ഭ്രാന്തിന്റെ പിരിയൻ ഗോവണികൾ
ഏകാന്തതയെ ലഹരിപോലെ നുണഞ്ഞ വിമർശകനായിരുന്നു കെ.പി. അപ്പൻ. നിലാവിനേക്കാൾ ഇഷ്ടം രാത്രിയോടാണെന്ന് അപ്പൻ എഴുതിയിട്ടുണ്ട്. രാത്രിയെ നോക്കി നിൽക്കുന്നതും ഒരു കലയാണ്. കൊല്ലം മുണ്ടയ്ക്കലുള്ള അശ്വതിയിലെ ടെറസിൽനിന്ന് രാത്രിയുടെ സൗന്ദര്യം അപ്പൻ ആസ്വദിക്കാറുണ്ടായിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ
ഏകാന്തതയെ ലഹരിപോലെ നുണഞ്ഞ വിമർശകനായിരുന്നു കെ.പി. അപ്പൻ. നിലാവിനേക്കാൾ ഇഷ്ടം രാത്രിയോടാണെന്ന് അപ്പൻ എഴുതിയിട്ടുണ്ട്. രാത്രിയെ നോക്കി നിൽക്കുന്നതും ഒരു കലയാണ്. കൊല്ലം മുണ്ടയ്ക്കലുള്ള അശ്വതിയിലെ ടെറസിൽനിന്ന് രാത്രിയുടെ സൗന്ദര്യം അപ്പൻ ആസ്വദിക്കാറുണ്ടായിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ
ഏകാന്തതയെ ലഹരിപോലെ നുണഞ്ഞ വിമർശകനായിരുന്നു കെ.പി. അപ്പൻ. നിലാവിനേക്കാൾ ഇഷ്ടം രാത്രിയോടാണെന്ന് അപ്പൻ എഴുതിയിട്ടുണ്ട്. രാത്രിയെ നോക്കി നിൽക്കുന്നതും ഒരു കലയാണ്. കൊല്ലം മുണ്ടയ്ക്കലുള്ള അശ്വതിയിലെ ടെറസിൽനിന്ന് രാത്രിയുടെ സൗന്ദര്യം അപ്പൻ ആസ്വദിക്കാറുണ്ടായിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ
ഏകാന്തതയെ ലഹരിപോലെ നുണഞ്ഞ വിമർശകനായിരുന്നു കെ.പി. അപ്പൻ. നിലാവിനേക്കാൾ ഇഷ്ടം രാത്രിയോടാണെന്ന് അപ്പൻ എഴുതിയിട്ടുണ്ട്. രാത്രിയെ നോക്കി നിൽക്കുന്നതും ഒരു കലയാണ്. കൊല്ലം മുണ്ടയ്ക്കലുള്ള അശ്വതിയിലെ ടെറസിൽനിന്ന് രാത്രിയുടെ സൗന്ദര്യം അപ്പൻ ആസ്വദിക്കാറുണ്ടായിരുന്നു. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ രാത്രിക്ക് എന്തിനാണിത്ര സൗന്ദര്യം എന്ന് ദസ്തയേവ്‌സ്കി ചോദിക്കുന്നുണ്ട്. രാത്രിയുടെ നിഗൂഢമായ സൗന്ദര്യം ഏകാന്തതയുടെ അമാവാസിയിൽ ആസ്വദിക്കുകയായിരുന്നു ദസ്തയേവ്സ്കി അപ്പോൾ. ഏകാന്തതയുടെ വിശുദ്ധ വീഞ്ഞു നുണഞ്ഞുകൊണ്ട് രാത്രിയുടെ നിഗൂഢതയും സൗന്ദര്യവും കവർച്ച ചെയ്യുകയായിരുന്നു അപ്പനും. രാത്രിയുടെ സങ്കീർണമായ സൗന്ദര്യം അപ്പൻ തന്റെ മനസ്സിലേക്കു ജപിച്ചു വരുത്തി. പരസ്യജീവിതത്തെ അപ്പൻ വെറുത്തിരുന്നു. എഴുത്തുകാരന് ഏകാന്തതയും സ്വകാര്യതയും ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. അതോടെ എന്നെന്നേക്കുമായി പ്രസംഗപീഠത്തെ ഉപേക്ഷിച്ചു കൊണ്ട്, എല്ലാത്തരം തിരക്കുകളിൽനിന്നും ആൾക്കൂട്ടത്തിൽനിന്നും അപ്പൻ ഒഴിഞ്ഞു നിന്നു. സ്വയം ഏൽപ്പിച്ച ഏകാന്തതയിലിരുന്നു കൊണ്ടാണ് അപ്പൻ ‘കാളപ്പോരുകാര’ന്റെ കരുത്തോടെ കലാസൃഷ്ടികളിലൂടെ സാഹസികമായ അന്വേഷണം നടത്തിയത്. ഇത്തരത്തിലുള്ള അന്വേഷണങ്ങൾ ഉൻമാദത്തിൽ എത്താറുണ്ട്. ഉൻമാദത്തിന്റെ ഏറ്റവും സങ്കീർണവും സൗന്ദര്യാത്മകവുമായ അവസ്ഥയിൽ നിന്നാണ് അപ്പൻ കലാസൃഷ്ടികളെ അന്വേഷണ പരിശോധനകൾക്ക് വിധേയമാക്കിയത്. ഉൻമാദം സ്വാതന്ത്ര്യത്തിന്റെ മറ്റൊരു പേരാണ്. ഈ സ്വാതന്ത്ര്യത്തെയാണ് അപ്പൻ തന്റെ നിരൂപണത്തിൽ ധാരാളിത്തത്തോടെ ഉപയോഗിച്ചത്. ഉൻമാദികളും നിഷേധികളുമായ എഴുത്തുകാരെ ആവേശത്തോടെ അപ്പൻ ഒപ്പം കൂട്ടി. സങ്കീർണമായ കലാസൃഷ്ടികളോടും എഴുത്തുകാരോടും ഈ നിരൂപകന് വല്ലാത്തൊരു ഇഷ്ടമുണ്ടായിരുന്നു. അത്തരം കലാസൃഷ്ടികൾ വചനത്തിൽ വ്യക്തമാക്കാൻ കഴിയാത്ത സമൃദ്ധമായ അനുഭവമാണ് തനിക്ക് നൽകിയതെന്ന് അപ്പൻ എഴുതുന്നുണ്ട്. വായനയിൽ രൂപപ്പെട്ട ഉൻമാദത്തിന്റെ ഈ അവസ്ഥയിൽ നിന്നാണ് ഫ്രെഡറിക് നീത്ഷെയെയും വൈക്കം മുഹമ്മദ് ബഷീറിനെയും അപ്പൻ തന്റെ നിരൂപണ ലേഖനങ്ങളിൽ ഉയർത്തിപ്പിടിക്കുന്നത്. ഇരുവരും സംഗീതത്തിന്റെയും എഴുത്തിന്റെയും ഉൻമാദത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അപാരതയിൽ അലഞ്ഞവരായിരുന്നു.
