മീ ടൂ - സ്മിത ഗിരീഷ് എഴുതുന്ന കഥ
എനിക്ക് ചേട്ടായിയെ കെട്ടിട്ടും ചെലരോടൊക്കെ ചുമ്മാ ഒരിഷ്ടം തോന്നീട്ടൊണ്ട്. അതവരടെ കൂടെ കെടക്കാനോ വെച്ചോണ്ടിരിക്കാനോ പൊറുതിക്ക് പോകാനോ ഒള്ള ഇഷ്ടവൊന്നുവല്ല. എന്റെ ജിബിൻ ചേട്ടായീന്ന് വച്ചാല് എന്റെ പ്രാണനാ
എനിക്ക് ചേട്ടായിയെ കെട്ടിട്ടും ചെലരോടൊക്കെ ചുമ്മാ ഒരിഷ്ടം തോന്നീട്ടൊണ്ട്. അതവരടെ കൂടെ കെടക്കാനോ വെച്ചോണ്ടിരിക്കാനോ പൊറുതിക്ക് പോകാനോ ഒള്ള ഇഷ്ടവൊന്നുവല്ല. എന്റെ ജിബിൻ ചേട്ടായീന്ന് വച്ചാല് എന്റെ പ്രാണനാ
എനിക്ക് ചേട്ടായിയെ കെട്ടിട്ടും ചെലരോടൊക്കെ ചുമ്മാ ഒരിഷ്ടം തോന്നീട്ടൊണ്ട്. അതവരടെ കൂടെ കെടക്കാനോ വെച്ചോണ്ടിരിക്കാനോ പൊറുതിക്ക് പോകാനോ ഒള്ള ഇഷ്ടവൊന്നുവല്ല. എന്റെ ജിബിൻ ചേട്ടായീന്ന് വച്ചാല് എന്റെ പ്രാണനാ
‘ഈ ആണുങ്ങളെങ്ങനാ പെണ്ണുങ്ങടെ പിഎംഎസ് അറിയുന്നെ? കല്യാണം കഴിച്ചതാവും. ആ ദിവസം ഭാര്യേടെ കയ്യീന്ന് നല്ല മേട്ടം കിട്ടുന്നൊണ്ടാവും. ചേട്ടായിക്ക് അത്താഴം കഴിഞ്ഞാ അപ്പോ കെടക്കണം. പാത്രവൊക്കെ രാവിലെ കഴുകിയാ മതീന്ന് പറയും. മറ്റേത് എന്നും വേണം രാജേന്ദ്രാ. എനിക്കാണേല് പീരിഡ്സ് കഴിഞ്ഞ ഒന്നോ രണ്ടോ ദെവസം മാത്രമേ ഇഷ്ടവൊള്ളു. ദാണ്ട് കെടക്കാൻ വിളിക്കുന്നൊണ്ട്. ഈ ആണുങ്ങടെ കൂടെ ജീവിക്കാൻ എന്നാ പാടാ... വായിക്കാം, കേൾക്കാം മനോരമ ഓൺലൈൻ കഥയരങ്ങിൽ സ്മിത ഗിരീഷ് എഴുതുന്ന കഥ– മീ ടൂ
എന്റെ രാജേന്ദ്രാ, ഇന്നു കർക്കടകം ഒന്നാം തീയതിയാണല്ലേ?
രാവിലെ എഴുന്നേറ്റ് ഫോണില് ചുമ്മാ ഫേസ് ബുക്ക് നോക്കി കിടന്നപ്പോ കണ്ണമംഗലം പൊന്നമ്മ ടീച്ചറുടെ പോസ്റ്റീന്നാ കണ്ടത്. ടീച്ചറ് രാവിലെ നെല വെളക്കിന്റെ മുമ്പിലിരുന്ന് രാമായണം വായിച്ചോണ്ടിരിക്കുന്ന ഫോട്ടോ ഇട്ടിട്ടൊണ്ട്. പൊറത്ത് മഴയൊണ്ട്. ഭയങ്കരത്തണുപ്പും.
രാജേന്ദ്രൻ ഞങ്ങടെ ഹൈറേഞ്ചില് വന്നിട്ടൊണ്ടോ?
ഇല്ലേല് ഒന്നു വന്ന് നോക്കണം.
ഞങ്ങടെ സ്ഥലവൊക്കെക്കണ്ടാല് നിങ്ങള് എഴുത്തുകാർക്കും കവികൾക്കുവൊക്കെ വെല്യ ഇഷ്ടവാകും. അത്രേം പ്രകൃതിരമണീയവല്ലേ. ആകാശത്ത് ഒടേതമ്പുരാൻ കഷ്ടപ്പെട്ട് ഒളിപ്പിച്ചു വച്ച എന്നാണ്ടൊക്കെ ആ കയ്യീന്ന് അറിയാണ്ട് ചെതറി വീഴുന്ന പോലത്തെ ഒരു കാഴ്ചയാ ഇവടത്തെ മഴ.
ചെലപ്പോ ആലിപ്പഴം കാണും, ചെലപ്പോ നീലക്കൊടുവേലിത്തണ്ട് ഒണ്ടാകും, അല്ലേല് റബ്ബറുംകായോ, ആകാശത്തെ ആനക്കുഞ്ഞോ ആകും.
എല്ലാർക്കും എല്ലാം കാണാമ്പറ്റത്തില്ല. ചെലർക്ക് മാത്രം കർത്താവ് ലോകത്തെ തലകീഴായും തിരിച്ചുംമറിച്ചും കാണാനൊള്ള കഴിവ് കൊടുത്തിട്ടൊണ്ട്. അവര് കാണും. ഞാങ്കണ്ടിട്ടില്ല കേട്ടോ. ഇത് ഉപ്പുതറേലെ പേരമ്മ കുഞ്ഞിലേ പറഞ്ഞു തന്നിട്ടൊള്ളതാ. രാജേന്ദ്രന്റെ ‘മങ്ങി മായുന്ന മഴ’ എന്ന കവിതയിലെ ചെല വരികള് ഇങ്ങനല്ലേ?
‘റാണീ
ഓരോ മഴയിലും നിന്റെ ഭൂമിക
പുതിയ ദേശമാണ്
അവ ജലവർഷങ്ങളുടെ
തണുത്ത പൂക്കളാണ്
നിന്റെ കരഞ്ഞു
തെളിഞ്ഞ മിഴികളാണ്’
എന്നായാലും ഹൈറേഞ്ചിപ്പെയ്യുന്ന മഴയാ രാജേന്ദ്രാ മഴ. രാജേന്ദ്രനൊന്ന് കണ്ടുനോക്കണം. മഴത്തുള്ളികള് ആകാശത്തൂന്ന് പെയ്യുമ്പോ തമ്മി തൊടുവോ രാജേന്ദ്രാ...? പക്ഷേ, ഭൂമിലെത്തിയാ തുള്ളിക്കലർന്ന് ചാലിട്ടൊഴുകുവേം ചെയ്യുവല്ലേ..? ഇതിന്റെയൊക്കെ പ്രപഞ്ചരഹസ്യം എന്നതാരിക്കും രാജേന്ദ്രാ?
ആ എന്തേലുവാട്ടെ. ഇതൊക്കെ ഓർത്തോണ്ട് കെടന്നാല് എന്റെ പണികള് തൊടങ്ങാൻ വൈകും. നല്ല തണുപ്പൊണ്ടായിട്ടും എഴുന്നേറ്റു. ജിബിൻ ചേട്ടായി നല്ല ഒറക്കവാ. പുള്ളിക്കാരൻ എഴുന്നേച്ച് കാപ്പിയൊക്കെ കുടിച്ചേച്ച് ഒരു എട്ടെട്ടരയാവുമ്പഴത്തേനും കടേലോട്ട് പോവും. അതിന് മുന്നേ മുറ്റവടിച്ചു. ചായയൊ ണ്ടൊക്കി. പ്രാതലിന് ഇന്ന് അപ്പവാണ്. കടല വെള്ളത്തിലിട്ടിട്ടൊണ്ടാരുന്നു. അത് കുക്കറിന്റാത്താക്കി അടുപ്പേല് വച്ചു. അപ്പം ചുട്ടോണ്ട് നിക്കുമ്പം ഫോണെടുത്ത് ഫേസ് ബുക്ക് പിന്നേം ഓടിച്ചു നോക്കി. എന്റെ രാജേന്ദ്രാ, ഞാനീ ഫേസ് ബുക്ക് നോക്കുന്ന തന്നെ നമ്മടെ ‘സാഹിതീസർഗ്ഗസംഗമം’ കവിതാ ഗ്രൂപ്പിക്കേറി കവിതകള് വായിക്കാനാ. എന്നാന്നറിയത്തില്ല, കവിതാന്ന് വച്ചാല് എനിക്ക് പ്രാന്താ രാജേന്ദ്രാ. ദാണ്ട്, നോക്കിയപ്പഴേ രാജേന്ദ്രന്റെ ഒരു കവിത കെടപ്പൊണ്ടല്ലോ.
‘കർക്കിടക ഹൃദയം/രാജേന്ദ്രൻ കരിപ്പലങ്ങാട്’
‘ആറ്റിലും പെയ്യുന്നു
കർക്കിടകം
കാറ്റിലും പെയ്യുന്നു
കർക്കിടകം
കാറ്റും മഴയും വിതച്ചു
നിൽക്കും
കാലമാം ജീവിതം
ഹൃസ്വമാണ്
ഓർമകൾ പെയ്യുമെൻ
ഹൃത്തടത്തിൻ
രാമനും സീതയും കാട്ടിലാണ്
രാമായണത്തിലെ
പാട്ടു തന്നെൻ
ശാരികയെങ്ങോ
പറന്നു പോയി...’
കവിത വായിച്ചോണ്ടങ്ങനെ ലയിച്ചു നിന്നപ്പോ അപ്പം മറിച്ചിടാൻ മറന്നു. അതാണേല് കരിഞ്ഞു പോയി രാജേന്ദ്രാ. ‘എന്നാ സലോ കരിയുന്നേ’ന്ന് ചേട്ടായി ചോദിച്ചപ്പഴാ അപ്പവൊണ്ടാക്കിക്കൊണ്ടിരിക്കുവാണല്ലോന്ന് ഓർത്തുപോയത്. എന്നാന്നറിയത്തില്ല, ചുമ്മാ ഒരു സങ്കടം വരുന്നൊണ്ട്. ചേട്ടായിക്ക് കുളിക്കാൻ വെള്ളമനത്തുമ്പോ ശരിക്കും കരച്ചില് വന്നു. രാജേന്ദ്രന്റെ എല്ലാ കവിതയിലും ഓരോ പെണ്ണുങ്ങളൊണ്ടല്ലോ രാജേന്ദ്രാ? റാണി, ശാരിക, സംഗീത, ബിന്ദു, മായ..
അവരൊക്കെ ആരാ രാജേന്ദ്രാ? എന്നെപ്പോലെ രാജേന്ദ്രന് വേറെയും കൊറേ ആരാധികമാരു കാണുവല്ലേ.. എങ്ങനെ കാണാതിരിക്കും. അമ്മാതിരി സൂപ്പർ കവിതകളല്ലേ എഴുതിവിടുന്നത്. ചേട്ടായി രാവിലെ കടേലോട്ട് പോയാപ്പിന്നെ ചെലപ്പഴേ ഉണ്ണാൻ വരത്തൊള്ളു. ആ സമയം കൊണ്ട് ഞാനീ വീട്ടിലെ എല്ലാപ്പണീം കഴിച്ചുവയ്ക്കും. എന്റെ കാര്യങ്ങള് വല്ലോം രാജേന്ദ്രനറിയാവോ?
