ജോൺ പോൾ തിരക്കഥ എഴുതാനായി ഒരു കടലാസ്സെടുത്ത് ആദ്യം അതിന്റെ മാർജിൻ മടക്കുമ്പോൾ പതിവായി, ഒരിക്കലും തെറ്റാതെ ഒരു കാര്യം ചെയ്യാറുണ്ടായിരുന്നു. ആ മാർജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായി ചെരിച്ച് ‘ജീസസ്’ എന്നെഴുതും. അടിയിൽ ഒരു വര വരയ്ക്കും.

ജോൺ പോൾ തിരക്കഥ എഴുതാനായി ഒരു കടലാസ്സെടുത്ത് ആദ്യം അതിന്റെ മാർജിൻ മടക്കുമ്പോൾ പതിവായി, ഒരിക്കലും തെറ്റാതെ ഒരു കാര്യം ചെയ്യാറുണ്ടായിരുന്നു. ആ മാർജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായി ചെരിച്ച് ‘ജീസസ്’ എന്നെഴുതും. അടിയിൽ ഒരു വര വരയ്ക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോൺ പോൾ തിരക്കഥ എഴുതാനായി ഒരു കടലാസ്സെടുത്ത് ആദ്യം അതിന്റെ മാർജിൻ മടക്കുമ്പോൾ പതിവായി, ഒരിക്കലും തെറ്റാതെ ഒരു കാര്യം ചെയ്യാറുണ്ടായിരുന്നു. ആ മാർജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായി ചെരിച്ച് ‘ജീസസ്’ എന്നെഴുതും. അടിയിൽ ഒരു വര വരയ്ക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കഥാകൃത്തും നിർമാതാവുമായിരുന്ന അന്തരിച്ച ജോൺ പോൾ അദ്ദേഹത്തിന്റെ സൗഹൃദവലയത്തിലെ ഓരോ വ്യക്തിക്കും നൽകിയിരുന്നത് ഓരോ തരത്തിലുള്ള അനുഭവങ്ങളും ഓർമകളുമാണ്. കവിയും നടനുമായ ബാലചന്ദ്രൻ ചുള്ളിക്കാട് കൊച്ചിയിൽ ഏതെങ്കിലുമൊരു പൊതുപരിപാടിയിൽ പങ്കെടുത്തിട്ടു കാലമേറെയായി. പക്ഷേ, ജോൺ പോളിനെ കൊച്ചിയിലെ പൗരാവലി അനുസ്മരിക്കുന്ന ചടങ്ങിൽ എത്താതിരിക്കാൻ അദ്ദേഹത്തിനായില്ല. ചാവറ കൾച്ചറൽ സെന്ററിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ ജോൺ പോളും താനുമടക്കം ആയിരങ്ങളുടെ ഗുരുവായ പ്രഫ. എം.കെ. സാനു അടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് വാചാലനായി. ചുള്ളിക്കാട് തനിക്കു പ്രിയപ്പെട്ട ജോൺ പോളിനെ അനുസ്മരിച്ചു നടത്തിയ പ്രസംഗത്തിന്റെ പൂർണ രൂപമാണിത്.

 

ADVERTISEMENT

ഗുരുജനങ്ങളെ, പ്രിയപ്പെട്ടവരെ,

 

ശ്രീ ജോൺ പോൾ തിരക്കഥ എഴുതാനായി ഒരു കടലാസ്സെടുത്ത് ആദ്യം അതിന്റെ മാർജിൻ മടക്കുമ്പോൾ പതിവായി, ഒരിക്കലും തെറ്റാതെ ഒരു കാര്യം ചെയ്യാറുണ്ടായിരുന്നു. ആ മാർജിന്റെ ഏറ്റവും മുകളിൽ ഇടതുവശത്തായി ചെരിച്ച് ‘ജീസസ്’ എന്നെഴുതും. അടിയിൽ ഒരു വര വരയ്ക്കും. അത് എന്നും അദ്ദേഹം തെറ്റാതെ, മറക്കാതെ ചെയ്തിരുന്ന ഒരു കാര്യമാണ്. എന്നും ഞാനതു കണ്ടിട്ടുണ്ട്. 

