പദധ്യാനം കൊണ്ട് കടഞ്ഞെടുത്ത ഭാഷ, ഇംഗ്ലിഷിൽ നിന്ന് ഇതിഹാസത്തിലേയ്ക്ക് വിജയൻ സഞ്ചരിച്ച ദൂരം
മാർച്ച് 30, ഒ.വി. വിജയന്റെ പതിനേഴാം ചരമവാർഷികം. ഇംഗ്ലിഷിൽത്തുടങ്ങി മലയാളത്തിലേക്ക് മാറിയ, എഴുത്തിന്റെ അപൂർവവഴികളിലൂടെ സഞ്ചരിച്ച വിജയന്റെ പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ പ്രീ ഡിഗ്രി പഠനകാലത്തെ കോളജുമാഗസിനിൽനിന്ന് കണ്ടെടുത്ത 2 ഇംഗ്ലിഷ് രചനകൾ പ്രസിദ്ധീകരിക്കുന്നതിനൊപ്പം മലയാളത്തിലേക്കു വഴി മാറിയ
മാർച്ച് 30, ഒ.വി. വിജയന്റെ പതിനേഴാം ചരമവാർഷികം. ഇംഗ്ലിഷിൽത്തുടങ്ങി മലയാളത്തിലേക്ക് മാറിയ, എഴുത്തിന്റെ അപൂർവവഴികളിലൂടെ സഞ്ചരിച്ച വിജയന്റെ പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ പ്രീ ഡിഗ്രി പഠനകാലത്തെ കോളജുമാഗസിനിൽനിന്ന് കണ്ടെടുത്ത 2 ഇംഗ്ലിഷ് രചനകൾ പ്രസിദ്ധീകരിക്കുന്നതിനൊപ്പം മലയാളത്തിലേക്കു വഴി മാറിയ
മാർച്ച് 30, ഒ.വി. വിജയന്റെ പതിനേഴാം ചരമവാർഷികം. ഇംഗ്ലിഷിൽത്തുടങ്ങി മലയാളത്തിലേക്ക് മാറിയ, എഴുത്തിന്റെ അപൂർവവഴികളിലൂടെ സഞ്ചരിച്ച വിജയന്റെ പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ പ്രീ ഡിഗ്രി പഠനകാലത്തെ കോളജുമാഗസിനിൽനിന്ന് കണ്ടെടുത്ത 2 ഇംഗ്ലിഷ് രചനകൾ പ്രസിദ്ധീകരിക്കുന്നതിനൊപ്പം മലയാളത്തിലേക്കു വഴി മാറിയ
മാർച്ച് 30, ഒ.വി. വിജയന്റെ പതിനേഴാം ചരമവാർഷികം. ഇംഗ്ലിഷിൽത്തുടങ്ങി മലയാളത്തിലേക്ക് മാറിയ, എഴുത്തിന്റെ അപൂർവവഴികളിലൂടെ സഞ്ചരിച്ച വിജയന്റെ പാലക്കാട് ഗവ. വിക്ടോറിയ കോളജിലെ പ്രീ ഡിഗ്രി പഠനകാലത്തെ കോളജുമാഗസിനിൽനിന്ന് കണ്ടെടുത്ത 2 ഇംഗ്ലിഷ് രചനകൾ പ്രസിദ്ധീകരിക്കുന്നതിനൊപ്പം മലയാളത്തിലേക്കു വഴി മാറിയ അദ്ദേഹത്തിന്റെ രചനാരീതികളും ഓർമിക്കുന്നു:
ഇതിഹാസ സൃഷ്ടി (ഖസാക്കിന്റെ ഇതിഹാസം) ധ്യാനപർവമായിരുന്നു. എന്റെ മക്കളെപ്പോലെ ഞാൻ ഇന്നും അവരെ സ്മരിക്കുന്നു, ഇതിഹാസത്തിലെ പ്രിയപദങ്ങളെ.
-ഒ.വി. വിജയൻ, ഇതിഹാസത്തിന്റെ ഇതിഹാസം.
പദധ്യാനത്തിലൂടെ താൻ കൈവരിച്ച മലയാളത്തെക്കുറിച്ച് ഒ.വി.വിജയൻ ഒരുപാട് പറഞ്ഞിട്ടുണ്ട്. ഭാഷയെക്കുറിച്ച് ഏറെ ആശങ്കകൾ പങ്കുവയ്ക്കുന്ന ഇക്കാലത്ത് ഓരോ മലയാളിക്കും ഓർമയിൽ സൂക്ഷിക്കാവുന്നതാണ് അവയത്രയും. വിജയൻ വിട പറഞ്ഞ് 17 വർഷം പിന്നിടുന്ന ഈ അവസരത്തിൽ അതിലൂടെ ഒരു യാത്ര...
