വായനക്കാരുടെ സ്വന്തം എഴുത്തുകാരൻ
വായനക്കാരനെ / വായനക്കാരിയെ കാണാനും സംസാരിക്കാനുമായി ഒരു എഴുത്തുകാരൻ എത്രദൂരം വരെ പോകും? എത്രദൂരവും എന്നാണു യുവ എഴുത്തുകാരൻ അഖിൽ പി. ധർമജന്റെ ഉത്തരം. വായനക്കാരോടു സംവദിക്കാനും സ്നേഹം പങ്കിടാനുമായി ദിവസവും ഒട്ടേറെ മണിക്കൂറുകൾ ചെലവഴിക്കാറുള്ള അഖിൽ സ്വദേശമായ ആലപ്പുഴയിൽ നിന്ന് വയനാടു വരെ പോയതു
വായനക്കാരനെ / വായനക്കാരിയെ കാണാനും സംസാരിക്കാനുമായി ഒരു എഴുത്തുകാരൻ എത്രദൂരം വരെ പോകും? എത്രദൂരവും എന്നാണു യുവ എഴുത്തുകാരൻ അഖിൽ പി. ധർമജന്റെ ഉത്തരം. വായനക്കാരോടു സംവദിക്കാനും സ്നേഹം പങ്കിടാനുമായി ദിവസവും ഒട്ടേറെ മണിക്കൂറുകൾ ചെലവഴിക്കാറുള്ള അഖിൽ സ്വദേശമായ ആലപ്പുഴയിൽ നിന്ന് വയനാടു വരെ പോയതു
വായനക്കാരനെ / വായനക്കാരിയെ കാണാനും സംസാരിക്കാനുമായി ഒരു എഴുത്തുകാരൻ എത്രദൂരം വരെ പോകും? എത്രദൂരവും എന്നാണു യുവ എഴുത്തുകാരൻ അഖിൽ പി. ധർമജന്റെ ഉത്തരം. വായനക്കാരോടു സംവദിക്കാനും സ്നേഹം പങ്കിടാനുമായി ദിവസവും ഒട്ടേറെ മണിക്കൂറുകൾ ചെലവഴിക്കാറുള്ള അഖിൽ സ്വദേശമായ ആലപ്പുഴയിൽ നിന്ന് വയനാടു വരെ പോയതു
വായനക്കാരനെ / വായനക്കാരിയെ കാണാനും സംസാരിക്കാനുമായി ഒരു എഴുത്തുകാരൻ എത്രദൂരം വരെ പോകും? എത്രദൂരവും എന്നാണു യുവ എഴുത്തുകാരൻ അഖിൽ പി. ധർമജന്റെ ഉത്തരം. വായനക്കാരോടു സംവദിക്കാനും സ്നേഹം പങ്കിടാനുമായി ദിവസവും ഒട്ടേറെ മണിക്കൂറുകൾ ചെലവഴിക്കാറുള്ള അഖിൽ സ്വദേശമായ ആലപ്പുഴയിൽനിന്ന് വയനാടു വരെ പോയത് അപൂർവതയേറെയുള്ളൊരു കൂടിക്കാഴ്ചയ്ക്ക് വേണ്ടിയായിരുന്നു. 28 വയസ്സുള്ള അഖിലിന്റെ 71 വയസ്സുള്ള വായനക്കാരി രാധമ്മയെ കാണാനും ‘റാം കെയർ ഓഫ് ആനന്ദി’ എന്ന പുതിയ നോവൽ സമ്മാനിക്കാനും.
