‘വേലായുധാ.. വേലായുധോ..’ എമ്പ്രാന്തിരിവാൽ ചേർക്കാത്ത വിളി! കിടന്ന കിടപ്പിൽ നിന്നെണീക്കുവാനോ കൈകൾ ചലിപ്പിക്കുവാനോ പോയിട്ട് കണ്ണൊന്നു തുറക്കാൻ പോലുമാവാത്ത അവസ്ഥയിലും ആ വിളി എന്നെ അസ്വസ്ഥനാക്കി. അമ്മയാണോ? അല്ല പുരുഷസ്വരമാണ്. പത്തു വർഷം മുൻപ് മരിച്ച അച്ഛൻ? ഏയ്... എവിടുന്ന്. വേലായുധാ

‘വേലായുധാ.. വേലായുധോ..’ എമ്പ്രാന്തിരിവാൽ ചേർക്കാത്ത വിളി! കിടന്ന കിടപ്പിൽ നിന്നെണീക്കുവാനോ കൈകൾ ചലിപ്പിക്കുവാനോ പോയിട്ട് കണ്ണൊന്നു തുറക്കാൻ പോലുമാവാത്ത അവസ്ഥയിലും ആ വിളി എന്നെ അസ്വസ്ഥനാക്കി. അമ്മയാണോ? അല്ല പുരുഷസ്വരമാണ്. പത്തു വർഷം മുൻപ് മരിച്ച അച്ഛൻ? ഏയ്... എവിടുന്ന്. വേലായുധാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വേലായുധാ.. വേലായുധോ..’ എമ്പ്രാന്തിരിവാൽ ചേർക്കാത്ത വിളി! കിടന്ന കിടപ്പിൽ നിന്നെണീക്കുവാനോ കൈകൾ ചലിപ്പിക്കുവാനോ പോയിട്ട് കണ്ണൊന്നു തുറക്കാൻ പോലുമാവാത്ത അവസ്ഥയിലും ആ വിളി എന്നെ അസ്വസ്ഥനാക്കി. അമ്മയാണോ? അല്ല പുരുഷസ്വരമാണ്. പത്തു വർഷം മുൻപ് മരിച്ച അച്ഛൻ? ഏയ്... എവിടുന്ന്. വേലായുധാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വേലായുധാ.. വേലായുധോ..’

 

ADVERTISEMENT

എമ്പ്രാന്തിരിവാൽ ചേർക്കാത്ത വിളി!

 

കിടന്ന കിടപ്പിൽ നിന്നെണീക്കുവാനോ കൈകൾ ചലിപ്പിക്കുവാനോ പോയിട്ട് കണ്ണൊന്നു തുറക്കാൻ പോലുമാവാത്ത അവസ്ഥയിലും ആ വിളി എന്നെ അസ്വസ്ഥനാക്കി. 

 

ADVERTISEMENT

അമ്മയാണോ? അല്ല പുരുഷസ്വരമാണ്. പത്തു വർഷം മുൻപ് മരിച്ച അച്ഛൻ? ഏയ്... എവിടുന്ന്. 

 

വേലായുധാ എന്നിത്ര അധികാരത്തോടെ വിളിക്കാൻ പിന്നാരാണപ്പാ? 

 

ADVERTISEMENT

തണുപ്പും നേർമയുള്ള ഈ കിടക്കയിൽ എങ്ങനെ വന്നെത്തിയെന്നതും മനസ്സിലാവുന്നില്ല. എത്ര ശ്രമിച്ചിട്ടും ദീപാരാധന കഴിഞ്ഞ് നടതുറന്ന് ആരതിയുഴിയാൻ തുടങ്ങിയിടത്ത് ഓർമകൾ അവസാനിക്കുന്നു. 

 

റിവേഴ്സ് ഗിയറിൽ പോയി നോക്കി. ശ്രീകോവിലിനുള്ളിൽ കയറി ഊക്കോടെ തീപ്പെട്ടിയുരച്ച് തട്ടുവിളക്ക് കത്തിച്ചിടത്ത് ചെന്നു നിന്നു. ‘ജാജ്വല്യ മാനം സുര വൃന്ദവന്ദ്യം കുമാര ധാരാ തട മന്ദിരസ്ഥം’ എന്നു തുടങ്ങുന്ന ശ്ലോകമൊന്നുമായിരുന്നില്ല അപ്പോഴെന്റെ മനസ്സിൽ. ‘പെണ്ണുങ്ങക്കിത്ര അഹങ്കാരം പാടില്ലല്ലോ. ആണൊരുത്തനൊരു കാര്യം ചെയ്യരുതെന്നു പറഞ്ഞാൽ അതിലെന്തേലും ന്യായംണ്ടാവുംന്ന് മൻസിലാക്കണ്ടേ. വാശി കാണിക്ക്യാച്ചാൽ കാണാല്ലോ ആരാ ജയിക്കാന്ന്’.  അങ്ങനെയെന്തൊക്കെയോ പിറുപിറുക്കലുകളായിരുന്നു. 

