കെട്ടിപ്പിടിക്കുന്ന വരികൾ; കലഹിക്കുന്ന ആശയങ്ങൾ
വിവാഹത്തിനു ശേഷം ജോലിക്കു വിടുമോ? വിവാഹത്തിനു ശേഷം പഠിക്കാൻ അനുവദിക്കുമോ? വിവാഹശേഷം അഭിനയം തുടരുമോ? ചോദ്യം കേൾക്കുമ്പോഴേ ആരോടായിരിക്കുമെന്നു വ്യക്തമല്ലേ! ഈ ചോദ്യങ്ങൾ നമ്മുടെ ആണുങ്ങളോടു ചോദിക്കുന്നതായി ഒന്നു സങ്കൽപിച്ചു നോക്കൂ. ഒരു നിമിഷം അവരൊന്നു പതറും അല്ലേ. പിന്നീടു നൽകുന്ന ഉത്തരങ്ങൾ,
വിവാഹത്തിനു ശേഷം ജോലിക്കു വിടുമോ? വിവാഹത്തിനു ശേഷം പഠിക്കാൻ അനുവദിക്കുമോ? വിവാഹശേഷം അഭിനയം തുടരുമോ? ചോദ്യം കേൾക്കുമ്പോഴേ ആരോടായിരിക്കുമെന്നു വ്യക്തമല്ലേ! ഈ ചോദ്യങ്ങൾ നമ്മുടെ ആണുങ്ങളോടു ചോദിക്കുന്നതായി ഒന്നു സങ്കൽപിച്ചു നോക്കൂ. ഒരു നിമിഷം അവരൊന്നു പതറും അല്ലേ. പിന്നീടു നൽകുന്ന ഉത്തരങ്ങൾ,
വിവാഹത്തിനു ശേഷം ജോലിക്കു വിടുമോ? വിവാഹത്തിനു ശേഷം പഠിക്കാൻ അനുവദിക്കുമോ? വിവാഹശേഷം അഭിനയം തുടരുമോ? ചോദ്യം കേൾക്കുമ്പോഴേ ആരോടായിരിക്കുമെന്നു വ്യക്തമല്ലേ! ഈ ചോദ്യങ്ങൾ നമ്മുടെ ആണുങ്ങളോടു ചോദിക്കുന്നതായി ഒന്നു സങ്കൽപിച്ചു നോക്കൂ. ഒരു നിമിഷം അവരൊന്നു പതറും അല്ലേ. പിന്നീടു നൽകുന്ന ഉത്തരങ്ങൾ,
വിവാഹത്തിനു ശേഷം ജോലിക്കു വിടുമോ? വിവാഹത്തിനു ശേഷം പഠിക്കാൻ അനുവദിക്കുമോ? വിവാഹശേഷം അഭിനയം തുടരുമോ? ചോദ്യം കേൾക്കുമ്പോഴേ ആരോടായിരിക്കുമെന്നു വ്യക്തമല്ലേ! ഈ ചോദ്യങ്ങൾ നമ്മുടെ ആണുങ്ങളോടു ചോദിക്കുന്നതായി ഒന്നു സങ്കൽപിച്ചു നോക്കൂ. ഒരു നിമിഷം അവരൊന്നു പതറും അല്ലേ. പിന്നീടു നൽകുന്ന ഉത്തരങ്ങൾ, മനസ്സിലെങ്കിലും ഇങ്ങനെ ആകാനാണു സാധ്യത. ആരു വിടുമെന്നാണു നിങ്ങൾ ചോദിക്കുന്നത്? ആര് അനുവദിക്കണമെന്നാണു നിങ്ങളുടെ ചോദ്യം? കാലാകാലങ്ങളായി ഈ അധികാരങ്ങളെല്ലാം നിക്ഷിപ്തമായ ഒരു വർഗമല്ലേ ഞങ്ങൾ. ഞങ്ങൾക്ക് ആരോടും ഒന്നും ചോദിക്കാനില്ല, ഞങ്ങൾ അനുവാദം കൊടുക്കാറു മാത്രമാണു പതിവ്. സമൂഹത്തിന്റെ നടപ്പുശീലങ്ങളോടു കലഹിക്കുന്നവയാണ് ആസിഫ് തൃശൂരിന്റെ കവിതകളും എഴുത്തും. സാമ്പ്രദായികത കെട്ടിത്തിരിച്ച വേലികളെല്ലാം പൊളിച്ചുമാറ്റി വ്യത്യാസങ്ങളെ ആലിംഗനം ചെയ്യുന്നവയാണ് ആ വാക്കുകൾ. അരികുവത്കരിക്കപ്പെട്ടവരെ ചേർത്തുപിടിക്കുന്നതിനായി ഉൾക്കൊള്ളലിന്റെയും സ്നേഹത്തിന്റെയും ഭാഷയാണ് ആസിഫ് ഉപയോഗിക്കുന്നത്. ലളിതവും ശക്തവുമാണത്. ഒരാൾക്കു രണ്ടു ചെരിപ്പുകളുണ്ടാകാമെന്ന് ആസിഫ് പറയുന്നുണ്ട്. വീട്ടിനുള്ളിലിടുന്ന ഒന്നും വീടിനു പുറത്തു ധരിക്കുന്ന ഒന്നും. രണ്ടും പലപ്പോഴും അങ്ങേയറ്റം വ്യത്യസ്തമായിരിക്കുകയും ചെയ്യും. ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും ഉച്ചത്തിൽ സമൂഹത്തിൽ സംസാരിക്കുന്നൊരാൾ പലപ്പോഴും വീട്ടിനുള്ളിൽ കടുത്ത ഏകാധിപതിയായിരിക്കും. മനുഷ്യരോടും ചുറ്റുപാടുകളോടും അനുതാപമുള്ളവരായിരിക്കാൻ പ്രേരിപ്പിക്കുന്നവയാണ് ആസിഫിന്റെ വരികൾ. കവിതയുടെ പാരമ്പര്യ ചിട്ടകളിൽനിന്നു കുതറിച്ചാടി അവ മനുഷ്യരെ കെട്ടിപ്പിടിക്കുന്നു.
∙മതത്തിന്റെയും നിറത്തിന്റെയും ജാതിയുടെയും സമ്പത്തിന്റെയും ജോലിയുടെയും ഒക്കെ വിവിധ വേലികൾ നമ്മുടെ ജീവിതങ്ങളെ മുൻപത്തേക്കാളൊക്കെ വേർതിരിച്ചു നിർത്തുന്ന കാലത്ത് ആസിഫിന്റെ ‘വേലി’ എന്ന കവിതയ്ക്ക് വ്യത്യസ്ത അർഥങ്ങൾ ഓരോ വായനയിലും കണ്ടെടുക്കാനാകും. വേലി എഴുതുമ്പോൾ മനസ്സിൽ വേലി കെട്ടിത്തിരിച്ചു നിന്ന തോന്നലുകൾ എന്തൊക്കെയാണ്?
മരണശേഷം ഒരാളുടെ ആത്മാവ് തന്റെ വീട്ടിലേക്ക് എത്തിനോക്കുന്നതും തന്റെ മരണം കൊണ്ട് അടിമുടി തളർന്നു പോയ ഭാര്യയെയും മക്കളെയും ആശ്വസിപ്പിക്കുന്നത് ആരൊക്കെയാണെന്ന് തിരിച്ചറിയുന്നതുമാണല്ലോ ആ കവിത. വേലിയും മതിലുമെല്ലാം മനുഷ്യരെ വേർതിരിക്കുന്നതിന്റെ പ്രതീകമാണ്. സമൂഹത്തിലെ പല ഇടങ്ങളിലും പുറമേക്ക് വിസിബിൾ അല്ലാത്ത വേലികൾ ഉള്ളതായി തോന്നിയിട്ടുണ്ട്. പുരോഗമന സമൂഹം എന്നു പറയുമ്പോഴും മനുഷ്യമനസ്സ് എത്രത്തോളം പുരോഗമിച്ചു എന്നു ചിന്തിക്കേണ്ടതുണ്ട്. രോഹിത് വെമുലയ്ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നതും ആദിലയ്ക്കും നൂറയ്ക്കും ഒരുമിച്ച് ജീവിക്കാൻ ഒരു കോടതി വിധി വേണ്ടി വരുന്നതുമെല്ലാം അതുകൊണ്ടാണല്ലോ. മനുഷ്യരെ തമ്മിലകറ്റുന്ന ഇത്തരം മൂഢ വിശ്വാസങ്ങളുടെയും വെറുപ്പിന്റെയും വേലികളെക്കുറിച്ചാണ് ആ കവിത എഴുതുമ്പോഴും ചിന്തിച്ചിട്ടുള്ളത്.
