കുമാരമാമ - വി.കെ.കെ.രമേഷ് എഴുതിയ കഥ
തൊള്ളായിരത്തി എഴുപത്തിയഞ്ചിലാണ് കുമാരമാമയെ ആദ്യമായി കണ്ടതിന്റെ ഓർമ. അന്ന് രണ്ടിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. കുമാരമാമയാകട്ടെ, മേജറായി സർവീസിൽനിന്ന് പിരിഞ്ഞ് തന്റെ ദീർഘമായ പെൻഷൻകാലങ്ങൾ ആസ്വദിക്കുന്ന ആരോഗ്യവാനായ മനുഷ്യനും. വളയാത്ത വടിപോലെ ഉശിരനായിരുന്നു അക്കാലത്തും മാമ. എന്തെങ്കിലും
തൊള്ളായിരത്തി എഴുപത്തിയഞ്ചിലാണ് കുമാരമാമയെ ആദ്യമായി കണ്ടതിന്റെ ഓർമ. അന്ന് രണ്ടിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. കുമാരമാമയാകട്ടെ, മേജറായി സർവീസിൽനിന്ന് പിരിഞ്ഞ് തന്റെ ദീർഘമായ പെൻഷൻകാലങ്ങൾ ആസ്വദിക്കുന്ന ആരോഗ്യവാനായ മനുഷ്യനും. വളയാത്ത വടിപോലെ ഉശിരനായിരുന്നു അക്കാലത്തും മാമ. എന്തെങ്കിലും
തൊള്ളായിരത്തി എഴുപത്തിയഞ്ചിലാണ് കുമാരമാമയെ ആദ്യമായി കണ്ടതിന്റെ ഓർമ. അന്ന് രണ്ടിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. കുമാരമാമയാകട്ടെ, മേജറായി സർവീസിൽനിന്ന് പിരിഞ്ഞ് തന്റെ ദീർഘമായ പെൻഷൻകാലങ്ങൾ ആസ്വദിക്കുന്ന ആരോഗ്യവാനായ മനുഷ്യനും. വളയാത്ത വടിപോലെ ഉശിരനായിരുന്നു അക്കാലത്തും മാമ. എന്തെങ്കിലും
തൊള്ളായിരത്തി എഴുപത്തിയഞ്ചിലാണ് കുമാരമാമയെ ആദ്യമായി കണ്ടതിന്റെ ഓർമ. അന്ന് രണ്ടിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. കുമാരമാമയാകട്ടെ, മേജറായി സർവീസിൽനിന്ന് പിരിഞ്ഞ് തന്റെ ദീർഘമായ പെൻഷൻകാലങ്ങൾ ആസ്വദിക്കുന്ന ആരോഗ്യവാനായ മനുഷ്യനും. വളയാത്ത വടിപോലെ ഉശിരനായിരുന്നു അക്കാലത്തും മാമ. എന്തെങ്കിലും കളികൾക്കായിട്ടാണെങ്കിൽ ഈ ലോകംതന്നെ മുറിച്ചുകടക്കാൻ തയാറായ ഒരു കുട്ടിയായിരുന്നു ഞാൻ. സദാ തിരതല്ലുന്ന അത്യുത്സാഹം ഞങ്ങൾക്കിടയിൽ വെള്ളം നിറച്ച കിടക്കപോലെ ഉരുമ്മിനിന്നു. തൊട്ടില്ലെങ്കിലും താനേ കിക്കിളി വരുന്നത് അതുകൊണ്ടാവാം. ഗുജറാത്തിൽ ഭാര്യയോടൊപ്പം വാർധക്യം രസിക്കുന്ന മാമ വർഷങ്ങളുടെ ഇടവേളയിൽ തറവാട്ടിലെത്തുക പതിവാണ്. ഒറ്റയ്ക്കായിരിക്കും വരവ്.
‘കാറ്റ് വന്നു വിളിച്ചു’
നട്ടുച്ചയാണെന്നൊന്നും പരിഗണിക്കാതെ പാടങ്ങളിലൂടെ സോത്സാഹം നടക്കുമ്പോൾ താൻ വന്നെത്തിയതിന്റെ കാരണം മാമ എന്നോടു വെളിപ്പെടുത്തും. ഏറെയൊന്നും അകലത്തിലല്ലാത്ത മരുപ്പരപ്പിനോട് സദാ ഉരുമ്മിനിൽക്കുന്ന അറബിക്കടലിന്റെ വളവിൽനിന്ന് അദ്ദേഹത്തിനു വേണ്ടി മാത്രമായി അത്തരം സന്ദേശവാഹകരായ കാറ്റുകൾ കയറിവരുന്നുണ്ടാകാം. ഇരുകരകളോടുരുമ്മി, നാഴികകളോളം നീണ്ടുനീണ്ട്, അവസാനം പുഴയിലേക്ക് ഒഴുകിയിറങ്ങുന്ന പാടങ്ങളായിരുന്നു ഞങ്ങളുടേത്. അത് ഒരർത്ഥത്തിൽ മാമയുടേതുമായിരുന്നല്ലോ. വരമ്പുകളിലൂടെയും മറ്റുമുള്ള നടത്തയിലൂടെ അദ്ദേഹം സ്വന്തം ബാല്യം തിരിച്ചുപിടിക്കുകയാണെന്നായിരുന്നു എന്റെയൊരു വിചാരം.
‘കാറ്റ് കണ്ടോ?’