 

കാർത്തികയോട് പിണങ്ങിയിട്ട് അന്നേക്ക് രണ്ടു ദിവസം പിന്നിട്ടിരുന്നു. പിഎസ്‌സി ലിസ്റ്റിൽ കയറിക്കൂടിയതിൽ പിന്നെ എന്റെ വാക്കുകളെയൊന്നും മുഖവിലയ്ക്കെടുക്കണ്ട എന്നൊരു ഭാവം ഉണ്ടായിട്ടുണ്ടവൾക്ക്. അപ്പോൾ ജോലി കിട്ടിയാലുള്ള അവസ്ഥ എന്താവും! സതീശൻ പറഞ്ഞതു തന്നെയാണു ശരി. അവൾക്കിപ്പോൾ നിയമന ഉത്തരവ് കിട്ടിയിരിക്കുന്ന ജോലി, പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതേയല്ല. അതേവിഭാഗത്തിൽ തന്നെ ജോലി ചെയ്യുന്നവന്റെ വാക്കാണ് എനിക്കിപ്പോൾ വിശ്വാസം.

   

‘വേലായുധേട്ടനത് ആദ്യം പറയാര്ന്നില്ലേ? കായിക പരീക്ഷേം ഇൻറർവ്യൂം വരെ കഴിഞ്ഞ് ജോലീക്കേറാൻ കടലാസ് വന്നപ്പഴാണോ ദൊക്കെ ആലോയ്ക്കണ്ടത്. യ്ക്കറിയണം എന്താ ഞാൻ പോയാല്ന്ന്’.

 

എന്തായിരുന്നു അവളുടെ നാഗവല്ലിയാട്ടം! എനിക്ക് ജീവനുള്ളിടത്തോളം കാലം ഇതിന് സമ്മതിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ ശേഷം തമ്മിൽ മിണ്ടിയിട്ടുമില്ല. ഓർമവഴിയിൽ മുന്നോട്ടു തന്നെ സഞ്ചരിച്ച് പഴയിടത്ത് തിരിച്ചെത്തിയപ്പോൾ ബാക്കി കൂടി തെളിഞ്ഞു കിട്ടി. ആരതിയുഴിഞ്ഞു കൊണ്ടിരുന്നപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ടതും വിളക്കോടെ പിന്നിലേക്ക് മറിഞ്ഞു വീണതുമെല്ലാം.

 

‘വേലായുധമ്പ്രാന്തിരി ശ്രീകോവിലിനകത്ത് വീണൂട്ടോ. അങ്ങട്ട് കയറ്യശുദ്ധാക്കാനും വയ്യാല്ലോ. അച്ചുമ്പ്രാന്തിരിയെ വിളിക്കൂ ആരെങ്കിലും...’ 

 

മാലകെട്ടിക്കൊണ്ടിരുന്ന വാരസ്യാരുടെ ശബ്ദമാണ് അതിൽ അവസാനത്തേത്. പിന്നെ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? ദീപാരാധന തൊഴാൻ പഴയപോലെ ആളുകൾ വരാറില്ല. വന്നാൽ തന്നെ ശ്രീകോവിലിനകത്ത് കയറി വന്ന് എന്നെ കൂട്ടിത്തൊട്ട് അശുദ്ധമാക്കാൻ ധൈര്യപ്പെടുകയുമില്ല. അച്ചുമ്പ്രാന്തിരി കൃഷ്ണന്റമ്പലത്തിൽ പൂജയ്ക്ക് കയറിയിരുന്നതുകൊണ്ട് പെട്ടെന്നൊന്നും അതിനുള്ളിൽ നിന്നിറങ്ങി വന്നിരിക്കാനും ഇടയില്ല. അപ്പോൾ. ഞാൻ മരണപ്പെട്ടിട്ടുണ്ടാവുമോ? മരണശേഷവും മനുഷ്യനിങ്ങനെ ഓർമവലയ്ക്കുള്ളിൽ കുരുങ്ങി അന്തമില്ലാതെ നട്ടംതിരിയുമോ?

