അന്ന് എസ്ഐ പറഞ്ഞു: ‘വിട്ടുപിടി, ജീവിതം പോകും’; അലങ്കാരങ്ങളില്ലാതെ ആലങ്കോടിന്റെ ജീവിതയാത്ര
ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തിളക്കത്തിനു കഥയൊരുക്കിയത് ലീലാകൃഷ്ണനാണ്. അതിനു കിട്ടിയ പ്രതിഫലത്തിന് ആലങ്കോട് മാന്തടത്തിൽ സ്വന്തം വീടിനു തറയിട്ടു. ‘തിളക്കത്തറ’ എന്നാണ് കൂട്ടുകാർ അതിനെ കളിയായി വിളിച്ചിരുന്നത്. സാമ്പത്തിക സ്ഥിതി സൂപ്പർ ഹിറ്റല്ലാത്തതിനാൽ കുറച്ചുകാലം വീട് തറയിൽത്തന്നെ കിടന്നു....
ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തിളക്കത്തിനു കഥയൊരുക്കിയത് ലീലാകൃഷ്ണനാണ്. അതിനു കിട്ടിയ പ്രതിഫലത്തിന് ആലങ്കോട് മാന്തടത്തിൽ സ്വന്തം വീടിനു തറയിട്ടു. ‘തിളക്കത്തറ’ എന്നാണ് കൂട്ടുകാർ അതിനെ കളിയായി വിളിച്ചിരുന്നത്. സാമ്പത്തിക സ്ഥിതി സൂപ്പർ ഹിറ്റല്ലാത്തതിനാൽ കുറച്ചുകാലം വീട് തറയിൽത്തന്നെ കിടന്നു....
ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തിളക്കത്തിനു കഥയൊരുക്കിയത് ലീലാകൃഷ്ണനാണ്. അതിനു കിട്ടിയ പ്രതിഫലത്തിന് ആലങ്കോട് മാന്തടത്തിൽ സ്വന്തം വീടിനു തറയിട്ടു. ‘തിളക്കത്തറ’ എന്നാണ് കൂട്ടുകാർ അതിനെ കളിയായി വിളിച്ചിരുന്നത്. സാമ്പത്തിക സ്ഥിതി സൂപ്പർ ഹിറ്റല്ലാത്തതിനാൽ കുറച്ചുകാലം വീട് തറയിൽത്തന്നെ കിടന്നു....
37 വർഷം ബാങ്ക് ജീവനക്കാരനായിരുന്നു ആലങ്കോട് ലീലാകൃഷ്ണൻ. പക്ഷേ, സ്വന്തം നിക്ഷേപമിറക്കിയതു സാഹിത്യ ലോകത്താണെന്നു മാത്രം. പ്രത്യേകിച്ച് കവിതയിൽ. എഴുതിയിട്ട ഒരു വാക്കിന് ഏറ്റവും കൂടുതൽ പലിശ കിട്ടുന്ന പരിപാടി കവിതയാണെന്ന് അദ്ദേഹത്തിനറിയാം. വായനക്കാരന്റെ ഭാവനയ്ക്കനുസരിച്ച് കവിതയിലെ വാക്കിന്റെ അർഥം പെരുക്കും. ചിലപ്പോൾ ജീവിതത്തേക്കാൾ കനക്കും. ആദ്യ കവിത പ്രസിദ്ധീകരിച്ചതു മുതൽ ഇതുവരെയെടുത്താൽ 51 അക്ഷരവർഷങ്ങൾ ആലങ്കോട് പിന്നിട്ടു കഴിഞ്ഞു. കവി, കഥാപ്രാസംഗികൻ, പ്രഭാഷകൻ, സാഹിത്യ ഗവേഷകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ ലീലാകൃഷ്ണൻ നിക്ഷേപമിറക്കാത്ത സാംസ്കാരിക മേഖലകളില്ലെന്നു പറയാം. മുതലും പലിശയും കൂട്ടിയാൽ നല്ലൊരു തുകയ്ക്കുള്ള ആദരം മലയാളി അദ്ദേഹത്തിനു തിരിച്ചടയ്ക്കാനുണ്ട്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ മനോഹരമായ കവിതപോലെ അരനൂറ്റാണ്ടു പൂർത്തിയാക്കിയ ആലങ്കോടിന്റെ ആ ജീവിതത്തിലേക്ക്...