പോളിടെക്നിക് പഠനകാലത്ത് എഴുതിയ ‘ഓജോ ബോർഡ്’ എന്ന ത്രില്ലർ നോവലിലൂടെയാണ് അഖിൽ പി. ധർമജൻ എന്ന പേര് എഴുത്തുഭൂപടത്തിൽ അടയാളപ്പെടുന്നത്. സ്വന്തമായി അച്ചടിച്ചു പ്രസിദ്ധീകരിച്ച ആ നോവലിന്റെ 1000 കോപ്പി കേരളത്തിലെ 14 ജില്ലകളിലെയും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലുമായി ബാഗിൽ കൊണ്ടുനടന്നു വിറ്റുകൊണ്ടാണ് തന്റെ വഴി എഴുത്താണെന്ന് അഖിൽ ലോകത്തോടു വിളിച്ചുപറഞ്ഞത്. ആദ്യ നോവൽ വായനക്കാർ ഏറ്റെടുത്തതോടെ രണ്ടാമത്തെ പുസ്തകമായ ‘മെർക്കുറി ഐലൻഡി’ന് പുസ്തകശാലകളിലേക്കു നേരിട്ടു പ്രവേശനം ലഭിച്ചു. രണ്ടാമത്തെ പുസ്തകവും നല്ല വിൽപന നേടിയതോടെ അഖിലിന്റെ മൂന്നാമത്തെ പുസ്തകം തേടി പ്രസാധകരെത്തി. ‘റാം കെയർ ഓഫ് ആനന്ദി’ എന്ന സിനിമാറ്റിക് നോവൽ പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ ആറു പതിപ്പുകളിൽ എത്തി നിൽക്കുന്നു.
ചെന്നൈ പശ്ചാത്തലമുള്ള ഈ നോവൽ എഴുതാനായി അഖിൽ രണ്ടു വർഷം ചെന്നൈയിൽ പോയി താമസിച്ചു. ചടങ്ങുകളിൽ ഫൊട്ടോഗ്രഫർമാർക്ക് ലൈറ്റ് പിടിച്ചു കൊടുത്തും ബലൂണുകൾ വീർപ്പിച്ചും നിത്യച്ചെലവിനുള്ള വഴി കണ്ടെത്തി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പശ്ചാത്തലമാകുന്ന നോവലിന്റെ കഥാപാത്രങ്ങളെ കണ്ടെത്താനായി ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ കോഴ്സിനു ചേർന്നു. ഫീസ് അടച്ചു കൈയിലെ പണം തീർന്നപ്പോൾ ഒരു രൂപയ്ക്കു ലഭിക്കുന്ന അമ്മ ഇഡ്ഡലികൾ കഴിച്ചു വിശപ്പടക്കി. അങ്ങനെ ദിവസം 10 രൂപയ്ക്കു ഭക്ഷണം കഴിച്ചു കഴിഞ്ഞ നാളുകൾ ഒട്ടേറെ. വയനാട്ടിലെ ഉൾപ്രദേശത്ത് ഒറ്റയ്ക്കൊരു വീട്ടിൽ താമസിക്കുന്ന രാധമ്മയെപ്പോലുള്ള വയോധികരും വിദ്യാർഥികൾ ഉൾപ്പെടുന്ന പുതിയ തലമുറയും അഖിലിന്റെ പുസ്തകങ്ങൾ ഒരുപോലെ ഇഷ്ടപ്പെടുന്നതിന്റെയും വായിക്കുന്നതിന്റെയും കാരണം ആ ജീവിതത്തിൽത്തന്നെ എഴുതിവച്ചിട്ടുണ്ട്.
∙രാധമ്മ എന്ന വിസ്മയം
‘‘മെർക്കുറി ഐലൻഡ് എന്ന നോവൽ വായിച്ച ശേഷം രാധമ്മ എന്ന 71 വയസ്സുള്ള അമ്മ പുസ്തകത്തിലെ എന്റെ നമ്പർ എടുത്താണ് ഒരു വർഷം മുൻപ് വിളിക്കുന്നത്. അമ്മയ്ക്ക് ഫോണിൽ സംസാരിക്കാനൊന്നും അങ്ങനെ അറിയില്ലായിരുന്നു. എന്നെ ആരോ കളിയാക്കാൻ വിളിക്കുന്നതായാണ് ആദ്യം തോന്നിയത്. പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ എഴുത്തുകാരനുമായി സംസാരിക്കണമെന്നു തോന്നിയെന്നും അങ്ങനെ പുസ്തകത്തിൽ കണ്ട നമ്പർ എടുത്തു വിളിക്കുന്നതാണെന്നും അമ്മ പറഞ്ഞു. പിന്നെ പതിയെപ്പതിയെ അമ്മ ഓരോരോ കാര്യങ്ങൾ സംസാരിക്കാനായി വിളിക്കാൻ തുടങ്ങി. ഇതിനിടയ്ക്ക് 2020 ഡിസംബറിലാണ് എന്റെ മൂന്നാമത്തെ പുസ്തകമായ റാം കെയർ ഓഫ് ആനന്ദി ഇറങ്ങുന്നത്. പ്രസാധകന്റെ പക്കൽനിന്നു കിട്ടിയാലുടൻ പുസ്തകം അയച്ചു തരാം എന്നു ഞാൻ അമ്മയോടു പറഞ്ഞു. പക്ഷേ, പിന്നീട് ഈ പുസ്തകത്തിന്റെ പലവിധ കാര്യങ്ങളുമായി തിരക്കിലായിപ്പോയി. അമ്മയെ വിളിക്കാനും സംസാരിക്കാനുമൊന്നും പറ്റിയില്ല.
