ജീവിതത്തിന്റെ സുഗന്ധം
സ്നേഹമേ... ഉന്മാദങ്ങളുടെ ചിരാതിൽ മഴ പൊടിയുമ്പോൾ നീയൊരു ശ്രീരാഗമാവുക... വിഷാദങ്ങളുടെ വീഞ്ഞിൽ മധുരമാവുക... ഗ്രീഷ്മങ്ങൾ കടംകൊള്ളുന്നൊരു പാതിരാവിൽ ഉമ്മകളാൽ പരസ്പരം അലിയുക... സൗഹൃദങ്ങളുടെ നദികളിൽ മുങ്ങി നിവരുക... നീരോളങ്ങളിൽ പാദമുദ്രകൾ വരയ്ക്കുക.... സ്നേഹം കൊണ്ട് ശുദ്ധിയാക്കപ്പെട്ട ഒരാത്മാവു
സ്നേഹമേ... ഉന്മാദങ്ങളുടെ ചിരാതിൽ മഴ പൊടിയുമ്പോൾ നീയൊരു ശ്രീരാഗമാവുക... വിഷാദങ്ങളുടെ വീഞ്ഞിൽ മധുരമാവുക... ഗ്രീഷ്മങ്ങൾ കടംകൊള്ളുന്നൊരു പാതിരാവിൽ ഉമ്മകളാൽ പരസ്പരം അലിയുക... സൗഹൃദങ്ങളുടെ നദികളിൽ മുങ്ങി നിവരുക... നീരോളങ്ങളിൽ പാദമുദ്രകൾ വരയ്ക്കുക.... സ്നേഹം കൊണ്ട് ശുദ്ധിയാക്കപ്പെട്ട ഒരാത്മാവു
സ്നേഹമേ... ഉന്മാദങ്ങളുടെ ചിരാതിൽ മഴ പൊടിയുമ്പോൾ നീയൊരു ശ്രീരാഗമാവുക... വിഷാദങ്ങളുടെ വീഞ്ഞിൽ മധുരമാവുക... ഗ്രീഷ്മങ്ങൾ കടംകൊള്ളുന്നൊരു പാതിരാവിൽ ഉമ്മകളാൽ പരസ്പരം അലിയുക... സൗഹൃദങ്ങളുടെ നദികളിൽ മുങ്ങി നിവരുക... നീരോളങ്ങളിൽ പാദമുദ്രകൾ വരയ്ക്കുക.... സ്നേഹം കൊണ്ട് ശുദ്ധിയാക്കപ്പെട്ട ഒരാത്മാവു
സ്നേഹമേ...
ഉന്മാദങ്ങളുടെ ചിരാതിൽ
മഴ പൊടിയുമ്പോൾ നീയൊരു ശ്രീരാഗമാവുക...
വിഷാദങ്ങളുടെ വീഞ്ഞിൽ മധുരമാവുക...
ഗ്രീഷ്മങ്ങൾ കടംകൊള്ളുന്നൊരു പാതിരാവിൽ ഉമ്മകളാൽ പരസ്പരം അലിയുക...
സൗഹൃദങ്ങളുടെ നദികളിൽ മുങ്ങി നിവരുക...
നീരോളങ്ങളിൽ പാദമുദ്രകൾ വരയ്ക്കുക....
സ്നേഹം കൊണ്ട് ശുദ്ധിയാക്കപ്പെട്ട ഒരാത്മാവു കൊണ്ട് അവർ ജീവിച്ചു... പ്രണയവും രതിയും തുറന്നെഴുതി..., ഫിക്ഷനും റിയാലിറ്റിയും മനസ്സിലാക്കാതെ ചിലരെല്ലാം സ്വയം സദാചാരവാദികളായി പരിഹാസം ചൊരിഞ്ഞു... ഒരിക്കൽ കാലത്തിന്റെ പൂവാകയിൽ നിന്നവർ കൊഴിഞ്ഞു.
വർഷങ്ങൾ കടന്നു ...
ഇനി ഒരു തിരിച്ചു വരവുണ്ടാവുമോ? മിന്നി മറയുന്ന ഫ്ലാഷുകളിൽ മീഡിയക്കാരന്റെ ചോദ്യം...
