആ ചോദ്യം. 1974 ഏപ്രിൽ 24, സാംസ്കാരിക കേരളം മറ്റൊരു ഞെട്ടലിന്റെ വൈകാരികകെടുതികളിൽ നിന്ന് ഊർന്ന് വരുന്നതേയുണ്ടായിരുന്നുള്ളൂ, അതിനും ഒരു മാസം മുമ്പായിരുന്നു വിജയശ്രീയുടെ ആത്മഹത്യ. അതുയർത്തിയ ചോദ്യങ്ങളുടെ പിന്നാലെ നന്തനാരുടെ ചോദ്യം കൂടി, കൂടെ ഒരു പറ്റം ചോദ്യങ്ങൾ വേറേയും. അതു കൊണ്ട് നേട്ടമുണ്ടായത് കോമൺസ് ലോഡ്ജിനാണ്, നന്തനാരുടെ അവസാന സൃഷ്ടിയായ ‘ജീവിതം അവസാനിക്കുന്നില്ല’ എന്ന ചെറുകഥയുടെ ഭൂമികയാകാൻ അതിന് സാധിച്ചു. ആ കെട്ടിടം ഇന്നില്ല, അദ്ദേഹത്തിന്റെ മരണം നടന്ന് 44 വർഷങ്ങൾക്കു ശേഷം, 2018ൽ, അത് തകർന്നു വീണു, അതിനുള്ളിൽ ഇല്ലാതായ സാഹിത്യകാരന്റെ ഓർമകൾ ബാക്കിയാക്കിക്കൊണ്ട്.
ഒരു ചില്ലുപാത്രം തറയിൽ എറിഞ്ഞുടച്ച്, ചുറ്റും ചിതറിയ ചില്ലുകഷണങ്ങൾ നോക്കി പൊട്ടിച്ചിരിക്കുന്ന ബാലികയുടെ ദൃശ്യം എവിടെയോ കണ്ട ഓർമ്മ ഇപ്പോഴും മങ്ങിയിട്ടില്ല. അമ്മട്ടിൽ, സ്വന്തം ജീവിതം എറിഞ്ഞുതകർത്ത്, ആർത്തു ചിരിയ്ക്കുന്നവരുടെ ചിരിയൊലികൾ ലോകസാഹിത്യത്തിലെമ്പാടുമുണ്ട്. ഇംഗ്ലണ്ടിലെ ഊസ് നദിയുടെ വെള്ളപ്പാളികളിൽ, ലണ്ടനിലെ പ്രീംറോസ് അപ്പാർട്ട്മെന്റിന്റെ അടുക്കളയിൽ, മേഘാവൃതമായ മോസ്കോയിലെ ഒരു വീടിന്റെ ഹോൾ മുറിയിൽ, ക്ലെയർമോണ്ടിലെ ഒരു വീടിനോടു ചേർന്ന ചാർത്തിന്റെ ഉത്തരത്തിൽ, കൊല്ലത്തെ ഒരു പുരയിടത്തിലെ വൃക്ഷക്കൊമ്പിൽ, ഒറ്റപ്പാലത്തെ ഒരു വാടകവീടിന്റെ കിടപ്പുമുറിയിൽ, മറ്റു പലയിടങ്ങളിലും, ഒരു ചെറിയ പരിധി വരെ ഐഡഹോവിലും, ആ ചിരികൾ ഇപ്പോഴും മുഴങ്ങുന്നു.