 

ADVERTISEMENT

അദ്ദേഹത്തിന്റെ മുറിയിൽ എഴുതപ്പെട്ടതും സൂക്ഷിക്കപ്പെട്ടതുമായ കടലാസുകളിൽ മാത്രമല്ല, ഉപേക്ഷിക്കപ്പെട്ട കടലാസുകളിലും ഇടതുവശത്ത് ഏറ്റവും മുകളിൽ ഇടത്തേയറ്റത്ത് ‘ജീസസ്’ എന്ന ഈ മുദ്ര ഞാൻ എപ്പോഴും കണ്ടിട്ടുണ്ട്. ചില ചിത്രങ്ങളിൽ തിരക്കഥ എഴുതുമ്പോൾ അദ്ദേഹത്തിന്റെ സഹായിയായി ഞാൻ കൂടെ താമസിച്ചു പ്രവർത്തിച്ചിട്ടുണ്ട്. അപ്പോൾ പ്രത്യേകിച്ച് ഇതു നിരന്തരം ദിവസവും കണ്ടിട്ടുണ്ട്. ആ മുദ്ര അദ്ദേഹത്തിന്റെ അഗാധമായ വിശ്വാസത്തിന്റെ മുദ്രയാണ്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ എന്നു മാത്രമാണ് ഈ നിമിഷത്തിൽ പ്രാർഥിക്കാനുള്ളത്. 

 

ഒരു തിരക്കഥാകൃത്ത് എന്ന നിലയിലല്ല, മറിച്ച് ഒരു പത്രാധിപർ എന്ന നിലയിലാണു ശ്രീ ജോൺ പോളിനെ ഞാൻ ആദ്യമറിയുന്നത്. 75–76 കാലഘട്ടത്തിൽ ഞാനൊരു പ്രീഡിഗ്രി വിദ്യാർഥിയായിരുന്ന കാലത്തു ജോൺ പോൾ പത്രാധിപരായി ഒരു ചെറുമാസിക, ലിറ്റിൽ മാഗസിൻ എറണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പേര് ‘ഫോക്കസ്’ എന്നായിരുന്നു. അക്കാലത്ത്, ജോൺ പോൾ കേരള ടൈംസുമായി സഹകരിച്ചിരുന്നു. കേരള ടൈംസിനു ഞായറാഴ്ചകളിൽ ഒരു വാരാന്ത്യപ്പതിപ്പുണ്ടായിരുന്നു പത്രത്തിൽ. അതിന്റെ പേര് ‘സത്യനാദം’ എന്നായിരുന്നു. ഈ സത്യനാദത്തിലും അതുപോലെതന്നെ ഫോക്കസിലും എന്റെ ചില കവിതകൾ പ്രസിദ്ധീകരിച്ച പത്രാധിപരായിട്ടാണു ജോൺ പോളിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. 1975ൽ മഹാരാജാസ് കോളജിന്റെ ശതാബ്ദി നടക്കുന്ന വേളയിലാണ് ഞാൻ അദ്ദേഹത്തെ നേരിട്ടു കാണുന്നത്. മെലിഞ്ഞ്, നല്ല പൊക്കമുള്ള, കണ്ണടവച്ച, മുടി വളർത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരൻ. പിന്നീടു ഞാൻ കോളജിൽ പഠിക്കുന്ന കാലത്താണു തിരക്കഥാകൃത്തെന്ന നിലയിൽ അദ്ദേഹത്തിന്റെ രംഗപ്രവേശം. ‘ചാമരം’ എന്ന ചിത്രം. അന്ന് എറണാകുളത്തെ ‘സീ കിങ്’ എന്ന ഹോട്ടലിൽ ഡയറക്ടർ ഭരതൻ വന്നു താമസിക്കുമായിരുന്നു. അപ്പോൾ അന്നു സായാഹ്നങ്ങളിൽ അദ്ദേഹത്തെ കാണാൻ ഞങ്ങൾ വിദ്യാർഥികളും ചിലപ്പോഴൊക്കെ പോകുമായിരുന്നു. അവിടെവച്ചാണു ജോൺ പോൾ ഈ ‘ചാമരം’ എന്ന തിരക്കഥ എഴുതിക്കൊണ്ടിരുന്നത്. പിന്നീടെല്ലാം ചരിത്രമാണ്. 

