ഓണം... പൂവിന്റെ വഴി
എത്രയെത്ര പൂവുകളാണ് കേരളത്തിലുള്ളത്. ഇത്രയധികം പൂക്കളുള്ള നമ്മുടെ നാട്ടിലാണു പൂക്കളം എന്ന സങ്കൽപമുണ്ടായത്. പത്തു ദിവസം പൂക്കളമുണ്ടാക്കി പൂവിനെയും പൂച്ചെടിയെയും കൂടെ ആരാധിക്കുന്ന രീതി വേറെയെവിടെയെങ്കിലുമുണ്ടോ?
എത്രയെത്ര പൂവുകളാണ് കേരളത്തിലുള്ളത്. ഇത്രയധികം പൂക്കളുള്ള നമ്മുടെ നാട്ടിലാണു പൂക്കളം എന്ന സങ്കൽപമുണ്ടായത്. പത്തു ദിവസം പൂക്കളമുണ്ടാക്കി പൂവിനെയും പൂച്ചെടിയെയും കൂടെ ആരാധിക്കുന്ന രീതി വേറെയെവിടെയെങ്കിലുമുണ്ടോ?
എത്രയെത്ര പൂവുകളാണ് കേരളത്തിലുള്ളത്. ഇത്രയധികം പൂക്കളുള്ള നമ്മുടെ നാട്ടിലാണു പൂക്കളം എന്ന സങ്കൽപമുണ്ടായത്. പത്തു ദിവസം പൂക്കളമുണ്ടാക്കി പൂവിനെയും പൂച്ചെടിയെയും കൂടെ ആരാധിക്കുന്ന രീതി വേറെയെവിടെയെങ്കിലുമുണ്ടോ?
പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന കാലം. തിരുവോണപ്പുലരി വിടരാൻ ഏതാനും നാൾ കൂടിയേ ഉള്ളൂ. അതിരാവിലെ പുസ്തകക്കെട്ടിനു മീതെ ഒരിലപ്പൊതിച്ചോറുമായി ഞാൻ കോളജിലേക്കു നടക്കുകയായിരുന്നു. എട്ടു കിലോമീറ്ററോളം ദൂരം നടത്തയ്ക്കിടെ, എം.ടി.യുടെ ‘അസുരവിത്തി’ലെ ഓണക്കാല വിവരണം ഓർമിച്ചു രസിച്ചു. വയൽവരമ്പിൽ കാലൊന്നു പതറി. കയ്യിലെ ഇലപ്പൊതി തെറിച്ചു താഴത്തെ വയലിലെ ചെളിയിൽ വീണു. പാതി വിളഞ്ഞ നെൽക്കതിരുമായിക്കിടക്കുന്ന വയലിൽ വെള്ളം വറ്റിയിട്ടില്ല.
ചെളിയിൽ വീണു ചിതറിയ ചോറുപൊതി! അതിലേ പോകുന്ന കുട്ടികളാരെങ്കിലും ആ ചെളി പുരണ്ട ചോറെടുത്തു തിന്നാലോ എന്നു ശങ്കിച്ചു. അതുകൊണ്ട്, പാടത്തിറങ്ങി ആ ചോറ് ചെളിയിൽത്തന്നെ ചവിട്ടിപ്പുതച്ചശേഷം അടുത്തുള്ള ചാലിൽ കാൽ കഴുകി ഞാൻ സമാധാനത്തോടെ നടന്നു. ആരും കണ്ടിട്ടില്ല !
നന്നേ വൈകിട്ട് വിശക്കുന്ന വയറുമായി വീട്ടിലോടിയെത്തി. വിളമ്പിയ അന്നത്തിനു മുന്നിലിരുന്നു. പെട്ടെന്നു തുടയിൽ ഒരടി! അമ്മ! ‘‘നീ എന്തിനാണ് ചോറ് വയലിൽ ചവിട്ടിത്താഴ്ത്തിയത്? അന്നമാണ്. നിന്നെക്കാൾ വിശക്കുന്ന ഒരുപാടു പിള്ളേരുണ്ട്; ഓണത്തിനു പോലും ഒരുവയർച്ചോറ് കിട്ടാത്തവർ. അവരെ ഓർമിക്കാത്തതെന്ത്?’’ വയലോരത്തു പണി ചെയ്തിരുന്ന ഏതോ പെണ്ണാളുകൾ പറഞ്ഞാണത്രേ അമ്മ അതറിഞ്ഞത്.
ഇന്നും, ഓണം വരുമ്പോൾ മാത്രമല്ല, എന്നും എന്റെ അമ്മ എന്നോടു പറഞ്ഞുകൊണ്ടിരിക്കുന്നു: ‘‘നിന്നെക്കാൾ വിശക്കുന്ന ഒരുപാടു പിള്ളേരുണ്ട്’’. ഇന്നോ, പിള്ളേർ മാത്രമല്ല, പാവം, മണ്ണാകുന്ന മാതാവും വരണ്ട വയറോടെ, ദാഹിക്കുന്ന തൊണ്ടയോടെ ദീനമായിക്കിടക്കുന്നു.
