എഴുതിയ കഥകൾ അഥവാ സഞ്ചരിച്ച ദൂരങ്ങൾ, ജീവിച്ച ജീവിതങ്ങൾ, മിണ്ടിയ മനസ്സുകൾ...
ജീവിതത്തിന്റെ അധികമാരും സഞ്ചരിക്കാത്ത ഇരുട്ടുവഴികളിൽ നിന്നാണു ട്രൈബി പുതുവയൽ എന്ന യുവകഥാകൃത്ത് തന്റെ കഥകളേറെയും കണ്ടെടുക്കുന്നത്. മദ്യശാല മുതൽ ധ്യാനകേന്ദ്രം വരെയുള്ള വേറിട്ടയിടങ്ങളിൽനിന്നു കണ്ടെടുക്കുന്നവരെ അയാൾ കഥകളിലേക്കു ക്ഷണിച്ചുകൊണ്ടുവന്ന് പുതുജീവിതം അണിയിക്കുന്നു. മറക്കാൻ കഴിയാതെ
ജീവിതത്തിന്റെ അധികമാരും സഞ്ചരിക്കാത്ത ഇരുട്ടുവഴികളിൽ നിന്നാണു ട്രൈബി പുതുവയൽ എന്ന യുവകഥാകൃത്ത് തന്റെ കഥകളേറെയും കണ്ടെടുക്കുന്നത്. മദ്യശാല മുതൽ ധ്യാനകേന്ദ്രം വരെയുള്ള വേറിട്ടയിടങ്ങളിൽനിന്നു കണ്ടെടുക്കുന്നവരെ അയാൾ കഥകളിലേക്കു ക്ഷണിച്ചുകൊണ്ടുവന്ന് പുതുജീവിതം അണിയിക്കുന്നു. മറക്കാൻ കഴിയാതെ
ജീവിതത്തിന്റെ അധികമാരും സഞ്ചരിക്കാത്ത ഇരുട്ടുവഴികളിൽ നിന്നാണു ട്രൈബി പുതുവയൽ എന്ന യുവകഥാകൃത്ത് തന്റെ കഥകളേറെയും കണ്ടെടുക്കുന്നത്. മദ്യശാല മുതൽ ധ്യാനകേന്ദ്രം വരെയുള്ള വേറിട്ടയിടങ്ങളിൽനിന്നു കണ്ടെടുക്കുന്നവരെ അയാൾ കഥകളിലേക്കു ക്ഷണിച്ചുകൊണ്ടുവന്ന് പുതുജീവിതം അണിയിക്കുന്നു. മറക്കാൻ കഴിയാതെ
ജീവിതത്തിന്റെ അധികമാരും സഞ്ചരിക്കാത്ത ഇരുട്ടുവഴികളിൽ നിന്നാണു ട്രൈബി പുതുവയൽ എന്ന യുവകഥാകൃത്ത് തന്റെ കഥകളേറെയും കണ്ടെടുക്കുന്നത്. മദ്യശാല മുതൽ ധ്യാനകേന്ദ്രം വരെയുള്ള വേറിട്ടയിടങ്ങളിൽനിന്നു കണ്ടെടുക്കുന്നവരെ അയാൾ കഥകളിലേക്കു ക്ഷണിച്ചുകൊണ്ടുവന്ന് പുതുജീവിതം അണിയിക്കുന്നു. മറക്കാൻ കഴിയാതെ കൂടെക്കൂടുന്ന ചിലതിനെ പുതിയ കുപ്പായങ്ങൾ ധരിപ്പിച്ച് ഉള്ളിൽ നിന്നു പറഞ്ഞു വിടാൻ ശ്രമിക്കുകയാണ് എഴുത്തിലൂടെ ട്രൈബി. ജീവിതാനുഭവങ്ങളുടെ പണിശാലയിൽ നിരന്തര ചിന്ത കൊണ്ടു ചിന്തേരിട്ടു മിനുക്കിയെടുക്കുന്ന ട്രൈബിയുടെ കഥകൾ വായന കഴിഞ്ഞും മനസ്സിൽ നിന്നൊഴിഞ്ഞു പോകാതെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കും. സഞ്ചാരങ്ങളുടെയും സംസാരങ്ങളുടെയും ബാക്കിപത്രമായി ഉള്ളിലാവേശിക്കുന്ന കഥാപാത്രങ്ങളെ ഉച്ചാടനം ചെയ്യുന്ന പ്രക്രിയ കൂടിയാണ് എഴുത്ത്. ട്രൈബിയുടെ മനസ്സിൽ നിന്നൊഴിഞ്ഞ് അവ ചെന്നു കയറുന്നത് വായനക്കാരുടെ മനസ്സിലായിരിക്കുമെന്നു