താൻ കടന്നുപോയ പദധ്യാനത്തിന്റെ പശ്ചാത്തലം അദ്ദേഹം ഇങ്ങനെ വിശദമാക്കുന്നു; ‘മലയാളത്തിൽ എനിയ്ക്ക് കഠിനമായ പദപരിമിതികളുണ്ടായിരുന്നു. എന്നാൽ ഈ പരിമിതികളെ അതിജീവിയ്ക്കാനുള്ള കഠിനശ്രമം സൃഷ്ടിയുടെ തീരാപ്പുതുമകൾ എനിയ്ക്കു തന്നു. സ്വന്തം ഉടലിൽ പിറന്ന ഒരു പദം, മറ്റാരുടേതുമല്ലാത്ത ജനിതകം. ഈ അനുഭവം ആർക്കും അപ്രാപ്യമല്ല. നാം കഥ പറയുമ്പോൾ, പഠനമെഴുതുമ്പോൾ, കാവ്യം രചിയ്ക്കുമ്പോൾ, ഒക്കെയും, നമ്മുടെ വഴിയരികിൽ കിടന്നുകൊണ്ട് ഭാഷാപദങ്ങൾ അനാഥ സന്തതികളെപ്പോലെ നിലവിളിയ്ക്കുന്നു. ശ്രദ്ധയുടെ ഒരു ചെറുവിരൽ നീട്ടിക്കൊടുക്കുകയേ വേണ്ടൂ. അതിൽ പിടിച്ചുപറ്റി അവ നമ്മുടെ കൂടെ നടക്കും.’
ഇംഗ്ലിഷിൽ തുടങ്ങിയതിന്റെ പശ്ചാത്തലം
തന്റെ പഠനം കാര്യമായും ഇംഗ്ലിഷിൽ ആയിരുന്നുവെന്ന് വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലിഷ് മാധ്യമം തേടിപ്പോകുന്നത് അന്ന് മാതാപിതാക്കളുടെ ഭ്രാന്തായിരുന്നു എന്നാണ് അതിന് അദ്ദേഹം പറഞ്ഞ കാരണം. ഇന്നും അതേ ഭ്രാന്തുണ്ടെന്നും കൂട്ടിച്ചേർക്കുന്നുമുണ്ട്. തന്റെ നിർധനബാല്യത്തിൽ നേടാൻ കഴിയാതെപോയ ആംഗലവിദ്യാഭ്യാസം മകന് ആവോളം ലഭിയ്ക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ അത്യാവശ്യം മണിപ്രവാളവും കൃഷ്ണഗാഥയും പഠിച്ചതൊഴിച്ചാൽ വിജയന്റെ ശ്രദ്ധ ഇംഗ്ലീഷിലായിരുന്നു. നന്നേ ചെറുപ്പത്തിൽതന്നെ പാഠപുസ്തകങ്ങളിലെ കാവ്യങ്ങളെ അനുകരിച്ച് ഇംഗ്ലിഷിൽ കവിതയെഴുതാൻ തുടങ്ങിയ വിജയൻ അവയെ വികൃതസൃഷ്ടികൾ, വിവരക്കേടുകൾ എന്നും വിശേഷിപ്പിച്ചു. മലയാളത്തിൽ എന്തെങ്കിലും എഴുതുകയെന്നത് തന്റെ ചിന്തയിലുണ്ടായില്ല എന്നാണ് അക്കാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.
കാതിൽ അമൃതായി നിറഞ്ഞത് കൊച്ചുഭാഷയുടെ സംഗീതം
വിദ്യാഭ്യാസമുള്ളതുകൊണ്ട് വീട്ടിൽ തങ്ങൾ തമ്മിൽ തമ്മിൽ പാഠപുസ്തകങ്ങളുടെ അച്ചടക്കമുള്ള ഒരു നിർജ്ജീവഭാഷ ഉപയോഗിച്ചപ്പോൾ വീട്ടിലെ വേലക്കാരോട് അമ്മ പാലക്കാടൻ കൊച്ചുഭാഷയിൽ സംസാരിച്ചതായി വിജയൻ ഓർമിക്കുന്നുണ്ട്. ഭാഷാമാലിന്യമെന്ന് തങ്ങൾ കരുതിയ ഈ സംവാദങ്ങളിൽനിന്ന് അച്ഛനുമമ്മയും മക്കളെ അകറ്റി നിർത്താൻ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം പറയുന്നു. എന്നാൽ ആ കൊച്ചുഭാഷയുടെ സംഗീതം തന്റെ കാതിൽ അമൃതായി നിറഞ്ഞുവെന്നും ഇന്നും അതു മധുരിക്കുന്നുവെന്നുമാണ് ഇതിഹാസം രചിച്ചശേഷം വിജയൻ അനുസ്മരിച്ചത്. ആ മാധുരിയില്ലെങ്കിൽ തനിയ്ക്ക് സാഹിത്യത്തിൽ അസ്തിത്വമില്ലെന്നും ഇന്തോ ആംഗ്ലിയന്മാർക്ക് അപ്രാപ്യമായതും അതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈശ്വരനിശ്ചയം തന്നെ തടഞ്ഞില്ലായിരുന്നുവെങ്കിൽ താനും ഒരു ഇന്തോ ആംഗ്ലിയനായിത്തീർന്നേനെയെന്നാണ് അദ്ദേഹം കുറിച്ചത്.
