മാപ്പ്, രാജലക്ഷ്മിയോട്, മാധവിക്കുട്ടിയോട്; സസ്നേഹം നൊബേൽ സാഹിത്യ സമിതി
ഞാൻ മരിക്കുമ്പോൾ എന്റെ മാംസവും അസ്ഥികകളും വലിച്ചെറിഞ്ഞു കളയരുത്. അവ അവയുടെ ഗന്ധത്താൽ പറയട്ടെ ഈ ഭൂമിയിലെ ജീവിതത്തിന്റെ മേൻമ എന്തെന്ന് ! കവിതയിലൂടെ ഇങ്ങനെയൊരു അർഥന നടത്താൻ ഇന്ത്യയിൽ ഒരു കവിക്കേ കഴിഞ്ഞിട്ടുള്ളൂ. മൂന്നു ഭാഷയിൽ സംസാരിക്കുകയും രണ്ടിൽ എഴുതുകയും ഒന്നിൽ സ്വപ്‌നം കാണുകയും ചെയ്ത
ഞാൻ മരിക്കുമ്പോൾ എന്റെ മാംസവും അസ്ഥികകളും വലിച്ചെറിഞ്ഞു കളയരുത്. അവ അവയുടെ ഗന്ധത്താൽ പറയട്ടെ ഈ ഭൂമിയിലെ ജീവിതത്തിന്റെ മേൻമ എന്തെന്ന് ! കവിതയിലൂടെ ഇങ്ങനെയൊരു അർഥന നടത്താൻ ഇന്ത്യയിൽ ഒരു കവിക്കേ കഴിഞ്ഞിട്ടുള്ളൂ. മൂന്നു ഭാഷയിൽ സംസാരിക്കുകയും രണ്ടിൽ എഴുതുകയും ഒന്നിൽ സ്വപ്‌നം കാണുകയും ചെയ്ത
ഞാൻ മരിക്കുമ്പോൾ എന്റെ മാംസവും അസ്ഥികകളും വലിച്ചെറിഞ്ഞു കളയരുത്. അവ അവയുടെ ഗന്ധത്താൽ പറയട്ടെ ഈ ഭൂമിയിലെ ജീവിതത്തിന്റെ മേൻമ എന്തെന്ന് ! കവിതയിലൂടെ ഇങ്ങനെയൊരു അർഥന നടത്താൻ ഇന്ത്യയിൽ ഒരു കവിക്കേ കഴിഞ്ഞിട്ടുള്ളൂ. മൂന്നു ഭാഷയിൽ സംസാരിക്കുകയും രണ്ടിൽ എഴുതുകയും ഒന്നിൽ സ്വപ്‌നം കാണുകയും ചെയ്ത
ഞാൻ മരിക്കുമ്പോൾ
എന്റെ മാംസവും അസ്ഥികകളും
വലിച്ചെറിഞ്ഞു കളയരുത്.
അവ അവയുടെ ഗന്ധത്താൽ പറയട്ടെ
ഈ ഭൂമിയിലെ ജീവിതത്തിന്റെ
മേൻമ എന്തെന്ന് !
