പുസ്തകത്താളിൽ തുർക്കിയിലേക്കുള്ള പാസ് ഒളിച്ചു വച്ച പമുക്
ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിൽ കൂട്ടുകാരി അസിലി അകിയവാസിനെയാണ് വിവാഹം കഴിച്ചത്. അതോടെ പ്രണയ വർണനയുടെ ഈ ചക്രവർത്തിയുടെ സ്വകാര്യ ജീവിതം സാഹിത്യ കുതുകികളല്ലാത്തവർ പോലും തേടിപ്പോയി.
ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിൽ കൂട്ടുകാരി അസിലി അകിയവാസിനെയാണ് വിവാഹം കഴിച്ചത്. അതോടെ പ്രണയ വർണനയുടെ ഈ ചക്രവർത്തിയുടെ സ്വകാര്യ ജീവിതം സാഹിത്യ കുതുകികളല്ലാത്തവർ പോലും തേടിപ്പോയി.
ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിൽ കൂട്ടുകാരി അസിലി അകിയവാസിനെയാണ് വിവാഹം കഴിച്ചത്. അതോടെ പ്രണയ വർണനയുടെ ഈ ചക്രവർത്തിയുടെ സ്വകാര്യ ജീവിതം സാഹിത്യ കുതുകികളല്ലാത്തവർ പോലും തേടിപ്പോയി.
രാജ്യാതിർത്തികൾ ഭേദിച്ച് തുർക്കിയുടെ ഗന്ധവും രുചിയും വികാരവുമെല്ലാം ലോകത്തിന്റെ പല കോണുകളിലേക്ക് ഒഴുകിയെത്തിയത് ഓർഹാൻ പമുക്കിലൂടെയാണ്. സീമകളില്ലാത്ത ആ സാഹിത്യ ഒഴുക്ക് ഇങ്ങ് കേരളത്തിൽ പോലും വലിയൊരു ആരാധക വൃന്ദം പമുക്കിനുണ്ടാക്കി. മലയാളി, എംടിയുടെ മഞ്ഞിനൊപ്പം പമുക്കിന്റെ മഞ്ഞിനെയും ചേർത്തു വച്ചു. ചുറ്റും നടക്കുന്ന സംഭവങ്ങളും കഥകളും പോലെ തുർക്കിയുടെ വിശേഷങ്ങൾ നമ്മൾ അറിഞ്ഞതും പമുക്കിലൂടെയാണ്.
‘ഇസ്തംബുൾ’, ‘മൈ നെയിം ഈസ് റെഡ്’ തുടങ്ങി ‘നിഷ്കളങ്കതയുടെ ചിത്രശാല’ പോലും നമുക്ക് പരിചിതമായി. പുസ്തകത്താളിൽ ഒളിച്ചു വച്ച പാസുമായി നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാർ പോലും പമുക്കിന്റെ പ്രണയം കൊരുത്തിട്ട മ്യൂസിയത്തിൽ പോയി. അയാളിലെ പ്രണയിതാവൊരുക്കിയ കാഴ്ചകളും അനുഭവങ്ങളും നേരിട്ടറിഞ്ഞു.
എഴുത്തുകളിലൂടെയും വിവാദങ്ങളിലൂടെയും പമുക് എന്നും വായന ലോകത്തിന് പരിചിതനാണ്. അദ്ദേഹത്തിന്റെ വിവാഹ വാർത്തയും വലിയ ആഹ്ലാദത്തോടെയാണ് ആരാധകർ കേട്ടത്. തുർക്കിയുടെ ആദ്യ നൊബേൽ സമ്മാന ജേതാവായ പമുക് ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിൽ കൂട്ടുകാരി അസിലി അകിയവാസിനെയാണ് വിവാഹം കഴിച്ചത്. അതോടെ പ്രണയ വർണനയുടെ ഈ ചക്രവർത്തിയുടെ സ്വകാര്യ ജീവിതം സാഹിത്യ കുതുകികളല്ലാത്തവർ പോലും തേടിപ്പോയി. മ്യൂസിയം ഓഫ് ഇന്നസെൻസിലെ ഫ്യൂസനെയും മൈ നെയിം ഇസ് റെഡിലെ ഷെകൂരയെയുമെല്ലാം പമുക്കിന്റെ ജീവിതവുമായി ചേർത്തുവച്ച് വായനക്കാർ ചർച്ച ചെയ്തു. ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നായ കിരൺ ദേശായി മുതൽ കരോളിൻ ഫെസേക്കി വരയുള്ളവരുമായി പമുക്കിനുണ്ടായിരുന്ന പ്രണയവും ആരാധകലോകം ചികഞ്ഞെടുത്തു.
