ADVERTISEMENT

ശിവാജി ഗണേശൻ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നു. ലൊക്കേഷൻ ഭാരതപ്പുഴയുടെ തീരം. ഷൂട്ടിങ് സെറ്റിലേക്ക് എത്തുമ്പോൾ ആളും ആരവവും പ്രതീക്ഷിച്ചു ശിവാജി. തിരക്കും ബഹളവും ആൾക്കൂട്ടവും. തമിഴ്നാട്ടിൽ അതു പതിവ്. പക്ഷേ, ശിവാജിയെത്തിയപ്പോൾ ഷൂട്ടിങ് സംഘത്തിലുള്ളവർ മാത്രം. വഴിപോക്കർ പോലുമില്ല. നിരാശയും അരിശവും തോന്നി അദ്ദേഹത്തിന്. ഒടുവിൽ, ഭാരതപ്പുഴയുടെ തീരത്ത് ഷൂട്ടിങ് പതിവു സംഭവമാണെന്ന് അദ്ദേഹത്തോടു വിശദീകരിക്കേണ്ടിവന്നു. മിക്ക താരങ്ങളും ഇവിടെയെത്തിയിട്ടുണ്ട്. ഏതാണ്ടെല്ലാ ദിവസവും ഷൂട്ടിങ് കാണും. പുഴയുടെ തീരവാസികൾക്കു ഷൂട്ടിങ്ങിൽ പുതുമ നഷ്ടപ്പെട്ടു. ഇതേ നിളയിലേക്ക് മലയാള സിനിമയുടെ ചാല് ആദ്യം വെട്ടിയത് എംടിയാണ്; ആദ്യതിരക്കഥയായ മുറപ്പെണ്ണിൽ. പശ്ചാത്തലമെന്നതിലുപരി നിള മുറപ്പെണ്ണിൽ പ്രധാനകഥാപാത്രം തന്നെയാണ്. അതുകൊണ്ടാണു കരയുന്നോ പുഴ, ചിരിക്കുന്നോ എന്നു പി.ഭാസ്കരൻ സംശയിച്ചത്. 

ജീവിതം കമ്പോളസ്ഥലമാണ്. സ്വപ്നങ്ങൾ വിറ്റാണ് അവിടെ നാം വ്യാപാരം നടത്തുന്നതെന്ന് മുറപ്പെണ്ണിൽ എംടി എഴുതിയിട്ടുണ്ട്. പുഴയുടെ തീരത്താണു കഥ അരങ്ങേറുന്നതും കഥാപാത്രങ്ങൾ ജീവിക്കുന്നതും. മുറപ്പെണ്ണിലെ വികാരനിർഭരമായ ഒരു രംഗം എംടി എഴുതുന്നു: പുഴവക്കിൽ ഏകാന്തതയുടെ തീരത്ത്, ഓളങ്ങൾ അടിച്ചുകയറുന്നതും പിൻവാങ്ങുന്നതും നോക്കിക്കൊണ്ട് ബാലൻ ഇരിക്കുന്നു. ആ മുഖത്തു ഹൃദയവേദന വ്യക്തമായിക്കാണാം. തീരത്തിൽ ഒരു പ്രാണി പിടഞ്ഞുകയറാൻ ശ്രമിക്കുന്നു. ഓളത്തിൽ വീണ്ടും വെള്ളത്തിലേക്കു വഴുതിപ്പോകുന്നു. തെല്ലകലത്ത് വട്ടം കറങ്ങുന്ന ഒരു നീർച്ചുഴി. ഒഴുക്കിൽവന്ന പുൽപ്പടർപ്പുകൾ ആ ചുഴിയിൽപ്പെട്ടു കറങ്ങിത്താഴുന്നു. കാൽക്കൽ, പിൻവാങ്ങിയ ഓളം ബാക്കിവച്ച നുരയിലെ നീർപ്പോളകൾ ഒന്നൊന്നായി പൊട്ടിത്തകരുന്നു.

എംടി ചിരിച്ചുകാണുന്നത് അപൂർവമാണ്. പരുക്കനെന്നൊരു ഭാവം എന്നും നിലനിർത്തിയിട്ടുണ്ട് അദ്ദേഹം. പക്ഷേ, പുറമേക്കുതോന്നുന്ന പരുഷതയ്ക്കു പിന്നിൽ ആർദ്രതയുണ്ട്. മണൽവാരിയും തീരം കയ്യേറിയും നശിപ്പിക്കാൻ ശ്രമിച്ചിട്ടും ഇന്നും വറ്റാതൊഴുകുന്ന നിളയുടെ നീർച്ചാലുപോലെ. എംടിയുടെ സാഹിത്യത്തിന്റെ അടിയൊഴുക്കാണു നിള. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരത്തിനർഹമായ കാലം എന്ന നോവൽ സ്വയം ഏറ്റവും കൂടുതൽ സ്നേഹിച്ച സേതുവിന്റെയും ചവിട്ടടികളിൽ അമർന്നുപോയ തുമ്പപ്പൂവിന്റെ നിറവുള്ള മുഖത്തിന്റെ ഉടമയായ സുമിത്രയുടെയും മാത്രം കഥയല്ല, മലവെള്ളം സ്വപ്നം കണ്ട പുഴയുടെ ഒഴുക്കിന്റേതുകൂടിയാണ്. ഓലച്ചൂട്ടിന്റെ വെളിച്ചം പിന്തുടർന്നു നടക്കുന്ന സേതുവിനെക്കാണാം കാലത്തിന്റെ ആദ്യഅധ്യായത്തിൽ. വയൽവരമ്പുകൾ പിന്നിട്ടു നാട്ടുവഴിയിലേക്കു കയറുമ്പോൾ പുഴയുടെ പിറുപിറുപ്പ് അടുത്തടുത്തെന്നുന്നുണ്ട്. ഇരുട്ടിന്റെ പുഴ. മങ്ങിയ വെളിച്ചത്തിന്റെ അനന്തത. മറുകരയിൽ അകലെ ഇരുമ്പുപാലം വിറപ്പിച്ചുകൊണ്ട് വണ്ടിച്ചക്രങ്ങൾ ഇരമ്പി ഉരുളുന്നു. നനഞ്ഞ മണൽ. കാലടികൾ അമരുമ്പോൾ തണുത്ത വെള്ളം ഉറഞ്ഞുകൂടുന്നു.