കവിതയിലൂടെ ഇങ്ങനെയൊരു അർഥന നടത്താൻ ഇന്ത്യയിൽ ഒരു കവിക്കേ കഴിഞ്ഞിട്ടുള്ളൂ. മൂന്നു ഭാഷയിൽ സംസാരിക്കുകയും രണ്ടിൽ എഴുതുകയും ഒന്നിൽ സ്വപ്‌നം കാണുകയും ചെയ്ത മലയാളത്തിന്റെ മാധവിക്കുട്ടിക്ക്. കൊൽക്കത്തയിൽ നഗരാരവങ്ങൾക്കിടെ ജീവിക്കുമ്പോൾ നാലപ്പാട്ടു തറവാട്ടിലെ അകമുറിയിലെ ഇരുട്ട് ഒരു കൈക്കുടന്നയിലെങ്കിലും എടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നു വിഷാദിച്ച കമലാ ദാസിന്. തന്നെ വധിക്കാൻ എത്തിയ വാടകക്കൊലയാളിയെ കണ്ടുപിടിച്ച് ഒരു തോക്ക് വേണമെന്ന് അപേക്ഷിക്കുകയും ആരെ കൊല്ലാനാണെന്നു ചോദിച്ചപ്പോൾ തന്നെത്തന്നെ എന്നു മറുപടി പറയുകയും ചെയ്ത കമലാ സുരയ്യയ്ക്ക്. ഒരിക്കൽ നൊബേൽ സമ്മാനത്തിനു മാധവിക്കുട്ടി എന്തുകൊണ്ട് പരിഗണിക്കപ്പെട്ടു എന്നതിന്റെ കാരണം ഇതുതന്നെയാണ്. മലയാളത്തിലെ, ഇന്ത്യയിലെ മറ്റാരാണ് ഇത്രമാത്രം ആത്മാർഥമായി, ആർജവത്തോടെ സ്വന്തം ജീവിതം വാക്കുകളിലേക്കു പകർന്നത്. യൗവ്വനത്തിൽ ആത്മകഥ എഴുതിയിട്ടുള്ളത്. അതിന് എന്റെ കഥ എന്നു പേരിട്ടിട്ടുള്ളത്. അതൊക്കെ ഭാവന(യാഥാർഥ്യം) എന്നു കളിയായും യാഥാർഥ്യം(ഭാവന) എന്നു കാര്യമായും പറഞ്ഞിട്ടുള്ളത്. ഇന്നും അതിലൊരു തീർപ്പ് ഉണ്ടായിട്ടില്ല. എന്റെ കഥ യാഥാർഥ്യമോ ഭാവനയോ. ഭാവനയാണെങ്കിൽ തന്നെ യാഥാർഥ്യമെന്നു തോന്നിപ്പിക്കാൻ കഴിഞ്ഞതിലാണ് എഴുത്തുകാരിയുടെ മിടുക്ക്. അഥവാ അങ്ങനെയൊരു ജീവിതം യഥാർഥത്തിൽ ജീവിച്ചിട്ടില്ലെങ്കിൽപ്പോലും മനസ്സു കൊണ്ട് ജീവിച്ചതുകൊണ്ടാണ് എന്റെ കഥയിൽ രക്തത്തിന്റെ ചുവപ്പും മാംസത്തിന്റെ തുടിപ്പും ഹൃദയത്തിന്റെ സ്പന്ദനവും തൊട്ടറിയാൻ കഴിയുന്നത്. ജീവിതമാണത്. അല്ലെങ്കിൽ അതാണു ജീവിതം. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അങ്ങനെ ജീവിക്കാൻ ആരാണു കൊതിക്കാത്തത്. എന്നാൽ ആ ജീവിതത്തെ വാക്കുകളിൽ ആവിഷ്‌കരിക്കാൻ ചുരുക്കം പേർക്കേ കഴിയൂ. അതിനു പ്രതിഭ മാത്രം പോരാ. ധൈര്യവും വേണം. അപാരമായ ധൈര്യം. ആ ധൈര്യമാണ് ഇത്തവണ സാഹിത്യ വിജയിയെ തീരുമാനിച്ചപ്പോൾ നൊബേൽ കമ്മിറ്റി പരിഗണിച്ചതും. ആനി ഏർനോയെ വിജയിയായി പ്രഖ്യാപിക്കാൻ മടിക്കാതിരുന്നതും.