വിവാഹം ബന്ധുക്കളുടെ മുന്നിൽ
ഇസ്തംബുളിൽ, ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു അസിലി അകിയവാസിനെ പമുക് വിവാഹം കഴിക്കുന്നത്. പത്തു കൊല്ലമായി അസ്‌ലയ്ക്കൊപ്പമായിരുന്നു പമുക്കിന്റെ താമസം. തുർക്കി ഹെൽത്ത് ടൂറിസം രംഗത്തെ പ്രമുഖയാണ് അസ്‌ല അകിയവാസ്. ബോസ്പൊറസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഇന്റർനാഷനൽ റിലേഷൻസിൽ ബിരുദവും പിന്നീട് കലിഫോർണിയ യൂണിവേഴ്സിറ്റിയിൽനിന്ന് മാർക്കറ്റിങ് പഠനവും കഴിഞ്ഞാണ് ഹെൽത്ത് ടൂറിസം മേഖലയിൽ അവർ ചുവടുറപ്പിച്ചത്.
ആദ്യ വിവാഹവും ദ് ബ്ലാക്ക് ബുക്കും
1982 ലാണ് പ്രമുഖ ചരിത്രകാരിയായ അയ്‌ലിൻ ടറേഗിനനെ പമുക് വിവാഹം കഴിക്കുന്നത്. അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ‘ദ് ബ്ലാക്ക് ബുക്ക്’ എഴുതുന്നത് ഇക്കാലത്താണ്. അദ്ദേഹത്തിന്റെ ആദ്യകാല രചനകളിൽ അയ്‌ലിന്റെ ശക്തമായ സ്വാധീനം കാണാനാകും. ആ ബന്ധത്തിൽ റുയ എന്ന മകളുണ്ട്. സ്വപ്നം എന്നാണ് തുർക്കിയിൽ റുയ എന്ന വാക്കിന് അർഥം. 19 വർഷത്തെ ദാമ്പത്യബന്ധം ഇരുവരും 2001 ലാണ് അവസാനിപ്പിച്ചത്.
അയ്‌ലിനുമായുള്ള ബന്ധം അസാനിപ്പിച്ച ശേഷമാണ് ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരി കിരൺ ദേശായിയുമായി പ്രണയത്തിലാകുന്നത്. ഇക്കാര്യം പമുക് പരസ്യമായി അംഗീകരിച്ചിരുന്നു. തങ്ങൾ വൈകാതെ വിവാഹിതരാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും കിരൺ ദേശായി ബന്ധത്തിൽനിന്നു പിൻമാറുകയായിരുന്നു. കാരണമായി പറയുന്നത് തുർക്കി– അർമേനിയൻ ആർട്ടിസ്റ്റായ കരോളിൻ ഫെസേക്കിയുമായി ഇതേ സമയം പമുക് പ്രണയത്തിലായിരുന്നു എന്നതാണ്. എന്നാൽ ഈ ആരോപണം പമുക് നിഷേധിച്ചു. ‘ദ് മ്യൂസിയം ഓഫ് ഇന്നസെൻസി’നു ശേഷം ‘മൈ നെയിം ഈസ് റെഡ്’ എഴുതാനായി അദ്ദേഹം കിരണിനൊപ്പം ഗോവയിലും എത്തിയിരുന്നു.
ഇസ്തംബുളിനോട് പ്രണയം
ഓർഹാൻ പമുക് പ്രണയത്തിലായ ദേശമാണ് ഇസ്തംബുൾ. അദ്ദേഹത്തിന്റെ രചനകൾക്ക് പ്രചോദനമായ നഗരം. ആ നഗരത്തിലെ കല്ലു പാകിയ വഴികൾക്കും പുരാതനമായ കെട്ടിടങ്ങൾക്കും ഭൂതകാലത്തെ ആവാഹിച്ചുനിർത്താനുള്ള ശക്‌തിയുണ്ടെന്നു പമുക് പറയുന്നു. അതുകൊണ്ടാണ് ആത്മകഥാപരമായ പുസ്തകത്തിന് ‘ഇസ്തംബുൾ: ഒരു നഗരത്തിന്റെ ഓർമകൾ’ എന്നുതന്നെ പേരിട്ടത്.
മരിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്‌കാരത്തിനു വിട പറയും പോലെ ഇസ്തംബുളിന് ഒരു വിഷാദഭാവമുണ്ട്. വിഷാദവും നിഗൂഢതയും പേറിനിൽക്കുന്ന ഒട്ടോമൻ കാലത്തെ കെട്ടിടങ്ങൾ കുട്ടിക്കാലത്തു നൽകിയതു വിരസതയും നിരാശയുമായിരുന്നു. അതിനെ മറികടക്കാനാണ് താൻ എഴുത്ത് തുടങ്ങിയതെന്നു പമുക് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്തു പഴയ തറവാട്ടിലെ പാതിയിരുളിൽ ഇരിക്കലായിരുന്നു അദ്ദേഹത്തിന്റെ പതിവ്. അവിടെയിരുന്ന് നഗരത്തെ നോക്കുക. ഇസ്തംബുളിലെ മഞ്ഞുകാലമായിരുന്നു ആ ബാലന് ഏറ്റവും പ്രിയങ്കരം. മൂടിക്കെട്ടിനിൽക്കുന്ന വിഷാദം, പടിഞ്ഞാറൻ കാറ്റിൽ പൊഴിയുന്ന ഇലകൾ, നേരത്തേ ഇരുൾ പരക്കുന്ന നഗരപാതയിലൂടെ വീട്ടിലെത്താൻ തിടുക്കപ്പെടുന്നവർ. മഞ്ഞിന്റെ പുതപ്പില്ലാത്ത നഗരത്തെ ഓർക്കാനാവില്ല. അതേ വൈകാരികമായ അടുപ്പമാണ് ‘മഞ്ഞി’ലൂടെ നാം അറിഞ്ഞ തണുപ്പും. ഇസ്തംബുൾ നഗരത്തിന്റെ മിടിപ്പുകൾ അരനൂറ്റാണ്ടുകാലം പത്രങ്ങളിൽ കോളങ്ങളായും പമുക് എഴുതിയിട്ടുണ്ട്.
