ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ എംടിയാണോ?
Mail This Article
അമ്മയ്ക്ക് എംടിയോട് കടുത്ത വെറുപ്പായിരുന്നു. എംടിയുടെ അസുരവിത്ത് അമ്മ വെറുത്ത ഒരു കൃതി. ഗോവിന്ദൻകുട്ടി തന്റെ ഭാര്യയുടെ ദുഃഖം എന്തുകൊണ്ട് മനസ്സിലാക്കിയില്ല–എനിക്കെഴുതിയ കത്തിൽ അമ്മ ചോദിച്ചു. അവനെപ്പോലെതന്നെ അവളും അപമാനിക്കപ്പെട്ട ആത്മാവാണെന്ന് അമ്മ പറഞ്ഞു.
പക്ഷേ, അമ്മ എംടിയെ വായിച്ചുകൊണ്ടേയിരുന്നു. പിന്നീട് ഞാൻ മനസ്സിലാക്കി, എംടിയിലൂടെ അമ്മ എന്റെ അച്ഛനെ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. മനസ്സിലാക്കാനാവാത്തതുകൊണ്ട് അമ്മ ആത്മഹത്യ ചെയ്തു. അല്ലെങ്കിൽ മനസ്സിലാക്കിയതുകൊണ്ട്. 30 കൊല്ലം കഴിഞ്ഞ് ഞാൻ ചിന്തിച്ചുപോവുകയാണ്, അമ്മ എന്തുകൊണ്ടാണ് നിരന്തരം എംടിയെ വായിച്ചത് ? അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരൻ എംടി തന്നെയാണോ? രണ്ടാമൂഴം വായിക്കും മുൻപ് അമ്മ പോയി . വായിച്ചിരുന്നെങ്കിൽ കൂടുതൽ വെറുക്കുമായിരുന്നു. പക്ഷേ ‘വാരാണസി’ വരെ ക്ഷമിച്ചിരുന്നെങ്കിൽ അമ്മ എംടിയോടു ക്ഷമിക്കുമായിരുന്നു.