ഉശിരുള്ള കഥാപാത്രങ്ങൾ, വെട്ടിപ്പിടിക്കുന്ന എഴുത്ത്
തീവ്രവികാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ് മനു ജോസഫിന്റെ കഥകൾ. പ്രണയമായാലും പ്രതികാരമായാലും അതിൽ ഉശിരുള്ള കഥാപാത്രങ്ങൾ ഉറപ്പാണ്. തന്റെ ചുറ്റുപാടുകളിൽനിന്നു കഥകൾ ആവാഹിച്ചെടുക്കാൻ മനുവിനു പ്രത്യേക കഴിവുണ്ട്. ജോലി ചെയ്തിരുന്ന ഗൾഫും ജനിച്ചുവളർന്ന കണ്ണൂരിലെ മലയോര മേഖലയും കഥാപരിസരങ്ങളാകുന്നത് അങ്ങനെയാണ്.
തീവ്രവികാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ് മനു ജോസഫിന്റെ കഥകൾ. പ്രണയമായാലും പ്രതികാരമായാലും അതിൽ ഉശിരുള്ള കഥാപാത്രങ്ങൾ ഉറപ്പാണ്. തന്റെ ചുറ്റുപാടുകളിൽനിന്നു കഥകൾ ആവാഹിച്ചെടുക്കാൻ മനുവിനു പ്രത്യേക കഴിവുണ്ട്. ജോലി ചെയ്തിരുന്ന ഗൾഫും ജനിച്ചുവളർന്ന കണ്ണൂരിലെ മലയോര മേഖലയും കഥാപരിസരങ്ങളാകുന്നത് അങ്ങനെയാണ്.
തീവ്രവികാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ് മനു ജോസഫിന്റെ കഥകൾ. പ്രണയമായാലും പ്രതികാരമായാലും അതിൽ ഉശിരുള്ള കഥാപാത്രങ്ങൾ ഉറപ്പാണ്. തന്റെ ചുറ്റുപാടുകളിൽനിന്നു കഥകൾ ആവാഹിച്ചെടുക്കാൻ മനുവിനു പ്രത്യേക കഴിവുണ്ട്. ജോലി ചെയ്തിരുന്ന ഗൾഫും ജനിച്ചുവളർന്ന കണ്ണൂരിലെ മലയോര മേഖലയും കഥാപരിസരങ്ങളാകുന്നത് അങ്ങനെയാണ്.
തീവ്രവികാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ് മനു ജോസഫിന്റെ കഥകൾ. പ്രണയമായാലും പ്രതികാരമായാലും അതിൽ ഉശിരുള്ള കഥാപാത്രങ്ങൾ ഉറപ്പാണ്. തന്റെ ചുറ്റുപാടുകളിൽനിന്നു കഥകൾ ആവാഹിച്ചെടുക്കാൻ മനുവിനു പ്രത്യേക കഴിവുണ്ട്. ജോലി ചെയ്തിരുന്ന ഗൾഫും ജനിച്ചുവളർന്ന കണ്ണൂരിലെ മലയോര മേഖലയും കഥാപരിസരങ്ങളാകുന്നത് അങ്ങനെയാണ്. നൂറുകണക്കിനു വ്യത്യസ്ത ചിത്രശലഭങ്ങളെ നിരീക്ഷിക്കുകയും ക്യാമറയിൽ പകർത്തുകയും അവയെ ക്രോഡീകരിക്കുകയും ചെയ്യുക മനുവിന്റെ ഹോബിയാണ്. സാധാരണക്കാർക്ക് എല്ലാ ശലഭങ്ങളും ഒരുപോലെയായിരിക്കും. പക്ഷേ, മനുവിന് അവയോരോന്നിന്റെയും ശാസ്ത്രനാമവും വിളിപ്പേരുമറിയാം. സൂക്ഷ്മതയോടെയുള്ള ആ നിരീക്ഷണപാടവം കഥയെഴുത്തിലും ദൃശ്യമാണ്.
