വന്നവർ 26 ലക്ഷം, 25 കോടിയുടെ വിൽപന; കൊൽക്കത്തയുടെ ‘പുസ്തകമേളം’, തുടരും വായന!
ആരും ലൈബ്രറികളിൽ പോകുന്നില്ല, ട്രെയിനിലും ബസിലും യാത്രക്കാരുടെ കയ്യിൽ പഴയതു പോലെ പുസ്തകങ്ങളില്ല, സിലബസിനപ്പുറമുള്ള ഒന്നും തന്നെ കുട്ടികൾ വായിക്കുന്നില്ല. എപ്പോഴും ഫോണിൽ തന്നെ. ടെക്നോളജി വികസിച്ചതോടെ തിരമാല പോലെ അലയടിച്ചു വന്ന പരാതികളായിരുന്നു ഇവ. വായന മരിക്കുന്നു എന്നു വിലപിച്ചവരുണ്ട്. വായനയുടെ മേൽ റീത്ത് വെച്ചവരുമുണ്ട്. വായന മരിക്കുകയാണോ? അല്ലെന്ന് 100 ശതമാനം ഉറപ്പ് നൽകുന്ന കാഴ്ചയാണ് കൊൽക്കത്ത കാട്ടിത്തന്നത്. ഈ വർഷത്തെ ഇന്റർനാഷനൽ കൊൽക്കത്ത ബുക് ഫെയറിലേക്ക് ‘പുസ്തകപ്പുഴുക്കളും’ വായനക്കാരും കൂട്ടമായി ഇരച്ചെത്തി. പത്തു ദിവസങ്ങളിലായി നടന്ന പുസ്തകമേളയിൽ ഉണ്ടായിരുന്നത് 950 സ്റ്റാളുകൾ. മേളയിൽ പങ്കെടുത്തവരുടെ എണ്ണം അറിയാമോ? 26 ലക്ഷം. വിറ്റുപോയത് 25 കോടി രൂപയുടെ പുസ്തകങ്ങൾ. പുസ്തകമേളയുടെ ചരിത്രത്തിലെ വമ്പൻ വിൽപന! 1976 മുതൽ പ്രൗഢിയോടെ നടത്തിവരുന്ന, കൊൽക്കത്തയുടെ അഭിമാന പുസ്തകമേളയെക്കുറിച്ച് വിശദമായി വായിക്കാം.

∙ കൊൽക്കത്തയുടെ പുസ്തകമേള
ലോകത്തിലെ ഏറ്റവും വലിയ വ്യാപാരേതര പുസ്തകമേളയാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സെൻട്രൽ പാർക്കിൽ 1976 മുതൽ നടന്നുവരുന്ന ഇൻർനാഷനൽ കൊൽക്കത്ത ബുക്ഫെയർ. ലോകമെമ്പാടുമുള്ള എഴുത്തുകാർക്കും വായനക്കാർക്കും കലാസ്നേഹികൾക്കും പരസ്പരം കാണാനും ചർച്ച ചെയ്യാനുമുള്ള അവസരമാണ് എല്ലാ വർഷവും ഈ പുസ്തകമേളയിലൂടെ ഒരുങ്ങുന്നത്. പബ്ലിഷേഴ്സ് ആൻഡ് ബുക്ക്സെല്ലേഴ്സ് ഗിൽഡ് സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഈ വർഷത്തെ തീം ‘സ്പെയിൻ’ ആയിരുന്നു. ഈ ശൈത്യകാല മേള തന്നെയാണ് കൊൽക്കത്തയുടെ സാഹിത്യലോകത്തെ വലിയ ആകർഷണവും.
