എന്നെ വായിച്ച പുസ്തകങ്ങള്‍
ചില വാചകങ്ങള്‍ വായിക്കുമ്പോള്‍ ഇതൊക്കെ എന്‍റെയും ഉള്ളിലുണ്ടായിരുന്നതാണല്ലോ, എന്നിട്ടും അതെഴുതാനുള്ള പ്രതിഭ എനിക്കില്ലാതെ പോയല്ലോ എന്നു തോന്നാറുണ്ട്. നമുക്കറിയാവുന്നവയെ മറ്റൊരാള്‍ അതിമനോഹരമായി ആവിഷ്ക്കരിക്കുന്നതു വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം വിവരിക്കാനെത്ര പ്രയാസമാണ്.
ചില വാചകങ്ങള്‍ വായിക്കുമ്പോള്‍ ഇതൊക്കെ എന്‍റെയും ഉള്ളിലുണ്ടായിരുന്നതാണല്ലോ, എന്നിട്ടും അതെഴുതാനുള്ള പ്രതിഭ എനിക്കില്ലാതെ പോയല്ലോ എന്നു തോന്നാറുണ്ട്. നമുക്കറിയാവുന്നവയെ മറ്റൊരാള്‍ അതിമനോഹരമായി ആവിഷ്ക്കരിക്കുന്നതു വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം വിവരിക്കാനെത്ര പ്രയാസമാണ്.
ചില വാചകങ്ങള്‍ വായിക്കുമ്പോള്‍ ഇതൊക്കെ എന്‍റെയും ഉള്ളിലുണ്ടായിരുന്നതാണല്ലോ, എന്നിട്ടും അതെഴുതാനുള്ള പ്രതിഭ എനിക്കില്ലാതെ പോയല്ലോ എന്നു തോന്നാറുണ്ട്. നമുക്കറിയാവുന്നവയെ മറ്റൊരാള്‍ അതിമനോഹരമായി ആവിഷ്ക്കരിക്കുന്നതു വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം വിവരിക്കാനെത്ര പ്രയാസമാണ്.
ബാർട്ടിൽബീ ആൻഡ് കോ
ചില വാചകങ്ങള്‍ വായിക്കുമ്പോള്‍ ഇതൊക്കെ എന്‍റെയും ഉള്ളിലുണ്ടായിരുന്നതാണല്ലോ, എന്നിട്ടും അതെഴുതാനുള്ള പ്രതിഭ എനിക്കില്ലാതെ പോയല്ലോ എന്നു തോന്നാറുണ്ട്. നമുക്കറിയാവുന്നവയെ മറ്റൊരാള്‍ അതിമനോഹരമായി ആവിഷ്ക്കരിക്കുന്നതു വായിക്കുമ്പോഴുണ്ടാകുന്ന ആനന്ദം വിവരിക്കാനെത്ര പ്രയാസമാണ്. അതിലുമൊക്കെ പ്രധാനപ്പെട്ടത് ചില വാചകങ്ങള്‍ എന്നെത്തന്നെ വായിച്ചു തുടങ്ങുകയാണല്ലോ എന്ന തോന്നലാണ്. അങ്ങനെയൊക്കെയുള്ള പുസ്തകങ്ങളാണെന്നെ ഭ്രമിപ്പിക്കുന്നത്. വായനക്കാരനെപ്പോലും വായിക്കുന്ന പുസ്തകങ്ങള്‍.