അദ്ദേഹം ചൂണ്ടിക്കാണിക്കും. കാറ്റിനെ കാണാനുള്ള സിദ്ധിയില്ലാത്ത എനിക്കു മുന്നിൽ വെയിൽമരീചികയുടെ ഇളക്കങ്ങൾമാത്രം. അതിൽ ദൂരവരമ്പുകൾ വളഞ്ഞും പുളഞ്ഞും കുണുങ്ങുന്നുണ്ടാകും. പല്ലക്കാട്ടെ പാടങ്ങളും കൂട്ടാലക്കണ്ടങ്ങളുമൊക്ക താണ്ടി മിക്കവാറും ഞങ്ങൾ പുഴയോരംവരെയെത്തും. അങ്ങേക്കരയിലെ പാലപ്പുറത്തെ മൺകുന്നിനുനേർക്ക് ഞാൻ കല്ലെറിയും. വീതിയേറിയ ഭാരതപ്പുഴ കല്ലുകളത്രയും എത്തിപ്പിടിച്ച് പൊട്ടിച്ചിരിക്കും. പുഴക്കരയിലെ പാലമരത്തിനു താഴെനിന്ന് കുന്നുകൾക്കപ്പുറത്തേക്ക് നോക്കുകയാവും അന്നേരം കുമാരമാമ. വേലികളില്ലാത്ത വെളിമ്പറമ്പുകളിലൂടെയുള്ള നടത്തത്തിനിടയിൽ പല വീടുകളിലെ ആതിഥ്യം ഞങ്ങളോടുരുമ്മുക പതിവാണ്. വലിയവരോടുള്ള കുശലങ്ങൾക്കിടക്ക് കുട്ടികൾക്ക് കുമാരമാമ കീശയിൽനിന്ന് മിഠായി എടുത്തുകൊടുക്കും. ഗ്രാമത്തിന് തീർത്തും അപരിചിതമായ അത്തരം പലഹാരങ്ങൾ അക്കാലം കുട്ടികൾക്കെന്നല്ല വലിയവർക്കുപോലും അത്ഭുതമായിരുന്നു. അങ്ങനെയൊരു ദിവസം, ഒഴിഞ്ഞ ഒരു കൊച്ചുവീടിന്റെ മുറ്റം തരണംചെയ്യുകയായിരുന്നു ഞങ്ങൾ. അതിന്റെ മുറ്റത്തെ മൂവാണ്ടൻമാവിന്റെ കൊമ്പിലിരുന്ന് ഒരു കുയിൽ ഇടവിട്ട് കൂവുന്നുണ്ട്. കുമാരമാമ തലയാട്ടി രസിച്ചു. വീടിന്റെ വടക്കുഭാഗം തരണംചെയ്യുമ്പോൾ അവിടെ ഇടിയാറായ തുറന്ന ചായ്പ്പിൽ ഞങ്ങളൊരു കോഴിക്കൂടു കണ്ടു. പരിസരത്ത് കോഴികളെയൊന്നും കണ്ടതുമില്ല. കുറ്റിയറ്റുപോയ വംശത്തിന്റെ നിലനിൽക്കുന്ന ഏകസ്മാരകംപോലെ തോന്നിച്ചു അത്. കുമാരമാമ കൂട്ടിനകത്തേക്കുതന്നെ നോക്കി തെല്ലുനേരം അനങ്ങാതെ നിന്നു. പിന്നെ, ശബ്ദമുണ്ടാക്കാതെ തുറന്ന് അതിനകത്തേക്കു നോക്കി.
‘അകത്ത് യാതൊന്നുമുണ്ടാകില്ല, മാമേ.’ ഞാൻ പറഞ്ഞു.
മാമ പ്രത്യേകഭാവത്തോടെ എന്നെ നോക്കി. മറ്റെവിടെയോ ഇരുന്നുകൊണ്ട് മറ്റൊരു സന്ദർഭത്തിൽ മറ്റാരേയോ നോക്കുന്നതുപോലെയായിരുന്നു അത്. മാമ എഴുന്നേറ്റു. നടക്കാനാരംഭിച്ചതോടെ, പതിവു തെറ്റിച്ചുകൊണ്ട് അദ്ദേഹം എന്റെ പിന്നിലായി.
‘ബിഡസോവ നദിക്കരയിലൂടെ നടക്കുമ്പോൾ പണ്ട്, ലോകയുദ്ധകാലത്ത് ഞാനൊരു കാഴ്ച കണ്ടിട്ടുണ്ട്.’
പൊടുന്നനെ അദ്ദേഹം പറഞ്ഞു.
എനിക്ക് യാതൊന്നും മനസ്സിലായില്ല. കുമാരമാമ പട്ടാളത്തിലായിരുന്നുവെന്ന് എനിക്കറിയാം. ലോകയുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ട്. ബിഡസോവ നദി എവിടെയാണെന്ന് എനിക്കറിയില്ല. അദ്ദേഹം എന്നോട് വലിയൊരു കഥ പറഞ്ഞുതുടങ്ങി: അക്കാലം, ബ്രിട്ടൻ അതിന്റെ കോളനിരാജ്യങ്ങളിൽ പട്ടാളസേവനം നടത്തുന്ന നേറ്റീവ്‌സിനെ തുറന്നയുദ്ധം നടക്കുന്ന യൂറോപ്പിന്റെ മണ്ണിലേക്ക് കൂടെക്കൂട്ടാറുണ്ട്. കൊല്ലാൻ മടിയില്ലാത്തവർക്കും നിരന്തരം ഗതിമാറ്റം സംഭവിക്കുന്ന വാർ സ്ട്രാറ്റജിയോടൊത്ത് പൊടുന്നനെ പങ്കുചേരാൻ കഴിവുള്ളവർക്കും കുടുംബബന്ധങ്ങൾ അലോസരപ്പെടുത്താത്തവർക്കുമായിരുന്നു മുൻഗണന. പരിഷ്‌കരിക്കപ്പെട്ട ആർമിയോടൊത്ത് ഫലപ്രദമായി സഹകരിക്കാനുള്ള മാനസികവികാസമില്ലാത്ത വെറുംശരീരങ്ങളെ അവർ ഒട്ടും പരിഗണിക്കുകയില്ല. നാസികളുടെ വെടിയുണ്ടകൾക്കുള്ള തീറ്റയ്ക്കുവേണ്ടി ചുമ്മാ മനുഷ്യരെ ഏഷ്യയിൽനിന്ന് കപ്പലേറ്റേണ്ടതില്ലല്ലോ. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യംചെയ്യാനുള്ള പ്രാഥമികഗുണം നിശ്ചയമായും ഉണ്ടായിരിക്കുകയും വേണം. സിഗ്നൽ കോർപ്‌സിലായിരുന്ന എനിക്ക് നറുക്കു വീണത് തെക്കുപടിഞ്ഞാറൻ ഫ്രാൻസിലേക്കായിരുന്നു. രണ്ടാംലോകയുദ്ധം അതിന്റെ മുഴുവൻ അഗ്നിച്ചിറകും വിരിച്ചത് ഫ്രാൻസിന്റെ മണ്ണിലായിരുന്നുവെന്ന് ചരിത്രത്തെക്കുറിച്ചുള്ള സാമാന്യധാരണയുള്ളവർക്കറിയാം. മഞ്ഞവെയിലിൽ മിന്നുന്ന സുന്ദരമായ ഗോതമ്പുവയലുകളെയെല്ലാം യുദ്ധം വെറും മൈൻപാടങ്ങളാക്കി മാറ്റിയിരുന്നു. യുദ്ധാനന്തരം, സ്വന്തം വയലുകളിലെ കുഴിബോംബ് തോണ്ടിയെടുക്കാനുള്ള ഫണ്ടുപോലും അവശേഷിക്കാത്തവിധം തരിപ്പണമായിപ്പോയ സമ്പദ്‌വ്യവസ്ഥയായിരുന്നു അവരുടേത്. ഏറെക്കാലത്തോളം ഉരുളക്കിഴങ്ങിനായി കുഴിച്ചാൽ പൊട്ടിത്തെറിയായിരിക്കും അവർക്കുനേരെ കടന്നുവരിക.