ഇരുകരകളും മുട്ടി ആർത്തലച്ചൊഴുകുന്ന ഇതേ നിളാനദി കാലത്തിന്റെ അവസാന അധ്യായത്തിലുമുണ്ട്. സ്നേഹിക്കാൻ മാത്രമറിയാവുന്ന സുമിത്രയെ എപ്പോഴും മനസ്സിലോർക്കാത്തതിന്റെ പേരിൽ സ്വയം ശാസിക്കുന്ന സേതുവാണ് ആദ്യഅധ്യായത്തിലെങ്കിൽ തെറ്റുകൾ ഏറ്റുപറയാനും മാപ്പിരക്കാനും എല്ലാം പൊറുക്കാനും കേണപേക്ഷിക്കാനെത്തുന്ന സേതുവിനെക്കാണാം അവസാന അധ്യായത്തിൽ. അനുവാദം ചോദിക്കാതെ ചേർത്തുപിടിച്ചമർത്തി, കീഴടക്കിയെന്ന് അഭിമാനംകൊണ്ട പുരുഷനല്ല അപ്പോൾ സേതു. ജീവിതത്തിന്റെ കമ്പോളത്തിൽ വാണിഭം നടത്താൻ സ്വപ്നങ്ങൾ അവശേഷിച്ചിട്ടില്ലാത്ത പരാജിതൻ. ആഗ്രഹം തോന്നിയപ്പോഴൊക്കെ നിർദ്ദയം കീഴടക്കിയെങ്കിലും അന്നൊന്നും പറയാതിരുന്ന ഒരു വാക്കുമായാണ് അപ്പോളയാൾ സുമിത്രയുടെ അടുത്തെത്തിയത്. എനിക്ക് –എനിക്ക് നിന്നെ ഇഷ്ടമായിരുന്നു. വികൃതമായ ഒരു ചിരിയാണു സുമിത്രയുടെ മറുപടി. 

പുഴവക്ക് ഒഴിഞ്ഞുകിടക്കുന്നു. ഒന്നും ഓർമിക്കാനാവാത്തതുപോലെ പുഴ വരണ്ടുകിടക്കുന്നു. അവസാനിക്കാത്ത മണൽത്തിട്ടിലൂടെ, പൂഴ്ന്നുപോകുന്ന കാലടികൾ വലിച്ചുവച്ചു നടക്കുന്നു. മലവെള്ളം സ്വപ്നംകണ്ടുണങ്ങിയ പുഴ, എന്റെ പുഴ, പിന്നിൽ ചോര വാർന്നുവീണ ശരീരം പോലെ ചലനമറ്റുകിടക്കുന്നു. നിളയെ ജീവനായി സ്നേഹിച്ചിട്ടും വറ്റിപ്പോയ പുഴയുടെ ഗദ്ഗദം എംടിക്ക് കേൾക്കേണ്ടിവന്നു. ധാർമികരോഷത്തോടെ അന്നദ്ദേഹം പൊട്ടിത്തെറിച്ചു. നിളയ്ക്ക് ചരമഗീതം പോലും കുറിച്ചു.

മുറപ്പെണ്ണിനുവേണ്ടി ഗാനങ്ങളെഴുതുമ്പോൾ പി.ഭാസ്കരൻ എംടിയുടെ മനസ്സുകൂടി കാണുന്നുണ്ടായിരുന്നു. നിളയോടുള്ള എംടിയുടെ അഭിനിവേശവും അറിയുന്നുണ്ടായിരുന്നു. മറക്കുവാൻ പറയാൻ എന്തെളുപ്പം, മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം എന്നദ്ദേഹം എഴുതിയത് എംടിക്കുവേണ്ടിക്കൂടിയാണ്. 

കദനത്താൽ തേങ്ങുന്ന ഹൃദയവുമായി, കരകളിൽ തല തല്ലും ഓളങ്ങൾ സ്വപ്നംകണ്ട് ഏതോ മണൽത്തിട്ടയ്ക്കടിയിലൂടെ ഒഴുകുന്നുണ്ട് ഇന്നും നിള. ഏതോ പാറക്കെട്ടിന്റെ ഇടയിൽ വറ്റാതുണ്ടാകും ആ പുഴയുടെ ഉറവുകൾ. ആധുനികതയും ഉത്തരാധുനികതയും അത്യുത്തരാധുനികതയും വന്നാലും അർഥം നഷ്ടപ്പെടാത്ത എംടിയുടെ വാക്കുകൾപോലെ. 

പ്രിയപ്പെട്ട എഴുത്തുകാരന്റെ ചോദ്യം കേൾക്കുന്നില്ലേ: തിരിച്ചുതരുമോ നിളയെ, എന്റെ നിളാദേവിയെ...

Content Summary: Remembering river Nila in M. T. Vasudevan Nair Stories

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com