 

രണ്ടിലൊന്നറിയണമെന്ന നിർബന്ധബുദ്ധിയോടെ കണ്ണുകൾ ബലപ്പെട്ടു തുറന്നപ്പോൾ, നേർത്ത മഞ്ഞുകണങ്ങൾ മുന്നിലൂടെ ഒഴുകി നീങ്ങുന്നതായി തോന്നി. നെറ്റിയിൽ മൂന്നുവര ഭസ്മക്കുറിയും ഇടംകൈയിൽ ശൂലവും ചുണ്ടിലിളം പുഞ്ചിരിയുമായി എന്നെ ഉറ്റു നോക്കിക്കൊണ്ട് കിടക്കയുടെയറ്റത്ത് ഒരാളിരിക്കുന്നു. അതു മുരുകനാണെന്നു തിരിച്ചറിഞ്ഞതും ചാടിയെണീക്കാനൊരു ശ്രമം നടത്തി പരാജയപ്പെട്ട് നിസ്സഹായതയുടെ പച്ചപ്പുതപ്പണിഞ്ഞു ഞാനങ്ങനെ കിടന്നു. ഞാൻ മരിച്ചു കഴിഞ്ഞെന്നും ഇത്രനാളും സേവിച്ച പാദങ്ങൾക്കരികിലെത്തപ്പെട്ടുവെന്നും തീർച്ചയായി. പക്ഷേ, തണുപ്പു തങ്ങി നിൽക്കുന്ന മുറിയും യന്ത്രങ്ങളിൽ നിന്ന് പുറപ്പെടുന്ന നേർത്ത ശബ്ദവും എന്നെ വന്നു നോക്കിയ ശേഷം പേഷ്യന്റിന് ബോധം വീണിട്ടില്ലെന്നു മന്ത്രിച്ച് തിരിഞ്ഞു നടന്ന നഴ്സും പരലോകത്തുണ്ടാകാൻ സാധ്യതയില്ലല്ലോ!

 

‘വേലായുധാ...’

 

തന്റെ അതേ പേരുള്ള മറ്റൊരാളെ പേരു ചൊല്ലി വിളിക്കുമ്പോഴുണ്ടാകുന്ന ജാള്യത മുരുകന്റെ മുഖത്തു തെളിഞ്ഞു.

 

‘ഞാൻ നിന്നോടൊരു കാര്യം’.

 

മുരുകൻ സംസാരിച്ച് തുടങ്ങിയ നിമിഷം പുറത്തേക്കുള്ള വാതിലിനു നടുവിലെ സുതാര്യമായ ഭാഗത്ത് കർട്ടൻ നീങ്ങി മാറി കാർത്തികയുടെ മുഖം തെളിഞ്ഞു. കരഞ്ഞു കലങ്ങിയ കണ്ണുകൾ നേരിട്ടും മാസ്കിനുള്ളിൽ വിതുമ്പുന്ന ചുണ്ടുകൾ സങ്കൽപത്തിലും കണ്ടു. എന്നെ ഏറെ നേരം നോക്കി നിന്ന ശേഷം അപ്രത്യക്ഷമായ മുഖം ഒരിക്കൽ കൂടി കാണാനെനിക്കു കൊതിതോന്നി. പിണക്കമൊന്നും ആ മുഖത്തിപ്പോൾ കാണാനേയില്ല.

 

‘പാവം!’

 

‘ആര്?’

 

‘കാർത്തിക’

 

ചിന്തകളിലേക്കൂളിയിട്ട് കണ്ണുമടച്ച് കിടക്കുമ്പോൾ മുരുകന്റെ ചോദ്യമെന്നെ അസ്വസ്ഥനാക്കി.

 

‘ഇത്രേം എതിർക്കാൻ മാത്രം ആ ജോലിക്കെന്തായിരുന്നു വേലായുധാ കുഴപ്പം. അവള് കൊറേ കഷ്ടപ്പെട്ട് കിട്ടീതല്ലേ ? എത്ര ഷഷ്ഠി നോറ്റതാ!’

 

ഷഷ്ഠി നോറ്റോണ്ടാണോ അവള് പരീക്ഷ പാസായതെന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടാവണമല്ലോ. അവള് കുത്തിയിരുന്നു പഠിച്ചതും നീ കണ്ടില്ലാര്ന്നോ എന്നൊരു മറുചോദ്യമായിരുന്നു ഉത്തരം. താൻ പാതി ദൈവം പാതി എന്ന ചൊല്ലിനെക്കുറിച്ചു പറഞ്ഞപ്പോൾ അതിനെക്കുറിച്ച് മനുഷ്യർക്ക് മാത്രേ അറിവുള്ളൂ എന്നു തിരിച്ചടി. പെണ്ണുങ്ങൾ ജോലിക്കു പോയാലുണ്ടാകാവുന്ന പ്രയാസങ്ങൾ നിരത്തലിലായി പിന്നീടെന്റെ ശ്രദ്ധ. 

