നഗ്നചിത്രങ്ങൾ - മുഖ്താർ ഉദരംപൊയിൽ എഴുതിയ കഥ
മേശയോടു ചാരിവച്ച ബോർഡിൽ വരച്ചു തീരാത്ത ഒരു പെണ്ണ് തുണിയുരിഞ്ഞു നിൽക്കുന്നു. വരച്ചുതീർത്ത ചിത്രങ്ങളൊക്കെയും നഗ്നമായ പെൺശരീരങ്ങളാണെന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. രണ്ടു മൂന്നു പ്രകൃതി ദൃശ്യങ്ങൾ മാറ്റിവെച്ചാൽ ബാക്കിയെല്ലാം സ്ത്രീ ശരീരത്തിന്റെ അപാരസൗന്ദര്യങ്ങൾ തന്നെ.
മേശയോടു ചാരിവച്ച ബോർഡിൽ വരച്ചു തീരാത്ത ഒരു പെണ്ണ് തുണിയുരിഞ്ഞു നിൽക്കുന്നു. വരച്ചുതീർത്ത ചിത്രങ്ങളൊക്കെയും നഗ്നമായ പെൺശരീരങ്ങളാണെന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. രണ്ടു മൂന്നു പ്രകൃതി ദൃശ്യങ്ങൾ മാറ്റിവെച്ചാൽ ബാക്കിയെല്ലാം സ്ത്രീ ശരീരത്തിന്റെ അപാരസൗന്ദര്യങ്ങൾ തന്നെ.
മേശയോടു ചാരിവച്ച ബോർഡിൽ വരച്ചു തീരാത്ത ഒരു പെണ്ണ് തുണിയുരിഞ്ഞു നിൽക്കുന്നു. വരച്ചുതീർത്ത ചിത്രങ്ങളൊക്കെയും നഗ്നമായ പെൺശരീരങ്ങളാണെന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. രണ്ടു മൂന്നു പ്രകൃതി ദൃശ്യങ്ങൾ മാറ്റിവെച്ചാൽ ബാക്കിയെല്ലാം സ്ത്രീ ശരീരത്തിന്റെ അപാരസൗന്ദര്യങ്ങൾ തന്നെ.
സഹപ്രവർത്തകരും പിടിഎക്കാരും നിർബന്ധിച്ചതിനെക്കൊണ്ടാണ് സ്‌കൂൾ വാർഷികത്തിന് ഭാര്യയെ കൊണ്ടുവന്നത്. അവളെ കൊണ്ടുവരുന്ന കാര്യം ചിത്രകാരനോട് പറഞ്ഞിരുന്നില്ല. ഒരു പിടിഎ ഭാരവാഹിയുടെ വീട്ടിൽ താമസസൗകര്യം ഏർപ്പെടുത്തിയിരുന്നു. അതിനാൽ അവളെയും കൂട്ടി നേരെ സ്‌കൂളിലേക്ക് പോവുകയായിരുന്നു. സാരിയോ ചുരിദാറോ ഇടാമെന്ന് ഞാൻ പറഞ്ഞിട്ടും അവളുടെ ആങ്ങള ഗൾഫിൽ നിന്നു കൊണ്ടുവന്ന പുത്തൻ പർദയാണ് അവളിട്ടിരുന്നത്. ആളൊരു ‘ദീനി’ ആയതിനാൽ മുഖവും മുൻകൈയും മാത്രമേ പുറത്തു കാണുമായിരുന്നുള്ളു. അവളുടെ ‘ഈമാൻ’ എനിക്ക് തന്നെ ചിലപ്പോൾ ഓവറായി തോന്നാറുണ്ട്. പറഞ്ഞിട്ടു കാര്യമില്ല, ആകെ മൂടിപ്പുതച്ചാലും ചിത്രകാരന്റെ മുന്നിൽ പെടാതിരിക്കുന്നതാണ് നല്ലത്. ജോലി ശരിയായിട്ടുണ്ടെന്നും ഒരു റൂം വേണമെന്നും അബ്വാക്കയോട് പറഞ്ഞതു സ്‌കൂൾ തുറക്കാൻ ഒരാഴ്ചയുള്ളപ്പോഴാണ്. അബ്വാക്ക ഒരു അകന്ന ബന്ധുവാണ്. കല്യാണം കഴിഞ്ഞു വീട്ടുപുത്യാപ്ലയായി നാടുവിട്ടതാണ്. ഒരു ചിത്രകാരൻ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ ഒരു റൂമൊഴിവുണ്ടെന്ന് പറഞ്ഞപ്പോൾ തലേംവാലും നോക്കാൻ നിന്നില്ല, അതങ്ങട് ഒറപ്പിക്കായിരുന്നു. വലിയൊരു ചിത്രകാരനാവണമെന്നായിരുന്നു കുട്ടിക്കാലത്ത് എന്റെ ആഗ്രഹം. പഠിക്കുന്ന കാലത്ത് നോട്ടുബുക്കിലൊക്കെ ചിത്രങ്ങൾ വരച്ചിരുന്നു. വര പഠിക്കാനൊന്നും പറ്റിയില്ല. ഉള്ളിൽ ആ ആഗ്രഹം ബാക്കി കിടക്കുന്നതുകൊണ്ടാവാം ചിത്രകാരൻ എന്നു കേട്ടപ്പോൾ വലിയ ആഹ്ലാദമുണ്ടായത്.