ആദ്യത്തെ പുസ്തകം മുതൽ അവസാനം പുറത്തുവന്ന ഡയറിക്കുറിപ്പു വരെയും ഏർനോ എഴുതിയത് സ്വന്തം ജീവിതമാണ്. തീർന്നിട്ടില്ല. ഇനിയും എഴുതാനുണ്ട്. അതിന് ഈ ലോകനിയമം ആ എഴുത്തുകാരിയെ അനുവദിക്കുമോ എന്ന് ഉറപ്പില്ല. എന്നാൽ, എഴുതിയ ഓരോ കൃതിയിലും സ്വന്തം അസ്ഥിയും മാംസവും ഇറക്കിവയക്കുകയാണ് ഏർനോ ചെയ്തത്. ആ മുതിർന്ന ഫ്രഞ്ച് എഴുത്തുകാരിയുടെ ഏതു പുസ്തകം എടുത്താലും അവ അവയുടെ ഗന്ധത്താൽ പറയും ഭൂമിയിലെ ജീവിതത്തിന്റെ മേൻമ. സ്‌നേഹത്തിന്റെ സുഗന്ധം. വിരഹത്തിന്റെ താപം. രോഗത്തിന്റെ പീഢ. അനുതാപത്തിന്റെ കണ്ണുനീര്. ഇതിലൊക്കെ ഉപരി സ്ത്രീ എന്നാൽ എന്തെന്ന്.
സ്ത്രീ എങ്ങനെ ജീവിക്കണം, എന്ത് എഴുതണം, എങ്ങനെ എഴുതണം, സ്‌നേഹിക്കണം, സ്‌നേഹിക്കപ്പെടണം, കിടക്കയിൽ എന്തൊക്കെ ചെയ്യണം, ചെയ്യാതിരിക്കണം..... കാലാകാലങ്ങളായി എഴുതിവച്ചിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ഈ നിയമങ്ങളുടെ ഇരകളാണ് സ്ത്രീകൾ, എഴുത്തുകാരും. ഈ സാമൂഹിക ദുർന്നിയമത്തിനെതിരെ പോരാടാൻ ശ്രമിച്ചു പരാജയപ്പെട്ട എഴുത്തുകാരിയാണ് ഒരു വഴിയും കുറേ നിഴലുകളും എഴുതിയ രാജലക്ഷ്മി. അവരുടെ കൃതികൾ ഇന്നു വായിക്കുമ്പോൾ അവ എത്രയോ നിർദ്ദോഷമെന്നേ ആരും പറയൂ. നിഷ്‌കളങ്കമെന്നും. എന്നാൽ വിദൂര സാമ്യങ്ങളുടെ പേരിൽപ്പോലും രാജലക്ഷ്മി അപമാനിക്കപ്പെട്ടു. അക്ഷേപിക്കപ്പെട്ടു. അംഗീകരിക്കപ്പെട്ടപ്പോൾപ്പോലും തുറിച്ചുനോക്കുന്ന സമൂഹത്തിനു നേർക്കു തിരിച്ചു നോക്കാനും ഞാൻ ഇനിയും എഴുതും എന്നു പറയാനും അവർക്കു കഴിയാതെപോയി. ജീവിച്ചിരുന്നാൽ ഇനിയും എഴുതും. എഴുതാതിരിക്കണമെങ്കിൽ ഞാൻ മരിച്ചേ തീരൂ. നിങ്ങളുടെ ജീവിതത്തിനായ് ഇതാ ഞാൻ എന്റെ ജീവിതം തരുന്നു എന്നു പറയാതെ പറഞ്ഞ് രാജലക്ഷ്മി കാലത്തിന്റെ വഴിയിലെ നിഴലായി. ആ നിഴലിലല്ല മാധവിക്കുട്ടി എഴുതിയത്. ആ നിഴലിൽ നിന്നു പൂർണമായും പുറത്തുകടന്ന്. ഒരുപക്ഷേ മാധവിക്കുട്ടിയുടെ അകാലത്തിലെ ആത്മകഥ ആദ്യം വായിച്ചത് അവരുടെ ഭർത്താവ് തന്നെയായിരിക്കും. അതു വായിച്ച് അദ്ദേഹം ഊറിച്ചിരിച്ചിട്ടുണ്ടാകും. ആ ചിരി കൊണ്ടു കൂടിയാണോ എന്റെ കഥ ഒരു വാക്കു പോലും മാറ്റമില്ലാതെ വായനക്കാർക്ക് ലഭിച്ചത്.