∙മുറിഞ്ഞുപോകുന്ന ബന്ധങ്ങളെക്കുറിച്ചാണ് ‘ഒരിക്കൽ നമ്മൾ’ പറയുന്നത്. എല്ലാവരുടെയും ജീവിതത്തിൽ സംഭവിച്ചേക്കാവുന്ന ഒന്നാണത്. പിന്നീടൊരു കണ്ടുമുട്ടലിൽ പെയ്യാനാവാതെ പോകുന്ന മേഘങ്ങളെപ്പോലെ നമ്മൾ നിസ്സഹായരാകും. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ? അത് അതിജീവിച്ചത് എങ്ങനെയായിരുന്നു?
തീർച്ചയായും. ഏതൊരാളും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാൻ സാധ്യതയുണ്ട്. ഒരുകാലത്തു നമുക്കു പ്രിയപ്പെട്ടവരായിരുന്ന മനുഷ്യർ പിന്നീട് നമ്മളെ ഓർക്കാതാവുകയും പഴയപോലെ കോൺടാക്ട് ഇല്ലാതാവുകയും ചെയ്യാറുണ്ട്. നമ്മളും ചിലരോട് അങ്ങനെ പെരുമാറിയെന്നു വരാം. എപ്പോഴും മനുഷ്യർ ഒരേപോലെയായിരിക്കില്ല. നമ്മൾ ഇമോഷണലി അറ്റാച്ഡ് ആയവർ ജീവിതത്തിൽ നിന്നിറങ്ങിപ്പോവുമ്പോൾ ദുഃഖം തോന്നുന്നതു സ്വാഭാവികമാണ്. അത് അതിജീവിക്കുന്നതു മറ്റു മനുഷ്യരിലേക്കു കയറിച്ചെന്നു കൊണ്ടാണ്. ഈ ലോകത്ത് കോടാനുകോടി മനുഷ്യർ ഉണ്ടല്ലോ. നമുക്ക് കണക്ട് ചെയ്യാൻ പറ്റുന്ന കുറച്ചു പേരെങ്കിലും കാണും. അവരെ കണ്ടെത്തിയാൽ ഒരു പരിധി വരെ നമുക്ക് നമ്മളെ വിട്ടുപോയവരെ ഓർത്ത് വേദനിക്കാതിരിക്കാൻ കഴിയും.
∙‘സ്വീകരണമുറിയിലിരുന്ന്, അതിഥികളോട് സമത്വത്തെക്കുറിച്ച് ആരെങ്കിലും പ്രസംഗിക്കുമ്പോൾ; അടുക്കള വരെയൊന്നു പോയി നോക്കുക, അലിഖിത ഭരണഘടനയുള്ള ഒരു രാജ്യം സത്യം വിളിച്ചു പറയും’. അടുക്കള ഒരു രാജ്യമാവുമ്പോൾ എന്ന കവിത ആസിഫ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. പ്രസംഗവും പ്രവൃത്തിയും തമ്മിലുള്ള അന്തരം നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നു കണ്ടെടുക്കാനാവും. വളരെ ക്രൂരമായി അതു നിർവഹിക്കുന്നവരുമുണ്ട്. ജെൻഡർ റോളുകൾ എങ്ങനെയാണ് പൊളിച്ചെഴുത്തുകൾ അനുവദിക്കാത്ത ഒരു ഏകാധിപത്യ രാഷ്ട്രമായി പ്രവർത്തിക്കുന്നതെന്നതിന് നമ്മുടെ നിത്യജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ. അതേറ്റവും ബാധിക്കുന്നതും തടവിലിടുന്നതും സ്ത്രീകളുടെ ജീവിതങ്ങളെയാണു താനും. അതേപ്പറ്റി പറയാമോ?
