‘ഹനനം’ എന്നാൽ കൊലപാതകം എന്നർഥം. നിഖിലേഷ് മേനോന്റെ മൂന്നാമത്തെ നോവൽ ഹനനം കൊച്ചി മെട്രോ സ്റ്റേഷനിലുണ്ടാകുന്ന കൊലപാതകത്തെത്തുടർന്നുള്ള കുറ്റാന്വേഷണം എന്നതിലുപരിയായി മറ്റു ചിലതു കൂടി അന്വേഷിച്ചു പോകുന്ന പുസ്തകമാണ്. ഒരു പുസ്തക വിൽപനക്കാരനും പ്രസാധകനും ഒട്ടേറെ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും

‘ഹനനം’ എന്നാൽ കൊലപാതകം എന്നർഥം. നിഖിലേഷ് മേനോന്റെ മൂന്നാമത്തെ നോവൽ ഹനനം കൊച്ചി മെട്രോ സ്റ്റേഷനിലുണ്ടാകുന്ന കൊലപാതകത്തെത്തുടർന്നുള്ള കുറ്റാന്വേഷണം എന്നതിലുപരിയായി മറ്റു ചിലതു കൂടി അന്വേഷിച്ചു പോകുന്ന പുസ്തകമാണ്. ഒരു പുസ്തക വിൽപനക്കാരനും പ്രസാധകനും ഒട്ടേറെ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹനനം’ എന്നാൽ കൊലപാതകം എന്നർഥം. നിഖിലേഷ് മേനോന്റെ മൂന്നാമത്തെ നോവൽ ഹനനം കൊച്ചി മെട്രോ സ്റ്റേഷനിലുണ്ടാകുന്ന കൊലപാതകത്തെത്തുടർന്നുള്ള കുറ്റാന്വേഷണം എന്നതിലുപരിയായി മറ്റു ചിലതു കൂടി അന്വേഷിച്ചു പോകുന്ന പുസ്തകമാണ്. ഒരു പുസ്തക വിൽപനക്കാരനും പ്രസാധകനും ഒട്ടേറെ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹനനം’ എന്നാൽ കൊലപാതകം എന്നർഥം. നിഖിലേഷ് മേനോന്റെ മൂന്നാമത്തെ നോവൽ ഹനനം കൊച്ചി മെട്രോ സ്റ്റേഷനിലുണ്ടാകുന്ന കൊലപാതകത്തെത്തുടർന്നുള്ള കുറ്റാന്വേഷണം എന്നതിലുപരിയായി മറ്റു ചിലതു കൂടി അന്വേഷിച്ചു പോകുന്ന പുസ്തകമാണ്. ഒരു പുസ്തക വിൽപനക്കാരനും പ്രസാധകനും ഒട്ടേറെ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളും കഥാഗതിയെ നിർണിയിക്കുന്ന ഘടകങ്ങളായി മാറുന്ന ത്രസിപ്പിക്കുന്ന എഴുത്ത്. നോവലിനുള്ളിലെ നോവൽ തന്നെ മറ്റൊരു പ്രധാന കഥാപാത്രമാണ്. എഴുത്തിന്റെ രൂപത്തിലും ഘടനയിലും നിഖിലേഷ് ഇത്തവണ വ്യത്യസ്ത പരീക്ഷണങ്ങളിലേർപ്പെട്ടപ്പോഴും വായനാസുഖത്തിനൊരു കുറവും സംഭവിക്കുന്നുമില്ല. എൺപതുകളിലെ നാട്ടിൻപുറ പരിസരത്തു നിന്നു വർത്തമാനകാലത്തിലേക്കും തിരിച്ചുമുള്ള നോവലിലെ ഗതിമാറ്റങ്ങൾ ഭാഷയുടെയും ഭാവനയുടെയും വിദഗ്ധ ഉപയോഗത്താൽ രസപ്രദമാക്കിയിരിക്കുന്നു. പിടിച്ചിരുത്തുന്നൊരു കുറ്റാന്വേഷണ നോവലിന്റെ മേലങ്കിയണിയിച്ചു നിഖിലേഷ് അവതരിപ്പിച്ചിരിക്കുന്നതു പക്ഷേ, തികച്ചും കാലികമായൊരു സാമൂഹികപ്രശ്നത്തെയാണെന്നത് അവസാനതാളുകളിലെത്തുമ്പോഴേ പിടികിട്ടൂ. അധികമാരും ശ്രദ്ധ നൽകാത്തൊരു ഗുരുതര വിഷയം ഇത്തരമൊരു ജനപ്രിയ നോവലിലൂടെ അവതരിപ്പിച്ചു ചർച്ചയാക്കുന്നതിലൂടെ നിഖിലേഷ് നിർവഹിക്കുന്ന സാമൂഹിക ഉത്തരവാദിത്തവും വലുതാണ്. ഒരു വായനക്കാരി കൃത്യമായി ചൂണ്ടിക്കാട്ടിയ പോലെ മൂന്നാമത്തെ പുസ്തകത്തിലെത്തുമ്പോൾ ഡോക്ടറായ എഴുത്തുകാരൻ എന്ന മേൽവിലാസത്തിൽ നിന്നു നിഖിലേഷ് പതിയെ എഴുത്തുകാരനായ ഡോക്ടർ എന്നതിലേക്കു മാറുന്ന കാഴ്ചയും ആഹ്ളാദം പകരുന്നു. നിഖിലേഷ് മനസ്സു തുറക്കുന്നു.

 

ADVERTISEMENT

∙പ്രഥമദൃഷ്ട്യാ, അഗോചരം എന്നീ നോവലുകൾക്കു ശേഷം വരുന്ന നിഖിലേഷിന്റെ മൂന്നാമത്തെ പുസ്തകമാണു ഹനനം. ഇതാണു നിഖിലേഷ് ഇതുവരെ എഴുതിയതിൽ ഏറ്റവും മികച്ച രചനയെന്നു പല വായനക്കാരും അഭിപ്രായപ്പെട്ടു കണ്ടു. ആദ്യ രണ്ടു പുസ്തകങ്ങളുടെ രചനയിൽ നിന്നും പ്രസാധനത്തിനു ശേഷമുള്ള വായനക്കാരുടെ ഫീഡ് ബാക്കുകളിൽ നിന്നും നിഖിലേഷ് എന്ന യുവ എഴുത്തുകാരന് തന്റെ എഴുത്തിനെക്കുറിച്ചു മനസ്സിലായതെന്താണ്? മൂന്നാമത്തെ പുസ്തകത്തിന്റെ രചനയിൽ അതെത്രമാത്രം സഹായിച്ചിട്ടുണ്ട്?