നാം വാക്കുകൾ കൊണ്ടാണു സൃഷ്ടിക്കപ്പെട്ടത് എന്നു പറഞ്ഞത് ഏർനോയാണ്. സംശയമുള്ളവർ ഏർനോയുടെ പുസ്തകങ്ങൾ ഒരാവൃത്തിയെങ്കിലും വായിക്കട്ടെ. അസംതൃപ്ത വിവാഹത്തിൽ നിന്നു രക്ഷപ്പെട്ട് വർഷങ്ങൾക്കു ശേഷമാണ് ഏർനോ പ്രണയത്തിനു കീഴടങ്ങുന്നത്. രണ്ടു വർഷക്കാലം. തന്നേക്കൾ ഇളയ, വിവാഹിതനായ മറ്റൊരു രാജ്യത്തെ പൗരനുമായി. പ്രണയിച്ച ആ രണ്ടുവർഷക്കാലം കാര്യമായി ഒന്നും എഴുതിയിട്ടില്ലെന്നു പറഞ്ഞിട്ടുണ്ട് അവർ. എങ്ങനെ എഴുതും. ഒരേ സമയം ഒരേ ആത്മാർഥതയോടെ സ്വന്തം ശരീരവും ആത്മാവും പകരാൻ ഒരു സ്ത്രീക്ക് എങ്ങനെയാണു കഴിയുക. ഒരു ഫോൺ വിളിക്കു വേണ്ടി മാത്രം കാത്തിരുന്ന പകലുകൾ. ഒന്നു കാണാൻ വേണ്ടി മാത്രം തപസ്സിരുന്ന വൈകുന്നേരങ്ങൾ. ഒരു കിടക്കയിൽ ഒരുമിക്കാൻ വേണ്ടി മാത്രം സമർപ്പിച്ച ജീവിതം. സ്‌നേഹം തുറന്നുപറായാൻ എന്തിനു ലജ്ജിക്കണം. പുരുഷൻമാർക്കു പറയാം. ഓരോ പ്രണയവും അവരുടെ തൊപ്പിയിലെ തൂവലാണ്. സ്ത്രീകൾക്കോ. ഒരോ പ്രണയവും ഓരോ കുരിശ്. ജീവിതത്തിന്റെ മുറിവുകളിൽ വീണു ചോരയൊലിക്കുന്നു. കാറ്റ് തിരമാലയെ എന്ന പോലെ, കരിയിലയെപ്പോലെ, മേഘത്തെപ്പോലെ എന്നേക്കൂടി..... എന്നെഴുതിയത് പ്രണയത്തിൽ ജീവിതസത്യം തിരിച്ചറിഞ്ഞ ഷെല്ലിയാണ്. 30 വർഷം മുൻപ് സംഭവിച്ച പ്രണയം അതിന്റെ വിശുദ്ധ പാപങ്ങളോടു കൂടി 82-ാം വയസ്സിൽ ഏറ്റുപറയാൻ ഈ ലോകത്ത് ഒരാൾക്കേ കഴിയൂ. ഒരേയൊരു ആനി ഏർനോയക്കു മാത്രം. അവരെ നൊബേൽ സമ്മാനത്തിനു പരിഗണിച്ചപ്പോൾ, വിജയിയായി പ്രഖ്യാപിച്ചപ്പോൾ മീ ടൂ ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ നിന്നു കൂടി പുറത്തുകടക്കുകയാണ് സ്വീഡനിലെ നൊബേൽ കമ്മിറ്റി.
എന്റെ അനുഭവങ്ങളാണ് ഇവ. ഞാനല്ലാതെ ആരാണ് ഇവയൊക്കെ ലോകത്തോടു പറയുക. ഹാപ്പനിങ്ങ് എന്ന നോവലിന്റെ ആമുഖത്തിൽ ഏർനോ ചോദിക്കുന്നു. ഗർഭഛിദ്രം നിയമവിരുദ്ധമായ രാജ്യത്ത് ഗർഭത്തിലെ ആദ്യത്തെ കുഞ്ഞിനെ കൊല്ലാൻ കൊലയാളിയെ തേടി നടന്ന നാളുകളെക്കുറിച്ചാണ് അവർ പറഞ്ഞത്. ജീവിതത്തിൽ എനിക്ക് ഏറ്റവും കൂടുതൽ ഉത്തരവാദിത്വമുള്ളത് എന്റെ ശരീരത്തോടാണ്... ഏർനോ പറയുന്നു. ( ഈ വാക്കുകളിൽ മാധവിക്കുട്ടിയുടെ നിഴൽ കാണുന്നവർ അതിശയിക്കരുത്).