 

‘പെട്രോൾ പമ്പിലൊക്കെ ജോലിക്കു നിക്കണ പെണ്ണ്ങ്ങടെ കഷ്ടപ്പാടൊന്ന് കാണണം. ആണുങ്ങള് പറയ്ണ വൃത്തികേട് മുഴ്വോൻ കേട്ട് തിരിച്ചൊന്നും പറയാമ്പോലും പറ്റാണ്ടെ. ഹോ! ഏത് ജോലിയാലും ഇതൊക്കെത്തന്നെയാണ് മുരുകാ അവസ്ഥ’.

 

‘ആഹാ, എന്നാലാ കഷ്ടപ്പാടൊന്നു കാണണല്ലോ’ എന്നും പറഞ്ഞ് മുരുകനെണീറ്റു. എനിക്ക് നേരെ കൈ നീട്ടി.  മാർദവമുള്ള കൈപ്പത്തിയിൽ പിടിച്ച് ഞാനെണീറ്റപ്പോഴും ഓക്സിജൻ മാസ്കും മറ്റനവധി ട്യൂബുകളും ഘടിപ്പിച്ച ശരീരം കിടക്കയിൽ തന്നെ!

 

ഐസിയുവിന് മുന്നിൽ കരഞ്ഞു തളർന്നിരിക്കുന്ന കാർത്തികയെ അടുത്തു ചെന്നൊന്നാശ്വസിപ്പിക്കാൻ എനിക്കു വല്ലാത്ത കൊതി തോന്നി. കാലം ഇതായതു കൊണ്ട് അധികം ആളുകളില്ല വരാന്തയിലൊന്നും. എന്നിട്ടും അവളെ കൊതിയോടെ നോക്കുന്ന ആൺകണ്ണുകൾ പരതി ഞാൻ. സതീശന്റെ വഷള് ചിരിയും വർത്തമാനവും ഉള്ളിൽ തികട്ടുന്നു. 

 

‘ഈ വനിതാ കോൺസ്റ്റബിളെന്നു പറയുമ്പോ യ്യ് വിചാരിക്ക്ണ പവറൊന്നൂല്ല വേലായുധാ. മ്മള് കൂട്ട്കാരായോണ്ട് പറഞ്ഞ് തരണതാ. യ്യ് കേക്ക്. അലമ്പ്ണ്ടാക്കണ പെണ്ണ്ങ്ങളെ പിടിച്ചു വലിച്ച് ജീപ്പീക്കേറ്റാനേ ഇത്ങ്ങളെ ആവശ്യള്ളൂ. ഏമാന്മാരുടെ താളത്തിനൊത്തു തുള്ളിയാൽ വല്യ പരിക്കൊന്നുല്ലാണ്ട് തട്ടീം മുട്ടീം പോവാം. അല്ലേൽ വല്ല്യ പാടാട്ടോ. ത്തിരി ചന്തള്ളോരാച്ചാൽ പറയും വേണ്ട’.

 

ഇല്ല, എനിക്ക് ജീവനുള്ളിടത്തോളം...

 

മുരുകനെന്നെ കാത്ത് ആശുപത്രി മുറ്റത്തു നിൽക്കുന്നു. അരികുചാരി നിൽക്കുന്ന പക്ഷിയെ കണ്ട് ഞാൻ വാ പൊളിച്ചു.

 

‘അയ്യേ! ഇതെന്താ പെൺമയിൽ?’

 

‘പെൺമയിലെന്താ മയിലല്ലേ?’

 

ആണുങ്ങളേക്കാൾ ചുറുചുറുക്കുണ്ടെന്ന കാരണം പറഞ്ഞു വാഹനതസ്തികയിൽ പെൺമയിലുകളെ മാത്രം നിയമിക്കുന്ന നടപടിയോട് എനിക്ക് യോജിക്കാനായില്ല. മയിലെന്നു പറയുമ്പോൾ നമ്മടെ മനസ്സിൽ തെളിയുന്ന ചിത്രമെന്താ? ഭംഗിയുള്ള പീലിയൊക്കെ നിവർത്തിയിങ്ങനെ നൃത്തം ചെയ്ത്... ഇതൊരുമാതിരി വലിയ കോഴിയെപ്പോലെ കാക്കി നിറത്തിൽ തൂവലും കുടഞ്ഞ്!

 

‘പെണ്ണുങ്ങളെ വശീകരിക്കാനുള്ള കാബറേയാണ് മോനേ നീയീ പറയുന്ന ഡാൻസ്! അതിലൊന്നും വല്യ കാര്യല്ല്യ. വേഗം വന്നെന്റെ മുന്നിലിരിക്ക്. കുറേ കാഴ്ചകൾ കാണാനുള്ളതല്ലേ. നേരം കളയണ്ട’.