ഇസ്തംബുളിന്റെ സവിശേഷതകൾ വിവരിക്കുമ്പോൾ 50 വർഷമായി സിഗരറ്റും പത്രമാസികകളും മാത്രം വിൽക്കുന്ന അലാദ്ദീന്റെ കടയെപ്പറ്റി പമുക് പ്രത്യേകം പറയുന്നുണ്ട്. കുട്ടിക്കാലത്ത് ഗുഹ പോലുള്ള ആ കടയിലെ സന്ദർശനം വിസ്‌മയകരമായിരുന്നു. അലാദ്ദീൻ പിന്നീട് പമുക്കിന്റെ ബ്ലാക്ക് ബുക്ക് എന്ന നോവലിലെ കഥാപാത്രമായും നമുക്കു മുന്നിലെത്തി.
എഴുത്തിനോടും പ്രണയം
ജീവിത ചുറ്റുപാടുകളോടുള്ള ആത്മരോഷമായിരുന്നു പമുക്കിന് എഴുത്തിനോടു പ്രണയം ഉണ്ടാക്കിയത്. 60 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട പമുക്കിന്റെ രചനകൾ ലോകത്താകെ 3 ദശലക്ഷം കോപ്പികൾ വിറ്റിട്ടുണ്ട്. 2006 ലാണ് നൊബേൽ സമ്മാനം ലഭിച്ചത്.
ചിത്രകാരനാകാൻ ആഗ്രഹിച്ച പാമുക്കിനെ എഴുത്തുകാരനാക്കിയത് ഇസ്തംബുളാണ്. രാത്രിയേറുംവരെ തെരുവുകളിലൂടെ അലഞ്ഞ്, ദരിദ്രവും പുരാതനവുമായ നഗരത്തിന്റെ എല്ലാ കഠിനതകളുമറിഞ്ഞ്, മുറിയിൽ തിരിച്ചെത്തി മേശയ്‌ക്കരികിൽ ഇരിക്കുമ്പോൾ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു: എനിക്കു ചിത്രകാരനാകേണ്ട. ഞാനൊരു എഴുത്തുകാരനാകാൻ പോകുകയാണ്. അന്നത്തെ ആ ആത്മരോഷമാണു തന്റെ എഴുത്തിനു പ്രേരണയാകുന്നതെന്നു പമുക് പിന്നീട് പറഞ്ഞിട്ടുണ്ട്. ദേഷ്യമെന്ന വികാരത്തെ ക്രിയാത്മകമായി മാറ്റിയെടുക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന് എഴുത്ത്. പല വ്യവസ്ഥിതികളോടുമുള്ള എതിർപ്പ് രോഷമാകുകയും എഴുത്തിൽ അതു തീക്ഷ്ണമായി പ്രതിഫലിക്കുകയും ചെയ്തപ്പോൾ ആത്മവിശ്വാസം നൽകിയ രചനകൾ ഉണ്ടാവുകയായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.
അധികൃതരുടെ കണ്ണിലെ കരട്
തുർക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളെയുൾപ്പെടെ വിമർശിച്ച് രാഷ്ട്രീയ നേതൃത്വത്തിന്റെ ശത്രുതയും അദ്ദേഹം പിടിച്ചുപറ്റിയിട്ടുണ്ട്. ഓർഹൻ പാമുക്കിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്താനുള്ള നീക്കവും തുർക്കിയിൽ ഉണ്ടായി.‘നൈറ്റ്സ് ഓഫ് പ്ലേഗ്’ എന്ന നോവലിൽ പാമുക് ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അതാതുർക്കിനെ അധിക്ഷേപിക്കുന്നു എന്നാരോപിച്ച് ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധികൃതർ അന്വേഷണമാരംഭിച്ചത്. നിയമനടപടിയുടെ ആവശ്യമില്ലെന്നു കണ്ടെത്തി അന്വേഷണം അവസാനിപ്പിക്കുകയാണ് ഉണ്ടായത്. 20–ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒട്ടോമൻ തുർക്കിയിൽ 10 ലക്ഷം അർമേനിയക്കാരെ വംശഹത്യ ചെയ്തുവെന്ന് ഒരു അഭിമുഖത്തിൽ പറഞ്ഞതിനും പാമുക്കിനെതിരെ കേസെടുത്തിരുന്നു.
Content Summary: Ferit Orhan Pamuk is a Turkish novelist, recipient of the 2006 Nobel Prize in Literature.