എന്‍ഡ്രികേ വില്ലാ മറ്റാസ് എന്ന സ്പാനിഷ് നോവലിസ്റ്റ് എഴുതിയ ‘ബാര്‍ട്ടില്‍ബി ആൻഡ് കോ’ എന്ന ഡീകണ്‍സ്ട്രക്റ്റീവ് നോവല്‍ വായിച്ചപ്പോള്‍ അങ്ങനെയൊരനുഭവം എനിക്കുണ്ടായി. ബാര്‍ട്ടില്‍ബി എന്ന കഥാപാത്രത്തെ അറിയില്ലേ, ഹെര്‍മ്മന്‍ മെല്‍വിലിന്‍റെ ഗംഭീരമായ ചെറുകഥയിലെ നായകന്‍. ഓഫീസില്‍ നിന്നു പുറത്തിറങ്ങാതെ, മുഴുവന്‍ സമയവും പകര്‍പ്പെഴുത്തില്‍ മുഴുകിക്കഴിയുന്ന ബാര്‍ട്ടില്‍ബി എന്ന ഗുമസ്തന്‍. അയാള്‍ക്കിഷ്ടമില്ലാത്തവ ചെയ്യാനാവശ്യപ്പെട്ടാല്‍ ഞാനിതു ചെയ്യാനിഷ്ടപ്പെടുന്നില്ല എന്നു വളരെ വ്യക്തമായി പറയുന്ന ഒരാള്‍. എഴുതുന്നതിനു പകരം പകര്‍പ്പെഴുത്തിലോ മൗനത്തിലോ മുഴുകിയ പ്രതിഭകളെക്കുറിച്ചാണ് ഈ നോവല്‍. റൂള്‍ഫോയും ആഗുസ്തോ മോണ്ടിറോസയും മെക്സിക്കോ നഗരത്തിലെ ഒരു ഓഫീസില്‍ കോപ്പിയിസ്റ്റുകളായി ജോലി ചെയ്തിരുന്നവരായിരുന്നു. പെഡ്രോപരാമോ ആരോ ഡിക്ടേറ്റു ചെയ്തു തന്ന കോപ്പി പോലെയാണ് താനെഴുതിയതെന്ന് റൂള്‍ഫോ പറഞ്ഞിട്ടുണ്ട്. പിന്നെ മുപ്പതു വര്‍ഷത്തോളം ഒരക്ഷരവും എഴുതിയതുമില്ല.
ചിലര്‍ എഴുതുന്നു, എന്നാല്‍ പ്രതിഭയുള്ള മറ്റുചിലര്‍ മനപ്പൂര്‍വ്വം എഴുതാതിരിക്കുന്നു. എഴുത്തില്‍ നിന്നും യശസ്സില്‍ നിന്നും പിന്‍മടങ്ങാനും അപ്രത്യക്ഷനാകാനും ആഗ്രഹിക്കുന്ന പ്രതിഭകളെക്കുറിച്ച് നോവലിന്‍റെ പരമ്പരാഗത ഘടനകളെല്ലാം ഉപേക്ഷിച്ച് പറഞ്ഞുകൊണ്ടേയിരിക്കുകയാണ് മറ്റാസ്. ബാര്‍ട്ടില്‍ബിയും മോബിഡിക്കുമെഴുതിയ ഹെര്‍മന്‍ മെല്‍വില്‍, റോബര്‍ട്ട് വാള്‍സര്‍, റൂള്‍ഫോ, കഫ്ക തുടങ്ങിയ നമുക്കറിയാവുന്ന പ്രശസ്തരായ എഴുത്തുകാര്‍ ബാര്‍ട്ടില്‍ബീ സംഘത്തില്‍പ്പെട്ടവരായിരുന്നു. വാള്‍സറിന്‍റെ ഒരു കഥാപാത്രം ആരുമല്ലാതാകുവാന്‍പോലും ആഗ്രഹിക്കുന്നുണ്ട്. A walking nobody. നല്ല നാലു വാചകങ്ങളെഴുതുന്നതിനുമുമ്പേ അംഗീകാരത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരാള്‍ക്ക് ഈ പ്രതിഭകളെ മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. ‘ക്യാച്ചര്‍ ഇന്‍ ദ റൈ’ എന്ന ഒരൊറ്റ നോവല്‍കൊണ്ട് വിശ്വപ്രശസ്തനായി മാറിയ ജെ.