ശബ്ദിക്കുന്ന കലപ്പ; അവുസേപ്പ് ചേട്ടന്റെയും കണ്ണന്റെയും ഹൃദയബന്ധത്തിന്റെ കഥ
Mail This Article
മലയാള സാഹിത്യത്തെ സ്നേഹിക്കുന്ന ആരും വായിച്ചിരിക്കേണ്ട ഒരു കഥയാണ് അവുസേപ്പ് ചേട്ടൻറെയും കണ്ണൻറെയും കഥ. പൊൻകുന്നം വർക്കിയുടെ തൂലികയിൽ വിരിഞ്ഞ അതീവഹൃദയസ്പർശയായ ആ കഥ ഇന്നത്തെ തലമുറ കേട്ടിട്ട് കൂടിയുണ്ടാകില്ല. ഒരു കൃഷിക്കാരന് അയാളുടെ കാളയോടുള്ള ഹൃദയബന്ധമാണ് പൊന്‍കുന്നം വര്‍ക്കിയുടെ ശബ്ദിക്കുന്ന കലപ്പ.
കാളയെന്നു വെച്ചാല്‍ എല്ലാം മറക്കുന്ന അവുസേപ്പ് ചേട്ടനാണ് ഈ കഥയിലെ നായകന്‍. കാളഭ്രാന്തനെന്നാണ് മറ്റ് കൃഷിക്കാര്‍ അയാളെ വിളിക്കുക. തന്റെ പുത്രനെപ്പോലെ കരുതി പോറ്റുന്ന കണ്ണന്‍ എന്ന ഒരു കാളയുണ്ട് അവുസേപ്പ് ചേട്ടന്. അവുസേപ്പ് ചേട്ടനും കണ്ണനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കഥാകാരൻ വിവരിക്കുന്നത് ഇങ്ങനെ-
' കണ്ണന്റെ നടപ്പിന് തന്നെ പ്രത്യേക ചന്തമുണ്ട്. പൂട്ടുന്നിടത്തും മറ്റും അവുസേപ്പ് ചേട്ടന്‍ മനസില്‍ കാണുന്നത് കണ്ണന്‍ മനസിലാക്കി കഴിയും. പലക പിടിക്കുന്നിടത്ത്, കട്ടയടിക്കുന്നിടത്ത്, എവിടെ എന്താണ് അയാള്‍ ഉദ്ദേശിക്കുന്നത് അത് മനസിലാക്കാനുള്ള കഴിവ് ആ കാളയ്ക്കുണ്ട്. ഓങ്ങുകയല്ലാതെ അയാള്‍ അതിനെ അടിക്കാറില്ല. '
അത്രയും സ്‌നേഹിച്ച് കൂടെ കൊണ്ടുനടന്ന കണ്ണനെ മകളുടെ വിവാഹത്തോടനുബന്ധിച്ച് അയാള്‍ക്ക് വില്‍ക്കേണ്ടിവരുന്നു. പിന്നീട് മകളുടെ പ്രസവാന്തരചടങ്ങുകള്‍ക്കായി മാര്‍ഗമില്ലാതെ വിഷമിച്ചിരുന്ന അവുസേപ്പ് ചേട്ടനെ ഭാര്യ സ്വകാര്യസമ്പാദ്യം ഏല്‍പ്പിച്ചു. മകള്‍ക്ക് മുണ്ടും ചട്ടയും വാങ്ങാന്‍ കോട്ടയത്ത് പോയ അവുസേപ്പ് ചേട്ടന്‍ ചന്തയില്‍ വെച്ച് കശാപ്പുകാരന്റെ കാളക്കൂട്ടത്തില്‍ അവശനായി നില്‍ക്കുന്ന കണ്ണനെ കണ്ടു. ആ കര്‍ഷകന്‍ പൊട്ടി കരഞ്ഞു പോയി. എന്തിന് പറയാൻ ഭാര്യ ഏല്‍പ്പിച്ച പണം നല്‍കി അവുസേപ്പുചെട്ടന്‍ കണ്ണനെ വാങ്ങി.
തന്റെ പഴയ മുറ്റത്തേക്ക് കടന്നപ്പോള്‍ ആഹ്ലാദത്തോട് കൂടി കണ്ണന്‍ അമറി. ആയിരം നാക്കുകളും പതിനാലായിരം ചോദ്യങ്ങളും അവിടെ ഉയര്‍ന്നു. മൂകനായി താടിക്ക് കൈ കൊടുത്ത് അവുസേപ്പ് ചേട്ടന്‍ ഇരിക്കുകയാണ്. ഭാര്യയുടെ ദേഷ്യവും മകളുടെ കരച്ചിലും ഉയരുമ്പോള്‍ ഒരക്ഷരം പോലും ആ കുറ്റക്കാരന്‍ മിണ്ടുന്നില്ല. വിയര്‍പ്പ് കൊണ്ട് ആ ശരീരം നനഞ്ഞു.
'അപ്പാ അപ്പനെന്നോട് ഇത് ചെയ്യുമെന്ന് ഒരിക്കലും ഞാന്‍ വിചാരിച്ചില്ല', കണ്ണുനീരോട് കൂടി മകൾ കത്രി പറഞ്ഞു. 'മോളേ ' ഇടറിയ കണ്ഠത്തോടെ ആ പിതാവ് പറഞ്ഞു,
'എനിക്ക് നിന്നെപ്പോലെയാ അവനും'.
പിറ്റേന്ന് കാലത്ത് കണ്ണന്റെ വ്രണത്തില്‍ പുരട്ടാനുള്ള മരുന്നുമായി അവുസേപ്പന്‍ ചെല്ലുമ്പോള്‍ അവന്‍ ചത്ത് കിടക്കുന്ന കാഴ്ചയാണ് അയാള്‍ കണ്ടത്.''കണ്ണന്റെ മൃതതദേഹത്തിനും വേദനിക്കുന്ന ആ കൃഷിക്കാരന്റെ ഹൃദയത്തിനും മുകളില്‍ ആ ചുക്കിലി പിടിച്ച കലപ്പയിലിരുന്ന് ഒരു പല്ലി എന്തൊക്കെയോ ചിലച്ചു'' എന്ന് കഥ അവസാനിക്കുന്നു.
സംവിധായകന്‍ ജയരാജ് ഈ കഥയ്ക്ക് ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ട്. ഈ ചിത്രം 2019 ലെ ഇന്ത്യന്‍ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Summary: Summary of Malayalam Story Shabdikkunna Kalappa written by Ponkunnam Varkey