വീട് നാരകക്കാനത്താണേലും ഞാൻ പഠിച്ചതും വളന്നതുവൊക്കെ ഉപ്പുതറേലെ ചാച്ചന്റെ ചേട്ടന്റെ വീട്ടിൽ നിന്നിട്ടാ. വെല്യച്ചാച്ചനും പേരമ്മയ്ക്കും മക്കളില്ലാത്ത കൊണ്ട് എന്നെ വെല്യ കാര്യവാ. ബീക്കോമിന് ഒരു വർഷം ഉപ്പുതറ വിക്ടേഴ്സിൽ പോയി. അന്നേരവാ മാട്ടുക്കട്ടേന്ന് ചേട്ടായിടെ ആലോചന വന്നത്. വെല്യ വിദ്യാഭ്യാസവൊന്നുമില്ല. ചെറുക്കന് മാട്ടുക്കട്ട സെന്ററിൽ പലചരക്ക് സ്റ്റേഷനറിക്കടയാ. അമ്മ മാത്രവൊണ്ട്. അത്യാവശ്യം ചുറ്റുപാടുവൊണ്ട്. സ്ത്രീധനവൊന്നും വേണ്ട, ചെറുക്കൻ ഭക്ഷണപ്രിയനാണ്, നന്നായിട്ട് ഫുഡ് ഒണ്ടാക്കിക്കൊടുത്ത് കുടുംബം നോക്കുന്ന പെണ്ണു മതീന്നാ പറഞ്ഞെ. അങ്ങനെ നടന്ന കല്യാണവാ ഇത്. അമ്മച്ചീം ഒത്തിരി നല്ലതാരുന്നു കേട്ടോ. അറ്റാക്ക് വന്ന്, അമ്മച്ചി പോയിട്ടിപ്പം നാലഞ്ചു വർഷം കഴിഞ്ഞു. അതൊന്നുവല്ല സങ്കടമിപ്പോ രാജേന്ദ്രാ. കല്യാണം കഴിഞ്ഞു പത്തു വർഷവായിട്ടും ഞങ്ങക്ക് ഇതുവരെ പിള്ളേരൊന്നുവായിട്ടില്ല. ചേട്ടായിക്ക് കൗണ്ട് കൊറവാ. എനിക്കാണേല് ചെറിയ പി.സി.ഓ.ഡിവൊണ്ട്. കോട്ടയത്തും കട്ടപ്പനേലുവൊക്കെ ട്രീറ്റ്മെന്റ് എടുത്തു. ഇപ്പോ പാലായിലൊള്ള ഒരു ഹോമിയോ ഡോക്ടറടെ മരുന്നാ കഴിക്കുന്നെ. ചുമ്മാ ഇരുന്ന് മടുക്കും. കുക്കിങ്ങ് നല്ല ഇഷ്ടവായതു കൊണ്ട് ബോറടിക്കുമ്പഴൊക്കെ അടുക്കളേക്കേറി എന്നതേലും ഒണ്ടാക്കും. പിന്നെ അച്ചാറും ചമ്മന്തിപ്പൊടിവൊക്കെ ഒണ്ടാക്കി കുടുംബശ്രീ വഴി വിൽക്കുന്ന കൊണ്ട് ചെറിയ വരുമാനോവൊണ്ട്.
ഒരു രസം കേക്കണോ രാജേന്ദ്രാ? ഞാമ്പണ്ട് കവിത എഴുതുവാരുന്നു രാജേന്ദ്രാ. കവിതാന്ന് വെച്ചാല് കുമാരനാശാൻ, വള്ളത്തോള്, ഇവരൊക്കെ എഴുതുന്ന മാതിരിയത്തെ കവിതയല്ല. എന്റെ കവിതകളൊക്കെ രാജേന്ദ്രനെപ്പോലൊരു വെല്യ കവിയെ കാണിക്കാൻ നാണക്കേടാ. എന്നാലും എന്റെ അടുപ്പം കൊണ്ട് ഈ സലോമി ജിബിൻ മ്ലാന്തോട്ടം എഴുതിയ ഒന്നു രണ്ടു കവിതകളിലെ ചെല വരികള് പറയാം.
‘ജനനമാം തീരത്തു നിന്നു
നമ്മൾ
മരണമാം തീരം തിരഞ്ഞു പോകേ
ഒരു നിശാഗന്ധി പോൽ
നീ വിരിയും
ഒരു മാത്രയെന്നുടെ ഹൃത്തടത്തിൽ’
ഇനി വേറൊന്ന്,
‘പുഴയായ് പിറക്കുവാൻ
കഴിയുമോ നാഥാ
മഴയായ് കൊഴിയുവാൻ
കഴിയുമോ നാഥാ
എന്നീശ്വരാ എന്റെ യേശുനാഥാ
എൻ മുൾക്കിരീടം നീയേറ്റെടുക്കൂ’
ഒന്നും തോന്നരുതേ, രാജേന്ദ്രാ. കൂടുതല് ചിന്തിച്ചാ ഇതിലും നന്നായിട്ടൊക്കെ എഴുതാമ്പറ്റും. ഓ, അതിന് ഞാനൊക്കെ കവിയായിട്ട് ആർക്കെന്നാത്തിനാ? ഇത്രേവൊക്കെ മതി. എനിക്ക് നിങ്ങടെ പോലത്തെ വെല്യ കവികള് എഴുതുന്ന വായിച്ച് സന്തോഷിച്ചാ മതി. അയ്യോ, രാജേന്ദ്രനെ ചുമ്മാ ഓർത്തും ഇങ്ങനെ ഓരോന്ന് തന്നെത്താനെ മിണ്ടീം സമയം പോയതറിഞ്ഞില്ല. ഒരു മനുഷ്യൻ ഒരു ദിവസം അവനോനോട് തന്നെ എന്തോരം മിണ്ടുന്നൊണ്ടാവുവല്ലേ. ലോകത്തൊള്ള കാക്കത്തൊള്ളായിരം കോടി മനുഷ്യരും ഇങ്ങനെ ഒറ്റയ്ക്ക് മിണ്ടുന്നതൊക്കെ എന്തോരം കാര്യങ്ങളാരിക്കുവല്ലേ? അവക്കൊക്കെ രൂപവൊണ്ടേല്, അതൊക്കെ കൂട്ടിവെച്ചാല് ഈ ലോകം മൂടീം ആകാശം കവിഞ്ഞും എന്തോരം കാര്യങ്ങളാരിക്കുവല്ലേ? ചേട്ടായി കടേലോട്ട് പോയി. കൊറച്ച് കപ്പ കൊത്തിനുറുക്കി വേവിച്ച് തേങ്ങയരപ്പിട്ട് കടുക് വറത്ത് ഒണ്ടാക്കി വച്ചു. ഞങ്ങള് ഇടുക്കിക്കാർക്ക് കപ്പപ്പുഴുക്ക് തിന്നില്ലേല് വെള്ളത്തിന് ദാഹിക്കുന്ന പോലാ രാജേന്ദ്രാ. ഞങ്ങടെ സൗന്ദര്യത്തിന്റേം ഞങ്ങടെ സ്റ്റാമിനാടേം രഹസ്യവതാ. എന്നാ അമൃതേത്തുണ്ടെന്ന് പറഞ്ഞാലും ചേട്ടായിക്കും എനിക്കും ഡെയിലി ശകലം കപ്പപ്പുഴുക്ക് തിന്നണം. വാട്ടു കപ്പയായാലും മതി. രാവിലെ രാജേന്ദ്രൻ വല്ലോം തിന്നോ രാജേന്ദ്രാ?
‘ക്ഷാമം’ എന്ന കവിത വായിച്ചപ്പഴാ ഒരുപാടു പട്ടിണി കെടന്ന ആളാന്ന് മനസിലായെ. എനിക്കെന്നാ വെഷമമായന്നോ! എപ്പഴേലും രാജേന്ദ്രന് ഒരു നേരം വച്ചു വെളമ്പിത്തരാനൊള്ള യോഗവൊണ്ടാകുവോ രാജേന്ദ്രാ? ആ ‘മരീചിക മരീചിക’ എന്ന കവിത പോലെ അത് ഈ സലോമീടെ നടക്കാത്ത സ്വപ്നം മാത്രവാണല്ലോ അല്ലേ? അരി അടുപ്പത്തിട്ടു ചോറൊണ്ടാക്കി വച്ചു. ഉച്ചക്കത്തേന് കറി ഒന്നും വച്ചിട്ടില്ല. പറമ്പിലോട്ട് എറങ്ങി നോക്കിയേച്ച് വയ്ക്കാമെന്ന് കരുതിയാ. ഇവടെ കൊറച്ച് ഉള്ളിലേക്ക് കേറിയാ വീടെങ്കിലും അരയേക്കറ് സ്ഥലവൊണ്ട്. ചേട്ടായിക്ക് കൃഷി വെല്യ ഇഷ്ടവാ. നടുതലയൊക്കെയൊള്ളകൊണ്ട് പൈസ കൊടുത്ത് ഒന്നും ഞങ്ങക്ക് വാങ്ങണ്ട. മഴ പെയ്യുമ്പം കവിതയൊള്ളോർക്ക് കാണാനൊക്കെ രസവാണേലും വേറെ പല പാടുകളുവൊണ്ട്. പറമ്പിലോട്ട് നോക്കാന്തോന്നുന്നില്ല. കപ്പേം വാഴേം ചേനേം എന്നു വേണ്ട പാവലിന്റെ വള്ളി വരെ ഒടിഞ്ഞു പൊട്ടി നെലത്ത് കെടപ്പൊണ്ട്. വെണ്ടേം വഴുതനേം എന്നു വേണ്ട ചേമ്പിൻ തണ്ടും ചീന മൊളകു ചെടീവൊക്കെ കാറ്റത്ത് ചാഞ്ഞുപോയിട്ടൊണ്ട്. മണ്ണാകെ നനഞ്ഞ് കൊഴഞ്ഞ് കെടക്കുവാ. മഴയൊക്കെ ഒന്നു മാറീട്ട് വേണം ചാഞ്ഞു പോയത് കെട്ടി നിർത്താനും ഒടിഞ്ഞത് മുറിച്ചുകളയാനുവെക്കെ. രണ്ടു വഴുതനങ്ങായും വെണ്ടയ്ക്കായും കൊറച്ച് ചീരയും പറിച്ചു. ഉച്ചയ്ക്ക് സാമ്പാറൊണ്ടാക്കാം. രാജേന്ദ്രന് സാമ്പാറ് ഇഷ്ടവാന്ന് ഇന്നാളൊരു കമന്റില് കണ്ടു. സാമ്പാറിലേക്ക് ഞാനിവിടെ വറത്ത് പൊടിച്ചൊണ്ടാക്കുന്ന പൊടിയേ ഇടത്തൊള്ളു. ഈ സാമ്പാറ് എനിക്ക് ശകലം പോലും ഇഷ്ടവല്ലാരുന്നു. എന്നാലും രാജേന്ദ്രനെ ഇഷ്ടവൊള്ള കൊണ്ട് സാമ്പാറും എനിക്കിപ്പോ ഇഷ്ടവാ രാജേന്ദ്രാ. സാമ്പാറൊണ്ടാക്കി രാജേന്ദ്രന് ഇച്ചിരി ചോറു തരാൻ ഈ സലോമിക്ക് യോഗവൊണ്ടാകുമോ രാജേന്ദ്രാ? പറമ്പിലാണേൽ കൊറേ തൊമരയ്ക്കാ ചെടിയൊണ്ട്. തൊമരയ്ക്കാത്തോരൻ രാജേന്ദ്രൻ തിന്നിട്ടൊണ്ടോ? ഫോൺ കയ്യിലിരുന്ന് വൈബ്രേറ്റ് ചെയ്തപ്പോ പെട്ടന്ന് ഞെട്ടിപ്പോയി കേട്ടോ. കമ്പനിക്കാരടെ എന്നാണ്ട് മെസേജാ. എങ്ങോട്ടെറങ്ങിയാലും ഫോൺ കയ്യിപ്പിടിക്കും. ഇതിക്കൂടയല്ലേ രാജേന്ദ്രനെ ഞാൻ ആദ്യവായിട്ട് കാണുന്നെ. ഫേസ് ബുക്കില് ഞാനെന്റെ മൊഖം പോലും ഇതുവരെ പ്രൊഫൈൽ പിക്ച്ചറ് ഇട്ടിട്ടില്ല. കന്യാമറിയം ഉണ്ണീശോയെ എടുത്തോണ്ട് നിക്കുന്ന പടവാ കെടക്കുന്നത്. ചെല പെണ്ണുങ്ങള് എന്തോരം ഫോട്ടോയാ ഫേസ് ബുക്കില് കൊണ്ടയിടുന്നത്! സെൽഫി, സ്റ്റോറി! എനിക്കും അതൊക്കെ ഇഷ്ടവാ. പക്ഷേ, ഫോട്ടോ ഫേസ് തീരെയില്ല. പിന്നെ ചേട്ടായീം, ലബ്ബക്കടേലൊള്ള തങ്കമ്മയാന്റീം കരിങ്കുന്നത്തെ ലിസമ്മക്കൊച്ചും പ്രാവിത്താനത്തെ ചാണ്ടി കൊച്ചച്ചനും കാർന്നോമ്മാരായിട്ടും ബന്ധുക്കളുമായിട്ടും വരുന്ന വേറെ കൊറേ ചെലരും ഫ്രണ്ട് ലിസ്റ്റിലൊണ്ട്. അവരൊക്കെ എന്നാ ഓർക്കുവെന്ന് കരുതീട്ടും കൂടെയാ. കെട്ടിച്ച പെണ്ണുങ്ങക്ക് ലോകം കൊറച്ച് കണ്ണിച്ചോരയില്ലാത്ത നെയമങ്ങള് ഒണ്ടാക്കി വച്ചിട്ടൊണ്ടല്ലോ. അവർക്ക് വേറെ ആണുങ്ങളെ ഓർക്കാമ്പാടില്ല, ഫേസ് ബുക്കില് ഫോട്ടോ ഇടാമ്പാടില്ല, കെട്ടിച്ചവര് ഇഷ്ടം വല്ലോം ഒറക്കെപ്പറഞ്ഞാലത് അവിഹിത ബന്ധവാകും. കെട്ടിച്ചമനുഷേര് മുഴുവൻ കള്ളമ്മാരും കള്ളികളുവായിട്ട് ജീവിക്കേണ്ട നാടാ നമ്മടേതെന്ന് തോന്നാറൊണ്ട് രാജേന്ദ്രാ. എനിക്കിപ്പം രാജേന്ദ്രനോട് തോന്നുന്ന ഈ ഇഷ്ടവൊണ്ടല്ലോ, ഈസ്റ്റ് കോസ്റ്റ് സിഡിലെ ആ പാട്ട് പോലത്തേത്? ഇവടെ ചേട്ടായി കള്ളുകുടിക്കുമ്പോഴൊക്കെയത് ഫോണില് ഒറക്കെ വയ്ക്കുന്ന കേക്കാം. ‘ഒന്നിനുവല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം എനിക്കെപ്പഴോ തോന്നിയ ഇഷ്ടം’.
