തുന്നിക്കെട്ടിയ ഹൃദയത്തെ മറന്നുള്ള ഓട്ടം
Mail This Article
നാളെ വീണ്ടും യാത്ര ആരംഭിക്കുന്നു. മറ്റൊരിടത്താവളത്തിലേക്ക്. സുധാകരൻ പറഞ്ഞു നിർത്തുമ്പോൾ അറിയാതെ ചോദിച്ചു പോവുന്നു.... "ഇനിയും ഒരു ഇടത്താവളമുണ്ടോ?" ഗംഗയിൽ ആത്മപിണ്ഡം വെച്ച് മുങ്ങിനിവർന്നൊരാൾ തേടുന്ന ആ ഇടത്താവളം ഏതായിരിക്കും? പൊട്ടിയ ഭിക്ഷാപാത്രം പോലുള്ള മനസ്സ്. കൊടുക്കാൻ ഒന്നുമില്ല. എടുത്താൽ ഒന്നും തങ്ങിനിൽക്കുകയും ഇല്ല. അപ്പോൾ അവസാനമായി എന്താണ് പ്രാർഥിക്കേണ്ടത് എന്ന സംശയത്തിൽ തട്ടിനിൽക്കുകയാണ്. തെറ്റുകൾക്ക് മാപ്പു തരൂ എന്നാണെങ്കിൽ, ‘ദൈവങ്ങളേ നിങ്ങളും മാപ്പ് ചോദിക്കേണ്ടതുണ്ട്’. പകിടക്കരുവാക്കി, കൊതിച്ചത് മറിച്ചു കറക്കി വിട്ട്, വിതച്ചത് മറ്റൊന്നായി ചിതറി വീഴ്ത്തിയതിന്. കാറ്റിൽ വിറച്ചു പറന്ന്, ഗംഗയുടെ ഒഴുക്കിൽ പതിക്കുന്ന ഗവേഷണ പ്രബന്ധത്തിലെ താളുകൾ പോലെ കഴിഞ്ഞ കാലത്തിന്റെ ഏടുകൾ മറിച്ചും ഒരിക്കൽക്കൂടി ചേർത്തും ഒഴുകി നീങ്ങുന്ന സുധാകരന്റെ ദിവസങ്ങൾ. കാത്തിരിക്കാൻ കാലം ആരെയും കൊടുത്തിട്ടില്ല. എന്നിട്ടും മരണത്തിന് ശേഷം താൻ ആർക്കും ദ്രോഹമാവരുത് എന്ന വിശ്വാസത്തിൽ ആണ് ജീവിച്ചിരിക്കെ ആത്മപിണ്ഡം വെക്കുന്നത്. മനസ്സാൽ തനിക്ക് പിണ്ഡം വെച്ച് മറന്നുവെന്ന് വിശ്വസിക്കുന്നവരെ ഓർത്തെടുത്ത് മാപ്പ് ചോദിച്ച്, സ്നേഹം ചൊരിഞ്ഞവരെ ഒന്നു കൂടി ചേർത്തുപിടിച്ച് മടക്കയാത്രയ്ക്ക് ഒരുങ്ങുകയായിരുന്നില്ലെ സുധാകരൻ?
വാരാണസി - ചുടലാഗ്നിയും കാമാഗ്നിയും ഒരുപോലെ എരിയുന്ന നഗരം. ശ്മശാനം ഭരിക്കുന്ന ഭോം രാജാവിന് കാശി സുഖിക്കേണ്ട നഗരമാണ്. മസ്തി മൗജ് ഫക്കർപ്പൺ. താവഴി തുടർച്ചയിൽ ഇങ്ങേ അറ്റത്തെ രാജകുമാരന്റെ ഭാഷയിൽ കാശിയിൽ ജാതിയും മതവുമില്ലാത്തത് മൂന്ന് കാര്യങ്ങൾക്കു മാത്രം- സംഗീതം, ഗുസ്തി, വേശ്യാവൃത്തി. ഇവിടം വാഴുന്നത് കാലഭൈരവനാണ്; യമനും ചിത്രഗുപ്തനുമല്ല. ചുവന്ന നാക്ക് നീട്ടി കിതയ്ക്കുന്ന കൂറ്റൻ നായുടെ പുറത്തിരുന്ന് തൃശൂലം ചൂണ്ടി വരുന്നവരുടെയെല്ലാം കണക്കെടുക്കുന്ന ഭൈരോനാഥൻ. ഒരു ദർശനം കൊണ്ടുതന്നെ പല ജന്മങ്ങളിലെ പാപം തീർത്തു തരുന്ന ഭൈരൊനാഥൻ.. പക്ഷെ ആറ്റിക്കുറുക്കിയ കഠിന വേദന അൽപനിമിഷം അനുഭവിപ്പിച്ചു മാത്രമാണ് ആ കണക്ക് തീർക്കുന്നത്. താൻ വിദ്യാർഥിയായിരുന്ന കാലത്തെ വാരാണസിയെ, ഇടങ്ങളെ, ആളുകളെ എല്ലാം ഒന്നുകൂടി കാണാനായാണ് സുധാകരൻ വീണ്ടും വാരാണസിയിൽ എത്തുന്നത് - മടക്കിക്കിട്ടിയ ജീവിതത്തിന്റെ പുനർവായനയാകുന്നു ആ വരവ്.