 

‘ഈ മയിലിനൊരുപാടു ദൂരൊന്നും പറക്കാമ്പറ്റില്ലല്ലോ’.

 

ഞാനെന്റെ ഉള്ളിലെ അരുചി സംശയ രൂപത്തിൽ പുറത്തുവിട്ടു.

 

‘എടോ ദൈവത്തിന്റെ വാഹനമാകുന്നതോടെ അസാധാരണമായ ചില കഴിവുകൾ ഇവറ്റയ്ക്ക് വന്നു ചേരുന്നു. അങ്ങനെ വിശ്വസിച്ചാപ്പോരേ?’

 

മതി, അതാണല്ലോ എളുപ്പവും.

 

അവളുടെ പുറത്തു കയറിയപ്പോൾ, പണ്ട് സർക്കസ് കാണാൻ പോയതും യന്ത്ര ഊഞ്ഞാലിൽ കയറിയതും കറങ്ങിത്തുടങ്ങിയപ്പോൾ നിർത്തോ എന്ന് അലറിയതും ഓർമ വന്നു. പറക്കാനുള്ള കഴിവിനെ സംശയിച്ചതിന് എനിക്കിട്ട് പണിഞ്ഞതാണോ ഈ പക്ഷി എന്ന് വിചാരിക്കാതിരുന്നില്ല. പറക്കലിനിടയിൽ മുരുകൻ ചൂണ്ടിക്കാണിച്ച കാഴ്ചകളൊന്നും ഉള്ളിലെ ആളൽ കാരണം ശരിക്ക് കാണാനും പറ്റിയില്ല.

 

ഞങ്ങൾ പറന്നിറങ്ങുമ്പോൾ പെട്രോൾപമ്പിൽ വാഹനങ്ങളുടെ ക്യൂ! കാണാനൊട്ടും ചന്തമില്ലാത്തൊരു പെൺകുട്ടി പൈപ്പും പിടിച്ചൊരു ബൈക്കിനടുത്ത് നിൽക്കുന്നു. ‘ഇറക്കിപ്പിടിച്ചില്ലേൽ പുറത്തു പോവും മോളേ’ എന്നു പറഞ്ഞ് ബൈക്കിലിരുന്നവൻ അറിയാത്ത മട്ടിൽ പെണ്ണിന്റെ മാംസളമായ ഭാഗത്ത് സ്പർശിച്ചതും അവൾ തിരിഞ്ഞു നിന്നവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചതും ഒപ്പം കഴിഞ്ഞു. തലങ്ങും വിലങ്ങുമൊന്നു തല വെട്ടിച്ചു നോക്കിയ ശേഷം, പ്രകാശത്തെ തോൽപിച്ചു കളഞ്ഞേക്കാവുന്ന വേഗതയിൽ ചീറിപ്പാഞ്ഞവനങ്ങു പോയി. മാസ്കുള്ളതുകൊണ്ട് കവിളത്തു പാടു വീണിട്ടുണ്ടാവില്ലെന്ന് ഞാൻ കരുതി.

 

‘സീസീടീവീം ത്രേം ആൾക്കാരുമൊക്കെ ഇവിടുള്ളോണ്ടാ. ഒറ്റയ്ക്ക് കിട്ട്യാ അവനിവളെ’.

 

പിന്നേ.. ഒലത്തും എന്നൊരു ഭാവം മയിൽപെണ്ണിന്റെ മുഖത്തുണ്ടോ?

 

‘ഇനിയെവിടേലും പോവാനുണ്ടോ വേലായുധാ?’

 

ഉത്തരം പറയാതെ തലയും താഴ്ത്തി നിന്ന എന്റെ കരണം കുറേശ്ശെ പുകഞ്ഞു തുടങ്ങി. പെട്ടെന്നൊരോർമയിൽ മുരുകനെനിക്ക് നേരെ തിരിഞ്ഞു

 

‘വേലായുധാ... ഞാൻ നിന്നെ കാണാൻ വന്നത് മറ്റൊരു കാര്യം പറയാനാ. നിന്റെ സംസാരോം കേട്ട് നിന്ന് അതങ്ങ് വിട്ടുപോയി’.

 

ദൈവങ്ങൾക്ക് എല്ലായ്പ്പോഴും സംഭവിക്കുന്ന അബദ്ധമാണത്രേ ഇത്. ഭക്തരുടെ തീരാത്ത ആവലാതികൾ കേട്ട് മനസ്സിടറി അവരോട് സംവദിക്കാനുള്ളത് മറന്നു പോകൽ! കാര്യസാധ്യത്തിനു വേണ്ടിയല്ലാതെ ഇത്തിരി നേരം ആരെങ്കിലും തന്റെ മുന്നിലൊന്നു വന്നു നിന്നെങ്കിലെന്ന് മുരുകൻ ആഗ്രഹിച്ചിട്ടുണ്ട് പോലും!