ഇതുപോലത്തെ ഒന്നല്ലേ എന്റെ ഇഷ്ടോം. അത് ആരോടേലും ഒറക്കെപ്പറയാമ്പറ്റുവോ? പറഞ്ഞാ പാപവായിപ്പോയില്ലേ? എന്നാല് അത്തരം ഇഷ്ടം തോന്നാത്ത മനിഷേരൊണ്ടോ? ഒണ്ടാവും. പക്ഷേ, ഞാനാ ടൈപ്പല്ല. എനിക്ക് ചേട്ടായിയെ കെട്ടിട്ടും ചെലരോടൊക്കെ ചുമ്മാ ഒരിഷ്ടം തോന്നീട്ടൊണ്ട്. അതവരടെ കൂടെ കെടക്കാനോ വെച്ചോണ്ടിരിക്കാനോ പൊറുതിക്ക് പോകാനോ ഒള്ള ഇഷ്ടവൊന്നുവല്ല. എന്റെ ജിബിൻ ചേട്ടായീന്ന് വച്ചാല് എന്റെ പ്രാണനാ. എന്നാ സ്നേഹവൊള്ള മനിഷേനാന്നോ! എന്നെ സലോ... എന്നു തെകച്ച് വിളിക്കത്തില്ല. ചുമ്മാ ഇരുന്ന് ഞാൻ കൊച്ചുങ്ങളില്ലാത്തേന് സങ്കടപ്പെടുന്ന കണ്ട് സമയം പോകാൻ പുള്ളി വാങ്ങിത്തന്നതാ ഈ ടച്ച് ഫോണ്.
ആഹാ, ‘ഹൊറോദോസിന്റെ മകൾ’ ഇപ്പഴാണല്ലോ രാജേന്ദ്രാ വായിക്കുന്നത്. അയ്യോ എന്നതൊക്കെയാ എഴുതീരിക്കുന്നെ ഇതില്!
‘സലോമി, യഴകിൻ
കിരീടം മറയ്ക്കും
കൊടും ക്രൂര റാണി
ശിരോ രക്തദാഹീ..’
എന്നൊക്കെ വായിച്ച് കരച്ചില് വന്നുപോയി. എല്ലാ സലോമിമാരും അങ്ങനത്തവരല്ല രാജേന്ദ്രാ. നല്ല വെണ്ണക്കപ്പ പോലത്തെ മനസാ ഈ സലോമീടേത് .
ഓർത്തോർത്ത് വിഷയവങ്ങ് മാറിപ്പോയി. എന്നതാരുന്നു ഞാൻ പറഞ്ഞോണ്ടിരുന്നെ? തൊമരക്കാ പറിച്ച് തോരനൊണ്ടാക്കുന്നതിനെപ്പറ്റിയല്ലാരുന്നോ?
തൊമരയ്ക്കാ വേവിച്ച്, ഇച്ചിരി തേങ്ങേം ജീരകോം ഒതുക്കിയിട്ട് കടുക് വറത്ത് എടുത്ത് കൂട്ടണം. എന്നാ രുചിയാന്നറിയാവോ? പറഞ്ഞു വന്നത് അതുവല്ല, വിഷയവിങ്ങനെ മാറിപ്പോവും. രാജേന്ദ്രനെ ആദ്യം കണ്ട കഥയാ. ഫേസ് ബുക്കില് വന്ന് ചുമ്മാ അതുവിതും നോക്കീം പെറുക്കീം നേരം കളയുമ്പോഴല്ലേ, എങ്ങനെയോ ‘സാഹിതി സർഗ്ഗസംഗമം കവിതാ ഗ്രൂപ്പ്’ എന്റെ ടൈംലൈനിൽ കേറി വന്നത്. എന്തോരം കവികളാ അവടെ രാജേന്ദ്രാ! പബ്ലിക്ക് ഗ്രൂപ്പാണ്. 325k മെമ്പേഴ്‌സാ ഒള്ളത്. ഇതിന് എന്തോരം നിയമാവലികളാ. പോസ്റ്റുകളും കമന്റുകളും സഭ്യമായ രീതിയിൽ മാത്രം. നിലവാരമില്ലാത്ത പോസ്റ്റുകൾ അംഗങ്ങൾ റിപ്പോർട്ട് ചെയ്യണം. ഗ്രൂപ്പിൽ രാഷ്ട്രീയം പാടില്ല. മൗലികമായ കവിതകളേ പോസ്റ്റു ചെയ്യാൻ പാടൊള്ളു. ഗ്രൂപ്പിന്റെ അഡ്മിൻ, ദുബായിൽ നഴ്സായ സിജി ആമി കമല എന്ന ചേച്ചിയാണല്ലോ. മാവുംപാറ സരസൻ, സോമി വാവന്നൂര് തുടങ്ങി വേറേയും അഡ്മിൻസ് ഉണ്ടല്ലോ. അവരെയൊക്കെ രാജേന്ദ്രനറിയുവോ?
ഗ്രൂപ്പിൽ വരുന്ന കവിതകള് മിക്കതും ഞാൻ ഫോളോ ചെയ്യാറൊണ്ട്. എന്നാ രസവാ ഓരോരുത്തരടെ കവിതകള് വായിക്കാൻ. ഒരിക്കൽ
മഞ്ജേഷ് ശശിധരൻ എഴുതിയ പോലെ, ‘നമ്മളെല്ലാവരും സച്ചിദാനന്ദനോ ചുള്ളിക്കാടോ കുരീപ്പുഴയോ വിജയലക്ഷ്മിയോ ആയേക്കില്ല. പക്ഷേ, മനസിൽ കവിതയുടെ പൊട്ടും പൊടിയുമുള്ള നമ്മളാണ് വലിയ കവികൾക്ക് തുറസ്സുണ്ടാക്കിക്കൊടുക്കുന്നത്. നമ്മൾക്കും ഭാവനയുണ്ട്, കവിതയുണ്ട്. കവിതാചരിത്രത്തിൽ നിശ്ചയമായും നമ്മളെപ്പോലുള്ള പ്രശസ്തരല്ലാത്തവരും ചിലപ്പോൾ കൃതികൾ പ്രസിദ്ധീകരിക്കാത്തവരും പക്ഷേ, നിരന്തരം എഴുതുന്നവരും സഹൃദയരുമായ കവികൾക്കും അനിഷേധ്യ സ്ഥാനമുണ്ട്’.
സത്യവല്ലേ രാജേന്ദ്രാ.? വെല്യ പ്രശസ്തരല്ല. പക്ഷേ, കവിതയോടും സാഹിത്യത്തോടും താൽപര്യവൊണ്ട്. ഇവര് തേച്ചുമിനുക്കി വെല്യ കവികളാകാൻ നടക്കുന്ന വില്ല. ഇവരിൽ പലരും വെല്യ വിദ്യാഭ്യാസവും ഉദ്യോഗവുവൊള്ളവരാണ് താനും. രാജേന്ദ്രനോട് ഓരോന്നിങ്ങനെ മനസില് മിണ്ടിപ്പറഞ്ഞ് പണി ചെയ്യുമ്പം സമയം പോകുന്നതറിയത്തില്ല രാജേന്ദ്രാ. ഇതിനെടേല് കറികള് വച്ചു. തുണി അലക്കിയിട്ടു. കുളിച്ചു. പെരയ്ക്കകം അടിച്ചുവാരിത്തൊടച്ചു. ചേട്ടായി ഉണ്ണാൻ വന്നിട്ട് പോയി. തൊമരയ്ക്കാത്തോരനും മീൻ വറത്തതും സാമ്പാറും പപ്പടോം മോരും കൂട്ടി ചോറ് കൊടുത്തു. ഞാനുമുണ്ടു. ഉച്ചതിരിഞ്ഞ് എഴാങ്കലെ ആനിയമ്മ ചേച്ചീടെ വീട്ടില് കുടുംബശ്രീ മീറ്റിങ്ങൊണ്ട്. പോയി കൂടണം. ലിങ്കേജ് കിട്ടാനൊള്ളവരൊണ്ട്. മെമ്പറുമ്മാരടെ ഒപ്പു വേണം. മഴയാണേല് നെർത്താതെ പെയ്യുന്നൊണ്ട്. രാജേന്ദ്രന്റെ നാട്ടു പേരാണോ അതോ വീട്ടുപേരാണോ ഈ കരിപ്പലങ്ങാട്? കാര്യം ബികോമിനൊക്കെ ചേർന്നെങ്കിലും കവിത ഇഷ്ടവാണേലും എനിക്കത്ര ജികെയൊന്നുവില്ല രാജേന്ദ്രാ. ഞാനൊരു പഴഞ്ചത്തിയാന്നും ശുദ്ധഗതിക്കാരിയാന്നും ചേട്ടായി എപ്പഴും കളിയാക്കും. എല്ലാ കള്ളത്തേരോം കപടതേം ഈ ഭൂമിലെ എല്ലാ ജീവികൾക്കുവറിയാം. പക്ഷേ, ശുദ്ധഗതിയാവണോ, കളളമ്മാരാവണോന്ന് നമ്മള് തീരുമാനിച്ചാ മതി. അല്ലേ? എനിക്ക് പുണ്യാളത്തിയാവണ്ട. അറ്റത്തോളം വെല്യ കള്ളത്തരവില്ലാണ്ട് ഇങ്ങനെയൊക്കെയങ്ങു പോയേച്ചാ മതി. കരിപ്പലങ്ങാട് നാടാണെങ്കില് അവടെ ഇപ്പോ മഴയൊണ്ടോ രാജേന്ദ്രാ? ഇവടെയാണേല് കല്യാണത്തണ്ട്, കഞ്ഞിക്കല്ല്, വളേറുംപാറ തുടങ്ങി ചെല മലകളൊണ്ട്. രാമനും സീതേം പാണ്ഡവരുവൊക്കെ വനവാസകാലത്ത് താമസിച്ചതാന്നൊക്കെ പറയാറൊണ്ട്. അതൊക്കെ ഇവടന്ന് കൊറേ ദൂരെയാ. എന്നാലും എന്നാ ജാതി കാറ്റും ചെളിവാ എവിടുന്നെങ്ങാണ്ടുന്നൊക്കെ ഒലിച്ചു വരുന്നേന്നറിയാവോ? കരണ്ട് പോയിട്ടാണേല് രണ്ടു ദിവസവായി. കെഎസ്ഇബിക്കാര് കഷ്ടപ്പെട്ട് നടന്ന് നന്നാക്കുന്നൊണ്ടെന്ന് ചേട്ടായി പറഞ്ഞു. പലടത്തും വെള്ളക്കെട്ടൊണ്ട്. മരോം പോസ്റ്റും വീണിട്ടൊണ്ട്. എന്ന് നന്നാക്കിക്കഴിയുവോ? ഫോണൊക്കെ ഇൻവെർട്ടറൊള്ള വാഴക്കാകുന്നുകാരടെ വീട്ടിക്കൊണ്ടോയാ ചാർജ് ചെയ്യുന്നെ. അതിവിടുന്ന് അഞ്ചു മിനിട്ട് നടക്കാനൊണ്ട്. മഴ വരുമ്പോ, ആകാശം മൂടിക്കെട്ടുമ്പോ എന്നാണ്ടൊക്കെ വയ്യായ്ക കൊച്ചിലേ മൊതല് മനസില് തോന്നും. മഴ വരുമ്പോ തോന്നുന്ന ഈ സങ്കടത്തിനാണോ രാജേന്ദ്രാ പ്രണയവെന്ന് പറയുന്നെ?