ഡി. സാലിന്‍ജര്‍ അദൃശ്യനായി ജീവിച്ചതും നാലു പുസ്തകങ്ങള്‍ കൂടി അച്ചടിച്ച് പരിപൂര്‍ണ്ണ നിശ്ശബ്ദതയിലേക്കു മടങ്ങിയതും നോവലില്‍ പരാമര്‍ശിക്കുന്നുണ്ട്. ബസ്സ് യാത്രയ്ക്കിടയില്‍ സാലിന്‍ജറെ കണ്ടുമുട്ടിയ ഒരു രംഗത്തിന്‍റെ വിവരണം ഭാവനാത്മകവും സുന്ദരവുമാണ്. 1891ല്‍ ഹെര്‍മന്‍ മെല്‍വില്‍ മരിക്കുമ്പോള്‍ ലോകം അദ്ദേഹത്തെ മറന്നു കഴിഞ്ഞിരുന്നു. അവസാനം എഴുതിയതൊന്നും അദ്ദേഹം അച്ചടിക്കാന്‍ കൂട്ടാക്കിയില്ല. മരണത്തിനു മുമ്പ് എഴുതിയ ‘ബില്ലിബഡ്’ മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അച്ചടിക്കപ്പെട്ടത്. കഫ്കയുടെ ‘ട്രയിലി’ന്‍റെ മുന്നോടിയായി ഈ കൃതിയെ കണക്കാക്കുന്നു. എഴുതാനുള്ള സിദ്ധി ഉപേക്ഷിച്ച് ഒരു ഫര്‍ണിച്ചര്‍ പോലെ ജീവിച്ച ഒരാളുടെ കഥ നോവലില്‍ പരാമര്‍ശിച്ചു പോകുന്നുണ്ട്. ക്ലെമെന്‍റ് കാഡു (Cadou) എന്ന ഈ എഴുത്തുകാരനെക്കുറിച്ച് ഷോര്‍ഷ് പെരക് നടത്തിയ പഠനം പ്രശസ്തമാണ് (A portrait of the Author seen as a piece of Furniture).
ചീത്ത പുസ്തകങ്ങള്‍ ബൗദ്ധികമായ വിഷമാണ്. തല്‍ക്കാല പ്രശസ്തിക്കുവേണ്ടി എഴുത്തുകാര്‍ തട്ടിക്കൂട്ടുന്ന പുസ്തകങ്ങളെ ഉപേക്ഷിച്ച് കാലങ്ങളെ മറികടന്നു വരുന്ന മഹത്തായ കൃതികള്‍ മാത്രം വായിക്കൂ എന്ന് ദാര്‍ശനികനായ ഷോപ്പനോവര്‍ പറഞ്ഞിട്ടുണ്ട്. അതിനാലാകാം അവസാനകാലത്ത് ഓസ്ക്കാര്‍ വൈല്‍ഡ് ഒന്നും എഴുതാന്‍ കൂട്ടാക്കിയില്ല. ജീവിതത്തെക്കുറിച്ച് അജ്ഞനായിരുന്നപ്പോള്‍ ഞാനെഴുതി. ഇപ്പോള്‍ കാര്യങ്ങളൊക്കെ അറിയാവുന്ന അവസ്ഥയില്‍ ഒന്നും എഴുതാനുമില്ല. അതായിരുന്നു അദ്ദേഹത്തിന്‍റെ ചിന്ത. എഴുതാതിരിക്കുന്നതിന്‍റെ അല്ലെങ്കില്‍ അദൃശ്യനായിരിക്കുന്നതിന്‍റെ സൗന്ദര്യത്തെക്കുറിച്ച് വാചാലമാകുന്ന ഈ നോവല്‍ മനമടുപ്പമുള്ള സ്നേഹിതനെപ്പോലെ എന്നോടു സംസാരിച്ചു. പരമ്പരാഗതമായ കഥയും കഥാപാത്രങ്ങളുമില്ലാത്ത ഈ നോവല്‍ പതിവ് ലത്തീനമേരിക്കന്‍ തുടര്‍ച്ചകളെയും പാടെ നിരസിക്കുന്നു. പഴയ മാതൃകകളെ മറികടന്ന് പുതിയൊരു വഴിയിലൂടെ യാത്ര ചെയ്യുന്നതാണല്ലോ സര്‍ഗ്ഗാത്മകത.