മാത്രം. ‘ജനതാ കർഫ്യൂ’വിലെ മൂട്ട സത്യനും ‘അന്തിമയക്കത്തിൽ ചെന്തീ പോലെ’യിലെ അലക്സ് ചേട്ടനും നമ്മുടെയിടയിൽത്തന്നെയുള്ള സാധാരണക്കാരാണ്. പക്ഷേ, അവരുടെ മനസ്സിനുള്ളിലെ അസാധാരണ രഹസ്യങ്ങൾ തുറക്കുക ട്രൈബിക്കു മുന്നിലാണെന്നു മാത്രം. അങ്ങനെ ഈ സാധാരണക്കാരുടെ ജീവിതങ്ങൾ അപൂർവതയും സംത്രാസവും നിറഞ്ഞ കഥകളിലേക്കു പരിവർത്തനം ചെയ്യപ്പെടുന്നു. ഇവരുടെയുള്ളിൽ ഇത്രയും കഥകളോയെന്നു വായനക്കാർ വിസ്മയിക്കുന്നു. അവരോടൊപ്പം കഥയിലൂടെ സഞ്ചരിച്ചു മറ്റൊരു ലോകത്തു ജീവിക്കുന്നു, കുറച്ചുനേരത്തേക്കെങ്കിലും.
വ്യത്യസ്തങ്ങളായ കഥകളിലൂടെ വായനക്കാരുടെ മനസ്സിൽ തന്റേതായ ഒരിടം സൃഷ്ടിച്ചുകഴിഞ്ഞു ട്രൈബി പുതുവയൽ എന്ന എറണാകുളം വെണ്ണിക്കുളം സ്വദേശി. എഴുതിയ കഥകളെക്കുറിച്ചും വായിച്ച പുസ്തകങ്ങളെക്കുറിച്ചും ജീവിച്ച ജീവിതങ്ങളെക്കുറിച്ചും ട്രൈബി മനസ്സുതുറക്കുന്നു.
∙ട്രൈബിയുടെ ‘ജനതാ കർഫ്യു’വിലെ മൂട്ട സത്യൻ എന്നെ ഏറെ അസ്വസ്ഥപ്പെടുത്തിയ, അതേസമയം തന്നെ സന്തോഷിപ്പിച്ച ഒരു കഥാപാത്രമാണ്. അയാളെ കണ്ടെത്തുന്നത് എങ്ങനെയാണ്?
‘ജനതാ കർഫ്യൂ’ എന്ന കഥയിലെ മൂന്നു പ്രധാന കഥാപാത്രങ്ങളും യഥാർഥത്തിൽ ജീവിച്ചിരുന്ന മനുഷ്യർ തന്നെയാണ്. ഞാൻ നേരിട്ടു പരിചയപ്പെട്ടതും പറഞ്ഞു കേട്ടതുമായ മൂന്നു മനുഷ്യർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അവരെ വല്ലാത്തൊരു രാത്രിയിൽ കണ്ടുമുട്ടിക്കുക മാത്രമാണ് ഞാൻ ചെയ്തത്. ബാക്കിയെല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്. സുഹൃത്തും നാടകകൃത്തുമായ ഹരിക്കൊപ്പം ഒരു രാത്രി ബാറിൽ വച്ചാണ് ഓട്ടോക്കാരനായ സത്യനെ ഞാൻ കണ്ടുമുട്ടുന്നത്. ഹരിയുടെ സുഹൃത്താണ് സത്യൻ (യഥാർഥ പേരല്ല). രാത്രി ഒരുപാടു വൈകിയും അയാൾ ഞങ്ങളെയും കയറ്റി ഹരിയുടെ ആരുമില്ലാത്ത വീട്ടിലേക്കു വന്നു. അവിടെ വച്ചുള്ള മദ്യപാനത്തിനിടയിലാണ് ഹരി പറയുന്നത് ഇയാൾ വൈപ്പിൻ മദ്യദുരന്ത കേസിലെ പ്രതിയാണെന്ന്. കഥയിൽ പട്ടാളക്കാരൻ നടുങ്ങിയതു പോലെ ഞാനും ഒന്നു നടുങ്ങി. ഓരോ ഗ്ലാസും മദ്യപിക്കുമ്പോഴും സത്യൻ വളരെ കൂളായി പുറത്തുപോയി ചോര ഛർദ്ദിച്ച്, മുണ്ടുകൊണ്ടു മുഖം തുടച്ച് സാധരണയെന്ന മട്ടിൽ തിരിച്ചു കയറി വന്നു.