രാജേന്ദ്രനെ ഞാനാദ്യം കണ്ടത് ഗ്രൂപ്പിലിട്ട വീഡിയോയിൽ ‘വയലറ്റ് മഴ’ എന്ന കവിത വായിക്കുന്നതാ. 30k ആളുകള് അത് വ്യൂ ചെയ്തിട്ടൊണ്ട്. എന്തോരം ലൈക്കും ഷെയറുവാ അതിന്. സത്യത്തില് രാജേന്ദ്രന്റെ കഴുത്തൊപ്പവൊള്ള മുടീം ഒറ്റക്കാതിലെ കമ്മലും വയലറ്റ് ജുബ്ബായും കറത്തമുണ്ടുവൊക്കെക്കണ്ട് എന്നാ ന്നറിയത്തല്ല ഞങ്ങടെ കർത്താവിനെ ഓർമ വന്നു. എനിക്ക് ഈ മുടിവളത്തുന്ന ആണുങ്ങളെ ഇഷ്ടവേയല്ല. എന്നാലും രാജേന്ദ്രനോട് ഭയങ്കര സ്നേഹം തോന്നി. എന്നാ മെലിഞ്ഞിട്ടാ രാജേന്ദ്രനിരിക്കുന്നത്. കണ്ണൊക്കെ കുഴിഞ്ഞ് പാതാളത്തിലായ പോലൊണ്ട്. നല്ല സ്നേഹോം തീറ്റേം കൊടുക്കുന്ന പെണ്ണുങ്ങള് വീട്ടിലൊള്ള ആണുങ്ങളെ കണ്ടാലറിയാം രാജേന്ദ്രാ. ഇവടെ ചേട്ടായിയെ ഒന്നു കണ്ടു നോക്കണം. നല്ലവണ്ണം വച്ച്, വയറൊക്കെ ചാടി, എന്നാ സുന്ദരനാന്നോ. എപ്പഴും ചേട്ടായിക്ക് സന്തോഷവാ. ഈ സലോമി അങ്ങനാ അതിനെ നോക്കുന്നെ. രാജേന്ദ്രന് നേരേ ചൊവ്വേ തീറ്റ ഒണ്ടാക്കിത്തരാൻ ആരുവില്ലെന്നും രാജേന്ദ്രനെ നോക്കാനൊന്നും ആരുവില്ലാന്നും എന്നാണോ എനിക്കങ്ങ് തോന്നിപ്പോയി. കവിത ചൊല്ലുന്നതിനിടയില് ചൊമയ്ക്കുന്നതും കണ്ടു. അപ്പോ കുഞ്ഞായിരിക്കുമ്പം കണ്ട കമലദളം സിൽമ ഓർമ വന്നു. അതില് മോഹൻലാല് ചൊമച്ചു കൊണ്ട് ‘സ്വസ്തി സുമുഹൂർത്തം’ എന്ന പാട്ടു പാടി മരിക്കുന്നില്ലേ? അതോർത്ത് രാജേന്ദ്രനെ നോക്കിയിരുന്നപ്പോ എന്റെ ചങ്കു കത്തിപ്പോയി രാജേന്ദ്രാ. അന്നു തൊടങ്ങീതാ ഈ ഇഷ്ടം. രാജേന്ദ്രനെ കണ്ട അന്നു രാത്രി എന്തിനോ സങ്കടം വന്നു. നാലുവരി ഈ ഫോണില് എഴുതി സേവ് ചെയ്തു വച്ചു.
‘എൻ സ്വപ്നനായകൻ
രാജരാജൻ
വയലറ്റു മഴ തന്റെ കാവ്യനാഥൻ
ഒരു കൊച്ചു സ്വപ്നത്തിൻ
തേരിലേറി
എൻ ഹൃത്തടത്തിൽ വിരുന്നു വന്നു
ഒരു നാളുമെന്നെ പിരിയരുതേ’
രാജേന്ദ്രൻ കവിത ചൊല്ലുമ്പഴാ ഞാനാ കിറി നല്ലോണം കണ്ടത്. കറത്തിരിക്കുന്നു. നല്ല വലിയൊണ്ടല്ലേ രാജേന്ദ്രാ? എന്നാത്തിനാ രാജേന്ദ്രനിങ്ങനെ വലിക്കുന്നെ? കരള് കരിയിക്കുന്നെ? രാജേന്ദ്രന് എന്നെ അറിയത്തേയില്ല. സത്യത്തില് രാജേന്ദ്രൻ കെട്ടീതാണോന്നോ, മക്കളൊണ്ടോന്നോ ഒന്നുവറിയത്തില്ല. പക്ഷേ, കെട്ടിയ ആണുങ്ങടെ ചെല കള്ള ലക്ഷണങ്ങളൊന്നും രാജേന്ദ്രനെക്കണ്ടിട്ട് തോന്നിട്ടേയില്ല. കുടുംബശ്രീ മീറ്റിങ്ങ് കഴിഞ്ഞ് വന്നപ്പം ആകെ നനഞ്ഞു. കറണ്ടില്ലാത്ത കൊണ്ട് വീടിനാത്തേക്ക് കേറാനേ തോന്നുന്നില്ല. എന്നാണ്ടൊക്കെപ്പേടി പോലെ. വെറുതെയിരിക്കുമ്പം ഡിപ്രഷൻ വരും. അതുകൊണ്ട് അടുക്കളേക്കേറി ഇച്ചിരി പിടി ഒണ്ടാക്കി രാജേന്ദ്രാ. ജീരകോം അരിപ്പൊടീം ചൂടുവെള്ളത്തില് കൊഴച്ചുവച്ചു. രാജേന്ദ്രൻ പിടി തിന്നിട്ടൊണ്ടോ രാജേന്ദ്രാ? എറച്ചിക്കറീം പിടീങ്ങൊടെ തിന്നു നോക്കണം. എന്നാ ടേസ്റ്റാന്നോ. എന്നേലും പിടി ഞാനൊണ്ടാക്കിത്തരാം കേട്ടോ രാജേന്ദ്രന്. ചേട്ടായിക്ക് രാത്രീലത്തേന് പിടി പറ്റത്തില്ല. നാലഞ്ച് ചപ്പാത്തി ഒണ്ടാക്കി. ഇവടാണേ വൈകിട്ടേ രാത്രി ആകും രാജേന്ദ്രാ. മഴേം മൂടിക്കെട്ടലും കാരണം ആകാശത്തൊന്നും കാണത്തേയില്ല. മിനിഞ്ഞാന്ന് എപ്പഴോ കണ്ട അമ്പിളി അമ്മാവനൊക്കെ മേഘങ്ങടെ എടേല് എവടെപ്പോയി കെടക്കുവാണോ? ചേട്ടായി ഇന്നിച്ചിരി നേരത്തെ വന്നിട്ടൊണ്ട്. കുളീം കഴിഞ്ഞ് മുൻവശത്തിരുന്ന് ഫോൺ നോക്കുന്നൊണ്ട്. ചേട്ടായിക്ക് ടിക്ക് ടോക്കും യൂ ട്യൂബുവൊക്കെയാ കാണാനിഷ്ടം. പണികൾക്കെടേലൊക്കെ ഞാൻ ഫോണ് എടക്കെടെ നോക്കും. ഗ്രൂപ്പിലെ മിക്ക കവിതകൾക്കും ലൈക്കും കമന്റും കൊടുക്കുന്ന കൊണ്ട് എല്ലാർക്കും സലോമി ജിബിൻ മ്ലാന്തോട്ടത്തിനെ നല്ലോണവറിയാം. ചെലര് നമ്പരൊക്കെ വാങ്ങും. മെസഞ്ചറില് ചാറ്റിനൊന്നും എന്നെ കിട്ടത്തില്ല രാജേന്ദ്രാ. ചെല വായിനോക്കികള് എന്നാലും ഹായ് വച്ചും ലൗ
സ്മൈലി ഇട്ടും ഉണ്ടോ, തിന്നോ, കുടിച്ചോ, കെടന്നോ എന്നൊക്കെ ചോദിച്ചും വരും. ശരിയല്ലാന്ന് കാണുന്നോമ്മാരെ ഞാനങ്ങ് ബ്ലോക്ക് ചെയ്യും.
ചെലരാണേല് ഗുഡ് മോണിങ്ങും ഗുഡ് നൈറ്റും ശുഭദിനോം ശുഭരാത്രീവിട്ട് വെറുപ്പിക്കും. വേറെ ചെലര് അവരെഴുതീത് ഇങ്ങനെ അയച്ചു തന്നോണ്ടിരിക്കും. കൊറേ സായിപ്പുമാരടെ റിക്വസ്റ്റും വരും. അവരൊക്കെ ഫേക്ക് ഐഡിയാന്ന് പിന്നെയാ മനസിലായെ. ബ്ലോക്ക് ചെയ്തു വിടും. അക്കൗണ്ട് ഹാക്ക് ചെയ്യാൻ വരുന്നതാ. ഈ പാവം സലോമിയെ ഹാക്ക് ചെയ്തിട്ട് എന്നാത്തിനാണാവോ? കവികളാണേല് ഒരു ലൈക്ക് തരണേ, ഒന്നു ഷെയറണേ സലോമി എന്നൊക്കെപ്പറഞ്ഞ് ലിങ്ക് തരും. ഈ ലൈക്കും ഷെയറുവൊന്നും കൊടുക്കാൻ നമക്ക് നഷ്ടവൊന്നുവില്ലല്ലോ. ചെലര് ഒളിച്ചു വന്ന് എല്ലാം വായിച്ചിട്ട് പോകും. ലൈക്കിടത്തേയില്ല. കുശുമ്പ്. അങ്ങനെ കണ്ടിട്ട് കാണാത്ത മട്ടിൽ പോകാനൊള്ള കള്ളത്തരവൊന്നും സലോമി ആരോടും എടുക്കത്തില്ല. പാവങ്ങള്. എന്തോരം മസില് പിടിച്ച് സമയം കളഞ്ഞാരിക്കും ഓരോന്നെഴുതിക്കൊണ്ടുന്ന് പോസ്റ്റു ചെയ്യുന്നെ. നമ്മള് മനുഷ്യത്വം കാണിക്കണ്ടേ? പെണ്ണുങ്ങക്ക് മാത്രം ലൈക്ക് കൊടുക്കുന്ന ചെല പൂവാലമ്മാരുവൊണ്ട്. റോബി കിഴക്കേപ്പുറം, യൂനസ് മനപ്പള്ളി, എസ്കെ അബ്ദുൾ ഹമീദ് തൊടങ്ങിയവമ്മാര് എല്ലാ പെണ്ണുങ്ങടേം പോസ്റ്റിന്റെ താഴെ പൂ പിടിച്ച ക്യൂട്ടെക്സിട്ട കയ്യും, കയ്യില് ചൊവന്ന ഹൃദയം പിടിച്ച മാമാട്ടിക്കൊച്ചിന്റെ സ്റ്റിക്കറുവായും എപ്പഴുവൊണ്ട്.