സംഗീതവും തിളച്ചുമറിയുന്ന ചിന്തകളും ഇഴചേർന്ന ഒരു ജീവിതമായിരുന്നു ഫ്രഡറിക് നീത്ഷെയുടേത്. സംഗീതത്തോട് നീത്‌ഷെക്കുണ്ടായിരുന്ന അറിവും ആഭിമുഖ്യവും വെളിപ്പെടുത്തുന്ന പുസ്തകമാണ് ‘ദ് കേസ് ഓഫ് വാഗ്നർ എ മ്യുസിഷ്യൻസ് പ്രോബ്ലം.’ ഈ പുസ്തകത്തിൽ ജർമൻ സാംസ്കാരിക രംഗത്തെ പർവത ശിരസുള്ള റിച്ചാർഡ് വാഗ്നറുടെ വിഗ്രഹത്തെ നീത്ഷെ തകർത്തുകളയുന്നു. മനസ്സു നിറയെ താളമുണ്ടായിരുന്ന നീത്ഷെ തന്റെ അവസാനത്തെ പത്തു വർഷക്കാലം താളംതെറ്റിയ മനസ്സുമായി ജീവിക്കുകയായിരുന്നു. ഉൻമാദികളായ എഴുത്തുകാർ ഭ്രാന്തിന്റെ ലക്ഷണങ്ങൾ ഒരു പ്രവചന സ്വഭാവത്തോടെ അവരുടെ എഴുത്തുകളിൽ അവതരിപ്പിക്കാറുണ്ട്. സ്ഥിരബുദ്ധി അവശേഷിക്കുന്ന കാലത്ത് നീത്ഷെ സുഹൃത്തുക്കൾക്ക് എഴുതിയ കത്തിൽ ഭ്രാന്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായി സുഹൃത്ത് പീറ്റർ ഗാസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യർക്ക് അല്പം ഭ്രാന്ത് ആവശ്യമാണെന്നും അല്ലെങ്കിൽ അവൻ കയർ അറുത്തു മാറ്റി സ്വതന്ത്രനാവാൻ ഒരിക്കലും ധൈര്യപ്പെടില്ലെന്നും പറഞ്ഞത് മിലൻ കുന്ദേരയാണ്. സ്വാതന്ത്ര്യത്തിന്റ ഒരു വലിയ ആശയം അതിലുണ്ടായിരുന്നു. ഉൻമാദം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. ഭ്രാന്തനും കലാകാരനും സൃഷ്ടികർത്താക്കളാണ്. ഭാവനകൊണ്ട് അവൻ മറ്റൊരു ലോകത്തെ സൃഷ്ടിക്കുന്നു. സാധാരണ മനുഷ്യർ കാണുന്ന സ്വപ്നങ്ങളിൽനിന്ന് വ്യത്യസ്തമാണ് അവരുടെ സ്വപ്നങ്ങൾ. ഒരു സർറിയലിസ്റ്റിക് ചിത്രകല പോലെയാകും അത്. സർറിയലിസ്റ്റിക് പെയിന്റിങ്ങിന്റെ സങ്കീർണതകളും സൗന്ദര്യവും ബഹുസ്വരതയും നീത്‌ഷെയുടെ തിളച്ചുമറിയുന്ന ചിന്തയിലും കലാസൃഷ്ടികളിലും ഉണ്ടായിരുന്നു.
തന്നെ സ്വാധീനിച്ച എഴുത്തുകാരെപ്പറ്റി പറയുമ്പോൾ അപ്പൻ നീത്ഷെയെ ആദരവോടെയാണ് അവതരിപ്പിക്കുന്നത്. അപ്പൻ എഴുതുന്നു: ‘‘അരാജകവാദത്തെ ആഘോഷിച്ചുകൊണ്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൃതികൾ വായിച്ചത്. അഹന്തയും ഭ്രാന്തും അദ്ദേഹത്തിന്റെ രക്തത്തിൽ ഉണ്ടായിരുന്നു. ശാസ്ത്രത്തിനും യുക്തിവാദത്തിനും എതിരായി ചിന്തിച്ച മിസ്റ്റിക്കായിരുന്നു നീത്ഷെ. വികസിച്ചു വികസിച്ചു നശിച്ചുപോയ അഹങ്കാരിയായ ഈ യോഗിയുടെ ഭ്രാന്തും അരാജകവാദവും ആശയങ്ങളും എന്നെ ഒരുപാട് സംഭ്രമിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തു.’’ ഷോപ്പനോവറും നീത്ഷെയും കമ്യുവും തന്റെ മനസ്സിന്റെ സമനിലയെ ഗുണപരമായി തെറ്റിക്കുകയും ചിന്തകളെ പല ചാലിലേക്ക് തിരിച്ചു വിടുകയും ചെയ്തിരുന്നു എന്ന് മറ്റൊരിടത്ത് അപ്പൻ എഴുതിയിട്ടുണ്ട്. അങ്ങനെ അപ്പന്റെ മനസിലെ സമനിലയെ തന്റെ ബുദ്ധിപരമായ ഭ്രാന്തുകൊണ്ട് തെറ്റിക്കുകയായിരുന്നു നീത്ഷെ.