‘‘മനുഷ്യനായി ഇനി തിരിച്ചുവരേണ്ടെന്നു പ്രാർഥിക്കുന്നു, ഒരു യാത്ര പറയൽ ആണിത്, മനുഷ്യ രാശിയോടൊന്നും ഭ്രമം ഇല്ല,
എനിക്കൊരു പക്ഷിയായി ജനിച്ചാൽ മതി... പുന്നയൂർകുളത്തും കുളത്തിന്റെ മുകളിലും ഒക്കെ ഒരു പൊന്മനായി ജനിച്ചാൽ മതി...
അവസാനമായി പുന്നയൂർക്കുളത്തേക്ക് വന്നപ്പോൾ കമലാസുരയ്യ എന്ന മാധവിക്കുട്ടി ഇങ്ങനെ പറഞ്ഞു, യുട്യൂബിലെ ആ വീഡിയോ കണ്ടു തീർന്നപ്പോൾ എന്റെ മനസ്സ് അവരുടെ ഒരു പുസ്തകം വായിച്ച പോലെ നേർത്ത് ആർദ്രമായി...
എന്ത് സുന്ദരമാണ് ആ ശബ്‍ദം...
സ്നേഹത്തിന്റെ സ്വരം
പ്രണയത്തിന്റെ സ്ഥൂലമായ വൈബ്രേഷൻസ് ഉണ്ടതിൽ...
ഒരേ നാട്ടിൽ അധികമൊന്നും ദൂരെയെല്ലാതെ ഞാൻ ജനിച്ചിട്ടും അവരെ കാണാൻ എനിക്ക് ഭാഗ്യം കിട്ടിയില്ല,
സംസാരിക്കാൻ പറ്റിയില്ല, എന്റെ ചെറുപ്പത്തിലേ അവർ പുന്നയൂർക്കുളം വിട്ടിരുന്നു...
അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ പുന്നയൂർക്കുളത്തെ ലഹളകളിലേക്ക് ഒരുപാടുകാലം പിന്നെ അവർ വന്നില്ല...
എന്റെ കഥയും, നീർമാതളം പൂത്ത കാലവുമൊക്കെ വായിച്ച സമയം അവർ മരണപ്പെട്ട ന്യൂസിൽ, പലരുടെയും ഓർമകൾ പങ്കുവയ്ക്കപ്പെട്ടു... ഡോക്യുമെന്ററികൾ കാണിച്ചു, തെക്കേലെ സരോജിനിയേടത്തിടെവടന്നും, വേലായുധേട്ടന്റെ കടേൽന്നും കിട്ടിയ പത്രങ്ങളിൽ നിന്നെല്ലാം അവരെ കുറിച്ചുള്ള വാർത്തകളും കുറിപ്പുകളും ഞാൻ വെട്ടിയെടുത്തു...
അച്ഛൻ സൗദീന്ന് കൊടുത്തുവിടുന്ന കാപ്പികളർ പെട്ടിയിൽ ഭദ്രമായി സൂക്ഷിച്ചു വച്ചു...
‘‘ഒരു ജന്മത്തിലേക്കുള്ളതെല്ലാം എഴുതി, ഇനി വയ്യ..., എഴുതുമ്പോൾ നമ്മൾ മറ്റൊരാളാണ്, ജീവിക്കുന്നില്ല... ഇനി കുറച്ചു കാലം ഞാൻ ജീവിക്കട്ടെ... ’’ വാർദ്ധക്യത്തിൽ അങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് പറയുമ്പോ ജീവിതത്തിന്റെ കമനീയ ഭാവങ്ങളിൽ അവർ ഒരു നിശാ സുരഭിയെ പോലെ തൊട്ടിട്ടുണ്ടാവണം...
ആ വിഡിയോയിൽ അറിയുന്ന ചിലരെയെല്ലാം കണ്ടു.. പക്ഷേ ഏറെ സന്തോഷം തന്നത് മോഹനേട്ടനെ കണ്ടപ്പോൾ ആയിരുന്നു...
മോഹനേട്ടൻ പണ്ട് ആ വലിയ എഴുത്തുകാരിയുടെ ഡ്രൈവർ ആയി ജോലി ചെയ്ത ആളാണ്... പക്ഷേ, ഞാനും മോഹനേട്ടനും തമ്മിലുള്ള ബന്ധം സാഹിത്യബന്ധമൊന്നുമല്ല കേട്ടോ...