 

‘ശ്രോതാവ് മാത്രമായിട്ടിരിക്കുന്നതിന്റെ വിരസത അറിയണെങ്കി നീ എന്റെ സ്ഥാനത്തൊന്നിരുന്നു നോക്കണം ഭക്താ!’

 

വൈകുന്നേരം അരിയും പച്ചക്കറിയും വാങ്ങിക്കാൻ കാശില്ലാത്തതിന്റെ വേദനയറിയണമെങ്കിൽ മുരുകൻ എന്റെ സ്ഥാനത്തും ഇരുന്നു നോക്കണമെന്ന് മനസ്സിൽ പറഞ്ഞു.

 

‘ഇനീം മറക്കണേന് മുന്നേ എന്നോട് പറയാൻള്ള കാര്യങ്ങട്ട് പറഞ്ഞോളൂ’.

 

ഞാനെന്റെ അക്ഷമ മറച്ചുവെച്ചില്ല.

 

‘നീ മരിക്കാനുണ്ടായ കാരണമറിയണ്ടേ വേലായുധാ’.

 

‘മരിക്കാനുണ്ടായ കാരണോ? അപ്പോ ഞാൻ മരിച്ചോ?’

 

‘അല്ല, രണ്ടിനുമിടയ്ക്കു നിക്കുമ്പോ അങ്ങടും ഇങ്ങടും ആവാലോ! ഈ അവസ്ഥേലാവാനുള്ള കാരണമറിയോന്നാ ഉദ്ദേശിച്ചേ’.

 

‘കൊറോണയായിരിക്കും. ശ്വാസംമുട്ടലും ഓക്സിജൻ സിലിണ്ടറിൽ കുടുക്കിക്കിടത്തലും അതിന്റെ ബാക്കിയാവൂല്ലോ’.

 

‘നിന്റെ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാ. അതൊന്നും അല്ല’.

 

‘പിന്നെ?’ 

 

‘ഇനീം നിന്നെ ആകാംക്ഷേല് നിർത്തണില്ല. കാര്യങ്ങട്ട് പറയാം. ക്ഷേത്രത്തില് ആരതിയുഴിയാനെടുക്കണ കർപ്പൂരത്തില് മായം ണ്ട്’.

 

‘കർപ്പൂരത്തിലും മായോ’.

 

‘വെലകുറഞ്ഞ ഉപ്പുപൊടീല് വരെ മായല്ലേ! സോഡിയം സിലിക്കേറ്റും ചോക്കുപൊടീം ചേർത്ത് ഉപ്പുപായ്ക്കറ്റ് വിൽക്കണോര് കർപ്പൂരത്തെ വെറുതെ വിട്വോ?’

 

‘ഇത്രേം വിവരൊക്കെ മുരുകനെവിടുന്നാ?’

 

‘ഇതൊന്നുമറിയാത്തവനെ നിങ്ങൾ ‘ജ്ഞാനപ്പഴം’ എന്ന് വിളിക്കില്ലല്ലോ’.

 

‘വേദോപനിഷത്തിലും ജ്യോതിഷത്തിലുമുള്ള പാണ്ഡിത്യം കാരണല്ലേ അങ്ങനെ വിളിക്കണേ?’

 

‘നൂറ്റാണ്ടുകൾക്കു മുൻപെഴുതി വച്ചതുമാത്രം പഠിച്ച് അതിനു മേൽ അടയിരിക്കുന്നവൻ എങ്ങനെ പണ്ഡിതനാകും ഭക്താ?’

 

എനിക്കുത്തരമുണ്ടായില്ല.

 

‘അതുപോട്ടെ, നമുക്ക് കാര്യത്തിലേക്ക് കടക്കാം. കർപ്പൂരം കത്തിത്തീരുമ്പോൾ വിളക്കിൽ അസ്വാഭാവികമായ ചില അവശിഷ്ടങ്ങൾ നിന്റെ ശ്രദ്ധയിൽ പെട്ടില്ലല്ലേ?’