എന്റെ ചിന്തകളോട്. വികാരങ്ങളോട്. അവയാണ് എന്നിൽ നിന്ന് വാക്കുകളായി പുറത്തുവരുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നിങ്ങൾ അനുഭവിച്ചതും പറയാൻ ആഗ്രഹിച്ചതും എന്നാൽ അധൈര്യത്തിൽ അമർത്തിവച്ചതുമായ വികാരങ്ങളാണ് എന്നിലൂടെ പുറത്തുവരുന്നത്.... ആനി ഏർനോയ്ക്കു ലഭിച്ച പുരസ്‌കാരം നമുക്ക് കൂടിയുള്ളതാണ് എന്ന് ഇനിയും സംശയമുണ്ടോ.
ശരീരത്തോട് നീതി പുലർത്താൻ ശ്രമിക്കുകയും പരാജയപ്പെടുകയും അഥവാ വിജയിച്ചാൽ തന്നെ അതു വാക്കുകളിൽ പകരാൻ കഴിയാതെ പോകുകയും ചെയ്യുന്ന സഹൃദയരേ, ആനി ഏർനോ നിങ്ങൾക്കുവേണ്ടി എഴുതുന്നു. നമുക്കു വേണ്ടി എഴുതുന്നു. നമ്മുടെ ഹൃദയം നമുക്ക് കാഴ്ചവയ്ക്കുന്നു. ഇത് അതിശയമെങ്കിൽ ഇതാണ് സാഹിത്യം. ഇതു മാത്രമാണ് സാഹിത്യം. നിലനിൽക്കുന്ന സാഹിത്യം. കാലത്തിന്റെ പ്രവാഹത്തിലും തളരാതെ അതിജീവിക്കുന്ന വാക്കിന്റെ സത്യം. ഭർത്താവിന്റെ അവിശ്വസ്തത തിരിച്ചറിഞ്ഞിട്ടും ഒരു രാത്രി അയാൾക്കൊപ്പം ചെലവഴിച്ചു തിരിച്ചെത്തിയ ഏർനോയോട് അമ്മ രണ്ടു വാക്കുകൾ മാത്രമാണു ചോദിച്ചത്...നിനക്ക് നാണമില്ലേ...
അമ്മയെക്കുറിച്ചുള്ള ഒരു പരാമർശമെങ്കിലും ഇല്ലാതെ ഒരു പുസ്തകം പോലും എഴുതിയിട്ടില്ലാത്ത ഏർനോ ഇതും എഴുതിയിട്ടുണ്ട് മറയില്ലാതെ.
രോഗത്തിന്റെ പീഢയിൽ ആശുപത്രിയിൽ കിടക്കുമ്പോഴാണ് മാധവിക്കുട്ടി സ്വന്തം കഥയെഴുതാൻ തീരുമാനിക്കുന്നത്. തിരിച്ചുവരവില്ലെങ്കിൽ ഇത് തന്റെ അവസാനവാക്കുകളാണെന്ന തിരിച്ചറിവോടെ. അതുകൊണ്ടാണ് എന്റെ കഥയിലെ ഓരോ വാക്കിലും മാംസവും അസ്ഥിയും മണക്കുന്നത്. വാസനിക്കുന്നത്. ജീവിതത്തിന്റെ മേൻമയെക്കുറിച്ച് അവ സംസാരിക്കുന്നത്. സ്‌നേഹത്തിന്റെ സുഗന്ധം അനുഭവിപ്പിക്കുന്നത്. ഓരോ പുസ്തകം എഴുതുമ്പോഴും ഏർനോയും കരുതിയിട്ടുണ്ടാകും ഇതാണ് തന്റെ അവസാനത്തെ പുസ്തകം എന്ന്. ഇനി എഴുതാൻ താൻ ബാക്കി ഉണ്ടാകില്ലെന്ന്.