അതൊരു സാൾട്ട് ആൻഡ് പെപ്പർ ബന്ധമാകുന്നു...
ആറ്റുപുറത്തെ പണ്ടത്തെ ഭാസ്കരേട്ടന്റെ പപ്പട കട ഇന്ന് മോഹനേട്ടന്റെ കൊച്ചു തട്ടുകടയാണ്, വൈകുന്നേരങ്ങളിൽ കപ്പയും ബീഫും തുടങ്ങി കുറേ രുചിവിഭവങ്ങൾ കിട്ടുന്നയിടം, ഡിഗ്രിക്ക് ശേഷം വിഐപി ആയി നടക്കുന്ന സമയം... വൈകുന്നേരത്തെ നമ്മുടെ ഹാൾട്ട് മോഹനേട്ടന്റെ കടയിലാണ്... എഫ്എം പാട്ടും ഒപ്പം മോഹനേട്ടന്റെ കൊച്ചുവർത്തമാനങ്ങളും, കൂടെ നല്ല ചൂടുപാറുന്ന സ്പൈസി കൊള്ളിയും ബീഫും... പോയ കാലങ്ങളുടെ സ്മരണകളിൽ ആ എഴുത്തുകാരിയുടെ ഒപ്പമുണ്ടായിരുന്ന നാളുകൾക്കും ഓർമകൾക്കും അങ്ങനെ ഞാൻ കേൾവിക്കാരനായി ...
നാട് ഒരു വികാരമായി ഉള്ളിൽ തോന്നിയപ്പോഴെല്ലാം ഗതകാലങ്ങളുടെ നീർമാതളപ്പൂവിലേക്ക് ഞാൻ നടന്നു...
വായിച്ചു...
ഇതു പോലെ ചില ഭ്രാന്തുകൾ എഴുതി...
ആച്ചത്തറയിലും കോതോട് പള്ളിക്കപ്പുറത്തും ഉപ്പുങ്ങൽ പാടത്തിന്റെ തുടർ ഭാഗങ്ങളാണ്, പാടത്തിന്റെ ഈ രണ്ടു കരകൾ അമ്മ വീടിന്റെ അടുത്തു തന്നെ..
അവിടെ നിന്നായിരുന്നു വന്നേരിയിലെ ആറു വർഷത്തെ എന്റെ പഠന കാലം...
രവിയുടെ അതിരാണിപ്പാടമെന്ന പോലെ ജീവിതത്തിനും കാലത്തിനുമിടയ്ക്ക് ആ പാടം മഞ്ഞ മന്ദാരങ്ങൾ വിടർത്തി.
അച്ചാച്ചന് പാടത്ത് വരമ്പ് വയ്ക്കാനോ, മരുന്നടിക്കാനോ ഉള്ളപ്പോൾ സ്കൂൾ വിട്ട് വന്നാൽ അച്ചാച്ചന് ചായയും കടിയും സ്റ്റീൽ തൂക്കുപാത്രത്തിലാക്കി കൊണ്ടു കൊടുത്തിരുന്നത് ഞാനായിരുന്നു ,...
പാടത്തെ ഞാറ് നടീൽ ദിനത്തെ അവിടെ ‘നാട്’ എന്ന് വിളിച്ചു... നാളെ കുഷ്ണുട്ടിടെ ‘നാടാ’ണ്.., മറ്റന്നാൾ മൊയ്തുട്ടിടെ നാടാണ് എന്നെല്ലാം പറഞ്ഞു...
നാടിന്റെ അന്ന് നടുന്നതിനൊപ്പം പെണ്ണുങ്ങൾ വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പറഞ്ഞു... പരദൂഷണങ്ങളും പഴങ്കഥകളും പറഞ്ഞു... മഴക്കാലത്ത് പാടം മുഖംമാറ്റി പുഴ പോലെയായി,... തിരിച്ചറിയാൻ ബാക്കിവച്ചത് ഉപ്പുങ്ങൽ പാലം മാത്രം...