∙ തിരിച്ചുമറിച്ച പുസ്തകവും വഴിതിരിച്ചുവിട്ട കവിതയും
നടവട്ടം രവീന്ദ്രൻ മാഷ് ആ പുസ്തകം തിരിച്ചുമറിച്ചില്ലായിരുന്നെങ്കിൽ ലീലാകൃഷ്ണൻ ചിലപ്പോൾ കവിയാകുമായിരുന്നോ? ആവും. പക്ഷേ, ഏഴാം ക്ലാസിൽ എന്തായാലും ആകുമായിരുന്നില്ല. മൂക്കുതല ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ഏതുവരെ പഠിപ്പിച്ചെന്നു നോക്കാൻ രവീന്ദ്രൻ മാഷ് എടുത്തത് ആലങ്കോടിന്റെ പുസ്തകമായിരുന്നു. പിന്നിൽനിന്നു തിരിച്ചുമറിച്ചപ്പോൾ കണ്ടത് അവസാന പേജിൽ കോറിയിട്ട ‘തുമ്പിയോട്’ എന്ന കവിത. ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്കു ചെല്ലാനായിരുന്നു നിർദേശം. തെറ്റു ചെയ്താലാണല്ലോ പൊതുവേ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുക. കവിതയെഴുതിയത് തെറ്റായിപ്പോയെന്നും ഇനിയാവർത്തിക്കില്ലെന്നും പേടിയോടെ ആലങ്കോട് മാഷോടു പറഞ്ഞു. ‘അല്ല, ഇനിയുമെഴുതണം. കവിത ഈ മാഗസിനിലേക്ക് അയച്ചുകൊടുക്കണം.’ എന്നായിരുന്നു ചിരിച്ചുകൊണ്ട് രവീന്ദ്രൻ മാഷുടെ മറുപടി. അങ്ങനെ മാഷ് പറഞ്ഞ ‘തളിര്’ മാഗസിനിൽ ആലങ്കോടിന്റെ ആദ്യകവിത 1971ൽ അച്ചടിച്ചുവന്നു. കവിത പ്രസിദ്ധീകരിച്ചതോടെ അപ്പർപ്രൈമറി പിള്ളേർക്കിടയിൽ ആലങ്കോട് കവിയായി. സാഹിത്യ രംഗത്തു പ്രശസ്തമായ പൊന്നാനി കളരിയിൽനിന്ന് മറ്റൊരു ‘തളിരിടൽ’. സ്വയം അപ്ഗ്രേഡ് ചെയ്ത് കേരളത്തിലെ അപ്പർക്ലാസ് നിലവാരമുള്ള കവിയായി പിന്നീട് ലീലാകൃഷ്ണൻ മാറിയതിന് നമ്മളെല്ലാം സാക്ഷി.
∙ കഥാപ്രസംഗവും കോളജ് പഠിത്തവും
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആലങ്കോട് ലീലാകൃഷ്ണൻ സ്കൂളിൽ ആദ്യമായി കഥാപ്രസംഗം അവതരിപ്പിക്കുന്നത്. കഥ, പാട്ട്, ആവിഷ്കാരം എല്ലാം സ്വയം. പഠിച്ചിട്ടു ചെയ്യുന്നതൊന്നുമല്ല. അങ്ങു ചെയ്യും. അതിനുള്ള കൂസലില്ലായ്മ ചെറുപ്പത്തിലേയുണ്ട്. പത്താം ക്ലാസ് കഴിഞ്ഞ് കോളജിൽ ചേരാൻ കാശില്ലാതെ നിൽക്കുന്ന കാലത്ത് രക്ഷയ്ക്കെത്തിയതും ഇതേ കഥാപ്രസംഗം തന്നെ. വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് കഥാപ്രസംഗം അവതരിപ്പിച്ചായിരുന്നു തുടക്കം. കഥകേട്ട നാട്ടുകാർ ചില്ലറത്തുട്ടുകൾ സമ്മാനമായി നൽകി. അനുമോദിക്കാനെത്തിയ നാട്ടിലെ പ്രമാണിമാർ കോളജിൽ ചേരാതെ പണമില്ലാതെ നിൽക്കുകയാണ് ലീലാകൃഷ്ണൻ എന്നറിഞ്ഞു. അതോടെ ലീലാകൃഷ്ണന്റെ തുടർപഠനം നാട്ടുകാരുടെ കൂടി ആവശ്യമായി.