നോവൽ പ്രഥമദൃഷ്ട്യാ. പുസ്തകം നോവലായി പുറത്തിറങ്ങുമോ എന്ന് എനിക്കു തന്നെ ഉറപ്പില്ലായിരുന്നു

വളരെയെളുപ്പത്തിൽ വായിച്ചു പോകാവുന്ന, ആഴത്തിലുള്ള വിഷയങ്ങളൊന്നും കൈകാര്യം ചെയ്യാത്ത പുസ്തകങ്ങളായിരുന്നു ആദ്യ രണ്ടു നോവലുകളും. ഒരു പരിധി വരെ അങ്ങനെ തന്നെയാണ് അതു വിഭാവനം ചെയ്തതും. എന്നിരുന്നാലും ആദ്യ രണ്ടു പുസ്തകങ്ങൾക്കും ലഭിച്ച വിമർശനസ്വഭാവമുള്ള ഫീഡ്ബാക്കുകളാണ് പിന്നീടുള്ള എഴുത്തിൽ ഏറ്റവും അധികം സഹായിച്ചിട്ടുള്ളത്. താരതമ്യേന പുതിയവരായ നമ്മെ വായിക്കുവാൻ ആളുകൾ ഉണ്ടെന്നത് തന്നെ വലിയ സന്തോഷമാണ്. എഴുത്തിലെ ബാലിശമായ രീതികളും ഘടനാപരമായ പിഴവുകളുമെല്ലാം പരമാവധി മറികടക്കുവാൻ ഓരോ പുസ്തകം കഴിയുമ്പോഴും കൂടുതൽ ശ്രമിക്കുന്നുണ്ട്. ആദ്യ പുസ്തകം എഴുതുമ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ ഒരു ഹൈസ്കൂൾ തലത്തിലായിരുന്നുവെങ്കിൽ മൂന്നാം പുസ്തകത്തിലെക്കെത്തുമ്പോൾ പതുക്കെ ഒരു കോളജ് തലത്തിലേക്ക് സ്ഥാനക്കയറ്റം  കിട്ടിയതുപോലൊക്കെ ചെറുതായി തോന്നിത്തുടങ്ങിയിട്ടുണ്ട്. മികച്ചതെന്ന വാഴ്ത്തുപാട്ടുകൾ മാത്രമാണ് ആദ്യ രണ്ടു പുസ്തകങ്ങൾക്കും ലഭിച്ചിരുന്നതെങ്കിൽ മൂന്നാം പുസ്തകം ഒരിക്കലും മെച്ചപ്പെടുത്തുവാൻ സാധിക്കുമായിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. എഴുത്തുകാരനും അക്കാദമിക്കുമായ മരിയ റോസിന്റെ നിരീക്ഷണങ്ങളൊക്കെ തീർച്ചയായും മുന്നോട്ടു പോകുവാൻ സഹായിച്ചിട്ടുണ്ട്.

 

നോവൽ അഗോചരം. വളരെയെളുപ്പത്തിൽ വായിച്ചു പോകാവുന്ന, ആഴത്തിലുള്ള വിഷയങ്ങളൊന്നും കൈകാര്യം ചെയ്യാത്ത പുസ്തകങ്ങളായിരുന്നു ആദ്യ രണ്ടു നോവലുകളും.

∙പ്രഥമദൃഷ്ട്യാ എന്ന നോവൽ ഏറെ ആകർഷിച്ചുവെന്നു പറഞ്ഞപ്പോൾ തന്നെ അതിലെ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഒരു പരാമർശത്തിലുണ്ടായ പിഴവ് നിരാശപ്പെടുത്തിയതായി ഒരു വായനക്കാരൻ അതിറങ്ങിയ സമയത്ത് എഴുതിയത് ഓർക്കുന്നു. വിവിധ മേഖലകളിലെ പഴയതും പുതിയതുമായ ഒട്ടേറെ സാങ്കേതിക വിവരങ്ങൾ ഉൾക്കൊള്ളിച്ചാണല്ലോ ഓരോ ത്രില്ലർ നോവലുകളും എഴുതപ്പെടുന്നത്. ഇവ എഴുതുമ്പോൾ 100 ശതമാനം പിഴവുരഹിതമായിരിക്കാൻ എത്രമാത്രം സൂക്ഷ്മത പുലർത്താറുണ്ട്. നിഖിലേഷിന്റെ പ്രഫഷനായ വൈദ്യവൃത്തിക്കു പുറത്തുള്ള മേഖലകളിലെ ഒരു സാങ്കേതിക വിവരം എഴുത്തിൽ ഉപയോഗിക്കേണ്ടി വരുമ്പോൾ അതിലെ കൃത്യത ഉറപ്പുവരുത്തുന്നത് എങ്ങനെയാണ്?