ഹിറ്റ്‌ലറും ഫ്രാങ്കോയും മറ്റുചില ഏകാധിപതികളും തൊള്ളായിരത്തി നാൽപ്പതുകളിൽ സംഗമിച്ച റെയിൽവേ സ്റ്റേഷനിലാണ് ശരിക്കും പറഞ്ഞാൽ ഞങ്ങൾ വണ്ടിയിറങ്ങിയത്. അതും അതിനോടടുത്ത മാസങ്ങളിലൊന്നിൽ. അറ്റ്‌ലാന്റിക്കിന്റെ തീരത്ത് തീരെ തണുത്ത നദിക്കരയിൽ വിറങ്ങലിച്ചുനിൽക്കുന്ന ഒരു തുറമുഖപട്ടണത്തിലായിരുന്നു ക്യാംപ്. സ്പാനിഷ് അതിർത്തിയോടുരുമ്മിനിൽക്കുന്ന ലോവർ ബിഡസോവയുടെ തീരപ്രദേശം മിക്കവാറും പലമാതിരി മനുഷ്യരക്തംകൊണ്ട് പങ്കിലമാക്കപ്പെട്ടതാണ്. ഫ്രാൻകോ-സ്പാനിഷ് യുദ്ധങ്ങളുടെ ദീർഘചരിത്രം തൊലിയിലും നെഞ്ചിലും ഏറ്റുവാങ്ങിയതിന്റെ നിർഭാഗ്യം മിക്കപ്പോഴും അവിടെ മഞ്ഞായി മൂടിനിൽപ്പുണ്ടാകും. തികച്ചും അപകടകരമായ ഒരു റെയിൽറോഡും അതിനോടുചേർന്ന് നീണ്ടുകിടക്കുന്നതുകാണാം.
മെഡിറ്ററേനിയൻ കടലിനും അറ്റ്‌ലാന്റിക്കിനുമിടയിലായി കുപ്പിക്കഴുത്തുപോലെ തോന്നിച്ച ഒരിടത്ത് ഉൾക്കടലിന്റെ മിഴിവറ്റ മൂടലുമായി തണുത്തുപിടിച്ചുകിടക്കുന്ന കുന്നിൻചെരിവിലായി ഞങ്ങളുടെ കമ്പനി വല്ലവിധേനയും താവളമൊരുക്കി. സൈന്യത്തിനു സ്വമേധയാ സ്വന്തമായ തികവോടെയും തെളിമയോടെയും അത് പ്രവർത്തിച്ചിരുന്നു എന്നു പറയാനൊക്കില്ല. ഒട്ടൊക്കെ രഹസ്യസ്വഭാവത്തോടെയാണ് പ്രവർത്തനമെന്നു തോന്നുന്നു. ബി.ഇ.എഫ്. ഉന്നതാധികാരത്തിൽനിന്നു വന്നെത്തുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു അതത്രയുമെന്നാണ് പൊതുവെ പറഞ്ഞുകേട്ടത്. അങ്ങനെയാണങ്കിൽതന്നെ ഇടവിട്ടാവർത്തിക്കുന്ന ജർമൻ വിമാനങ്ങളുടെ ഹുങ്കാരത്തിൽ നിർദ്ദേശങ്ങളിൽ മിക്കവയും കാറ്റിൽചിതറി. അതായായിരുന്നു എന്റെയൊരു ഊഹം. സ്വന്തം കമാണ്ടർമാരുടെ അതതുസമയത്തെ നിർദ്ദേശങ്ങളായിരുന്നു ശരിക്കുംപറഞ്ഞാൽ ഓരോ കമ്പനിയേയും റെജിമെന്റിനേയുമൊക്കെ നയിച്ചിരുന്നത്. സഞ്ചാരിമേഘങ്ങളേക്കൊണ്ട് മങ്ങുകയും തിളങ്ങുകയുംചെയ്യുന്ന മുഷിപ്പൻ യുദ്ധാകാശത്തേപ്പോലെ അവിടെ കാര്യങ്ങളത്രയും അതിദ്രുതം മാറ്റിവരക്കപ്പെട്ടുകൊണ്ടിരുന്നു.
