‘ഗോളടിച്ചാൽ വെടിയുണ്ട, എന്നിട്ടും ഗോളടിച്ചു, വെടിയേറ്റു വീണു; ക്ലോസ്ഡ് ഫോർ സോക്കർ’!
ബ്രസീലിലെ മാരക്കാനയിൽ 1950 ലോകകപ്പ് ഫുട്‌ബോളിന്റെ വിധി നിർണായക മത്സരം നടക്കുന്നു. കരുത്തരായ ബ്രസീലും യുറഗ്വായും നേർക്കുനേർ. ബ്രസീലിയൻ ചുണ്ടുകൾക്കും കപ്പിനുമിടയിൽ ഒരു വെറും സമനിലയുടെ അകലമേ ഉണ്ടായിരുന്നുള്ളൂ. യുറഗ്വായിക്കാകട്ടെ ജയത്തിൽ കുറഞ്ഞ ഒന്നും മതിയാകുമായിരുന്നില്ല. യുറഗ്വായിൽ ഒരു ഒൻപതു വയസ്സുകാരൻ കാതുകൾ റേഡിയോയിലേക്കു ചേർത്തുവച്ചിരിക്കുകയായിരുന്നു. കാർലോസ് സൊലെയുടെ ശബ്ദം റേഡിയോയിൽ നിന്ന് ഒഴുകിയെത്തി. മാരക്കാനയിൽ നിന്നുള്ള ആദ്യ വാർത്ത അവന്റെ ഹൃദയം പിളർക്കുന്നതായിരുന്നു. ബ്രസീൽ ആദ്യ ഗോൾ നേടി മുന്നിലെത്തിയിരിക്കുന്നു. ‘ജോഗോ ബോണിറ്റോ’യുടെ ഉപാസകരായ കാനറിപ്പക്ഷികൾ മുന്നിലെത്തിയതു യുറഗ്വായ്ക്കാരെയൊഴിച്ച് ബാക്കിയാരെയും നടുക്കിയിരിക്കില്ല. അവർ പോലും യുറഗ്വായ് വിജയിക്കുമെന്ന് പന്തയം വയ്ക്കാൻ വന്യമായ സ്വപ്നത്തിൽ പോലും ധൈര്യപ്പെട്ടിട്ടുമുണ്ടാകില്ല. മാരക്കാനയിൽ അത്ഭുതം പ്രതീക്ഷിച്ച ഒൻപതുകാരൻ തന്റെ പ്രിയ സുഹൃത്തിലേക്കു തിരിഞ്ഞു. അതു ദൈവമായിരുന്നു. മാരക്കാനയിൽ പ്രത്യക്ഷപ്പെട്ടു കളിയുടെ ഗതി മാറ്റിയാൽ വഴിപാടുകളുടെ ഒരു കൂമ്പാരം തന്നെ അവൻ വാഗ്ദാനം ചെയ്തു. അതു കേൾക്കേണ്ട താമസം ദൈവം മാരക്കാനയിൽ അവതരിച്ചു. ശേഷമുള്ളതു ചരിത്രമാണ്. മാരക്കാനയിലെ പുതിയ സ്റ്റേഡിയത്തിൽ തങ്ങളുടെ ടീം കിരീടം ചൂടുന്നതു കാത്തിരുന്ന ബ്രസീലുകാരുടെ ഹൃദയം പിളർന്ന് യുറഗ്വായ് കപ്പടിച്ചു...