‘കൊല്ലവർഷം ആയിരത്തിയൊരുന്നൂറ്റി അറുപത്തിയാറ്, കൂർഗിലെ ബിരുണാനിയിൽ വേട്ടയ്ക്ക് പോയതിന്റെ ആറാം വർഷം. മുൻപ് കൂട്ടുകാരുമൊത്തു കാടുകയറിയ ഓർമകൾ അയവിറക്കി ചായ്പിനു പിറകിൽ ആട്ടുകല്ലിന്റെ മേലേ കവച്ചിരുന്ന് കുഴല് മിനുക്കുകയാണ് വർക്കി’. ‘ഖെദ്ദ’ എന്ന കഥയുടെ തുടക്കത്തിൽ മനു ഇങ്ങനെ എഴുതുമ്പോൾ വർക്കിയുടെയും ആ കുഴലിന്റെയും കഥയുടെ തന്നെയും ജാതകം കുറിക്കപ്പെടുകയാണ് അവിടെ. പിന്നീടു പല വഴികളിലൂടെ പിരിഞ്ഞൊഴുകി കഥ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ മാത്രമാണു നമുക്ക് ആ തുടക്കവരികളിലെ എഴുത്തുകാരന്റെ കയ്യൊപ്പ് മനസ്സിലാകുന്നത്. കെണി എന്നാണു ഖെദ്ദ എന്ന വാക്കിനർഥം. കാടും മലയും വെട്ടിപ്പിടിച്ചു ജീവിതം കെട്ടിപ്പടുത്ത കുടിയേറ്റ കർഷകന്റെ ചൂടും ചൂരും ആ കഥകളിൽ സ്വാഭാവികമായിത്തന്നെ വരും. കണ്ണൂർ കോളയാട് സ്വദേശിയായ മനു ജോസഫിന്റേതായി ‘കടലിനോട് കഥ പറഞ്ഞൊരുനാൾ’ (കവിതാ സമാഹാരം), ‘ഒരു ദയവധത്തിന്റെ ഓർമയ്ക്ക്’ (കഥാസമാഹാരം), ‘ചേറ്റുമീൻ’ (കഥാസമാഹാരം) എന്നീ പുസ്തകങ്ങൾ പുറത്തിറങ്ങി. എഴുത്തുജീവിതത്തെക്കുറിച്ചു മനു മനസ്സു തുറന്നപ്പോൾ.
വളരെ ഇന്റൻസ് ആയ പ്രണയം മനുവിന്റെ പല കഥകളുടെയും പ്രത്യേകതയായി തോന്നിയിട്ടുണ്ട്. ലാബ്രിന്തിലെ ആഷിയും സീതയും തമ്മിലും ചേറ്റുമീനിലെ ജോണും അമലും തമ്മിലുമുള്ള ബന്ധങ്ങളിലെ തീവ്രതയാണ് ആ കഥകളെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഖെദ്ദയിലും പീരപ്പെട്ടിക്കയിലും ബെഞ്ചമിന്റെ സുവിശേഷത്തിലുമൊക്കെ കടുത്ത ജീവിതപ്രണയങ്ങളുടെ വിവിധ നിറങ്ങൾ കാണാം. മനു കണ്ടെടുക്കുന്ന കഥാപാത്രങ്ങളെല്ലാം അവരുടെ ചുറ്റുമുള്ള മനുഷ്യരെയോ പ്രകൃതിയെയോ ശീലങ്ങളെയോ ഓർമയെത്തന്നെയോ അതിശക്തമായി പ്രണയിക്കുന്നവരാണ്. ഈയൊരു സ്വഭാവസവിശേഷത മനുവിന്റെ കഥാപാത്രങ്ങൾക്കുണ്ടാകുന്നതിനെപ്പറ്റി പറയാമോ?
ഭാവനയിൽ വിരിയിച്ചെടുത്ത കഥകൾ എന്നു പറയാൻ പറ്റുന്ന ഒരു കഥ മാത്രമാണ് ഈ സമാഹാരത്തിൽ ഉള്ളത്. ബാക്കിയെല്ലാ കഥകളും ഉണ്ടായിട്ടുള്ളതു ഞാൻ കണ്ടതോ കേട്ടതോ അറിഞ്ഞതോ ആയ സംഭവങ്ങളിൽ നിന്നാണ്. ജീവിതത്തെ അതിന്റെ വിവിധ ഭാവങ്ങളിൽ പ്രണയിക്കാത്തവരായി ആരുംതന്നെ കാണില്ല, അതുകൊണ്ടാവാം അറിയാതെയാണെങ്കിലും ഈ പറഞ്ഞതുപോലെയൊരു സ്വഭാവസവിശേഷത കഥകളിൽ കടന്നുകൂടിയത്.
