രാഘവൻ തിരുമുൽപ്പാടും തിരുക്കുറൾ പരിഭാഷയും–മുപ്പാലിൻ ഭാവങ്ങൾ
ഒരിക്കൽ ചെയ്ത തിരുക്കുറൾ തർജ്ജമ കണ്ടെടുക്കാൻ കഴിയാഞ്ഞതിനാൽ എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും തിരുക്കുറൾ മൊഴിമാറ്റി. രണ്ടായിരത്തിൽ പ്രസിദ്ധപ്പെടുത്തിയ ദേവനയപ്പാവണരുടെ വ്യാഖ്യാനവും കൂടി മൊഴിമാറ്റക്കാലത്ത് അദ്ദേഹം നോക്കിയിരുന്നു. എന്തുകൊണ്ട് ഈ നൂറ്റാണ്ടിലും തിരുക്കുറൾ എന്ന് സംശയം വരിക സ്വാഭാവികമാണ്.
ഒരിക്കൽ ചെയ്ത തിരുക്കുറൾ തർജ്ജമ കണ്ടെടുക്കാൻ കഴിയാഞ്ഞതിനാൽ എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും തിരുക്കുറൾ മൊഴിമാറ്റി. രണ്ടായിരത്തിൽ പ്രസിദ്ധപ്പെടുത്തിയ ദേവനയപ്പാവണരുടെ വ്യാഖ്യാനവും കൂടി മൊഴിമാറ്റക്കാലത്ത് അദ്ദേഹം നോക്കിയിരുന്നു. എന്തുകൊണ്ട് ഈ നൂറ്റാണ്ടിലും തിരുക്കുറൾ എന്ന് സംശയം വരിക സ്വാഭാവികമാണ്.
ഒരിക്കൽ ചെയ്ത തിരുക്കുറൾ തർജ്ജമ കണ്ടെടുക്കാൻ കഴിയാഞ്ഞതിനാൽ എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും തിരുക്കുറൾ മൊഴിമാറ്റി. രണ്ടായിരത്തിൽ പ്രസിദ്ധപ്പെടുത്തിയ ദേവനയപ്പാവണരുടെ വ്യാഖ്യാനവും കൂടി മൊഴിമാറ്റക്കാലത്ത് അദ്ദേഹം നോക്കിയിരുന്നു. എന്തുകൊണ്ട് ഈ നൂറ്റാണ്ടിലും തിരുക്കുറൾ എന്ന് സംശയം വരിക സ്വാഭാവികമാണ്.
പ്രിയ സുഹൃത്തേ,
സുഖമെന്ന് കരുതുന്നു. ജീവിതം തീരുന്ന നാൾവരേയും ശ്രദ്ധയോടെയും ചിട്ടയോടെയും ജീവിച്ച രാഘവൻ തിരുമുൽപ്പാടിനെക്കുറിച്ചും അദ്ദേഹം ഭാഷാന്തരം ചെയ്ത ‘തിരുക്കുറളി’നെക്കുറിച്ചും താങ്കൾക്ക് എഴുതാതെ വയ്യ. ആർത്തിയോ മത്സരമോ ഇല്ലാതെ, ഓരോ നിമിഷത്തെയും അർഥസാന്ദ്രമാക്കിയ വലിയ മനുഷ്യരുടെ പരമ്പരയിലാണ് തിരുമുൽപ്പാടിന്റെ സ്ഥാനം. ആയിരത്തിത്തൊള്ളായിരത്തി ഇരുപതിലാണ് ജനനം. കുടുംബത്തിന്റെ സാമ്പത്തിക നില കഷ്ടത്തിലായിരുന്നു. പഠനശേഷം റെയിൽവേയിൽ ജോലി കിട്ടി. അനാരോഗ്യം മൂലം ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. വാസുദേവൻ നമ്പീശന്റെ ചികിത്സയിൽ ആരോഗ്യം വീണ്ടെടുത്തു. ഗുരുകുല സമ്പ്രദായ പ്രകാരം ആയുർവേദം പഠിച്ചു. ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയൊന്നിൽ, മീനമാസത്തിൽ വീണ്ടും രോഗബാധിതനായി. ഗുരുനാഥൻ തന്നെ ചികിത്സിച്ചു. രോഗം മാറുകയില്ലെന്നും ആയുസ്സിനു ബലമില്ലെന്നുമാണ് ഒരു പ്രശസ്ത ജ്യോത്സ്യന്റെ പ്രശ്നവിധിയിൽ കണ്ടത്. വെറുതെ കിടക്കുക എന്ന നിലയിലായിരുന്നു തിരുമുൽപ്പാട്. ആ അവസ്ഥയിൽ ഗുരുനാഥന്റെ പ്രേരണാശക്തിയാലും താൻ തന്നെ ഹവിസ്സായി ഹോമിക്കപ്പെടുന്നുവെന്നറിയാതെയും അദ്ദേഹം ഭഗവദ്ഗീത തർജ്ജമ ചെയ്യുവാൻ തുടങ്ങി. എടവത്തിൽ തർജ്ജമ ആരംഭിക്കുകയും തുലാമാസത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. ഈ ഭാഷാന്തരകാലത്തിനിടയിൽ രോഗശമനം വരുകയും എഴുന്നേറ്റു നടക്കുകയും ചെയ്തു.