സിംപിൾ പാഷൻ എന്ന പുസ്തകം എഴുതുമ്പോൾ വർഷങ്ങൾക്കു ശേഷം ഗെറ്റിങ് ലോസ്റ്റ് താൻ എഴുതുമെന്ന് ഏർനോ വിചാരിച്ചിട്ടേയില്ല. ഒരു സ്ത്രീക്ക് എഴുതാൻ കഴിയുന്ന ഏറ്റവും തീവ്രമായ പ്രേമം എന്നു മാത്രമേ സിംപിൾ പാഷനെ വിശേഷിപ്പിക്കാൻ കഴിയൂ. അത് ഏർനോയുടെ തന്നെ പ്രണയാനുഭവമാണെന്ന് പിന്നീടാണ് ലോകം മനസ്സിലാക്കുന്നത്. ഗെറ്റിങ് ലോസ്റ്റ് എന്ന ഡയറിയാണ് സിംപിൾ പാഷനായി മാറിയത്. എന്നാൽ അതു മാത്രം പോരാ, പ്രണയിച്ചപ്പോൾ താൻ കടന്നുപോയ ഓരോ നിമിഷവും അങ്ങനെതന്നെ ലോകം അറിയട്ടെ എന്നുറപ്പിച്ചാണ് ഡയറി ഏർനോ പ്രസിദ്ധീകരിക്കുന്നത്. സ്വന്തം ഡയറി പ്രസിദ്ധീകരിക്കാൻ വെല്ലുവിളിച്ചാൽ ഇന്നും എത്ര സ്ത്രീകൾ ആ വെല്ലുവിളി ഏറ്റെടുക്കും. ഒരാളുണ്ട് എന്ന് 82-ാം വയസ്സിലും ഏർനോ ആശ്വസിപ്പിക്കുന്നു.
ആനി ഏർനോയോട് മലയാളത്തിന് എന്തു പറയാനുണ്ട്. സുഗതകുമാരി എഴുതിയിട്ടുണ്ട്. രാജലക്ഷ്മിയോട് എന്ന കവിതയിൽ.
ചൂഴ്‌ന്നെടുത്തുള്ള നിൻ രക്തഞരമ്പു പോൽ ചോന്നു തുടിക്കുമീ രാഖിയിൽ തൊട്ടു ഞാൻ നിന്നെയറിയുന്നു നിൻ തുടിപ്പോരുന്നു എന്ന് എൻവി.
ലോകമാകെ വീശിയടിച്ച മീ ടൂ കൊടുങ്കാറ്റിന് ഒരു പ്രത്യയശാസ്ത്ര രേഖയുണ്ടെങ്കിൽ അത് എ ഗേൾസ് സ്റ്റോറി ( ഒരു പെണ്ണിന്റെ കഥ) എന്ന ഏർനോ കൃതിയായിരിക്കും. 1958 ൽ പുരുഷ ലോകത്താൽ അപമാനിതയായ ഒരു പെണ്ണിന്റെ കഥ മാത്രമല്ല അത്. അന്നും ഇന്നും എന്നും അപമാനിക്കപ്പെട്ട പെണ്ണിന്റെ കണ്ണീരുമല്ല, വാക്കുകളിൽ പകർത്തപ്പെട്ട പ്രതികാരം. പെണ്ണിനെ അപമാനിക്കുന്നത് അവകാശമാണെന്നു കരുതി ജീവിക്കുകയും മരിക്കുകയും ചെയ്തവരേ , കുഴിമാടങ്ങളിൽ നിങ്ങളുടെ ഉറക്കം ശല്യപ്പെടുത്താൻ വേണ്ടിയാണ് ഏർനോ എഴുതിയത്.