‘ഒറ്റ’ വായിച്ചുകഴിഞ്ഞപ്പോൾ മനസ്സിലേക്കു പെട്ടെന്ന് ഓസ്കർ ലഭിച്ച സിനിമ ‘ദ് ഫാദർ’ കയറിവന്നു. ഒറ്റയിലെ ജേക്കബ് ഏബ്രഹാമും ഫാദറിലെ ആന്റണിയും അനുഭവിക്കുന്ന ഓർമനാശത്തിന്റെ വ്യഥകൾ ഏറെക്കുറെ ഒന്നുതന്നെയാണല്ലോ. ഓർമകളുടെ ആകെത്തുകയാണല്ലോ നമ്മളോരോരുത്തരും. ഓരോ വ്യക്തിയിൽനിന്നും ഓർമകൾ പൂർണമായി എടുത്തുമാറ്റിയാൽ പിന്നെ ആ ആൾക്ക് ഏതു പേരിലും നിലനിൽക്കാം, വെറുമൊരു നമ്പറിൽ പോലും ജീവിക്കാം എന്നു മനുവിന്റെ കഥ കാട്ടിത്തരുന്നു. ഒറ്റയുടെ എഴുത്തനുഭവം വിവരിക്കാമോ?
ദ് ഫാദർ എന്ന സിനിമ ഞാൻ കണ്ടിട്ടില്ല. ആ കഥയിലെ മറ്റൊരു കഥാപാത്രമായ ടെസ്‌ലിൻ എന്റെ സുഹൃത്ത് കൂടിയാണ്. ടെസ്‌ലിൻ ഒരിക്കൽ അവരുടെ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞ ഒരാളുടെ കാര്യം പറഞ്ഞു. അതിൽ നിന്നാണ് ‘ഒറ്റ’ എന്ന കഥയുടെ പിറവി. ടെസ്‌ലിനുള്ള നന്ദിയാണു നഴ്സ് കഥാപാത്രത്തിന് ആ പേരു കൊടുക്കാനും കാരണം.
ചേറ്റുമീൻ എന്ന കഥാസമാഹാരത്തിലെ 14 കഥകളിലായി മനു കൊണ്ടുവരുന്ന ഭൂമികയിൽ ഗൾഫ് രാജ്യങ്ങളും കേരളത്തിലെ മലയോര കുടിയേറ്റ ഗ്രാമങ്ങളും വരുന്നുണ്ട്. ഭൂമിശാസ്ത്രപരമായി ഇത്രയും വ്യത്യസ്തമായ കഥാപരിസരങ്ങൾ സൃഷ്ടിക്കുന്നതിൽ മനുവിന് സഹായകരമായത് എന്തൊക്കെയാണ്?
ഞാൻ ആദ്യം പറഞ്ഞതുപോലെ കണ്ടതും അറിഞ്ഞതുമായ സംഭവങ്ങളെ കഥ എന്ന ചട്ടക്കൂടിലേക്ക് കുടിയിരുത്തിയതാണ് ഓരോ കഥയും. പതിനൊന്നു വർഷത്തോളം ഗൾഫിൽ ആയിരുന്നു. അതുപോലെ തന്നെ ഒരു കുടിയേറ്റ കർഷക കുടുംബത്തിലാണു ഞാൻ ജനിച്ചത്. ഈ രണ്ടു കാരണങ്ങൾ കൊണ്ടാണു കഥകളിൽ ഈ രണ്ടു പശ്ചാത്തലം കൂടുതലായും വന്നിട്ടുള്ളത്.
മനു വരുന്നതു കണ്ണൂർ ജില്ലയിലെ ഒരു കുടിയേറ്റ ഗ്രാമത്തിൽ നിന്നാണല്ലോ. പല കഥകളിലും കാടും കൃഷിയും നായാട്ടും മൃഗങ്ങളുമെല്ലാം നിറഞ്ഞ കഥാപരിസരം സൃഷ്ടിക്കുന്നുമുണ്ട്. മനുവിന്റെ എഴുത്തിൽ നാട് എത്ര വലിയൊരു സ്വാധീനമാണ്?