 

കത്തുന്നതിനെക്കുറിച്ചല്ലാതെ ശേഷിപ്പുകളെക്കുറിച്ച് ആര് ചിന്തിക്കുന്നു! പൂർണമായും കത്തിത്തീരുന്ന കർപ്പൂരം പോലെ, ക്ഷേത്രദർശനം നടത്തുന്ന ഭക്തരുടെ ഉള്ളും ദുഷ്ചിന്തകളില്ലാതെ പരിശുദ്ധമാകുന്നു എന്നാണ് വിശ്വാസം. അയമോദകവും കർപ്പൂരവും പൊടിച്ച് കിഴികെട്ടി ഇടയ്ക്കിടെ മണപ്പിച്ചാൽ കോവിഡ് വന്നാലും ഗുരുതരമാവില്ലെന്ന ആയുർവേദ കുറിപ്പടിയും വാട്സാപ്പ് വഴി ഓടി നടക്കുന്നുണ്ട്. ആ കർപ്പൂരത്തിനാണിപ്പോൾ ഈ ഗതി വന്നിരിക്കുന്നത്.

 

‘ഞാൻ മാത്രമല്ലല്ലോ മുരുകാ ഇത് ശ്വസിക്കുന്നത്. ക്ഷേത്രത്തില് വര്ണോരെല്ലാം’

 

എന്നെ പൂർത്തിയാക്കാൻ സമ്മതിക്കാതെ മുരുകനിടയ്ക്ക് കയറി.

 

‘പുകവലിക്കണോർക്കു മുഴുവനെന്താ കാൻസറ് വരാത്തേന്ന് ചോദിക്കണ പോലായി പ്പോ ദ്. അമ്പലത്തിലിപ്പോ അധികം ആള്കള് വര്ണ പതിവില്ലല്ലോ. ശ്രീകോവിലിനുള്ളിലിരുന്ന് നേരിട്ട് വലിച്ച് കേറ്റുന്നവനല്ലേ ആദ്യം വീണുപോവാ! പതുക്കെ പതുക്കെ എല്ലാരേം ബാധിക്കും’.

 

‘ഇനീം ആ കർപ്പൂരം തന്നെയല്ലേ അവിടെ കത്തിക്ക്യാ?’

 

‘അതെ’.

 

‘അതു മാത്രല്ല പ്രശ്നം, ചെമ്പന്തറ കോലോക്കാരാ അമ്പലത്തിന്റെ നടത്തിപ്പൊക്കെ. പൂജാസാധനങ്ങളും അവര് പറയണോടത്ത്ന്നേ വാങ്ങാൻ പറ്റൂ. ആരാപ്പോ അവരോട് ചെന്നിദ് പറയ്യാ? എന്താ ചെയ്യാ മുരുകാ?’

 

‘എല്ലാ തോന്നിവാസോം കാട്ടിവച്ചിട്ട് പരിഹാരം കാണാൻ ദൈവത്തിനോട് പറയണത് മര്യാദയാണോ വേലായുധാ?’

 

ഒന്നും ചെയ്യാനാവില്ലെങ്കിൽ പിന്നെ എന്നോടിക്കഥയൊക്കെ പറഞ്ഞതിന്റെ ഉദ്ദേശ്യമെന്താണാവോ? നാക്കിന്റെ ചൊറിച്ചിൽ പണിപ്പെട്ടൊതുക്കി.

 

‘മനസ്സിൽ ലവലേശം സംശയമില്ലാതെ എന്നെ ആരാധിക്കുന്ന ഒരാളുണ്ടെങ്കിൽ അയാൾക്ക് സ്വപ്നദർശനം നൽകി കാര്യമറിയിക്കാൻ എനിക്കു കഴിയും. അങ്ങനെയൊരാൾ’.

 

‘കാർത്തികയുണ്ടല്ലോ. അവൾക്കങ്ങയെ പരിപൂർണ വിശ്വാസാ’.

 

പ്രത്യേകിച്ചൊരു പ്രാധാന്യവുമില്ലാത്ത ഒരു പെണ്ണുപറഞ്ഞാൽ ആരും കാര്യമാക്കില്ലെന്നാണ് മുരുകന്റെ വാദം. ഭർത്താവ് മരിച്ച ശേഷം അവൾക്കു നൊസ്സായി എന്ന് ആക്ഷേപിക്കാനും സാധ്യതയുണ്ടത്രേ. ഞാൻ മരിച്ചു എന്നാവർത്തിക്കുന്നതിൽ മുരുകനെന്തോ സന്തോഷം കണ്ടെത്തുന്നതു പോലെ. വല്ലാത്ത ക്രൂരത തന്നെ!

 

‘രണ്ടു വഴികളുണ്ട് വേലായുധാ’.

 

പറഞ്ഞ ശേഷം മുരുകൻ കണ്ണടച്ച് ധ്യാനിച്ചു. പൊടുന്നനെ എന്റെ മുന്നിലൊരു സ്ക്രീൻ പ്രത്യക്ഷപ്പെട്ട് അതിൽ കാർത്തിക ഉറഞ്ഞുതുള്ളുന്ന രംഗം തെളിഞ്ഞു.