ലോകത്തെമ്പാടും കോവിഡ് പിടിമുറുക്കിയതോടെ എല്ലാ കൊല്ലവും നടത്തിവന്നിരുന്ന പുസ്തകമേളയ്ക്ക് 2021ൽ ഇടവേള വന്നിരുന്നു. പക്ഷേ പൂർവാധികം ശക്തിയോടെയാണ് 2022ലെ പുസ്തകമേളയിൽ ജനങ്ങൾ എത്തിയത്. അന്ന് 18 ലക്ഷം ആളുകൾ പുസ്തകമേളയിൽ പങ്കെടുക്കാനെത്തി. 20 കോടി രൂപയുടെ പുസ്തകങ്ങൾ വിറ്റുപോയി. എന്നാൽ ഇത്തവണ ജനുവരി 31 മുതൽ ഫെബ്രുവരി 12 വരെ നടന്ന പുസ്തകമേളയുടെ ചരിത്രത്തിലെ തന്നെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്. എഴുപത് സ്റ്റാളുകളുള്ള ബംഗ്ലദേശ് പവലിയനിൽനിന്നു മാത്രം വിറ്റുപോയത് 1 കോടിയുടെ പുസ്തകങ്ങളാണ്. മേളയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടന്നതും ഇവിടെത്തന്നെ.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് 46–ാമത് രാജ്യാന്തര കൊൽക്കത്ത ബുക് ഫെയർ ഉദ്ഘാടനം ചെയ്തത്. സ്പാനിഷ് ഗവർണമെന്റ് ബുക്‌സ് ആൻഡ് റീഡിങ് പ്രൊമോഷൻ ഡയറക്ടർ മരിയ ഹോസെ ഗൽവേസ് സാൽവദോറും വേദി പങ്കിട്ടു. സ്പാനിഷ് ഭാഷയിലുള്ള സാഹിത്യ സൃഷ്ടികളെയും അവയുടെ വിവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും പ്രസിദ്ധീകരണ മേഖലയെ പിന്തുണയ്ക്കുന്നതിനുമുള്ള ചുമതലയാണ് മരിയ ഹോസെ ഗാൽവെസിനുള്ളത്. 2006ൽ ഉൾപ്പെടെ ഇതു രണ്ടാം തവണയാണ് സ്പെയിൻ മേളയുടെ ഫോക്കൽ തീമായി മാറുന്നത്.
ഗിൽഡിന്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ത്രിദീബ് കുമാർ ചാറ്റർജിയുടെ വാക്കുകളിൽ പറഞ്ഞാൽ, ഫുട്ബോളിന്റെ പേരിലാണ് സ്പെയിൻ അറിയപ്പെടുന്നത് അതു കഴിഞ്ഞാൽ പിന്നെ ദാലിയുടെയും ലോർകയുടെയും പേരിലും. സിനിമയും അവരുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇതൊക്കെത്തന്നെയാണ് നമ്മളേയും ചേർത്തുനിർത്തുന്നത്, കലയും, സിനിമയും സ്പോർട്സും. കൊൽക്കത്തയുടേതിനു സാമ്യമായ സംസ്കാരവും പാരമ്പര്യവും സാഹിത്യത്തോടുള്ള അഭിനിവേശവുമൊക്കെയാണ് സ്പെയിനിനെ തീമാക്കി മാറ്റാനുള്ള കാരണം. സ്പെയിൻ, യുഎസ്, ബംഗ്ലദേശ്, ജപ്പാൻ, ഫ്രാൻസ്, ക്യൂബ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങി ഇരുപതോളം രാജ്യങ്ങളാണ് ഇത്തവണ മേളയിൽ പങ്കെടുത്തത്. ആദ്യമായി തായ്‌ലൻഡ് പങ്കെടുത്തു എന്ന പ്രത്യേകതയും ഇത്തവണത്തെ മേളയ്ക്കുണ്ട്.
∙ എന്താണ് ഇന്റർനാഷനൽ കൊൽക്കത്ത ബുക് ഫെയര്‍?
1974ൽ കൊൽക്കത്തയിലെ ചില യുവ പ്രസാധകർ തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള ഉപാധികൾ ചർച്ച ചെയ്യുകയായിരുന്നു. പുസ്തകപ്രേമികളെ ഒരുമിച്ചുകൊണ്ടു വരിക എന്നതായിരുന്നു അവർ കണ്ട വഴി. എന്നാൽ പരന്നുകിടക്കുന്ന വായനക്കാരെ എങ്ങനെ ഒരുമിപ്പിക്കും എന്ന ചോദ്യത്തിനു അവർക്കു മുന്നിൽ വന്ന ഉത്തരം ഫ്രാങ്ക്ഫർട്ട് പുസ്തകമേളയായിരുന്നു. അത്തരത്തിലൊരു പുസ്തകമേള സംഘടിപ്പിച്ചാൽ തീർച്ചയായും ലാഭമുണ്ടാകുമെന്ന് അവർ കരുതി. പക്ഷേ കച്ചവട മനോഭാവം തീരെയില്ലാതിരുന്ന ആദർശവാദികളായ മുതിർന്ന പ്രസാധകർ ഈ ആശയത്തെ എതിർത്തു. എന്നാൽ ഈ മേഖലയിലെ തങ്ങളുടെ നിലനിൽപ് അനിവാര്യമാണെന്ന് മനസ്സിലാക്കിയ യുവ പ്രസാധകർ അവരുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. അങ്ങനെ 1976ൽ പബ്ലിഷേഴ്‌സ് ആൻഡ് ബുക്ക് സെല്ലേഴ്‌സ് ഗിൽഡ് രൂപീകരിക്കപ്പെട്ടു. സ്ഥാപക പ്രസിഡന്റായി സുശിൽ മുഖർജിയും ജനറൽ സെക്രട്ടറിയായി ജയന്ത് മനക്ദലയും ചുമതലയേറ്റു. ഇവരുടെ നേതൃത്വത്തിൽ 1976 മാർച്ച് 5ന് 34 പ്രസാധകരുടെ 56 സ്റ്റാളുകളുമായി കൊൽക്കത്ത ബുക്ഫെയർ ആരംഭിച്ചു. 1991ൽ ആദ്യമായി ഒരു തീം അനുസരിച്ച് മേള സംഘടിപ്പിച്ചു തുടങ്ങി. എന്നാൽ 1997ൽ ഫ്രാൻസ് രാജ്യത്തെ തീമാക്കിയതോടെ പേരു പോലെ പുസ്തകമേള ശരിക്കും രാജ്യാന്തര മേളയായി മാറി.