മുന്നിൽ മറിഞ്ഞുകിടക്കുന്ന ഒരു കസേര നേരെയിട്ട് ചിത്രകാരൻ പറഞ്ഞു: ‘‘ഇരിക്കൂ.. അബ്വാക്ക പറഞ്ഞിര്ന്നു. എപ്പോ എത്തി?’’.
പുസ്തകങ്ങൾ കൊണ്ടാണ് ആ മുറി പണിതിരിക്കുന്നതെന്ന് തോന്നി. നടുവിൽ മേശക്കുമുകളിൽ പാലറ്റിൽ നിറഞ്ഞൊലിച്ചപോലെ പല നിറങ്ങൾ. കഴുകിയതും കഴുകാത്തതുമായ ബ്രഷുകൾ. പെയിന്റുട്യൂബുകൾക്ക് പലതിനും അടപ്പില്ല. ചിലത് പകുതിയിലധികം തീർന്നിട്ടുണ്ട്. ചെറിയതും വലിയതുമായി പെയിന്റ് ടിന്നുകൾ പരന്നുകിടക്കുന്നു. അലക്ഷ്യമായി കൂട്ടിയിട്ട ചിത്രങ്ങൾക്ക് നടുവിൽ നടുതകർന്ന ഒരു പ്ലാസ്റ്റിക് കട്ടിലിൽ മടക്കിവെച്ച പുതപ്പു പോലെ അയാൾ ഇരിക്കുന്നു. മേശയോടു ചാരിവച്ച ബോർഡിൽ വരച്ചു തീരാത്ത ഒരു പെണ്ണ് തുണിയുരിഞ്ഞു നിൽക്കുന്നു. വരച്ചുതീർത്ത ചിത്രങ്ങളൊക്കെയും നഗ്നമായ പെൺശരീരങ്ങളാണെന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. രണ്ടു മൂന്നു പ്രകൃതി ദൃശ്യങ്ങൾ മാറ്റിവെച്ചാൽ ബാക്കിയെല്ലാം സ്ത്രീ ശരീരത്തിന്റെ അപാരസൗന്ദര്യങ്ങൾ തന്നെ. ജീവൻതുടിക്കുന്നവ എന്നു വെറുതെ പറയുകയല്ല. അവർ നഗ്നരായി മുന്നിൽ നിൽക്കുന്ന പോലെ, വല്ലാത്ത ആസക്തിയോടെ. ഈ നഗ്നശരീരങ്ങൾക്കിടയിൽ ആ ചിത്രകാരൻ ഒറ്റയ്ക്ക്.
‘‘രാവിലെ വന്നു. അപ്പോ നല്ല ഒറക്കായിരുന്നു. സ്‌കൂളിൽ പോയപ്പഴും നോക്കി. ഉണർന്നിരുന്നില്ല.’’
‘‘വരൂ നമുക്കൊരു ചായ കുടിക്കാം.’’