ബ്രസീലിലെ മാരക്കാനയിൽ 1950 ലോകകപ്പ് ഫുട്‌ബോളിന്റെ വിധി നിർണായക മത്സരം നടക്കുന്നു. കരുത്തരായ ബ്രസീലും യുറഗ്വായും നേർക്കുനേർ. ബ്രസീലിയൻ ചുണ്ടുകൾക്കും കപ്പിനുമിടയിൽ ഒരു വെറും സമനിലയുടെ അകലമേ ഉണ്ടായിരുന്നുള്ളൂ. യുറഗ്വായിക്കാകട്ടെ ജയത്തിൽ കുറഞ്ഞ ഒന്നും മതിയാകുമായിരുന്നില്ല. യുറഗ്വായിൽ ഒരു ഒൻപതു വയസ്സുകാരൻ കാതുകൾ റേഡിയോയിലേക്കു ചേർത്തുവച്ചിരിക്കുകയായിരുന്നു. കാർലോസ് സൊലെയുടെ ശബ്ദം റേഡിയോയിൽ നിന്ന് ഒഴുകിയെത്തി. മാരക്കാനയിൽ നിന്നുള്ള ആദ്യ വാർത്ത അവന്റെ ഹൃദയം പിളർക്കുന്നതായിരുന്നു. ബ്രസീൽ ആദ്യ ഗോൾ നേടി മുന്നിലെത്തിയിരിക്കുന്നു. ‘ജോഗോ ബോണിറ്റോ’യുടെ ഉപാസകരായ കാനറിപ്പക്ഷികൾ മുന്നിലെത്തിയതു യുറഗ്വായ്ക്കാരെയൊഴിച്ച് ബാക്കിയാരെയും നടുക്കിയിരിക്കില്ല. അവർ പോലും യുറഗ്വായ് വിജയിക്കുമെന്ന് പന്തയം വയ്ക്കാൻ വന്യമായ സ്വപ്നത്തിൽ പോലും ധൈര്യപ്പെട്ടിട്ടുമുണ്ടാകില്ല. മാരക്കാനയിൽ അത്ഭുതം പ്രതീക്ഷിച്ച ഒൻപതുകാരൻ തന്റെ പ്രിയ സുഹൃത്തിലേക്കു തിരിഞ്ഞു. അതു ദൈവമായിരുന്നു. മാരക്കാനയിൽ പ്രത്യക്ഷപ്പെട്ടു കളിയുടെ ഗതി മാറ്റിയാൽ വഴിപാടുകളുടെ ഒരു കൂമ്പാരം തന്നെ അവൻ വാഗ്ദാനം ചെയ്തു. അതു കേൾക്കേണ്ട താമസം ദൈവം മാരക്കാനയിൽ അവതരിച്ചു. ശേഷമുള്ളതു ചരിത്രമാണ്. മാരക്കാനയിലെ പുതിയ സ്റ്റേഡിയത്തിൽ തങ്ങളുടെ ടീം കിരീടം ചൂടുന്നതു കാത്തിരുന്ന ബ്രസീലുകാരുടെ ഹൃദയം പിളർന്ന് യുറഗ്വായ് കപ്പടിച്ചു.
‘പിറന്നുവീഴുന്ന കുട്ടികൾ പോലും ഗോൾ..ഗോൾ എന്നുകരയാറുള്ള യുറഗ്വായിൽ’ പിറന്ന ആ ഒൻപതുകാരൻ എഡ്വേഡോ ഗലിയാനോ വളർന്നപ്പോൾ ലോകമറിയുന്ന ചരിത്രകാരനും നോവലിസ്റ്റും പത്രപ്രവർത്തകനുമായി. ‘ഓപൺ വെയിൻസ് ഓഫ് ലാറ്റിനമേരിക്ക’യെന്ന കൾട്ട് പുസ്തകത്തിലൂടെ ചരിത്രത്തെയും പുരാസ്മൃതികളെയും രാഷ്ട്രീയത്തെയും വീര്യമുള്ള കോക്ടെയിലാക്കി.