സത്യൻ അയാളുടെ കഥ പറഞ്ഞു. ആരുടെയും ജീവിതത്തെ സ്വാധീനിക്കുന്ന, അയാൾ കണ്ട കുറേ ജീവിതകാഴ്ചകൾ ഞങ്ങളോടു പങ്കുവച്ചു. കുറേ ഉപദേശങ്ങൾ തന്നു. രക്ഷപ്പെടണം എന്നെല്ലാം പറഞ്ഞ്, അവസാന ഗ്ലാസ് മദ്യവും കുടിച്ച് അയാൾ ഒരു ചിരിയോടെ ഓട്ടോയുമായി പോയി. ആ രാത്രിക്കു ശേഷം പിന്നെ സത്യനെ കണ്ടിട്ടില്ല. കാണേണ്ട ആവശ്യവും ഉണ്ടായില്ല. കുറച്ചു മാസങ്ങൾക്കു ശേഷം സത്യന്റെ ഓട്ടോറിക്ഷ മാമലക്കടുത്ത് ഒരു ഭാഗത്ത് കാടുമൂടിയ നിലയിൽ കണ്ടു. അന്വേഷിച്ചപ്പോൾ സത്യൻ മരണപ്പെട്ടു എന്നറിഞ്ഞു. അയാളുടെ ചിരിയും വർത്തമാനങ്ങളും മദ്യപിക്കുമ്പോൾ ചോര ഛർദ്ദിക്കുന്ന കാഴ്ചയുമെല്ലാം എന്നെ വിടാതെ പിടികൂടി. മധുസൂദനൻ നായർ എന്ന പട്ടാളക്കാരന്റെ ആത്മഹത്യക്കു വേണ്ടിയുള്ള യാത്രയ്ക്ക് സാരഥിയായി സത്യനെക്കൂടി ചേർത്താൽ എങ്ങനെയുണ്ടാവും എന്ന ചിന്തയാണ് കഥയായി മാറിയത്. മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെ ഒരച്ചൻ പറഞ്ഞ സംഭവത്തിൽ നിന്നാണ് അനു എന്ന നഴ്സ് കഥാപാത്രത്തെ കിട്ടുന്നത്. പട്ടാള സേവനത്തിന് തനിക്ക് സർക്കാരിൽനിന്നു ലഭിച്ച സ്ഥലം നേടിയെടുക്കാൻ ഉദ്യോഗസ്ഥരോട് പോരാട്ടം നടത്തുന്ന പട്ടാളക്കാരനും യഥാർഥത്തിൽ ജീവിച്ചിരുന്ന മനുഷ്യൻ തന്നെയാണ്.
∙ ‘അന്തിമിനുക്കത്തിൽ ചെന്തീ പോലെ’ ആണെങ്കിലും ‘ജനതാ കർഫ്യു’ ആണെങ്കിലും ‘ബത്‌ലേഹം ഫാം ഹൗസ്’ ആണെങ്കിലും ട്രൈബിയുടെ കഥകൾ വായിക്കുമ്പോൾ ഒട്ടേറെ കഥകളിലേക്കുള്ള ഒരു വാതിൽ തുറന്നു കിട്ടുന്നതു പോലെ തോന്നാറുണ്ട്. ഒരായിരം നദികൾ ഉള്ളിലൊളിപ്പിച്ച സമുദ്രം പോലെയുള്ള കഥാപാത്രങ്ങൾ. ഓരോ നദിക്കും പറയാനുള്ളത് ഓരോ കഥ. കഥയെഴുത്തിലെ ട്രൈബിക്കൂട്ട് എന്താണ്?