ഒരാൾക്ക് രണ്ടു ചെരുപ്പുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. വീടിനകത്ത് ഒന്നും പുറത്ത് ഒന്നും. പുറമേ വലിയ വിപ്ലവം പറയുകയും വീടിനകത്ത് പാട്രിയാർക്കിയുടെ ഗുണഭോക്താവ് ആവുകയും ചെയ്യുന്ന ധാരാളം ആളുകൾ നമുക്കിടയിൽ ഉണ്ട്. ഈ ജെൻഡർ റോളുകൾ ചെറുപ്പം മുതൽ പഠിപ്പിച്ചു കൊടുക്കുന്നതാണ്. പെൺകുട്ടി നേരത്തേ എഴുന്നേൽക്കണം, അടുക്കളയിൽ കയറണം, പാചകം പഠിക്കണം എന്നൊക്കെ അവരെ പറഞ്ഞു പഠിപ്പിക്കുന്ന അമ്മമാരും ഉണ്ട്. അതൊരു തരം കണ്ടീഷനിങ് ആണ്. വിവാഹം പുരുഷനെയും സ്ത്രീയെയും രണ്ടു തരത്തിലാണു ബാധിക്കുന്നത്. വിവാഹത്തിനു ശേഷം ജോലിക്ക് വിടുമോ എന്ന് ഏതെങ്കിലും പുരുഷനു ചോദിക്കേണ്ടി വരുന്നുണ്ടോ. വിവാഹത്തിനു ശേഷം അഭിനയിക്കുമോ എന്ന് ഏതെങ്കിലും നടനോടു മാധ്യമങ്ങൾ ചോദിക്കാറുണ്ടോ. ഇതൊക്കെ ശീലങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. നമ്മൾ ഇപ്പോൾ പറയുന്ന ഫെമിനിസവും പുരോഗമനവും എല്ലാവരിലേക്കും എത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഇവിടെ മാറ്റങ്ങൾ ഉണ്ടാവൂ. ഇതു പൊളിച്ചെഴുതേണ്ടത് എല്ലാവരുടെയും ആവശ്യമാണു താനും. ഞാൻ ജോലി സംബന്ധമായി ഒറ്റയ്ക്ക് കഴിയേണ്ടി വന്നപ്പോൾ പാചകം അറിയാതെ പെട്ടുപോയതാണ്. അടുക്കളപ്പണിയും വീട് വൃത്തിയാക്കലുമൊക്കെ ജെൻഡർ വ്യത്യാസമില്ലാതെ ചെയ്യാൻ കഴിയണം. അതു ജീവിക്കാൻ വേണ്ട ബേസിക് സ്കിൽസാണ്. ആ തിരിച്ചറിവ് വന്നാൽത്തന്നെ ഇതു സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം അല്ലാതാവും.
∙സെയിൽസ്മാനും മരണത്തോടെ മനുഷ്യപദവി കിട്ടിയ കവിത വായിച്ചപ്പോൾ മറ്റു ചിലരുടെ കൂടി ജീവിതം മനസ്സിൽ തെളിഞ്ഞു വന്നു. ചില കടകൾക്കുള്ളിലേക്കു പ്രവേശനമില്ലാത്ത ഭക്ഷണം ഡെലിവറി ചെയ്യുന്നവർ, കാറുകൾക്കു സമീപത്തുനിന്ന് ആട്ടിപ്പായിക്കപ്പെടുന്ന ലോട്ടറി വിൽപനക്കാർ, കൊടും വിലപേശലിൽ ജീവിതസ്വപ്നങ്ങൾ താഴ്ന്നു താഴ്ന്നു പോകുന്ന വഴിയോരവിൽപനക്കാർ... അങ്ങനെയെത്ര പേർ. ആരാണവർക്കു മനുഷ്യപദവി തുടർച്ചയായി നിഷേധിച്ചുകൊണ്ടിരിക്കുന്നത്?