ADVERTISEMENT

ആദ്യ നോവൽ ആയതു കൊണ്ടുതന്നെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു കഴിയുന്നതു വരെയും സാങ്കേതികമായ ആധികാരിക ഉറപ്പിക്കേണ്ടതിനെപ്പറ്റിയൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണു സത്യം. ഒരു പഴയ സഹപാഠിയോടു കുറച്ച് അടിസ്ഥാനവിവരങ്ങൾ അന്വേഷിച്ചിരുന്നുവെങ്കിലും ആധികാരികമായ വിവര  ശേഖരണം നടത്തിയിരുന്നില്ല. പുസ്തകം നോവലായി പുറത്തിറങ്ങുമോ എന്ന് എനിക്കു തന്നെ ഉറപ്പില്ലായിരുന്നു എന്നതും ഒരു കാരണമാവാം. എന്നാൽ നോവലായി വെളിച്ചം കണ്ടതിനു ശേഷമാണു വളരെ വിലയേറിയ നിർദ്ദേശങ്ങൾ ലഭിച്ചത്. പൂർണമായും അവ ഉൾക്കൊള്ളുന്നു. കഥകൾക്കാവശ്യമായ  സാങ്കേതികകാര്യങ്ങൾ ശേഖരിക്കുന്നതിൽ ഇപ്പോൾ കുറേക്കൂടി ശ്രദ്ധ ചെലുത്തുവാൻ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന എഴുത്തുകാരായ സുഹൃത്തുക്കൾ തന്നെയാണ് ഇപ്പോൾ സംശയമുള്ള ഭാഗങ്ങളുടെ ആദ്യ വായനക്കാർ. അവരും എഴുത്തുകാർ കൂടിയായതു കൊണ്ട്  രചനാപരമായ നിർദ്ദേശങ്ങളും ലഭിക്കും എന്നൊരു മെച്ചം കൂടിയുണ്ട്. റഫറൻസ് പുസ്തകങ്ങളിൽ നിന്നും ഇന്റർനെറ്റിൽ നിന്നും ആവശ്യമായ വിവര ശേഖരണത്തിന് സഹായം തേടാറുണ്ട്. സാങ്കേതികവശങ്ങൾ അതു ഭാവനാത്മകമായവ ആണെങ്കിൽ കൂടി വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കുവാൻ രഞ്ജു കിളിമാനൂരിനെപ്പോലെയുള്ള എഴുത്തുകാർ നടത്തുന്ന ശ്രമങ്ങൾ കണ്ടിട്ടു പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട്.  

മലയാളത്തിലെ ആ കാലഘട്ടത്തിലെ ജനപ്രിയ നോവലുകൾക്കൊരു tribute എന്ന നിലയിലാണ് ആ കാലഘട്ടത്തിൽ ‘പള്ളിപ്പറമ്പിലെ കൊലപാതകത്തിനെ’ പ്ലേസ് ചെയ്തത്

 

∙പൈലിയെയും ശോശാമ്മയെയും വിക്രമൻ പൊലീസിനെയും പോലുള്ള നാടൻ കഥാപാത്രങ്ങൾ വരുന്ന നോവൽ ഭാഗം കണ്ടെടുത്തതു സ്വന്തം ദേശത്തു നിന്നാണോ? എൺപതുകളുടെ തുടക്കത്തിലാണു പള്ളിപ്പറമ്പിലെ കൊലപാതകം നടക്കുന്ന കാലഘട്ടമെന്നു നോവൽസൂചനകളിൽ നിന്നു മനസ്സിലാക്കാം. ആ കാലം നോവലിൽ പ്ലേസ് ചെയ്തതു ബോധപൂർവമാണോ?

വ്യക്തിപരമായി പറയുകയാണെങ്കിൽ ജീവിതകാലത്തിൽ ഇതുവരെയും കേരളത്തിലും വിദേശത്തുമായി നഗരങ്ങളിൽ മാത്രമെ എനിക്ക് താമസിക്കുവാൻ സാധിച്ചിട്ടുള്ളൂ. നാട്ടിൻപുറങ്ങളിലെ നന്മയും നാട്യങ്ങളില്ലാത്ത ജീവിതവുമെല്ലാം പുസ്തകങ്ങളിലും സിനിമയിലും മാത്രമേ നേരിട്ട് അനുഭവിക്കുവാൻ സാധിച്ചിട്ടുള്ളൂ. തീർത്തും പരിചിതമല്ലാത്ത ഭൂമികയും കഥാപാത്രങ്ങളുമാണ് എന്നെ സംബന്ധിച്ചിടത്തോളം ‘പള്ളിപ്പറമ്പിലെ കൊലപാതകത്തിലെ’ ദേശം. നോവലിനുള്ളിലെ ആ നോവൽ നഗരപശ്ചാത്തലത്തിലായിരുന്നു സത്യത്തിൽ 2021ൽ എഴുതിത്തുടങ്ങിയത്. എന്നാൽ ഏതാണ്ട് ആ കാലഘട്ടത്തിൽ ബിപിൻ ചന്ദ്രൻ മാഷിന്റെ ‘കപ്പിത്താന്റെ ഭാര്യ’ എന്ന പുസ്തകത്തിന്‌ ഒരു ഓൺലൈൻ ഫോറത്തിൽ നാടൻഭാഷയിൽ ഞാൻ ഒരു കുറിപ്പ് എഴുതിയിരുന്നു. അത് കണ്ടയുടൻ എഴുത്തുകാരിയായ മായ കിരണാണ് ആദ്യമായി ചോദിക്കുന്നത് ആ കുറിപ്പ് എഴുതിയ ശൈലിയിൽ ഒരു നോവൽ നിഖിലേഷിന് എഴുതിക്കൂടെ എന്ന്. എഴുതുവാൻ ശ്രമിച്ചു നോക്കി. തുടങ്ങിയപ്പോൾ രസം തോന്നി. വെട്ടു പൈലിയും വിക്രമൻ പൊലീസുമൊക്കെ കഥയിലേക്കു വന്നുചേരുകയായിരുന്നു. ആസ്വദിച്ച് എഴുതിയ ഭാഗങ്ങളാണ് അവയൊക്കെ. പുസ്തകക്കുറിപ്പിൽ നിന്നൊരു നോവൽ ഇതിനു മുൻപു സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ, അന്നു മായ അങ്ങനെ ചോദിച്ചില്ലായിരുന്നുവെങ്കിൽ ‘പള്ളിപ്പറമ്പിലെ കൊലപാതകം’ ഈ ശൈലിയിൽ ആയിരുന്നിരിക്കില്ല എഴുതപ്പെടുക. മലയാളത്തിലെ ആ കാലഘട്ടത്തിലെ ജനപ്രിയ നോവലുകൾക്കൊരു tribute എന്ന നിലയിലാണ് ആ കാലഘട്ടത്തിൽ ‘പള്ളിപ്പറമ്പിലെ കൊലപാതകത്തിനെ’ പ്ലേസ് ചെയ്തത്.