 

ADVERTISEMENT

ഒരു തിരക്കഥാകൃത്തിന്റെയും എല്ലാ ചിത്രങ്ങളും ഒരുപോലെ വിജയിച്ചവയല്ല. ചലച്ചിത്ര രംഗത്തു പ്രവർത്തിക്കുന്ന എല്ലാവരെയും പോലെ, അത് അഭിനേതാക്കളായാലും സംവിധായകരായാലും തിരക്കഥാകൃത്തുക്കളായാലും നിർമാതാക്കളായാലും എല്ലാവരെയും പോലെ ജോൺ പോളും വിജയങ്ങളും പരാജയങ്ങളും ആവോളം കണ്ടിട്ടുള്ള ഒരു വ്യക്തിയാണ്, പതനാഭ്യുദയങ്ങൾക്ക് സാക്ഷിയാണ്, അനുഭവസാക്ഷിയാണ്. എൺപതുകളിലാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾക്ക് ഏറ്റവും സജീവമായി അദ്ദേഹം തിരക്കഥയെഴുതിയിരുന്നത്. എൺപതുകളിലും തൊണ്ണൂറുകളിലുമായിട്ട്. അന്നദ്ദേഹത്തിന്റെ ഏറ്റവും വലിയൊരു വ്യത്യസ്തത, പല തരത്തിലുള്ള സംവിധായകരുമായി അദ്ദേഹം സഹകരിച്ചു എന്നുള്ളതാണ്. സേതുമാധവനായാലും ഐ.വി. ശശിയായാലും ഈ ഇരിക്കുന്ന സംവിധായകൻ മോഹൻ, മോഹനേട്ടനായാലും ജേസിയായാലും ജോഷിയായാലും പി.ജി.വിശ്വംഭരനായാലും ആരായാലും അവരൊക്കെ വളരെ വ്യത്യസ്തമായ അഭിരുചിയുള്ളവരും വളരെ വ്യത്യസ്തമായ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുന്നവരും വ്യത്യസ്തമായ ക്രാഫ്റ്റുള്ളവരും വ്യത്യസ്തമായ സമീപനമുള്ളവരുമൊക്കെയായിരുന്നു. അവരെയെല്ലാം തൃപ്തിപ്പെടുത്തിക്കൊണ്ട്, വളരെ വ്യത്യസ്തമായ, അവരുടെ കാഴ്ചപ്പാടിനും അവരുടെ നൈപുണിക്കും അവരുടെ സാങ്കേതിക അവബോധത്തിനും അനുസൃതമായി തിരക്കഥയെഴുതുക, അതു വിജയിപ്പിക്കുക എന്ന അദ്ഭുതകൃത്യം ചെയ്തയാളായിരുന്നു ശ്രീ. ജോൺ പോൾ. 

 

തിരക്കഥാകൃത്ത് എന്ന നിലയിൽ നൂറിലധികം ചലച്ചിത്രങ്ങൾക്ക്, 100, 102 എന്നൊക്കെയാണു കണക്കു പറഞ്ഞിരുന്നത് പല മാധ്യമങ്ങളിലും അദ്ദേഹം മരിച്ച സന്ദർഭത്തിൽ. പക്ഷേ, സത്യത്തിൽ അതിനെക്കാളൊക്കെ വളരെ കൂടുതൽ തിരക്കഥകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. എണ്ണം കൃത്യമായി പറയാൻ എനിക്കറിഞ്ഞുകൂടാ. എന്തായാലും 150ൽ കൂടുതൽ തിരക്കഥകൾ, അല്ല 170ൽ പരം തിരക്കഥകൾ എഴുതിയിട്ടുണ്ടെന്നാണ് അദ്ദേഹം തന്നെ പറഞ്ഞ് എന്റെ അറിവ്. എണ്ണത്തെക്കാളുപരി, അദ്ദേഹം ചെയ്ത തിരക്കഥകളുടെ പ്രമേയപരവും സാങ്കേതികവുമായ വൈവിധ്യങ്ങൾ, അത് ഭാവിതലമുറ പഠനവിഷയമാക്കേണ്ടതാണ്. പ്രത്യേകിച്ചും തിരക്കഥ, അതുപോലെതന്നെ വാണിജ്യസിനിമ ഇതൊക്കെ അക്കാദമിക് തലത്തിൽ പഠനവിഷയമായ പുതിയ കാലത്ത്. 

