കവിതയുടെ ദംശനമേറ്റ് പുളഞ്ഞപ്പോൾ; തീവ്രവിചാരങ്ങളുടെ കരിനീല വാക്കുകൾ
ഷിഫാന സലിമിന്റെ കവിതകളിൽ മുഴുവൻ അവളും അവനുമാണ്. പെണ്ണിനോടും ആണിനോടുമാണ് കവിക്കു സംസാരിക്കാനുള്ളത്. അവരുടെയിടയിലെ പ്രണയവും പ്രണയരാഹിത്യവും ജീവിതവും മരണവുമെല്ലാമാണു ഷിഫാനയുടെ കവിതകളിൽ കടന്നുവരുന്നത്. മനുഷ്യാവസ്ഥയുടെ വിവിധ ഭാവങ്ങൾ നിറഞ്ഞ കവിതകൾ തീവ്രബിംബങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലേക്കു നേരിട്ടൊരു
ഷിഫാന സലിമിന്റെ കവിതകളിൽ മുഴുവൻ അവളും അവനുമാണ്. പെണ്ണിനോടും ആണിനോടുമാണ് കവിക്കു സംസാരിക്കാനുള്ളത്. അവരുടെയിടയിലെ പ്രണയവും പ്രണയരാഹിത്യവും ജീവിതവും മരണവുമെല്ലാമാണു ഷിഫാനയുടെ കവിതകളിൽ കടന്നുവരുന്നത്. മനുഷ്യാവസ്ഥയുടെ വിവിധ ഭാവങ്ങൾ നിറഞ്ഞ കവിതകൾ തീവ്രബിംബങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലേക്കു നേരിട്ടൊരു
ഷിഫാന സലിമിന്റെ കവിതകളിൽ മുഴുവൻ അവളും അവനുമാണ്. പെണ്ണിനോടും ആണിനോടുമാണ് കവിക്കു സംസാരിക്കാനുള്ളത്. അവരുടെയിടയിലെ പ്രണയവും പ്രണയരാഹിത്യവും ജീവിതവും മരണവുമെല്ലാമാണു ഷിഫാനയുടെ കവിതകളിൽ കടന്നുവരുന്നത്. മനുഷ്യാവസ്ഥയുടെ വിവിധ ഭാവങ്ങൾ നിറഞ്ഞ കവിതകൾ തീവ്രബിംബങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലേക്കു നേരിട്ടൊരു
ഷിഫാന സലിമിന്റെ കവിതകളിൽ മുഴുവൻ അവളും അവനുമാണ്. പെണ്ണിനോടും ആണിനോടുമാണ് കവിക്കു സംസാരിക്കാനുള്ളത്. അവരുടെയിടയിലെ പ്രണയവും പ്രണയരാഹിത്യവും ജീവിതവും മരണവുമെല്ലാമാണു ഷിഫാനയുടെ കവിതകളിൽ കടന്നുവരുന്നത്. മനുഷ്യാവസ്ഥയുടെ വിവിധ ഭാവങ്ങൾ നിറഞ്ഞ കവിതകൾ തീവ്രബിംബങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലേക്കു നേരിട്ടൊരു പാലം പണിയുകയാണ്. നിലവിലെ വ്യവസ്ഥയോടുള്ള നിരന്തര കലഹം കൂടി ആ വാക്കുകളിൽ വായിച്ചെടുക്കാം.
‘ഒരു മനുഷ്യനെ മനസ്സിലാക്കാൻ ഏറ്റവും എളുപ്പമുള്ള വഴി അയാളെ പ്രണയിക്കുകയാണെന്ന് പറയുന്നതെത്ര സത്യമാണല്ലേ’ എന്ന് ‘അത്രമേൽ’ എന്ന കവിതയിൽ ഷിഫാന ചോദിക്കുമ്പോൾ പ്രണയം ഒരാളെ തെളിനീരുറവ പോലെ സുതാര്യമാക്കുന്നതെങ്ങനെയെന്നു നമ്മൾ തിരിച്ചറിയുന്നു. ‘അടിക്കാതെ, തുടക്കാതെ, ഇടയ്ക്ക് വന്ന് ഏട്ടാന്ന് വിളിക്കാതെ, വഴക്കടിക്കാതെ, ഒരുമ്മപോലും തരാത്ത അവളോട്, അടക്കാനാകാത്ത ദേഷ്യം വന്നു, മുറ്റത്തടക്കിയ, അവൾ കിടക്കുന്നിടത്ത്, അപ്പോ തന്നെ പോയി, കള്ളുകുടിച്ചു വരുമ്പോ ചവിട്ടുന്ന പോലൊരു ചവിട്ടു വച്ചു കൊടുത്തു’ എന്ന ‘ഒരുമ്പെട്ടവൾ’ എന്ന കവിതയിലെ വരികൾ സമകാലീന പെണ്ണവസ്ഥയുടെ ഉള്ളിലാണു ചെന്നു തൊടുന്നത്. വാക്കുകളുടെ മൂർച്ച കൊണ്ട് ഇനി നീ ഈ കൊടുംപാപിനിയുടെ കഴുത്തറക്കുക എന്നും കവിതയുടെ ഛായ വിഷാദമാണെന്നും നിറങ്ങൾ വറ്റിയ പൂക്കളെപ്പോലെ നിർജീവമായ ഒരു പ്രഭാതമെന്നും, ഈറ്റുനോവിനപ്പുറം ഒരു വേദന പെണ്ണിനുണ്ടെങ്കിൽ അത് ഹൃദയഭാരമാണെന്നും ഷിഫാന എഴുതുമ്പോൾ കവിതയുടെ തീവ്രദംശനമേറ്റു നമ്മൾ പിടയും. മഴ പെയ്യും, തുടർന്ന് ഇന്നുവരെ കാണാത്ത നിറത്തിലൊരു മഴവില്ലു മാനത്തു തെളിയും എന്നൊരു പ്രത്യാശയും തുടർന്നൊരു കവിതയിലൂടെ കവി നൽകുന്നു.