പക്ഷേ, രാജേന്ദ്രൻ ഭയങ്കര നീറ്റാ കേട്ടോ രാജേന്ദ്രാ. ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടൊണ്ട്. ഒറ്റ പെണ്ണുങ്ങടേം പോസ്റ്റിന് താഴെ ചെന്ന് രാജേന്ദ്രൻ
ഒലിപ്പിക്കാറില്ല. അന്തസ്സ്. അങ്ങനെ ലൈക്കുന്നേന് കൊഴപ്പവൊണ്ടായിട്ടൊന്നുവല്ല കേട്ടോ. പക്ഷേ, രാജേന്ദ്രനോട് എനിക്ക് ശകലവൊരു ഇതൊണ്ടല്ലോ. അതു കൊണ്ട് തോന്നിതാ കേട്ടോ. ഗ്രൂപ്പിലാണേല് കവിത എഴുതുന്ന കൊറേ സുന്ദരിപ്പെണ്ണുങ്ങളുവൊണ്ട്. ഹഫ്സ കാവുങ്ങൽ, ശ്രീലക്ഷ്മി, നിള മൂവാറ്റുപുഴ, ഷൈജ ശരണ്യ. ഈ ഷൈജ ശരണ്യ ഒരു രക്ഷേവില്ല കേട്ടോ. ടീച്ചറാണ്. എന്നാ ഭങ്ങിയാ അവക്കടെ ഓരോ പടങ്ങള് കണ്ടാല്. അവള് കമഴ്ന്ന് കെടക്കുന്നതും വിദൂരതേല് നോക്കി ഇരിക്കുന്നതും ജനലേപ്പിടിച്ച് നിക്കുന്നതും എന്തോരം ഫോട്ടോകളാ കവിതക്കൊപ്പം ഇടുന്നത്. ആ പെണ്ണിന് വീട്ടിചോദിക്കാനും പറയാനും ആരുവില്ലാന്ന് തോന്നും. എന്നാ ഗോഷ്ഠി വേണേലും കാണിച്ചോളും. എന്തോരം സാരിയാ. എന്നാ രസവൊള്ള മുടിയാ. കറുത്ത മാലേമിട്ട്, പൊട്ടും തൊട്ട്, സാരീമുടുത്ത് മുടിയഴിച്ചിട്ട് ഫോട്ടോയിട്ട്, ഒരു കവിതേം എഴുതിയാ മാധവിക്കുട്ടിയായെന്നാ ചെല പെണ്ണുങ്ങടെ വിചാരം. ഇവള് എന്തോ പ്രേമക്കേസുകെട്ടാ. കവിതയൊക്കെ മൊത്തം ഞാൻ, നീ, നീ വന്നു, നീ പോയി, കടൽ, ചെമ്പകം, ചുംബനം, തിളയ്ക്കൽ, വേവൽ, സൂര്യൻ, രാത്രി, കടലാഴം ഇത് മാത്രം. വേറെ ഒരു വിഷയവുമില്ല. പ്രണയം മാത്രം. ദാണ്ട് കെടക്കുന്നു സുന്ദരിടെ ഒരു കവിത. ഒപ്പം ചാഞ്ഞ് അകലേക്ക് നോക്കിക്കെടക്കുന്ന ശൃംഗാരപ്പടോവൊണ്ട്.
‘കടലുപോലെ തിളയ്ക്കുന്നു
ഞാനെന്റെപ്രണയസൂര്യന്റെ
മൃദു ചുംബനങ്ങളാൽ
കരളു പൊള്ളുമീ ജ്വാലയിൽ
കാമുകൻ, ഇതളുനീർത്തുന്ന
ചെമ്പകപ്പൂവു ഞാൻ
ഉടലിനറ്റം വരെ നിന്റെ
യോമന, പ്രണയ ലാളന
മെൻ ജീവസ്പന്ദനം
പിരിയരുതെന്റെ സൂര്യ,
നീയ്യെന്നുടെ പുനർജനി
മന്ത്ര, മുയിരിന്റെ പുണ്യം’
(ഷൈജ ശരണ്യ)
ഓ, എന്നാത്തിന് കൊള്ളാം. ചങ്ങമ്പുഴയേം ചുള്ളിക്കാടിനേം മാറ്റിപ്പിടിക്കാൻ നോക്കുവല്ലേ പെണ്ണ്. ഇവക്ക് മാത്രവല്ലേ ലോകത്ത് പ്രണയവൊള്ളു.
അവക്കടെ കവിതേടെ താഴെച്ചെന്നിട്ട് ചെല ആണുങ്ങള് wow, beautiful, എക്സലന്റ് എന്നൊക്കെ പറഞ്ഞ് ഒലിപ്പിച്ച് വീണുകെടക്കുവല്ലേ. അവളെന്നാ വേണേലും ഇട്ടോട്ടെ. മനിഷര് അവരോർക്ക് സന്തോഷം കിട്ടുന്ന കാര്യങ്ങള് ചെയ്യുന്നേന് തെറ്റുപറയാമ്പറ്റത്തില്ല. എനിക്ക് കുശുമ്പ് തോന്നുന്നത് രാജേന്ദ്രനെങ്ങാനും അവളെ പ്രണയിച്ചാലോന്ന് ഓർത്തിട്ടാ. ഹൊ, എന്തോരം നല്ല കവികളൊണ്ടല്ലേ നമ്മടെ ഗ്രൂപ്പില്! ഷെറി വാകത്താനം, അൽത്താഫ്, വിൻസി ചിറക്കൽ, ഹൈറേഞ്ചിന്റെ കവി പുഷ്പാലയം പ്രസന്നകുമാർ, പിന്നെ പൂവാക, നീർമാതളം, ചെമ്പരത്തി, ആമ്പൽപ്പൊയ്ക, വിപഞ്ചിക തുടങ്ങിയ തൂലികാനാമങ്ങളുള്ള ആണോ പെണ്ണോന്നറിയാത്ത വകുപ്പുകള് ഇഷ്ടംപോലെ വേറേം...! രാജേന്ദ്രനോട് ഇങ്ങനെ ഒറ്റയ്ക്ക് മിണ്ടാൻ നല്ല രസവൊണ്ട്. ഇതും സലോമീടെ ഒരു തരം കവിതയാ രാജേന്ദ്രാ.
ചപ്പാത്തിക്ക് കൂട്ടാനായിട്ട് ശകലം മൊട്ടക്കറി ഒണ്ടാക്കി. ഈ മൊട്ടക്കറി കഴിച്ചാ രാജേന്ദ്രൻ ഞങ്ങടെ മാട്ടുക്കട്ടേന്ന് പോവത്തില്ല. അത്രേം ടേസ്റ്റാ. തക്കാളി വഴറ്റി, മല്ലിപ്പൊടി ചേർത്ത് തേങ്ങാപ്പാലിലാ കേട്ടോ ഇതൊണ്ടാക്കിയെടുക്കുന്നത്. ഉപ്പുതറേന്ന് പേരമ്മ കൊടുത്തു വിട്ട നല്ല നാടൻ മൊട്ടയാ ഇത്. രാജേന്ദ്രന്റെ മൊട്ട എന്ന കവിതേല് പഴയ കാമുകി വളർത്തുന്ന കോഴികളെപ്പറ്റി പറഞ്ഞില്ലേ? ആ കാമുകിക്ക് എന്നായാലും ഈ സലോമീടെ കൈപ്പുണ്യവൊണ്ടാകത്തില്ലാന്ന് ഒറപ്പല്ലേ. നല്ല പെണ്ണുങ്ങടെ സ്നേഹം അനുഭവിക്കാൻ യോഗം വേണം രാജേന്ദ്രാ, യോഗം വേണം. അതില്ലാത്തോര് പഴയ കാമുകിയെപ്പറ്റി മുട്ട എന്നും ചട്ട എന്നും കവിതയെഴുതി നടക്കും. പി.എം.എസാ രാജേന്ദ്രാ. വനിതേലൊക്കെ ലേഖനത്തില് പറയില്ലേ, ആ ദിവസങ്ങളിൽ അവളെ ശ്രദ്ധിക്കണവെന്ന്. സത്യവാ കേട്ടോ. ആ ദിവസങ്ങളില് കുശുമ്പും ദേഷ്യോം സങ്കടോം കൂടും.
നമ്മടെ റോബിൻസ് മിഖായേൽ ഇന്നാള് പിഎംഎസ് എന്ന കവിതയെഴുതി ഗ്രൂപ്പിലിട്ടാരുന്നല്ലോ. കണ്ടാരുന്നോ?
‘ആ ദിവസങ്ങളിൽ
അവളെ അറിയണം
അവൾ കരഞ്ഞാൽ
നിന്നെ സ്നേഹിക്കുന്നു
എന്നു കരുതണം
അവൾ ദേഷ്യപ്പെട്ടാൽ
നീ ലാളിക്കണമെന്ന് ധരിക്കണം
അവൾ വേദനിക്കുന്നെന്ന്
പറഞ്ഞാൽ
നീ പാദം മുത്തിത്തഴുകണം
എന്തെന്നാൽ പിഎംഎസ്
പെണ്ണിനെ പലതരം വേദനയുടെ
ഒരു വിലക്കപ്പെട്ട രാജ്യമാക്കുന്നു
ആ രാജ്യത്തിന് നാലതിരും
രക്ത നദികൾ കൂലംകുത്തി
ഒഴുകുന്നു’
ഈ ആണുങ്ങളെങ്ങനാ പെണ്ണുങ്ങടെ പിഎംഎസ് അറിയുന്നെ? കല്യാണം കഴിച്ചതാവും. ആ ദിവസം ഭാര്യേടെ കയ്യീന്ന് നല്ല മേട്ടം കിട്ടുന്നൊണ്ടാവും.
ചേട്ടായിക്ക് അത്താഴം കഴിഞ്ഞാ അപ്പോ കെടക്കണം. പാത്രവൊക്കെ രാവിലെ കഴുകിയാ മതീന്ന് പറയും. മറ്റേത് എന്നും വേണം രാജേന്ദ്രാ. എനിക്കാണേല് പീരിഡ്സ് കഴിഞ്ഞ ഒന്നോ രണ്ടോ ദെവസം മാത്രമേ ഇഷ്ടവൊള്ളു. ദാണ്ട് കെടക്കാൻ വിളിക്കുന്നൊണ്ട്. ഈ ആണുങ്ങടെ കൂടെ ജീവിക്കാൻ എന്നാ പാടാ. സ്ത്രീജന്മം എന്നതൊക്കെ സഹിച്ചാലാ. ഒറക്കെ അലറിക്കോണ്ട് ചെലപ്പോ രാജേന്ദ്രന്റെ ‘സ്വതന്ത്ര’യിലെ പെണ്ണിനെപ്പോലെ ഭൂമിടെ അറ്റത്തേക്ക് വീട്ടിന്നെറങ്ങി ഓടാന്തോന്നും. ഓ, പിന്നേം വിളിക്കുന്നൊണ്ട്. ഈ പിഎംഎസും വച്ചോണ്ട് എന്നാ ചെയ്യാനാണോ. ആകെ എരിച്ചിലും പൊകച്ചിലും നടുവേദനേവാ.
വേഗം പാലപ്പത്തിന് കപ്പി കാച്ചി, യീസ്റ്റൊഴിച്ച് എല്ലാം കൂടെ ചേർത്തു വച്ചു. കെടക്കാന്നേരം ഇച്ചിരി പശൂമ്പാലിൽ മഞ്ഞപ്പൊടിയിട്ട് ചേട്ടായിക്ക് ഞാനെന്നും കൊടുക്കും. വയറ്റില് വല്ല വെഷോം കൈവെഷോം ഒണ്ടേല് എറങ്ങിപ്പോട്ടേന്ന് കരുതിയാ. രാജേന്ദ്രന് ഇച്ചിരി പാലെടുക്കട്ടെ രാജേന്ദ്രാ? സങ്കടം വരുന്നു. മനുഷമ്മാര് ഈ ലോകത്ത് എന്തോരം പറയാമ്പറ്റാത്ത സ്നേഹങ്ങളും വെഷമങ്ങളും കൊണ്ടു നടക്കുന്നോരാ അല്ലേ? പോയി കെടക്കട്ടെ രാജേന്ദ്രാ അല്ലേ ചേട്ടായിക്കിനി ദേഷ്യം വരും. എന്റെ സ്വപ്നത്തില് വരണം കേട്ടോ രാജേന്ദ്രാ.
