കഥാപാത്രങ്ങളും സ്ഥലസാഹചര്യവും അനുസരിച്ച് ആ മൗനത്തിന്റെ ആഴവും നിറവും നിർവചനവും വൈവിധ്യമാർന്നതാകുന്നു. ശബ്ദബഹുലമായ ഈ ലോകത്ത് അമൂല്യനിധിപോലെ അച്ഛൻ കാത്തുസൂക്ഷിച്ച, അഥവാ സൂക്ഷിക്കുന്ന മൗനത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത് ഏറെ മുതിർന്ന ശേഷമാണ്.

കഥാപാത്രങ്ങളും സ്ഥലസാഹചര്യവും അനുസരിച്ച് ആ മൗനത്തിന്റെ ആഴവും നിറവും നിർവചനവും വൈവിധ്യമാർന്നതാകുന്നു. ശബ്ദബഹുലമായ ഈ ലോകത്ത് അമൂല്യനിധിപോലെ അച്ഛൻ കാത്തുസൂക്ഷിച്ച, അഥവാ സൂക്ഷിക്കുന്ന മൗനത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത് ഏറെ മുതിർന്ന ശേഷമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥാപാത്രങ്ങളും സ്ഥലസാഹചര്യവും അനുസരിച്ച് ആ മൗനത്തിന്റെ ആഴവും നിറവും നിർവചനവും വൈവിധ്യമാർന്നതാകുന്നു. ശബ്ദബഹുലമായ ഈ ലോകത്ത് അമൂല്യനിധിപോലെ അച്ഛൻ കാത്തുസൂക്ഷിച്ച, അഥവാ സൂക്ഷിക്കുന്ന മൗനത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത് ഏറെ മുതിർന്ന ശേഷമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൗനം ഒരു അനുഭൂതിയാണ്. സ്വയം നവീകരിക്കാൻ വഴിയൊരുക്കുന്ന അനുഭൂതി. കൂടുതലായി മൗനത്തിലൂടെ സംവദിക്കുന്ന ഒെരഴുത്തുകാരനാണ് അച്ഛൻ. മനഃപൂർവമല്ലാതെ സ്വായത്തമാക്കിയതാവാം ആ ശൈലി. അച്ഛന്റെ എഴുത്തിലും ജീവിതത്തിലും മൗനം ഒരു അവിഭാജ്യഘടകമാണ്. കഥാപാത്രങ്ങളും സ്ഥലസാഹചര്യവും അനുസരിച്ച് ആ മൗനത്തിന്റെ ആഴവും നിറവും നിർവചനവും വൈവിധ്യമാർന്നതാകുന്നു. ശബ്ദബഹുലമായ ഈ ലോകത്ത് അമൂല്യനിധിപോലെ അച്ഛൻ കാത്തുസൂക്ഷിച്ച, അഥവാ സൂക്ഷിക്കുന്ന മൗനത്തിന്റെ സൗന്ദര്യം തിരിച്ചറിഞ്ഞത് ഏറെ മുതിർന്ന ശേഷമാണ്. 

കുട്ടിക്കാലത്ത് ആ മൗനത്തോട് എനിക്ക് ചെറിയൊരു പരിഭവവും തോന്നിയിരുന്നുവെന്നു പറയാതെ വയ്യ. അമ്മാവന്മാരുടെ സംരക്ഷണയിൽ വളർന്ന എനിക്കു കൂട്ടുകാർ കുറവായിരുന്നു. അടുപ്പമുള്ള ഒന്നോ രണ്ടോ പേർ. അവരുടെ വീടുകളിൽ പോകുമ്പോൾ, അച്ഛന്മാർ അവരെ ലാളിക്കുകയും തമാശ പറയുകയും ചെയ്യുന്നതു കാണുമ്പോൾ ഉള്ളിൽ അസൂയ തോന്നി. വീട്ടിൽ ഒരാൾ ബീഡിയും വലിച്ചുകൊണ്ട്, കട്ടിലിൽ ചാഞ്ഞുകിടന്നു വായിക്കുന്നുണ്ടാവും. അല്ലെങ്കിൽ വല്ലതും കുത്തിക്കുറിക്കുന്നുണ്ടാവും. അടുത്തേക്കു ചെന്നു വല്ലതും ചോദിച്ചാൽ, ഒരു മൂളൽ അല്ലെങ്കിൽ ഒരു നോട്ടം. അതാണു മറുപടി. ഇതെന്താ ഇങ്ങനെ എന്നു കുഞ്ഞു മനസ്സിൽ തോന്നിയിട്ടുണ്ട്, പലകുറി. പക്ഷേ, ചോദിക്കാൻ വയ്യല്ലോ. 