വിദ്യാഭ്യാസ കാലത്തേ വിവാഹിതയാകുകയും തുടർന്നു വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദാനന്തര ബിരുദം നേടുകയും ചെയ്ത ഷിഫാനയ്ക്ക് കവിതയെഴുത്തൊരു നേരമ്പോക്കല്ല. ജീവിതം കൽപിച്ചരുളുന്ന ഉത്തരവാദിത്തങ്ങൾക്കിടയിൽ വീണു കിട്ടുന്ന അപൂർവം സ്വന്തം സമയങ്ങളിലാണ് ലളിതമായ ഭാഷയിലുള്ള ഈ കവിതകൾ പിറക്കുന്നത്. ‘കരിനീലദംശനങ്ങൾ’ എന്ന പ്രഥമ കവിതാസമാഹാരത്തിൽ 46 കവിതകളാണുള്ളത്. നാൽപതോളം കവിതകളുള്ള ‘കാദംബരി’ എന്ന സമാഹാരം ഉടൻ പുറത്തിറങ്ങും. ഷിഫാനയോടു കവിതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണു ചുവടെ.
∙ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാർ മാധവിക്കുട്ടിയും ബഷീറും ആണെന്ന് ഷിഫാന പറഞ്ഞിട്ടുണ്ടല്ലോ. ഷിഫാന വായിച്ചിട്ടുള്ള അവരുടെ പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്നു പറയാമോ? എന്താണതിനു കാരണം? ആ പുസ്തകങ്ങളിലെ, മനസ്സിൽ പതിഞ്ഞിട്ടുള്ള ഓരോ വാചകങ്ങൾ കൂടി പറയാമോ?
പണ്ട് ഞാൻ നാലാം ക്ലാസ്സിലായിരുന്നപ്പോൾ പാഠപുസ്തകത്തിന്റെ ഭാഗമായി ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ എന്ന നോവലിന്റെ ഒരു ഭാഗം ഉണ്ടായിരുന്നു. ബാക്കി വായിക്കാനുള്ള കൊതി മൂത്താണ് അത് വാങ്ങിക്കുന്നത്. അന്ന് ഇന്നത്തെ പോലെയൊന്നുമല്ല. കഥാപുസ്തകങ്ങൾതന്നെ കഷ്ടിച്ചാണ് ഒന്നു വായിക്കാൻ കിട്ടുക. കാണുന്ന കുഞ്ഞി തുണ്ടുകടലാസ് പോലും വായിക്കും. മൂന്നാം ക്ലാസ്സ് മുതലേ ഞാൻ മലയാളം നന്നായി വായിക്കുമായിരുന്നു. ഉമ്മാമ്മയാണ് എനിക്ക് ആദ്യമായി ബുക്ക് വാങ്ങിച്ചു തന്നത്. അന്നൊക്കെ വീട്ടിൽ കുറേ പശുക്കൾ ഉണ്ടായിരുന്നു. ഞാനും പാൽ കൊണ്ടു കൊടുക്കാൻ പോകും. എല്ലാ പ്രാവശ്യവും ഉമ്മാടെ വീട്ടിൽനിന്ന് ഒഴിവു ദിവസം ഉപ്പാടെ വീട്ടിൽ വരുമ്പോ ഉമ്മാമ്മ ഓരോന്ന് വാങ്ങിച്ചു തരും. അന്നു ഞാൻ ചോദിച്ചത് ബഷീറിന്റെ ആ പുസ്തകമാണ്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബഷീറിനോട് എനിക്ക് വല്ലാത്ത പ്രണയം തോന്നി. എന്റെ വട്ടുകളുടെ വായനത്തുടക്കം അവിടെവച്ചായിരുന്നു.