∙ നല്ല ഫുട്ബോളിനായി യാചിക്കാനും മടിയില്ല
ഗലിയാനോയിലേക്കു മുന്നേറും മുൻപ് മാരക്കാനയിൽ യുറഗ്വായിക്കു വേണ്ടി അവതരിച്ച ദൈവത്തിലേക്ക് ഒരു ബാക്ക് പാസ്. ഒബ്ദുലിയോ വരേല എന്നായിരുന്നു നിസ്വാർഥനായ ആ ദൈവത്തിനു പേര്. ടീമിന്റെ ഭാഗധേയം മുഴുവൻ നിശ്ചയിച്ചത് ആ മഹാനായകനായിരുന്നു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ മയങ്ങാതെ പിന്തിരിഞ്ഞു നടന്ന ഒബ്ദുലിയോയ്ക്ക് ലോകകപ്പ് നേടിയതിന്റെ സമ്മാനത്തുക കൊണ്ടു വാങ്ങാനായത് ഒരു ഫോർഡ് കാറായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അതു കളവു പോകുകയും ചെയ്തു! ഒബ്ദുലിയോ വരേലയെപ്പോലെ എത്രയോ മനുഷ്യരെ ഗലിയാനോ തന്റെ എഴുത്തിലൂടെ അവിസ്മരണീയമാക്കി. ലാറ്റിനമേരിക്കൻ ഫുട്ബോളിനെക്കുറിച്ച്, എന്തിനു ഫുട്ബോളിനെക്കുറിച്ചു തന്നെ ആലോചിക്കുമ്പോൾ മനസ്സിലേക്ക് അനായാസം ഊർന്നിറങ്ങുന്നു, ഗലിയാനോയെന്ന പേര്. നല്ല ഫുട്ബോളിനായി യാചിക്കാൻ പോലും മടിയില്ലെന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹം. ലോകകപ്പ് ഫുട്ബോൾ തുടങ്ങിയാൽ ഗലിയാനോയുടെ വീടിന്റെ മുൻവാതിലിൽ ഒരു ബോർഡ് തൂങ്ങുമായിരുന്നു: ‘ക്ലോസ്ഡ് ഫോർ സോക്കർ’. പിന്നെ മനോഹരമായ കളിയും ഗലിയാനോയും മാത്രമുള്ള ദിനരാത്രങ്ങൾ.
‘ബ്യൂട്ടിഫുൾ ഗെയി’മിന്റെ ആരാധകർക്ക് എഡ്വേഡോ ഗലിയാനോയെ മറികടന്നു പോകുക എളുപ്പമല്ല. ‘ഫുട്ബോൾ ഇൻ സൺ ആൻഡ് ഷാഡോ’ എന്ന പുസ്തകം എവിടെ നിന്നു പകുത്തു തുറന്നാലും സിദാന്റെ നീക്കങ്ങളുടെ കണിശതയും മെസിയുടെ മാന്ത്രികതയും ഒരുമിക്കുന്ന ഭാഷയിൽ കാൽപ്പന്തു കളിയുടെ സുവിശേഷം വായിക്കാം. പുരാതന ചൈന തൊട്ടിങ്ങോട്ട് ഇംഗ്ലണ്ടും ലാറ്റിനമേരിക്കയും വരെയുള്ള കളിയുടെ ചരിത്രയിടങ്ങളെ ഗലിയാനോ കോർത്തുകെട്ടുന്നു. എന്നാൽ ഇതൊരു വ്യവസ്ഥാപിത ചരിത്ര പുസ്തകമല്ല. വികാരരഹിതമായ വസ്തുതകളുടെ വിന്യാസമല്ല. അതിൽ വികാരങ്ങളുടെ തിരയേറ്റമുണ്ട്. ചെറുത്തുനിൽപ്പിന്റെ, അതിജീവനത്തിന്റെ, മോഹഭംഗങ്ങളുടെ, സ്വപ്നസാഫല്യങ്ങളുടെ കണ്ണീരും ചിരിയുമുണ്ട്. 1995ൽ സ്പാനിഷിൽ പുറത്തിറങ്ങുകയും രണ്ടുവർഷത്തിനു ശേഷം മാർക്ക് ഫ്രൈഡിന്റെ മനോഹരമായ മൊഴിമാറ്റത്തിലൂടെ ഇംഗ്ലിഷിൽ അവതരിക്കുകയും ചെയ്ത ‘ഫുട്ബോൾ ഇൻ സൺ ആൻഡ് ഷാഡോ’ കളിയെഴുത്ത് എങ്ങനെ സാഹിത്യമാകാമെന്നതിന്റെ മനോഹരമായ സാക്ഷ്യമാണ്. അത് ആഖ്യാനത്തിന്റെ വാർപ്പു മാതൃകകളെ ഉടച്ചുവാർക്കുകയും ഹൃദയസ്പർശിയായ ഭാഷയുടെ മാന്ത്രികത അനുഭവപ്പെടുത്തുകയും ചെയ്യുന്നു. ‘ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ എന്ന പുസ്തകത്തിനുള്ള സ്പോർട്സിന്റെ ഉത്തര’മെന്നാണ് ഈ പുസ്തകത്തെ ഒരു പത്രം വിശേഷിപ്പിച്ചത്.