ADVERTISEMENT

 

ഡോ. നിഖിലേഷ് മേനോൻ. പൊതുജനാരോഗ്യ വിദഗ്ധനും ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റുമാണ്

∙എന്തിനെഴുതുന്നു എന്ന ചോദ്യത്തിന് പറയാൻ പോകുന്ന കഥ കൊണ്ടു വളരെ ചുരുക്കം പേരുടെയെങ്കിലും ജീവിതത്തിൽ പോസിറ്റീവ് ആയ ഒരു മാറ്റം കൊണ്ടുവരണം എന്നാണാഗ്രഹം എന്നു നിഖിലേഷ് എഴുതിയിരുന്നു. തീർച്ചയായും അങ്ങനെ തന്നെയുള്ളൊരു വിഷയമാണ് ഹനനം കൈകാര്യം ചെയ്യുന്നതും. എന്റെ ചോദ്യം മറ്റൊന്നാണ്. അത്രമേൽ ഉള്ളിൽ സ്പർശിച്ച, മാറ്റമുണ്ടാക്കിയ, നിഖിലേഷ് ഈയടുത്തു വായിച്ചിട്ടുള്ള പുസ്തകമേതാണ്?

അനിതാ നായർ എഴുതിയ ലേഡീസ് കൂപ്പെ വളരെയധികം സ്വാധീനിച്ച പുസ്തകമാണ്. Matt Haig എഴുതിയ The Midnight Library ജീവിതത്തെയും മരണത്തെയും തിരഞ്ഞെടുക്കുന്ന വഴികളെയുംപറ്റി ആഴത്തിൽ ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്ത പുസ്തകമാണ്. എഴുത്തിൽ വളരെയധികം സ്വാധീനിച്ചിട്ടുള്ള രണ്ടു പുസ്തകങ്ങളാണ് പ്രശാന്ത് നമ്പ്യാർ എഴുതിയ അപസർപ്പകവും പ്രവീൺചന്ദ്രന്റെ ഛായാമരണവും.

 

∙എന്തിനെഴുതുന്നു എന്ന ചോദ്യം മറ്റൊരു തരത്തിൽ ചോദിക്കാം. നിഖിലേഷ് മേനോൻ എന്ന സർക്കാർ സർവീസിലെ ഡോക്ടർ എഴുത്തിന്റെ മേഖലയിലേക്കു തിരിഞ്ഞത് എങ്ങനെയാണ്? ഡോക്ടറായ എഴുത്തുകാരൻ എന്നതിൽ നിന്ന് ഇപ്പോൾ എഴുത്തുകാരനായ ഡോക്ടർ എന്നറിയപ്പെട്ടു തുടങ്ങിയല്ലോ. പ്രഥമദൃഷ്ട്യാ എഴുതിത്തുടങ്ങാനിടയായ ആ സ്പാർക് ലഭിച്ച നിമിഷം ഓർത്തെടുക്കാമോ? കടന്നുവന്ന വഴികളിലെ പ്രചോദനങ്ങൾ എന്തൊക്കെയായിരുന്നു?

ഡോ. നിഖിലേഷ് മേനോൻ.

ചെറുപ്പത്തിലേ പുസ്തകങ്ങൾ ധാരാളമായി വായിക്കുമായിരുന്നു. കോളജ് തലത്തിലേക്കെത്തിയപ്പോൾ വായന കൂടുതൽ ഇംഗ്ലിഷ് പുസ്തകങ്ങളിലേക്കു മാറിയെങ്കിലും 2012 ആയതോടെ വീണ്ടും മലയാളം പുസ്തകങ്ങളിലേക്കു തിരിച്ചെത്തി. ജോലി സംബന്ധമായ സ്‌ട്രെസ് മറികടക്കുവാനുള്ള ഉപാധിയായാണ് ഫിക്‌ഷൻ എഴുതിത്തുടങ്ങിയത്. അതിനു മുൻപും (കോളജ്, പിജി പഠനകാലത്തുമെല്ലാം) എഴുതുമായിരുന്നുവെങ്കിലും അതു നോൺ ഫിക്‌ഷൻ സ്വഭാവമുള്ള ഇംഗ്ലിഷ് ബ്ലോഗ് എഴുത്തുകളായിരുന്നു (എംഡി പഠനകാലത്തു സുഹൃത്തുമായി ചേർന്ന് ഒരു മലയാള സിനിമയ്ക്ക് വേണ്ടിയുള്ള തിരക്കഥാ രചന ഏറെക്കുറെ പൂർത്തിയാക്കി നിർമാതാവ്, പ്രധാന അഭിനേതാവടക്കമുള്ള കാര്യങ്ങൾ വരെ ചെന്നെത്തിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ സിനിമ സംഭവിച്ചില്ല). ലാജോ ജോസും ശ്രീപാർവതിയും വീണ്ടും ഉണർത്തിയ ജനപ്രിയ സ്പേസിലേക്കു ചിലപ്പോൾ ഞാൻ എഴുതുവാൻ ശ്രമിക്കുന്ന നോവലിന് ഒരു ഇടമുണ്ടാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ‘പ്രഥമദൃഷ്ട്യ’ എഴുതിത്തുടങ്ങുന്നത്. തുടങ്ങുമ്പോൾ അതു പൂർത്തിയാക്കുവാൻ സാധിക്കുമെന്നോ അതിനു കഴിഞ്ഞാൽ തന്നെ അതു പ്രസിദ്ധീകരിക്കപ്പെടുമെന്നോ ഒരു ഉറപ്പുമില്ലായിരുന്നു. ആദ്യ പുസ്തകം ആദ്യ കുറച്ചു പ്രതികളായി പുറത്തു വരുന്നത് ഗ്രീൻ ബുക്സിന്റെ സെൽഫ് പബ്ലിക്കേഷൻ ഇംപ്രിന്റിലൂടെയായിരുന്നു. സത്യത്തിൽ ആ പുസ്തകം പുറത്തിറങ്ങി ആദ്യ പതിപ്പുകൾ വളരെ വേഗം വിൽപ്പന നടന്നു കഴിഞ്ഞതായും കൺവൻഷനൽ പ്രസാധനത്തിലൂടെ തുടർന്നും പ്രസിദ്ധീകരിക്കുവാൻ താൽപര്യമുണ്ടെന്നും പ്രസാധകർ അറിയിക്കുമ്പോഴാണ് നോവൽ അതിന്റെ വായനക്കാരെ കണ്ടെത്തുന്നുണ്ടെന്നും അവർക്ക് അത് ഇഷ്ടമാവുന്നുണ്ടെന്നും ഞാൻ മനസ്സിലാക്കുന്നത്‌. ഒരിക്കൽ പോലും ഞാൻ നേരിട്ടു കണ്ടിട്ടില്ലാത്ത തീർത്തും അപരിചിതനായിരുന്ന സൈഫു എന്ന വായനക്കാരനാണ് ആദ്യമായി പുസ്തകത്തിന്റെ ഒരു വായനാനുഭവം സമൂഹമാധ്യമത്തിൽ കുറിക്കുന്നത്. മുൻപരിചയമില്ലാത്ത വായനക്കാർ ഏതോ ദേശത്തിരുന്നു നമ്മളെ വായിക്കുന്നു, അതിനെക്കുറിച്ച് എഴുതുന്നു എന്നതൊക്കെയും ഒരു പുതിയ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വലിയ കാര്യങ്ങളാണ്. അതു പറയുമ്പോൾ പോലും എഴുത്തിന്റെ മഹത്വമോ രചനാപരമായ മേന്മയോ ഒന്നും കൊണ്ടു മാത്രമല്ല അതു വിസ്‌മൃതിയിലേക്കു പോകാതിരുന്നത് എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. പിന്നെ, ‘ഇയാൾ പറയുവാൻ ശ്രമിക്കുന്ന കഥ അത് പോരായ്മകൾ എത്രയുണ്ടെങ്കിലും ഒതുക്കത്തിൽ വായിച്ചു പോകാവുന്ന, എന്തൊക്കെയോ പുതുമകൾ എഴുത്തിലുള്ളതാണെന്നും’  ആദ്യ വായനക്കാർക്ക് തോന്നിക്കാണണം. പുതിയ എഴുത്തുകാരൻ എന്ന നിലയിൽ പിഴവുകളെ അനുഭാവപൂർവമാണ് അവർ കണ്ടതെന്നും എനിക്ക് തോന്നിയിട്ടുണ്ട്. ബിപിൻ ചന്ദ്രൻ ചേട്ടനെ പോലെയുള്ളവർ പല വേദികളിലും നമ്മളെപ്പറ്റിയൊക്കെ സ്നേഹത്തോടെ പറഞ്ഞതും പുസ്തകം കൂടുതൽ വായനക്കാരിലേക്ക് എത്തുവാൻ സഹായിച്ചിട്ടുണ്ട്.

 

∙എഴുത്തുകാരനെന്നതിനൊപ്പം നല്ലൊരു വായനക്കാരനുമാണു നിഖിലേഷ്. മലയാളത്തിലെ ജനപ്രിയ സാഹിത്യ വിഭാഗം, പ്രത്യേകിച്ച് ത്രില്ലർ, കുറ്റാന്വേഷണ, മാന്ത്രിക, സയൻസ് ഫിക്​ഷൻ നോവലുകളടങ്ങുന്ന വിഭാഗം വലിയ തോതിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്ന ഒരു കാലമാണല്ലോ ഇപ്പോൾ. ഒട്ടേറെ പുസ്തകങ്ങൾ ഇറങ്ങുന്നു, പുതിയ എഴുത്തുകാർ രംഗത്തേക്കു വരുന്നു. ഇതെല്ലാം സാഹിത്യമാണോ എന്ന മട്ടിലുള്ള വിമർശനങ്ങളും ഒരുവശത്തുയരുന്നു. നിഖിലേഷിന്റെ അഭിപ്രായത്തിൽ നമ്മുടെ പുതുതലമുറ സാഹിത്യം എവിടെയെത്തി നിൽക്കുന്നു? നിഖിലേഷിന്റെ ചെറുപ്പകാലത്തേക്കാൾ എത്രമാത്രം മാറിയിട്ടുണ്ട് ഇപ്പോൾ സ്ഥിതി?