ഓണം മധുരമായൊരോർമയാണ്. ഓർമയിലെ മധുരമാണല്ലോ പലപ്പോഴും നമുക്കുത്സവമാകുന്നത്. ഓണപ്പൂവ്, ഓണപ്പുടവ, ഓണസദ്യ, ഓണപ്പാട്ട്, ഓണക്കളി, ഓണസമ്മാനം ഇതിനെല്ലാം ഓണത്തിന്റെ മണം തന്നെ.
ഇന്നു പൂക്കളമുണ്ടാക്കാൻ നാം പൂക്കൾ വാങ്ങുന്നു. എന്നാൽ, മുൻപോ? കുട്ടികൾ പൂ തേടിച്ചെല്ലും. സ്വയം പൂക്കൾ പറിച്ചെടുക്കും. അതുകൊണ്ടാണു പൂപ്പാട്ടുകളും പൂപ്പൊലിപ്പാട്ടുകളുമുണ്ടായത്.
‘‘ഇഞ്ചപ്പൂവേ പൂത്തിരളേ
നാളേയ്‌ക്കൊരു വട്ടിപ്പൂ തരണേ...’’
‘‘ഒന്നാകും ചിത്തിരക്കൊമ്പേൽ
പൂത്തിറങ്ങിയ പൂമലരേ
പൂ പെറുക്കെടി പൂക്കണ്ണീക്കോറെടി
കോർത്തെടുക്കെടി മങ്കപ്പെണ്ണേ...’’
‘‘ഒന്നാനാം അരുമലയ്ക്ക്
ഓരായിരം കന്യമാര്
കന്യമാരും ഭഗവാനും
കൂട്ടിയാടിപ്പൂവിറുത്തു...’’
ഇങ്ങനെയിങ്ങനെ എത്രയെത്ര പാട്ടുകൾ. പൂവു തേടുമ്പോൾ പൂക്കളുമായി ആത്മബന്ധമുണ്ടാകുന്നു. പൂവു തേടുന്നവർ തമ്മിലും ബന്ധമുണ്ടാകുന്നു. അതിന്റെ അനുഭവം താളവും പാട്ടുമായി മാറുന്നു. അതുകൊണ്ടാണു പൂക്കളെപ്പറ്റി ഒരുപാടു പാട്ടുകൾ നമുക്കുണ്ടായത്.
‘‘പൂവായ പൂവൊക്കെ പിള്ളേരിറുത്തു
പൂവാങ്കുരുന്നില ഞാനും പറിച്ചു’’
എന്ന പാട്ടിന്റെ വരിയിൽ നിന്നറിയാം, എല്ലാ പൂക്കളും എല്ലാരും പറിച്ചെടുത്താലും നമുക്കുവേണ്ടി ഒരു പൂവു പിന്നെയുമുണ്ടാകുമെന്ന്. എത്രയെത്ര പൂവുകളാണ് കേരളത്തിലുള്ളത്. ഇത്രയധികം പൂക്കളുള്ള നമ്മുടെ നാട്ടിലാണു പൂക്കളം എന്ന സങ്കൽപമുണ്ടായത്. പത്തു ദിവസം പൂക്കളമുണ്ടാക്കി പൂവിനെയും പൂച്ചെടിയെയും കൂടെ ആരാധിക്കുന്ന രീതി വേറെയെവിടെയെങ്കിലുമുണ്ടോ?
ഇന്ന് എല്ലാവരും പൂവു വില കൊടുത്തു വാങ്ങുന്നു. നമ്മുടെ മണ്ണിൽ നാം വളർത്തുന്ന ചെടിയുടെ പൂവല്ല അത്. നൂറുകണക്കിനു പൂക്കൾ, പൂച്ചെടികൾ, വളരാൻ കഴിവുള്ള മണ്ണിൽ പിന്നെ നാം ഇത്തിരി അരളിക്കും വാടാമല്ലിക്കും ചേമന്തിക്കും മുല്ലയ്ക്കും വേണ്ടി മറ്റൊരു നാട്ടിലേക്കു നോക്കിയിരുന്നാലോ? അപ്പോൾ ഓണം ആരുടേത്? പൂ വിടർത്തുന്നവന്റേതോ വിലയ്ക്കു വാങ്ങുന്നവന്റേതോ?
ഓണത്തിന്റെ ഐശ്വര്യം പൂവിന്റെ ഐശ്വര്യമാണ്. സൃഷ്ടിയുടെ ഐശ്വര്യം, ഭാവനയുടെ ഐശ്വര്യം.
സ്വന്തം മണ്ണിൽ നിന്നു തന്നെയാണ് ഈ ഐശ്വര്യം തഴയ്ക്കുന്നത്. ഓണത്തിന്റെ പൂക്കളങ്ങൾ സ്വന്തം മണ്ണിൽ, മനസ്സിൽ വിരിഞ്ഞ പൂക്കൾ കൊണ്ടൊരുക്കുമ്പോൾ ലോകം മുഴുവൻ പൂക്കളമായിത്തീരും.
തയാറാക്കിയത്: ഡോ. എം.പി. പവിത്ര
Content Summary: Ormapookkalam, Onam Memoir written by V Madhusoodanan Nair