നാട്ടിൽ പിരിവായി. വീട്ടിലെ മരം വിറ്റ് മുത്തശ്ശിയും നൽകി ഒരു തുക. അങ്ങനെ 110 രൂപ ഒപ്പിച്ച് പൊന്നാനി എംഇഎസിൽ കോളജിൽ പഠിക്കാൻ ചേർന്നു. പ്രീഡിഗ്രിക്ക് സയൻസും ഡിഗ്രിക്ക് കൊമേഴ്സും. കഥകഴിഞ്ഞെന്നു കരുതിയ പഠനത്തിന് വീണ്ടും ജീവൻ നൽകിയ കഥാപ്രസംഗത്തെ ലീലാകൃഷ്ണൻ വഴിയിലുപേക്ഷിച്ചില്ല. കേരളത്തിലങ്ങോളമിങ്ങോളം ആയിരത്തിലധികം വേദികളിലാണ് ആലങ്കോട് ആൻഡ് ടീം കഥാപ്രസംഗവുമായി ഓടി നടന്നത്. രണ്ടു സഹോദരിമാരുടെ വിവാഹത്തിനു വേണ്ട പണവും ആലോങ്കോട് സമ്പാദിച്ചത് കഥാപ്രസംഗത്തിലൂടെയായിരുന്നു. കാമ്പിശ്ശേരി പുരസ്കാരം, സാംബശിവൻ പുരസ്കാരം എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
∙ പൊലീസ് റൈറ്ററും നക്സലൈറ്റും
കാവ്യഭാഷ മാത്രമല്ല, അത്യാവശ്യം പൊലീസ് ഭാഷയും ആലങ്കോടിനു വഴങ്ങും. യുവാവായിരുന്ന കാലത്ത് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ അനൗദ്യോഗിക റൈറ്ററായിരുന്നു ലീലാകൃഷ്ണൻ. അന്ന് ആ സ്റ്റേഷനിൽ റൈറ്ററുണ്ടായിരുന്നില്ല. സ്ഥലം എസ്ഐ പകരക്കാനായി കണ്ടത് ലീലാകൃഷ്ണനെ. ടൈപ്പ്റൈറ്റിങ് പഠിച്ചിട്ടുള്ളതിനാൽ പൊലീസിനായി പാസ്പോർട്ട് വെരിഫിക്കേഷൻ റിപ്പോർട്ട് തയാറാക്കി നൽകി പരിചയമുണ്ടായിരുന്നു. ഇതാണ് റൈറ്റർ പദവിയിലേക്ക് ഡയറക്ട് പ്രമോഷനായി വന്നത്. കൂലിയില്ല. പക്ഷേ, ബസിലൊന്നും കാശു കൊടുക്കേണ്ട എന്ന ആനുകൂല്യമുണ്ട്. ‘എന്റെ മരുമോനാണിത്’ എന്ന് എസ്ഐ പറഞ്ഞാൽ പിന്നെ കാശു വാങ്ങാൻ ബസുകാർക്കു നിവൃത്തിയില്ലല്ലോ. നക്സൽ പ്രസ്ഥാനവും ജനകീയ സാംസ്കാരിക വേദിയും ജ്വലിച്ചുനിന്ന കാലംകൂടിയായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ചില ലഘുലേഖകളും മാസികകളും ലീലാകൃഷ്ണനും വരും. താൽക്കാലിക റൈറ്ററായ ലീലാകൃഷ്ണനോട് ഒരിക്കൽ ഇതേ എസ്ഐ പറഞ്ഞു. ‘നോട്ടപ്പുള്ളി ലിസ്റ്റിൽ നിന്റെ പേരുമുണ്ടല്ലോ, വിട്ടുപിടി, ജീവിതം പോകും’. ജനകീയ പ്രസ്ഥാനങ്ങളോട് ഇപ്പോഴും അനുഭാവമുണ്ടെങ്കിലും അന്ന് ആ ചാപ്റ്റർ അവിടെ അടച്ചു.