ADVERTISEMENT

ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് അച്ഛന്റെ പുസ്തകങ്ങൾ വായിച്ചു തുടങ്ങുന്നത്. കാഥികന്റെ പണിപ്പുര, നിന്റെ ഓർമയ്ക്ക് എന്നീ കൃതികളുടെ ചില ഭാഗങ്ങൾ പഠിക്കാനുണ്ടായിരുന്നു. മലയാളം ക്ലാസിൽ പാഠപുസ്തകം വായിക്കുമ്പോൾ സഹപാഠികളും അധ്യാപകരും എന്നെ നോക്കും. ഞാൻ വളരെ പ്രയാസപ്പെട്ട് പുസ്തകത്തിൽ മുഴുകിയതുപോലെ ഇരിക്കാൻ ശ്രമിക്കും. അച്ഛൻ എന്ന എഴുത്തുകാരന്റെ വലുപ്പം പതിയെ മനസ്സിലാകാൻ തുടങ്ങി. നാലുകെട്ടിലാണ് തുടങ്ങിയത്. പിന്നെ ചെറുകഥകൾ. കോളജിലെത്തിയശേഷമാണ് മഞ്ഞും കാലവും രണ്ടാമൂഴവും വായിക്കുന്നത്. കോളജിൽ എത്തുന്നതോടെ അച്ഛനുമായുള്ള സംഭാഷണങ്ങൾ കൂടി. പുസ്തകങ്ങളും സിനിമയും കലയുമൊക്കെ സംസാരവിഷയം.

അമേരിക്കൻ യാത്ര കഴിഞ്ഞു വന്നപ്പോൾ അച്ഛൻ ഒരു പുസ്തകം കൊണ്ടുവന്നിരുന്നു. റോബർട്ട് ജയിംസ് വോളറിന്റെ ‘ദ് ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി.’ അന്നു റീഡേഴ്സ് ക്ലബിനുവേണ്ടി ഞാൻ ആ പുസ്തകം വായിച്ച് അവലോകനം ചെയ്തു. അതിലെ ഫ്രാൻസെസ്ക എന്ന നായിക അനുഭവിക്കുന്ന ഒറ്റപ്പെടലും ഏകാന്തതയും ജീവിതാവസാനംവരെ അവർ പുലർത്തിയ മൗനവും എന്നെ സ്പർശിച്ചുവെങ്കിലും അതിന്റെ എത്രയോ മടങ്ങ് ഏകാന്തതയും മൗനവും ‘മഞ്ഞി’ലെ വിമലയിലൂടെ ഞാൻ അനുഭവിക്കുകയുണ്ടായി. വിമലയുടെ കാത്തിരിപ്പിന് അനിർവചനീയമായൊരു സൗന്ദര്യമുണ്ട്. ഓരോ തവണ വായിക്കുമ്പോഴും വിമലയുടെ നോട്ടവും നടത്തവും ഇരിപ്പും കിടപ്പും എല്ലാം അറിയാതെ എന്റെയുള്ളിൽ അനുകരിക്കപ്പെടുന്നു. ദലൈലാമ പറഞ്ഞത് ഓർത്തുപോകുന്നു–‘ചിലപ്പോൾ മൗനമാണ് ഏറ്റവും നല്ല ഉത്തരം.’