ചിത്രകാരൻ എന്റെ തോളിൽ കയ്യിട്ട് താഴേക്കിറങ്ങി. റൂമിന് തൊട്ടുതാഴെ തന്നെ തരക്കേടില്ലാത്ത ഒരു ഹോട്ടലുണ്ടായിരുന്നു.
ചിത്രകാരൻ ആളൊരു രസികനായിരുന്നു. മലയാളി എന്നാണത്രെ പേര്. തൂലികാനാമമായിരിക്കും. മലയാളി ഒളിയുംമറയുമില്ലാതെ സംസാരിക്കും. അതുകൊണ്ടുതന്നെ വളരെ പെട്ടെന്നാണ് ഞങ്ങൾ അടുത്തത്. ഒരു അടുക്കും ചിട്ടയുമില്ലാത്ത ജീവിതമാണ്. വരയും വായനയും തീറ്റയും ഉറക്കവുമാണ് പ്രധാനം. എപ്പോഴാണ് വരയ്ക്കുക, എപ്പോഴാണ് വായിക്കുക, എപ്പോഴാണ് തിന്നുക, എപ്പോഴാണ് ഉറങ്ങുക എന്നൊന്നും പറയാനാവില്ല. തോന്നുമ്പോൾ തോന്നിയപടി. കള്ളുകുടിയും കഞ്ചാവടിയുമൊന്നും ഇല്ല. സിഗരറ്റ് പോലും വലിക്കില്ല.
‘‘ചിത്രകാരനൊക്കെ ആയിട്ട്... ഇത്തിരി.. ഏയ് ഇല്ലാതിരിക്കില്ല..’’
ഞാൻ പറയും. അപ്പോൾ അയാൾ ചിരിക്കും...
‘‘ലഹരി ഇല്ലെന്ന് പറയുന്നില്ല. നോക്കൂ.. എത്ര വരച്ചാലും കൊതിതീരാത്ത പെൺശരീരങ്ങൾ.. അടുത്ത് ചെന്നു നോക്കൂ.. ഓരോ പെണ്ണിന്റെയും മണം മാഷിന് അനുഭവിച്ചറിയാം...’’
കാൻവാസുകളിൽ നിന്ന് പെണ്ണുങ്ങൾ ഇറങ്ങിവന്നു ചിത്രകാരനു ചുറ്റും നൃത്തം വയ്ക്കുന്ന പോലെ എനിക്കു തോന്നി. അപ്പോൾ അയാൾ അവർക്കിടയിൽ നഗ്നനായി ഇരിക്കുകയാണെന്നും. വെള്ളിയാഴ്ചകളിൽ നേരം വെളുക്കുവോളം ഞാൻ ചിത്രകാരന്റെ റൂമിലിരുന്നു. സ്‌കൂളിനു മുന്നിലെ തട്ടുകടയിൽ നിന്നു കോഴിപൊരിച്ചതും നെയ്‌ച്ചോറും പാഴ്‌സൽ വാങ്ങിക്കൊണ്ടുവന്നു തിന്നു. ഫ്ലാസ്‌കിൽ നിന്ന് കട്ടൻചായ ഒഴിച്ചു കുടിച്ചു. മലയാളി ആവേശത്തോടെ സ്ത്രീകളെ വരച്ചു.
എങ്ങനെയാണ് ഇങ്ങനെ വരക്കാൻ സാധിക്കുന്നത്...
‘‘ഭാവന ചെയ്യാനുള്ള കഴിവുവേണം’’.
ചിത്രകാരൻ ഉറക്കെ ചിരിച്ചു.