അക്ഷരങ്ങൾക്ക് തീപിടിച്ച ഒരു കാലത്തു നിന്നാണ് അപ്പൻ എഴുതിത്തുടങ്ങിയത്. മലയാളവിമർശനത്തിൽ നിലനിന്നിരുന്ന യാഥാസ്ഥിതിക-അക്കാഡമിക് പാണ്ഡിത്യത്തിനെതിരെയുള്ള കലാപമായിരുന്നു അപ്പന്റെ തലമുറ അവതരിപ്പിച്ച നവീന വിമർശനം. ഇവരുടെ ഉള്ളിലുള്ള കനലുകളെ ഊതിക്കാച്ചിയെടുക്കാൻ പറ്റിയ അഗ്നിപർവ്വതത്തെ പേറിയ ചിന്തകരായിരുന്നു നീത്ഷെയും കമ്യുവും സാർത്രും കീർക്കെഗാർഡും ഉൾപ്പെടെയുള്ളവർ. 'എന്റെ ഉള്ളിൽ നിന്നൊരു തീനാളം ഉത്തരം നൽകാൻ സദാ ഉയിർത്തെഴുനേറ്റുകൊണ്ടിരിക്കുന്നു' എന്ന കസൻദ് സാക്കീസിന്റെ വാചകത്തെ ആദരവോടെ ഓർമിപ്പിപ്പിക്കുന്നതായിരുന്നു അപ്പന്റെ നവീന നിരൂപണങ്ങൾ. പാരമ്പര്യ നിരൂപണത്തെ അപ്പൻ പൂർണമായും തിരസ്കരിച്ചു. പാരമ്പര്യം ജീവിച്ചിരിക്കുന്നവരുടെ തലച്ചോറിനെ ഒരു പേടിസ്വപ്നം പോലെ ഞെക്കിഞെരുക്കുന്നു എന്ന മാർക്സിന്റെ ആശയത്തെ സ്വീകരിച്ചു കൊണ്ട് പാരമ്പര്യത്തെ മറികടക്കാനാണ് അപ്പൻ ശ്രമിച്ചത്. ഇതിൽ ഭ്രാന്തമായ അന്വേഷണമുണ്ടായിരുന്നു. സംഗീതാത്മകമായ ഭാഷയുടെ നൃത്തച്ചുവടുകൾ ഉണ്ടായിരുന്നു. അപരിചിതമായ വഴികളിലൂടെയുള്ള ഒരു പർവതാരോഹണമായിരുന്നു അത്. ആ സാഹസിക യാത്രയിൽ വായനക്കാരനെ ഒപ്പം കയറ്റാൻ കഴിഞ്ഞതാണ് അപ്പൻ വിമർശനത്തിന്റെ കരുത്ത്. അൻപത് വോള്യങ്ങളിൽ കൂടുതലുണ്ടായിരുന്ന 'ഗ്രേറ്റ് ബുക്സ്' തന്റെ ചിന്തകളിൽ വലിയ സ്വാധീനം ചെലുത്തി എന്നും ആ പുസ്തകങ്ങൾ ഒരുപാട് ധീരത നൽകിയെന്നും അപ്പൻ എഴുതിയിട്ടുണ്ട്. ഇതിൽ നിന്ന് ഉൻമാദികളും, തലച്ചോറിലേക്ക് നിർദാക്ഷണ്യം നിറയൊഴിച്ച എഴുത്തുകാരും ചിന്തകരും അപ്പന്റെ ഹൃദയത്തിലെ ഏറ്റവും സുരക്ഷിതമായ അറയിൽ ഇടം പിടിച്ചിരുന്നു. സാഹിത്യത്തിലെയും കലയിലെയും ഇത്തരം തീവ്രമായ അന്വേഷണത്തിന്റെ കലാപരമായ പര്യായമായിരുന്നു അപ്പന്റെ വിമർശന ലേഖനങ്ങൾ. നിഷേധത്തിന്റെ കലയെ ധാരാളിത്തത്തോടെ ഉപയോഗിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെയും സൗന്ദര്യത്തിന്റെയും അപാരതയിലേക്ക് മലയാള വിമർശനത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു കെ.പി. അപ്പൻ. തന്റെ വിമർശന ലേഖനങ്ങളിൽ സ്വാതന്ത്ര്യം എന്ന വാക്ക് അതിന്റെ എല്ലാ സൗന്ദര്യത്തോടെയും അപ്പൻ ആവർത്തിക്കുന്നുണ്ട്. ആദ്യ പുസ്തകമായ ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിന്റെ തുടക്കത്തിൽ അപ്പൻ ഇങ്ങനെ എഴുതുന്നു: 'വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. എന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം.' ഇത്തരം ഒരു നിലപാടിന്റെ പിൻബലത്തിലാണ് ഉൻമാദത്തെയും സ്വാതന്ത്ര്യത്തെയും ലഹരിപോലെ മൊത്തിക്കുടിച്ച നീത്ഷെയെ പോലുള്ള ചിന്തകരുടെ ചിറകിലേറി സ്വാതന്ത്ര്യത്തിന്റെ അനന്തതയിലേക്ക് അപ്പൻ പറന്നു കയറിയത്.
തീവ്രമായ ഏതൊരന്വേഷണവും ഭ്രാന്തിൽ അവസാനിക്കുമെന്ന് അപ്പൻ പറയുന്നുണ്ട്. അന്വേഷണം ഭ്രാന്തിൽ അവസാനിക്കുന്നത് കലാകാരന്റെ വ്യക്തിപരമായ പരാജയമാണ്. അത് ചിന്തകന്റെ വ്യക്തിപരമായ ദുരന്തമാണ്. എന്നാൽ അത് കലയുടെയോ തത്വചിന്തയുടെയോ പരാജയമല്ല എന്ന് അപ്പൻ തുടർന്നഴുതുന്നു. തീവ്രമായ അന്വേഷണം ഭ്രാന്തിൽ അവസാനിക്കുന്നത് ജീനിയസുകളിൽ മാത്രം കാണുന്ന സ്വഭാവമാണ്. സമകാലികമായ വികാര പരിസരവുമായി ഇണങ്ങാൻ കഴിയാതെ വരികയും അതുമായി ഏറ്റുമുട്ടുകയും ചെയ്യുമ്പോൾ ചിന്തകൻ വികാരപരമായ ക്ലേശം അനുഭവിക്കുന്നു എന്നും ഇത്തരം അനുഭവത്തിന്റെ തീവ്രതയാണ് അന്വേഷണത്തെ ഭ്രാന്തിൽ എത്തിക്കുന്നതെന്നും അപ്പൻ വിശദീകരിക്കുന്നു. ഈ ഉൻമാദത്തിന്റെ സ്വാതന്ത്ര്യത്തിൽ നിന്നാണ് എഴുത്തുകാരൻ വെളിപാടു രഹസ്യം പോലെ ചിലതൊക്കെ നമ്മോടു പറയുന്നത്. ഇത്തരം പറച്ചിലുകളിൽ പലപ്പോഴും ഭാവിയിലേക്കു കുതിക്കുന്ന ആശയങ്ങളും ദർശനങ്ങളുമാകാറുണ്ട്.