∙ പുഷ്കാസ് മുതൽ ക്രിസ്റ്റ്യാനോ വരെ
പന്തും ഗോളിയും മാനേജരും സ്റ്റേഡിയവും കാണിയും തൊട്ട് ഫുട്ബോളിനെക്കുറിച്ചുള്ളതെല്ലാം ഗലിയാനോ ഇവിടെ മനോഹരമായ പ്രതിഷ്ഠാപനകലയിലേതു പോലെ അവതരിപ്പിക്കുന്നു. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ മഹാപ്രതിഭകളുടെ ഒരു വൻനിര തന്നെ ഇതിൽ കടന്നുവരുന്നു. പുഷ്കാസും പെലെയും ബെക്കൻബോവറും മറഡോണയുമെല്ലാം അവരിൽ ചിലർ മാത്രം. പിൽക്കാലത്ത് പുസ്തകത്തോടൊപ്പം ചേർത്ത കുറിപ്പുകളിൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കുറിച്ചു വരെ അദ്ദേഹം എഴുതുന്നുണ്ട്. യുദ്ധത്തെപ്പോലും തടുത്തുനിർത്താൻ കഴിവുള്ള താരമായാണ് ഗലിയാനോ പെലെയെ വിലയിരുത്തുന്നത്. ഒരിക്കൽ പെലെയുടെ കളി കാണാനായി മാത്രം നൈജീരിയയും ബയാഫ്രയും വെടിനിർത്തൽ പ്രഖ്യാപിച്ചുവത്രെ. ‘വെണ്ണ വെട്ടുന്ന ചൂടൻ കത്തി പോലെ പെലെ എതിരാളികളെ കീറിമുറിച്ചുപോകുന്നു’ എന്ന വാചകത്തിൽ പെലെയുടെ കളിയുടെ മൂർച്ചയും അനായാസതയും ഒരുപോലെ ചേരുന്നു. ഫോക്കലൻഡ്സ് യുദ്ധത്തിൽ ഇംഗ്ലണ്ടിൽ നിന്നേറ്റ മുറിവിന് 1986 ലോകകപ്പിൽ അർജന്റീനയ്ക്കു വേണ്ടി പകരം ചോദിച്ച മറഡോണ ഗലിയാനോയുടെ പ്രിയ താരങ്ങളിലൊരാളാണ്. മറഡോണ ചെയ്ത യഥാർഥം കുറ്റം എന്താണെന്ന് അദ്ദേഹം പറയുന്നുണ്ട്: ‘ഏറ്റവും മികവുറ്റയാളായിരിക്കുക എന്ന പാപമാണ് മറഡോണ എല്ലായ്പ്പോഴും ചെയ്തത്’.