ലോകവ്യാപകമായിതന്നെ ഏറ്റവും അധികം വായിക്കപ്പെടുന്നതു പോപ്പുലർ ഫിക്‌ഷൻ ഗണത്തിൽ പെടുത്താവുന്ന ക്രൈം-ഇൻവെസ്റ്റിഗേഷൻ പുസ്തകങ്ങൾ ആയിരിക്കുമ്പോൾ തന്നെ ഇടക്കാലത്ത് മലയാളത്തിൽ ആ ശാഖ തീർത്തും മങ്ങിപ്പോയിരുന്നു. ലാജോ ജോസിനെയും ശ്രീപാർവതിയെയും ആശിഷ് ബെന്നിനെപ്പോലെയുമുള്ള പുതു തലമുറ എഴുത്തുകാരുടെ പുസ്തകങ്ങൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോഴാണ് ജനപ്രിയസാഹിത്യം വീണ്ടും ഈ കാലഘട്ടത്തിൽ പുതു ജീവൻ വച്ചത് എന്നാണ് എന്റെ അഭിപ്രായം. ഇതിൽ ഏറ്റവും സന്തോഷകരമായി തോന്നിയിട്ടുള്ള വസ്തുതയെന്തെന്നാൽ generic ആയിട്ടുള്ള themes ആയിരുന്നു ഇവരുടെയെല്ലാം ആദ്യകാല രചനകൾ കൈകാര്യം ചെയ്തിരുന്നതെങ്കിലും പതിയെ ജനപ്രിയ പരിസരത്തു നിന്നു കൊണ്ടു തന്നെ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഉപജനുസ്സുകളിൽ രചനകൾ നടത്തുവാൻ ഇവരടക്കമുള്ള പുതു തലമുറ എഴുത്തുകാർ തയാറാവുന്നുണ്ട് എന്നതാണ്. മായാ കിരണിന്റെ പ്ലാനറ്റ് നയനും റിജോ ജോർജിന്റെ ഹവാനാ ക്ലബ്ബും ‌രഞ്ജു കിളിമാനൂരിന്റെ അലക്സി കഥകളും ശിവൻ ഇടമനയുടെ ന്യൂറോ ഏരിയയും സിവിക് ജോണിന്റെ ഷാങ്‌ഹായ്‌യും സിബി ജോൺ തൂവലിന്റെ മർഡോമെട്രിയും വിഷ്ണു എംസിയുടെ കാന്തമല ചരിതവും അനൂപ് ശശികുമാറിന്റെ ഗോഥവും മിനി പി.സിയുടെ ഡെവിൾ ടാറ്റൂവുമെല്ലാം ഇവിടെ രചിക്കപ്പെടുന്നു. അന്യഗ്രഹ ജീവി സാന്നിധ്യം മുതൽ അന്താരാഷ്ട്ര ഗൂഢസംഘങ്ങൾ വരെ ഇവിടെ ത്രില്ലറുകൾക്കു വിഷയങ്ങളാകുന്നു. റിഹാൻ റാഷിദിനെ പോലെയുള്ള എഴുത്തുകാർ ത്രില്ലർ  രചനാശൈലിയെ തന്നെ കലാപരമായി പുനരവതരിപ്പിക്കുവാനുള്ള ധീരമായ ശ്രമങ്ങൾ നടത്തുന്നു. പിഴവില്ലാത്ത രീതിയിൽ മലയാള ജനപ്രിയ സാഹിത്യത്തിന് അപരിചിതമായ മേഖലകളിലേക്ക് എഴുത്തിനെ കൊണ്ടുപോകാൻ രജത് ആറിനെപ്പോലെയുള്ളവർക്ക് കഴിയുന്നു. അഖിൽ പി ധർമജനെയും ശ്രീനി ഇളയൂരിനെയും ശ്രീജേഷിനെയും മോസ് വർഗീസിനെയും അഖിലേഷ് പരമേശ്വറിനെയും ബിനു പ്രസന്നനെയും നിഖിൽ ഡേവിസിനെയും ആദർശിനെയും അനുരാഗ് ഗോപിനാഥിനെപ്പോലെയുമുള്ള എഴുത്തുകാർ ഹൊറർ, സൈബർ, സൈക്കോളജിക്കൽ ത്രില്ലർ, മാന്ത്രിക, പട്ടാള പശ്ചാത്തലത്തിലുള്ള രചനകളും  ധൈര്യസമേതം എഴുതുന്നു. ആംഗലേയ ജനപ്രിയസാഹിത്യത്തിൽ സംഭവിക്കുന്നതു പോലെ വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന, മികച്ച ഭാഷയിൽ എഴുതപ്പെടുന്ന പുസ്തകങ്ങൾ ഇവിടെ ഇനിയും സംഭവിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. വായനക്കാരെ സംബന്ധിച്ചിടത്തോളം വളരെ നല്ല കാര്യമാണ് അത്. നമ്മുടെയൊക്കെ കുട്ടിക്കാലത്തു കോട്ടയം പുഷ്പനാഥിനെയോ ഏറ്റുമാനൂർ ശിവകുമാറിനെയോ ഒക്കെ വായിക്കണമെങ്കിൽ അതൊക്കെ ഗോപ്യമായി ചെയ്യേണ്ട ഒരു അവസ്ഥയുണ്ടായിരുന്നു. ഇന്ന് അതിൽ നിന്നൊക്കെ മെച്ചപ്പെട്ട് കൂടുതൽ സ്വീകാര്യത പൊതുവെ ജനപ്രിയ എഴുത്തുകൾക്കു ലഭ്യമായിട്ടുണ്ടെന്നു തോന്നുന്നു (അങ്ങിങ്ങു അപസ്വരങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഉണ്ടെങ്കിലും). പിന്നെ കാലഹരണപ്പെട്ട ഫോർമുലകളെ മറികടക്കുവാൻ പുതിയ എഴുത്തുകാരും ശ്രമിക്കുന്നുണ്ട് എന്നാണു തോന്നിയിട്ടുള്ളത്. ഭാഷാപരമായും ഘടനാപരമായും മികച്ചു നിൽക്കുന്ന, ഇനിയും മലയാള ജനപ്രിയ സാഹിത്യം കടന്നുചെല്ലാത്ത ഉപജനുസ്സുകളിലും ജനപ്രിയ എഴുത്തുകൾ സംഭവിക്കും എന്നു തന്നെയാണു കരുതുന്നത്.

ജിസ ജോസിന്റെ ആനന്ദഭാരം കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളെ കൃത്യമായി അനുഭവവേദ്യമാക്കിയ പുസ്തകമായി തോന്നി.

 

∙ദ് സീക്രട്ട് ഹിസ്റ്റ്റി, ലോസിങ് മൈ വിർജിനിറ്റി, ദി ആർട് ഓഫ് വാർ, കർദിനാളിന്റെ മരണം, ദ് ഷാഡോ ഓഫ് ദ് വിൻഡ്, ദ് ഏയ്ഞ്ചൽസ് ഗെയിം, ദ് പ്രിസണർ ഓഫ് ഹെവൻ, ദ് ലാബിറിന്ത് ഓഫ് ദ് സ്പിരിറ്റ്സ്, നെയിം ഓഫ് ദ് റോസ്, കലിക, കാക്കകളുടെ രാത്രി തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഹനനത്തിൽ വരുന്നുണ്ട്. രണ്ടു പുസ്തകക്കടക്കാർ കഥാപാത്രങ്ങളായും വരുന്നു. പള്ളിപ്പറമ്പിലെ കൊലപാതകം എന്ന നോവലും അതിന്റെ രചനയും രചയീതാവും നോവലിന്റെ കഥാഗതി നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. നോവൽ ഘടനയിൽ പുസ്തകങ്ങൾ ഇത്രമേൽ സ്വാധീനം ചെലുത്താനിടയായ സാഹചര്യം വിശദീകരിക്കാമോ?