ജീവിച്ച ജീവിതത്തെ തട്ടിച്ചുനോക്കിയാൽ അവരുടെ രചനകൾ അത്യന്തം മയമുള്ളവയാണ് - ഒൻപത് നോവലുകൾ, ഒരു നാടകം, നിരവധി ചെറുകഥകൾ, പിന്നെ ഒരുപറ്റം ലേഖനങ്ങളും - ജീവിതത്തിലെ കഷ്ടപ്പാടുകളൊന്നും ആ കൃതികളെ ഒരു പരിധിയ്ക്കപ്പുറം കറുപ്പിച്ചില്ല. പതിമൂന്ന് വയസ്സിനും ഇരുപത്തിരണ്ട് വയസ്സിനും ഇടയിൽ കുടുംബത്തിൽ മൂന്ന് മരണങ്ങൾ; അമ്മയും അർധസഹോദരിയും അച്ഛനും പുറകെ പുറകെ. ഇതിനിടയിൽ അമ്മയുടെ ആദ്യവിവാഹത്തിലുള്ള അർധസഹോദരന്മാർ, ജെറാൾഡിൽ നിന്നും ജോർജിൽ നിന്നും നേരിട്ട ലൈംഗീക അതിക്രമങ്ങൾ. എന്നിട്ടും അതൊന്നും ആ സർഗ്ഗശക്തിയെ തടഞ്ഞുവച്ചില്ല. സഹനത്തിന്റെ അങ്ങേ പരിധി വരെ അവർ ചെറുത്തുനിന്നു, ഒരു മാർച്ച് 28 വരെ - രണ്ടാം ലോകമഹായുദ്ധം തുടങ്ങി കഴിഞ്ഞിരുന്നു - അന്ന് ഓവർക്കോട്ടിന്റെ പോക്കറ്റുകളിൽ വെള്ളാരങ്കല്ലുകൾ നിറച്ച്, ഊസ് നദിയുടെ നിഗൂഢതകളിലേക്ക് നടന്നുപോയി വിർജീനിയ വുൾഫ്, ഇരുപത് ദിവസത്തിനുശേഷം കണ്ടുകിട്ടുന്നതുവരെ ആ നദിയുടെ സാന്ത്വനത്തിൽ കഴിഞ്ഞു അവർ.
ഊസ് നദിയൊഴുകുന്ന യോർക്കിൽ നിന്നും 350 ഓളം കിലോമീറ്റർ മാറി ലണ്ടനിലായിരുന്നു സിൽവിയ പ്ലാത്ത് ജീവിച്ചിരുന്നത്, പ്രിംറോസ് ഹില്ലിനടുത്തുള്ള ഒരു അപ്പാർട്ട്മെന്റിൽ, വർഷങ്ങൾക്ക് മുമ്പ് ഡബ്ള്യൂ.ബി. യേറ്റ്സ് താമസിച്ചിരുന്ന അതേ കെട്ടിടത്തിൽ. ഇവിടെ വച്ചാണ് അവർ തന്റെ ഏക നോവലായ ദ് ബെൽ ജാർ എഴുതിയതും അത് നിരൂപകരാൽ തിരസ്ക്കരിക്കപ്പെട്ടതും.
സിൽവിയയുടെ ജീവിതം മൂന്നു പേരെ ചുറ്റിപ്പറ്റിയായിരുന്നു, രണ്ടു മക്കൾ ഫ്രീഡയും നിക്കോളസും, പിന്നെ ഭർത്താവ്, ടെഡ് ഹ്യൂസ് - ഇതിനിടയിൽ രണ്ടു വട്ടം അവരുടെ ഗർഭം അലസിപ്പോകുകയുമുണ്ടായി. മാതാപിതാക്കളുമായുണ്ടായ സ്പർദ്ധകളും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും തുടർന്നുണ്ടായ വിവാഹമോചനവും സാമ്പത്തിക പ്രാരാബ്ദം മൂലം കുട്ടികളെ ശരിയായി വളർത്താൻ കഴിയുന്നില്ല എന്നുള്ള വ്യഥയും എല്ലാം അവരെ ഒരു പാട് മഥിച്ചിരിക്കണം. അതു കൊണ്ട് തന്നെയാവണം 1963 ഫെബ്രുവരി പതിനൊന്നാം തിയതി രാവിലെ - അന്നവർക്ക് മുപ്പതു വയസ്സ് മാത്രമാണ് പ്രായം - കുട്ടികൾ ഉറങ്ങുന്ന മുറിയുടെ വാതിൽ അടച്ച്, അടുക്കളയിൽ ചെന്ന്, വാതിലടച്ച്, വാതിൽ പഴുതുകൾ നനഞ്ഞ തുണികൊണ്ട് മൂടി, ഗാസ് ഒവൻ തുറന്ന്, തല കഴിയാവുന്നത്ര ഉള്ളിലേക്ക് കടത്തി, ഗ്യാസിന്റെ നോബ് തുറന്നത്. ഇൻക്വസ്റ്റിൽ മരണകാരണമായി രേഖപ്പെടുത്തിയിരുന്നത് കാർബൺ മോണോക്സൈഡ് വിഷബാധ എന്നാണ്. സിൽവിയയുടെ എഴുത്തിനെ കുറിച്ച് പറയുമ്പോഴും മാർഗരറ്റ് റീസ് എന്ന നിരൂപക ആ ജീവിതത്തെ കൂടി ചേർത്തുകണ്ടിരുന്നു എന്ന് സംശയം തോന്നും, വേൾഡ് സോഷ്യലിസ്റ്റിൽ എഴുതിയ കുറിപ്പ് വായിച്ചാൽ, ‘‘അവളുടെ എഴുത്ത് പ്രകൃതിശക്തികളെയും പ്രാകൃത ഭയങ്ങളെയും കുറിച്ചായിരുന്നു’’ എന്നാണവർ എഴുതിയത്.