പെലെയെയും മറഡോണയെയും പോലെയുള്ള ഇതിഹാസതാരങ്ങളെ മാത്രമല്ല, ധാർമിക ഔന്നത്യം കൊണ്ട് കളിയെ അഗാധമാക്കിയ ഒമർ ലോറൻസോ ദെവനിയെപ്പോലുള്ളവരെയും ഗലിയാനോ വരച്ചിടുന്നു. കൊളംബിയൻ ചാംപ്യൻഷിപ്പിന്റെ ഫൈനലിനിടെ എതിർപാളയത്തിൽ വച്ച് ദെവനി കാലുളുക്കി വീഴുന്നു. എതിർപ്രതിരോധക്കാർ തട്ടിയിട്ടതാണെന്നു കരുതി റഫറി പെനൽറ്റികിക്കിനായി വിരൽ ചൂണ്ടുന്നു. തളികയിൽ വച്ചു നീട്ടിയ ആ മോഹനാവസരം ആരും പാഴാക്കുകയില്ല. പക്ഷേ ദെവനി വേറൊരു തരം കളിക്കാരനായിരുന്നു. താൻ കാലുളുക്കി വീണതാണെന്നും പെനൽറ്റി ഒഴിവാക്കണമെന്നും അദ്ദേഹം റഫറിയോടു പറഞ്ഞുനോക്കി. പക്ഷേ തീരുമാനത്തിൽ നിന്നു പിന്നാക്കം പോകാൻ റഫറി ഒരുക്കമായിരുന്നില്ല. പെനൽറ്റി എടുക്കാൻ ടീം നിയോഗിച്ചത് ദെവനിയെ തന്നെയായിരുന്നു. അനർഹമായ ആ അവസരം ഗോളാക്കാൻ നീതിബോധം ആ മനുഷ്യനെ അനുവദിച്ചില്ല. പന്ത് പുറത്തേക്കടിച്ച് അദ്ദേഹം അവസരം പാഴാക്കി. ആ പാഴാക്കിയ പെനൽറ്റി കിക്കിനോളം ചാരുത ഒരു പനേങ്കാ കിക്കിനും ഉണ്ടാകില്ല!
∙ ‘പരാജയപ്പെട്ട കളിക്കാരൻ’
ചളുങ്ങിയ പാട്ടയായാലും കടലാസ്സു ചുരുട്ടിക്കൂട്ടിയതായാലും ഓല കെട്ടിയതായാലും അതെല്ലാം കാൽപ്പന്തായി പകർന്നാടിയ കുട്ടിക്കാലത്ത് ഗലിയാനോയും കൊതിച്ചതു പന്തുമായി കുതിച്ചുപായാനും എതിർ ഗോൾവലകൾ ചാട്ടുളിഷോട്ടുകളാൽ കീറിമുറിക്കാനുമാണ്. എന്നാൽ കളിക്കാരൻ എന്ന നിലയിൽ തന്റെ പരിമിതികൾ ആ കുട്ടി തിരിച്ചറിഞ്ഞു. ‘ഞാൻ നന്നായി കളിക്കുമായിരുന്നു–സ്വപ്നത്തിൽ മാത്രം’ എന്നാണ് അതേക്കുറിച്ച് ഗലിയാനോ പറഞ്ഞത്. പരാജയപ്പെട്ട കളിക്കാരനെന്ന യാഥാർഥ്യത്തെ അംഗീകരിച്ചുകൊണ്ടാണ് യാത്ര തുടർന്നത്. കളിയോടുള്ള ഇഷ്ടം അതുകൊണ്ടൊന്നും കളഞ്ഞില്ല. കളിയിലെ തോൽവിയെ അദ്ദേഹം മനോഹരമായി ഉൾക്കൊണ്ടു. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിയുന്ന, സങ്കീർണമായ നീക്കങ്ങളാൽ നിർഭരമായ ഫുട്ബോൾ, ജീവിതത്തിന്റെ രൂപകത്തിൽ കുറഞ്ഞ ഒന്നുമല്ലെന്ന് ഗലിയാനോ മനസ്സിലാക്കി.