അതൊരു വല്ലാത്ത കഴിവു തന്നെയെന്ന് എനിക്ക് തോന്നി. പക്ഷേ, ആ ഭാവനാശേഷിയുടെ പ്രശ്‌നമാണ് ഞാൻ പെട്ടെന്ന് ചിന്തിച്ചത്, മാഷായാൽ അതാണ് പ്രശ്‌നം. മുന്നിൽ നടക്കുന്നവരെല്ലാം ഉടുതുണിയില്ലാതെ നടക്കുന്നതായി തോന്നില്ലേ. വല്ലാത്ത ബോറല്ലേ അത്. രാഷ്ട്രീയത്തിലും സാഹിത്യത്തിലും ആഴത്തിലുള്ള അറിവും കാഴ്ചപ്പാടുമുണ്ടായിരുന്നു മലയാളിക്ക്. സമകാലിക പ്രശ്‌നങ്ങളിലൊക്കെ സോഷ്യൽ മീഡിയയിൽ ആധികാരികമായി അഭിപ്രായം രേഖപ്പെടുത്തും. ഇടയ്ക്ക് ലൈവിടും. സ്ത്രീപക്ഷത്തു നിന്നു വാദിക്കുകയും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ രോഷാകുലനാവുകയും ചെയ്യും. പരിസ്ഥിതിസമരങ്ങളിലും മറ്റും മുന്നിലുണ്ടാവും.
വരക്കുന്ന ചിത്രങ്ങളും പറയുന്ന സിദ്ധാന്തങ്ങളും യോജിച്ചുപോകുന്നില്ലല്ലോ എന്ന് ഇടയ്ക്ക് എനിക്ക് തോന്നും. അപ്പോൾ വിദേശിയായ ഏജന്റിന്റെ സഹായി വന്ന് ചിത്രങ്ങളെല്ലാം റോൾ ചെയ്ത്, ചെക്കെഴുതി നൽകും.
‘‘ചിത്രം വര എനിക്ക് രാഷ്ട്രീയ പ്രവർത്തനമല്ല, ഉപജീവനമാർഗവും ആനന്ദവഴിയുമാണ്’’ എന്നാവും അപ്പോൾ അയാളുടെ മറുപടി.
‘‘ശ്രദ്ധിച്ചു നോക്കിയാൽ ഓരോ പെണ്ണും ഓരോ അണുവിലും വ്യത്യസ്തയാണ്. ശരിയല്ലേ.’’ അയാൾ ചോദിക്കും.
‘‘ഞാൻ അതൊന്നും ചിന്തിക്കാറില്ല. എനിക്ക് എല്ലാ പെണ്ണും ഒരു പോലെയാണ്.’’
ഞാൻ പറയും.
മലയാളിയുടെ വ്യക്തിത്വം പെട്ടെന്ന് മനസ്സിലാക്കിയെടുക്കുക പ്രയാസമാണ്. ക്ലാസിക് സിനിമകൾ കാണുന്ന അതേ ആവേശത്തോടെ ബി ക്ലാസ് പടങ്ങളും പോൺ വീഡിയോകളും അയാൾ കാണും. അത്തരം ക്ലിപ്പുകൾ കമ്പ്യൂട്ടറിലെ ഫോൾഡറിൽ പൂട്ടിട്ടുവച്ചത് കണ്ടിട്ടുണ്ട്. ലോക ക്ലാസിക്കുകൾ വായിക്കുന്ന അതേ ആവേശത്തിൽ പൈങ്കിളിയും കമ്പിക്കഥകളും വായിക്കും. വലിയ പുസ്തകശേഖരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ചപോലെ അമ്മാതിരി കൊച്ചുപുസ്തകങ്ങളും കാണാം.
‘‘വെറും ബുദ്ധിജീവിയായിരുന്നാൽ മനസ്സ് മുരടിക്കില്ലേ.. എത്രവിരസമായിരിക്കും ആ ജീവിതം’’.
ചിത്രകാരൻ ചിരിക്കും.
‘‘മലയാളി എന്തേ കല്യാണം കഴിക്കാത്തത്..?’’
പെൺശരീരം വരച്ചുവരച്ച് ആസക്തി പെരുത്ത ഒരു ദിവസം ഞാൻ ചോദിച്ചു. പെട്ടെന്ന് അയാൾ വര നിർത്തി.
‘‘മാഷേ, ഞാൻ കല്യാണം കഴിച്ചില്ലെന്ന് ആരാ പറഞ്ഞത്.!’’
അയാൾ ഭാര്യയെക്കുറിച്ച് ഇതുവരെ ഒന്നും പറയുന്നത് കേട്ടിട്ടില്ല.
‘‘സത്യായിട്ടും...?!’’ എനിക്ക് വിശ്വാസമായില്ല.
‘‘അവളെന്നെ ഉപേക്ഷിച്ചു പോയി.’’