സാധാരണഗതിയിൽ യുദ്ധം അതിന്റെ അവസാനം കണ്ടുതുടങ്ങുമ്പോഴും നഗരങ്ങൾ വീഴുമ്പോഴുമൊക്കയാണ് സിഗ്നൽ കോർപ്‌സും ഒരു സംഘം മുന്നണി കമാൻണ്ടോകളും അകത്തേക്കു പ്രവേശിക്കുക. സുരക്ഷിതമെന്നും കണ്ട് ഞങ്ങൾ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിച്ചതിനുശേഷം മാത്രമേ കമ്പനി പൂർണ്ണമായി അവിടേക്ക് നീങ്ങുകയുള്ളൂ. അത്തരത്തിലൊന്നുമായിരുന്നില്ല പക്ഷേ, അവിടുത്തെ സ്ഥിതി. ഒന്നാമതായി, നാസികളുടെ അധീനതയിൽനിന്ന് മോചിപ്പിക്കപ്പെട്ട ഒരിടമായിരുന്നില്ല അത്. ശക്തമായ ഫ്രഞ്ച് വിരുദ്ധരുടെ അതിർത്തികളിലൊന്നിലാണ് പ്രദേശത്തിന്റെ കിടപ്പ്. അതുകൊണ്ടുതന്നെ രഹസ്യനീക്കം നടത്തുന്ന ചാരൻമാരേപ്പോലെയായിരുന്നു ഞങ്ങളുടെ പ്രവർത്തനങ്ങൾ. പ്രവർത്തനമെന്നൊക്കെ പറയുന്നതിനേക്കാൾ ഒളിഞ്ഞിരുപ്പ് എന്നു മാറ്റി പറയുന്നതാവും ഉചിതം.
നാസി മുന്നേറ്റങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പലായനം ചെയ്തവരിൽ ബാക്കിയായ ഏതാനും മനുഷ്യരുടെ ഒളിത്താവളമെന്നമട്ടിൽ കാണപ്പെട്ട ആ ഗ്രാമത്തിൽ ജീവിച്ചുപോന്നത് ഏതാനും ഫ്രഞ്ച് കുടുംബങ്ങൾ മാത്രമായിരുന്നു അവരാകട്ടെ, പുല്ലുവിരിഞ്ഞ കുന്നുകൾക്കുപിന്നിലായി പതിയിരിക്കുന്ന സ്വന്തം വീടുകളിൽനിന്ന് ഏതു നിമിഷവും ഓടാൻ തയാറെടുത്തവരുമായിരുന്നു. അവിടെവെച്ചാണ് ഞാൻ പിയറിയെന്ന കുട്ടിയെ കാണുന്നത്. നദീതീരത്തെ ഒറ്റയടിപ്പാതയിലൂടെ, മരങ്ങളുടെ മറപറ്റി കൊച്ചുവെളുപ്പാൻകാലത്ത് ഒറ്റക്കു നടക്കുകയായിരുന്നു ഞാൻ. ശരിക്കും പറഞ്ഞാൽ അതൊന്നും അനുവദനീയമായ കാര്യങ്ങളമല്ല. എങ്കിലും ഒറ്റയ്ക്കാവാനും നടക്കാനും കൊതിക്കാത്ത മനുഷ്യരുണ്ടോ? അങ്ങനെ നടന്ന് ഞാനൊരു ഗ്രാമഭവനത്തിനു പിന്നിലെത്തി. ശരിക്കും അത് ചുമരിലേക്ക് ചെരിഞ്ഞുകയറിയ ചെടിത്തണ്ടുകളും വള്ളികളുംചുറ്റി മറഞ്ഞുപിടിച്ചുനിൽപ്പായിരുന്നു. ചെടികളെല്ലാം തണുപ്പിൽ മൊരിഞ്ഞുതുടങ്ങിയിട്ടുണ്ട്. ആൽപ്‌സിൽ നിന്നെത്തുന്ന മഞ്ഞുകാറ്റ് ഇടതടവില്ലാതെ നെഞ്ചിലേക്ക് വീശിവരുന്നുണ്ട്. തെളിഞ്ഞുമൃദുവായ മെഡിറ്ററേനിയൻ ശീതമെന്നൊക്കെ യൂറോപ്യൻമാർ ആദർശവത്കരിക്കുന്ന അത്തരം തണുപ്പ് ഏഷ്യക്കാരന് ശരിക്കും നരകംതന്നെയാണ്. അതിൽനിന്ന് രക്ഷപ്പെടാൻ ഒരു തുണ്ട് ചുമരുംതേടി ഞാൻ അങ്ങോട്ട് കയറി. വീടിന്റെ വാതിൽ അടഞ്ഞുകിടപ്പാണ്. അവിടെ ആരെങ്കിലും താമസിക്കുന്നതിന്റെ ലക്ഷണങ്ങളേതും കാണുന്നില്ല. അതത്ര ഗൗരവപ്പെട്ടതമല്ല. അപരിചിതനായ എന്റെ വരവ് ദൂരെനിന്ന് കണ്ടിട്ടുണ്ടെങ്കിൽ, അന്തേവാസികൾ എവിടെയെങ്കിലുംചെന്ന് പതിയിരിക്കാനും മതി. താഴ്‌വര നോക്കി വിരിഞ്ഞുപോകുന്ന പുൽമേടിനു മുന്നിലായിട്ടാണ് ആ വീട് നിന്നത്. നായ്ക്കുരയോ കോഴികളുടെ കുറുകലോ യാതൊന്നുമില്ലാത്ത നിശ്ശൂന്യനിശ്ശബ്ദത. അത്തരമൊരു സന്ദിഗ്ദ്ധാവസ്ഥയിൽ സുന്ദരമായൊരു ഗ്രാമീണഭവനം സഹിക്കുക മിക്കവാറും ബുദ്ധിമുട്ടാണ്.
‘അകത്താരെങ്കിലുമുണ്ടോ?’
ഞാൻ ചുമ്മാ വിളിച്ചുനോക്കി.