വലിയ ചിന്തകർക്കും കലാകാരൻമാർക്കും പലപ്പോഴും ഭ്രാന്ത് ഒരു ചിത്തരോഗമല്ലാതാകാറുണ്ട്. അവിടെ ഭ്രാന്താലയം ചിത്തരോഗാശുപത്രിയല്ല. മറിച്ച് ദേവാലയമാണെന്ന് അപ്പൻ നിരീക്ഷിക്കുന്നു. ഇത്തരം ദേവാലയത്തിനു മുന്നിൽ മുട്ടുകുത്തി പ്രാർഥിച്ച ചിന്തകരും എഴുത്തുകാരുമായിരുന്നു നീത്ഷെയും ബഷീറും. ദാർശനികതയുടെ ധൈഷണികതയിൽ നിന്നുകൊണ്ട് തീവ്രമായ അന്വേഷണത്തിനൊടുവിൽ മുഴുഭ്രാന്തിലേക്ക് വഴുതി പോയ മനസ്സായിരുന്നു നീത്ഷെയുടേത്. പിതാവിനുണ്ടായിരുന്ന മസ്തിഷ്ക രോഗം നീത്ഷെക്ക് പാരമ്പര്യമായി കിട്ടിയതാണ് എന്ന് പറയപ്പെടുന്നു. ജീവിതവഴിയിലെ ഏതോ വളവിൽ നിന്ന് കിട്ടിയ സിഫിലിസ് നീത്ഷെയുടെ ജീവിതത്തെയാകെ തകർത്തെറിഞ്ഞു. വേദനസംഹാരിയായി ഉപയോഗിച്ച ക്ലോറൽ ഹൈഡ്രേറ്റ് നീത്ഷെയുടെ നാഡിവ്യവസ്ഥയെ തകരാറിലാക്കി. ഇതോടെ നീത്ഷെ ചിത്തരോഗത്തിന്റെ ചുഴിയിൽ അകപ്പെട്ടു പോയി. ചെറുപ്പത്തിൽ മതവിശ്വാസിയായിരുന്ന നീത്ഷെ പിന്നീട് മതാനുഭൂതികളിൽ അർഥമില്ല എന്ന് വിളിച്ചു പറഞ്ഞു. ‘ദ് ഗേ സയൻസ്’ എന്ന തന്റെ കൃതിയിൽ ഒരു കഥാപാത്രത്തെക്കൊണ്ട്, ‘ദൈവം മരിച്ചു’ എന്ന് പറയിച്ചു. ദൈവ നിഷേധത്തിന്റെ ഒരു സൗന്ദര്യം അതിലുണ്ടായിരുന്നു. ‘ദി ആന്റി ക്രൈസ്റ്റ്’ എന്ന പുസ്തകത്തിൽ ക്രിസ്ത്യൻ മതത്തെ ശക്തമായി വിമർശിച്ചു. ക്ലാസിക്കൽ യുഗത്തിലെ പുരാതന ഗ്രീസുകാരുടെ മതബോധം ക്രിസ്തുമതത്തേക്കാൾ ഉയർന്നതാണെന്ന് പറഞ്ഞു. ഒൻപതു വർഷക്കാലം ഒരു ജിപ്സിയുടെ ജീവിതമാണ് നീത്ഷെ നയിച്ചത്.
ഭ്രാന്ത് ജീനിയസുകളിൽ വ്യവസ്ഥകളെ തകർക്കുന്നു. അത്തരം അവസ്ഥയിൽ അയാൾ നൃത്തം ചെയ്യുന്ന വാക്കുകളെ സൃഷ്ടിക്കാറുണ്ട്. സംഗീതമില്ലെങ്കിൽ ജീവിതം ഒരു തെറ്റായി പോയേനെ എന്ന് നീത്ഷെ വിളിച്ചു പറഞ്ഞു. എഴുത്തിനും വായനയ്ക്കും സംഗീതത്തിനുമായി ആരംഭിച്ച ജെർമാനിയ എന്ന തന്റെ ക്ലബിൽ വച്ചാണ് വാഗ്നറുമായുള്ള സൗഹൃദം നീത്ഷെ ആരംഭിച്ചത്. നക്ഷത്രസൗഹൃദം എന്നാണ് നീത്ഷെ ആ ബന്ധത്തെ വിശേഷിപ്പിച്ചത്. എന്നാൽ ‘ദ് കേസ് ഓഫ് വാഗ്നർ എ മ്യുസിഷ്യൻസ് പ്രോബ്ലം’ എന്ന പുസ്തകത്തിൽ ‘‘രോഗാതുരമായ സംഗീതം ബധിരന്റെ ആനന്ദത്തെ പോലും തകർത്തു കളയും’’ എന്നു പറഞ്ഞു കൊണ്ട് നീത്ഷെ ആ നക്ഷത്രസൗഹൃദത്തെ തകർത്തുകളഞ്ഞു. ഇതൊക്കെ നീത്ഷെയുടെ മനസ്സിലെ അവ്യവസ്ഥയെയാണ് വെളിവാക്കുന്നത്.