അങ്ങനെയിരിക്കുമ്പോഴാണ് അമ്മ ഒരു ദിവസം വിളിച്ചിട്ട് നീ ഇതുവരെ പുസ്തകം അയച്ചു തന്നില്ലല്ലോ എന്നു പറയുന്നത്. ഞാൻ പൈസ തരില്ലാന്നു വിചാരിച്ചിട്ടാണോ പുസ്തകം അയയ്ക്കാത്തതെന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ വല്ലാതെയായി. എനിക്ക് അതു ഭയങ്കര വിഷമമായി. ഇനി പുസ്തകം കൊടുക്കുകയാണെങ്കിൽ അമ്മയ്ക്കു നേരിട്ടു കൊണ്ടുപോയി കൊടുക്കണമെന്ന് അന്നുതന്നെ ഞാൻ തീരുമാനമെടുത്തിരുന്നു. കഴിഞ്ഞയാഴ്ച വയനാട്ടില്‍ ഒരു ചടങ്ങിനു പോയപ്പോൾ സുഹൃത്ത് മനുവിന്റെ അടുത്ത് ഇതിനായി ഒരു ദിവസം താമസിച്ചു. അവന്റെ വീട്ടിൽനിന്ന് 30 കിലോമീറ്ററിലേറെ ദൂരമുണ്ട് അമ്മയുടെ വീട്ടിലേക്ക്. അമ്മയോടു പറഞ്ഞത് ഞാൻ പുസ്തകം ഒരു കൂട്ടുകാരന്റെ കയ്യിൽ കൊടുത്തുവിടുന്നുണ്ട്, അതു വാങ്ങിക്കണം എന്നാണ്. അങ്ങനെ പറഞ്ഞ് വിലാസവും വാങ്ങി ഞാനും മനുവും രാവിലെ അമ്മയുടെ വീട്ടിലേക്കു പുറപ്പെട്ടു. സ്ഥലം പറഞ്ഞു തന്നിരുന്നെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് അമ്മയുടെ വീടു കണ്ടുപിടിച്ചത്.
ഉൾപ്രദേശത്ത്, കാടു പോലെ തോന്നിക്കുന്ന ഒരു സ്ഥലത്ത്, ഒരു പറമ്പിൽ ഒറ്റപ്പെട്ട ഒരു വീട്ടിലാണ് അമ്മ തനിയെ താമസിക്കുന്നത്. ഞങ്ങൾ തമ്മിൽ ആദ്യമായാണു കാണുന്നത്. പക്ഷേ, റോഡിൽനിന്നു നടന്നു വീട്ടിലെത്തിയ ഉടൻ അമ്മ പറഞ്ഞ വാചകങ്ങൾ എന്നെ അദ്ഭുതപ്പെടുത്തി. ‘ആൾമാറാട്ടം നടത്തിയാൽ നിന്നെ കണ്ടുപിടിക്കില്ലെന്നു കരുതിയോ അഖിൽ പി. ധർമജാ’ എന്നാണ് അമ്മ പറഞ്ഞത്. മാസ്കും കണ്ണടയും തൊപ്പിയുമൊക്കെ ധരിച്ച് ആദ്യമായി കാണുന്ന ഒരാൾക്ക് ഒട്ടും മനസ്സിലാകാത്ത തരത്തിലാണു ഞാൻ ചെന്നത്. എങ്കിലും ഒറ്റനോട്ടത്തിൽത്തന്നെ അമ്മ എന്നെ തിരിച്ചറിഞ്ഞു. എങ്ങനെയാണു മനസ്സിലാക്കിയതെന്നു ഞാൻ ചോദിച്ചപ്പോൾ, നീ വരുമെന്ന് എനിക്കറിയാമായിരുന്നു, എനിക്കുറപ്പുണ്ടായിരുന്നു എന്നായിരുന്നു അമ്മയുടെ മറുപടി.