ADVERTISEMENT

പരിണയത്തിലെ ഉണ്ണിമായയുടെ മൗനം സ്മാർത്തവിചാരം എന്ന സാമൂഹിക വിപത്തിനോടുള്ള പ്രതിഷേധം മാത്രമല്ല. സ്വന്തം കുഞ്ഞിന്റെ അവകാശം ഏറ്റെടുക്കാൻ ധൈര്യമില്ലാത്ത ആണൊരുത്തനു വഴങ്ങിക്കൊടുത്ത തന്നോടുതന്നെയുള്ള പ്രതികാരം കൂടിയാണ് എന്നു തോന്നിയിട്ടുണ്ട്. താഴ്‌വാരം എന്ന ചിത്രത്തിലെ ബാലന്റെ കാത്തിരിപ്പും മൗനവും പൊട്ടിത്തെറിക്കു മുൻപ് അഗ്നിപർവതത്തിന്റെ അടിത്തട്ടിൽ തിളച്ചുമറിയുന്ന കനൽക്കട്ടകൾപോലെയാണ്. പുറമേ കാണുന്ന ശാന്തതയ്ക്കുള്ളിൽ ദുരൂഹമായ എന്തോ ഒളിഞ്ഞുകിടക്കുന്നു. 

കാഴ്ച എന്ന കഥയിലെ സുധയാണ് മറ്റൊരു ഇഷ്ട കഥാപാത്രം. വിവാഹമോചനം അത്യാവശ്യമാണെന്നു സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന സുധയോടു നാട്ടുകാരും വീട്ടുകാരും അതിനുള്ള കാരണം ആരായുമ്പോൾ, അവളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുമ്പോൾ, തന്റെ മൗനത്തിലൂടെയാണ് സുധ അവരെയൊക്കെ നേരിടുന്നത്. ശ്വാസം മുട്ടുന്ന ജീവിതം മതിയാക്കി സ്വാതന്ത്ര്യത്തിലേക്കു കാലെടുത്തു വയ്ക്കുന്നതിനു മുൻപ്, മുന്നോട്ടുള്ള വഴിയിൽ ഒറ്റയ്ക്കു നടക്കാൻ അവൾ ധൈര്യം സംഭരിക്കുന്ന പ്രക്രിയയാണ്, ആ മൗനത്തിന്റെ അടിസ്ഥാനം.

ADVERTISEMENT

‘ഷെർലക്കി’ലെ അമേരിക്കയിൽ എത്തിപ്പെടുന്ന ബാലുവിനും ചേച്ചിക്കുമിടയിൽ മൗനത്തിന്റെ അപ്രത്യക്ഷമായ ഒരു മതിലുണ്ട്. ഇരുകൂട്ടർക്കും അവരുടെ സങ്കടങ്ങളും പ്രയാസങ്ങളും ചിന്തകളും പരസ്പരം കൈമാറാൻ സാധിക്കാത്തവിധം അവർക്കിടയിൽ വളർന്നുവരുന്ന മൗനത്തിന്റെ മതിൽ. അമേരിക്കൻ ജീവിതത്തിൽ സ്വകാര്യതയ്ക്കു നൽകുന്ന അമിത പ്രാധാന്യമായിരിക്കാം ഈ അകൽച്ചയ്ക്കു കളമൊരുക്കുന്നത് എന്നു തോന്നിയിട്ടുണ്ട്. 

