ADVERTISEMENT

അന്തരിച്ച പ്രിയകവി ബിനു എം. പള്ളിപ്പാടിനെ കവിയും സുഹൃത്തുമായ എം.ആർ. രേണുകുമാർ ഓർമിക്കുന്നു

 

മലയാളത്തിന്റെ പ്രിയകവി ബിനു എം. പള്ളിപ്പാടിന്റെ ആകസ്മിക വേര്‍പാടിനെ തുടര്‍ന്ന് ഇപ്രകാരമൊരു കുറിപ്പ് എഴുതേണ്ടിവരുന്നത് ഏറെ ദുഃഖകരമാണെങ്കിലും ബിനുവിനു വേണ്ടി അതു ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ഞങ്ങള്‍ക്കിടയില്‍ പലവിധേന കുഴഞ്ഞുമറിഞ്ഞ ഏത്രയെത്ര സമാഗമങ്ങളിലാണ്, ഓര്‍മകളിലാണ് ബിനുവിന്റെ സാന്നിധ്യം പതിഞ്ഞുകിടന്നിരുന്നതെന്നു തിരിച്ചറിയാന്‍ ബിനുവിന്റെ വേര്‍പാട് വേണ്ടിവന്നല്ലോ. 

 

കവിതകൊണ്ട് ചേര്‍ക്കപ്പെട്ടരായിരുന്നു ഞങ്ങള്‍. ഒരു കവിത വായിച്ചുണ്ടായ ഇഷ്ടത്തെ വാരിയെല്ല് ഞെരുങ്ങും വിധമൊരു കെട്ടിപ്പിടുത്തത്തിലേക്ക് വിവര്‍ത്തനം ചെയ്ത് ഒരിക്കല്‍ എന്നിലേക്ക് പെരുമഴപോലെ സ്നേഹാദരവുകള്‍ ചൊരിഞ്ഞ ബിനു ഹൃദയം തകര്‍ത്തുകൊണ്ട്, കൈവിടുവിച്ച് ഇങ്ങനെ മുമ്പേ നടന്നകലുമെന്ന് ആരറിഞ്ഞു. 

 

കവിതയിലും ജീവിതത്തിലും ഒപ്പമുണ്ടായിരുന്ന ഒരുടല്‍ വാരിപ്പിടിക്കാനാവാത്ത ഒരു നിഴലായി പൊടുന്നനെ മാറിയാല്‍ എന്തുചെയ്യും. തമ്മില്‍ കാണുന്നതിന് മുമ്പേ കവിതകൊണ്ട് പരസ്പരം തൊട്ട നമ്മള്‍ ഉടലുകൊണ്ട് തൊട്ടദിനം ഞാന്‍ ഇന്നലത്തേതുപോലെ ഓര്‍ക്കുന്നു. പരസ്പരം പേരുപോലും പറയാതെ ‘കവിതകൊണ്ട് മുറിവേറ്റ’ നമ്മള്‍ എത്രനേരമാണ് ഇറുകെപ്പുണര്‍ന്ന് നിന്നുപോയത്. 

 

ബിനുവിന്റെ കവിതകളിലൂടെ എനിക്ക് ബിനുവിനെയും എന്റെ കവിതകളിലൂടെ ബിനുവിന് എന്നെയും അത്രമേല്‍ പരിചിതമായിരുന്നു. ചോരയെ ചോരയെന്നപോലെ തിരിച്ചറിഞ്ഞവരായിരുന്നല്ലോ നമ്മള്‍. കണ്ണുകെട്ടിവിട്ടാലും ബിനുവിന്റെ കവിതകള്‍ വായിച്ചവര്‍ തട്ടാതെയും മുട്ടാതെയും ബിനുവിന്റെ വീട്ടിലെത്തുമായിരുന്നു. ആദ്യമായി ബിനുവിന്റെ വീട്ടിലെത്തിയപ്പോള്‍ ഞാനെന്റെ വീട്ടില്‍തന്നെയാണോ എത്തിയതെന്ന് എനിക്ക് തോന്നിയിരുന്നു. 

 

കവിതയില്‍ എന്നെക്കാള്‍ സീനിയറായിരുന്നെങ്കിലും ജീവിതത്തിലെ സീനിയോറിറ്റിയെ മുറുകെപ്പിടിച്ച് ബിനു സ്നേഹ- സാഹോദര്യത്തോടെ എപ്പൊഴുമെന്നെ ‘രേണുച്ചേട്ടാ’ന്ന് സംബോധന ചെയ്തു. ഈണവും താളവുമുള്ള ഒരു വിളിയില്‍, വിയര്‍പ്പുപൊടിഞ്ഞ മുഖത്ത് പൊടിച്ചുവരുന്ന ഒരു ചിരിയില്‍, ഹൃദയത്തിലേക്ക് നീളുന്നൊരു മൃദുസ്പര്‍ശത്തില്‍ എല്ലാമുള്ളപ്പോള്‍ പിന്നെന്തിന് ഒത്തിരി വര്‍ത്തമാനങ്ങള്‍, ഇടപെടലുകള്‍. 

 

ഒരിഞ്ചുപോലും ബാക്കിവെക്കാതെ ഉടലും ഉയിരും ഉന്മാദവും കവിതയിലേക്കും കലയിലേക്കും പകര്‍ന്ന ബിനു നിറഞ്ഞ കണ്ണുകളുള്ള നക്ഷത്രത്തിളക്കമായി എക്കാലവും കൂടെയുണ്ടാവും. മലയാള കവിതയുടെ വരേണ്യഭാവുകത്വത്തില്‍ വെട്ടിയ വെള്ളിടികളായിരുന്നു ബിനുവിന്റെ കവിതകള്‍. അതിന്റെ മുഴക്കങ്ങള്‍ക്ക് പെറ്റുപെരുകാതിരിക്കാനാവില്ല.

 

Content Summary: M.R. Renukumar remembers writer Binu M Pallippad

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com