ഞാൻ ഒരിക്കൽ കവിതയിലെ സെയിൽസ്മാനായി ജോലി ചെയ്തിട്ടുണ്ട്. നമ്മുടെ പ്രോഡക്റ്റ് പരിചയപ്പെടുത്താൻ വീടുകളിലേക്കു ചെല്ലുമ്പോൾ ആളുകൾ ആട്ടി വിടുന്നത് അനുഭവിച്ചിട്ടുണ്ട്. അതുപോലെ ഒരിക്കൽ ഒരു വ്യക്തി ബസ്‌സ്റ്റാൻഡിൽ ഈച്ചകളേക്കാൾ കൂടുതൽ ലോട്ടറി വിൽപനക്കാരാണ് എന്നെഴുതിയതു കണ്ടിട്ട് അയാളോട് അറപ്പു തോന്നിയിട്ടുണ്ട്. മനുഷ്യരോട് അനുതാപം ഉണ്ടാവുക എന്നതാണ് ഏറ്റവും വലിയ കാര്യം. ലോട്ടറി എടുത്തില്ലെങ്കിലും അയാൾ ചെയ്യുന്നതും ഒരു തൊഴിലാണ് എന്ന ബോധ്യം വേണം നമുക്ക്. പല മാളുകളിലും പോയി അവർ പറഞ്ഞ വിലയ്ക്കു സാധനം വാങ്ങുന്നവർ വഴിയോര കച്ചവടക്കാരുമായി വിലപേശുന്നത് കണ്ടിട്ടുണ്ട്. വളരെ തുച്ഛമായ അവരുടെ ലാഭം ഇല്ലാതാക്കുന്നത് മിടുക്കായിട്ടാണു കരുതുന്നത്. ആരാണവർക്കു മനുഷ്യ പദവി നിഷേധിക്കുന്നത് എന്നു ചോദിച്ചാൽ എംപതി ഇല്ലാത്ത മനുഷ്യരാണെന്നേ പറയാനാവൂ. അതില്ലെങ്കിൽ പിന്നെ എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ല.
∙അരികുചേർക്കപ്പെട്ട ജീവിതങ്ങളാണ് ആസിഫ് കവിതകളിൽ ആവിഷ്കരിച്ചവയിലേറെയും. കൂട്ടു മുറിഞ്ഞവർ, പ്രണയം നിഷേധിക്കപ്പെട്ടവർ, സമൂഹം ഒറ്റപ്പെടുത്തിയവർ തുടങ്ങി ഏകാന്തതയാൽ ജീവിതം വരിഞ്ഞുമുറുക്കപ്പെട്ടവരാണവർ. ഇവരെയൊക്കെ കണ്ടെടുത്തത് എവിടെ നിന്നാണ്? എങ്ങനെയാണ്?
ആ കാര്യത്തിൽ സാമൂഹിക മാധ്യമങ്ങൾ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അവിടെ പലരുടെയും അനുഭവങ്ങൾ വായിക്കാനുള്ള അവസരങ്ങളുണ്ടല്ലോ. പിന്നെ ഞാൻ കണ്ടുമുട്ടുന്ന മനുഷ്യരും എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. പ്രേമലേഖനം എന്ന കവിത എഴുതുമ്പോൾ ഗേ ആയ ഒരാളുടെ ബാല്യത്തിൽ അയാൾക്കുണ്ടായേക്കാവുന്ന തോന്നലുകൾ ആവിഷ്കരിക്കാനാണു ശ്രമിച്ചത്. പ്രണയത്തെ ഇത്ര ചുരുക്കി വച്ചിട്ടെന്റെ കുലത്തെ വഞ്ചിച്ചതാരാകും എന്ന വരികൾ സ്ട്രൈക് ചെയ്‌തെന്ന് പലരും പറഞ്ഞിരുന്നു. അങ്ങനെയുള്ള മനുഷ്യരെ അറിയാനും സംസാരിക്കാനും കഴിഞ്ഞതു കൊണ്ടാണ് അങ്ങനെ എഴുതാൻ പറ്റിയത് എന്നു ഞാൻ വിശ്വസിക്കുന്നു. ഒറ്റപ്പെട്ട മനുഷ്യരും ജീവിതം മടുത്തെന്നു പറയുന്നവരും നമുക്ക് അരികിൽ തന്നെയുണ്ടാവും. അവരെ കേൾക്കാൻ നാം തയാറാകണം എന്നു മാത്രം.
∙ചെമ്പരത്തിക്കാട്, വാൽനക്ഷത്രങ്ങളുടെ ആകാശം എന്നീ രണ്ടു കവിതാസമാഹാരങ്ങൾ പുറത്തിറങ്ങി, ഒരു കൂട്ടു സമാഹാരത്തിൽ രണ്ടു ചെറുകഥകളും. ആസിഫ് എഴുത്തിലേക്കുള്ള പാതയിലേക്കു തിരിഞ്ഞത് എപ്പോഴാണ്? എന്തായിരുന്നു പശ്ചാത്തലം?