കൊലയുടെ കോറിയോഗ്രഫി
പ്രകോപനമുണ്ടാക്കുന്നതും തുടര്‍ ചിന്തകള്‍ക്കു പ്രേരിപ്പിക്കുന്നതുമായ 27 ലേഖനങ്ങളുള്ള ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനവും പ്രിയപ്പെട്ടതാണ്. വാക്കുകള്‍കൊണ്ട് എനിക്കു വിവരിക്കാനാകില്ലെന്നു തീര്‍ച്ചയുള്ള ചില അനുഭവങ്ങളുണ്ട്. ഉദാഹരണത്തിന് സെര്‍ഗി പരാജനോവിന്‍റെ മാതളത്തിന്‍റെ നിറം എന്ന സിനിമ. പതിനെട്ടാം നൂറ്റാണ്ടിലെ അര്‍മീനിയന്‍ കവി സായത്നോവയെക്കുറിച്ചുള്ള ഈ ചിത്രം നമ്മുടെ കാഴ്ചാശീലങ്ങളെ കീഴ്മേല്‍ മറിക്കുന്നതിനാല്‍ അതിനെക്കുറിച്ചെഴുതുവാന്‍ പതിവുള്ള വാചകങ്ങള്‍ പോരാതെ വരും. ആ സിനിമ ഇനിയുമിനിയും കാണാനിഷ്ടമാണെനിക്ക്. എന്നാല്‍ അതേക്കുറിച്ചെഴുതാന്‍ കഴിയുകയുകയുമില്ല. വി. സനിലിന്‍റെ ‘കൊലയുടെ കോറിയോഗ്രഫി’ എന്ന പുസ്തകം കൈകാര്യം ചെയ്യുന്നത് വൈവിദ്ധ്യമാര്‍ന്ന ഇത്തരം ചില വിഷയങ്ങളാണ്.
സിനിമയെക്കുറിച്ചുള്ള ലേഖനത്തില്‍ സനില്‍ എഴുതുന്നു: ‘യാഥാര്‍ത്ഥ്യത്തിന്‍റെ പകര്‍പ്പോ ആത്മാവിന്‍റെ പ്രകാശനമോ അതീത യാഥാര്‍ത്ഥ്യത്തിന്‍റെ അനുഷ്ഠാനമോ അല്ല സിനിമ. അത് യാഥാര്‍ത്ഥ്യത്തിലേക്കു കടന്നുകയറുകയും കീറിമുറിക്കുകയും തോന്നിയതുപോലെ തുന്നിക്കൂട്ടുകയും ചെയ്യുന്നു. ഓട്ടോമാറ്റിക് ക്യാമറയുടെ ബട്ടനില്‍ ഒന്നമരാന്‍ മാത്രം സ്വാതന്ത്ര്യമുള്ള വിരലിന് എന്ത് ആവിഷ്കാരമാണ് സാധ്യമാകുക. ഏതു കൊട്ടകയിലും മൂന്നുനേരം കളിക്കാവുന്ന പടത്തില്‍ ദൈവത്തിനു മാത്രം കാണാന്‍ വേണ്ടി ഒരു രഹസ്യവും ഒളിച്ചുവയ്ക്കാനാകില്ല.’ ചുരുക്കത്തില്‍ പ്രതിഭ, ആവിഷ്ക്കാരം, രുചി, രസം, സൗന്ദര്യം തുടങ്ങിയ പൊതുലക്ഷണങ്ങള്‍ സിനിമയ്ക്കു ചേരുന്നില്ല. ടെക്നോളജി തകര്‍ക്കുന്നത് കലയുടെ പാരമ്പര്യബോധത്തെയാണെന്ന് വാള്‍ട്ടര്‍ ബെന്യാമന്‍ പറഞ്ഞുവച്ചിട്ടുണ്ട്. ആധുനിക കല പൊതുവെ പാരമ്പര്യനിഷേധിയാണ്. ഈ പൊതുനിഷേധത്തില്‍ നിന്നും സിനിമയെ വേര്‍തിരിച്ചു നിര്‍ത്തുന്നതെന്താണ്.