ഭ്രാന്തൻ ചിന്തകൾ കൂടുകെട്ടിയ തലച്ചോറായിരുന്നു നീത്ഷെയുടെത്. ലളിതമായി ചിന്തിക്കാനോ ലളിതമായി എഴുതാനോ നീത്ഷെയ്ക്ക് കഴിയുമായിരുന്നില്ല. ലളിതമായതെന്തും ദഹനക്കേട് നിറഞ്ഞതാണെന്നും എന്നാൽ ഭ്രാന്തൻ കഴിക്കുന്നതെന്തും അയാൾക്ക് ദഹനക്കേട് വരുത്തുന്നില്ലെന്നും നീത്ഷെ എഴുതി. തീ പിടിച്ച ചിന്തകളുടെ ഒരു കിറുക്ക് അതിലുണ്ടായിരുന്നു. അശാന്തിയുടെ വണ്ടുകൾ തന്റെ തലച്ചോറിൽ കൂടുകൂട്ടിയപ്പോൾ മനുഷ്യരുമൊത്തുള്ള ജീവിതം നരകതുല്യമാണെന്ന് പറഞ്ഞ് നീത്ഷെ വീടുപേക്ഷിച്ച് മലകയറി. ആത്മാർഥത എന്ന പദം വൃത്തികെട്ടതും ഏറ്റവും ദുർഗന്ധ പൂരിതവുമാണെന്നും മനുഷ്യൻ അതിപ്പോഴും ചുമന്നുകൊണ്ടു നടക്കുകയാണെന്നും നീത്ഷെ പ്രഖ്യാപിച്ചു. അപകടകരമായി ജീവിക്കാനാണ് നീത്ഷെ ഉപദേശിച്ചത്. ചിന്തയിൽ അഗ്നിപർവതം തീർത്തു കൊണ്ട് നീത്ഷെ എഴുതി: "അഗ്നിപർവതത്തിന് താഴെ ഒരു നഗരം തീർക്കുക. കോപത്തിന്റെ ക്ഷോഭമടങ്ങാത്ത മഹാസമുദ്രത്തിലേക്ക് നിങ്ങൾ തോണിയിറക്കുക. യുദ്ധം തകർത്തു തരിപ്പണമാക്കിയ ഒരു രാജ്യത്ത് പോയി ജീവിക്കുക."
ഈശ്വരൻ മരിച്ചുപോയി എന്ന് പറഞ്ഞ നീത്ഷെ ലോകത്തെ മുന്നോട്ടു കൊണ്ടുപോകാൻ ദൈവത്തിന് പകരം സരതുഷ്ട്രനെ അവതരിപ്പിച്ചു. നീത്ഷെയുടെ 'സരതുഷ്ട്രയുടെ വചനങ്ങൾ' ലോകത്തെമ്പാടുമുള്ള എഴുത്തുകാരെയും ചിന്തകരെയും തെല്ലൊന്നുമല്ല സ്വാധീനിച്ചത്. സരതുഷ്ട്രയുടെ 'തലതിരിഞ്ഞ' ചിന്തകൾകൊണ്ട് വായനക്കാരുടെ ശിരസിലേക്ക് നീത്ഷെ നിരന്തരം നിറയൊഴിച്ചു. കടുത്ത തലവേദനയിൽ തുടങ്ങിയ രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് സഹോദരി എലിസബത്തിനോട് നീത്ഷെ പറഞ്ഞു: "ഞാൻ ശാന്തനായി മരിക്കട്ടെ. മരിച്ചശേഷം എന്റെ ശവപ്പെട്ടിക്കരികിൽ നിൽക്കാൻ സുഹൃത്തുക്കളെ മാത്രമേ അനുവദിക്കാവൂ. പുരോഹിതരെ ഒരു കാരണവശാലും അടുത്തു നിൽക്കാൻ അനുവദിക്കരുത്." നീത്ഷെയുടെ ഭ്രാന്തൻ ചിന്തകളും അതിൽ നിന്നു രൂപംകൊണ്ട സ്വാതന്ത്ര്യവുമാണ് കെ.പി. അപ്പനെ നീത്ഷെയുമായി അടുപ്പിക്കുന്നത്. സങ്കീർണമായ ഫിലോസഫി നീത്ഷെ അവതരിപ്പിക്കുമ്പോഴും അക്ഷരങ്ങൾ നക്ഷത്രങ്ങളായി വന്ന് നൃത്തം ചെയ്യുന്നത് കാണാം. ശുദ്ധ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് നീത്ഷെയുടെ ചിന്തകൾ പിറന്നു വീണത്. സംഗീതത്തിന്റെ പശ്ചാത്തലത്തിൽ നൃത്തം ചെയ്യുന്ന വാക്കുകളാണ് കെ.പി. അപ്പന്റെ നിരൂപണത്തെ കാവ്യാത്മകമാക്കുന്നതും.
സംഗീതത്തിന്റെയും ഉൻമാദത്തിന്റെയും ഒരു ലോകത്തിൽ നിന്നാണ് വൈക്കം മുഹമ്മദ് ബഷീർ വായനക്കാരോട് സംവദിച്ചത്. ഉൻമാദത്തിൽ നിന്ന് ലഭിച്ച ഒരു സ്വാതന്ത്ര്യത്തെ വേണ്ടുവോളം ആഘോഷിക്കുകയായിരുന്നു ബഷീറും. ഈ സ്വാതന്ത്ര്യത്തിൽ നിന്നാണ് ചെറുകഥയുടെയു നോവലിന്റെയും ക്രാഫ്റ്റിനെ ബഷീർ തകർത്തുകളഞ്ഞത്. നോവലിനും ചെറുകഥയ്ക്കും ഇടയിലുള്ളൊരു രൂപത്തെ ബഷീർ തന്റെ സർഗാത്മക പ്രവൃത്തിക്ക് ഉപാധിയാക്കി. ബഷീർ വെറുതെ ഒരു വാക്ക് ഉപയോഗിച്ചാൽപോലും അത് കവിതയും സംഗീതവുമായി. വൈലാലിലെ മാംഗോസ്റ്റൈൻ വൃക്ഷത്തണലിൽ ചാരു കസേരയിൽ കിടന്നുകൊണ്ട് സൈഗാളിന്റെയും പങ്കജ് മല്ലിക്കിന്റെയും പാട്ടുകൾ കേട്ടു. ഉൻമാദത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഇഴജന്തുക്കളോടും എട്ടുകാലിയോടും കുളയട്ടയോടും ആടിനോടും വർത്തമാനം പറഞ്ഞു. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന് ചോദിച്ചുകൊണ്ട് നമ്മുടെ യുക്തിയെ വെല്ലുവിളിച്ചു. തനിക്ക് ഭ്രാന്തു വന്നപ്പോൾ പല മലയാള സാഹിത്യകാരൻമാർക്കും അസൂയ മുഴുത്തെന്നും, ബഷീറിനു ഭ്രാന്തു വന്നു, ഞങ്ങൾക്കെന്താ ഭ്രാന്തു വരാത്തത് എന്ന് വിലപിച്ചെന്നും പറഞ്ഞുകൊണ്ട് തമാശയുടെ വലിയ അമിട്ടുകൾ പൊട്ടിച്ചു. ജനയുഗത്തിനുവേണ്ടി 'മാന്ത്രികപ്പൂച്ച' എഴുതുന്ന സമയത്താണ് ബഷീറിന് ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടത്. അപ്പോഴൊക്കെ ബഷീറിന് ഉറക്കം കുറവായിരുന്നു. ചിന്തകളുടെ വലിയൊരു കൂടാരത്തിലായിരുന്നു അപ്പോൾ ബഷീർ. തീവ്രമായ ചിന്തകളും ഉത്തരത്തിനായുള്ള അടങ്ങാത്ത ജിജ്ഞാസയുമാണ് ബഷീറിനെ ഉൻമാദത്തിന്റെ ചുഴിയിലാക്കിയത്. കടലിലെ തിരമാലകൾ പോലെ വിഭ്രാന്തിയുടെ തിരമാലകൾ ബഷീറിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിച്ചു. ഉൻമാദത്തിന്റെ തീവ്രമായ അവസ്ഥയിലാണ് ബഷീറിന്റെ പല കലാസൃഷ്ടികളും പിറന്നുവീണത്. ആ ഭ്രാന്തൻ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ഒരു ക്രമം ഉണ്ടായിരുന്നില്ല. അവ്യവസ്ഥ ഉൻമാദത്തിന്റെ ഒരു ലക്ഷണമാണ്. ഈ അവ്യവസ്ഥയിൽ നിന്നാണ് ബഷീർ തന്റെ തത്ത്വചിന്താപരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നത്. അതിൽ സംഗീതത്തിന്റെയും സൗന്ദര്യത്തിന്റെയും അപാരതയുണ്ടായിരുന്നു. മുറിഞ്ഞുപോയ തന്റെ ആത്മാവിൽ പുരട്ടാനുള്ള ഒരു മരുന്നായിരുന്നില്ല ബഷീറിന് ഭ്രാന്ത്. അതിൽ സർഗാത്മകതയുടെ കരുത്തും സൗന്ദര്യവുമുണ്ടായിരുന്നു.