ജീവിതം തന്നെയാണ് എന്റെ കഥക്കൂട്ട്. വായനയിൽനിന്നോ കാണുന്ന ചലച്ചിത്രങ്ങളിൽ നിന്നോ ചില കഥാപാത്രങ്ങൾ നമ്മളെ സ്വാധീനിക്കുമെങ്കിലും നമുക്ക് ചുറ്റിലും കറങ്ങുന്ന അനേകം പ്രത്യേകതകളുള്ള മനുഷ്യരും അവരുടെ ജീവിതവും തന്നെയാണ് എന്നെ ഏറെ അമ്പരപ്പിക്കുന്നത്. അത്തരം മനുഷ്യരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനുള്ള എന്റെ ഉത്സാഹമാണ് കഥകളായി പരിണമിക്കുന്നത്. മറക്കാൻ കഴിയാതെ കൂടെക്കൂടുന്ന ചിലതിനെ പുതിയ കുപ്പായങ്ങൾ ധരിപ്പിച്ച് എന്നിൽനിന്നു പറഞ്ഞു വിടാൻ ശ്രമിക്കുകയാണ് എഴുത്തിലൂടെ. ‘ഒരാൾ ജീവിച്ചു തീർത്തതെന്ത് എന്നതല്ല, ഒരാൾ എന്ത് ഓർമിക്കുന്നു എന്നതാണ് അയാളുടെ ജീവിതം’ എന്ന് മാർക്കേസ് പറഞ്ഞതുപോലെ ചില ഓർമ്മകളെ ഉണർത്തിയെടുക്കാനും ചിലതിനെ വേദനയോടെ മറക്കാനുമുള്ള മരുന്നുകൂടിയാണ് കഥയെഴുത്ത്.
∙‘ബത്‌ലഹേം ഫാം ഹൗസ്’ എന്ന കഥയിൽ ഫാന്റസിയുടെ ഒരു സൂക്ഷ്മപ്രതലം കഥയ്ക്കു സമാന്തരമായി വികസിപ്പിക്കാൻ ട്രൈബി ശ്രമിച്ചിട്ടുണ്ട്. ആ കഥയെഴുതിയ അനുഭവം വിശദീകരിക്കാമോ?
സുഹൃത്തായ സംവിധായകനു വേണ്ടി ചലച്ചിത്രത്തിന്റെ കഥയായിട്ടാണ് അതു രൂപപ്പെടുത്തിയത്. വൺലൈനായും തിരക്കഥയായും ഒക്കെയാണ് ആദ്യം എഴുതുന്നത്. പല ആർട്ടിസ്റ്റുകളോട് സംസാരിക്കുകയും ചെയ്തിരുന്നു. വിവിധ കാരണങ്ങൾ കൊണ്ട് പിന്നീടതു മുന്നോട്ടു പോയില്ല. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ സാറിന്റെ ‘മരണാനന്തര ജീവിതം’ എന്ന പുസ്തകം, ഡി. ബാബു പോൾ സാറിന്റെ ചില അനുഭവങ്ങൾ ഇവയെല്ലാം ആ കഥയെ സ്വാധീനിച്ചിട്ടുണ്ട്. അതിന്റെ തികച്ചും മറ്റൊരു വേർഷനാണ് ചെറുകഥയാവുന്നത്. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ ചെറിയ നിമിഷത്തിൽ ഒരുപാട് ആഗ്രഹിച്ച രണ്ട് ആത്മാക്കൾ കണ്ടുമുട്ടുന്നു. ഒരാളെ ജീവിതത്തിലേക്കു തള്ളിവിട്ട് മറ്റൊരാൾ മരണത്തിനു കീഴടങ്ങുന്നു. അത് ഒരിക്കലും കാണാത്ത രണ്ടു സഹോദരങ്ങളാണ്. അതിലൊരാൾ എട്ടുവയസ്സുളള ഒരു ആൺകുട്ടിയാണ്. എന്നാൽ ചെറുകഥയിൽ കുറേ മാറ്റം വരുത്തിയിട്ടുണ്ട്. മരണത്തിനു തൊട്ടു മുമ്പ് കാണുന്ന അയാളുടെ സ്വപ്നമോ ആഗ്രഹമോ ഒക്കെയായ ഒരു യാത്രയായി അത് മാറുന്നുണ്ട്. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിൽ കൂടുതലായെങ്കിലും ഇപ്പോഴും ഫോണിലൂടെയും മെസഞ്ചറിലൂടെയുമെല്ലാം കഥയെക്കുറിച്ചുളള നല്ല അഭിപ്രായങ്ങൾ വരുന്നതിൽ ഏറെ സന്തോഷമുണ്ട്.