 

വിട പറയും മുൻപേ പോലെ ഒരു ചിത്രം, ഒരു പ്രമേയം. ആരോരുമറിയാതെ പോലെ ഒരു പ്രമേയം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലൊരു പ്രമേയം, ചാമരം പോലെ ചമയം പോലെ ഉള്ള വ്യത്യസ്തമായ പ്രമേയങ്ങൾ, വ്യത്യസ്തമായ ജീവിതങ്ങൾ, വ്യത്യസ്തമായ പശ്ചാത്തലങ്ങൾ, വ്യത്യസ്തമായ കഥകൾ ഇതൊക്കെ ഒരേയൊരു തിരക്കഥാകൃത്തുതന്നെ എഴുതി വിജയിപ്പിക്കുക എന്നത് ഒരദ്ഭുത പ്രവൃത്തിയാണ്. അദ്ദേഹത്തിന്റെ വിജയിച്ച ചിത്രങ്ങൾ മാത്രമല്ല, വിജയിച്ച പല ചിത്രങ്ങളെക്കാൾ മേന്മയുള്ള ചിത്രങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. അത് അനിവാര്യമായ ഒരു കാര്യമാണ്. ചിലപ്പോൾ പല ഘടകങ്ങൾകൊണ്ടും പല സാഹചര്യങ്ങൾകൊണ്ടും വളരെ നല്ല ചില ചിത്രങ്ങൾ പരാജയപ്പെട്ടുപോകാറുണ്ട് സാമ്പത്തികമായിട്ട്. പക്ഷേ, അത്, ആ സാമ്പത്തികമായ പരാജയം ആ ചിത്രത്തിന്റെ കലാപരമായ മേന്മയെ ഒരുതരത്തിലും ബാധിക്കുന്നില്ല. 

 

വ്യക്തി എന്ന നിലയിൽ അനേകം അനേകം മനുഷ്യരുമായി, വിവിധ തലങ്ങളിലും വിവിധ തരത്തിലുമുള്ള മനുഷ്യരുമായി ഗാഢമായ സൗഹൃദം പുലർത്താൻ കഴിവുള്ള ഒരാളായിരുന്നു ജോൺ പോൾ. അതെന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സൗഹൃദം അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു സുകുമാരകലയായിരുന്നു. എന്നെ സംബന്ധിച്ചു സൗഹൃദം എപ്പോഴും വളരെയധികം മാനസിക സമ്മർദമുണ്ടാക്കുന്ന ഒരു അനിവാര്യതയായിരുന്നു. പക്ഷേ, ജോൺപോളിനതൊരു  സുകുമാരകലയായിരുന്നു. അത്രയ്ക്കു വൈവിധ്യമുള്ള രംഗങ്ങളിലായിരുന്നു, ലോകങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം നിലനിന്നിരുന്നത്.

 

ഞാനാദ്യമായി അദ്ദേഹത്തിന്റെ തിരക്കഥാരചനയിൽ അദ്ദേഹത്തെ സഹായിക്കുന്നത് ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ രചിക്കുന്ന സന്ദർഭത്തിലാണ്. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ ഭരതനും അദ്ദേഹവും കൂടി താമസിക്കുന്ന കാലത്താണ്, ഒരു ദിവസം എന്നെ അദ്ദേഹം വിളിച്ച് ഉടനവിടെ എത്തണമെന്നു പറയുന്നത്. അങ്ങനെ ഞാൻ അവിടെ എത്തി. അതു നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പശ്ചാത്തലമുള്ള ഒരു ചലച്ചിത്രമായിരുന്നു. ആ പ്രസ്ഥാനവുമായി എനിക്കും ചില ബന്ധങ്ങളുണ്ടായിരുന്നതു കൊണ്ട്, ആ വിഷയം ഞാനുമായിട്ടു സംസാരിക്കുന്നതിനു വേണ്ടിയിട്ടാണ് അദ്ദേഹം എന്നെ അങ്ങോട്ടു വിളിക്കുന്നത്. അങ്ങനെ ഞാൻ കുറെ ദിവസങ്ങൾ അദ്ദേഹത്തോടൊപ്പം, ഭരതനോടൊപ്പം അവിടെ താമസിക്കുകയും ആ വിഷയത്തെപ്പറ്റി എനിക്കറിയാവുന്ന കാര്യങ്ങൾ ഞാൻ പറയുകയും ചെയ്തു. അന്നാണ് അദ്ദേഹവുമായി ഒരു ചലച്ചിത്രത്തിൽ ഞാൻ ആദ്യമായി സഹകരിക്കുന്നത്. പിന്നീട് അഞ്ചോ ആറോ ചലച്ചിത്രങ്ങളിൽ ഞാൻ അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അതിനു ലഭിച്ച അവസരം എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ചലച്ചിത്ര വിദ്യാഭ്യാസമായിരുന്നു, സാങ്കേതികമായി ജോൺ പോൾ അധ്യാപകനായിരുന്നില്ല, അദ്ദേഹത്തിന്റെ പിതാവായിരുന്നു അധ്യാപകൻ എങ്കിലും ഒരധ്യാപകനു വേണ്ട ഒരുപാടു ഗുണങ്ങൾ ഉണ്ടായിരുന്ന ഒരാളായിരുന്നു അദ്ദേഹം. ഒരു കാര്യം നമ്മളെ, വിദ്യാർഥികളെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കാൻ കഴിവുള്ള ഒരു നല്ല അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംഘടനാപരമായ മികവുകളെപ്പറ്റി സാനുമാഷ് പറഞ്ഞുവല്ലോ.