സോവ്യറ്റ് ഭരണകൂടവുമായുള്ള ബന്ധം ദുഷ്കരമായ ഒന്നായിരുന്നു മയാക്കോവ്സ്കിക്ക്, ലെനിനെ ആരാധിക്കുമ്പോഴും സോവിയറ്റ് റഷ്യയെ പിന്തുണയ്ക്കുമ്പോഴും ഭരണകൂടവുമായി അദ്ദേഹം എപ്പോഴും കലഹിച്ചുപോന്നു, പല കൃതികളിലും, ‘‘കവിതയെ കുറിച്ച് ചുങ്കക്കാരനുമായുള്ള സംസാരം’’ ഒരുദാഹരണം, അദ്ദേഹം ഭരണകൂടത്തെ കളിയാക്കിയിരുന്നു, സമാനമായ ഒരു വിനിമയമായിരുന്നു സ്വന്തം ജീവിതത്തോടും. 1930 ന് മുമ്പ് അദ്ദേഹം രണ്ടു വട്ടം റഷ്യൻ റൂലെറ്റ് കളിച്ചിരുന്നു - അതൊരു കളിയാണ്, ജീവൻ വച്ചുള്ള കളി, റിവോൾവറിൽ ഒരു വെടിയുണ്ട മാത്രമിട്ട്, സിലിണ്ടർ ക്രമമില്ലാതെ തിരിച്ച്, സ്വയം വെടിവെയ്ക്കുക, അതാണ് കളി. ആറ് ഉണ്ടകളിടാവുന്ന സിലിണ്ടറാണെങ്കിൽ മരണത്തിനുള്ള സാധ്യത ആറിലൊന്ന്. കളിച്ച രണ്ടു തവണയും കവി ജയിച്ചു. ആ വർഷം ഏപ്രിൽ 30ന് ഒരു തവണ കൂടി അദ്ദേഹം അതിന് തുനിഞ്ഞു. അതിനു തൊട്ടുമുമ്പ് വരെ കാമുകിയായ വെരോണിക്ക പൊളൊൺസ്ക്കായ കൂടെയുണ്ടായിരുന്നു - അന്നവർ തമ്മിൽ വഴക്കുണ്ടായോ? അക്കാര്യത്തിൽ തീർച്ചയില്ല. ഏതായാലും ഒരു ആത്മഹത്യാകുറിപ്പ് ലഭിച്ചു, അതിൽ ഇങ്ങനെ എഴുതിയിരുന്നു, ‘‘അവർ പറയുന്നതുപോലെ, കളി കഴിഞ്ഞു.’’ അന്ന് അദ്ദേഹത്തിന് പ്രായം മുപ്പത്തിയാറ്.