സ്കൂളിൽ പഠിക്കുന്ന കാലത്ത് എഴുതുമായിരുന്നു. അന്നു മത്സരങ്ങളിലാണ് എഴുത്ത് നടക്കാറുള്ളത്. കുറച്ചു സമ്മാനങ്ങളൊക്കെ കിട്ടിയിട്ടുണ്ട്. അതാണ് എഴുത്തിന്റെ ലോകത്തേക്കുള്ള ആദ്യ കാൽവയ്പ്. പിന്നീട് ലോക്ഡൗൺ സമയത്താണ് എഴുതാൻ തുടങ്ങുന്നത്. ചെമ്പരത്തിക്കാട് എന്ന പുസ്തകം ഇറക്കുന്നത് ഒരു ആഗ്രഹസഫലീകരണമായിരുന്നു. കുറേപേർ അതിനു സഹായിച്ചിട്ടുണ്ട്. പിന്നീടു വേരുകൾ പൂക്കുമ്പോൾ എന്ന കഥാസമാഹാരത്തിൽ എഴുതുന്നത് എഴുത്തിലൂടെ ഒരു ചാരിറ്റി എന്ന ഉദ്ദേശ്യത്തിലാണ്. ആ പുസ്തകം വിറ്റു കിട്ടിയ തുക മുഴുവൻ രണ്ടു പേരുടെ ചികിത്സാ സഹായത്തിനാണു വിനിയോഗിച്ചത്. ഫെയ്സ്ബുക്കിൽ ഹരീഷ് ഇട്ട പോസ്റ്റ് കണ്ടാണ് ആ സംരംഭത്തിലേക്ക് ഞാനും എത്തുന്നത്. അതു വഴി നല്ല കുറച്ചു സുഹൃത്തുക്കളെ കിട്ടി. ഇപ്പോൾ ചെമ്പരത്തിക്കാടിൽ നിന്ന് വാൽനക്ഷത്രങ്ങളുടെ ആകാശത്തിൽ എത്തി നിൽക്കുമ്പോൾ ഇനിയും എഴുതണം എന്നു തന്നെയാണ് ആഗ്രഹം. എഴുത്ത് അത്രത്തോളം സാറ്റിസ്ഫാക്‌ഷൻ തരുന്നുണ്ട്.
∙ജീവിതത്തിൽനിന്നു പൊടുന്നനെ ഇറങ്ങിപ്പോകുന്ന സുഹൃത്തുക്കൾ, കരയുന്ന മനുഷ്യർ, പല പ്രണയങ്ങളിൽപ്പെടുന്നവർ, വിവാഹങ്ങളിൽ വിൽക്കപ്പെടുന്ന സ്ത്രീകൾ, ഭക്ഷണ ഡെലിവറിയുമായി വരുന്നയാൾ, ആശുപത്രിയിലെ നിലംതുടയ്ക്കുന്നവർ, കുടുംബങ്ങൾക്കുള്ളിലെ വിഷലിപ്ത അന്തരീക്ഷത്തിൽ ഞെരുങ്ങി മരിക്കുന്നവർ എന്നിങ്ങനെ ഫെയ്സ്ബുക് വാളിൽ ആസിഫ് കൈകാര്യം ചെയ്തിട്ടുള്ള വിഷയങ്ങളിലെല്ലാം തന്നെ മനുഷ്യപക്ഷത്തു നിന്നുള്ള നിരീക്ഷണങ്ങൾ കാണാം. സമൂഹത്തിന്റെ നിലപാടുകളോടു നിരന്തരം കലഹിച്ചുകൊണ്ടിരിക്കുന്ന ശബ്ദമായിട്ടാണ് ആ എഫ്ബി വാൾ അനുഭവപ്പെട്ടിട്ടുള്ളത്. എതിരെ വളരെ വലിയൊരു വ്യവസ്ഥിതി തന്നെ നിൽക്കുമ്പോൾ ഇതെത്രമാത്രം പ്രയാസകരമാണ്?