∙ ‘അന്തിമയക്കത്തിൽ ചെന്തീപോലെ’ എന്ന കഥയിൽ ഒരു പാൻ ഇന്ത്യൻ പശ്ചാത്തലം കൊണ്ടുവരാനാണ് ട്രൈബി ശ്രമിച്ചിട്ടുള്ളത്. തീവ്ര ഇടതു രാഷ്ട്രീയവും മതവും ഉത്തരേന്ത്യൻ യാഥാർഥ്യങ്ങളും പ്രാദേശിക ജീവിതവുമൊക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ഭൂമികയിൽ നിന്നാണ് കഥ പറച്ചിൽ. ഈ കഥയിലേക്ക് എത്തുന്നത് എങ്ങനെയാണ്?
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് എന്റ ദേശമായ വെണ്ണിക്കുളം. തിരുവാങ്കുളം കഴിഞ്ഞ് കിഴക്കോട്ട് പോകുന്തോറും പ്രദേശങ്ങൾക്ക് ഒരു മലയോര മേഖലയുടെ ചൂടും ചൂരും തന്നെയാണ്. എല്ലാത്തിനോടും എതിർപ്പുള്ള, സഭയോടും സമുദായത്തോടും രാഷ്ട്രീയ പാർട്ടികളോടും സ്വന്തം മക്കളോടും ഭാര്യയോടും വരെ എതിർത്തുനിൽക്കുന്ന തന്റേടികളായ ചില കാരണവൻമാരെ ഈ പ്രദേശത്തെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ ഞാൻ കണ്ടിട്ടുണ്ട്. ഒന്നാമതേ ക്രിസ്ത്യാനി, പോരാത്തതിന് കമ്യൂണിസ്റ്റും എന്നാണ് അവരുടെ തന്റേടത്തെക്കുറിച്ച് പറയുന്നത്. അവരുടെയൊക്കെ പൂർവകാലം സംഭവ ബഹുലമായിരുന്നു. അവർ സത്യസന്ധരും ധൈര്യശാലികളുമാണ്. അത്തരം അനേകം മനുഷ്യരുടെ രൂപമാണ് അലക്സ് ചേട്ടന്. നക്സൽ വർഗീസിനെക്കുറിച്ച് അടുത്ത കാലത്ത് ഒരു ലേഖനം വായിക്കാൻ ഇടയായതും എന്നെ കഥയിലേക്ക് നയിച്ചു. വർഗീസ് വെടിയേറ്റ് മരിച്ചില്ലായിരുന്നെങ്കിൽ വിപ്ലവപ്രസ്ഥാനങ്ങളെ മടുത്തിട്ട് ക്രിസ്തുവിന്റെ പാതയിൽ ചേരുമായിരുന്നോ, അങ്ങനെ വന്നാൽ സഭയും പള്ളിയുമൊക്കെ പുള്ളിയെ ഉൾക്കൊള്ളുമോ, എന്നൊക്കെയുള്ള എന്റെ ആലോചനകൾ അലക്സ് ചേട്ടന്റെ കഥാപാത്രം വികസിച്ചു വരാൻ ഇടയാക്കി. മാത്രമല്ല കാറിലിരുന്നും ബാറിലിരുന്നും ഗാന്ധിയെ വിമർശിക്കുന്നത് ഒരു ഫാഷനായി കൊണ്ടു നടക്കുന്ന പുതിയ ഒരുപാടു ചെറുപ്പക്കാരെ എനിക്കറിയാം. അവരൊന്നും ഒരു രാഷ്ട്രീയ പാർട്ടിയിലെയും അംഗങ്ങളല്ല എന്നുള്ളതിലാണ് വേദന. വരുംകാലത്ത് ഗാന്ധിജി അവഗണിക്കപ്പെടുമോയെന്ന ഭയം ഏതൊരു സാധാരണക്കാരനെ പോലെ എനിക്കുമുണ്ട്. അതുപോലെ തന്നെ ക്രിസ്തുവിന്റെ പേരിൽ അനേകം സഭകൾ വളരുന്നുണ്ടങ്കിലും ക്രിസ്തു ലോകത്തിന് നൽകിയ മാതൃകയുടെയും സ്നേഹത്തിന്റെയും തളർച്ചയെക്കുറിച്ചുള്ള ആകുലതയും ഈ കഥയിലൂടെ പങ്കുവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്.
∙ട്രൈബി കഥയെഴുത്തിലേക്ക് വരുന്നത് എങ്ങനെയാണ്? ആ ഫസ്റ്റ് മൊമന്റ് എങ്ങനെ ആയിരുന്നു? എന്തായിരുന്നു?