2008 ലെ സെപ്റ്റംബർ പന്ത്രണ്ടാം തിയതി ഡേവിഡ് ഫോസ്റ്റർ വാലസിന് (സാമാന്യത്തിലധികം നീണ്ട നോവലുകളെഴുതിയ വാലസ്, ഇരുനൂറ് വാക്കുകൾക്കും മേലെ നീളം വരുന്ന വാചകങ്ങളെഴുതിയ വാലസ്) നാൽപ്പത്തിയാറ് വയസ്സുണ്ട്. അന്ന് അദ്ദേഹം ഭാര്യയ്ക്ക് ഒരു കത്തെഴുതി വച്ചു, രണ്ടു പേജ് വരുന്ന ഒന്ന്. ദ് പെയ്ൽ കിങ്ങ് (The Pale King) എന്ന അപൂർണ്ണമായ നോവലിന്റെ മാനുസ്ക്രിപ്റ്റ് ഒന്നുകൂടി അടുക്കിവച്ചു. ശേഷം വീടിന്റെ ചാർത്തിലെ ഉത്തരത്തിലൊന്നിൽ ഒരു കയർ എറിഞ്ഞു കുരുക്കി. കാരൺ, വാലസിന്റെ ഭാര്യ, വീട്ടിൽ തിരിച്ചെത്തുമ്പോൾ കയറിൽ കുരുങ്ങി നില്പുണ്ട്, ‘‘നിതാന്തമായ തമാശ’’ (Infinite Jest) എന്ന 1079 പേജുള്ള നോവലിന്റെ സ്രഷ്ടാവ്. അവിടെ അയാൾക്ക് കൂട്ടിന് സത്യവും മിഥ്യയും ചിരിയും കരച്ചിലും നാട്ടുഭാഷയും സാങ്കേതികതയും ഒക്കെ കൂടിക്കലർന്ന അയാളുടെ എഴുത്തുലോകം ഉണ്ടായിരുന്നില്ല, ‘തലയിലുദിക്കുന്ന രണ്ടാം ശബ്ദങ്ങൾ’ എന്ന് അയാൾ ഒരിക്കൽ പറഞ്ഞ അടിക്കുറിപ്പുകൾ വിശദീകരണവുമായി എത്തിയതുമില്ല.
ഇടപ്പള്ളി രാഘവൻ പിള്ള ഇരുപത്തിയേഴാം വയസ്സിൽ ജീവിതം വേണ്ടെന്നു വയ്ക്കുന്നതിന് തലേന്ന്, ‘‘നാളത്തെ പ്രഭാതം’’ എന്ന പേരിൽ അവസാനത്തെ കവിതയെഴുതി. അടുത്ത ദിവസം തന്നെ അത് മലയാളരാജ്യത്തിൽ അച്ചടിച്ചു വരാൻ ഏർപ്പാട് ചെയ്തു. അന്നദ്ദേഹം കൊല്ലത്താണ് താമസം, ഒരു പരിചയക്കാരന്റെ വീട്ടിൽ. അവിടെ വച്ചാണ് കാമുകിയുടെ (അവളെ കവി പഠിപ്പിച്ചിരുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ് അവരുടേത്) വിവാഹ വാർത്ത അറിയുന്നത്. ആതിഥേയനായ വി. എം. നാരായണപിള്ള വിവാഹത്തിൽ പങ്കെടുക്കാൻ പോയതിന് പുറകെ തന്റെ വിധിയിലേക്ക് നടന്നു കയറിയ കവി, നാരായണപിള്ള തിരിച്ചെത്തുമ്പോൾ ഒരു മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്നു, വൃത്തിയായി കുളിച്ച്, വെളുത്ത വേഷം ധരിച്ച്, കഴുത്തിൽ ഒരു മുല്ലമാല ചൂടി.