മനുഷ്യപക്ഷത്തുനിന്നു സംസാരിക്കാൻ തുടങ്ങുമ്പോൾ ചിലരൊക്കെ വിറളി പൂണ്ടു നമ്മുടെ നേരെ വരാൻ തുടങ്ങും. അത്തരക്കാരോടു സംവാദത്തിനു പോകാറില്ല. ഒരു ബ്ലോക്ക് കൊണ്ട് അവസാനിപ്പിക്കുകയാണു പതിവ്. ഒരാൾ അയാൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതു പോലും ചിലരെ ചൊടിപ്പിക്കുന്നത് എന്തിനാണെന്നു ചിന്തിക്കാറുണ്ട്. ആളുകൾ തുല്യതയെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയാൽ തന്റെ അധികാരം നഷ്ടപ്പെടുമോ എന്നു ഭയപ്പെടുന്നവരും ഉണ്ട്. സോഷ്യൽ മീഡിയയിൽ എഴുതുമ്പോഴും ആ എഴുത്ത് ഏതെങ്കിലും പേജിൽ വരുമ്പോഴും പലപ്പോഴും ആളുകളുടെ ചീത്തവിളി കേൾക്കേണ്ടി വരാറുണ്ട്. പ്രസവശേഷം പല സ്ത്രീകൾക്കും വരുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ച് എഴുതിയപ്പോൾ ചില പുരുഷന്മാർ വന്ന് തെറി വിളിച്ചു. ഇതൊന്നും രോഗമല്ല, ന്യായീകരണമാണ് എന്നാണവരുടെ നിലപാട്. അവരോടെന്തു പറയാനാണ്. അതുപോലെ സ്ത്രീപക്ഷ രാഷ്ട്രീയം പറയുമ്പോഴും വിക്ടിമിനൊപ്പമാണ് എന്നു പറയുമ്പോഴും കമന്റ് ബോക്സിലും ഇൻബോക്സിലും ആളുകൾ വ്യക്തിപരമായി അധിക്ഷേപം നടത്തും. അപ്പോഴൊക്കെ നമ്മുടെ മെന്റൽ ഹെൽത്തിനെ ഇതൊന്നും ബാധിക്കാതെ നോക്കുക എന്നതാണ് ചെയ്യാറുള്ളത്. സമാന അനുഭവം ഉള്ള പലരും ഉണ്ട്. സോഷ്യൽ മീഡിയ അല്ലേ, എന്തും ആവാം എന്ന തോന്നലാണ് പ്രശ്നം.
∙ആസിഫിനെ ഈയടുത്ത് ഏറ്റവുമധികം സ്പർശിച്ച, സ്വാധീനിച്ച ഒരെഴുത്തിനെക്കുറിച്ച് പറയാമോ?
ആദിയുടെ ഒരു എഴുത്താണ് ഈയടുത്ത് ഏറ്റവും സ്പർശിച്ചത്. ആദി എന്റെ സുഹൃത്താണ്. ബിഎഡ് പഠിക്കുന്ന, ക്വിയർ കമ്യൂണിറ്റിയിൽ പെട്ട വ്യക്തിയാണ്. അവിടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ച് ആദി തുറന്നെഴുതിയിരുന്നു. അധ്യാപകരുടെ സമീപനത്തിൽ ഒരുപാടു മാറ്റം വരേണ്ടതുണ്ട്. ഇത് ഒരു ആദിയുടെ മാത്രം പ്രശ്നമല്ല. ഒരുപാടു പേർക്കു വേണ്ടിയാണ് അയാൾ പ്രതികരിക്കുന്നത്.
∙ഈയടുത്തു കണ്ടതിൽ മനസ്സിൽ നിന്നിനിയും ഇറങ്ങിപ്പോയിട്ടില്ലാത്ത ഒരു സിനിമ ഏതാണ്?