ഞാൻ എന്നോടു തന്നെ പലപ്പോഴും ഈ ചോദ്യം ചോദിക്കാറുണ്ട്. സത്യത്തിൽ, തോറ്റു പോകുമ്പോൾ പിടിച്ചു കയറാനുള്ള ഒരു ചെറിയ പിടിവള്ളിയാണ് എനിക്ക് കഥ. അതെന്റെ പ്രാർഥനയും കർമവുമായി ഞാൻ കാണുന്നു. ചുമട്ടുതൊഴിലാളിയായിരുന്നു എന്റെ അപ്പൻ. സ്കൂൾ ഇല്ലാത്ത ദിവസം അദ്ദേഹത്തിന് ഉച്ചയ്ക്ക് ചോറു കൊണ്ടുപോകുന്നത് ഞാനായിരുന്നു. നടന്നാണ് പോയ്ക്കൊണ്ടിരുന്നത്. തിരിച്ചു പോരുമ്പോൾ സിനിമ കാണാൻ അപ്പൻ കാശ് തരും. ആ കാലത്ത് തിരുവാങ്കുളത്ത് രണ്ടു തിയറ്ററുകളാണ്. നീലിമയും ദേവിയും. ആഴ്ചയിൽ രണ്ടു പടം വീതം മാറും. ഇതെല്ലാം കാണാനുള്ള സാഹചര്യവും സ്വാതന്ത്ര്യവും സിനിമാപ്രേമിയായ അപ്പനിൽനിന്ന് എനിക്കു ലഭിച്ചിരുന്നു. അങ്ങനെ കാണുന്ന സിനിമയുടെ കഥയൊക്കെ സ്കൂളിൽ വന്ന് ചങ്ങാതിമാരോട് അൽപം പൊടിപ്പും തൊങ്ങലുമൊക്കെ വച്ച് അവതരിപ്പിക്കും. അതു കേൾക്കാൻ ധാരാളം സുഹൃത്തുക്കൾ ചുറ്റും കൂടുമായിരുന്നു. അതൊക്കെ എന്നിലെ കഥാകാരന്റെ ആദ്യപടികൾ ആയിരുന്നു എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.
കല്ലുവെട്ടി കുഴിഞ്ഞു പോയ ഒരു മലയ്ക്കു താഴെയായിരുന്നു എന്റെ വീട്. മുൻഭാഗത്ത് പച്ചപ്പായൽ പിടിച്ച മല. ബാക്കി മൂന്നു ഭാഗവും വലിയ റബർ തോട്ടങ്ങൾ. റബർ തോട്ടത്തിന്റെ നടുക്ക് വളരെ ആഴമുള്ള കണ്ണീരു പോലെ തെളിഞ്ഞ വലിയൊരു കുളം. കരുത്തലക്കുഴി എന്നാണ് അതറിയപ്പെട്ടിരുന്നത്. ആ പ്രദേശത്തെ വല്ലാത്തൊരു നിശബ്ദതയും ഒറ്റപ്പെടലും ചലിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്തെ മാറിനിന്ന് കാണാൻ എന്നെ പ്രേരിപ്പിച്ചിട്ടുണ്ടാവാം. കൂടാതെ, ഞാൻ പരിചയപ്പെട്ട മനുഷ്യരെല്ലാം മറ്റൊരാളുമായി പങ്കുവയ്ക്കുന്നതിൽ കൂടുതൽ അവരുടെ സ്വകാര്യ ദുഃഖങ്ങൾ, വേദനകൾ ഞാനുമായി വേഗത്തിൽ പങ്കുവയ്ക്കുന്നു എന്നെനിക്ക് തോന്നിയിട്ടുണ്ട്.