 

‘ഞാൻ ദേവിയാണ് ഭക്തരേ... നിങ്ങളോടെനിക്കൊരു കാര്യം പറയാനുണ്ട്. നമ്മുടെ അമ്പലത്തിൽ കത്തിക്കുന്ന കർപ്പൂരം’.

 

വെളിപാട് ശ്രദ്ധിച്ച് അവൾക്കു മുന്നിൽ നാട്ടിലെ സകലമാന ജനങ്ങളുമുണ്ട്. കൺമുന്നിലെ രംഗം മാഞ്ഞുപോയിട്ടും അതു സൃഷ്ടിച്ച നടുക്കം എന്റെയുള്ളിൽ കിടന്നു പിടച്ചു. 

 

‘എങ്ങനുണ്ട് വേലായുധാ ഈ മാർഗം? അഥവാ നീ മരിച്ചാലും അവൾക്കും കുട്ട്യോൾക്കും ആരെയും ഭയക്കാതെ ആരോടുമിരക്കാതെ സമാധാനമായിട്ട് കഴിയാം.’

 

ഞാനൊന്നും മിണ്ടിയില്ല. എന്റെയുള്ളിലപ്പോൾ ഏഴാം ക്ലാസിൽ വച്ചു പഠിത്തം നിർത്തിയ കൂട്ടുകാരൻ കുട്ടൻ കണ്ണീരൊലിപ്പിച്ചു നിന്നു.

 

‘ഞാനില്ല വേലായുധാ ഞ്ഞി സ്കൂൾക്ക്. ദൈവത്തിന്റെ മോനാന്നും പറഞ്ഞ് ആരുമെന്നെ കളിക്ക് കൂട്ട്ണില്ല. ഒരു ബെഞ്ചിൽ ഞാനൊറ്റയ്ക്കാ ഇരിക്കണേ. ന്നോടാരും മിണ്ടാൻ കൂടി വരണില്ല’.

 

കൂലിപ്പണിക്ക് പോയിരുന്ന ഗോപാലൻ ഒരു സുപ്രഭാതത്തിൽ വൈലത്തറമുത്തപ്പനായതും പല ആവശ്യങ്ങൾക്കായി ആളുകളാ വീട്ടിൽ കൂടാൻ തുടങ്ങിയതും വെളിപാടുകൾ സത്യമാവുന്നതും അറിഞ്ഞ്, കുട്ടന്റെ ഭാഗ്യം എന്ന് ഞാൻ  അസൂയപ്പെട്ടിരുന്നു. കുട്ടൻ പിന്നീടു നാടുവിട്ടു പോയി. മൂന്നാലു വർഷങ്ങൾക്കു ശേഷം ലിവർ സിറോസിസ് പിടിപെട്ട് ഗോപാലൻ മരിച്ചതും കൂലിപ്പണിക്ക് പോലും പോകാനാവാതെ അയാളുടെ കുടുംബം കഷ്ടത്തിലായതും ഇത്തിരി ഭയപ്പാടോടെ ഞാൻ ഓർമിച്ചു.

 

‘ഇതു വേണ്ട മുരുകാ... അടുത്ത വഴി പറയൂ’.

  

‘നീ അടച്ചിട്ടതിനെപ്പറ്റി ഞാനെന്തു പറയാൻ?’

 

മുരുകന്റെ നിഗൂഢതയൊളിപ്പിച്ച മന്ദഹാസത്തിലേക്ക് സംശയത്തോടെ നോട്ടമെറിയവേ, കാർത്തികയുടെ നിയമന ഉത്തരവും അതിലെഴുതിയ തീയതിയും എന്റെ മനസ്സിൽ തെളിഞ്ഞു.

 

‘ഇല്ല മുരുകാ... ആ വഴി അടഞ്ഞിട്ടില്ല’

 

പറഞ്ഞു തീർന്നതും മുരുകനെന്റെ ചുമലിൽ പിടിച്ചൊരു തള്ള്!  പുറമടിച്ച് ഞാനെവിടെയാണ് വീണത്?

 

‘ഇയാൾക്ക് ബോധം തെളിഞ്ഞു ട്ടോ’.

 

മുരുകനാണോ ഡ്യൂട്ടി നഴ്സാണോ അതു പറഞ്ഞതെന്ന് വ്യക്തമാകും മുൻപേ ഞാൻ കണ്ണുകൾ തുറന്നു.

 

 

∙ജ്ഞാനപ്പഴം - അറിവിന്റെ മൂർത്തി എന്ന അർഥത്തിൽ മുരുകനെ വിശേഷിപ്പിക്കുന്ന പദം.

 

Content Summary: Mayil oru sthreelinga padhamakumbol, Malayalam short story written by Priya Sunil