അങ്ങനെ ഒൻപതാം ക്ലാസ്സിലെത്തിയപ്പോഴേക്കും ബഷീറിന്റെ സമ്പൂർണ കൃതികളും ഞാൻ വായിച്ചു കഴിഞ്ഞിരുന്നു. അനുരാഗത്തിന്റെ ദിനങ്ങൾ എന്നും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നാണ്. മാധവിക്കുട്ടി ഇന്നും എനിക്ക് വായിച്ചു മതിവരാത്ത അദ്ഭുതമാണ്. വായിച്ചാൽ കിക്കാവുന്ന ഒരുതരം മാന്ത്രികതയുണ്ട് അവരുടെ എഴുത്തിൽ. മാധവിക്കുട്ടിയുടെ എല്ലാ പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. അതിൽ ഏറ്റക്കുറച്ചിലുകളില്ല. എങ്കിലും ആത്മാംശമുള്ള എഴുത്തുകളോട് ഇഷ്‌ടക്കൂടുതലുണ്ട്. മാധവിക്കുട്ടിയെക്കുറിച്ചെഴുതിയ ഒരു കവിതയുണ്ട്. അതിന് അബുദാബി ശക്തി തിയറ്റേഴ്സ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയിരുന്നു. ഇതാണ് ആ കവിത:
ആമിയെന്റെ സ്വപ്നങ്ങളിൽ വരുമായിരുന്നു,
കൃഷ്ണകഥകൾ പറഞ്ഞു തരുമായിരുന്നു!!
നീയെന്റെ മാനസിയാണ്, ഒരിക്കൽ പറഞ്ഞു.
ഒരിക്കൽ സുഭദ്രയെന്നും.
ഞാൻ പക്ഷേ തരിശുനിലത്തിലെ സ്നേഹമായിരുന്നു..!
ആമിയെ ഓർക്കുമ്പോൾ നീലാംബരി വിരിയുന്ന
നീർമാതളം മണക്കുന്ന ഒരുവൾ.
എന്നിലെ നിർജീവമായ കണ്ണുകളിൽ
ഒരു വെളുത്ത പക്ഷി പറക്കുകയും ഒരു വിധവ
പഴി കേൾക്കാതെ മഴ നനയുകയും ചെയ്തു.
കല്യാണിയെപ്പോലെ വിവസ്ത്രയാക്കപ്പെട്ട
രാവുകളിൽ ഞാൻ ഒരു ദുഃസ്വപ്നത്തെ തിരഞ്ഞു.
എന്റെ മൂടുപടങ്ങളിൽനിന്ന് ആമി മാത്രം വീണ്ടുമെന്നെ സ്വതന്ത്രയാക്കി.
ഓരോ പെണ്ണും താൻ താനായെഴുതും പോലെ
മനോഹരമായ ചവർപ്പുള്ള വാക്കുകളെഴുതി.
അവർ സത്യസന്ധയായിരുന്നു നിർമലമായ ഹൃദയമുള്ള സ്ത്രീ. ഞാനവരെ ഓരോ സ്ത്രീയിലും കണ്ടുകൊണ്ടിരുന്നു. അല്ലെങ്കിലും സത്യം പറയുന്നവരെ ആർക്കാണ് അംഗീകരിക്കാനാവുക? എന്നിട്ടും വീണ്ടും മടുക്കാതെയങ്ങനെ ചരിത്രം വരച്ചുവയ്ക്കാൻ ആമിക്കായതുപോലെ മറ്റാർക്കാണ് സാധ്യമാവുക.
ഞാൻ കൃഷ്ണനോട് പറഞ്ഞു.
അടുത്ത ജന്മത്തിൽ നീ രാധയായേക്കുക..
ആമി ചിരിച്ചു.. രാധ ചിരിക്കും പോലെ.!!
ബഷീറിന്റെയും മാധവിക്കുട്ടിയുടെയും ഇഷ്ട വാചകങ്ങളിലൊന്നു വീതം പറയാം..
വന്നതു പോലെ തന്നെ ഞാൻ തനിയേ പോവുകയാണ്. യാത്രയ്ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു. നീയും ഞാനും എന്ന യാഥാർഥ്യത്തിൽനിന്ന് അവസാനം നീ മാത്രമായി അവശേഷിക്കാൻ പോവുകയാണ്, നീ മാത്രം. (അനർഘനിമിഷം – ബഷീർ)
എനിക്ക് സ്‌നേഹം വേണം, അത് പ്രകടമായിത്തന്നെ കിട്ടണം. ഉള്ളിൽ സ്‌നേഹം ഉണ്ട്, പക്ഷേ, പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല. ശവകുടീരത്തിൽ വന്നു പൂവിട്ടാൽ ഞാനറിയുമോ. (മാധവിക്കുട്ടി)
ഇതൊക്കെ ഇഷ്ടമുള്ള വരികളാണ്.
∙ എഴുത്തിന്റെയും വായനയുടെയും ഒരു വലിയ പശ്ചാത്തലത്തിൽ നിന്നല്ല ഷിഫാന വരുന്നത്. കുട്ടിക്കാലത്തു വീട്ടിൽ സാഹിത്യകൃതികൾ വായിക്കാനുള്ള സാഹചര്യവും അത്രയൊന്നും ഇല്ലായിരുന്നല്ലോ. എംകോം പൂർത്തിയാക്കിയ ഷിഫാന ഇപ്പോൾ സ്വന്തം ഇഷ്ടപ്രകാരം മലയാളം എംഎയ്ക്കു കൂടി പഠിക്കുന്നു. കവിതയെഴുതണം എന്നു മനസ്സിൽ തോന്നിയത് എപ്പോഴാണ്? അതിലേക്കു നയിച്ച സാഹചര്യമെന്തായിരുന്നു? ആദ്യമെഴുതിയ കവിതകൾ ആരെയാണു കാണിച്ചിരുന്നത്? അവരുടെ പ്രതികരണമെന്തായിരുന്നു?