 

മാക്ട എന്ന സംഘടന രൂപീകരിക്കുന്നതടക്കം അദ്ദേഹത്തിന്റെ സംഘടനാപരമായ മികവുകൾ ചലച്ചിത്രരംഗത്തു മാത്രമല്ല, സമൂഹത്തിന്റെ മറ്റു മേഖലകളിലും വളരെയധികം ദൃശ്യമായ ഒന്നാണ്.

 

വ്യക്തിപരമായി അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നവർക്കെല്ലാം ജീവിതകാലം മുഴുവൻ ദീപ്തമായ ഒരു സൗഹൃദത്തിന്റെ സ്മരണയാണു ജോൺ പോൾ. നമ്മുടെ സമൂഹത്തിൽ, ചലച്ചിത്ര ചരിത്രത്തിൽ പ്രകാശം കൊണ്ട്, ഒരു പക്ഷേ വൈവിധ്യമുള്ള വർണങ്ങൾ നിറഞ്ഞ പ്രകാശം കൊണ്ട് എഴുതപ്പെട്ട ഒരു നാമമാണു ജോൺ പോൾ. അദ്ദേഹത്തിന്റെ പ്രവൃത്തികളുടെയെല്ലാം അടിയിൽ, വിജയപരാജയങ്ങളെയെല്ലാം അദ്ദേഹം സമീപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത രീതിയുടെയെല്ലാം അടിയിൽ ആഴത്തിലുള്ള വിശ്വാസം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ആ വിശ്വാസത്തിൽനിന്നു പ്രചോദിപ്പിക്കപ്പെട്ട് അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളാണ് ഇന്ന് ഇവിടെ പ്രകീർത്തിക്കപ്പെട്ടത്. 

 

ഒരു നാലു പതിറ്റാണ്ടിനപ്പുറം നീണ്ടുനിന്ന ഒരു വലിയ, സാന്ത്വനപൂർവമായ സൗഹൃദത്തിന്റെ സ്മരണയാണ് എനിക്കു ജോൺ പോൾ. അതു വ്യക്തിപരമായ ഒരു നഷ്ടമാണ്. പക്ഷേ, ‘സംയോഗാ വിപ്രയോഗാന്താ മരണാന്തംചഃ ജീവിതം’. കൂടിച്ചേരുന്നതെല്ലാം വേർപിരിയുന്നു, ജീവിതം മരണത്തിലവസാനിക്കുന്നു എന്നതു മൂവായിരം വർഷങ്ങൾക്കു മുൻപു വാല്മീകി കണ്ടെത്തി വിളംബരം ചെയ്ത ഒരു ജീവിതസത്യമാണ്. അത് ആർക്കും ഒഴിവാക്കാവുന്നതല്ല. 

 

പക്ഷേ, ജോൺ പോളിന്റെ തിരക്കഥയുടെ ഓരോ പേജിലും ഇടതുവശത്ത് ഏറ്റവും മുകളിലായിട്ട് കോറിയിട്ട ആ വിശ്വാസത്തിന്റെ മുദ്ര ‘ജീസസ്’. ആ ജീസസ്, അദ്ദേഹത്തോടു പത്രോസ് ചോദിക്കുന്നുണ്ട്, വള്ളവും വലയും വിട്ടു മാതാപിതാക്കളെയും ബന്ധുക്കളെയും ഉപേക്ഷിച്ചു ഞാൻ നിന്നെ പിന്തുടരും, എനിക്കെന്തു കിട്ടും എന്ന്. ജീസസിന്റെ മറുപടി, ‘ഞാൻ നിന്നെ നിത്യജീവന് അവകാശിയാക്കും’ എന്നതാണ്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ നിത്യജീവന് അവകാശിയാക്കട്ടെ എന്നു പ്രാർഥിച്ചുകൊണ്ട് ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു. 

 

Content Summary: Balachandran Chullikkadu remembers John Paul