ഓർമക്കുറിപ്പ്. ഭാവന. ആത്മകഥ. ഏതു വിഭാഗത്തിലാണ് ഏർനോയുടെ എഴുത്തിനെ അടയാളപ്പെടുത്തുക എന്ന തർക്കം തുടർന്നോട്ടെ. അതു പുരുഷ ലോകത്തിന്റെ കുത്തകയും അവകാശവുമാണ്. എന്നാൽ വിശാലമായ ലോകത്തിൽ ഏർനോയുടെ വായനാ സമൂഹം വിപുലമാകുമ്പോൾ പേടിച്ചേ മതിയാകൂ... എഴുതിവച്ചതുമാത്രമല്ല സാഹിത്യം എന്ന് ലോകം തിരിച്ചറിയാൻ പോകുകയാണ്. ഒരു പെണ്ണ് ആഗ്രഹിക്കുന്നത് എന്തൊക്കെ എന്ന് വിളിച്ചുപറഞ്ഞ ഈ സ്ത്രീയൂടെ മുന്നിൽ നിങ്ങൾ ചൂളിപ്പോകരുത്. വിറയ്ക്കരുത്. മുട്ടുകാലിടിയ്ക്കരുത്. നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്.
ഗർഭഛിദ്രം നടത്തുന്ന കൊലയാളിയുടെ മേശപ്പുറം ഇതുവരെ ഏതെങ്കിലും മ്യൂസിയത്തിൽ നിങ്ങൾ കണ്ടിട്ടുണ്ടോ... ചോദ്യം ഏർനോയുടേതാണ്. ഇല്ലെങ്കിൽ, ധൈര്യമുണ്ടെങ്കിൽ ഹാപ്പനിങ് വായിക്കൂ. കത്തിയുടെ വായ്ത്തല കാലുകളെ പിളർന്നപ്പോൾ ആ പെണ്ണിന്റെ മനസ്സിൽ സ്‌നേഹിച്ച പുരുഷന്റെ രൂപം ഇല്ലേ ഇല്ല. ഭംഗം ചെയ്യപ്പെട്ടതു മാനം അല്ല. ധൈര്യമുണ്ടെങ്കിൽ പ്രതികാര സന്നദ്ധരായ ഈ വാക്കുകളെ നേരിടൂ.
മാധവിക്കുട്ടി ഒരിക്കൽ എഴുതിക്കൊണ്ടിരുന്ന മുറിയിലേക്ക് ഒരു കരുവി കടന്നുവന്നു. കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ ഇതളുകളിൽ ഇടിച്ചു കിളി ഭിത്തിയിലേക്കു തെറിച്ചു. ഒരു നിമിഷം ഭിത്തിയിൽ തന്നെ തറഞ്ഞുനിന്നതിനു ശേഷം കുരുവി താഴേക്ക് ഊർന്നു. ഭിത്തിയിൽ ചോരപ്പാടു വീഴ്ത്തി. എന്റെ കഥ മാധവിക്കുട്ടിയുടെ ചോരയാണ്. പക്ഷേ, നൊബേൽ സമ്മാനം മാധവിക്കുട്ടിക്കോ കമലാ ദാസിനോ കമല സുരയ്യയ്‌ക്കോ ലഭിച്ചില്ല. ആ കുരുവിയെപ്പോലെ വാക്കുകളിൽ ചോരപ്പാടു വീഴ്ത്തിയ ആനി ഏർനോയ്ക്ക് ലഭിച്ചു.
രാജലക്ഷ്മിയുടെ നഷ്ടം.
മാധവിക്കുട്ടിയുടെ അല്ല മലയാളത്തിന്റെ ഏറ്റവും വലിയ നഷ്ടം.
ആനി ഏർനോയുടെ നേട്ടം.
വാക്കുകളിൽ ചോരപ്പുഴയൊഴുകട്ടെ. അപമാനിക്കപ്പെട്ട പെണ്ണിന്റെ പ്രതികാരം വാക്കുകളിൽ ആത്മാവ് കണ്ടെത്തട്ടെ. അന്നാ കരേനീന എന്താണ് പറഞ്ഞത്? എന്റെയാണ് പ്രതികാരം....എന്റെ മാത്രം.
Content Summary: Nobel Prize: Kamala Das and Rajalakshmi's loss, Annie Ernaux's gain