ഊഹിച്ചതുപോലെ മറുപടിയുണ്ടായില്ല. അതിന്റെ ചുമരുകൊണ്ട് കാറ്റിനു കവചമിട്ട് ഞാനിരുന്നു. ഫ്രഞ്ച് ആൽപ്‌സിന്റെ കനത്തമഞ്ഞുപാളികളിലൂടെ നൂണെത്തുന്ന മഞ്ഞുകാറ്റ് പറക്കുന്ന ഈറൻതുണിപോലെ സദാ പെരുമാറുന്നതും നോക്കി ഞാനങ്ങനെ വെറുങ്ങലിച്ചിരുന്നു. പ്രഭാതം മുഴുവനായി വിരിഞ്ഞിട്ടില്ല. സൂര്യവെളിച്ചം നന്നായി വീഴാൻ ഇനിയും നേരമെടുക്കും. അന്നേരം, വീടിന് മറുവശത്തുനിന്ന് എന്തോ വീഴുന്നതുപോലെയൊരു ശബ്ദം കേട്ടു. സദാ നാസിപ്പടയാളികളെ പ്രതീക്ഷിക്കുന്ന ഭീദിതശീലമുള്ളതുകൊണ്ട് ഞാനാകെ വിളറിപ്പോയി. നരച്ചവെളിച്ചത്തിൽ കാഴ്ചകൾക്ക് മിഴിവുമില്ല. പതുങ്ങിയൊതുങ്ങി വീടുചുറ്റി മറുപുറത്തെത്തി. അവിടെ യാതൊന്നും കണ്ടില്ല. അവിടെത്തന്നെ നിന്നുകൊണ്ട് ചുറ്റും ശ്രദ്ധിക്കാനാണ് അന്നേരം തോന്നിയത്. അത് ഒരർത്ഥത്തിൽ ബുദ്ധിമോശമാണെന്ന് പറയേണ്ടിയിരിക്കുന്നു. നാസികൾ പതിയിരിപ്പുണ്ടെങ്കിൽ കഥ തീർന്നതുതന്നെ. പക്ഷേ, അങ്ങനെയൊന്നും ഉണ്ടായില്ല. പിന്നീട് ശബ്ദങ്ങളേതും കേട്ടതുമില്ല. പിൻതിരിയാമെന്ന് എനിക്ക് തോന്നി. അതിനായി മുതിരുമ്പോൾ ഒരു മൂലയ്ക്കായി കിടന്നിരുന്ന കോഴിക്കൂടിൽനിന്ന് ഒരിളക്കം കണ്ടു. ആയുധമൊന്നും കൈവശമില്ലാത്തതിനാൽ ഞാൻ തറയിൽനിന്ന് ഒരു കല്ലെടുത്ത് കൈയിൽവച്ചു.
‘ആരാണത്?’
ഞാൻ മുരണ്ടു.
‘നിങ്ങൾ നാസിയൊന്നുമല്ലല്ലോ, മൊസ്യേ?’
അതൊരു കുട്ടിയുടെ ശബ്ദമായിരുന്നു. അവൻ കൂട്ടിൽനിന്ന് കോഴിയേപ്പോലെ പുറത്തിറങ്ങിവന്നു. നെറ്റിയിലേക്ക് ചിതറിവീണ സ്വർണ്ണമുടിയിഴകളോടെ ഒരു സുന്ദരൻകുട്ടി. ‘മൊസ്യേ, അങ്ങയുടെ കൈവശം തിന്നാൻ വല്ലതുമുണ്ടോ? ഇന്നലെ ഉച്ചമുതൽ എനിക്കൊന്നും കഴിക്കാൻ കിട്ടിയില്ല’.
യാതൊന്നും കിട്ടിയില്ലെങ്കിൽപോലും അവൻ എനിക്ക് നന്ദി പറയുമായിരുന്നു, ഉറപ്പ്. അത്രത്തോളം മാന്യനായ ഒരു കുട്ടിയായിരുന്നു അവൻ. മടക്കയാത്രയിൽ തിന്നാനായി ഡ്രൈ ബ്രഡും അൽപം വറുത്ത ഇറച്ചിയുമുണ്ടായിരുന്നു എന്റെ കീശയിൽ. ഞാനത് സന്തോഷത്തോടെ അവനു കൈമാറി.
‘എന്താണ് നിന്റെ പേര്?’
ഞാൻ ചോദിച്ചു.
‘പിയറി.’
അപരിചിതമായ കൃതാർത്ഥതയോടെ അവൻ തന്റെ ചുരുക്കപ്പേർ പറഞ്ഞു. പേരു ചോദിക്കാവുന്ന ആരെങ്കിലുമൊരാളെ കണ്ടിട്ട് കാലങ്ങളായിട്ടുണ്ടാവാം.
‘അങ്ങയുടെ പേരെന്താണ് മൊസ്യേ?’
‘കുമാരൻ.’
തെല്ലുനേരം അവനാ വിചിത്രമായ പേര് നാവിലിട്ടുരുട്ടുന്നതു കണ്ടു. അത് തനിക്ക് ഉച്ചരിക്കാൻ കഴിയുന്നതല്ലെന്ന് അവന് തോന്നിയിരിക്കണം.
‘അമ്മയെ നാലു ദിവസമായി കാണാനില്ല.’
ഇറച്ചിയും ബ്രഡും തിന്നുമ്പോൾ അവൻ പറഞ്ഞു.
നാസികൾ പിടിച്ചുകൊണ്ടുപോയിരിക്കാം. തഞ്ചത്തിനും തരത്തിനും കിട്ടിയാൽ അവർ ആരേയും വിട്ടുവയ്ക്കില്ല. ഒരുപക്ഷേ, കുട്ടി പിടിക്കപ്പെടാതിരിക്കാൻ തന്നാലാകുന്നതെല്ലാം അവൾ ആ സന്ദർഭത്തിലും ചെയ്തിരിക്കാം. ഏതായാലും അവൻ ലോകത്ത് ഒറ്റയ്ക്കായി. അച്ഛനെ നേരിൽ കണ്ട ഓർമകൾ അവനില്ലായിരുന്നു. യുദ്ധത്തിലാണെന്ന് അവൻ കേട്ടിട്ടുണ്ട്. പെട്ടന്ന്, ആകാശത്തൊരു ഹുങ്കാരം കേട്ടു. ജർമൻ വിമാനമാണെന്നു തോന്നുന്നു. നിരീക്ഷണപ്പറക്കലിനിറങ്ങിയതാവാം. ഞാൻ അവനെ വലിച്ചിഴച്ച് മരപ്പടർപ്പുകൾക്കിടയിലേക്ക് വീണുകൊടുത്തു.
‘നിങ്ങൾ ഫ്രാൻസിനുവേണ്ടി പൊരുതുന്ന പട്ടാളക്കാരനാണോ, മൊസ്യേ?’