∙അമ്മയുടെ വായന
‘‘ഞങ്ങൾ അമ്മയുടെ വീടും പരിസരവുമൊക്കെ ചുറ്റിനടന്നു കണ്ടപ്പോൾ വളരെ ബുദ്ധിമുട്ടിൽ ജീവിക്കുന്ന സ്ത്രീയാണെന്നു മനസ്സിലായി. ശുദ്ധജലം ശേഖരിക്കാൻ കുറച്ചു ദൂരം നടന്നുപോകണം. ആ വഴിയൊക്കെ കാടുപിടിച്ചു കിടക്കുകയാണ്. നടന്നുപോകുമ്പോൾ കാട്ടുവള്ളികളിലൊക്കെ തട്ടി വീഴാറുണ്ടെന്ന് അമ്മ പറഞ്ഞു. ഞാനും മനുവും ചേർന്ന് ആ വഴിയൊക്കെ വൃത്തിയാക്കിക്കൊടുത്തു. അമ്മ പുറത്തുപോകുമ്പോൾ വീട്ടിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടവും ഉണ്ട്. കെഎസ്ഇബി മീറ്ററും വയറിങ്ങുമൊക്കെ നശിപ്പിച്ചതിനാൽ ഇപ്പോൾ കറന്റും വെള്ളവും ഇല്ല. ഭിത്തികളിലൊക്കെ അസഭ്യപദങ്ങൾ എഴുതി വൃത്തികേടാക്കിയിട്ടുമുണ്ട്. കറന്റ് പുനഃസ്ഥാപിക്കണമെങ്കിൽ 10,000 രൂപ കെഎസ്ഇബിയിൽ കെട്ടിവയ്ക്കണം. നിത്യച്ചെലവിനു പോലും ബുദ്ധിമുട്ടുന്ന അവരുടെ കയ്യിൽ പതിനായിരം രൂപ എങ്ങനെ എടുക്കാൻ.
ഇത്ര ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ ജീവിക്കുമ്പോഴും അമ്മയുടെ വായനയിലുള്ള താൽപര്യം അദ്ഭുതപ്പെടുത്തുന്നതാണ്. മെർക്കുറി ഐലൻഡ് എന്ന എന്റെ പുസ്തകം ഏഴെട്ടു തവണയെങ്കിലും വായിച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. വീട്ടിൽത്തന്നെ കുറേയേറെ പുസ്തകങ്ങളുണ്ട്. 380 രൂപ വിലയുള്ള എന്റെ പുസ്തകം കോഴിക്കോട് പോയപ്പോൾ അമ്മ വിലകൊടുത്തു വാങ്ങിയെന്നതും എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ്. അവരെ സംബന്ധിച്ചിടത്തോളം അതു വളരെ വലിയ തുകയാണ്. ഇങ്ങനെയും ചിലർ നമുക്കു ചുറ്റുമുണ്ട്. പുസ്തകങ്ങളെയും എഴുത്തുകാരെയും നിലനിർത്തുന്നത് ഇത്തരം വ്യക്തികളുടെ തീവ്രമായ വായനാഭിലാഷം കൂടിയാണ്. ആ കലർപ്പില്ലാത്ത സ്നേഹം കൂടിയാണ്.
∙വായനക്കാർ
‘‘വായനക്കാരെ ഏറ്റവും കൂടുതൽ നേരിൽ കാണാൻ ശ്രമിക്കുന്ന ഒരാളാണു ഞാൻ. എല്ലാവരെയും കാണാനും സംസാരിക്കാനുമെല്ലാം എനിക്ക് വലിയ ഇഷ്ടമാണ്. ഓരോ സ്ഥലത്തു പോകുമ്പോഴും അവിടെയുള്ളവരെ കഴിവതും കാണാൻ ശ്രമിക്കാറുണ്ട്. പുസ്തകം വായിച്ചു സ്ഥിരമായി വിളിക്കുന്ന വായനക്കാരുണ്ട്. അങ്ങനെയുള്ളവരെ പരമാവധി നേരിൽ കാണാൻ ശ്രമിക്കാറുണ്ട്. ഒരു ദിവസം നാലു മണിക്കൂറെങ്കിലും, പുസ്തകം വായിച്ചു വിളിക്കുന്നവരുമായി സംസാരിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസം രാത്രി 12 മണിക്കു വിളിച്ച ഒരാൾ പുസ്തകത്തെപ്പറ്റി സംസാരിച്ചത് അവസാനിച്ചതു പുലർച്ചെ രണ്ടു മണിക്കാണ്. എന്റെ എഴുത്തിലെ നെഗറ്റീവും പൊസിറ്റീവുമെല്ലാം മനസ്സിലാക്കാനാകുന്നത് ഇത്തരം സംഭാഷണങ്ങളിലൂടെയാണ്.