∙∙∙ ∙∙∙
2
രാവിലെം മഴ തന്നെയാ രാജേന്ദ്രാ. ഈ നാട്ടിലെ മണ്ണില് എത്ര മഴ പെയ്താലും മണ്ണ് വലിച്ചെടുക്കും. സ്നേഹം മനസ്സില് അലിയുന്ന പോലെ, വെള്ളം മണ്ണിലല്ലാതെ എവടാ വേറെ അലിഞ്ഞു ചേരുന്നതല്ലേ? കടലിലും പൊഴേലും വീണാലും ഒഴുകി പോകത്തല്ലേയൊള്ളു? പക്ഷേ, മലകളെയാ വിശ്വസിക്കാമ്പറ്റാത്തത്. എപ്പഴാ പൊക്കവൊള്ളതിന്റെ അഹങ്കാരം കാണിച്ച് ഉള്ളു തള്ളി, കല്ലും മണ്ണും വെള്ളോമെരപ്പിച്ച് നാടുമൊത്തം തവിടുപൊടിയാക്കുന്നേന്ന് പറയാമ്പറ്റത്തില്ല. ചേട്ടായിയാണേല് ഇന്ന് കൊറച്ച് നേരത്തേ പോയി. കട്ടപ്പനേന്ന് ചരക്ക് എടുക്കാമ്പോണം. എണീറ്റു വന്ന പാട് ഗ്രൂപ്പിൽ ശ്രീനിലയം അംബികാദേവി സാറിന്റെ കവിതയാണ് കണ്ടത്. എല്ലാം കൃഷ്ണ സ്തുതി, വിഷ്ണു സ്തുതി, ഭൂമീദേവി സ്തുതി. എനിക്കവരടെ കവിത ഒട്ടും ഇഷ്ടവില്ല. താഴെ മനുകുമാർ മട്ടാഞ്ചേരിയുടെ കവിതയൊണ്ട്. അയാളെന്നാ ബുദ്ധിജീവിയാല്ലേ. റൊമേനിയ, ബൾഗേറിയ, പലായനം, വംശഹത്യ, സ്വീഡൻ ഇങ്ങനത്തെത്തരം നാടുകളില് നടക്കുന്ന കവിതകളേ അയാളെഴുതത്തൊള്ളു. അതേപോലെ മങ്കിപ്പനി വന്നാലും ഡാം തൊറന്നാലും നാട്ടിലെന്നാ നടന്നാലും അതിനെപ്പറ്റി അപ്പഴപ്പോഴ് കവിത എഴുതുന്ന വേറെ ഒരാളൊണ്ടല്ലോ, അയാക്കടെ പേരെന്നാ..?..ശ്ശൊ... മറന്നു. പിന്നെ, ജാനി ജോൺ തടാകത്തിനാണേല് കൊറേ തത്വജ്ഞാന കവിതകളാ. അതാണേല് ഫോട്ടോഷോപ്പ് ചെയ്ത് നല്ല രസത്തിന് നെറമൊള്ള ഡിസൈനിലൊക്കെയാ ഇടുന്നെ. എന്തോരം ലൈക്കാ അതിന്! സമുദ്രിക സാമഗീതം എന്ന ഐഡി ആണോ പെണ്ണോ എന്നറിയത്തില്ല. അതിനെപ്പോഴും മരണോം ദു:ഖോം മാത്രവേയൊള്ളു വിഷയം. ജീവിതദു:ഖത്തീന്ന് ഒളിച്ചോടാൻ മനിഷേര് ചുമ്മാ കുട്ടിക്കളി കളിക്കുന്ന സ്ഥലവാ ഫേസ് ബുക്കെന്ന് തോന്നാറൊണ്ട്. അവടേം കൊണ്ടെ എരിക്കുന്ന മൊളകുപൊടി മാത്രം ചേർത്ത് കറിയൊണ്ടാക്കി വെളമ്പുന്ന പോലെ ഓരോന്നിന്റെയൊക്കെ വിഷാദം! എനിക്ക് കാണരത്. കവിത വായിച്ചു എന്ന ഒരിത് എനിക്ക് ശരിക്കും തോന്നുന്നത് എന്റെ രാജേന്ദ്രൻ്റെ കവിതകള് വായിക്കുമ്പം മാത്രവാ രാജേന്ദ്രാ. എന്റെ രാജേന്ദ്രാന്നൊക്കെ വിളിക്കാനൊള്ള സ്വാതന്ത്ര്യവൊണ്ടോന്നൊന്നും അറിയത്തില്ല രാജേന്ദ്രാ. എന്നാലും ആരുവറിയാതെ മനസ്സില് വിളിക്കാല്ലോ.
അയ്യോ പറയാൻ മറന്നു. നാളത്തെ കഴിഞ്ഞ് ഞങ്ങള് രണ്ടു പേരും കൂടി ദമ്പതീ സൗഖ്യ ധ്യാനം കൂടാൻ മുരിക്കാട്ടുകുടിക്കു പോകുവാ രാജേന്ദ്രാ. കൊമ്പനാക്കുന്നേലച്ചന്റെ ടീമാ ധ്യാനം നടത്തുന്നത്. രാവിലെ പീരിയഡ്സ് ആയി. ഒട്ടും പറ്റത്തില്ല. നല്ല വെഷമോം വേദനകളുവാ. എന്നാലും പോണം. വീടൊക്കെ തൂത്തുവാരിയിടണം. സാധനങ്ങള് കൊണ്ടുപോകാനൊള്ളതൊക്കെ എടുത്തു വെക്കണം. തേങ്ങ വറത്തിടിച്ച് കൊറച്ച് ചമ്മന്തിപ്പൊടി ഒണ്ടാക്കണം, രണ്ടു ചെറുനാരങ്ങാ അച്ചാറിടണം. ശകലം ഒണക്കമീൻ വറത്ത് കൈയ്യിപ്പിടിക്കണം. ഈ ധ്യാനകേന്ദ്രത്തിലെ കറിയൊന്നും ചേട്ടായിക്ക് പിടിക്കത്തില്ല. അഡ്രസ്സറിയാവാരുന്നേല് രാജേന്ദ്രന് ഒരു കുപ്പി അച്ചാറും ശകലം ചമ്മന്തിപ്പൊടീം ഒണങ്ങിയാലും മൂന്നാല് റോസാപ്പൂവും അയച്ചുതരാരുന്നു.
‘ദൂതെ’ന്ന കവിതേല് രാജേന്ദ്രൻ ഇങ്ങനല്ലേ എഴുതീത്?
‘എന്റെ കാതറീൻ
നിന്റെ മുറ്റത്ത് വിരിയും
പനിനീർപ്പൂവുമായി
നീ എന്നാണ് എന്നെ
തേടി വരിക?
പ്രിയേ നിന്റെ ചുംബനം
ഇളങ്കാറ്റായി എന്നെന്റെ
ഹൃദയത്തെ തഴുകും?’
ആരാ രാജേന്ദ്രാ ഈ കാതറീൻ? നല്ല സുന്ദരിയാണോ? പിന്നെ ചുംബനം തരാനൊള്ള ധൈര്യവൊന്നുവില്ല. രാജേന്ദ്രാ. ചേട്ടായി പാവമല്ലേ?
അയ്യോ പറഞ്ഞ് പറഞ്ഞ് നേരം പോയി. ഒരു കട്ടഞ്ചായ കുടിക്കാന്തോന്നുന്നു. രാജേന്ദ്രന്റെ ‘സുലൈമാനി സഖാവ്’ വായിച്ച ശേഷം എനിക്കും കട്ടൻ മതി രാജേന്ദ്രാ. നടുവ് കഴച്ചു പൊട്ടുവാ. തല വെട്ടിപ്പൊളിക്കുവാ. സവിതാ ഭവാനി ഇന്നാളെഴുതിയ പോലെ ‘സങ്കടം പ്രേമവും ചോരയുമായി എന്നെ ശ്വാസം മുട്ടിക്കുന്നു’ രാജേന്ദ്രാ. രാജേന്ദ്രനെ ഇപ്പോ കാണണംന്ന് തോന്നുവാ. എനിക്ക് ഈ ലോകത്ത് രാജേന്ദ്രനോട് മാത്രം പറയാൻ എന്നാണ്ടൊക്കെയോ ഒണ്ട്. ഇന്ന് കൂട്ടാൻ വയ്ക്കാൻ ചേമ്പിൻ താളാണ്. അത് അരിഞ്ഞ് പിഴിഞ്ഞ് തേങ്ങാ ചെരകിയിട്ട് കടുക് വറത്ത് തോരനൊണ്ടാക്കി. കൈ ചൊറിച്ചിലൊക്കെയൊണ്ട്. സാരവില്ല. വെളിച്ചെണ്ണ പെരട്ടി. പിന്നെ ചേമ്പിലകൊണ്ടൊരു കൂട്ടാൻ വച്ചു. ചേമ്പിലവാട്ടി, ചുരുട്ടിക്കെട്ടി, മുളകും മഞ്ഞളും മല്ലിപ്പൊടിമിട്ട്, കൊടമ്പുളി ചേർത്ത് തെളപ്പിച്ച്, തേങ്ങായരച്ച് ചേർത്ത് കടുകും വറത്തിട്ട് ഇങ്ങെടുക്കണം. ഒരു പ്രത്യേക രുചിയൊള്ള കറിയാ. പിന്നെ തക്കാളിപ്പഴം രസം. ഞങ്ങള് ഹൈറേഞ്ചുകാരടെ പ്രത്യേക വിഭവമാ. മേടിക്കുന്ന തക്കാളി ആകരുത്. പറമ്പിലൊണ്ടാകുന്നേനാ ടേസ്റ്റ്. ഇച്ചിരിപ്പഴുക്കണം. അതരിഞ്ഞ് വെളുത്തുള്ളീം കരിയാപ്പിലേം പച്ച മൊളകുവിട്ട് വഴറ്റി കൊറച്ച് മൊളക് പൊടീം മഞ്ഞപ്പൊടീം പച്ചകുരുമൊളക് ചതച്ചതുവിടണം. കൊറച്ച് കായപ്പൊടീം ചേർക്കണം. ചോറിലൊഴിച്ചു കഴിക്കാൻ സൂപ്പറാ. അങ്ങുകുടിച്ചാലോ? സൂപ്പ് കുടിച്ച സുഖവാ തണുപ്പത്ത് രാജേന്ദ്രാ. വയറിനും നല്ലതാ. രാജേന്ദ്രന് ചോറിലൊഴിച്ചു തരാന്തോന്നുന്നുണ്ട്. അതിന് നമ്മള് തമ്മില് ഒരിക്കലേലും കാണുവോ രാജേന്ദ്രാ? കണ്ടാലും രാജേന്ദ്രൻ എന്നെ മൈന്റ് ചെയ്യുവോ? രാജേന്ദ്രൻ വെല്യ കവിയൊക്കെയല്ലേ രാജേന്ദ്രാ?
എനിക്ക് ദാണ്ട് പിന്നേം കരച്ചില് വരുന്നൊണ്ട്. കരച്ചില് വരുമ്പം എനിക്ക് എന്നതേലും എഴുതാൻ തോന്നും. ഫോണിന്റെ നോട്ട് പാഡിലാ ഡയറി എഴുത്ത് രാജേന്ദ്രാ. ഓരോ ദെവസോം രാജേന്ദ്രനോട് മിണ്ടുന്ന ചെലതൊക്കെ അതിലൊണ്ട്. എന്റെ കവിതകളും സങ്കടങ്ങളുവൊണ്ട്. ഡയറിയേലൊക്കെ എഴുതി വച്ചാ ആരേലും വായിച്ചാലോ? ചെലപ്പം ഓർക്കും ഞാനെങ്ങാനും ചത്തുപോവുമ്പോഴാരിക്കും ചേട്ടായി ഈ ഫോൺ കാണുന്നേന്ന്. ഇതുവരെക്കണ്ട, തീറ്റയൊണ്ടാക്കി വെളമ്പിത്തന്ന, കൂടെക്കെടക്കുന്ന, ഒപ്പം താമസിക്കുന്ന സലോമിയല്ലല്ലോ ഈ സലോമീന്നോർത്ത് ചേട്ടായിക്ക് ചെലപ്പം അറ്റാക്ക് വരും. ഒരു മനിഷന്റെ ഉള്ളില് ആരും കാണാത്ത എത്ര മനിഷേരുണ്ടാവും അല്ലേ രാജേന്ദ്രാ? നോട്ട് പാഡില് ഇങ്ങനൊക്കെയാ എഴുതുന്നെ. എന്റെ സ്വപ്നങ്ങളാണത്. സാക്ഷാൽ രാജേന്ദ്രൻ കണ്ടാ ചെലപ്പം എന്നെ ഓടിക്കും. ഇതിപ്പോ ഞാനല്ലാതെ വേറാരും കാണില്ലല്ലോ. ഇന്ന് ഇച്ചിരി കലിപ്പാണ്. പീരിഡ്സല്ലേ. സഹിച്ചോ രാജേന്ദ്രാ.
‘രാജേന്ദ്രൻ കരിപ്പലങ്ങാടിന്,
എന്താണ് എന്നെ ഇങ്ങനെ അവഗണിക്കുന്നത്. എന്റെ സർവ്വസ്വവും പ്രണയവും ഞാൻ കാഴ്ചവച്ചതല്ലേ. ആ കവിതയും ജീവിതവും എന്റേതായിരിക്കുമെന്ന് എന്നോട് പറഞ്ഞിട്ടില്ലേ. പുലർകാലത്ത് സലോമി ഉണ്ടാക്കുന്ന കട്ടൻ ചായ കുടിക്കണമെന്നും നട്ടുച്ചയ്ക്ക് മഞ്ഞസൂര്യന്മാർ തിളച്ചുവീണു കിടക്കുന്ന പരിപ്പുകറി വേണമെന്നും രാത്രിയിൽ പെരുഞ്ചീരകവും വെളുത്തുള്ളിയും ചതച്ചുലർത്തി തേങ്ങാക്കൊത്തിട്ട കക്കയിറച്ചി ഉണ്ടാക്കണവെന്നും മാനത്തെ വട്ടയപ്പം പോലൊള്ള ചന്ദ്രനെ നോക്കി ചുംബിച്ച് ചൊവപ്പിക്കുവെന്നും പറഞ്ഞത് മറന്നു പോയോ ദുഷ്ടാ? വാക്കു മാറി രാജേന്ദ്രൻ. എന്നെക്കാൾ സുന്ദരിമാര് വേറേവൊണ്ടല്ലോ. ഓരോ കവിതയിലും ഓരോ പെണ്ണുങ്ങൾ. ഈ സലോമി ചോരയൂറി ഉരുകി മരിക്കും രാജേന്ദ്രാ. ഇന്നുതന്നെ മരിക്കും. ഇനിയുമീ മൗനം അവസാനിപ്പിക്കണം. ഇത് എന്റെ ആത്മ വിലാപമാണ്. ഉറക്കെപ്പറയാതെ നിവൃത്തിയില്ല. എല്ലാരും അറിയണം. ലോകം രാജേന്ദ്രനെ കുരിശിലേറ്റണം. അതു കണ്ട് എനിക്ക് ആ ഹൊറോദോസ് കവിതയിലെ സലോമിയെപ്പോലെ രുധിര താണ്ഡവമാടണം.