അവൻ കാതിൽ ചോദിച്ചു.
ഞാനൊന്നും വെളിപ്പെടുത്തിയില്ല. ഞങ്ങൾ വീണത് ചെറിയൊരു കുഴിയിലേക്കാണ്. അവിടെ കിടന്നുകൊണ്ട് അവൻ ഭക്ഷണമത്രയും തിന്നുതീർത്തു.
‘പിയറീ, നീ ഇവിടെത്തന്നെയാണോ താമസം?’
ഞാൻ ആരാഞ്ഞു.
‘ഞാൻ താമസിക്കുകയല്ല, കാത്തിരിക്കുകയാണ് മൊസ്യേ. അമ്മ തിരിച്ചുവരുമല്ലോ.’
അങ്ങനെയാണ് അവൻ പറഞ്ഞത്. അടുത്തക്ഷണം അവൻ വീട്ടിനകത്തേക്കു ജനൽവഴി കടന്നുകയറി. തിരികെയെത്തിയത് ഒരു കഷ്ണം ഫോട്ടോഗ്രാഫുമായിട്ടാണ്.
‘ഇതാണ് എന്റെ അമ്മ.’
വിക്ടറി റോൾ രീതിയിൽ മെടഞ്ഞുസൂക്ഷിച്ച കേശാലങ്കാരത്തോടെ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു അവൾ. ആഴമുള്ള കണ്ണുകൾ. അതുകൊണ്ട് നോക്കിയാൽ കിണറ്റിനകത്തേക്ക് വീഴുന്നതുപോലെ മുന്നിൽപ്പെടുന്നവന് അനുഭവപ്പെടാം. സ്റ്റുഡിയോവിൽ വച്ചെടുത്ത പടമല്ലായിരുന്നു അത്. കാരണം, അവളുടെ ഒരു കണ്ണിൽ പടമെടുക്കുന്ന അവളുടെ ഭർത്താവിന്റെ നിഴൽ കാണുന്നുണ്ട്. അടുത്ത കണ്ണിലാവട്ടെ അച്ഛന്റെ തെല്ലകലത്തായി അതു നോക്കിനിൽക്കുന്ന കുട്ടിയെയും.
‘അമ്മയെ കണ്ടുപിടിക്കാൻ താങ്കൾക്കാകുമോ, മൊസ്യേ?’
അവൻ അഭ്യർത്ഥിച്ചു.
അവനെയോർത്തായിരുന്നു അന്നേരത്തെ എന്റെ ഉത്കണ്ഠ. ഫ്രാൻസിന്റെ അങ്ങേപ്പുറത്തെത്തിയില്ലെങ്കിൽ മിക്കവാറും അവൻ നാസികളുടെ വെടിയുണ്ടയ്ക്ക് ഇരയാകുമെന്നതിൽ സംശയമില്ല. തെക്കുപടിഞ്ഞാറൻ അതിർത്തികളിൽ അത്തരമൊരു ഫ്രഞ്ച്കുട്ടി ഒട്ടും സുരക്ഷിതനല്ല.
പിറ്റേന്നു മുതൽ എന്റെ റേഷനിൽ നല്ലൊരു പങ്ക് അവനുവേണ്ടിയാണ് ഞാൻ ചിലവഴിച്ചത്. തമ്മിൽക്കാണുന്നത് ദിവസത്തിലൊരുപ്രാവശ്യം മാത്രമായിരുന്നു. അതുകൊണ്ട് എന്റെ ഒരുനേരത്തെ ഭക്ഷണമൊന്നാകെ അവനു കൊടുക്കുകയാണ് പതിവ്. അത് അവൻ മൂന്നുനേരത്തിനായി പകുത്തുവയ്ക്കുമായിരുന്നു. വെളിച്ചത്തെ ശരിക്കും അവന് ഭയമായിരുന്നു. അതുകൊണ്ട് പകൽനേരങ്ങളിലൊന്നും അവൻ പുറത്തിറങ്ങിയിരുന്നില്ല. കിട്ടുന്ന ഭക്ഷണം പകുത്തു കഴിച്ച് അവൻ മരപ്പടർപ്പുകൾക്കിടയിലും കുഴിയിലും വീട്ടിനകത്തുമൊക്കെയായി ഒളിഞ്ഞുകഴിയും. അവനു സംസാരിക്കാൻ കിട്ടുന്ന ഏകമനുഷ്യജീവി ഞാനായിരുന്നു.
‘മൊസ്യേ, അമ്മ തിരിച്ചെത്തുന്നില്ലല്ലോ’.
അവൻ പറയും.
‘വരും.’
ഞാൻ മറുപടി കൊടുക്കും.
അമ്മ വന്നില്ല. പകരം, അവന്റെ കണ്ണുകളിലേക്ക് കരച്ചിൽ കയറിവന്നു.
പിറ്റേന്നുമുതൽ, പതിവായി റോന്തുചുറ്റുന്ന ഇടങ്ങളിലെല്ലാം ഞാൻ പിയറിയുടെ അമ്മയെ തേടി. സാധിക്കാവുന്നവരോടെല്ലാം പടം കാണിച്ച് അന്വേഷിച്ചു. അവളുടെ ഗതിയെന്തായെന്ന് അറിവു തരാൻ പക്ഷേ, ആർക്കും കഴിഞ്ഞില്ല. പെട്ടെന്നാണ്, ഒരുദിവസം അവിടെനിന്ന് പിൻവാങ്ങാനുള്ള നിർദ്ദേശം ശീഘ്രഗതിയിൽ കടന്നുവന്നത്. അസാമാന്യമായൊരു ആക്രമണം നാസികളുടെ ഭാഗത്തുനിന്നുണ്ടാകാമെന്ന ഭീഷണിയാണ് അതിനു പിന്നിലുള്ളതെന്ന് വ്യക്തമായിരുന്നു. പത്തുനിമിഷത്തിനുള്ളിലാണ് കമ്പനി ഫാളിനായത്. മഞ്ഞുചുറ്റിയ പുൽപ്പരപ്പിലൂടെ അകലംനോക്കി നീങ്ങുന്ന ട്രക്കുകളിലൊന്നിൽ അവിടം വിടുമ്പോൾ, പിയറി തന്നേൽപിച്ച ഫോട്ടോഗ്രാഫ് എന്റെ കുപ്പായക്കീശകളിലൊന്നിൽ തറഞ്ഞിരിപ്പുണ്ടായിരുന്നു. അത് തിരികെക്കൊടുക്കാനുള്ള സമയം എനിക്കു കിട്ടിയില്ല. ഒരുവേള, അതിജീവിക്കുകയാണെങ്കിൽ തന്റെ അന്വേഷണത്തിനുപയോഗിക്കാൻ കൈവശമുണ്ടായിരുന്നത് അതു മാത്രമായിരുന്നല്ലോ. അതാണ് യാതൊരുപകാരവുമില്ലാത്ത എന്നേപ്പോലൊരുത്തന്റെ കീശയിലേറിപ്പോയത്.