മലയാളഭാഷ ഔദ്യോഗികമായി ഹൈസ്കൂൾ തലം മാത്രമേ എനിക്ക് പഠിക്കുവാൻ സാധിച്ചിട്ടുള്ളൂ. മലയാളത്തിലെ എന്റെ vocabularyയും വളരെ പരിമിതമായിരുന്നു. വായിച്ച പുസ്തകങ്ങളും അവയിലെ രചനാശൈലിയും തന്നെയാണു ഭയം കൂടാതെ എഴുതുവാൻ സഹായിച്ചിട്ടുള്ളത്. മലയാറ്റൂർ രാമകൃഷ്ണനും മാധവിക്കുട്ടിയും തോമസ്‌ അമ്പാട്ടും ഹാർലൻ കോബെനും ഷാരി ലാപേനയും മജീദ്‌ സെയ്ദും തോമസ് പാലായും ബിപിൻ ചന്ദ്രൻ ചേട്ടനും എല്ലാം അങ്ങനെ നോക്കുമ്പോൾ എന്റെ ഗുരുക്കന്മാരാണ്. വർഷങ്ങളായി പുസ്തക പ്രസാധന - വിതരണ രംഗത്തുള്ള സിഐസിസി ജയചന്ദ്രൻ മാഷും  അബ്ദു‍ൽ ലത്തീഫുമെല്ലാം പുസ്തകത്തിൽ കഥാപാത്രങ്ങളായി വരുന്നതു യാദൃശ്ചികമായല്ല. വാണിജ്യപരമായ താൽപര്യങ്ങൾ മുൻനിർത്തിയുമല്ല. മികച്ച രചനകൾ നടത്തിയിട്ടും തിരിച്ചറിയപ്പെടാതെ പോയ ഒട്ടേറെ എഴുത്തുകാർക്ക്, പുസ്തകങ്ങളെ അത്രമേൽ സ്നേഹിച്ചിട്ടും എവിടെയും രേഖപ്പെടുത്തപ്പെടാതെ പോയ ഒട്ടേറെ പുസ്തക പ്രസാധകർക്ക് ഉള്ള എന്റെ ആദരം കൂടിയാണ് അവരിലേക്ക്‌ എന്റെ കഥാപാത്രങ്ങളെ എത്തിച്ചത്. എത്രയൊക്കെ distractions വന്നാലും മനുഷ്യൻ ഉള്ള കാലത്തോളം പുസ്തകങ്ങൾ അവയുടെ physical ഫോർമാറ്റിൽ നിലനിൽക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം.

 

∙നിഖിലേഷിന്റെ സമപ്രായക്കാരായ ആളുകളിൽ വായനയുടെ ഒരു ട്രെൻഡ് എന്താണ്? എന്തൊക്കെയാണവർ വായിക്കുന്നത്?

ഒരു പത്തു വർഷങ്ങൾക്കു മുൻപുള്ള അവസ്ഥയെ അപേക്ഷിച്ചു വായന വളരെ സജീവമായി മാറിയിട്ടുണ്ട് എന്നാണു എന്റെ അനുഭവം. കോവിഡ് കാലം ഉയർത്തിവിട്ട ലോക്ഡൗൺ അവസ്ഥയും മറ്റും വായനയിലേക്ക് വലിയൊരു വിഭാഗം യുവാക്കളെ ആകർഷിക്കുവാൻ സഹായിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യൻ ഇംഗ്ലിഷ് ജനപ്രിയ വായനയിൽ ചേതൻ ഭഗത് ചെയ്തത് എന്താണോ അതു മലയാളത്തിൽ സംഭവിക്കുവാൻ കോവിഡ് കാലഘട്ടം വേണ്ടി വന്നു എന്നു തോന്നുന്നു. non readers ആയിരുന്ന പലരും മികച്ച വായനക്കാരായി മാറി. ലളിതവായനയിൽ നിന്നു കാലക്രമേണ കൂടുതൽ ഗൗരവമുള്ള വായനയിലേക്ക് അവർ കടക്കുമെന്നും അഭിരുചികളിലെ upgrades മനസ്സിലാക്കി എഴുത്തുകാരും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തങ്ങളുടെ എഴുത്തിനെ വളർത്തിയെടുക്കുമെന്നും തന്നെയാണ് ഇതിന്റെ സ്വാഭാവിക പരിണാമം എന്നു കരുതുന്നു. മുൻപ് പ്രസിദ്ധീകരിക്കപ്പെടുകയും എന്നാൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയ പല രചനകളും വായിക്കപ്പെടുവാനും പുതിയ പ്രിന്റുകൾ സംഭവിക്കുവാനും നിമിത്തമായത് വായനയിലും അഭിരുചികളിലും ഉണ്ടായിട്ടുള്ള ഈ പുതിയ ഉണർവാണെന്നു പറഞ്ഞാൽ തെറ്റാകില്ല എന്നു തോന്നുന്നു. അൻവർ അബ്ദുല്ല മാഷും ഇന്ദുഗോപൻ ചേട്ടനും ഒക്കെ വളരെ കാലം മുൻപെഴുതിയ പുസ്തകങ്ങൾ പോലും ഇപ്പോൾ അധികമായി വായിക്കപ്പെടുന്നുണ്ടല്ലോ. നന്നായി എഴുതപ്പെടുന്നവ, അത് എത്ര നവാഗതനായ എഴുത്തുകാരന്റേതായാൽ പോലും മികച്ച അഭിപ്രായം നേടുന്നു, അതിവേഗം വിറ്റഴിക്കപ്പെടുന്നു എന്നതൊക്കെയും സന്തോഷകരമല്ലേ? അഖിൽ കെയുടെ സിംഹത്തിന്റെ കഥയും ഹരിതയുടെ നീലപ്പരുന്തുമെല്ലാം വായിക്കപ്പെടുന്നത് നമുക്കു മുന്നിലുള്ള മികച്ച ഉദാഹരണങ്ങളാണല്ലോ.