എനിക്ക് സങ്കടം വന്നു. പക്ഷേ, അയാൾ ചിരിക്കുകയായിരുന്നു.
‘‘മാഷേ ഈ ഭാവനയ്ക്ക് അങ്ങനെ ചില പ്രശ്‌നങ്ങളുണ്ട്. വൈവാഹിക ജീവിതത്തിൽ ഭാവനകൊണ്ട് ഒരു കാര്യവുമില്ല.’’
അയാൾ പിന്നെയും ചിരിച്ചു.
‘‘എന്താണെന്നറിയില്ല. അവളെ മാത്രം എനിക്ക് ഭാവന ചെയ്യാൻ സാധിച്ചില്ല. വട്ടനെന്ന് പറഞ്ഞ് അവൾ അവളുടെ പാട്ടിനു പോയി.’’
‘‘വട്ടൻ..!’’ എനിക്കും തോന്നി.
അപ്പോഴാണ്, വടക്കേമൂലയിൽ എന്റെ കണ്ണുടക്കിയത്. അവിടെ ഒരു യുവതി നിൽക്കുകയാണെന്ന് തോന്നി. അവൾ വൃത്തിയായി വസ്ത്രം ധരിച്ചിരുന്നു. എന്റെ നോട്ടം ശ്രദ്ധയിൽ പെട്ട ചിത്രകാരൻ പെട്ടെന്ന് ചാടിപ്പിടഞ്ഞെണീറ്റ് മേശപ്പുറത്തുണ്ടായിരുന്ന കറുത്ത തുണിയെടുത്ത് ആ ചിത്രത്തിന് മുകളിലേക്ക് മറയിട്ടു.
‘‘എന്തിനാണ് ആ ചിത്രം മറച്ചുവച്ചിരിക്കണത്. ആരാണത്?’’
‘‘സ്‌കൂൾ പഠന കാലത്ത് എനിക്കൊരു പെൺകുട്ടിയെ ഇഷ്ടായിരുന്നു. അവളാണത്. സ്‌കൂൾ കാലത്തിന് ശേഷം ഞാനവളെ കണ്ടിട്ടില്ല. പക്ഷേ, അവളെന്റെ മനസ്സിൽ വളരുന്നുണ്ടായിരുന്നു. അവളിപ്പോൾ ഇങ്ങനെയായിരിക്കണം. രാത്രി ഞാനാ മറ നീക്കും. ഞങ്ങൾ കഥകൾ പറഞ്ഞു കിടക്കും...’’
എന്തു പറയണമെന്നോ എന്ത് ചോദിക്കണമെന്നോ അറിയാതെ ഞാനാ കറുത്ത തുണിയിലേക്ക് നോക്കി. എനിക്ക് ആ ചിത്രം ഒന്നൂടെ കാണണമെന്ന് തോന്നി. അവിടെ തുണിയുടുത്ത് നിൽക്കുന്ന ഒരേയൊരു പെണ്ണ് അതായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ശ്രദ്ധിച്ചത്, ചിത്രകാരന്റെ നഗ്നസുന്ദരികളെല്ലാം ക്വാട്ടേഴ്‌സിന് ചുറ്റുവട്ടത്തായി ഉള്ളവരാണ്. ഹോട്ടലിൽ പാത്രം കഴുകാൻ വരുന്ന പെണ്ണ്, മുമ്പിലെ ഫാൻസിയിൽ നിൽക്കുന്ന ചേച്ചി, അടുത്തവീട്ടിലെ പണിക്കാരി, തൊഴിലുറപ്പു പണിക്കു വരുന്ന രണ്ടു പെണ്ണുങ്ങൾ, സ്‌കൂളിലെ കഞ്ഞിവെപ്പുകാരി താത്ത, ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന സൗദാമിനി ടീച്ചർ..
ചിത്രകാരൻ ചിരിക്കുകയാണ്. നിർത്താതെ ചിരിക്കുകയാണ്.
‘‘അതൊക്കെ മാഷുടെ തോന്നലുകളാണ്...’’
എന്റെ തോന്നലായിരുന്നില്ല. ശരിക്കും അവരൊക്കെയാണിവിടെ ഉടുതുണിയില്ലാതെ നിൽക്കുന്നത്. അവർ തന്നെ!