എഴുത്തിന്റെയും വായനയുടെയും യാതൊരു വിധ പശ്ചാത്തലവുമില്ലാത്ത ഒരു ഓർത്തഡോക്സ് കുടുംബത്തിലാണു ഞാൻ ജനിച്ചത്. ചെറുപ്പത്തിൽ ഉമ്മായ്ക്ക് വയ്യാണ്ടായതു കാരണം നാലാം ക്ലാസ് വരെ ഞാൻ ഉമ്മയുടെ വീട്ടിൽ നിന്നാണു പഠിച്ചത്. അവിടെ കുറേ കൂട്ടുകാരോ മറ്റോ ഉണ്ടായിരുന്നില്ല. മലയാളം പഠിക്കും മുതലേ നുള്ളിപ്പെറുക്കി ഞാൻ വായിക്കാൻ ശ്രമിക്കുമായിരുന്നു. അന്നൊന്നും പുസ്തകങ്ങൾ ഇന്നുള്ളതുപോലെ കിട്ടില്ല. അടുത്തൊരു ലൈബ്രറി ഇല്ല. പിന്നെ ചെറിയ കുട്ടികളുടെ വായനാശീലത്തെ വളർത്തുന്ന യാതൊന്നും ഉണ്ടായിരുന്നുമില്ല. എന്നാലും കിട്ടുന്നതെല്ലാം വായിക്കുമായിരുന്നു.
ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി കവിത എഴുതുന്നത്. അതു പഠനത്തിന്റെ ഭാഗമായിട്ടായിരുന്നു. അന്നു ടീച്ചർ നന്നായി എന്നു പറഞ്ഞു. ആ വാക്ക് ഒരുപക്ഷേ, കാരണമായിട്ടുണ്ടാകാം പിന്നീടുള്ള എഴുത്തിന്. ഞാൻ വളരെ അപകർഷതാബോധമുള്ള, ആരാലും പ്രോത്സാഹിപ്പിക്കപ്പെടാത്ത ഒരു കുഞ്ഞായിരുന്നു. അതുകൊണ്ടുതന്നെ എന്തൊക്കെ ചെയ്താലും കാണിക്കാനോ അഭിപ്രായം പറഞ്ഞുതരാനോ ആരും ഉണ്ടായിരുന്നില്ല. അന്നൊക്കെ ഡയറി എഴുതുമായിരുന്നു. അതിലാണു കവിതകളൊക്കെ എഴുതുക. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു കവിതകൾ അച്ചടിച്ചു വരുന്നത്. കുറേ മാസികകളിൽ അന്നു കവിതകൾ വന്നു. അപ്പോഴാണ് എനിക്ക് ഞാൻ എഴുതുന്ന കവിതകളെ വിശ്വാസമായിത്തുടങ്ങിയത്. പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ് ഭാഷാപോഷിണിയിൽനിന്ന് എഡിറ്ററുടെ കത്തും ചെക്കും ഒക്കെ വരുന്നത്. അന്നൊക്കെ വലിയ സന്തോഷമായിരുന്നു. പക്ഷേ, അതിനുശേഷം പിന്നീട് എനിക്കെഴുതാൻ സാധിച്ചില്ല.
പതിനേഴാം വയസ്സിൽ, പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ എന്റെ നിക്കാഹ് കഴിഞ്ഞു. പിന്നീടു പഠിച്ചതൊക്കെ ഒരുപാടു ബുദ്ധിമുട്ടിത്തന്നെയാണ്. ഉത്തരവാദിത്തങ്ങൾക്കിടയിൽ, വീട്ടുജോലിക്കിടയിൽ പഠനവും എഴുത്തും ഒരുമിച്ചു കൊണ്ടുപോവുക വെല്ലുവിളിയായിരുന്നു. എപ്പോഴെങ്കിലും ഡയറിയിൽ എന്തെങ്കിലുമൊക്കെ എഴുതിയിടും എന്നല്ലാതെ എങ്ങോട്ടും അയച്ചു കൊടുത്തില്ല. അതിനൊരു മാറ്റം വന്നത് സമൂഹമാധ്യമങ്ങളിൽ സജീവമായതിൽ പിന്നെയാണ്. ഞാൻ ഫെയ്സ്ബുക്കിൽ ചെറുതായി എഴുതാൻ തുടങ്ങി. അന്നൊന്നും പുറത്തിറങ്ങാൻ പോലും സാഹചര്യമില്ലാതിരുന്ന സമയത്ത് എനിക്ക് ഒരു വലിയ ലോകം മുഖപുസ്തകം തുറന്നു തന്നു. ബികോം കഴിഞ്ഞു മോനുണ്ടായി. ബിരുദാനന്തരബിരുദമെല്ലാം ഡിസ്റ്റൻസ് ആയിട്ടാണ് ചെയ്തത്. എംകോം വരെ സ്വന്തം സേഫ്റ്റിക്കു വേണ്ടിയാണു പഠിച്ചത്. പിന്നീട് എംഎ മലയാളം അത്രയ്ക്കിഷ്‌ടപ്പെട്ട് എടുത്ത വിഷയമാണ്. പക്ഷേ, വിചാരിക്കും പോലല്ല, നല്ല ബുദ്ധിമുട്ടാണ്.