ഗലിയാനോ ഒരിക്കൽ എഴുതിയതു പോലെ ‘എന്റെ കാലുകൾക്ക് കഴിയാതെ പോയത് കൈകൾ കൊണ്ട് സാധ്യമാക്കാനു’ള്ള ശ്രമമായിരുന്നു കാൽപ്പന്തുകളിയെഴുത്ത്. എന്നാൽ കാൽപ്പനികത മാത്രം നിറഞ്ഞ ഒന്നായല്ല കാൽപ്പന്തിനെ ഗലിയോനോ കണ്ടത്. അതിൽ അദ്ദേഹം ജനാധിപത്യാശയങ്ങൾ ആവിഷ്കൃതമാകുന്നതു കണ്ടു. എല്ലാത്തരത്തിലുള്ള അധീശത്വങ്ങൾക്കും എതിരായ ചെറുത്തുനിൽപ്പിന്റെ പ്രയോഗസാധ്യത കണ്ടു. വിപ്ലവത്തെ നിർവീര്യമാക്കുന്ന കറപ്പുപോലുള്ള ലഹരിയായി ഫുട്ബോളിനെ കണ്ടിരുന്ന ഇടതു ബുദ്ധിജീവികളിൽ നിന്നു ഗലിയാനോ വഴിമാറി നടന്നു. ‘ഫുട്ബോളിന്റെ അതിരില്ലാത്ത സാമ്രാജ്യത്തെ വാഴ്ത്തിയ’ അന്റോണിയോ ഗ്രാംഷിയോടായിരുന്നു അദ്ദേഹത്തിന് അടുപ്പം.
∙ ഡൈനാമോ കീവിന്റെ ‘വിധി’
മറഡോണയുടെ നേതൃത്വത്തിൽ കളിക്കാർ തൊഴിലാളി സംഘടനയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം അതിനെ പിന്തുണച്ചു. വേതനത്തിനു പകരമായി അധ്വാനം വിൽക്കുന്നവരായാണ് അദ്ദേഹം താരങ്ങളെ കണ്ടത്. ‘മികവിനെ ആശ്രയിച്ചാണ് വില. കൂടുതൽ പ്രതിഫലം നൽകുന്തോറും അവരിൽ നിന്നു കൂടുതൽ ഉൽപാദനവും പ്രതീക്ഷിക്കും. അവസാനത്തെ കാലറിയും പിഴിഞ്ഞെടുക്കപ്പെടും. പന്തയക്കുതിരകളേക്കാൾ മോശമായാണ് അവരെ പരിഗണിക്കുന്നത്. പന്തയക്കുതിരകളോ? ഫാക്ടറികളിൽ വളർത്തിയ കോഴിയോട് തന്നെ താരതമ്യപ്പെടുത്താനായിരുന്നു പോൾ ഗാസ്കോയിന് ഇഷ്ടം: നിയന്ത്രിതമായ ചലനങ്ങൾ, നിശിതമായ നിയമങ്ങൾ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതും എല്ലായ്പ്പോഴും ആവർത്തിക്കേണ്ടതുമായ പെരുമാറ്റരീതികൾ’ ഗലിയാനോ എഴുതി. ഗലിയാനോ ഫുട്ബോളിൽ കണ്ടത് മുറിപ്പെടുത്തുന്ന ആനന്ദമാണ്.
‘ഫുട്ബോൾ ഇൻ സൺ ആൻഡ് ഷാഡോ’യിൽ ഡൈനാമോ കീവ് എന്ന ടീമിനെ കാത്തിരുന്ന ഹതാശമായ വിധിയെക്കുറിച്ചു ഗലിയാനോ എഴുതുന്നുണ്ട്: ‘ജർമൻ അധിനിവേശകാലത്ത് അവർ(ഡൈനാമോ കീവ്) നാട്ടിലെ സ്റ്റേഡിയത്തിൽ ഹിറ്റ്ലറിന്റെ സംഘത്തെ തോൽപ്പിക്കുകയെന്ന ഭ്രാന്തൻ കാര്യം ചെയ്തു. ‘നിങ്ങൾ ജയിച്ചാൽ നിങ്ങൾ മരിച്ചു’ എന്ന് അവർക്കു താക്കീത് നൽകിയിരുന്നു. പരാജയത്തോടു രാജിയായാണ് അവർ തുടങ്ങിയത്. ഭീതിയാലും വിശപ്പിനാലും അവർ വിറയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ അവസാനം ആത്മാഭിമാനത്തിന്റെ പ്രലോഭനത്തെ തടുക്കാൻ അവർക്കായില്ല. കളി കഴിഞ്ഞപ്പോൾ, ആ കുപ്പായത്തിൽ തന്നെ ആ പതിനൊന്നു പേരെയും ഒരു പാറയുടെ വിളുമ്പിൽ കയറ്റിനിർത്തി വെടിവച്ചുകൊന്നു’. ഫുട്ബോളിനോടുള്ള തീവ്രാഭിമുഖ്യവും ആത്മാഭിമാനവും ചേരുമ്പോൾ അതു ജീവൻ നിലനിർത്തുകയെന്നതിനേക്കാൾ മുന്തിയതായി മാറുന്ന മുഹൂർത്തമാണ് ഡൈനാമോ കീവിന്റെ കളിയിൽ കണ്ടത്. കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ലെന്നു തന്നെ.