അറുപതുകളുടെ തുടക്കത്തിൽ തിരുവിതാംകൂറിൽനിന്നു മലബാറിലേക്ക് കുടിയേറിയ ഒരു കർഷക കുടുംബത്തിന്റെ ഭാഗമാണു ഞാൻ. ആദ്യ കാലത്തെ ജീവിതങ്ങളൊക്കെ മുതിർന്നവർ പറഞ്ഞുകേട്ടിട്ടുള്ളതാണ്. നായാട്ടും പുനം കൃഷിയും കാടും മലയും തുടങ്ങി എല്ലാം ഓരോ കഥയുടെയും ഭാഗമായത് അങ്ങനെയാണ്.
‘ഒരു ദയാവധത്തിന്റെ ഓർമയ്ക്ക്’ എന്ന ആദ്യ കഥാസമാഹാരവും ‘കടലിനോട് കഥ പറഞ്ഞൊരുനാൾ’ എന്ന ആദ്യ കവിതാസമാഹാരവും പ്രസിദ്ധീകരണത്തിലേക്ക് എത്തപ്പെട്ട ആ എഴുത്തുയാത്രയെപ്പറ്റി പറയാമോ? അതെത്രമാത്രം എളുപ്പമായിരുന്നു അല്ലെങ്കിൽ പ്രയാസമായിരുന്നു? എന്തൊക്കെയാണ് ഓർമകൾ?
സ്വന്തം പേരിലൊരു പുസ്തകം ഏതൊരു എഴുത്തുകാരന്റെയും സ്വപ്നം ആണല്ലോ. പത്തോളം കവിതകൾ ചേർത്ത് ‘ക്ഷണികം’ എന്ന പേരിൽ ഒരു കുഞ്ഞു പുസ്തകം സ്വന്തമായി അച്ചടിച്ച് അറിയാവുന്നവർക്കൊക്കെ കൊടുത്തു. അതായിരുന്നു തുടക്കം. അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞ് 2015ൽ ആണ് അതുവരെ എഴുതിയ അറുപതോളം കവിതകളുമായി കണ്ണൂരുള്ള കൈരളി ബുക്സിനെ സമീപിക്കുന്നത്. കൈരളി ബുക്സിലെ അശോകേട്ടൻ എല്ലാവിധ പിന്തുണയും നൽകി കൂടെ നിന്നു. അങ്ങനെ 2016 ൽ ‘കടലിനോട് കഥ പറഞ്ഞൊരുനാൾ’ എന്ന കവിതാസമാഹാരം പുറത്തിറങ്ങി. 2018 ൽ ആദ്യ കഥാസമാഹാരവും. ഇന്നിപ്പോൾ മൂന്നാമത്തെ പുസ്തകത്തിൽ എത്തിനിൽക്കുമ്പോൾ നന്ദിയോടെ ഓർക്കേണ്ടുന്ന ഒരുപാടു പേരുണ്ട്. എല്ലാവരെയും പേരെടുത്തു പറയുന്നില്ലെങ്കിലും മൃദുൽഹാസ് എന്ന സുഹൃത്തിനെ ഒരിക്കലും മറക്കാൻ കഴിയില്ല.
മനു എഴുതിത്തുടങ്ങുന്നത് എങ്ങനെയാണ്? ചെറുപ്പകാലത്ത് വായനയും എഴുത്തുമൊക്കെ എത്രമാത്രം സജീവമായിരുന്നു? എഴുത്തിലേക്കു തിരിയാനിടയായ ഒരു നിമിഷം ഏതായിരുന്നു?
സ്കൂളിൽ പഠിക്കുമ്പോൾ കുഞ്ഞുകഥകളും തെരുവുനാടകങ്ങളും ഒറ്റപ്പെട്ട കവിതകളുമൊക്കെ എഴുതിയാണ് തുടക്കം. 2007ൽ പ്ലസ്ടുവിന് പഠിക്കുമ്പോൾ സ്റ്റുഡന്റ് മാസികയിലാണ് ആദ്യമായി അച്ചടി മഷി പുരളുന്നത്. വായനയുടെ തുടക്കം ബാലരമയും ബാലഭൂമിയും ബാലമംഗളവും ഒക്കെത്തന്നെയായിരുന്നു. പതുക്കെ വലിയ പുസ്തകങ്ങളിലേക്കു തിരിഞ്ഞു. ഇപ്പോൾ അധികം വായിക്കുന്നില്ല എന്നതാണു സത്യം.