ക്രിയാത്മകമായ ഊർജം ശമനൗഷധമാവുന്നത് സ്വജീവിതത്തിൽ അനുഭവിക്കാനിടയായ അദ്ദേഹം, തന്റെ ദീർഘകാലത്തെ അതിനാൽത്തന്നെ ധൂർത്തമാക്കിയില്ല. ലളിതമായി ജീവിച്ചു. ഓരോ വാക്കും ശ്രദ്ധയോടെ ഉച്ചരിച്ചു. മുൻവിധികളില്ലാതെ എല്ലാം ശ്രവിച്ചു. വൈദ്യനായി വേഷം ധരിക്കുമ്പോളും വചസ്സിന്മേൽ സഞ്ചരിക്കുമ്പോളും അദ്ദേഹം പകരുവാൻ ശ്രമിച്ചത് ഔഷധങ്ങളാണ്. ഭഗവദ്ഗീത തനിക്കൗഷധമായതുപോലെ അന്യനുതകുവാനായി ലളിതമായി തിരുക്കുറളും ഭാഷാന്തരം ചെയ്തു. ഒരിക്കൽ ചെയ്ത തിരുക്കുറൾ തർജ്ജമ കണ്ടെടുക്കാൻ കഴിയാഞ്ഞതിനാൽ എൺപത്തിമൂന്നാം വയസ്സിൽ വീണ്ടും തിരുക്കുറൾ മൊഴിമാറ്റി. രണ്ടായിരത്തിൽ പ്രസിദ്ധപ്പെടുത്തിയ ദേവനയപ്പാവണരുടെ വ്യാഖ്യാനവും കൂടി മൊഴിമാറ്റക്കാലത്ത് അദ്ദേഹം നോക്കിയിരുന്നു. എന്തുകൊണ്ട് ഈ നൂറ്റാണ്ടിലും തിരുക്കുറൾ എന്ന് സംശയം വരിക സ്വാഭാവികമാണ്.
തിരുക്കുറളിന്റെ ചരിത്രത്തെക്കുറിച്ച് പറഞ്ഞശേഷം ഈ സംശയത്തിനറുതി നേടുകയാവും നല്ലത്.
‘അണുവൈത്തുളൈത്തേഴ് കടലൈപ്പുകട്ടി- കുറുകത്തറിഞ്ഞ കുറൾ’
തിരുക്കുറളിനെക്കുറിച്ചുള്ള ഔവ്വയാറിന്റെ വരികളാണിത്. കടുകിനുള്ളിൽ ഏഴ് സമുദ്രങ്ങളെയുമടക്കി ഇരുപുറവും പകുത്തെടുത്തതെന്നാണ് വരികളുടെ പൊരുൾ. ആറ്റിക്കുറുക്കിയ ജ്ഞാനസത്താണ് തിരുവള്ളുവരാൽ രചയിതമായ, കാലത്തെ വെന്നിയ ഈ കൃതി. അറത്തുപ്പാൽ, പൊരുൾപാൽ, കാമത്തുപ്പാൽ (ധർമം, അർഥം, കാമം) എന്നീ മൂന്ന് ഭാഗങ്ങൾ. പത്തു കുറൾ വീതം 133 അധികാരങ്ങൾ. ആകെ 1330 കുറളുകൾ. സംഘകാലത്തിനൊടുവിലാണ് തിരുക്കുറൾ രചിക്കപ്പെട്ടതെന്നു കരുതുന്നു. വാമനൻ രണ്ടടി കൊണ്ടളന്നു, തിരുവള്ളുവർ ഒന്നേമുക്കാലടികൊണ്ട് അളന്നുവെന്നൊരു ചൊല്ലുണ്ട്. ഈരടിയിലെ രണ്ടാമത്തെ അടി മുക്കാൽ മാത്രമാണ്. തിരുവള്ളുവരുടെ ജീവിത കാലം ബിസി നൂറിനും എഡി മുന്നൂറിനുമിടയിലെന്നാണ് വിശ്വാസം.