ഈയടുത്തു കാണാൻ കഴിഞ്ഞ പല സിനിമകളും വളരെ നല്ലതായിരുന്നു. എങ്കിലും ‘ഉടൽ’ എന്ന സിനിമയെക്കുറിച്ചാണ് പറയാൻ തോന്നുന്നത്. ആ സിനിമയ്ക്ക് അർഹിച്ച വിജയം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. ഒടിടി കാലത്ത് തിയറ്ററിന് എന്തു പ്രസക്തി എന്നു ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയായിരുന്നു ആ സിനിമ. തിയറ്റർ എക്സ്പീരിയൻസ് ആവശ്യപ്പെടുന്ന ഒരു സിനിമ. വയലൻസ് രംഗങ്ങൾ നിറഞ്ഞ ചിത്രത്തിൽ അപാരപ്രകടനമായിരുന്നു ദുർഗ കൃഷ്ണയുടെയും ഇന്ദ്രൻസിന്റെയും. എ സർട്ടിഫിക്കറ്റ് കിട്ടിയ ഇത്തരമൊരു സിനിമ ചെയ്ത സംവിധായകൻ കയ്യടി അർഹിക്കുന്നുണ്ട്. പിന്നണി പ്രവർത്തകരെയും സമ്മതിച്ചു കൊടുക്കണം. ബ്രില്യന്റ് മേക്കിങ് ആണ്. ഇപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട നടന്മാരിൽ ഒരാൾ തന്നെയാണ് ഇന്ദ്രൻസ്. അഞ്ചാംപാതിര മുതൽ പുള്ളി വേറെ ലെവലാണ്.
∙പഴമ–പുതുമ; യാഥാസ്ഥികത്വം–പുരോഗമനത്വം; ഫാഷിസം–ജനാധിപത്യം; പഴഞ്ചൊല്ല്–പുതുചൊല്ല്; പുരുഷൻ–സ്ത്രീ; ദ്വന്ദ്വം–ബഹിർമുഖം തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ വലിയൊരു സംഘർഷം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്നു തോന്നുന്നു. മുൻപില്ലാത്തവിധം ഇതു മനുഷ്യമനസ്സിനെ വിഭജിക്കുകയും ചെയ്യുന്നുണ്ട്. ആസിഫിന്റെ എഴുത്തിൽ ഈയൊരു സംഘർഷത്തിന്റെ അനുരണനങ്ങൾ കാണാം. നമ്മൾ ഈയൊരവസ്ഥ അതിജീവിക്കുമോ? പ്രത്യാശയ്ക്കു വകയുണ്ടോ?
അതെ, പഴയ സങ്കൽപങ്ങളൊക്കെ മാറിത്തുടങ്ങി. ആളുകൾക്ക് ഇപ്പോൾ ഒരു കാര്യത്തെക്കുറിച്ച് അറിയാൻ തോന്നിയാൽ വിരൽതുമ്പിൽ എല്ലാ വിവരങ്ങളും കിട്ടും. എങ്കിലും ഞാൻ മാറില്ല എന്ന് ശാഠ്യം പിടിക്കുന്ന ഒരു കൂട്ടരുണ്ട്. പക്ഷേ, പതുക്കെയാണെങ്കിലും. നമ്മൾ ഈ അവസ്ഥ അതിജീവിക്കും. ഇനിയുള്ള തലമുറ ആരെങ്കിലും പറയുന്നതു കേട്ടു ചിന്തിക്കില്ല. അവരുടെ ലോകം വിശാലമാണ്. അവരുടെ മുന്നിൽ ചെന്ന് എനിക്കെല്ലാം അറിയാം എന്ന മട്ടിൽ ആർക്കും സംസാരിക്കാൻ കഴിയില്ല. എന്റെ എഴുത്തിൽ കാണുന്ന സംഘർഷം ഒരുകാലത്തു ഞാനനുഭവിച്ചതു തന്നെയാണ്. ചുറ്റുമുള്ളവർ പറഞ്ഞു പഠിപ്പിച്ചതിൽനിന്ന് നെല്ലും പതിരും തിരിച്ചറിയാൻ കുറച്ചു സമയം എടുത്തിട്ടുണ്ട്. ആളുകൾ സ്വയം തിരുത്താൻ തയാറാവുന്നതും അങ്ങനൊരു ആത്മസംഘർഷത്തിന്റെ പര്യവസാനമായാണ്. ഇന്ന് ബോഡി ഷെയിമിങ് 'തമാശ'കൾ പറയുന്നവർക്ക് അതൊരാളെ മെന്റലി ബാധിക്കുമെന്ന തിരിച്ചറിവുണ്ട്. അതില്ലാതെ കരിങ്കുരങ്ങ്, ചാന്തുപൊട്ട് എന്നൊക്കെ വിളിക്കുന്നവരുടെ മുഖത്ത് നോക്കി നിങ്ങളെന്തൊരു തോൽവിയാണ് എന്നു പറയുന്നവരിലാണു പ്രത്യാശ.
Content Summary: Puthuvakku, Talk with writer Asif Thrissur