∙ തപസ്യയ്ക്കു ശേഷം ഭീഷണിക്കത്ത്
കുട്ടിയെഴുത്തുകാരനിൽനിന്ന് ആലങ്കോട് മുതിരുന്നത് മനോരമ ആഴ്ചപ്പതിപ്പിൽ വന്ന ‘തപസ്യയ്ക്കു ശേഷം’ എന്ന കഥയിലൂടെയാണ്. ഉറൂബാണ് അന്നു പത്രാധിപർ. കഥ കിട്ടിയെന്നും പ്രസിദ്ധീകരിക്കാമെന്നും അറിയിച്ച് ഉറൂബ് എഴുതിയ കത്ത് കിട്ടിയിരുന്നു. ഒട്ടേറെ കഥകൾ പ്രസിദ്ധീകരണം കാത്തിരിക്കുന്നതിനാൽ ആലങ്കോടിന്റെ കഥ എന്ന് അച്ചടിക്കുമെന്നു പറയാനാകില്ലെന്നും കത്തിലുണ്ടായിരുന്നു. ദൗർഭാഗ്യത്തിന് കഥ വന്നത് ഉറൂബിന്റെ മരണശേഷം. ഉറൂബിന്റെ സ്മരണാഞ്ജലിയുമായി ഇറങ്ങിയ ലക്കത്തിലാണ് ‘തപസ്യയ്ക്കു ശേഷം’ എന്ന കഥ പ്രസിദ്ധീകരിച്ചു വന്നത്. വിപ്ലവകാരിയായ യുവാവ് പ്രണയത്തിലകപ്പെട്ട് വിപ്ലവ പ്രസ്ഥാനത്തിൽനിന്ന് അകലുന്നതായിരുന്നു കഥയുടെ ഇതിവൃത്തം. നക്സൽ പ്രസ്ഥാനം സജീവമായിരുന്ന കാലമായിരുന്നു അത്. അനുമോദന സന്ദേശങ്ങൾ പ്രതീക്ഷിച്ചിരുന്ന ആലങ്കോടിനു കിട്ടിയത് എട്ടു പേജുള്ള ഒരു ഭീഷണിക്കത്ത്. വിപ്ലവത്തെ ഒറ്റു കൊടുക്കുന്ന അഞ്ചാം പത്തികളോടു കാലം പൊറുക്കില്ലെന്നൊക്കെയായിരുന്നു ആ കത്തിൽ.
കവിതയിലാണ് ആലങ്കോടിനു ബഹുകമ്പമെങ്കിലും ആദ്യം പുസ്തകരൂപത്തിലായത് ‘നിളയുടെ തീരങ്ങളിലൂടെ’ എന്ന പഠനമാണ്. ആലങ്കോട് ലീലാകൃഷ്ണൻ കവിതകൾ, പി.യുടെ പ്രണയപാപങ്ങൾ (പഠനം), എംടി; ദേശം.വിശ്വാസം, പുരാവൃത്തം, താത്രിക്കുട്ടിയുടെ സമാർത്ത വിചാരം (പഠനം), വള്ളുവനാടൻ പൂരക്കാഴ്ചകൾ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാനകൃതികൾ. വൈക്കം ചന്ദ്രശേഖരൻ നായർ പുരസ്കാരം, പ്രേംജി പുരസ്കാരം, കുഞ്ഞുണ്ണി മാഷ് പുരസ്കാരം എന്നീ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.
∙ അച്ഛനെ പ്രസ് മുതലാളിയാക്കി
വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടിയമ്മയുടെയും നാലു മക്കളിലെ മൂത്തയാളാണ് ആലങ്കോട് ലീലാകൃഷ്ണൻ. വിവിധ സ്വകാര്യപ്രസുകളിൽ തുച്ഛമായ വേതനത്തിനു ജോലി നോക്കിയിരുന്ന പിതാവിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായി ഒരു പ്രസ്. മുതിർന്നപ്പോൾ ആലങ്കോട് ആ സ്വപ്നത്തെ യാഥാർഥ്യത്തിലേക്കെത്തിച്ചു. ശ്രീരാജ് പ്രിന്റേഴ്സ് എന്ന സ്ഥാപനം തുടങ്ങി അച്ഛനെ അതിന്റെ മുതലാളിയാക്കി. ജീവിതത്തിന്റെ ഭൂരിഭാഗവും സർഗധനരായ അരാജകവാദികളോടൊപ്പമായിരുന്നു ആലങ്കോടിന്റെ സഞ്ചാരം. എന്നിട്ടും മദ്യപാനം, പുകവലി എന്നിങ്ങനെ ഒരു ലഹരിയും ഈ നാട്ടിൻപുറത്തുകാരനെ കൊത്തിപ്പറന്നില്ല.