എന്ന്,
പ്രണയപീഡിതയായ
സ്വന്തം സലോമി.’
കത്തെഴുതി സേവ് ചെയ്യുമ്പം കണ്ണ് നെറഞ്ഞ് രാജേന്ദ്രാ. മനസ്സിലെ നഷ്ടബോധങ്ങളും മോഹഭംഗങ്ങളും ഇങ്ങനല്ലേ ഒറ്റയ്ക്ക് തീർക്കാമ്പറ്റത്തൊള്ളു.
ലോകത്ത് ആരോടേലും പറയാമ്പറ്റുവോ? എന്തൊരു നരകം പിടിച്ച അവസ്ഥയാ. എനിക്ക് രാജേന്ദ്രന്റെ സ്നേഹം വേണം. രാജേന്ദ്രൻ തിരിച്ചെഴുതുന്ന കത്തുകളും ഇതിലൊണ്ട്. ഞാനെഴുതീത്. അതില് രാജേന്ദ്രൻ എന്നതാ എന്നെ വിളിക്കുന്നേന്നറിയാവോ? ഇപ്പം പറയത്തില്ല. സങ്കടവാ. പിന്നെ പറയാം. ഇന്ന് മൂഡ് ശരിയല്ല രാജേന്ദ്രാ. കരച്ചില് ദാണ്ട് പിന്നേം വരുന്നു. ചോര ഒഴുകുന്ന ശരീരം. എന്നാ ബ്ലീഡിങ്ങാന്നറിയാവോ. ഒരു ദിവസം ഒരു പാക്കറ്റ് വിസ്പറ് വേണം. അത് പിന്നെ ചേട്ടായി കടേന്ന് കൊണ്ടത്തരും. ഈ കണ്ണുനീരും ചോരയാ രാജേന്ദ്രാ. ചുമ്മാ കരച്ചില് വരുവാ. അറിയത്തില്ലാത്ത ഒരാളെ അയാളറിയാതെ സ്നേഹിക്കുന്നത്രേം സങ്കടം വേറെന്നാ ഒള്ളത് രാജേന്ദ്രാ? കരഞ്ഞു വശംകെട്ടു. കണ്ണ് കാണുന്നില്ല. കണ്ണ് തൊടച്ചു. മൂക്ക് ചീറ്റിപ്പം കൈ ഫോണിലെങ്ങാണ്ടോ തട്ടി. ഫേസ് ബുക്ക് ഓപ്പണാരുന്നെന്നാ തോന്നുന്നെ. രാജേന്ദ്രന് എഴുതി വെച്ച പ്രാന്ത് കത്ത് സേവ് ചെയ്യാമ്മറന്നു. കർത്താവേ! അതങ്ങോട്ട് അറിയാണ്ട് അപ്ലോഡായിപ്പോയെന്ന് തോന്നുന്നു! എന്റെ രാജേന്ദ്രാ, ചതിച്ചോ! ഞാൻ രാജേന്ദ്രന് ചുമ്മാ എഴുതിയ കത്ത് ഫേസ് ബുക്കിലോട്ട് അറിയാണ്ട് പോയിട്ടൊണ്ട്. അയ്യോ കണ്ണു കാണാത്ത പോലത്തെ ഇരുട്ട്. എന്നാ പണിയാ ഞാഞ്ചെയ്തത്..? എന്നാ വിവരക്കേടാ ഞാങ്കാട്ടീത്? വെക്കം ഡിലീറ്റിക്കളയാന്ന് കരുതി നോക്കുമ്പം ഫോണാണേല് ഓഫുവായിപ്പോയല്ലോ രാജേന്ദ്രാ. തൊണ്ട വരണ്ടുപോണു. തല കറങ്ങുന്നു. ശരീരം വെറയ്ക്കുന്നു. ഇനി ചത്താ മതി..
ഇവടെ കരണ്ടില്ലല്ലോ. ഇനി വാഴക്കാക്കുന്നുകാരടെ വീട്ടിപ്പോയി ചാർജ് കേറ്റി ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്നോക്കുമ്പഴത്തേനുവത് ഫേസ് ബുക്കിലൊള്ള എല്ലാരും വായിച്ചിട്ടൊണ്ടാവും. ഒന്നും ചെയ്യാമ്പറ്റത്തില്ല ഇനി രാജേന്ദ്രാ. സംഭവം കയ്യീന്ന് പോയി രാജേന്ദ്രാ. എന്റെ ഫ്രണ്ട് ലിസ്റ്റില് കവിതാ ഗ്രൂപ്പിലെ മുന്നൂറ് പേരേലുവൊണ്ട്. പ്രൊഫൈലില് സ്വന്തം പടവില്ലേലും സലോമി ജിബിൻ മ്ലാന്തോട്ടം, മാട്ടുക്കട്ട എന്ന സ്ഥലപ്പേരുവൊണ്ട്! എന്നാ ഒരു നാണക്കേടായിപ്പോയി ഇത്! ഇതിലപ്പറം ഒരു മാനക്കേട് വേറെ എന്തോ ന്നൊണ്ട്? ഒരിടത്ത് ഇരിക്കാന്തോന്നുന്നില്ല. ഫോണിന്റെ ചാർജെറുവെടുത്ത് മഴയത്തൂടെ ഓടി വാഴക്കാക്കുന്നുകാരുടെ വീട്ടിലെത്തി. അവടത്തെ ലീലാമ്മ ചേച്ചിയാണേല് കാച്ചില് പുഴുങ്ങീത് കഴിക്കാൻ നെർബന്ധിച്ചു. കൊറച്ച് കാച്ചില് വള്ളി കിട്ടിയാ തൂങ്ങിച്ചാകാരുന്നു എനിക്ക്. രാജേന്ദ്രാ. ഇന്ന് രാവിലെ വരെ ഈ സലോമീടെ ജീവിതം എന്നാ പരിശുദ്ധവാരുന്നു. എന്നാ സമാധാനവൊള്ളതാരുന്നു. തിന്നും കുടിച്ചും ഓരോന്നൊണ്ടാക്കീം ഒറ്റയ്ക്ക് സ്നേഹിച്ചും കവിത വായിച്ചും എന്നാ രസവാരുന്നു ജീവിതം. ഒറ്റ സെക്കന്റിലെ ഒരു ഫോൺതോണ്ടല് എന്നതൊക്കെ മാറ്റിമറിച്ചു കളഞ്ഞു! നാട്ടില് പല സ്ഥലത്തും ഉരുള് പൊട്ടീന്ന് ടിവീല് വാർത്ത കാണിക്കുന്നൊണ്ട്. എന്റെയീ തലേലോട്ട് പൊട്ടിയാ ഒന്നും കാണണ്ടാരുന്നു. ഫോൺ കൊറച്ച് ചാർജ് ചെയ്തു അവിടുന്നോടി. ലീലാമ്മ ചേച്ചി കൊട തന്നു വിട്ടു. ഇനി നനഞ്ഞാലെന്നാ? ഇല്ലേലെന്നാ? ഫോൺ ഓണാക്കീതേ ഫേസ് ബുക്ക് നെറയേ നോട്ടിഫിക്കേഷനുകളാ രാജേന്ദ്രാ. വാട്സാപ്പിലും മെസഞ്ചറിലും എന്തൊക്കെയോ വേറേവൊണ്ട്! ആ പോസ്റ്റിന്റെ താഴെ എന്തോരം ലൈക്കാ! എത്ര കമന്റ്സാ. ഒരു നൂറ് ഷെയറുവൊണ്ട്. ചെലരടെ കമന്റ് നോക്കീതേ ചത്താ മതീന്നായി രാജേന്ദ്രാ. എന്നതൊക്കെയാ ചെലര് എഴുതീട്ടൊള്ളത്!
സ്വരൂപനായർ മുംബൈ: ‘ഈ കരിപ്പലങ്ങാട് രാജേന്ദ്രൻ എന്ന കെട്ടവൻ കള്ളനാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുണ്ട്. വീട്ടമ്മമാരെ ലൈംഗിക ചൂഷണം നടത്തി കൊലയ്ക്കു കൊടുക്കുന്ന ദ്രോഹി. ഇവനൊക്കെ എന്ത് കവിയാ?’ പഞ്ചമി പണിക്കർ: ‘ഈ തുറന്നു പറച്ചിൽ മീടൂവാണ്. ഇവനെ വെറുതെ വിടരുത് സലോമി. കുട്ടിയുടെ ധൈര്യം അപാരം. സ്വമേധയാ വനിതാ കമ്മിഷൻ കേസെടുക്കണം.’ സാംസൺ ഡിക്രൂസ്: ‘സാംസ്ക്കാരിക നായകന്മാരുടെ മീടു തുടർക്കഥയാവുന്ന കാലത്ത് ഇത്തരം ചൂഷണത്തെപ്പറ്റി സിംബോളിക്കായി അവതരിപ്പിച്ച സലോമി എന്ന സഹോദരിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല’.
എന്റെ രാജേന്ദ്രാ. എന്നെയങ്ങ് എടുത്തോ. എനിക്കിനി ജീവിക്കണ്ടേ. കൂടുതല് വായിക്കാൻ ശക്തി കിട്ടീല്ല. ഇനി ഡിലീറ്റ് ചെയ്തിട്ടും കാര്യവില്ല. ഈ നേരത്തിനെടേല് പിന്നേം ഒരഞ്ഞൂറ് ഷെയറുകൾ പോയിട്ടൊണ്ട്. മീടുവിനെപ്പറ്റി ഈയടുത്ത് ഒത്തിരി വാർത്ത കാണാറൊണ്ട്. പെണ്ണുങ്ങളെ ഉപദ്രവിക്കുന്നവമ്മാർക്കെതിരെ പെണ്ണുങ്ങള് ധൈര്യത്തോടെ തൊറന്ന് പറയുന്ന പറച്ചിലാണല്ലോ അത്. ആരൊക്കെയോ ഫോണിൽ വിളിച്ചോണ്ടിരിപ്പൊണ്ട്. എടുക്കാനേ തോന്നുന്നില്ല. എന്നാ നാണക്കേടാ ഇത് രാജേന്ദ്രാ. കല്യാണം കഴിച്ച ഒരു പെണ്ണ് വേറൊരുത്തന് എഴുതിയ കത്ത് നാട്ടുകാര് ഫേസ് ബുക്കിക്കൂടി വായിക്കുക! പാവം ചേട്ടായി ഇതറിഞ്ഞാ എന്നാ കരുതും? ദാണ്ട്, സിജി ആമി കമല ചേച്ചീടെ കോളും വാട്സപ്പ് വോയ്സ് ക്ലിപ്പും കെടപ്പൊണ്ട്.
ക്ലിപ്പ് കേട്ടോണ്ടിരിക്കുവാ രാജേന്ദ്രാ.