ഇത്തരം ചോദ്യങ്ങളിലൂടെയാണ് സിനിമയെക്കുറിച്ചുള്ള ചിന്ത തുടങ്ങുന്നതുതന്നെ. ആധുനിക കല പാരമ്പര്യത്തെ അപ്രസക്തമാക്കുന്നില്ല. മറിച്ച് പാരമ്പര്യത്തെ വര്‍ത്തമാനകാലത്തിന്‍റെ നിശിതമായ പരിശോധനയ്ക്കു വിധേയമാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കണ്ടെത്തുന്നു. കലാസൃഷ്ടിയെ ഏതെങ്കിലും പ്രത്യേക പാരമ്പര്യത്തിന് പൂര്‍ണ്ണമായി കീഴ്പ്പെടുത്തുന്നതിനു പകരം പാരമ്പര്യത്തെ സ്വയം വിമര്‍ശനത്തിന്‍റെ ശക്തികള്‍ക്ക് ഏൽപിച്ചുകൊടുക്കുകയാണ് ആധുനികത. കലയല്ലാതാകാനുള്ള ശ്രമത്തിലാണ് ആധുനികത. ഇങ്ങനെ കലാചിന്തകളില്‍ നിന്നു തുടക്കം കുറിച്ചുകൊണ്ടാണ് പരാജനോവിന്‍റെ സിനിമയിലേക്ക് സനില്‍ എത്തുന്നത്. സാങ്കേതികത്വവും സൗന്ദര്യശാസ്ത്രവും ചേരുന്നതും വിയോജിക്കുന്നതുമായ ഇടങ്ങളെക്കുറിച്ച് വളരെ രസകരമായ ചിന്തകള്‍ ഈ ഒരു ലേഖനത്തില്‍ത്തന്നെ കാണാം. സാധാരണഗതിയില്‍ മലയാളത്തിലെഴുതപ്പെടുന്ന ലേഖനങ്ങളില്‍ നിന്ന് കുറേ വിവരങ്ങൾ നമുക്കു കിട്ടുമെങ്കിലും വിഷയത്തെ സംബന്ധിച്ച മൗലികമായ ചിന്തകള്‍ ഉണ്ടാകുന്നത് അപൂർവമാണ്. മൗലിക ചിന്തകളുടെ പ്രകാശനമാണ് ഇവിടെ സംഭവിക്കുന്നത്. ടെക്നോളജിയെ വസ്തുക്കള്‍ക്ക് തമ്മില്‍ ബന്ധപ്പെടാനുള്ള ഭാഷയായാണദ്ദേഹം കാണുന്നത്. പാരമ്പര്യത്തിന്‍റേതല്ലാത്ത പുത്തന്‍ തുടര്‍ച്ച. പുതിയ ഉപകരണങ്ങളല്ല, മറിച്ച് വസ്തുക്കളുടെ പുതിയ ക്രമം. ‘വസ്തുക്കള്‍ക്ക് അവയുടെ ഇരിപ്പിടം കാട്ടിക്കൊടുക്കുന്ന സിനിമകളാണ് പരാജനോവിന്‍റേതെന്ന’ നിരീക്ഷണം തികച്ചും നവീനവും സുന്ദരവുമാണ്.