‘ചിത്രമെന്തിന്, സ്വന്തം അമ്മ അവന്റെ മനസ്സിനകത്തുണ്ടാകുമല്ലോ.’
കഥയറിഞ്ഞപ്പോൾ, മറ്റൊരു പട്ടാളക്കാരൻ സമാധാനിപ്പിച്ചു.
പക്ഷേ, എനിക്കറിയാവുന്നത് മറ്റൊന്നാണ്. ലോകയുദ്ധത്തിന് ഒരു പാവം കുട്ടിയുടെ ഓർമകളേക്കാൾ ബലമുണ്ട്. പുകയും പൊട്ടിത്തെറിയും ചോരയും മരണവും വിരഹവുമെല്ലാം നീന്തിക്കടന്ന് മറുകരപിടിക്കാൻ സാധിച്ചെന്നിരിക്കട്ടെ, അത്തരമൊരാളിൽ പിന്നിട്ടുപോന്ന നല്ല ഓർമകൾ ബാക്കിനിൽക്കുമെന്ന് തോന്നുന്നുണ്ടോ? അങ്ങിങ്ങായി പച്ചവിരിഞ്ഞുനിൽക്കുന്ന സിമന്റ് നിറമുള്ള പരുക്കൻ പർവതങ്ങളുടെ മണ്ടയിലൂടെ വളഞ്ഞിറങ്ങുന്ന പാതകളിൽ ട്രക്ക് നീങ്ങിപ്പോകുകയായിരുന്നു, അന്നേരം. മനുഷ്യനിർമിതപ്രദേശങ്ങളെ പ്രായേണ ഒഴിവാക്കിക്കൊണ്ടായിരുന്നു മടക്കയാത്ര. എത്രയെത്ര പ്രദേശങ്ങളിൽ നാസികൾ ആഴത്തിൽ ഇറങ്ങിക്കഴിഞ്ഞെന്ന് ഏകദേശരൂപംപോലുമില്ലല്ലോ. വഴിയിലൊരു പൊട്ടിത്തെറിയും പ്രതീക്ഷിച്ചുകൊണ്ടുള്ള അത്തരം യാത്രകൾ പൊതുവെ പട്ടാളക്കാർക്ക് പുത്തിരിയൊന്നുമല്ല, പ്രത്യേകിച്ച് യുദ്ധമുഖങ്ങളിൽ. എന്തിനും തയാറായ ഭാവത്തോടെയാവും മിക്കവാറും ഓരോ പട്ടാളക്കാരന്റെയും നടപ്പ്. അത്തരം പരിതസ്ഥിതിയിൽപ്പോലും പിയറിയുടെ മുടിയിഴകളടർന്നുവീണ കുഞ്ഞിമുഖം എന്റെ മനസ്സിൽനിന്നു മാറിയില്ല. പേടിയിൽ പതിഞ്ഞമർന്ന പാവം കാലടികൾവച്ച്, എന്റെ ഓർമകളിൽ അവൻ ആവർത്തിക്കുന്നു. ഇപ്പോഴും, തന്റെ കോഴിക്കൂടിൽനിന്ന് ഇടതടവില്ലാതെ ഇറങ്ങിവരികയാണ് അവൻ. അതുകൊണ്ടുതന്നെ കോഴിക്കൂടു കാണുമ്പോൾ അതെവിടെയാണങ്കിലും ഞാൻ വല്ലാതങ്ങു പതറിപ്പോകും.
കുമാരമാമ കഥ പറഞ്ഞവസാനിപ്പിച്ചു. ശരിക്കും പറഞ്ഞാൽ കൊച്ചുകുട്ടിയായ എനിക്കകത്ത് പുതിയൊരു കഥ തുടങ്ങിവയ്ക്കുകയായിരുന്നു, അദ്ദേഹം. ബാല്യത്തിന്റെ തെളിവെളിച്ചത്തിന് ക്രമേണയെന്നോണം ഇരുട്ടിന്റെ ഛായപകർന്നു. മറ്റെന്തൊക്കെ പൊങ്ങച്ചങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കപ്പെട്ടാലും, വളർച്ചയെന്നത് വിരൂപഗതികൂടിയാണെന്ന് സമ്മതിക്കണം. എങ്കിലും യാനമെന്നത് സഹജവുമാണല്ലോ. ലോകത്തോടും, അതിന്റെ മോഹങ്ങളോടുമൊപ്പം ഞാനും എന്റെ രാജ്യവും അതിന്റെ സഹജഗതി തുടർന്നു. ക്രമേണ കുമാരമാമയുടെ നാട്ടിലേക്കുള്ള സന്ദർശനങ്ങൾ കുറഞ്ഞുവന്നു. ഒടുവിൽ അത് തീരെ മുടങ്ങി. മാർച്ച് ചെയ്തു ശീലിച്ച പട്ടാളക്കാർക്ക് വിശ്രമം പറഞ്ഞിട്ടുള്ളതല്ലല്ലോ. കുമാരമാമ തന്റെ യാത്രകളെ കത്തുകളിലേക്കായി പരിവർത്തിപ്പിച്ചു. അദ്ദേഹത്തിന് തീരെ വയസ്സായെന്ന് കത്തുകളിലൂടെയാണ് ഞാനറിഞ്ഞത്. അക്ഷരങ്ങളുടെ കാലുകൾക്ക് ക്ഷമത കുറഞ്ഞതായി അതിന്റെ വേഗത വെളിപ്പെടുത്തിക്കൊണ്ടേയിരുന്നു. എങ്കിലും, ദീർഘായുസ്സ് അദ്ദേഹത്തെ അനുഗ്രഹിച്ചുവെന്നു പറയണം. ഹൈസ്‌കൂൾ ക്ലാസിൽ പഠിക്കുന്ന കാലത്തെല്ലാം വിറയ്ക്കുന്ന അക്ഷരങ്ങൾകൊണ്ട് ഓർമകളിലേക്ക് വയൽസവാരി നടത്തുന്ന അദ്ദേഹത്തിന്റെ കത്തുകൾ എന്നെത്തേടിയെത്തുമായിരുന്നു! ഏകമകൻ പട്ടാളത്തിലായിരുന്നതുകൊണ്ട്, കുമാരമാമ അക്കാലം, വൃദ്ധസദനങ്ങളിലൊന്നിലായിരുന്നു ജീവിച്ചുപോന്നത്. ഭാര്യയാണെങ്കിൽ, നേരത്തേ പോയ്‌പ്പോയിരുന്നു.