∙ആദ്യ പുസ്തകം
‘‘2015 ൽ പോളിയിൽ പഠിക്കുന്ന സമയത്താണ് എന്റെ ആദ്യ പുസ്തകമായ ഓജോ ബോർഡ് സ്വന്തമായി അച്ചടിച്ചു പുറത്തിറക്കുന്നത്. ഒരുപാടു പ്രസാധകരെ സമീപിച്ചിട്ടും ആരും പരിഗണിക്കാത്തതിനെത്തുടർന്നാണു സ്വന്തമായി ഇറക്കാൻ തീരുമാനിച്ചത്. പോളിടെക്നിക് ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. പുതിയ എഴുത്തുകാരനായതിനാൽ അന്ന് ആ പുസ്തകം വിൽപനയ്ക്കായി എടുക്കാൻ കടക്കാരൊന്നും തയാറായിരുന്നില്ല. ഇപ്പോൾ എന്റെ പുസ്തകം വച്ചിട്ടുള്ള മിക്കവാറും എല്ലാ കടകളിലും അന്നു ഞാൻ പോയി ചോദിച്ചിരുന്നു. പക്ഷേ, ആരും എടുത്തില്ല. അവരെയും കുറ്റം പറയാൻ പറ്റില്ല. ആരും അറിയാത്ത പുതിയ എഴുത്തുകാരനല്ലേ. അങ്ങനെയായപ്പോൾ ഞാൻ പുസ്തകം ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമൊക്കെ കൊണ്ടുനടന്നു വിൽക്കാൻ തുടങ്ങി. കേരളത്തിലെ 14 ജില്ലകളിലും ഓജോ ബോർഡുമായി ഞാൻ സഞ്ചരിച്ചു. 1000 കോപ്പി അങ്ങനെ വിറ്റിട്ടുണ്ട്. അതൊരു വാശിയായിരുന്നു.
അതിനുശേഷമാണു ഫെയ്സ്ബുക്കിൽ പുസ്തകം സംബന്ധിച്ച റിവ്യു പതിയെ വന്നു തുടങ്ങുന്നത്. ഫ്ലിപ്കാർട്ടിലും ആമസോണിലും പുസ്തകം ലിസ്റ്റ് ചെയ്യുന്നതും അതിനുശേഷമാണ്. അങ്ങനെ പതിയെ പുസ്തകം ഇങ്ങോട്ടു ചോദിച്ച് ആളുകൾ വന്നു തുടങ്ങി. അവർക്കൊക്കെ പോസ്റ്റിൽ അയച്ചു കൊടുക്കാൻ തുടങ്ങി. എന്നാലും മെർക്കുറി ഐലൻഡ് ഇറങ്ങിയപ്പോഴും ഞാൻ കുറച്ചു പുസ്തകം കൊണ്ടുനടന്നു വിറ്റിരുന്നു. അതൊരു 500 കോപ്പിയൊക്കെ തീർന്നു കഴിഞ്ഞപ്പോൾ പിന്നെ അങ്ങനെ വിൽക്കേണ്ട കാര്യമില്ലാതായി. ആളുകൾ കൂടുതൽ ഇങ്ങോട്ടു ചോദിച്ചു വരാൻ തുടങ്ങി. എന്റെ പുസ്തകങ്ങൾക്ക് വായനക്കാരുണ്ടെന്നു കണ്ടപ്പോൾ മുൻപ് എന്നെ തള്ളിക്കളഞ്ഞ ചിലർ പുസ്തകം അച്ചടിക്കാമെന്ന വാഗ്ദാനവുമായി വന്നു. ഞാൻ പക്ഷേ, പറ്റില്ലെന്നു പറഞ്ഞു. ഈ രണ്ടു പുസ്തകങ്ങളാണ് എന്നെ എഴുത്തുകാരനാക്കിയത്. അത് ഇനി പുറത്തു കൊടുക്കുന്നില്ലെന്നു ഞാൻ തീരുമാനിച്ചു. എന്നാൽ വിൽപനയ്ക്കായി നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. അതു ഞാൻ തന്നെ അച്ചടിച്ചു നൽകാൻ തുടങ്ങി.