ഇന്തോ ആംഗ്ലിയനാവാൻ ശ്രമിച്ച കാലം
ഇന്തോ ആംഗ്ലിയനായി തീരാനുള്ള തയാറെടുപ്പ് കോളജിലെ ആദ്യവർഷങ്ങളിൽത്തന്നെ താൻ തുടങ്ങിയിരുന്നുവെന്ന് ഒ.വി. വിജയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ എക്സ്പ്രസിൽ ഏതാനും ചെറുലേഖനങ്ങൾ എഴുതി. ഇടത്തരം ഇംഗ്ലീഷ് വാരികകളിൽ കഥകളെഴുതി. വികൃതമെന്ന് വിജയൻതന്നെ വിശേഷിപ്പിച്ച ഒരു ഇംഗ്ലിഷ് വിപ്ലവനോവൽ പകുതി എഴുതിത്തീർത്ത് അതിന്റെ കടലാസുകെട്ടുകൾ കുറേക്കാലം കൂടെകൊണ്ടുനടന്നു. കോളജിൽ രണ്ടാം ഭാഷയായി മലയാളമാണ് വിജയൻ തിരഞ്ഞെടുത്തത്. അന്ന് തങ്ങൾക്ക് വിധിച്ചുകിട്ടിയ പാഠപുസ്തകങ്ങൾ പതിവിലുമധികം വിരസങ്ങളായിരുന്നുവെന്നും മലയാളത്തോട് പൊരുത്തപ്പെടാനുള്ള സന്നദ്ധതയില്ലായ്മയെയും എന്റെ സ്വതസിദ്ധമായ പുസ്തകവൈമുഖ്യത്തെയും അതു പെരുപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. ബിഎ പരീക്ഷയ്ക്ക് മലയാളത്തിൽ മൂന്നാം ക്ലാസിന്റെ നെല്ലിപ്പടി നിരങ്ങിയാണ് വിജയൻ പാസായത്.
പാലക്കാട് വിക്ടോറിയ കോളജിൽ പ്രീഡിഗ്രിക്കു പഠിച്ച 1947, 48 വർഷങ്ങളിൽ കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ച വിജയന്റെ 2 ഇംഗ്ലിഷ് കവിതകളാണ് ഇപ്പോൾ കണ്ടെടുത്ത് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. വിജയൻ വിശേഷിപ്പിച്ച ‘വികൃതസൃഷ്ടികളിൽ’ ഒരുപക്ഷേ ആദ്യത്തേതാവം ഇവയെന്ന് കരുതുന്നു. ഇതും പിന്നിട്ട് 1953ലാണ് അദ്ദേഹം ഇംഗ്ലിഷിലെ കഥയെഴുത്ത് നിർത്തി മലയാളത്തിലേക്ക് തിരിയുന്നത്. 1953 ജനുവരി 31ന് ഇറങ്ങിയ ജയകേരളം മാസികയിലായിരുന്നു ഒ.വി.വിജയന്റെ ആദ്യകഥയായ ‘പറയൂ ഫാദർ ഗൺസാൽവെസ്’ എന്ന കഥ പ്രസിദ്ധീകരിച്ചത്. ഇംഗ്ലിഷിൽ എഴുത്തിത്തുടങ്ങിയ ഈ കഥ പിന്നീട് മലയാളത്തിലേക്കു പരിണമിക്കുകയായിരുന്നു.