കൊട്ടത്തേങ്ങ കൂട്ടിക്കെട്ടി അച്ചാച്ചൻ നീന്താൻ പഠിപ്പിച്ചു... സ്കൂൾ പൂട്ടിന് മേമയും മക്കളും വരും. മേമടെ മോൻ രാനിലും വരും. രാനിലിനെ ലാലപ്പനെന്നു ഞാൻ വിളിച്ചു... ആ സമയം ലാലപ്പനെ കാത്തിരിപ്പാണ്... വന്നാൽ ഉറങ്ങും വരെ പറയാൻ കഥകളേറെയാണ്. നടുവട്ടത്തെ കവുങ്ങും തോട്ടത്തിൽ നായ്ക്കൾ മണ്ടിച്ചതും, മരംകയറ്റത്തിന്റെ അതിസാഹസികതകളും ഒക്കെ ഏറെയുണ്ട്...
നീളത്തിൽ വളർന്ന മുട്ടപ്പഴത്തിന്റെ മരത്തിൽ ധാരാളം പഴങ്ങൾ കായ്ച്ചു, പൊട്ടിക്കാൻ നിവൃത്തിയില്ല. ഒരിക്കൽ ലാലപ്പൻ കേറി എല്ലാം പൊട്ടിച്ചു... അച്ചാച്ചനും ഞങ്ങളുമെല്ലാം അന്തം വിട്ടു, അന്ന് ഞാൻ എട്ടിലും അവൻ ഏഴിലുമാണ്... തെങ്ങുകയറാൻ ആളു വന്നപ്പോ മുട്ടപ്പഴത്തിന്റെ വലിയ ചില്ലകൾ മുറിച്ചു. കൊരച്ചനാട്ടെ അയ്യപ്പൻ വിളക്ക് കണ്ട ഓർമയിൽ ഞാൻ ലാലപ്പനെ കൂട്ടി വലിയൊരു ചില്ല പൊന്തിച്ച് പാലക്കൊമ്പിന് പകരമാക്കി അയ്യപ്പൻ വിളക്ക് നടത്തി. സ്വാമിയേ എന്ന് ഞാനും അയ്യപ്പാ എന്ന് അവനും വിളിച്ച് പറമ്പിലെല്ലാം നടന്നു...
അയലത്തെ റുക്കിയുമ്മയും താത്തമാരും ഇവൻമാർക്ക് പ്രാന്തായോ എന്ന മട്ടിൽ ഞങ്ങളെ നോക്കി നിന്നു ചിരിച്ചു...
ബാല്യത്തിന്റെ ആ കുസൃതികളോർത്ത് ഇടയ്ക്കെല്ലാം അവരെപ്പോലെ ഞാനും ചിരിച്ചു...
കണ്ണേങ്കാവിലേക്ക് ആദ്യമായി പോവാൻ കാരണമുണ്ടായിരുന്നു...
അച്ചാച്ചൻ മനസ്സിൽ വിചാരിച്ച എന്തോ നടന്നു അത് മാമന് വേണ്ടിയുള്ളതാണെന്ന് അറിയാം,
തലേ ദിവസം എന്നോട് പറഞ്ഞു ‘‘നാളെ എന്തായാലും സ്കൂൾ ഇല്ലല്ലോ, ഞങ്ങളു കണ്ണേങ്കാവിൽക്ക്
പോകണ്‌ണ്ട് ഇയ്യും കൂടെ പോരെ.’’
‘‘മൂക്കോലേക്കുള്ള ബസ് യാത്രയിൽ മുഴുവൻ ഇടുങ്ങിയ റോഡരികിലെ വീടുകൾ നോക്കി, നരണിപ്പുഴയിലെ ഓളങ്ങളും തോണിയും കണ്ടു. ബസ്സിൽ കയറിയ പുതിയ കുറെ ആളുകളെ കണ്ടു... ഒരു മരത്തിന്റെ ശാഖ പോലെ രണ്ട് ക്ഷേത്രങ്ങളുടെ സമുച്ചയം.. തൊഴുതിറങ്ങി പിന്നെ പോണത് കണ്ണേങ്കാവിലെ താഴെക്കാവ്... പഴയ കാലത്തിലേക്ക് ചെന്നെന്ന പോലെ ഇളകിയ മേൽക്കൂരയുടെ അലകുകൾ ഉണ്ടാർന്നു അന്ന് ചെന്നപ്പോൾ...