ഏറെക്കുറുകിയ ഈ വൃത്തത്തിനുള്ളിൽനിന്നും മറ്റൊരു ഭാഷയിലേക്ക് തിരുക്കുറളിനെ വിടർത്തിയെടുക്കുവാൻ കഴിയുകയെന്നത് അത്രയെളുപ്പമല്ലെന്ന് നിലവിലുള്ള മൊഴിമാറ്റങ്ങൾ വായിച്ചാൽ വ്യക്തമാവും. ആയാസരഹിതമായൊരു പ്രവൃത്തിയല്ല തർജ്ജമകളെന്ന ബോധ്യം തിരുമുൽപ്പാടിനുണ്ടായിരുന്നു. ആ വിവേകം ഗീതയുടെ തർജ്ജമയ്ക്കാമുഖമായി വിവരിച്ചിട്ടുണ്ട്: ‘മൂലത്തോട് താരതമ്യം ചെയ്ത് എന്റെ തർജ്ജമ അനാദൃശ്യമായിരിക്കുന്നു എന്നു തെളിയിക്കുക എന്ന ഉദ്ദേശ്യം എനിക്കില്ലതാനും. എന്റെ ഗീതോപാസനം ഈ രൂപം പൂണ്ടുവെന്നേ ഉള്ളൂ. ചിലർ ഉറക്കെ നാമം ചൊല്ലാറുണ്ടല്ലോ. അതുപോലെ, ഒന്നുറക്കെ, മറ്റുള്ളവർ കേൾക്കാൻ വിരോധമില്ലാത്തവിധം വായിക്കുന്നുവെന്നതിൽ കൂടുതലൊന്നും ഇതിന്റെ പ്രസിദ്ധീകരണത്തിന് പ്രാധാന്യമില്ല. ചിലരുടെ സാത്വികമായ, ആധ്യാത്മികമായ, വാസനയെ ഉദ്ദീപിപ്പിക്കുന്നതിനു പ്രയോജനപ്പെട്ടുകൂടാ എന്നില്ല എന്നു മാത്രം. കേൾക്കാനിടവരുന്നവർ തെറ്റു ചൂണ്ടിക്കാണിച്ചുതന്നാൽ അതുമായല്ലോ.’
പരിഭാഷയെക്കുറിച്ചുള്ള ഇനിയുമവസാനിക്കാത്ത തർക്കങ്ങളിലൊരിടത്തു പോലും ഇത്രയും നിർമമായൊരു ശബ്ദം കേൾക്കാനിടയില്ല. തിരുമുൽപ്പാടിലാവട്ടെ അഹന്തയില്ല. കുറവുകളുണ്ടാവാം എന്ന ബോധ്യവുമുണ്ട്. എന്റെ ഉപാസനാരൂപമിതാണ് എന്ന പരിഭാഷകന്റെ ഉറപ്പാണ് ആ കൃതിയെ മറ്റൊരർഥത്തിൽ മൗലികമാക്കുന്നത്. ആധ്യാത്മിക ഗ്രന്ഥമാവട്ടെ, നോവലാവട്ടെ, ഏതു കൃതിയേയും ഭാഷയിലാക്കുമ്പോൾ പരിഭാഷകനുള്ളിലനുഭവിക്കുന്ന ആത്മീയതയുടെ മറുഎഴുത്തിൽ ഈ ഉപാസനാരൂപം തെളിയുക തന്നെ ചെയ്യും. കുഞ്ഞിക്കുട്ടൻ തമ്പുരാനിൽ, മൈക്കൽ ഹോഫ്മാനിൽ, ലിഡിയ ഡേവിസിൽ, ഈ ആത്മീയതയുണ്ട്. തിരുക്കുറൾ പരിഭാഷയെക്കുറിച്ചുള്ള തിരുമുൽപ്പാടിന്റെ കാഴ്ചപ്പാട് ഇവ്വിധമാണ്: ‘തിരുക്കുറളിന്റെ സാമാന്യമായ ഒരു ഭാവം പ്രദർശിപ്പിക്കുന്നതിനേ ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. എനിക്ക് മനസ്സിലായതുപോലെ, എനിക്ക് പ്രയോജനപ്പെട്ടതുപോലെ, വായിക്കുന്ന കുറേപ്പേർക്കെങ്കിലും മനസ്സിലാവണം, പ്രയോജനപ്പെടണം എന്നേ ഞാൻ വിചാരിക്കുന്നുള്ളൂ.’
മറ്റുള്ളവർക്ക് നിസ്സ്വാർഥമായി ജ്ഞാനം പകരുക എന്നത് ഒരു കാലത്തിന്റെ തെളിനിലയായിരുന്നു. ആ തെളി ആവോളമുണ്ടറിഞ്ഞതിന്റെ ആത്മബലമാണ് തിരുമുൽപ്പാടിനെപ്പോലുള്ള ജ്ഞാനവൃദ്ധരെ മരണാനന്തരവും കടുംകാതലുള്ള വൻവൃക്ഷമായുയർത്തുന്നത്.