സ്കൂൾ കാലയളവിലൊന്നും ഞാൻ കഥയെഴുതിയിട്ടില്ല. പത്തൊൻപതാം വയസ്സിൽ എ.കെ.കുറ്റിപ്പുഴ സാറിന്റെ നേതൃത്വത്തിലുള്ള നാട്ടരങ്ങു സാഹിത്യ വേദി പ്രസിദ്ധീകരിച്ച ‘കഥാമഞ്ജരി’ എന്നൊരു പുസ്തകത്തിലാണ് എന്റെ ആദ്യ കഥ വെളിച്ചം കണ്ടത്. ആദ്യ കഥയ്ക്ക് ശേഷമാണ് ഞാൻ ഗൗരവത്തോടെ വായിക്കാൻ തന്നെ തുടങ്ങിയത്. അതിനെന്നെ സഹായിച്ചത് വെണ്ണിക്കുളം ഗ്രാമീണ വായനശാലയായിരുന്നു. ‘എന്റെ രാജ്യം’ എന്നൊരു നാടകം അവതരിപ്പിച്ചതോടുകൂടി അടച്ചുപൂട്ടപ്പെട്ട ഒരു വായനശാലയാണ്. അതു ചീട്ടുകളിക്കാരുടെ സങ്കേതമാവുകയും രാത്രിയാത്രക്കാർക്ക് ശല്യമായി മാറി, പുസ്തകങ്ങൾ ചിതലരിക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം അക്ഷരസ്നേഹികളായ ഒരുകൂട്ടം ചെറുപ്പക്കാർ വായനശാല ഏറ്റെടുക്കുകയും വാടകയ്ക്കെടുത്ത പുസ്തകങ്ങളുമായി പ്രവർത്തനം തുടങ്ങുകയും ചെയ്തു. കാലക്രമത്തിൽ വളർന്ന് എഗ്രേഡ് വായനശാലയായി മാറി. നാടിന്റെ പ്രകാശഗോപുരമായ ആ വെണ്ണിക്കുളം ഗ്രാമീണ വായനശാലയോട് ചേർന്നാണ് എന്റെ വായന ബലപ്പെട്ടത്. ആ വായനയാണ് എഴുത്തിനുള്ള മെഴുതിരി വെളിച്ചമായി നിൽക്കുന്നതും. എഴുതുമ്പോൾ മാത്രമാണ് ഞാനീ ഭൂമിക്കു കൊള്ളാവുന്നവനെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ശക്തിയിൽ നിന്നല്ല, ദൗർബല്യത്തിൽ നിന്നാണ് എഴുത്തുണ്ടാവുന്നതെന്ന തിരിച്ചറിവിൽ ഞാനും കഥയുടെ മതത്തിൽ ചേർന്നു.
∙ ഓരോ കഥയും വ്യത്യസ്തമാക്കാൻ എത്രമാത്രം ശ്രമമുണ്ട്? വൈവിധ്യമുള്ള വിഷയങ്ങളിലേക്ക് എങ്ങനെ പോകുന്നു?
ഒരു പൊള്ളിച്ച മീൻ പോലെ ആയിരിക്കണം നല്ല കഥ എന്ന് ഞാൻ എന്നോടു തന്നെ പറയാറുണ്ട്. നല്ല ഒരു തലഭാഗം, നല്ല ഒരു നടുഭാഗം, നല്ല ഒരു വാൽഭാഗം. ഏതെങ്കിലും ഒരു ഭാഗത്ത് അൽപ്പം അടർന്നു പോയാൽ അതിന്റെ ഭംഗി നഷ്ടപ്പെട്ടു. മനോഹരമായ തുടക്കവും മധ്യഭാഗവും ക്ലൈമാക്സും ടെയിൽ എൻഡും വരുത്തുവാൻ ഞാൻ സൂക്ഷമതയോടെ ശ്രദ്ധിക്കാറുണ്ട്. ദൈവം ലോകത്തെ സ്നേഹിച്ചതു കൊണ്ട് കഥകൾ ഉണ്ടായി എന്നൊരു ആഫ്രിക്കൻ പഴമൊഴിയുണ്ടല്ലോ. ഏതൊരു സംസ്കാരത്തിന്റെയും നിറം പിടിപ്പിച്ച മൂല്യവിചാരങ്ങളാണ് കഥകൾ. വേഗത്തിൽ പൊയ്ക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ പുറകിൽനിന്ന് കയ്യടിച്ചു വിളിക്കുന്നതു പോലെ, ഒന്നു നിൽക്കാനോ തിരിഞ്ഞുനോക്കാനോ പ്രേരിപ്പിക്കുന്ന വിധത്തിൽ ലളിതവും സുന്ദരവും ആയിരിക്കണം ഓരോ കഥയും എന്ന വിചാരത്തിലാണു ഞാൻ ഓരോ പ്രമേയവും തിരഞ്ഞെടുക്കുന്നത്. വായനക്കാരാണ് ശ്രമങ്ങൾ വിജയിക്കുന്നുണ്ടോയെന്ന് പറയേണ്ടത്.
∙ സമീപകാലത്ത് വായിച്ച കഥകളിൽ ഏറ്റവും ഇഷ്ടമായ ഒന്നിനെപ്പറ്റി പറയാമോ?