∙ഷിഫാന എഴുതിയ 46 കവിതകളുടെ സമാഹാരമാണല്ലോ ‘കരിനീലദംശനങ്ങൾ’. ആ പുസ്തകത്തിന്റെ പിറവി എങ്ങനെയായിരുന്നു? എത്രമേൽ പ്രിയപ്പെട്ടതാണത്?
മുഖപുസ്തകത്തിൽ എഴുതിത്തുടങ്ങിയതിൽ പിന്നെ ആദ്യമായി എന്റെ എഴുത്ത് പ്രസിദ്ധീകരിക്കപ്പെട്ടത് ഒരു ഓർമക്കുറിപ്പായിരുന്നു. ഓർമക്കുറിപ്പുകൾ എഴുതാൻ ഇഷ്‌ടമാണെങ്കിലും ഒരുപാട് എഴുതാൻ സമയമില്ലാത്തതു കൊണ്ടും ഒരുപാടു നല്ല ഓർമകളില്ലാത്തതു കൊണ്ടും ഞാൻ വീണ്ടും കവിതകളെഴുതി പോസ്റ്റ് ചെയ്തു. ബെന്യാമിൻ സാറും സച്ചിമാഷുമൊക്കെ കവിതകൾ നല്ലതാണെന്ന് പറയുമായിരുന്നു. ഒരിക്കൽ സച്ചിമാഷ് കവിതകൾക്ക് ഒരു കുഞ്ഞു ബ്ലർബ് എഴുതിത്തന്നു. എല്ലാവരും പുസ്തകത്തെക്കുറിച്ചു ചോദിക്കാൻ തുടങ്ങി. അതിനു ശേഷമാണ് പുസ്തകത്തെക്കുറിച്ച് ആലോചിക്കുന്നത്. ഒരുപാടു ബുദ്ധിമുട്ടിയാണ് ആദ്യ പുസ്തകം ഇറക്കിയത്. ആദ്യം പറഞ്ഞ പബ്ലിഷേഴ്സ് ഒരു വർഷത്തോളം പുസ്തകം ഇറക്കാതെ ലാഗ് ചെയ്യിപ്പിച്ചു. പിന്നീട് വേറേ പബ്ലിഷേഴ്സ് വഴി ഇറക്കി. എങ്കിലും എല്ലാവരിലേക്കും ഇപ്പോഴും ആ പുസ്തകം ശരിയായ രീതിയിൽ എത്തിയിട്ടില്ലെന്നു തോന്നിയിട്ടുണ്ട്. എന്റെ കവിതകൾ എല്ലാവർക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിലുള്ളതാണ്. ആദ്യത്തെ പുസ്തകം ആദ്യത്തെ കുഞ്ഞെന്ന പോലെ എനിക്ക് പ്രിയപ്പെട്ടതാണ്. എന്റെ കണ്ണുനീരിന്റെയും വിയർപ്പിന്റെയും ഉപ്പ് അതിലുണ്ട്. ഒറ്റയ്ക്ക് എന്ന പദം അത്രമേൽ അനുഭവിച്ചാണ് ഞാൻ ആ പുസ്തകം ഇറക്കിയത്.
∙ഷിഫാനയുടെ ഏതാണ്ടെല്ലാ കവിതകളിലും മറ്റെന്തിനേക്കാളുമുപരിയായി അവനും അവളുമുണ്ട്. അവനും അവളും തമ്മിലുണ്ടാകാവുന്ന വിവിധ ബന്ധങ്ങളുടെയും അതിന്റെ പരിണിതഫലങ്ങളുടെയും പ്രതിഫലനവും കവിതകളിലുണ്ട്. അതേപ്പറ്റി വിശദമാക്കാമോ?
പ്രണയം എല്ലായ്പ്പോഴും നിറംമങ്ങാത്ത ഒരു വിഷയമാണ്. പ്രണയത്തിന്റെ രാജകുമാരിയായ മാധവിക്കുട്ടിയെ അത്രമേലിഷ്‌ടപ്പെടുന്ന എനിക്ക് തീർച്ചയായും അതേപ്പറ്റി എഴുതാതിരിക്കുക അസാധ്യമാണ്. അവനിലും അവളിലും നമ്മളുണ്ട്. നമ്മുടെ ഓരോരുത്തരുടെയും വികാര വിചാരങ്ങളുണ്ട്. ബന്ധങ്ങളിൽ അത്രമേൽ ആത്മാർഥതയുള്ള, സ്വാർത്ഥതയുള്ള ഒരുവളാണ് ഞാൻ. അതുകൊണ്ടുതന്നെ അതിൽ നിന്നുണ്ടാകുന്ന വേദനകളുടെ പ്രതിഫലനം കൂടിയാണു പ്രണയ കവിതകൾ.