ചില സ്നേഹങ്ങൾ, വാത്സല്യങ്ങൾ.. തേയ്മാനം വരാത്ത തങ്കക്കാശുകൾ പോലെ ജീവിതത്തിന്റെ മാറാപ്പിനകത്ത് ബാക്കികിടക്കുന്നു എന്ന വിശ്വാസത്തിൽ ഒന്നു കൂടി തൊട്ടുതലോടി നോക്കുന്ന കുട്ടിയെപ്പോലെയാണ് സുധാകരൻ യാത്ര തുടങ്ങുന്നത്. പക്ഷേ, സുധാകരന്റെ ജീവിതം മുഴുവൻ ഒളിച്ചോട്ടമായിരുന്നു - കാലുവെന്ത നായയുടെ ഓട്ടം പോലെ. അദ്ദേഹത്തിന്റെ ഭാഷയിൽ, ഓടി രക്ഷപ്പെടാൻ വേണ്ടിയാണ് കാലു തന്നിരിക്കുന്നത്.. എത്ര ഓടിയിട്ടും സ്വന്തം കർമ്മഫലങ്ങളിൽ നിന്നും രക്ഷപ്പെടാൻ പറ്റിയ സ്ഥലം കണ്ടെത്താനാവാതെ വാരാണസിയിൽ തന്നെ എത്തുകയാണ്.
കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിൽ നിന്നും അതുമായി ചേർന്നു വരുന്ന സ്ത്രീകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് സുധാകരന്റെ ജീവിതം. സൗദാമിനിയിൽ നിന്ന് തുടങ്ങി ഗീതയിലൂടെ ശാന്തചേച്ചിയിലൂടെ നീങ്ങി സുമിതയിലേക്കും അവസാനം മേഡലിൻ എന്ന മൃദുലയിലും എത്തുന്നു. "ഞാൻ തനിച്ചായിരുന്നു, വയ്യ, ഇനി വയ്യ" എന്നൊരു തിരിച്ചറിവ് ഉണ്ടാകുമ്പോൾ ഓട്ടം നിർത്തി ഒതുങ്ങാൻ ആഗ്രഹിക്കുമ്പോൾ പ്രതീക്ഷകൾ കൈവിട്ടുപോവുന്നതിന്റെ നിസ്സഹായത നിറയുന്നു. കണക്കെടുപ്പിൽ താൻ ഉപേക്ഷിച്ച പ്രണയങ്ങൾ ആവുമോ അതോ തന്നെ ഉപേക്ഷിച്ച പ്രണയങ്ങൾ ആവുമോ ഉള്ളു നീറ്റി പിന്തുടരുന്നത്. തന്നെ ഉപേക്ഷിച്ചവ തന്നെ ആവണം. പിന്മടക്കത്തിൽ തന്നെ തിരിച്ചറിയാഞ്ഞിട്ടും പഴയ കൂട്ടുകാരിയുടെ സഹായാഭ്യർഥന സാധിച്ചു കൊടുക്കാൻ തുന്നിക്കെട്ടിയ ഹൃദയത്തെ മറന്നുള്ള ഓട്ടം അതു സാക്ഷ്യം പറയുന്നു. വാരാണസിയിലെ പെൺപേരുകളിൽ ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ അത് ഗീത തന്നെ ആവുന്നു. “അന്വേഷിച്ച് വരില്ല” എന്ന് പറയുമ്പോൾ തന്നെ ഏത് നിമിഷവും മുന്നിൽ പ്രത്യക്ഷപ്പെടാം എന്നൊരു ഭയം ജനിപ്പിക്കാൻ കഴിയുന്നവൾ. കാശിയിൽ മരിച്ചാൽ പിതൃക്രിയകൾ ആവശ്യമില്ലെന്നാണ്. മുക്തിഭവനിലെ ഓം പ്രകാശ് പറയുന്നതു പോലെ: നല്ല ജീവിതം കിട്ടാത്തവരാണ് ഭൂമിയിൽ അധികം പേരും. നല്ല മരണമെങ്കിലും കിട്ടട്ടെ ഈ കാശിയിൽ. അതേ, മാപ്പ് ലഭിച്ചവന്റെ അവകാശമാണ് മോക്ഷം. സുധാകരനും മോക്ഷം ലഭിക്കട്ടെ.
Content Summary: A. N Sobha remembering stories of M. T. Vasudevan Nair