സിറ്റി ഓഫ് ജോയ് അഥവാ സന്തോഷ നഗരമെന്നറിയപ്പെടുന്ന കൊൽക്കത്തയ്ക്കു സാഹിത്യത്തോടുള്ള ആവേശം ഒരുപക്ഷേ തന്റെ മടിത്തട്ടിലേക്കു പിറന്നുവീണ സാഹിത്യകാരന്മാരോടുള്ള ഇഷ്ടം കൊണ്ടുകൂടിയാവാം. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമാകണമെങ്കിൽ അതിനൊരു കാരണം കൂടി വേണമല്ലോ. രബീന്ദ്ര നാഥ ടാഗോർ, മൃണാൽ സെൻ, അമിതവ് ഘോഷ്, ആശാപൂർണ ദേവി, ബെങ്കിം ചന്ദ്ര ചാറ്റർജി, മാണിക് ബദോപാധ്യായ് തുടങ്ങി തൂലിക കൊണ്ട് കാലത്തെ നിശ്ചമാക്കിയ എത്രയോ എഴുത്തുകാർ. ഭാഷയോടും സാഹിത്യത്തോടുമെല്ലാമുള്ള സ്നേഹം തങ്ങളുടെ രക്തത്തിൽ തന്നെയുണ്ടെന്നു വിശ്വസിക്കുന്ന, അതിൽ അഭിമാനിക്കുന്ന മനുഷ്യർ കൊൽക്കത്തയിലുണ്ട്. അത് സത്യമാണുതാനും. അതാവാം ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പുസ്തകമേളയാകാനും ഒപ്പം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുസ്തകമേളയായി മാറാനും കൊൽക്കത്ത ബുക് ഫെയറിനു കഴിഞ്ഞത്.
∙ ഇന്ത്യൻ പുസ്തകമേളകൾ
ഫ്രാങ്ക്ഫർട്ട് പുസ്തകമേളയാണ് ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേള. രണ്ടാം സ്ഥാനം കൊൽക്കത്ത ബുക് ഫെയറും. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പുസ്തകമേളയെന്ന പദവിയും കൊൽക്കത്തയുടെ പുസ്തകമേളയ്ക്കു തന്നെ. ഒരാൾക്ക് സമയം കൊല്ലാൻ വേണ്ടി വരാവുന്ന ഒരു ഇടമായിരിക്കില്ല പുസ്തകമേളകൾ. അങ്ങനെ വരുന്നവരെ മേളകൾ എത്രത്തോളം സംതൃപ്തരാക്കുമെന്നും പറയാനാവില്ല. എന്നാൽ പുസ്തകങ്ങളോട് ഇഷ്ടമുള്ള, വായനയെ പ്രാധാന്യത്തോടെ കാണുന്ന ഏതൊരാൾക്കും വിലപ്പെട്ട അനുഭവമായിരിക്കും ലഭിക്കുക. പുതിയ പുസ്കങ്ങളെയും, എഴുത്തുകാരെയും കാണാനും അറിയാനും അനുഭവങ്ങൾ പങ്കുവയ്ക്കാനും കവിതകളും കഥകളും കേൾക്കാനും അവസരം. നമ്മുടേതല്ലാത്ത അർഥതലങ്ങൾ തുറന്നു വയ്ക്കപ്പെടുന്ന ഒരിടമാണ് ഓരോ പുസ്തകമേളയും. ഒപ്പം പല നാടുകളിലും സംസ്കാരങ്ങളിലും വിശ്വാസങ്ങളിലുമുള്ള തീർത്തും വ്യത്യസ്തരായ മനുഷ്യരെ കാണാനും ഇടപഴകാനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. സാഹിത്യലോകം എത്ര വിപുലമാണെന്നും മനസ്സിലാക്കാം.