ബഷീറിൽ പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയു രഹസ്യം തേടിയലഞ്ഞ ഒരു അന്വേഷകൻ ഉണ്ടായിരുന്നു. ഇത്തരം തീവ്രമായ അന്വേഷണമാണ് ബഷീറിനെ ഭ്രാന്തിലെത്തിച്ചത് എന്ന് അപ്പൻ നിരീക്ഷിക്കുന്നു. ചില ഭ്രാന്തുകൾ പുറത്തു വരുന്നതിന് മുൻപു തന്നെ ഉള്ളിൽ വച്ച് ബഷീർ അതിനെ കലയാക്കി മാറ്റിയിരുന്നു എന്ന് അപ്പൻ പറയുന്നുണ്ട്. ഫലിതവും ഭ്രാന്തും ബഷീറിൽ ഉണ്ടായിരുന്നു. സൃഷ്ടിയിലൂടെ ബഷീർ, ബഷീറായും അപരനായും പ്രത്യക്ഷപ്പെട്ടിരുന്നു. അതിനാൽ ഒരു സംഭവം തന്നെ ബഷീറിന്റെ കൃതിയിലും ജീവിതത്തിലും രണ്ടുതരം പ്രതികരണങ്ങൾ ഉണ്ടാക്കിയെന്ന് അപ്പൻ കണ്ടെത്തുന്നു. തമാശ പറയുമ്പോഴും ദാർശനികമായ ഒരു ആകുലത ബഷീറിൽ ഉണ്ടായിരുന്നു എന്നും ഈ ആകുലത നിറഞ്ഞ അന്വേഷണമാണ് ബഷീറിനെ ഭ്രാന്തിൽ എത്തിച്ചതെന്നുമുള്ള നിഗമനത്തിൽ അപ്പൻ എത്തിച്ചേരുന്നു. വല്ലാത്തൊരു ഭയം ബഷീറിനെ ബാധിച്ചിരുന്നു. ഇത് ഉൻമാദത്തിന്റെ മറ്റൊരവസ്ഥയായിരുന്നു. ബഷീറിന്റെ ഭ്രാന്തിനെപ്പറ്റി ഫാബി ബഷീർ ഓർക്കുന്നുണ്ട്. രാത്രി കിടക്കാൻ നേരം ഗേറ്റ് പൂട്ടിയിടും. പുറത്തെ വാതിലുകളും കുറ്റിയിടും. പിന്നീട് കിടപ്പുമുറിയുടെ വാതിൽ അകത്തു നിന്ന് കുറ്റിയിടും. എന്നാലും ശൈത്താൻ മുറിക്കുള്ളിൽ കടന്നു വരുമെന്നാണ് ബഷീർ വിശ്വസിക്കുന്നത്. ബഷീർ പറയും: "ഉറങ്ങിപ്പോയാൽ അവൻ വരും. അവൻ ഏതു രൂപത്തിലും വരും. എന്നെയും നിന്നെയും നമ്മുടെ മോളെയും അവൻ കൊല്ലും. അതുകൊണ്ട് ഉറങ്ങരുത്."
ഒരു രാത്രിയിൽ ഉറക്കത്തിൽ ബഷീർ ചാടി എഴുന്നേറ്റു. ഫാബി ലൈറ്റിട്ട് നോക്കുമ്പോൾ ബഷീർ കത്തിയുമായി നിൽക്കുകയാണ്. കട്ടിലിൽ മകൾ കിടന്നുറങ്ങുന്നുണ്ട്. ഫാബി ബഷീറിന്റെ തോളിൽ മെല്ലെ കൈവച്ചു. ഞെട്ടിത്തിരിഞ്ഞ് ബഷീർ പറഞ്ഞു: "അവൻ വരുന്നുണ്ട്. പക്ഷേ, നീ പേടിക്കേണ്ട. നിന്നെയും മോളേയും ഞാൻ രക്ഷിച്ചോളാം. ലൈറ്റ് കെടുത്തരുത്. ഇരുട്ടിലാണ് അവൻ വരുന്നത്. ഏതു രൂപത്തിലും അവൻ വരും." കിടക്കയിലേക്ക് നോക്കി തലയണ തിരിച്ചും മറിച്ചും നോക്കി. പിന്നീട് തലയണ കുത്തിക്കീറി. കട്ടിലിൽ കിടന്നുറങ്ങുന്ന മകളുടെ സമീപത്തുകൂടി കത്തി പല തവണ പാഞ്ഞു. ആ രാത്രിയെ പേടിയോടെയാണ് ഫാബി ബഷീർ ഓർക്കുന്നത്. ഭ്രാന്ത് ചിലപ്പോൾ അബോധത്തിൽ ചെയ്യുന്ന കുറ്റമായി മാറാറുണ്ട്. ഭ്രാന്തിന്റെ മൂർദ്ധന്യാവസ്ഥയിലാണ് നിരൂപകനും ചിന്തകനുമായ ലൂയി അൾത്തൂസർ ഭാര്യ ഹെലനെ കഴുത്തുഞെരിച്ച് കൊന്നത്. അഞ്ചു വർഷത്തിനു ശേഷം ബോധാവസ്ഥയിലേക്ക് തിരിച്ചു വന്ന അൾത്തൂസർ എഴുതി: "ഞാനവളുടെ കഴുത്തിൽ തഴുകുക പതിവായിരുന്നു. അന്നും ഞാനതേ ചെയ്തുള്ളൂ. അവൾക്ക് ശ്വാസം മുട്ടിയെന്ന് എനിക്ക് മനസിലായി. പക്ഷേ, എങ്ങനെയെന്നറിയില്ല. ഞാൻ എഴുന്നേറ്റു നിന്ന് വിളിച്ചു കൂവി, ഞാൻ ഹെലനെ ശ്വാസം മുട്ടിച്ചു കൊന്നു. ഞാൻ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിരുന്നു."