ഫുട്ബോൾ എങ്ങനെയാണ് അടിച്ചമർത്തപ്പെട്ട് അഗണ്യകോടിയിൽ തള്ളപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പാകുന്നതെന്ന് ആർതർ ഫ്രീഡെൻറീഷിനെപ്പോലുള്ള കളിക്കാരുടെ ജീവിതത്തിലൂടെ ഗലിയാനോ വിവരിച്ചു. ബ്രസീലിയൻ ശൈലിയുടെ സ്ഥാപകനെന്നാണ് ഫ്രീഡെൻറീഷിനെ അദ്ദേഹം വാഴ്ത്തിയത്. ‘ചേരികളിൽ കീറത്തുണി കൊണ്ടുള്ള പന്തിനായി പോരടിച്ച് ആനന്ദം കണ്ടെത്തിയ തവിട്ടുനിറക്കാരായ ആൺകുട്ടികളുടെ കൂസലില്ലായ്മയാണ് വെള്ളക്കാരുടെ പാവനമായ സ്റ്റേഡിയത്തിലേക്ക് ഫ്രീഡെൻറീഷ് കൊണ്ടുവന്നതെ’ന്നാണ് ഗലിയാനോ കുറിച്ചത്. ഫലത്തേക്കാൾ ആനന്ദം ലക്ഷ്യമാക്കുന്ന കേളീശൈലിയുടെ തുടക്കം അവിടെയായിരുന്നെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
കഥപറച്ചിലിന്റെ തമ്പുരാനായിരുന്നല്ലോ ഗലിയാനോ. പുഷ്കാസിനെക്കുറിച്ച് അദ്ദേഹം പങ്കുവച്ച ഒരു കഥയിങ്ങനെ. റയൽ മഡ്രിഡിനായി പുഷ്കാസ് ഒരു ഫ്രീകിക്ക് എടുക്കുന്നു. അതു മനോഹരമായി വലയിൽ പതിക്കുന്നു. അപ്പോൾ റഫറിയുടെ മട്ടുമാറുന്നു. കിക്ക് എടുക്കും മുൻപ് താൻ വിസിൽ ഊതിയിരുന്നില്ല, അതുകൊണ്ട് ഗോൾ അനുവദിക്കാനാകില്ല. കിക്ക് ഒന്നുകൂടി എടുക്കണം. ഏതു മികച്ച താരവും നിരാശയിലേക്കു വഴുതാവുന്ന മുഹൂർത്തം. പക്ഷേ പുഷ്കാസ് അടുത്ത കിക്കിന് ഒരുങ്ങി. ഇത്തവണ റഫറി കൃത്യമായി വിസിൽ ഊതി. പുഷ്കാസ് ആദ്യത്തെ അതേ കിക്ക് ഒരുവട്ടം കൂടി തൊടുത്തു. പന്ത് പഴയതുപോലെ പുളഞ്ഞ് അതേ പഥത്തിലൂടെയെന്ന പോലെ വീണ്ടും വലയിൽ. അത്ഭുതങ്ങൾ ആവർത്തിക്കില്ലെന്ന് ആരാണു പറഞ്ഞത്?