 

∙ത്രില്ലർ, കുറ്റാന്വേഷണ സാഹിത്യ ശാഖയ്ക്കു പുറത്തു നിഖിലേഷ് വായിക്കുന്നത് ഏതു തരം പുസ്തകങ്ങളാണ്? അവയിൽ ഏറെ ഇഷ്ടപ്പെട്ട കുറച്ചു പുസ്തകങ്ങളെപ്പറ്റി പറയാമോ?

ത്രില്ലർ കുറ്റാന്വേഷണ ജനുസിൽപ്പെട്ട പുസ്തകങ്ങൾ കൂടുതലായും വായിക്കുന്നത് academic interest കൊണ്ടും ആ ജനുസ്സിൽപെട്ട പുസ്തകങ്ങൾ എഴുതുവാൻ ശ്രമിക്കുന്ന വ്യക്തി ആയതു കൊണ്ടുമാണ്. നല്ല ഒരു രചന നടത്തണമെങ്കിൽ ഇപ്പോൾ വിപണിയിലുള്ള എഴുത്തുകളെപ്പറ്റി മികച്ച ധാരണ വേണമല്ലോ. വായിക്കുവാൻ കൂടുതലും ഇഷ്ടം ലിറ്റററി ഫിക്‌ഷൻ തന്നെയാണ്. മലയാളത്തിലെയും ഇംഗ്ലിഷിലേയും (ഇംഗ്ലിഷിലേക്കു ട്രാൻസ്‌ലേറ്റ് ചെയ്യപ്പെടുന്ന മറുഭാഷകളിലെയും) മികച്ച പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിക്കുവാൻ ശ്രമിക്കാറുണ്ട്. ആത്മകഥകളും ജീവചരിത്ര പുസ്തകങ്ങളും യാത്രാ പുസ്തകങ്ങളുമെല്ലാം വായനയിൽ കടന്നുവരാറുണ്ട്. വലുതെങ്കിലും  രചനാപരമായ സവിശേഷതകൾ കൊണ്ട് വളരെയധികം ഇഷ്ടപ്പെട്ട പുസ്തകമായിരുന്നു Joel Dicker എഴുതി ഇംഗ്ലിഷിലേക്ക് തർജമ ചെയ്യപ്പെട്ട The Truth About The Harry Quebert Affair. പി.എഫ്. മാത്യൂസ് മാഷിന്റെ കടലിന്റെ മണം ആശയങ്ങളിലെ സത്യസന്ധത കൊണ്ടും വാക്യങ്ങളുടെ സൗന്ദര്യം കൊണ്ടും സ്പർശിച്ച പുസ്തകമാണ്. ജിസ ജോസിന്റെ ആനന്ദഭാരം കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകളെ കൃത്യമായി അനുഭവവേദ്യമാക്കിയ പുസ്തകമായി തോന്നി. പൊട്ടിച്ചിരിപ്പിച്ച രചനകളായിരുന്നു മോനി കെ.വിനോദ് എഴുതിയ പാരഡൈം ഷിഫ്റ്റ്, സജീവ് എടത്താടന്റെ ഹൃദയപുരാണം എന്നിവ.

 

∙എഴുത്തിന്റെ ഒരു രസക്കൂട്ട് സ്വായത്തമായെന്നു നിഖിലേഷിന് ആത്മവിശ്വാസമുണ്ടായത് എപ്പോഴാണ്? അതിലേക്കു നയിച്ച ഘടകങ്ങൾ എന്തൊക്കെയാണ്? 

എഴുത്തിൽ സത്യത്തിൽ ഇപ്പോഴും തുടക്കക്കാരൻ ആണെന്നാണ്‌ എന്റെ വിശ്വാസം. എന്നിരുന്നാൽ പോലും ഓരോ പുസ്തകവും ഘടനാപരമായും ആശയപരമായും വേറിട്ട്‌ നിൽക്കണം എന്നാണു ആഗ്രഹം. പൾപ്പ് എഴുതുവാൻ ഇഷ്ടമുള്ളപ്പോൾ തന്നെ ജനപ്രിയ പരിസരത്ത് നിന്നുകൊണ്ട് എഴുത്തിൽ കൂടുതൽ പരീക്ഷണം നടത്തണമെന്നും ആത്യന്തികമായി ഏതെങ്കിലും ഒരു ജനുസ്സിലേക്ക് മാത്രം ഒതുങ്ങിപ്പോവാത്ത തരത്തിലുള്ള രചനകൾ നടത്തണമെന്നുമാണ് ലക്ഷ്യം. എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. നിരന്തരമായി വായിച്ചാൽ മാത്രമേ കൂടുതൽ വ്യത്യസ്തമായ രചനകളിലെക്കെത്തുവാൻ സാധിക്കൂ എന്നാണ് വിശ്വസിക്കുന്നത്. 

 

∙ഡോ. നിഖിലേഷ് മേനോൻ

പൊതുജനാരോഗ്യ വിദഗ്ധനും ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റുമാണ്. ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്നു. എം.ഒ.എസ്.സി മെഡിക്കൽ കോളജ് കോലഞ്ചേരി, സെന്റ് ജോൺസ് മെഡിക്കൽ കോളജ് ബെംഗളൂരു, ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, ലണ്ടൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ചെന്നൈ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മൂന്ന് റിസർച്ച് പേപ്പറുകളും രണ്ട് ഷോർട്ട് ഫിലിമുകളും രചിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആർദ്രം സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. പ്രഥമദൃഷ്ട്യാ, അഗോചരം, ഹനനം  എന്നിവ പ്രസിദ്ധീകൃതമായ നോവലുകൾ. വിലാസം: ആശീർവാദ്, വെണ്ണല, കൊച്ചി -682028.

 

Content Summary: Puthuvakku, Talk with writer Nikhilesh Menon