∙‘ഇതേഴാമത്തെയാ, ഇതും പെണ്ണായാൽ, ചാപിള്ളയാണെന്നും പറഞ്ഞു ഞാൻ കുഴിച്ചിടും’ (ഏഴു പെണ്ണുങ്ങൾ), ‘ഇതും പെണ്ണായല്ലോന്നോർത്ത്, പേറ്റുനോവിലുമവളുടെയമ്മ, വയറ്റത്തടിച്ചു കരഞ്ഞ കഥ, അവൾ തന്നെ പറയും’ (മറുപുറങ്ങൾ). ജനിക്കാതെ മരിച്ചുവീഴുന്ന പെണ്ണുങ്ങളുടെയും ജനിച്ച ശേഷം മരിച്ചു ജീവിക്കുന്ന പെണ്ണുങ്ങളുടെയും ഹൃദയം തകർന്നുള്ള കരച്ചിൽ ആ വരികളിൽ അനുഭവിക്കാം. ഇവിടെ പെണ്ണായിരിക്കുക എന്നാൽ എന്താണ്? കവിതയിൽ അതെങ്ങനെ പറയാൻ ശ്രമിക്കുന്നു?
പെണ്ണായിരിക്കുക എന്നതു തന്നെ ഒരു അതിജീവനമാണ്, പോരാട്ടമാണ്. തികച്ചും ഒരു തരത്തിലും പെൺകുട്ടികളുടെ മൂല്യമറിയാത്ത ഒരു ചുറ്റുപാടിൽനിന്നു വളർന്നു വന്ന ഞാൻ പെൺകുട്ടിയായതിന്റെ പേരിൽ കേട്ടതും അനുഭവിച്ചതുമായ ധാരാളം അനുഭവങ്ങളുണ്ട്. അതുകൊണ്ടു തന്നെ പെണ്ണായിരിക്കുക എന്നതു തന്നെ, പെൺകുട്ടികൾ അവരുടെ ഇഷ്‌ടത്തിനനുസരിച്ചു സ്വയം ജീവിക്കുക എന്നതു തന്നെ അവർക്ക് വലിയ വെല്ലുവിളിയാണ്. ഇപ്പോഴും പെൺകുട്ടികളെ ബാധ്യതയായി കാണുന്ന ഒരു പറ്റം മനുഷ്യരെ ഞാൻ കാണുന്നുണ്ട്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടും ആഗ്രഹങ്ങൾ കുഴിച്ചു മൂടപ്പെടുന്ന പെണ്ണുങ്ങളെ കണ്ടവളാണ് ഞാൻ. വായനയില്ലായിരുന്നെങ്കിൽ ഞാനും അതുപോലെയായി പോകേണ്ട ഒരുവൾ മാത്രമായിരുന്നു.
∙മരണം ഷിഫാനയുടെ പല കവിതകളിലും ശക്തമായ സാന്നിധ്യമാണ്. ‘ഉള്ളിൽ ഒരു ചന്ദനത്തിരി, കത്തി മണക്കുന്ന, ഒരു മരണത്തിന്റെ, ഗന്ധമുണ്ട്’ എന്ന് ‘നിന്റെ മണം’ എന്ന കവിതയിലെഴുതുന്നു. അതുപോലെ പല കവിതകളിലും പ്രിയപ്പെട്ടവരുടെ മരണം ഒരു ദുഃസ്വപ്നം പോലെ കടന്നുവരുന്നു. അത്രമേൽ സ്നേഹിച്ചവരുടെ വേർപാടിൽ പകച്ചുനിൽക്കുന്നൊരാളെ ഈ കവിതകൾ കാണിച്ചു തരുന്നു. വേർപാടുകൾ എത്രത്തോളം ജീവിതത്തെ ഉലച്ചുകളയുന്നുണ്ട്? കവിതയിൽ അതൊരു വേദനയായി പടരുന്നതെങ്ങനെ?
ആരുമല്ലാത്തവർ മരിക്കുമ്പോൾ പോലും എനിക്ക് വല്ലാത്ത ദുഃഖമാണ്. ഒരിക്കൽ ഒരു പൂച്ചക്കുഞ്ഞ് റോഡിൽ മരിച്ചു കിടക്കുന്നതു കണ്ട് കരഞ്ഞു കരഞ്ഞ് ഒരു ദിവസം പനിച്ചവളാണ് ഞാൻ. കാലം കഴിയേ അത്രയും സെൻസിറ്റിവിറ്റിയിൽനിന്ന് മാറിയെങ്കിലും കഴിഞ്ഞ വർഷമാണ് അനിയന് കാൻസർ വരുന്നത്. ഞാൻ വളരെ ബോൾഡ് ആയിട്ടുള്ള ഒരു പെൺകുട്ടി തന്നെയാണ്. അത്രയും അനുഭവങ്ങൾ കൊണ്ട് എന്റെ മനസ്സ് പരുവപ്പെട്ടിട്ടുമുണ്ട്. എന്നാലും അവന് അസുഖമാണെന്ന് അറിഞ്ഞ നിമിഷം ഞാൻ തകർന്നു പോയിരുന്നു. പക്ഷേ, അവന്റെ കൂടെത്തന്നെ ഇത്രയും കാലം ഞാനുമുണ്ടായിരുന്നു കഴിഞ്ഞ മാസമാണ് ഞങ്ങളെ വിട്ട് അവൻ പോയത്. ആ വേദനയിൽ നിന്നൊരു മോചനം എനിക്കുണ്ടാകുമെന്നു തോന്നുന്നില്ല. പക്ഷേ, എനിക്ക് ഒരിക്കലും അവൻ മരിക്കുന്നില്ല. അവന്റെ വിയോഗത്തോളം പോന്ന അനാഥത്വം ഞാനനുഭവിച്ചിട്ടില്ല.