∙ തിളക്കം സിനിമയും വീടിന്റെ തറയും
ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ തിളക്കത്തിനു കഥയൊരുക്കിയത് ലീലാകൃഷ്ണനാണ്. അതിനു കിട്ടിയ പ്രതിഫലത്തിന് ആലങ്കോട് മാന്തടത്തിൽ സ്വന്തം വീടിനു തറയിട്ടു. ‘തിളക്കത്തറ’ എന്നാണ് കൂട്ടുകാർ അതിനെ കളിയായി വിളിച്ചിരുന്നത്. സാമ്പത്തിക സ്ഥിതി സൂപ്പർ ഹിറ്റല്ലാത്തതിനാൽ കുറച്ചുകാലം വീട് തറയിൽത്തന്നെ കിടന്നു. പിന്നീട് പൂർത്തിയായപ്പോൾ ആലങ്കോടിന് ഏറ്റവും ഇഷ്ടമുള്ള വാക്കുതന്നെയായി വീടിന്റെ പേര്. ‘കവിത’. മൂത്തമകളുടെ പേരും കവിത എന്നു തന്നെ. അവിചാരിതമായി സിനിമയിലേക്കെത്തിയ ആലങ്കോട് പൂർണമായി തിരക്കഥയെഴുതിയ ചിത്രം ‘ഏകാന്തം’ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിന് തിലകന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ഭാഗമായ സ്പെഷൽ ജൂറി പുരസ്കാരം ലഭിച്ചു. പന്ത്രണ്ടോളം സിനിമകളിൽ ഗാനരചയിതാവിന്റെ റോളിലും ആലങ്കോട് തിളങ്ങിയിട്ടുണ്ട്.
∙ പേയ്മെന്റ് സ്‌ലിപ്പിലെ കവിതാരചന
ഒറ്റ ബാങ്ക് ടെസ്റ്റെഴുതി. അതു കിട്ടി. 1983ൽ സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ കാഷ്യർ കം ക്ലർക്ക് തസ്തികയിൽ ലീലാകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചു. കഥാപ്രസംഗവും കവിതയെഴുത്തും തിരക്കഥയെഴുത്തും പ്രഭാഷണവുമെല്ലാം ജോലിക്കാലത്താണ് ഏറ്റവും വെടിപ്പായി നടന്നത്. ബാങ്ക് അധികൃതർ നൽകിയ അളവറ്റ പിന്തുണയ്ക്കാണ് ആലങ്കോടിന്റെ നന്ദി. 37 വർഷത്തിനു ശേഷം 2020ൽ വിരമിച്ചു. കാഷ്യറായി ജോലി നോക്കുമ്പോൾ പണമടച്ചതിന്റെ രസീതിനു പിന്നിലായിരുന്നു പല കവിതകളും കുത്തിക്കുറിച്ചത്. ചിലതെല്ലാം പ്രസിദ്ധീകരിച്ചു. ചിലതെല്ലാം ഇപ്പോഴും അതേ രസീതുകളിൽത്തന്നെ മറഞ്ഞു കിടക്കുന്നു. ഗ്രാമീൺ ബാങ്ക് ജീവനക്കാർ പഴയ ഫയലുകൾ പരിശോധിക്കുമ്പോൾ രസീതിന്റെ പിന്നിൽക്കൂടി നോക്കുമല്ലോ. ആലങ്കോടിന്റെ കുറച്ചു കവിതകൾ കൂടി കിട്ടാനുണ്ട്.
ജോലിയിൽനിന്നു വിരമിച്ചതോടെ സാഹിത്യ, സാംസ്കാരിക രംഗത്ത് കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ആലങ്കോട്. പ്രഭാഷണമൊഴിഞ്ഞ നേരമില്ലാത്തതിനാൽ വീട്ടുകാർക്ക് പിടികിട്ടാപ്പുള്ളിയാണ്. കേരളത്തിന്റെ ഫോക്‌ലോർ പാരമ്പര്യം സംബന്ധിച്ച പഠനഗ്രന്ഥം തയാറാക്കണമെന്ന ആഗ്രഹമാണ് മനസ്സിലിപ്പോൾ. മൂക്കുതല ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി വിരമിച്ച കെ.ബീനയാണ് ഭാര്യ. മക്കൾ: കവിത, വിനയകൃഷ്ണൻ. മരുമക്കൾ: എൻ.ശ്രീദേവ്, ഷിനി.
English Summary: 51 Literary Years of Writer Alankode Leelakrishnan