ചിത്രകാരനായ നമ്പൂതിരിയുടെ സ്ഥാനം എവിടെ എന്നന്വേഷിക്കുന്ന ലേഖനത്തില്‍ സനില്‍ എഴുതുന്നു. വാക്കില്‍ ഞാത്തിയിടാന്‍മാത്രം പടം വരയ്ക്കുന്ന ഇയാള്‍ ചിത്രകാരനല്ലെന്ന് വിവരമുള്ള ചിത്രകാരന്‍മാര്‍ പോലും പറയും. എന്നാല്‍ മലയാള സാഹിത്യത്തിലെ പല പ്രധാന കഥാപാത്രങ്ങളെയും വായനക്കാരുടെ മനസ്സിലെഴുതിയത് ഇയാളുടെ വരകളാണെന്ന് സാഹിത്യകാരന്‍മാര്‍ വരെ സമ്മതിക്കുന്നു. എന്നാല്‍ സാഹിത്യ ചരിത്രങ്ങളിലൊന്നും ഇയാളുടെ പേരില്ല. നമ്പൂതിരിച്ചിത്രങ്ങളില്ലാത്ത വികെഎന്‍ കഥകള്‍ മലയാളിക്കു ചിന്തിക്കാനാകില്ല. വരയ്ക്കെതിരെ വാക്കിന്‍റെ ഒരു പ്രതിരോധം സൃഷ്ടിക്കുന്നുണ്ട് വികെഎന്‍. ഈ പ്രതിരോധത്തെയാണ് നമ്പൂതിരി വരയ്ക്കുന്നതെന്ന് സനില്‍. ‘മൂരി നിവരുന്ന വരകള്‍ വസ്തുരൂപത്തെ കുടഞ്ഞുകളയുന്നു’. ‘ഉറക്കത്തില്‍നിന്നു കണ്‍പോളകള്‍ തുറന്നു വരുന്ന പോലെ. നിറവയറില്‍ നിന്ന് ഏമ്പക്കമുയരും പോലെ, ഫലിതത്തില്‍ നിന്ന് ചിരി വിടരുമ്പോലെ, ദേശാടനപ്പക്ഷികള്‍ സൈബീരിയയിലെ മഞ്ഞില്‍നിന്നു കേരളത്തിലേക്കു ചിറകു വിരിക്കുന്നു. ഈ പക്ഷികള്‍ പറക്കുന്ന വരയിലൂടെയാണ് നമ്പൂതിരി വരയ്ക്കുന്നത്.’ ഇതിലും ഭംഗിയായെങ്ങനെ നമ്പൂതിരി ചിത്രങ്ങളെ വിവരിക്കും. ക്ലീഷേകളും പഴഞ്ചന്‍ രൂപകങ്ങളുംകൊണ്ടു മാത്രമേ നാളിതുവരെ എഴുത്തുകാര്‍ പോലും നമ്പൂതിരിയെ എഴുതിയിട്ടുള്ളൂ എന്നുകൂടി ഓര്‍ത്തുപോയി.
ശാസ്ത്രീയമായി മരിക്കേണ്ടതെങ്ങനെ- കൊറോണയോടൊപ്പം എന്ന ലേഖനമുള്‍പ്പടെ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി എഴുതിയ ലേഖനങ്ങളാണ് കൊലയുടെ കോറിയോഗ്രഫിയിലുള്ളത്. പുതിയ മലയാള സാഹിത്യമെഴുത്തില്‍ വളരെ അപൂര്‍വ്വമായി മാത്രം ചിന്തയുടെ മൂര്‍ച്ചയും ഭാഷയുടെ സൗന്ദര്യവും ഈ പുസ്തകത്തില്‍ എനിക്കനുഭവിക്കാന്‍ കഴിഞ്ഞു. വാചകങ്ങളെഴുതുമ്പോഴുള്ള ശ്രദ്ധയും കരുതലും എത്ര കുറവാണിപ്പോള്‍. ഞാൻ സ്വപ്നം കാണുന്ന മട്ടിൽ വാചകങ്ങളെ ക്രമപ്പെടുത്തി രൂപം കൊടുത്ത പുസ്തകങ്ങളാണ് എന്നെ ആകർഷിക്കുന്നത് എന്ന ലളിതമായ സത്യം കൂടി പറയേണ്ടതുണ്ട്. എന്റെ പരിമിതികൾ എന്റെ വായനയിലുമുണ്ട് എന്നു ചുരുക്കം. ജെറാള്‍ഡ് മുര്‍നെയ്ന്‍ ഒരു ലേഖനത്തിലെഴുതി - ഓരോ വാചകവും എഴുതിയ ശേഷം ഉച്ചത്തില്‍ വായിച്ച് ആ സ്വരം കേള്‍ക്കുന്നു. കേട്ടു തൃപ്തിയടഞ്ഞാല്‍ മാത്രമേ ഞാനടുത്ത വാചകത്തിലേക്കു പ്രവേശിക്കൂ.
Content Summary: Bookish Corner, Writer PF Mathews on the books that influenced his reading