എഴുത്തുകാരുടെ ഭ്രാന്തുകൾ അവരുടെ കലാസൃഷ്ടികളിൽ വെളിവാകാറുണ്ട്. പൗലോ കൊയ്ലോയുടെ ' വെറോണിക്ക മരിക്കാൻ തീരുമാനിക്കുന്നു' എന്ന കൃതി ഭ്രാന്തിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഭ്രാന്ത് എന്നു പറഞ്ഞാൽ എന്താണ് എന്ന് വെറോണിക്ക വാർഡിലെ മറ്റൊരു രോഗിയായ സെഡ്കയോട് ചോദിക്കുന്നുണ്ട്. "അവരവരുടെ ലോകങ്ങളിൽ ജീവിക്കലാണ് ഭ്രാന്ത്" എന്ന് അവൾ മറുപടി കൊടുക്കുന്നു. ബഷീർ ജീവിച്ചത് തന്റെ ഒരു ലോകത്തായിരുന്നു. അവിടെയിരുന്നുകൊണ്ട് 'അണ്ഡകടാഹം', 'കൊസ്രാക്കൊളളി' പോലെയുള്ള പുതിയ ഭാഷ സൃഷ്ടിച്ചു. എല്ലാ വ്യവസ്ഥകളെയും ചോദ്യം ചെയ്തു. ആഖ്യയും ആഖ്യാതവും ഇല്ലാതെയും ഭാഷയുണ്ടാകും എന്ന് നമുക്ക് ലളിതമായി പറഞ്ഞു തന്നു. ഇതിലൊരു സ്വാതന്ത്ര്യമുണ്ടായിരുന്നു. ഉൻമാദാവസ്ഥയിലുള്ള ഈ സ്വാതന്ത്ര്യമായിരുന്നു ബഷീറിന്റെ കലാസൃഷ്ടികളുടെ കരുത്ത്. 'മന്നാ ആന്റ് ശങ്ക' എന്ന ബഷീർ കഥയിൽ ബഷീർ ഭ്രാന്ത് അവതരിപ്പിക്കുന്നത് അപ്പൻ വിവരിക്കുന്നുണ്ട്. കഥയിൽ ഭാഷയുടെ തികവുറ്റ യുക്തിയിലാണ് ബഷീർ ഭ്രാന്തിനെ അവതരിപ്പിക്കുന്നത് എന്ന് അപ്പൻ പറയുന്നു. അപ്പൻ എഴുതുന്നു: ഭാവനയുടെ ഭ്രാന്തിൽ ബഷീർ ചങ്ങാതികളായ കാരൂരിനെ ആറു മാസവും ഡി.സി. കിഴക്കേ മുറിയെ ഒൻപതു മാസവും സി.ജെ.തോമസിനെ പത്തു മാസവും കഠിന തടവിന് ശിക്ഷിക്കുന്നു. തകഴി, പൊൻകുന്നം വർക്കി, മുണ്ടശ്ശേരി, എം.പി.പോൾ, മാമൻ മാപ്പിള, റാഫി, ലളിതാംബിക അന്തർജനം എന്നിങ്ങനെ കുറേപ്പേരെ മൂന്നു മാസം വെറും തടവിന് ശിക്ഷിക്കുന്നു. ഷേക്സ്പിയർ, ഗോർക്കി, ജി., ചങ്ങമ്പുഴ, കേശവദേവ്, എ.ഡി. ഹരിശർമ്മ, മുണ്ടശേരി എന്നിവരെല്ലാം മുസ്‌ലിം സമുദായത്തിൽപ്പെട്ടവരാണ് എന്ന് പ്രഖ്യാപിക്കുന്നു. വൈക്കം മുഹമ്മദ് ബഷീർ നമ്പൂതിരിപ്പാട് എന്ന പേര് സ്വയം സ്വീകരിക്കുന്നു. മൗലവി ഇബ്രാഹിം മാരാർ എന്ന മറ്റൊരു ഭ്രാന്തന്റെ പേര് ഉണ്ടാക്കിയെടുക്കുന്നു. ഇതെല്ലാം ചിത്തരോഗാശുപത്രിയിൽ കേട്ടാൽ മുഴുത്ത ഭ്രാന്താണ്. ബഷീർ പറയുമ്പോൾ അത് സാഹിത്യമായി മാറുന്നു."