സ്‌കൂൾ വാർഷികത്തിന് അനൗൺസ്‌മെന്റ് എന്റെ പണിയായിരുന്നു. പരിപാടികൾ തീരുമ്പോൾ നേരമൊരുപാടായിരുന്നു. അതിനുമുമ്പെ അവളെ പിടിഎക്കാരന്റെ ഭാര്യ വീട്ടിലേക്ക് കൂട്ടിയിരുന്നു. പിറ്റേന്ന് അതിരാവിലത്തെ ബസ്സിൽ നാട്ടിലേക്ക് വിടുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞാണ് പിന്നെ മടങ്ങിവന്നത്. സമയം വൈകിയതിനാൽ നേരെ സ്‌കൂളിലേക്കാണ് പോയത്. വൈകുന്നേരം റൂമിലേക്ക് കയറുമ്പോൾ ചിത്രകാരന്റെ റൂമിൽ അനക്കമുണ്ട്. നോക്കുമ്പോൾ വാതിൽ അടച്ചിട്ടില്ല.
‘മലയാളീ’ എന്ന് വിളിച്ച് അകത്തേക്ക് കയറുമ്പോൾ അയാളൊരു പുതിയ ചിത്രത്തിന്റെ അവസാന മിനുക്കുപണിയിലായിരുന്നു.
‘എങ്ങനെണ്ട്..?’ എന്ന് ചോദിച്ച് അയാൾ ചിത്രത്തിന് മുന്നിൽ നിന്നു മാറിയപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. എന്തുചെയ്യണമെന്നറിയാതെ ഞാൻ തളർന്നു. പെട്ടെന്ന് ബോധത്തിലേക്കുണർന്ന് ഞാൻ അയാളുടെ കോളറിൽ പിടിച്ചുവലിച്ചു.
‘‘ഓളെ നീയെപ്പഴാ കണ്ടത്...?’’
‘‘ആരെ.. എപ്പൊ.. എന്ത്...’’
അയാൾ ചിരിക്കുകയാണ്.
ഞാൻ അയാളെ തള്ളിയിട്ടു കാൻവാസിനു മുന്നിൽ നിന്നു.
അവളുടെ മണം.
എനിക്ക് കരച്ചിൽ വന്നു.
പൊക്കിളിനു മുകളിലെ ഒരുരൂപാ നാണയ വലുപ്പത്തിലുള്ള കറുത്ത മറുകു പോലും അതേ അളവിൽ. ചിത്രകാരന് എന്തെങ്കിലും ചെയ്യാനാവും മുമ്പ്, ഞാൻ ആ കാൻവാസ് വലിച്ചു കീറി ചുരുട്ടിക്കൂട്ടി ഒരു പെയിന്റു ബക്കറ്റിലേക്ക് താഴ്ത്തി. തുറന്നുവച്ചിരുന്ന പെയിന്റു ടിന്നുകളെടുത്ത് അടുത്തുണ്ടായിരുന്ന കാൻവാസുകളിലേക്കു പകർന്നു. ചിതറിത്തെറിച്ച നിറങ്ങൾ വാരിച്ചുറ്റി പെണ്ണുങ്ങൾ നഗ്നത മറച്ചു. ചീറിപ്പാഞ്ഞുവന്ന മലയാളി എന്നെ പുറത്തേക്കു തള്ളി. ഞാൻ മുഖമടച്ച് വരാന്തയിലേക്ക് വീണു. ഭാഗ്യത്തിന് ചുണ്ടിൽ ഒരു ചെറിയ പോറൽ മാത്രമേ ഉണ്ടായുള്ളു. കുപ്പായത്തലപ്പു കൊണ്ട് ചുണ്ടു തുടച്ച് അകത്തേക്ക് നോക്കുമ്പോൾ കാൻവാസുകളിൽ വെള്ളമൊഴിച്ച് പെൺമേനികളിലെ വസ്ത്രങ്ങൾ തുടച്ചുമാറ്റാനുള്ള ശ്രമത്തിലാണ് ചിത്രകാരൻ.
Content Summary: Nagna Chithrangal, Malayalam short story written by Mukthar Udarampoyil