∙ ഫുട്ബോളിന്റെ വേദന
ഫുട്ബോൾ കളിയല്ലാതാകുകയും ജോലിയും ഉത്തരവാദിത്തവും എല്ലാത്തിനും ഉപരി കെട്ടുകാഴ്ചയുമായി മാറുകയും ചെയ്തതിനെ സങ്കടത്തോടെയും അമർഷത്തോടെയുമാണ് ഈ എഴുത്തുകാരൻ കണ്ടത്. കളിയുടെ സ്വാഭാവികമായ ആനന്ദോർജത്തെ വന്ധ്യംകരിക്കാനുള്ള ശ്രമമായാണ് ഗലിയാനോ പ്രഫഷനൽ ഫുട്ബോളിനെ കണ്ടത്. പക്ഷേ ഫുട്ബോൾ അത്തരം ശ്രമങ്ങളെയെല്ലാം ഏതൊക്കെയോ വിധത്തിൽ അതിജീവിക്കുന്നതിലായിരുന്നു പ്രതീക്ഷയത്രയും. ഫുട്ബോളിൽ അത്ഭുതങ്ങളുടെ കാലം കഴിയുന്നില്ലെന്നതാണ് അദ്ദേഹത്തെ പ്രത്യാശാഭരിതനാക്കിയത്. മിന്നൽവേഗവും നിർദയമായ കരുത്തും മുഖമുദ്രയായ ഫുട്ബോൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ അത് ആനന്ദത്തെ നിഷേധിക്കുകയും ഭാവനയെ കൊലപ്പെടുത്തുകയും സാഹസികതയെ ഭ്രഷ്ടമാക്കുകയും ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഗലിയാനോ ബോധവാനായിരുന്നു.
‘അധികാരമുള്ളവരും സാങ്കേതികപ്രമാണിമാരും കളിയെ കളങ്കപ്പെടുത്താനും പരിമിതപ്പെടുത്താനും എത്രയധികം ശ്രമിച്ചുകൊണ്ടിരിക്കുന്നോ ഫുട്ബോൾ അത്രയും അപ്രവചനീയതയുടെ കലയായി മാറുന്നു. നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്തിടത്ത് അസാധ്യമായതു സംഭവിക്കുന്നു: കുറിയവൻ അതികായനെ പാഠം പഠിപ്പിക്കുന്നു. മെലിഞ്ഞ, വില്ലു പോലെ വളഞ്ഞ കാലുള്ള കറുത്ത മനുഷ്യൻ, ഗ്രീസിൽ വാർത്തെടുത്ത അത്‌ലീറ്റിനെ പരിഹാസ്യനാക്കുന്നു.’
കളിയുടെ അംഗീകൃത ചിട്ടവട്ടങ്ങളെ കൂസാത്ത, തെറിച്ച വിത്തുകളിലായിരുന്നു ഗലിയാനോയുടെ പ്രതീക്ഷകൾ അത്രയും. തിരക്കഥകൾക്ക് അനുസരിച്ച് കളത്തിൽ നീങ്ങാത്തവർ. അപകടസാധ്യതകൾ അറിഞ്ഞിട്ടും സാഹസികതയെ വാരിപ്പുണരുന്നവർ. ‘സ്വാതന്ത്ര്യത്തിന്റെ വിലക്കപ്പെട്ട സാഹസികതയെ വാരിപ്പുണരുന്നതിന്റെ ഇന്ദ്രിയാനുഭൂതിക്കായി മുഴുവൻ എതിർനിരയെയും റഫറിയെയും എന്തിനു കാണികളെയും വരെ വെട്ടിച്ചൊഴിഞ്ഞു മുന്നേറുകയെന്ന വിഡ്ഢിത്തം ചെയ്യുന്നവർ’. ആ പമ്പരവിഡ്ഢികളുടെ കാലുകളിലും നെഞ്ചിലും തലയിലുമാണ് അനന്താനന്ദത്തിന്റെ അപാര മാന്ത്രികതയിരിക്കുന്നത്. ആ കുലം ഒടുങ്ങാതിരിക്കട്ടെ! ഗലിയാനോയ്ക്കു സ്തുതിയായിരിക്കട്ടെ!
Content Summary: Eduardo Galeano, Latin America’s Social Justice Laureate