∙‘മുറ്റത്തടക്കിയ അവൾ കിടക്കുന്നിടത്ത്, അപ്പൊത്തന്നെ പോയി, കള്ളുകുടിച്ചു വരുമ്പോ ചവിട്ടുന്ന, പോലൊരു ചവിട്ടു വച്ചു കൊടുത്തു’ (ഒരുമ്പെട്ടവൾ), ഇനി, പ്രണയിക്കുമ്പോൾ, ആത്മാവ് തൊടുന്ന, ആ ചെറിയ കണ്ണുകളിൽ, നിങ്ങൾ മാത്രം, നിറഞ്ഞിരിക്കുന്നൊരുവനെ, പ്രണയിക്കുക (പെണ്ണുങ്ങളോട്), ‘എന്തു പറയാനാണ്, പണ്ടുമുതലേ മനുഷ്യൻ, സ്വാർഥനാണ്; പിന്നെങ്ങനെയാണ്, സ്നേഹിക്കുമ്പോൾ മാത്രം, അങ്ങനല്ലാതാകുന്നത്’ (എന്റെ മാത്രം), ‘ചത്തുമലച്ച കുഞ്ഞാടിന്, വിശ്വസിച്ചു മരണം വരിച്ച, പെണ്ണിന്റെ രൂപമായിരിക്കും’ (വിശ്വസിച്ചു മരണം വരിച്ചവൾ). പ്രണയഭംഗത്തിന്റെ, പ്രണയരാഹിത്യത്തിന്റെ, ചതിയുടെ, ആണഹന്തയുടെ വിവിധ ബിംബങ്ങളാൽ സമൃദ്ധമാണു ഷിഫാനയുടെ കവിതകളത്രയും. പ്രണയം ഒരു സ്വപ്നം മാത്രമാണോ? രണ്ടുപേർ പ്രണയശേഷം ഒരുമിച്ചു ജീവിച്ചുതുടങ്ങുമ്പോൾ നിറങ്ങളെല്ലാം വറ്റി അതൊരു ദുഃസ്വപ്നമായി മാറുന്നുണ്ടോ?
പ്രണയം എനിക്ക് സ്വപ്നവും അതേസമയം യാഥാർഥ്യവുമാണ്. പ്രണയമൊരുപാടു വായിക്കുന്ന, കേൾക്കുന്ന, അനുഭവിക്കുന്ന ഒരാളെന്ന നിലയ്ക്ക് എന്റെ കവിതകൾ പ്രണയം വിളിച്ചു പറയും. എന്റേത് ഒരു പ്രണയ വിവാഹമല്ല. പത്തു വർഷമായി. ഇപ്പോൾ സന്തോഷമാണ് ജീവിതം. പ്രണയം ഒരിക്കലും വിവാഹത്തിൽ കലാശിക്കേണ്ട ഒന്നല്ല. പ്രണയിക്കുന്നത് വിവാഹം കഴിക്കാനാണെന്നുള്ള ധാരണയേ തെറ്റാണ്. സ്നേഹിക്കപ്പെടുന്ന സ്ത്രീ നന്ത്യാർവട്ട പൂക്കളെപ്പോലെ സുന്ദരിയായിരിക്കുമെന്ന് ആമി പറഞ്ഞിട്ടില്ലേ. അതേ എനിക്കും പറയാനുള്ളൂ. എങ്കിലും പെണ്ണിനോളം പോന്ന ആത്മാർഥത പലപ്പോഴും ആണിനില്ലെന്നു തോന്നിയിട്ടുണ്ട്. ആണുങ്ങൾക്ക് നേരേ തിരിച്ചും ചിലപ്പോൾ തോന്നിയെന്നിരിക്കാം. ഓരോരുത്തരും ഓരോന്നാണല്ലോ.
∙കരിനീല ദംശനങ്ങൾ എന്ന കവിതാസമാഹാരത്തിലെ കവിതകളിൽ ഷിഫാനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നാലുവരി ഏതാണെന്നു പറയാമോ?
എന്റെ കവിതകൾ മികച്ചതാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ചില പ്രത്യേക വരികളോട് ഇഷ്ടമില്ല എന്നതാണു സത്യം.
∙ഫെയ്സ്ബുക്കിലും ഇൻസ്റ്റയിലുമെല്ലാം ഷിഫാന സജീവമാണല്ലോ. തുടരെ ഫോട്ടോകളും വിഡിയോകളും പോസ്റ്റ് ചെയ്യുന്നു, കവിതകൾ ഷെയർ ചെയ്യുന്നു. സമൂഹമാധ്യമങ്ങൾ എത്രമാത്രം ആത്മപ്രകാശനത്തിന് ഉപകരിക്കുന്നുണ്ട്?