ചെർപ്പ്ളശ്ശേരിയിലെ അമയൻകോട് തറവാട്ടിലെ ഇളയ സന്താനം. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അത്ര എളുപ്പമല്ലാത്ത അക്കാലത്ത് ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് ഫിസിക്സിൽ മാസ്റ്റർ ബിരുദം. സ്ത്രീകൾ ജോലിയ്ക്ക് പോകാൻ മടിച്ചിരുന്ന കാലമായിരുന്നിട്ടും പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എന്നിവിടങ്ങളിലെ എൻ. എസ്. എസ്. കോളജുകളിൽ ആധ്യാപകവൃത്തി. എഴുത്തിൽ സ്ത്രീ സാന്നിധ്യം തീരെ കുറവായിരുന്ന സമയത്ത് ‘മകൾ’ എന്ന കഥയുമായി സാഹിത്യലോകത്തേക്കുള്ള കടന്നുവരവ്. ഇത് മാത്രമായിരുന്നില്ല രാജലക്ഷ്മി. ‘ഒരു വഴിയും കുറെ നിഴലുകളും’ എന്ന നോവൽ, രണ്ട് കവിതാ സമാഹാരങ്ങൾ, ഒരു പറ്റം ചെറുകഥകൾ, ഇതിനെല്ലാം പിന്നാലെയാണ് അവർ, അന്ന്, 1965 ജനുവരി പതിനെട്ടിന്, മുപ്പത്തഞ്ചാം വയസ്സിൽ, കോളജിലേക്ക്, എന്നത്തേയും പോലെ, പോയത്. പക്ഷേ വൈകാതെ തിരിച്ചു വന്ന് ആ കുറിപ്പെഴുതി. ‘എഴുതാതിരിക്കാൻ വയ്യ. ജീവിച്ചിരിക്കുകയാണെങ്കിൽ ഇനിയും എഴുത്രിപ്പോകും..’ 1960 ൽ അവർ എഴുതിത്തുടങ്ങിയ ‘ഉച്ചവെയിലും ഇളം നിലാവും’ എന്ന നോവൽ ആറ് അധ്യായങ്ങളായപ്പോഴേക്കും നിന്നുപോയിരുന്നു, പുറത്തു നിന്നുള്ള ഭീഷണികൾ മൂലം. ‘ഞാൻ എന്ന ഭാവം’ എന്ന അടുത്ത നോവൽ ഖണ്ഡശ്ശയായി വന്നുകൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് തീർക്കുവാൻ കാത്തു നിൽക്കാനുള്ള ക്ഷമ അവർ കാണിച്ചില്ല, ഭീക്ഷണിപ്പെടുത്തിയവരോട് ഒരു സാരിയിൽ അവർ കണക്ക് പറഞ്ഞു.
ഇവിടെ പരാമർശിച്ച വ്യക്തിത്വങ്ങളേക്കാൾ സംഭ്രമം തരുന്ന ഒരു പേരുണ്ട്, പൗരുഷ്യത്തിന്റെ പര്യായമെന്ന് പൊതുവെ കരുതപ്പെട്ട ഏണസ്റ്റ് ഹെമിംഗ് വേ, നായാട്ട്, കാളപ്പോര് തുടങ്ങിയ കായബലം അവശ്യം വേണ്ട കായിക ഇനങ്ങളെ ഇഷ്ടപ്പെട്ട ഹെമിംഗ് വേ. അവസാന കാലങ്ങളിൽ ശാരീരിക പ്രശ്നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നുവെന്നത് ശരി, 1961 ജൂലൈ രണ്ടിന് തോക്കിന്റെ കുഴൽ തനിക്ക് നേരേ തന്നെ തിരിയ്ക്കുന്നതിന് രണ്ടു മാസം മുമ്പ് അദ്ദേഹം ഒരു വട്ടം തോക്കെടുത്തിരുന്നുവെന്നത് ശരി, എങ്കിലും ആ വാർത്ത പുറത്തു വന്നപ്പോൾ വിശ്വസിക്കാൻ ലോകം ബുദ്ധിമുട്ടി. മറഞ്ഞു പോകുന്നത് സാഹിത്യചരിത്രത്തിലെ ഏറ്റവും വരിഷ്ഠമായ പേരുകളിലൊന്നാണെന്നത് അവരെ കൂടുതൽ വ്യസനിപ്പിച്ചിരിക്കും.