∙കഥപറച്ചിൽ
‘‘ഓജോ ബോർഡ് 6 എഡിഷൻ ആയി. മെർക്കുറി ഐലൻഡ് അഞ്ച് എഡിഷനും പുറത്തിറങ്ങി. എന്റെ മൂന്നാമത്തെ പുസ്തകമായ റാം കെയർ ഓഫ് ആനന്ദി ഒരു പ്രമുഖ പ്രസാധന സ്ഥാപനം തന്നെ പ്രസിദ്ധീകരിക്കാൻ മുൻപോട്ടു വന്നു. അത് ഒരു വർഷം കൊണ്ടു തന്നെ ആറ് എഡിഷൻ ആയിക്കഴിഞ്ഞു. മൂന്നു പുസ്തകങ്ങളിലും മൂന്നു വ്യത്യസ്ത കഥപറച്ചിൽ രീതികൾ അവലംബിക്കാനാണു ഞാൻ ശ്രമിച്ചത്. ഓജോ ബോർഡ് ഹൊറർ നോവലാണ്. മെർക്കുറി ഐലൻഡ് ഫാന്റസി ആണ്. റാം ആനന്ദി റിയലിസ്റ്റിക് രീതിയിലുള്ള നോവലാണ്. ഇനി വരുന്ന പുസ്തകങ്ങളും വ്യത്യസ്ത വിഷയങ്ങളിൽ എഴുതണമെന്നാണു താൽപര്യം. നാലാമത്തെ പുസ്തകം ഒരു വ്യത്യസ്ത പരീക്ഷണമാണ്. എഴുതി തുടങ്ങിയിട്ടേയുള്ളൂ. പേര് ഇട്ടിട്ടുമില്ല. പെട്ടെന്ന് പെട്ടെന്ന് പുസ്തകങ്ങൾ ഇറക്കണമെന്ന് എനിക്ക് ആഗ്രഹമില്ല. നന്നായി ആലോചിച്ച് എഴുതണമെന്നാണ് ആഗ്രഹം. പുതിയ പുസ്തകം ത്രില്ലിങ് ആയിട്ടുള്ള ഒരു വായനാനുഭവം ആയിരിക്കും എന്ന് ഉറപ്പു പറയാം.
∙ചെന്നൈ അനുഭവം
‘‘ജീവിതാനുഭവങ്ങളിൽനിന്ന് എഴുത്തു സംഭവിക്കണമെന്നാണ് എന്റെ ആഗ്രഹം. നമ്മൾ എവിടെയെങ്കിലും ചുമ്മാ ഇരുന്ന് എന്തെങ്കിലും എഴുതുന്നതിനോട് എനിക്ക് താൽപര്യമില്ല. റാം കെയർ ഓഫ് ആനന്ദി എഴുതുന്നതിനായി ഞാൻ ചെന്നൈയിൽ പോയി രണ്ടു വർഷം താമസിച്ചിരുന്നു. ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ഫോട്ടോയ്ക്ക് ലൈറ്റ് പിടിക്കാൻ പോയിട്ടാണ് ചെന്നൈയിൽ ജീവിതച്ചെലവ് കണ്ടെത്തിയിരുന്നത്. അവിടെ ‘അമ്മ’ ഹോട്ടലുകളിൽ ഒരു രൂപയ്ക്ക് ഒരു ഇഡ്ഡലി കിട്ടും. 10 രൂപയുണ്ടെങ്കിൽ ഒരു ദിവസത്തെ ഭക്ഷണമായി. രാവിലെ 3 ഇഡ്ഡലി, ഉച്ചയ്ക്ക് 4 ഇഡ്ഡലി, രാത്രി 3 ഇഡ്ഡലി. അവിടെ ഒരു സുഹൃത്തിന്റെ ബന്ധുവിന് ഫ്ലാറ്റുണ്ടായിരുന്നു. അവിടെയായിരുന്നു താമസം.
നോവലിലെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ പോകുന്നതായിട്ടാണ്. ഞാനും അവിടെ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർന്നു. എന്തൊക്കെയാണ് അവിടെ നടക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. അവിടെയുള്ള കുറച്ചു കഥാപാത്രങ്ങളെ നോവലിൽ കൊണ്ടു വന്നു. അങ്ങനെ യഥാർഥ ജീവിതാനുഭവങ്ങളിൽ നിന്നാണു മൂന്നാമത്തെ പുസ്തകം ഞാൻ എഴുതിയത്. രണ്ടു വർഷം നന്നായി കഷ്ടപ്പെട്ടു. ബലൂൺ വീർപ്പിച്ചു പോലും പൈസയുണ്ടാക്കി. വലിയ ഇവന്റുകളിൽ ബലൂൺ അലങ്കാരമുണ്ടാകുമല്ലോ. ഇതിനായി ഒരു ബലൂൺ വീർപ്പിക്കുന്നതിന് ഒരു രൂപ കിട്ടും. 500 ബലൂണൊക്കെ വീർപ്പിച്ച ദിവസമുണ്ടായിട്ടുണ്ട്. ഓരോ ആറു മാസവും കോളജിൽ ഫീസ് അടയ്ക്കണം. ഇങ്ങനെ കിട്ടുന്ന പൈസ ഫീസ് അടയ്ക്കാൻ ഉപയോഗിച്ചാൽ പിന്നെ അധികം പൈസ ബാക്കിയുണ്ടാകില്ല. അപ്പോഴാണ് ഭക്ഷണത്തിനായി അമ്മ ഹോട്ടലുകളെ ആശ്രയിച്ചത്.
∙എഴുതി ജീവിക്കാം
‘‘ആദ്യത്തെ രണ്ടു പുസ്തകങ്ങളിൽ നിന്നാണ് എനിക്ക് ആദ്യമായി സ്ഥിരവരുമാനം ലഭിക്കുന്നത്. ദിവസവും ഉച്ചവരെ പുസ്തകങ്ങളുടെ ഓർഡറുകൾ ശരിയാക്കാനും അയച്ചുകൊടുക്കാനുമായിട്ടാണു ചെലവഴിക്കുന്നത്. പോളി കഴിഞ്ഞ് ക്യാംപസിൽനിന്നു തന്നെ എനിക്ക് ഒരു ജോലി ലഭിച്ചിരുന്നു. ഒന്നര വർഷം ആ ജോലി ചെയ്ത ശേഷമാണു ചെന്നൈയ്ക്കു പോകുന്നത്. പക്ഷേ, എഴുത്തിൽ ശ്രദ്ധ നൽകണമെങ്കിൽ മറ്റൊരു ജോലി ശരിയാകില്ലെന്ന് എനിക്ക് മനസ്സിലായി. അങ്ങനെ അത് ഉപേക്ഷിക്കുകയായിരുന്നു. നമുക്ക് ഇഷ്ടമുള്ള ഒരു ജോലി ചെയ്താൽ അതിൽ നിന്നുള്ള വരുമാനം അൽപം കുറവാണെങ്കിലും സന്തോഷം ലഭിക്കുമെന്നാണു ഞാൻ കരുതുന്നത്. മൂന്നു പുസ്തകങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ട് നിലവിൽ വീട്ടുചെലവിനും അത്യാവശ്യം സ്വകാര്യ ആവശ്യങ്ങൾക്കുമുള്ള പൈസ കിട്ടുന്നുണ്ട്. എഴുതി ജീവിക്കാമെന്നു തന്നെയാണ് ആത്മവിശ്വാസം.
∙കുടുംബം
‘‘അച്ഛനും അമ്മയും ചേട്ടനും കുടുംബവും ഞാനും ഒരുമിച്ച് ഒരു വീട്ടിലാണു താമസിക്കുന്നത്. ആലപ്പുഴ പാതിരപ്പള്ളിയിലാണു വീട്. അച്ഛനു കൂലിപ്പണിയായിരുന്നു. അഞ്ചാറു വർഷം ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്നു. ഹൃദയസംബന്ധമായ അസുഖം വന്നതിനു ശേഷം ഏതാനും വർഷങ്ങളായി അച്ഛൻ ജോലിക്കു പോയിട്ടില്ല. ചേട്ടൻ ഒരു കുറിയർ കമ്പനിയുടെ ഫ്രാഞ്ചൈസി നടത്തുകയാണ്. ഞാനും കുറച്ചുനേരം അവിടെപ്പോയി സഹായിക്കും.