വന്മരങ്ങൾ നിറഞ്ഞ കാട് പോലൊരിടം... എന്ത് ശാന്തമാണ് അവിടം... ബഹളം നിറഞ്ഞ തീർത്ഥാടനങ്ങളെക്കാൾ ഇത്തരം യാത്രകൾ ഹൃദയത്തിനു ശാന്തി പകർന്നു... തൊഴുതിറങ്ങിയപ്പോൾ മനസ്സ് നിറഞ്ഞു... ഇനിയും വരണമെന്ന് തോന്നി... വലുതായപ്പോൾ പലപ്പോഴും വീണ്ടും പോയി...
മാനസസരോവറിനടുത്ത് നീണ്ട കാലങ്ങളിലെ തപസ്സിന് ശേഷം ഒരു യോഗി നാട്ടിൽ വന്നു...
പീലിക്കുന്നിൽ ഒരു ശൈവ പ്രതിഷ്ഠ നടത്തി... പൂജകൾ നടത്തി... ഒരിക്കൽ ഞാൻ ക്ഷേത്ര സന്ദർശനത്തിനിടയിൽ, അല്ലെങ്കിൽ ഒരു നിയോഗം പോലെ അവിടെയെത്തപ്പെട്ടു ...
എന്നെപ്പറ്റി നടക്കാൻ പോകുന്ന കുറച്ച് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു... എന്നെ ഞെട്ടിച്ച് കൊണ്ട് നാളുകൾക്ക് ശേഷം അത് നടന്നു, പ്രവചനത്തിന്റെ ശക്തിയിൽ അദ്ദേഹത്തെ കാണണമെന്നായി. വിളിച്ച് ചോദിച്ചു, കാണാൻ വേണ്ടി...
പോയപ്പോൾ ശ്വാസകോശ രോഗം കൊണ്ട് അവശനായിരുന്നു... ഞാൻ ഇന്ന് മരണപ്പെടും, എന്റെ എല്ലാ അനുഗ്രഹങ്ങളും തനിക്ക് ഉണ്ടെന്ന് പറഞ്ഞു യാത്രയാക്കി... അത് അത് പോലെ സംഭവിച്ചു... അദ്ദേഹത്തിന്റെ മകൻ എന്നെ വിളിച്ചു പറഞ്ഞു... ‘നിങ്ങളോട് മരണ വിവരം പറയണം എന്ന് അച്ഛൻ പ്രത്യേകം പറഞ്ഞു’... അങ്ങനെ നിയോഗങ്ങളിൽ ഞാൻ വിശ്വസിച്ചു...
പറയങ്ങാട്ടെ തങ്ങളും, സെന്റ് ആന്റണീസും മാഞ്ചറക്കലെ ദേവിയും ഗോവിന്ദോടെത്തെ മഹാവിഷ്ണുവും പരൂരെ തേവരും ഒക്കെയായി പുന്നയൂർക്കുളത്തിന്റെ അരികുകളിൽ ദൈവങ്ങളും വിശ്വാസങ്ങളും നിലനിന്നു... നീർമാതളത്തിന്റ മണ്ണിൽ സാഹിത്യ അക്കാദമി മന്ദിരം വന്നു... പഴയ അമ്പാഴത്തേൽ തറവാട് കാലങ്ങളുടെ മഴയും വെയിലും കൊണ്ട് നിലംപൊത്താൻ വേണ്ടി നിൽക്കുന്നു.
ഓസ്ട്രേലിയയിലെ സിലബസ്സിൽ സായിപ്പിന്റെയും മദാമ്മയുടെയും കമലാദാസ് റൈറ്റ്അപ്സ് ഹാങ്ങോവറിൽ കുട്ടികൾ പുന്നയൂർക്കുളം എന്ന നാടിനെക്കുറിച്ച് പഠിച്ചു...
കഥകളുടെ മൗനം പേറി ഉള്ളിൽ എന്റെ ‘നാട്’ നിറഞ്ഞു നിന്നു...
ആദ്യപുസ്തകം ആ നീർമാതളചോട്ടിൽ വേണമെന്ന് ഞാനാഗ്രഹിച്ചു... അത് നടന്നു...
ഊഷരതകളിലും നനവേകി
പ്രിയതരമായ നൊമ്പരമായി...
കഥകൾ ഇനിയും ബാക്കി...
കാലത്തിനു നന്ദി
ജീവിതത്തിനും...
സ്നേഹപൂർവം.
Content Summary: Roshin Ramesh remembers writer Kamala Suraiyya