സാഹിത്യത്തിന് പുറത്ത് ഇനിയും ഒരുപാട് പേരുടെ നിര കാണാം. ‘നിർവാണ’ എന്ന റോക്ക് സംഘത്തിലെ പ്രധാന ഗായകനും ഗിറ്റാറിസ്റ്റുമായ കേർട് കോബെയ്‌ൻ - വെടിയേറ്റ നിലയിൽ സിയാറ്റിലിലെ വീട്ടിൽ അയാളുടെ ജഡം കണ്ടെടുക്കുന്നത് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ്. ഡച്ച് പോസ്റ്റ്-ഇമ്പ്രെഷണിസ്റ്റ് ചിത്രകാരൻ, വിൻസെന്റ് വാൻഗോഗ് - ഒരു ഗോതമ്പുപാടത്ത് ചിത്രം വരച്ചുകൊണ്ടിരിക്കെ തോക്കെടുത്ത് സ്വയം വെടിവച്ച വാൻഗോഗ്, മുറിവുമായി തിരിച്ച് സത്രത്തിലെത്തിയപ്പോൾ സത്രം സൂക്ഷിപ്പുകാരന്റെ ഭാര്യ ചോദിച്ചിരുന്നു, കുഴപ്പം വല്ലതുമുണ്ടോയെന്ന്. ‘ഇല്ല, എന്നാൽ ഞാൻ...’ എന്ന് മാത്രം അദ്ദേഹം പറഞ്ഞു. ദീപേന്ദ്ര ബിർ ബിക്രം ഷാ ദേവ്, നേപ്പാൾ രാജാവായിരുന്ന ബീരേന്ദ്രയുടെ മൂത്ത മകനും കിരീടാവകാശിയുമായിരുന്ന ദീപേന്ദ്ര - 2001 ജൂൺ ഒന്നാം തിയതി മുതൽ നാലാം തിയതി വരെ മൂന്നേ മൂന്ന് ദിവസം മാത്രം അയാൾ രാജാവായി, ആ മൂന്ന് ദിവസവും അയാൾ അബോധാവസ്ഥയിലായിരുന്നു, ആ ഒന്നാം തിയതിയാണ് അയാൾ ഒരു വിരുന്നിൽ പങ്കെടുത്തുകൊണ്ടിരുന്ന സ്വന്തം പിതാവിനെയും മാതാവിനെയും മറ്റു ബന്ധുക്കളെയും വെടിവച്ചുകൊന്നത്, അന്ന് തന്നെയാണ് അയാൾ സ്വയം വെടിവച്ചത്, മൂന്ന് ദിവസ്സം കഴിഞ്ഞാണ് അയാൾ മരിച്ചത്. ലെയ്‌ല പെഹ്ലാവിയും അലി റേസ പെഹ്ലാവിയും, ഇസ്ലാമിക വിപ്ലവം 1979ൽ സിംഹാസനം തട്ടി തെറിപ്പിക്കുന്നതുവരെ ഇറാൻ ഭരിച്ച ഷാ മൊഹമ്മദ് റേസ പെഹ്ലാവിയുടെ മക്കൾ, ലെയ്‌ല 2001 ൽ മയക്കുമരുന്ന് കഴിച്ചും പത്തുവർഷത്തിനുശേഷം അലി സ്വയം വെടിവെച്ചുമാണ് ജീവിതം വേണ്ടെന്നുവച്ചത്. ഇനിയും എത്രയെത്രപേർ.
ബൈപോളാർ ഡിസോർഡർ, ഡിപ്രഷൻ, വിപര്യയങ്ങളെ നേരിടാനുള്ള ശേഷിക്കുറവ്, മനോദൗർബല്യം, നിങ്ങളെന്ത് പേരു വേണമെങ്കിലും വിളിച്ചോളൂ, ജീവൻ കയ്യിലെടുത്തു പിടിക്കുന്നവർക്ക് പറയാനുള്ള കാരണങ്ങൾ മറ്റെന്തെങ്കിലുമാകും. അതിലൊരു വരി ഇങ്ങനെയാവാതിരിക്കില്ല, ‘‘നിങ്ങളുടെ ഈ ലോകത്ത് ജീവിക്കാൻ ഞാനില്ല.’’
അപ്പോഴും ആ ദൃശ്യം തെളിഞ്ഞുവരുന്നു, ചുറ്റും ചിതറിക്കിടക്കുന്ന കണ്ണാടിച്ചില്ലുകളെ നോക്കി ആ ബാലിക ചിരിക്കുന്നു.
Content Summary: Varantha column on writers who killed themselves