‘ശിലാലിഖിത’ത്തിലെ ഗോപാലൻകുട്ടിയുടെ മൗനം അയാളുടെ ഉള്ളിലെ കുറ്റബോധത്തിന്റെ നേർക്കാഴ്ചയാണ്. ആ പെൺകുട്ടിയുടെ മരണത്തിനു താനും കാരണക്കാരനായി എന്ന വസ്തുത അയാളെ അലട്ടുന്നു. മകളുടെ ചോദ്യത്തിനു മുൻപിൽ അയാൾ പതറിപ്പോകുന്നു. ‘വാനപ്രസ്ഥ’ത്തിലെ വിനോദിനിയും കരുണൻ മാഷും ഒരേ മുറിയിൽ അടുത്തടുത്തു കിടക്കുമ്പോൾ, അവരുടെ മൗനം പ്രണയത്തിന്റെ മറുമൊഴിയാകുകയാണ്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം അവർ കാണുമ്പോൾ ഉള്ളിലെ പ്രണയത്തിന്റെ തീനാളം അണഞ്ഞുപോയിട്ടില്ല എന്നു വ്യക്തമാകുന്നു. 

അച്ഛന്റെ മൗനങ്ങൾ എഴുത്തിൽ മാത്രം ഒതുങ്ങുന്നില്ല. നിത്യജീവിതത്തിലും മൗനം പാലിച്ചുകൊണ്ടു പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതു കണ്ടിട്ടുണ്ട്. ഭയമല്ല, മറിച്ച് സഹനവും സഹിഷ്ണുതയുമാണ് ആ മൗനത്തിനാധാരം. നൃത്തത്തിൽ സജീവമായപ്പോൾ അതിലെ അവതരണ പരീക്ഷണങ്ങളിൽ ഞാൻ നിശ്ശബ്ദതയെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്നു ചിന്തിച്ചു തുടങ്ങി. നമുക്കു ചുറ്റും നടക്കുന്നതെല്ലാം നിരീക്ഷിക്കാൻ തുടങ്ങുമ്പോൾ സ്വാഭാവികമായും നാം നിശ്ശബ്ദരാകുന്നു. നടനകലയിൽ മൗനത്തിനും നിശ്ശബ്ദതയ്ക്കും ഏറെ പ്രസക്തിയുണ്ട്. നൃത്തമായാലും സാഹിത്യമായാലും ഏകാഗ്രമായ മനസ്സാണ് സൃഷ്ടിയുടെ അടിസ്ഥാനം. പരോക്ഷമായിട്ടാണെങ്കിലും നൃത്തത്തിലെ ചില സൃഷ്ടികളിൽ അച്ഛന്റെ സ്വാധീനം ഉണ്ടെന്നു പറയാതെ വയ്യ. 

വർഷങ്ങൾ കടന്നുപോകുന്നു. ഇപ്പോൾ എനിക്ക് അച്ഛന്റെ മൗനത്തിന്റെ സ്പന്ദനം അറിയാം. ഒരു നോട്ടത്തിൽ ആ മനസ്സ് വായിക്കാം. എന്റെ കൈയ്യിൽ ഒന്നു മുറുക്കിപ്പിടിച്ചാൽ, അതിന്റെ കാരണവും തിരിച്ചറിയാം. ഒരു മൂളലിൽനിന്ന് ഇത്രത്തോളമെത്തിയതു മഹാഭാഗ്യം. നൃത്തത്തിനപ്പുറം ജീവിതത്തിലും മൗനം ഒരു ആന്തരികബലമായി കൂടെ കൊണ്ടുനടക്കാൻ ശ്രമിക്കുന്നു. വേദനയും ദേഷ്യവും വെറുപ്പും സമ്മാനിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോൾ അറിയാതെ മൗനമാകുന്ന ഒരു തീക്കൂടിലേക്ക് ഉൾവലിഞ്ഞിരിക്കാനാണ് ഇഷ്ടം. പ്രതികരണശേഷി ഇല്ല എന്നല്ല അതിനർഥം. സമയവും സാഹചര്യവും അറിഞ്ഞുവേണം പ്രതികരിക്കാൻ എന്നു സ്വന്തം രചനകളിലും ജീവിതത്തിലും വരച്ചിട്ട മൗനരാഗങ്ങളിലൂടെ പഠിപ്പിച്ച അച്ഛന് സ്നേഹം, നന്ദി. 

Content Summary: Aswathy Vasudevan Nair remembering stories of M. T. Vasudevan Nair