ഇന്തോ ആംഗ്ലിയനിൽനിന്ന് ഇതിഹാസകാരനിലേക്ക്
ഇംഗ്ലിഷ് ലിറ്ററേച്ചർ എംഎക്ക് പഠിക്കുമ്പോഴാണ് അദ്ദേഹം ‘ഫാദർ ഗൺസാൽവെസ്’ എന്ന ശീർഷകത്തിൽ ഒരു ഇംഗ്ലിഷ് ചെറുകഥ എഴുതാൻ തയാറെടുത്തത്. ഏതാനും ഖണ്ഡികകൾ എഴുതിത്തീർത്തപ്പോൾ എന്തുകൊണ്ടോ തടഞ്ഞു നിന്നു. അവ്യക്‌തമായ ഒരസ്വാസ്‌ഥ്യം. അസ്വസ്‌ഥനായിത്തന്നെ കഥ എഴുതിത്തീർത്തു. അപ്പോൾ വിജയന് ഇരിക്കപ്പൊറുതിയില്ലാത്തതുപോലെ. എഴുതിത്തീർന്ന താളുകളിലേക്ക് അമ്പരപ്പോടെ വീണ്ടും നോക്കി. അന്യന്റെ ഭാഷ, അന്യന്റെ അനുഭവം, അന്യന്റെ ചരിത്രം. അതിലൂടെ താൻ ഒരു കോമാളിയെപ്പോലെ കണ്ണുകെട്ടി നടക്കുന്നുവെന്നാണ് ആ എഴുത്തിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. അന്നു രാത്രിതന്നെ അദ്ദേഹമൊരു തീരുമാനമെടുത്തു–മലയാളം വശമില്ലെങ്കിലും മലയാളത്തിലെഴുതാൻ. ഫാദർ ഗൺസാൽവെസിനെ വിജയൻ ശ്രമപ്പെട്ട് മറുമൊഴി ചെയ്‌തു. മറുമൊഴിയുടെ ഉളുക്കും പിടിത്തവും ആ കഥയ്‌ക്കുണ്ടായിരുന്നു. എങ്കിലും അതു പ്രസിദ്ധീകരിക്കാനായി. പിന്നെ ഒ.വി. വിജയൻ ആംഗലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ആദ്യ കഥയെ സാഹിത്യമെന്ന് പറഞ്ഞുകൂടെന്ന അഭിപ്രായമായിരുന്നു വിജയന്. കുറെ സംഭവങ്ങളടങ്ങിയ ഒരു നീണ്ട മുദ്രാവാക്യമാണതെന്നും അതു തന്റെ കുട്ടിക്കാലത്തിന്റെ കഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഭാഷയെ അപ്രസക്തനാക്കിയ സതീർഥ്യൻ
തന്റെ സഹപാഠികളിൽ തന്നോളം മോശമായി രാജു എന്നൊരു പട്ടരുകുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നൊരു കഥയും വിജയൻ പറഞ്ഞിട്ടുണ്ട്. രാജുവിന് ഭാഷകളോട് പൊതുവേ പുച്ഛമായിരുന്നു. തമിഴും മലയാളവും ഇംഗ്ലീഷും കലർത്തിയ കൊച്ചുഭാഷയായിരുന്നു രാജുവിന്റേത്. അതുതന്നെ അപൂർവമായേ പ്രയോഗിച്ചുള്ളൂ. സംസാരിക്കുന്നതിനു പകരം രാജു പുഞ്ചിരിക്കും. പൊച്ചിട്ടിരിക്കും, പുറത്തുതട്ടും, വെളിമ്പുറങ്ങളിലൂടെ ഒരുമിച്ച് സൈക്കിൾ ചവിട്ടും. പിന്നെ അപൂർണതയുടെയും അർഥശങ്കയുടെയും പിഴകൾ നിറഞ്ഞ ഭാഷയുടെ ആവശ്യമെന്ത് എന്നായിരുന്നു വിജയന്റെ ചോദ്യം.
പാണ്ഡിത്യം വേണ്ട, പദധ്യാനം മതി
മലയാളത്തിന്റെ പിന്നോക്കാവസ്‌ഥയെക്കുറിച്ച് ആവലാതി പൂണ്ട മലയാളികൾക്കു മുന്നിൽ പണ്ടേ അദ്ദേഹം പറഞ്ഞത് ഇതാണ്; ‘മലയാളം ഒരു പിന്നോക്ക ഭാഷയല്ല. ഒരു ഭാഷയും പിന്നോക്ക ഭാഷയല്ല. അലസ മനസുകൾ മാത്രമാണ് പിന്നോക്കാവസ്‌ഥക്കു കാരണം. പാണ്ഡിത്യവും അതിനു പ്രതിവിധിയല്ല. പിന്നെയോ? ശ്രദ്ധ. തീവ്രമായ ശ്രദ്ധ. പദധ്യാനം’.
Content Summary: Remembering OV Vijayan on his 17th death anniversary