ഇന്ത്യയിൽ കൊൽക്കത്ത ബുക് ഫെയർ മാത്രമല്ല ഉള്ളത്. കോയമ്പത്തൂർ ബുക് ഫെസ്റ്റിവൽ, ചെന്നൈ ബുക്ക് ഫെയർ, ചണ്ഡീഗഡ് ബുക്ക് ഫെയർ, ഹൈദരാബാദ് ബുക് ഫെയർ, കൃതി ഇന്റർനാഷനൽ ബുക്ക് ഫെയർ, ദ് ബാംഗ്ലൂർ ബുക്ക് ഫെയർ, ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയർ എന്നിങ്ങനെ വായനയുടെ വാതായനങ്ങൾ തുറന്നിടുന്ന അനവധി പുസ്തകമേളകളുണ്ട്.
∙ മലയാളിയുടെ കൊൽക്കത്ത കണക്‌ഷൻ
ബൗദ്ധികമായും ആദർശപരമായും കേരളത്തിന്റെ സ്വഭാവത്തോടു ഒരുപാട് അടുത്തു നിൽക്കുന്ന ഒരു സംസ്ഥാനം കൊൽക്കത്ത ആയിരിക്കും. മലയാളികളിൽ പലരും ഒരിക്കലെങ്കിലും ഒന്നു പോകണമെന്നു മനസ്സിൽ കുറിച്ചിട്ട ഒരു സ്ഥലം കൂടിയായിരിക്കണമത്. പുസ്തകത്തിലൂടെയും സിനിമകളിലൂടെയും മാത്രം അറിഞ്ഞ ഒരു നാടിനോടുള്ള പ്രണയം. അവിടുത്തെ കൊളോണിയൽ വാസ്തുവും, വായിച്ചറിഞ്ഞ രുചികളും, വസ്ത്രങ്ങളും എന്നിങ്ങനെ എല്ലാത്തിനോടും ഇഷ്ടം. വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരും പഠിതാക്കളും കൊൽക്കത്തയുടെ ഒരു ഭാഗത്ത് വിരാജിച്ചപ്പോൾ മറുഭാഗത്ത് തിങ്ങിഞെരുങ്ങിയ തെരുവുകളിലെ യാതനകൾ നിറഞ്ഞ ജീവിതവും കേരളത്തിലിരുന്നു മലയാളികൾ വായിച്ചു തീർത്തു.
പുസ്തകങ്ങളുടെയും സിനിമയുടെയും കമ്യൂണിസത്തിന്റെയും വേരുകൾ കാതങ്ങൾക്കപ്പുറമുള്ള രണ്ടു നാടുകളെ ഒരുമിച്ചു ചേർത്തു. രബീന്ദ്ര നാഥ ടാഗോറിന്റ എഴുത്തുകളിലൂടെയാവാം മലയാളികളുടെ ജീവിതത്തിലേക്ക് ഒരു കവിത പോലെ കൊൽക്കത്ത പതിഞ്ഞത്.
കാലങ്ങൾ പോകെ പിന്നെയും പുസ്തകങ്ങൾ എഴുതപ്പെട്ടു. മാധവിക്കുട്ടിയുടെ എഴുത്തുകളിലൂടെ കാണാത്ത ആ നാടിന്റെ ഭംഗിയും വൈരൂപ്യവും മലയാളികൾ അറിഞ്ഞു. കെ. ആർ. മീര ‘ആരാച്ചാർ’ എഴുതി വായനക്കാർക്കു വച്ചുനീട്ടിയപ്പോൾ ഇരുപത്തിരണ്ടുകാരിയായ ചേതനയെ അറിഞ്ഞതുപോലെ കൊൽക്കത്തയെയും അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുഴുവനായല്ലെങ്കിലും അറിയാനായി. ഡൊമിനിക് ലാപിയേയുടെ ‘ദ സിറ്റി ഓഫ് ജോയ്’, ബിമൽ മിത്രയുടെ ‘ചലോ കൽക്കത്ത’, സി. വി. ബാലകൃഷ്ണന്റെ യാത്രാ വിവരണങ്ങൾ എന്നിവ അക്ഷരങ്ങളിലൂടെ ഒരു നാടിനെ പഠിപ്പിച്ചു തന്ന എഴുത്തുകളായിരുന്നു.