അങ്ങനെയിരിക്കെ, ഒരു ദിവസം, കുമാരമാമയുടെ മകന്റെ ടെലഗ്രാം എനിക്കു കിട്ടി.
‘ഫാദർ എക്‌സ്പയേഡ്.’
മരിച്ചുപോയ മാമയെ പട്ടാളക്കാരനായ മകൻ നാട്ടിലേക്കൊന്നും കൊണ്ടുവന്നില്ല. കുടുംബക്കാർ അങ്ങോട്ടു പോയതുമില്ല. ദൂരം വലുതായിരുന്ന അക്കാലത്ത് സ്വാഭാവികമായും ഒരു ബന്ധം അത്തരമൊരവസരത്തിൽ എന്നന്നേക്കുമായി അവസാനിച്ചതായി കരുതാവുന്നതാണ്. ഗുജറാത്ത് എന്നത് ഒരേ കടലിന്റെ ഓരംപറ്റി യാത്രചെയ്ത് ലളിതമായി ചെന്നെത്താവുന്ന സ്ഥലമായിരുന്നില്ല. അങ്ങനെ ഏതാനും കത്തിടപാടുകളിൽ ആ വംശബാന്ധവത്തിന്റെ ചരടറ്റു. കാലങ്ങൾക്കുശേഷം ഒരു ദിവസം, മുന്നറിയിപ്പുകൂടാതെ കുമാരമാമയുടെ മകൻ നാട്ടിലെത്തി. അപ്പോഴേക്കും അയാൾക്ക് വയസ്സായിക്കഴിഞ്ഞിരുന്നു. എന്റെ മകനെ തുണകൂട്ടി അയാൾ പാടവരമ്പുകളിലേക്കിറങ്ങി. ഞാനും അവരോടൊപ്പം കൂടി.
‘കുമാരമാമക്ക് വിശേഷിച്ചെന്തായിരുന്നു, മരിക്കാനായി കാരണം?’
ഞാൻ ചോദിച്ചു.
മകന്റെ മുഖം വിവർണ്ണമായി.
‘വൃദ്ധസദനം സ്ഥിതിചെയ്തിരുന്ന തെരുവിൽ മതക്കലാപം പൊട്ടിപ്പുറപ്പെട്ടു. അതിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു കുട്ടി ആരുമറിയാതെ സദനത്തിലെത്തി. ആദ്യഘട്ടത്തിൽ അതിനകത്തുതന്നെ അവനെ കണ്ടത് അച്ഛൻ മാത്രമായിരുന്നു. അച്ഛൻ ആ കുട്ടിയെ സ്വന്തം മുറിയ്ക്കകത്ത് ദിവസങ്ങളോളം ഒളിപ്പിച്ചു. തനിക്ക് കഴിക്കാനായി കിട്ടുന്ന ഭക്ഷണം കൊടുത്ത് അച്ഛൻ അവനെ ആരുമറിയാതെ അവിടെ പാർപ്പിച്ചു. കലാപം നിയന്ത്രണത്തിലാക്കാൻ സർക്കാരിനു കഴിഞ്ഞെങ്കിലും കുട്ടിയുടെ മാതാപിതാക്കളെ അവന് മടക്കിക്കൊടുക്കാൻ ആർക്കും കഴിഞ്ഞില്ല. ലോകവും അതിന്റെ മോഹങ്ങളും പതിവുയാത്രാപഥത്തിലേക്ക് കയറിയെങ്കിൽ അച്ഛന് അങ്ങനെ കഴിഞ്ഞില്ല. അദ്ദേഹം ഉണ്ണാവൃതത്തിലേക്കു കയറി. ഒരുതരി ഭക്ഷണം കഴിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഒടുവിൽ...’
‘ആ കുട്ടി ഇപ്പോൾ, എവിടെയുണ്ട്?’
അത്ഭുതംകൊള്ളിക്കുന്ന ഒരു മറുപടി ഞാൻ പ്രതീക്ഷിച്ചിരുന്നു.
‘അവനാണ് അച്ഛന്റെ അനന്തരാവകാശി. അത് അങ്ങനെയാവാനാണ് അച്ഛനേപ്പോലെ ഞാനും ഇഷ്ടപ്പെട്ടത്.’
‘എന്താണവന്റെ പേര്?’
‘അന്നത്തെ പേടിയിൽ, തന്നേക്കുറിച്ച് മിക്കവാറും അവൻ മറന്നുപോയ്ക്കഴിഞ്ഞിരുന്നു. ഇപ്പോൾ പിയറി എന്നാണ് അവന് പേര്. അച്ഛനാണ് അവനത് നൽകിയത്’.
Content Summary: Kadhayarangu- 'Kumaramaama' Malayalam Story by VKK Ramesh