സമൂഹമാധ്യമങ്ങളാണ് എഴുത്തിന്റെ വഴിയിലേക്ക് വീണ്ടുമെന്നെ കൊണ്ടുവന്നത്. സച്ചി മാഷെയും ബെന്യാമിൻ സാറിനെയും ഇന്ദുച്ചിയെയും പോലെ കുറേ മനുഷ്യരെ പരിചയപ്പെട്ടത് ഇതുവഴിയാണ്. തീർച്ചയായും എന്റെ വളർച്ചയ്ക്കും ആത്മപ്രകാശനത്തിനും ഉപകരിക്കുന്നതു തന്നെയാണു സമൂഹ മാധ്യമങ്ങൾ.
∙സമകാലീന കവിതയിൽ ഷിഫാനയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടവർ ആരൊക്കെയാണ്?
എനിക്ക് കവിതയിൽ പ്രത്യേക ഒരിഷ്‌ടമില്ല. എല്ലാം വായിക്കും. എങ്കിലും ലളിതമായ ഭാഷയിലുള്ള എഴുത്തുകളോടാണു കൂടുതൽ താൽപര്യം.
∙അടുത്ത പുസ്തകം എപ്പോഴാണു പ്രസിദ്ധീകരിക്കുന്നത്? എത്ര കവിതകൾ ആണ് അതിലുണ്ടാകുക?
അടുത്ത പുസ്തകം അടുത്തു തന്നെയുണ്ടാകും അതിന്റെ അവസാന പണികളിലാണ്. ‘കാദംബരി’ എന്നാണ് പേര്. ആദ്യ പുസ്തകം ഓൺലൈൻ വഴി പ്രകാശനം ചെയ്തത് റഫീഖ് അഹമ്മദ്, ബെന്യാമിൻ, സച്ചിദാനന്ദൻ എന്നിവരായിരുന്നു. ബെന്യാമിൻ, സച്ചിദാനന്ദൻ എന്നിവരാണ് ആദ്യ പുസ്തകത്തിന് ആമുഖവും ബ്ലർബും എഴുതിയത്. പുതിയ പുസ്തകത്തിന് വീരാൻകുട്ടി മാഷും അൻവറലി ഇക്കയുമാണ് ആമുഖവും ബ്ലർബും എഴുതിയിരിക്കുന്നത്. നാൽപതോളം കവിതകളുണ്ട് അതിൽ.
∙സ്വന്തം കവിതകളെക്കുറിച്ചോർത്ത് ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം?
ചിലപ്പോഴൊക്കെ ചില മനുഷ്യർ വന്നു വല്ലാതെ വികാരഭരിതമായി എഴുത്തു വായിച്ചതിനെക്കുറിച്ചു പറയാറുണ്ട്. അപ്പോഴൊക്കെ എഴുത്തിനെക്കുറിച്ചു സന്തോഷം തോന്നിയിട്ടുണ്ട്.
∙കവിത കഴിഞ്ഞാൽ പിന്നെയിഷ്ടം മൈലാഞ്ചിയിടൽ ആണോ? അതൊരു പാഷനായി പിന്തുടരുന്നുണ്ടോ?
മൈലാഞ്ചി ഒരു ആഗ്രഹത്തിന് പഠിച്ചെടുത്ത ഒന്നാണ്. ഒരു മിനിറ്റുകൊണ്ട് ഇടതു കൈ ഉപയോഗിച്ച് മൈലാഞ്ചി ഇട്ടതിന് ഈയടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കിട്ടിയിരുന്നു. മൈലാഞ്ചി ഇടാൻ ഇഷ്‌ടമാണ്. അതുപോലെതന്നെ, ഡിഗ്രിക്ക് പഠിക്കുമ്പോൾ കൂടെ ഫാഷൻ ഡിസൈനിങ് ഡിപ്ലോമ കൂടി ചെയ്തിരുന്നു. ഒഴിവു സമയത്ത് അതുകൊണ്ടു ചിലപ്പോൾ എംബ്രോയ്‌ഡറിയും ചെയ്യാറുണ്ട്. ഏറ്റവും ഇഷ്ടം പ്രിയപ്പെട്ടവരോട് സംസാരിക്കാനും പഠിക്കാനും പുറത്തുപോകാനും ഗസൽ കേൾക്കാനുമൊക്കെത്തന്നെയാണ്.
∙എഴുത്തുകാരന്റെ ആശംസയോടും ഒപ്പോടും കൂടി കരസ്ഥമാക്കണമെന്ന് ഷിഫാനയ്ക്ക് ഈയടുത്ത് ഏറ്റവുമധികം ആഗ്രഹം തോന്നിയ ഒരു പുസ്തകം?
കെ.ആർ. മീരയുടെ പുസ്തകങ്ങൾ വളരെ ഇഷ്‌ടമാണ്. ഘാതകൻ വായിച്ചിട്ടില്ല. വായിക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ്.
മലപ്പുറം ജില്ലയിലെ ഹാജിയാർപള്ളിയാണ് ഷിഫാനയുടെ സ്വദേശം. ഉപ്പ: ഷാജഹാൻ. ഉമ്മ: സാജിത. അനിയൻ: ഷിനാൻ. ഭർത്താവ്: രാമപുരം സ്വദേശി സലിം. മകൻ: ഷാൻ യഹ്‌യ.
Content Summary: Puthuvakku - Talk with writer Shifana Salim