‘എന്റെ സലോമീ, മോളേ. എനിക്ക് ഈ രാജേന്ദ്രൻ കരിപ്പലങ്ങാടനെ ജെനുവിൻ ആണോന്ന് പണ്ടേ സംശയണ്ടാര്ന്ന് ട്ടാ. അയാൾക്ക് ആകെ കള്ള ലക്ഷണാ. മനുഷ്യരോട് മിണ്ടത്തുല്യ. മനുഷ്യപ്പറ്റുല്യ. കുട്ടി ഇത് വെറുതെ വിടര്ത്ട്ട. കുട്ടീടെ കൈയ്യീന്ന് ഇയാള് പൈസ തട്ടീട്ട്ണ്ടന്നും വണ്ടിപ്പെരിയാറ് ഏതോ ലോഡ്ജില് കൊണ്ടോയി പീഡിപ്പിച്ച്ണ്ടെന്നും കുട്ടി ആരോടോ പറഞ്ഞിണ്ട്ന്ന് ഗ്രൂപ്പിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ മെസേജ് ആരോ ഇട്ടിണ്ട്. തുറമുഖം ഓൺലൈൻകാരൊക്കെ വാർത്ത ഇട്ടു കഴിഞ്ഞ്ട്ട. തുറമുഖം പോർട്ടല് അറിഞ്ഞാ മാത്രം മതി ലോകം മുഴുവൻ ഫ്ളാഷാണ്. കുട്ടി മീട്ടുവായ വിവരമറിഞ്ഞപ്പോത്തന്നെ ഗ്രൂപ്പീന്ന് അയാളെനെ പുറത്താക്കീണ്ട്ട്ട. പോലീസിനും മന്ത്രിമാർക്കും കൊടുക്കാൻ ഗ്രൂപ്പിലെ പെൺകവികളൊക്കെ ഒപ്പിട്ട പരാതി അയാക്കെതിരെ എഴുതിണ്ടാക്കി ണ്ട്. ഐക്യദാർഢ്യം സലോമി, കൂടെണ്ട് ട്ടാ. പേടിക്കാതെ മുന്നോട്ട് പോകണം. ഞങ്ങളൊക്കെ കൂടെണ്ട്’.
മുഴുവൻ കേട്ടില്ല. എന്റെ പൊന്നു രാജേന്ദ്രാ. രാജേന്ദ്രാ. എന്നോട് പൊറുക്കണം. രാജേന്ദ്രാ. തുറമുഖംകാരുടെ ലിങ്ക് ഓപ്പൺ ചെയ്തു വായിച്ചതേ കണ്ണു തള്ളി.
‘കവി രാജേന്ദ്രൻ കരിപ്പലങ്ങാടിനെതിരെ മീ ടു ഹാഷ് ടാഗുമായി ഹൈറേഞ്ചിലെ വീട്ടമ്മ’.
അയ്യോ എന്നാ ഒരു പെടുതിയായിപ്പോയി ഇത്. എനിക്ക് ഒന്നും കാണണ്ടേ. കേൾക്കണ്ടേ. പക്ഷേ, ഒരു തെറ്റും ചെയ്യാത്ത രാജേന്ദ്രനെ രക്ഷിക്കണവല്ലോ രാജേന്ദ്രാ. എങ്ങനെയാ അത്? എന്റെ ജീവിതം കരിഞ്ഞ് കറിച്ചട്ടീല് പിടിച്ചാലും വേണ്ടില്ല, ഒരു തെറ്റും ചെയ്യാത്ത രാജേന്ദ്രനെ രക്ഷിക്കണം. മീടുവല്ല ഞാൻ. ഇത് മീടു കേസല്ല. ശരിക്കുവല്ല. രാജേന്ദ്രനാ ടൈപ്പല്ല. എന്നായാലും നനഞ്ഞു. ഇനി മുങ്ങിക്കയറാം. ഒന്നും എഴുതാനേ പറ്റുന്നില്ല. ഫേസ് ബുക്ക് ലൈവ് പോയാലോ? ഒന്നും അറിയത്തില്ല, ലൈവൊക്കെ ചെലര് ചെല കാര്യം പറയാനായിട്ട് വരുന്നത് കണ്ടിട്ടൊണ്ട്. പക്ഷേ, പെണ്ണുങ്ങക്ക് ഒരു ധൈര്യം വന്നാ എല്ലാ വിവരോം താനേ വയ്ക്കും. ടൈം ലൈൻ തൊറന്ന് ലൈവെന്ന് കണ്ട എവടോ പിടിച്ചു ഞെക്കി. ലൈവാന്ന് കണ്ടു. ഉള്ളിലെ വെറയൊക്കെപ്പോയി. അഭിമാനം പോയോർക്ക് എന്നാ മാനക്കേട് അല്ലേ രാജേന്ദ്രാ.
‘പ്രിയപ്പെട്ടവരേ, ഞാനാ സലോമി ജിബിൻ മ്ലാന്തോട്ടം. എന്നെ നിങ്ങള് കരുതുന്ന പോലെ കരിപ്പലങ്ങാട് രാജേന്ദ്രൻ എന്ന കവി ഒന്നും ചെയ്തിട്ടില്ല. അതിന് അയാക്ക് എന്നെ അറിയത്തില്ല. ഞാൻ ചുമ്മാ കവിത വായിച്ച ഒരിഷ്ടം കൊണ്ട് രാജേന്ദ്രന് ഫോണില് ചെല കുറിപ്പുകളെഴുതീതാ. അത് കൈ തട്ടി അറിയാതെ ഫേസ് ബുക്കിൽ അപ് ലോഡായതാ. രാജേന്ദ്രനെ മീട്ടുവാക്കണ്ട ഒരു തെറ്റും അത് എന്നോട് ചെയ്തിട്ടില്ല. രാജേന്ദ്രൻ നല്ലവനാ. എന്റെ ഒരിതിൽ പെണ്ണുങ്ങളെ പഞ്ചാരയടിച്ച് പീഡിപ്പിച്ച് മുങ്ങുന്ന എല്ലാ അവമ്മാർക്കിട്ടും മീട്ടു കൊടുക്കണം. എന്റെ കാര്യത്തില് അതായിട്ടില്ല. ആരും രാജേന്ദ്രനെ കുറ്റക്കാരനാക്കരുത്. എന്റെ അപേക്ഷയാണിത്. രാജേന്ദ്രനോട് എനിക്ക് ഇഷ്ടം തോന്നീന്ന് വച്ച് അതെന്റെ കെട്ടിയോനെ ഇട്ടേച്ച് പോകാനോ കുടുംബം ഇല്ലാതാക്കാനോ ഒള്ള ഇഷ്ടവല്ല. നിങ്ങക്ക് ഭാര്യയോടോ ഭർത്താവിനോടോ അല്ലാതെ ചുമ്മാ ഒരിഷ്ടം ആരോടേലുവൊക്കെ തോന്നീട്ടില്ലേ? ഒന്നുവല്ലേലും ടൊവിനോയോടോ മമ്മൂട്ടിയോടോ എങ്കിലും? അങ്ങനില്ലാത്തോര് മാത്രം കുറ്റം പറയാൻ വന്നാ മതി കേട്ടോ. ഇത് പീഡനമല്ല. എനിക്ക് രാജേന്ദ്രനെപ്പറ്റി ഒരു പരാതിയുവില്ല. രാജേന്ദ്രൻ നിരപരാധിയാണ്. സലോമി മീട്ടൂവല്ല’.
ഇങ്ങനെ ഒന്നാന്തരവായിട്ട് കാര്യം പറഞ്ഞങ്ങ് തീർത്തു. ഹൊ വിറച്ചിട്ടും കിതച്ചിട്ടും വയ്യെന്റെ രാജേന്ദ്രാ. ആരാണ്ടൊക്കെ വിത് യു എന്നോ, ഹായ് ന്നോ ഒക്കെ വയ്ക്കുന്നുണ്ടാരുന്നു. ആരെന്നാ ഓർത്താലും ഇനി എനിക്കെന്നാ? എന്റെ ജീവിതം ഒരു തീരുമാനവായി. ലൈവ് കട്ട് ചെയ്യാൻ അറിയത്തില്ലാരുന്നു. കൊറേപ്പേര് കാണുന്നൊണ്ടാരുന്നു. വെപ്രാളത്തില് ഫോൺ സ്വിച്ചോഫ് ചെയ്ത് ഒറ്റയേറ് കൊടുത്തു. അത് പൊട്ടിപ്പോക്കോട്ടെ. ആർക്ക് വേണം തൊട്ടാല് ഭൂലോകം പെട്ടന്ന് വെളിച്ചപ്പെടുത്തുകേം ഇരുട്ടാക്കുവേം ചെയ്യുന്ന ഈ നശിച്ച യന്ത്രം. കവിത സലോമിടെ ഉള്ളിലൊണ്ട്. രാജേന്ദ്രനും അവടൊണ്ട്. സലോമി സ്നേഹിക്കുന്ന രാജേന്ദ്രൻ ശരിക്കൊള്ള രാജേന്ദ്രനാവില്ല ചെലപ്പം. ശരിക്കൊള്ള രാജേന്ദ്രനെന്നാന്നറിഞ്ഞാ ഈ ഇഷ്ടം പോയേക്കും അല്ലേ രാജേന്ദ്രാ. എന്നാന്നറിയത്തില്ല പിന്നേം നല്ല ഒരു ചൊണേം തന്റെടോം കൂടി വരുവാ. ചേട്ടായി അറിഞ്ഞാലും ഈ വീട്ടീന്ന് പൊറത്താക്കിയാലും ഇനി എനിക്കൊരു ചുക്കുവില്ല രാജേന്ദ്രാ. വന്നാ വന്നേന്റെ ബാക്കി. സലോമിയോടാണോ കളി. ഒരു ആണിന്റെ കൂടെ അവന്റെ ഇഷ്ടത്തിന് മാത്രം ജീവിക്കുന്നത്രേം സ്വാതന്ത്ര്യവില്ലായ്ക തൊടലിട്ട പട്ടിക്കൊണ്ടോ? അവന് ദെവസോം വെച്ചു വെളമ്പിക്കൊടുക്കുന്നത്ര പാടൊണ്ടോ ഒരു പെണ്ണിന് എവടേലും പോയി ഒറ്റയ്ക്ക് പണിയെടുത്ത് ജീവിക്കാൻ. സലോമി അച്ചാറൊണ്ടാക്കി വിറ്റ് ജീവിക്കും. സലോമി പാലപ്പവൊണ്ടൊക്കിക്കൊടുത്ത് ജീവിക്കും. സലോമിക്ക് ഇനീം പലരോടും ഒന്നിനു വല്ലാത്ത ഇഷ്ടം തോന്നിയേക്കും. പക്ഷേ, നിരപരാധിയായ രാജേന്ദ്രന് പ്രശ്നവാകര്ത്. ഇനി ഇതറിയുമ്പം രാജേന്ദ്രന് എന്നോട് ഇഷ്ടക്കേടൊണ്ടാകുവോ? ഒരു പെണ്ണിന് ഇഷ്ടവൊണ്ടെന്നറിയുമ്പം ഒരാണിനും ദേഷ്യം വരത്തില്ല. അവര് ഉദാരമ്മാരാ. ഒടേതമ്പുരാനങ്ങനാ അവമ്മാരെ ഒണ്ടാക്കീരിക്കുന്നേന്ന്, പ്രീമാര്യേജ് കോഴ്സില് ഒപ്പം കൂടിയ ലിനോ സേവ്യറെന്ന സൈക്കോളജി ഡോക്ടറ് ചെറുക്കൻ പറഞ്ഞതോർക്കുവാ. രാജേന്ദ്രൻ എന്നാ ഓർത്താലും സലോമിക്കെന്നാ
സ്നേഹത്തിന്റെ പേരില് ഏതു നാണക്കേടും സലോമി മാത്രമല്ല എല്ലാ പെണ്ണുങ്ങളും സഹിക്കും. വെഷമിക്കരുത് കേട്ടോ രാജേന്ദ്രാ.
ഇപ്പോ നല്ല സുഖം തോന്നുന്നു. പീരീഡ്സ് ആയ കൊണ്ടാവും. മധുരം കഴിക്കാന്തോന്നുവാ. ഇച്ചിരി സേമിയാ പായസവൊണ്ടാക്കണം. നല്ലപോലെ മധുരം ചേർക്കണം. നല്ല ക്ഷീണവൊള്ളപ്പഴാ മധുരം കഴിക്കാന്തോന്നുന്നത്. വാ രാജേന്ദ്രാ. നമ്മക്ക് പോയി പായസവൊണ്ടാക്കാം രാജേന്ദ്രാ. രാജേന്ദ്രന് ഷുഗറൊണ്ടോ രാജേന്ദ്രാ? ഒണ്ടേലും സാരവില്ല, ഈ സലോമി ഒണ്ടാക്കുന്ന പായസം കുടിച്ചിട്ട് ഒരീസം ഇച്ചിരി ഷുഗറ് കൂടിക്കോട്ടെ, അല്ലേ രാജേന്ദ്രാ. ഒന്നുവല്ലേലും രാജേന്ദ്രനെ മീട്ടുവാക്കിയ സലോമിയല്ലേ?
വാ രാജേന്ദ്രാ...
(ഈ കഥയും കഥാപാത്രങ്ങളും അവരുടെ പേരും കഥയിലെ കവിതകളും തികച്ചും ഭാവനാസൃഷ്ടി മാത്രമാണ്)
English Summary: Kadhayarangu- 'Me Too' Story by Smitha Gireesh