∙ആത്മബന്ധം
‘‘ശ്രീപാർവതി, ലാജോ ജോസ്, വിപിൻദാസ്, റിഹാൻ റഷീദ്, അനൂപ് ശശികുമാർ തുടങ്ങിയ പുതിയ തലമുറ എഴുത്തുകാരെല്ലാം ആയി വലിയ ആത്മബന്ധമാണ്. ഒരു കുടുംബം പോലെയാണ്. പുസ്തകങ്ങളെപ്പറ്റി പരസ്പരം സംസാരിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യും. ജി.ആർ. ഇന്ദുഗോപൻ എഴുത്തിനെപ്പറ്റിയും മറ്റും ഒരുപാടു സംസാരിച്ചിട്ടുള്ള ഒരാളാണ്. ഞാൻ ഒരു ഗുരു എന്ന രീതിയിലൊക്കെ കണക്കാക്കുന്നയാളാണ്.
∙പുതുതരംഗം
‘‘2015ൽ ഞാൻ പുസ്തകം ഇറക്കുമ്പോൾ പുതിയ തലമുറയിലെ അധികംപേർ ഇത്തരം പുസ്തകങ്ങളുമായി രംഗത്തില്ലാതിരുന്ന സമയമാണ്. റിസ്ക് എടുത്ത് പുസ്തകം ഇറക്കാനൊന്നും ആരും തയാറായിരുന്നില്ല. 2017 ആയപ്പോഴേക്കും കുറേപ്പേർ രംഗത്തുവരുന്നു. 2018 ആയപ്പോൾ വീണ്ടും ആളുകൾ കൂടി. 2020ൽ ലോക്ഡൗൺ ആയപ്പോഴേക്കും ഒരുപാടു ആളുകൾ രംഗത്തേക്കു വന്നു. ഞാൻ പുസ്തകം പ്രസിദ്ധീകരിക്കുന്ന സമയത്ത് അതേപ്പറ്റി പറഞ്ഞുതരാൻ ആരുമില്ലായിരുന്നു. കടലാസിന്റെ ക്വാളിറ്റി എത്രയാണു വേണ്ടത്, ഐഎസ്ബിഎൻ നമ്പർ അടിക്കേണ്ടത് എങ്ങനെയാണ് എന്നൊന്നും പറഞ്ഞുതരാൻ ആരുമില്ലായിരുന്നു. ഇന്നതല്ല സ്ഥിതി. ആർക്കും പുസ്തകം ഇറക്കാവുന്ന ഒരു സാഹചര്യം ഇന്നു നിലവിലുണ്ട്. എഴുത്തുകാർ കൂടുന്നതനുസരിച്ചു വായനക്കാരും കൂടും. ഈ പുസ്തകങ്ങൾ വായിക്കുന്നവർ അടുത്ത പുസ്തകങ്ങളിലേക്കും അവിടെനിന്ന് അടുത്ത പുസ്തകങ്ങളിലേക്കും പോകും. ജനപ്രിയ സാഹിത്യം വായിച്ചു തുടങ്ങുന്ന വായനക്കാരാണു പിന്നീടു മറ്റു പുസ്തകങ്ങളിലേക്കു തിരിയുന്നത്. വായനയിലെ ആദ്യത്തെ ചവിട്ടുപടികൾ എന്തായാലും ഞാനടങ്ങുന്ന ജനപ്രിയ എഴുത്തുകാരാണ്. പിന്നീടേ വായനക്കാർ മുകളിലേക്കു പോവുകയുള്ളൂ.
∙ഇഷ്ടപുസ്തകങ്ങൾ
‘‘മരുഭൂമിയിലെ മരുപ്പച്ച (സോണി അഭിലാഷ്), ബ്രെയിൻ ഗെയിം (മായാ കിരൺ), അനാഹി (വിപിൻദാസ്), കന്യാമരിയ (ലാജോ ജോസ്), കൈയൊപ്പിട്ട വഴികൾ (ദിവ്യ എസ്. അയ്യർ).
English Summary : Puthuvakku talk with writer Akhil p Dharmajan