കഥയാണ് എന്റെ വഴി എന്നു മനു കണ്ടെത്തിയത് എങ്ങനെയാണ്? കഥയെഴുതുന്നതിലൂടെ മനു അനുഭവിക്കുന്ന മനോവിചാരങ്ങൾ എന്തൊക്കെയാണ്? കഥയ്ക്കാവശ്യമായ സൂചനകൾ കണ്ടെത്തുന്നത് എങ്ങനെയാണ്? അവ കഥയായി വികസിക്കുന്നത് എങ്ങനെ?
നേരിട്ട് അറിവുള്ള കാര്യങ്ങളോ ആരെങ്കിലും പറഞ്ഞു തരുന്ന കാര്യങ്ങളോ കഥയ്ക്കു യോഗ്യമാണെന്നു കണ്ടാൽ ആ കഥ എനിക്ക് പരിചയമുള്ള ഒരു ചുറ്റുപാടിലേക്കു മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. അതാകുമ്പോൾ എഴുത്തിൽ നമ്മുടെ ആത്മാശം കൂടെയുണ്ടാകും. പെട്ടെന്ന് എഴുതില്ല. മനസ്സിൽ വരുന്ന കാര്യങ്ങൾ ഫോണിലോ വോയ്സ് റെക്കോർഡറിലോ സേവ് ചെയ്യും. പിന്നെ എല്ലാം കൂട്ടിച്ചേർത്ത് എഴുതും. എഴുത്ത് എന്റെ വഴിയാകുന്നത് പ്രിയപ്പെട്ട വായനക്കാർ എന്റെ കഥകളെ സ്വീകരിക്കുമ്പോഴാണ്. ‘ചേറ്റുമീൻ’ എന്ന സമാഹാരം ഏറെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യട്ടെ എന്ന് ആഗ്രഹിക്കുന്നു.
മനുവിന്റെ സമകാലീന കഥാകൃത്തുക്കളിൽ പിന്തുടരുന്നത് ആരെയൊക്കെയാണ്? ഈയടുത്തു വായിച്ചവയിൽ മനസ്സിൽ തറഞ്ഞ ചില കഥകളെക്കുറിച്ചു പറയാമോ?
തീരെ ചെറിയ കഥകൾ എഴുതിക്കൊണ്ടിരുന്ന എന്നെ കുറച്ചു വലിയ കഥകൾ എഴുതാൻ പ്രേരിപ്പിച്ചത് സുഹൃത്തും എഴുത്തുകാരനുമായ വിപിൻദാസുമായുള്ള ചങ്ങാത്തമാണ്. ഓരോ കഥയും എഴുതിക്കഴിയുമ്പോഴും വിപിനാണ് ആദ്യം അയയ്ക്കുന്നത്. എന്തൊക്കെ മാറ്റങ്ങൾ ആവാം എന്നു വിപിൻ കൃത്യമായി പറയും. അത് വലിയൊരു ഉത്തേജനമാണ്. കഥയെഴുത്തിൽ ആരെയെങ്കിലും പിന്തുടരുന്നുണ്ടോ എന്നു ചോദിച്ചാൽ അങ്ങനെ വ്യക്തമായി ഒരാളെ പറയാൻ പറ്റാതെ വരും. എല്ലാവരും ഒരുപോലെ പ്രിയപ്പെട്ടവർ. ഓരോരുത്തർക്കും ഓരോ ശൈലിയാണ്. കൈയിൽ പൈസയുള്ളതു പോലെ പുസ്തകങ്ങൾ വാങ്ങും. കഥകളും നോവലുകളുമാണ് ഏറെ ഇഷ്ടം. ഈയടുത്ത് വായിച്ചതിൽ സിവിക് ജോണിന്റെ ‘ഛായ’, വിനോയ് തോമസിന്റെ ‘അടിയോർ മിശിഹാ എന്ന നോവൽ’ എന്നീ രണ്ടു പുസ്തകങ്ങളാണു പെട്ടെന്നു മനസ്സിലേക്കു വരുന്നത്.
കഥ എന്ന സാഹിത്യരൂപം മലയാളത്തിൽ എത്രമാത്രം സജീവമാണിപ്പോൾ? പുതിയ തലമുറ എത്രമാത്രം ഗൗരവത്തോടെ കഥയെഴുത്തിനെ സമീപിക്കുന്നുണ്ട്?
ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങി സോഷ്യൽമീഡിയയുടെ ഒരു വലിയ സ്വാധീനം ഒരുപാടുപേരെ എഴുത്തിലേക്കു കടന്നുവരുവാൻ സഹായിച്ചിട്ടുണ്ട്. അവർക്കെല്ലാം പ്രോത്സാഹനമായി പ്രസാധകരുടെ ഒരു നീണ്ട നിര തന്നെയുണ്ടു മലയാളത്തിൽ. ഇങ്ങനെ പറയുമ്പോഴും കഥയെക്കാൾ അൽപം മുൻതൂക്കം നോവലുകൾക്കാണ് എന്നു സമ്മതിക്കേണ്ടിവരും.
ഈയടുത്തു വായിച്ചവയിൽ ഏറ്റവും ഇഷ്ടമായ ഒരു പുസ്തകത്തിന്റെ വായനാനുഭവം പങ്കുവയ്ക്കാമോ?
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ ‘അടിയോർ മിശിഹാ എന്ന നോവൽ’. പൊതുവേ വിനോയ് തോമസിന്റെ എഴുത്തുകളെല്ലാം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അഞ്ച് കഥകൾ അടങ്ങിയ ഈ സമാഹാരത്തിലെ ഓരോ കഥയും വിനോയ് തോമസ് കണ്ടെത്തിയിരിക്കുന്നതു നമുക്ക് പരിചിതമായ ചുറ്റുപാടുകളിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ കഥകൾ ഓരോന്നും മനസ്സിൽ മായാതങ്ങനെ കിടക്കും. ലളിതമായ ഭാഷ വിനോയ് തോമസിന്റെ മറ്റൊരു മുഖമുദ്രയാണ്. കരിക്കോട്ടക്കരിയിലും മുള്ളരഞ്ഞാണത്തിലും പുറ്റിലും ഒക്കെ കണ്ട അതേ ഭാഷ അടിയോർ മിശിഹയിലും പ്രകടമാണ്. പുസ്തകത്തിലെ ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയ വാവും’ എന്ന കഥയിൽ ഒരേ സമയം ഭാര്യയെയും കാമുകിയെയും കൊണ്ടുനടക്കുന്ന ലോപ്പസുമാരെ നമുക്കു ചുറ്റും എത്രയോ കാണാനാകും. കളിബാധയിലെ വിൻസാച്ചനെ പോലെ വിടുവായനായ ഒരാൾ നമുക്ക് ചുറ്റും എപ്പോഴുമുണ്ടാകും. അയാളുടെ വിടുവായത്തരത്തിനു മുന്നിൽ ഒരിക്കലെങ്കിലും നാം അകപ്പെട്ടിട്ടുമുണ്ടാകും. അടിയോർ മിശിഹാ എന്നറിയപ്പെട്ട നക്സൽ വർഗീസിനെക്കുറിച്ചു നോവൽ എഴുതാൻ ശ്രമിക്കുന്ന നാട്ടിൻപുറത്തുകാരനായ റോൾസനും നമുക്കിടയിലുള്ള ഒരാൾ തന്നെയാണ്. ഇങ്ങനെ ഓരോ കഥയിലും നമുക്ക് പരിചയമുള്ള ആരെങ്കിലുമൊക്കെ കാണും എന്നതാണു വിനോയ് തോമസ് കഥകളുടെ പ്രത്യേകത എന്നു നിസ്സംശയം പറയാം. തനി നാടൻ കഥകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു വായനാനുഭവം അടിയോർ മിശിഹ സമ്മാനിക്കും എന്നുറപ്പുണ്ട്.
കണ്ണൂർ കോളയാട് സ്വദേശിയാണു മനു ജോസഫ്. അച്ഛൻ ജോസഫ് കെ. ചെറിയാൻ, അമ്മ മോളി ജോസഫ്. ഭാര്യ:സോണി ലോറൻസ്, മക്കൾ: ഗർഷോം, പ്രവ്ദ. പുസ്തകങ്ങൾ: കടലിനോട് കഥ പറഞ്ഞൊരുനാൾ (കവിതാ സമാഹാരം), ഒരു ദയവധത്തിന്റെ ഓർമയ്ക്ക് (കഥാസമാഹാരം), ചേറ്റുമീൻ (കഥാസമാഹാരം). പാം അക്ഷര തൂലിക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Content Summary: Puthuvakku, talk with writer Manu Joseph