സിനിമകളിലൂടെ വർണ്ണാഭമായ കൊൽക്കത്തയെ ജനങ്ങൾ കണ്ടു. സത്യജിത് റായിയുടെയും മൃണാൽ സെനിന്റെയും ചിത്രങ്ങളിലൂടെ കൊൽക്കത്ത കാണാത്തവരും അവിടെ പോയി കാഴ്ചകൾ കണ്ട് മടങ്ങി വന്നു. ദ് ബിഗ് സിറ്റി, ഇന്റർവ്യൂ, ചൗരിങ്കീ ലെയ്ൻ എന്നീ ചിത്രങ്ങളാണ് ആദ്യകാലത്തെ കൊൽക്കത്തയെ ലോകത്തിനു മുന്നിൽ തുറന്നു കൊടുത്തത്. പിന്നീട് ദുർഗാ പൂജയ്ക്ക് വെളുപ്പിൽ ചുവന്ന ബോർഡറുള്ള സാരിയുടുത്ത്, നെറ്റിയിൽ ചുവന്ന കുങ്കുമവും കൈയ്യിൽ താലവുമായി റോഡുകൾ കവിഞ്ഞൊഴുകുന്ന സ്ത്രീകളെ കണ്ടപ്പോഴും ആ സംസ്കാരത്തെ കൂടുതൽ അറിയാനായാണ് മലയാളികൾ താൽപര്യപ്പെട്ടത്.
സ്ഞ്ജയ് ലീല ഭൻസാലിയുടെ ദേവ്ദാസ്, സുജോയ് ഘോഷിന്റെ കഹാനി എന്നീ ചിത്രങ്ങൾ കൊൽക്കത്തയ്ക്കു മനോഹാരിത വർധിപ്പിച്ച ചിത്രങ്ങളായിരുന്നു. റിതുപർണോ ഘോഷിന്റെ ചിത്രങ്ങളിലെല്ലാം കൊൽക്കത്തയുടെ അംശങ്ങളുണ്ടായിരുന്നു. അരവിന്ദന്റെ വാസ്തുഹാര, ബ്ലെസ്സിയുടെ കൽക്കട്ട ന്യൂസ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും കൊൽക്കത്ത പശ്ചാത്തലമായി. അങ്ങനെ കൊൽക്കത്തയോളം മലയാളി അറിഞ്ഞ മറ്റൊരു നാടുണ്ടാവില്ല.
∙ വായന മരിക്കുമോ?
മൊബൈൽ ഫോണും, ലാപ്ടോപും, ഇ–ബുക്കുകളും കൈയ്യിലുണ്ട്. എന്നാൽ വർണ്ണാഭമായ പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന സ്റ്റാളുകൾക്കു മുന്നിലെ തിരക്ക് കണ്ടാൽ മനുഷ്യനു പുസ്തകങ്ങളോടും അക്ഷരങ്ങളോടുമുള്ള താൽപ്പര്യത്തെപ്പറ്റി മനസ്സിലാക്കാൻ സാധിക്കും. ആർക്കും വരാം. പ്രായഭേദമില്ല, പരസ്പര വ്യത്യാസങ്ങളില്ല. രാജ്യാന്തര പ്രസാധകർ മുതൽ പ്രാദേശിക പ്രസാധകർക്കു വരെ പ്രാധാന്യം. പുസ്തകപ്രേമികൾക്കും എഴുത്തുകാർക്കും ഭൂമിയിലെ സ്വർഗം ഇതുതന്നെയായിരിക്കും. പ്രിയപ്പെട്ട പുസ്തകങ്ങളെ തിരയുന്നവർ, ആദ്യത്തെ പുസ്തകം തന്നെ മേളയിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്നു കരുതുന്നവർ, പുസ്തകത്തിന്റെ പേജുകൾക്കിടയിൽ മുഖമമർത്തി ഓർമ്മകളെ വീണ്ടും ആവാഹിച്ചെടുക്കുന്നവർ, പ്രിയപ്പെട്ട എഴുത്തുകാരൻ ഒപ്പിട്ടു തരുന്ന കോപ്പികൾ കൈപ്പറ്റാൻ ആരാധനയോടും ക്ഷമയോടും നീണ്ട ക്യൂവിൽ ഇടം നേടിയവർ. എല്ലാവരെയും ഒരുമിപ്പിച്ചത് ഒന്നുതന്നെ, പുസ്തകങ്ങൾ. മനുഷ്യനു വികാരങ്ങളും വിചാരങ്ങളുമുള്ളിടത്തോളം അക്ഷരങ്ങളുള്ള കാലത്തോളം പുസ്തകങ്ങളുമുണ്ടാകുമെന്ന ഓർമ്മപ്പെടുത്തലാകാം ഇത്.
English Summary: International Kolkata Book Fair; An answer to all Reading Queries