മലയാള കഥാലോകത്ത് മികച്ച കഥകൾ തുടരെ സംഭവിച്ച് നമ്മൾ ഞെട്ടിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സക്കറിയയുടെ ‘പറക്കും സ്ത്രീ’ മികച്ച ഒരു കഥാനുഭവമായിരുന്നു. തന്റെ പദവികളുടെ ഭാരമില്ലാതെ ലളിതമായി പങ്കുവയ്ക്കപ്പെട്ട കഥ സമകാലിക സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തോടു ചേർന്നു നിൽക്കുന്ന ഒന്നായിരുന്നു. കെ.എസ്. രതീഷിന്റെ ഒറ്റാൾ തെയ്യം, മനോജ് വെള്ളനാടിന്റെ വല്യപ്പൂപ്പന്റെ പോസ്റ്റുമോർട്ടം, മജീദ് സെയ്ദിന്റെ സീതക്കൊല്ലി, സലിം ഷെരീഫിന്റെ ഒരു മഹാവൃക്ഷത്തിന്റെ ഹൃദയത്തിൽ ധ്യാനം പോലൊരു കോഴി എന്നിവയെല്ലാം അടുത്തകാലത്ത് വായിച്ച മികച്ച കഥാനുഭവങ്ങളാണ്.
∙ഈ വർഷം വായിക്കേണ്ട പുസ്തകങ്ങൾ: ട്രൈബിയുടെ ലിസ്റ്റ്?
1.മഹാഭാരതം ഒരു സ്വതന്ത്ര സോഫ്ട്‌വെയർ (കെ.സി.നാരായണൻ); 2.കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം (ആർ.കെ. ബിജു രാജ്); 3.ആഗസ്റ്റ് 17 (എസ്. ഹരീഷ്); 4.പൊന്നം (എം. പ്രശാന്ത്); 5. പുലർവെട്ടം (ബോബി ജോസ് കട്ടിക്കാട്); 6. കാറ്റും വെയിലും ഇലയും പുവും പോലെ (ഷാഹിന ഇ.കെ.).
∙ട്രൈബി ഈയടുത്തു കണ്ടതിൽ ഏറെ സ്പർശിച്ച സിനിമ ഏതാണ്?
ജോജി, ജയ് ഭീം, നായാട്ട്, ചുരുളി. ഇവയെല്ലാം നന്നായി ബോധിച്ചതും ഒന്നിൽ കൂടുതൽ തവണ കണ്ടതുമാണ്. പടയും ഇലവീഴാപൂഞ്ചിറയും അടുത്ത കാലത്ത് ഇഷ്ടപ്പെട്ടു കണ്ട സിനിമകളാണ്.
∙ഒരെഴുത്തുകാരനെ / എഴുത്തുകാരിയെ ട്രൈബിക്ക് വലിയ ഇഷ്ടമാണ്. എന്തെഴുതിയാലും ഏറ്റവും ആദ്യം വായിക്കും. പറ്റുമെങ്കിൽ കാണാനും സംസാരിക്കാനും ശ്രമിക്കും. ആരാണത്?
ഒരുപാട് പേരുണ്ടെങ്കിലും ഇപ്പോഴും ആദ്യം വരുന്ന പേര് എംടി എന്ന രണ്ടക്ഷരം തന്നെയാണ്. സക്കറിയയും സി.രാധാകൃഷ്ണൻ സാറും ബെന്യാമിനും എസ്. ഹരീഷും ആർ. ഉണ്ണിയും വിനോയ് തോമസും കെ.രേഖയുമുൾപ്പെടെ ഒട്ടേറെപ്പേർ ഈ പട്ടികയിലുണ്ട്.
(ട്രൈബി പുതുവയൽ എറണാകുളം ജില്ലയിലെ വെണ്ണിക്കുളം സ്വദേശിയാണ്. കഥയ്ക്കുള്ള പ്രഥമ കൈപ്പട സാഹിത്യ പുരസ്കാരം, സാഹിത്യപ്രഭ സ്പെഷൽ ജൂറി പുരസ്കാരം, മാധവൻ മാസ്റ്റർ സാംസ്കാരിക കേന്ദ്രം ചെറുകഥ പ്രൈസ്, എംഎസ് തൃപ്പൂണിത്തുറ സ്മാരക തിരക്കഥ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കുന്ന്, കടൽ റോഡ് എന്നിവ കഥാസമാഹാരങ്ങൾ. കൃഷി വകുപ്പിൽ ജോലി ചെയ്യുന്നു.)
Content Summary: Puthuvakku, Talk with writer Traibi Puthuvayal