ബഷീർ ഒരിക്കൽ എഴുതി: 'എന്റെ വലതു ചെവിക്കകത്തു കൂടി നോക്കിയാൽ ഇടതു ചെവിയിലൂടെ മറുവശത്തുളള ലോകം ശരിക്കും കാണാം. തലയണ മന്ത്രത്തിന്റെ ഉഗ്രൻ ട്രാഫിക് മൂലം സംഭവിച്ചതാണ്'. ഇത് തികവുറ്റ ഭ്രാന്തും ശരിയായ ഫലിതവുമാണെന്ന് അപ്പൻ നിരീക്ഷിക്കുന്നു. ബഷീർ ജീനിയസായതുകൊണ്ടും അദ്ദേഹം പറയുന്നത് കവിതയായതുകൊണ്ടും മറഞ്ഞിരിക്കുന്ന ഈ ഭ്രാന്തിനെ തിരിച്ചറിയുന്നില്ല എന്ന് അപ്പൻ തുടർന്നെഴുതുന്നു. ധിഷണാശാലികൾ സ്വന്തം മനോരോഗത്തെ സ്വയം ചികിത്സിക്കുന്നവരായിരിക്കണമെന്ന് ജയിലിലെ ഏകാന്തമായ അവസ്ഥയിലെ ഉൻമാദത്തിൽ നിന്നു കൊണ്ട് അന്റോണിയോ ഗ്രാംഷി എഴുതിയിട്ടുണ്ട്. ഈ ഉൻമാദാവസ്ഥയെ സ്വയം ചികിത്സിക്കാനുള്ള ഉപാധിയായിരുന്നു ബഷീറിന് കലാസൃഷ്ടി. മാന്ത്രികപ്പൂച്ച, ശശിനാസ്, കാൽപ്പാട്, നൂറ്റൊന്നു നാക്കുകൾ എന്നീ കൃതികളിലാക്കെ ബഷീറിലെ ഉൻമാദത്തിന്റെ സൗന്ദര്യം നമ്മൾ ആസ്വദിക്കുന്നു.
തനിക്ക് ഭ്രാന്തിനോട് ഒരു ആഭിമുഖ്യമുണ്ടെന്ന് അപ്പൻ ആത്മകഥയിൽ പറയുന്നുണ്ട്. ശുദ്ധമായ ഒരു സംഗീതം പോലെയാണ് ഞാനാ വാചകം വായിച്ചത്. ഉൻമാദത്തിന് അതിന്റേതായ യുക്തിയുണ്ടെന്നും മാരകമായ സ്വാതന്ത്ര്യത്തെ ആസ്വദിക്കുന്ന യുക്തിയാണ് അതെന്നും കെ.പി. അപ്പൻ എഴുതുന്നു. മതിഭ്രമങ്ങളും അതിവാസ്തവികതകളും നിറഞ്ഞ ദാലിയുടെ ചിത്രങ്ങൾ തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞത് ഈ പശ്ചാത്തലത്തിലാണെന്ന് അപ്പൻ തിരിച്ചറിയുന്നുണ്ട്. സംഗീതത്തോട് വല്ലത്തൊരു ആഭിമുഖ്യം അപ്പനുണ്ടായിരുന്നു. സ്വന്തം നാടായ ആലപ്പുഴ സംഗീതത്തിന്റെ ഒത്തിരി അനുഭവങ്ങൾ തനിക്ക് തന്നതായി അപ്പൻ ‘പക്ഷികൾ’ എന്ന തന്റെ ആത്മകഥാപരമായ കുറിപ്പിൽ ഓർക്കുന്നുണ്ട്. അപ്പൻ എഴുതുന്നു: ‘‘മുല്ലയ്ക്കൽ റോഡിനും ക്ഷേത്രത്തിനും പൂക്കളുടെയും സംഗീതത്തിന്റെയും സുഗന്ധമുണ്ടായിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയുടെയും സുന്ദരാംബാളിന്റെയും ശബ്ദം ധനുമാസ നിലാവിൽ അലിയുന്നതും മധുര മണി പാട്ടിലൂടെ രോഗത്തെ മറികടക്കുന്നതും ഇന്നലെ എന്ന പോലെ ഞാൻ ഓർക്കുന്നു....’’
നീത്ഷെ യെയും ബഷീറിനെയും പോലെ സംഗീതത്തെ ഹൃദയത്തിൽ നിറയ്ക്കുകയായിരുന്നു അപ്പനും. ഏകാന്തതയുടെ ഉപാസകനായിരുന്നു കെ.പി. അപ്പൻ. സ്വയം സൃഷ്ടിച്ചൊരു ഏകാന്തവാസം അദ്ദേഹം ആസ്വദിച്ചിരുന്നു. യാത്രകൾ അപ്പൻ ഒഴിവാക്കിയിരുന്നു. സ്വകാര്യതയോടുള്ള തന്റെ ആഭിമുഖ്യമാണ് യാത്ര ഒഴിവാക്കാൻ കാരണം എന്ന് അപ്പൻ പറഞ്ഞിട്ടുണ്ട്. ആ സ്വകാര്യത എന്നത് എഴുത്തിന്റെയും വായനയുടെയും ചിന്തയുടെയും സ്വകാര്യതയാണെന്ന് തുടർന്ന് പറയുന്നു. ഈ സ്വകാര്യത ഏകാന്തതയുടെ ഭാഗമാണ്. എഴുത്തുകാർക്ക് സ്വകാര്യതയും ഏകാന്തതയും ആവശ്യമാണെന്ന് അപ്പൻ വിശ്വസിച്ചിരുന്നു. എഴുത്ത് ക്ലേശകരമായ ആലാപനമാണെന്നും അത് മറ്റൊരു തരത്തിൽ ചികിത്സയാണെന്നും അപ്പൻ പറയുന്നുണ്ട്. ഗ്രേയം ഗ്രീനിന്റെ, 'എഴുതാനറിയാത്തവർക്കും ചിത്രം വരയ്ക്കാനറിയാത്തവർക്കും സംഗീതം സൃഷ്ടിക്കാൻ കഴിയാത്തവർക്കും മനുഷ്യാവസ്ഥയിൽ പ്രകൃത്യാ ലയിച്ചു കിടക്കുന്ന ഭ്രാന്തിൽ നിന്നും വിഷാദത്തിൽ നിന്നും ഭീതിയിൽ നിന്നും എങ്ങനെ രക്ഷപ്പെടാൻ കഴിയുന്നു' എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ഏതൊരു കലാനിർമിതിയും ഒരു ചികിത്സയാണെന്ന് അപ്പൻ സ്ഥാപിക്കുന്നു. നീത്ഷെയ്ക്കും ബഷീറിനും കലാസൃഷ്ടികൾ ഭ്രാന്തിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു. കൃതികളിലെ ദാർശനിക സമസ്യകൾ തേടി അജ്‌ഞാത താഴ് വരകളിൽ അലഞ്ഞു നടന്ന അപ്പന് ഉൻമാദത്തിൽ നിന്നുള്ള രക്ഷപ്പെടലായിരുന്നു എഴുത്ത്.
Content Summary: KP Appan - a renowned literary critic