നൂറ്റാണ്ടുകൾ പിന്നിട്ടു പിന്നിട്ടു വന്ന് മനുഷ്യകുലത്തിനോടു നടത്തുന്ന നിരന്തര സംഭാഷണമാണ് തിരുക്കുറൾ. ഇരുന്നൂറ്റിയിരുപതു വർഷങ്ങൾക്കു മുൻപ് എൻ.ഇ. കിൻഡേർസ്‌ലിയാണ് തിരുക്കുറളിന് ഭാഗികമായ ഒരു പരിഭാഷ നൽകിയത്. ആയിരത്തി എണ്ണൂറ്റിപ്പന്ത്രണ്ടിൽ മദിരാശി പ്രസിഡൻസിയിലെ ബ്രിട്ടിഷ് ഉദ്യോഗസ്ഥനും തമിഴിൽ പാണ്ഡിത്യവുമുണ്ടായിരുന്ന ഫ്രാൻസിസ് വൈറ്റ് എല്ലീസ് നൂറ്റിയിരുപത് കുറളുകൾ പരിഭാഷപ്പെടുത്തി. ഒരു കഥയോ കവിതയോ പോലെ ഒറ്റവായനയിലവസാനിപ്പിക്കുവാൻ എളുപ്പമാണ് തിരുക്കുറളും. എന്നാൽ മനമറിഞ്ഞു വായിക്കുമ്പോൾ മാത്രമേ ഓരോ കുറളിന്റെയും രുചിയറിയൂ. അവരോ, അൻപുള്ളവരായ്, ഭേദചിന്ത വെടിഞ്ഞവരായ് പരിണമിക്കുന്നു. ഈ ആഗ്രഹത്താലാണ് തമിഴിൽ അഗാധ പാണ്ഡിത്യമില്ലാതിരുന്നിട്ടുകൂടി തന്നാലാവും വിധം തിരുമുൽപ്പാട് നടത്തിയ ഈ ശ്രമമെന്നറിയുമ്പോൾ, എന്തുകൊണ്ടു തിരുക്കുറളെന്ന ചോദ്യത്തിനുത്തരമാകുമെന്നു കരുതട്ടെ .
ധർമ അർഥ കാമങ്ങളിലെ ചില കുറളുകളുടെ പരിഭാഷ നോക്കാം:
സന്മാർഗമെന്നതെന്തെന്നു
ചോദിച്ചീടുകിലുത്തരം
ഒരു ജന്തുവിനെക്കൂടി
ദ്രോഹിക്കില്ലെന്ന ജീവിതം ( ധർമകാണ്ഡം / അഹിംസ )
പിന്നേക്കുവെയ്ക്ക, മറവി,
മടി, നീണ്ടുള്ളുറക്കവും
നാശകാലത്താഗ്രഹിക്ക
പ്പെടും ഭൂഷകൾ നാലിവ (അർഥകാണ്ഡം / മടിയില്ലായ്മ)
മങ്കയാളുടെ ചായാത്ത
കൊങ്കമേലുത്തരീയവും
മത്തേഭത്തിൻ മസ്തകത്തിൽ
ത്തലേക്കെട്ടുകണക്കിനാം (കാമകാണ്ഡം/ രഹസ്സംഗമം)
തിരുക്കുറളിന് നിരവധി പരിഭാഷകളുണ്ടായിട്ടുണ്ടെങ്കിലും കാമകാണ്ഡം പലരും ഒഴിവാക്കിയിട്ടുണ്ട്. കാമത്തിന് ചക്ഷുഃപ്രീതി, നിദ്രാഛേദം, ലജ്ജാനാശം, ഉന്മാദം തുടങ്ങി പത്ത് സ്ഥാനങ്ങളാണുള്ളത്.
കാമത്തെ ഞാൻ നിയന്ത്രിക്കാൻ
ശ്രമിച്ചീടുന്നുവെങ്കിലും
തുമ്മൽ പോലതടങ്ങാതെ
പുറത്തേക്കുവരുന്നു ഹാ (കാമകാണ്ഡം/ പരിഭ്രമം)
സ്ത്രീയുടെ നിർലജ്ജമായ കാമാസക്തിയെ ഇത്ര വെടിപ്പോടെ എഴുതിയിട്ടുള്ള കൃതികൾ അപൂർവമാണ് (പെരുത്തുവരുന്ന കാമത്താൽ തന്റെ നാണം പോലുമില്ലാതായിരിക്കുന്നുവെന്ന് നായിക പറയുന്നുണ്ട്). ‘രാധികാ സാന്ത്വനവും’ മറ്റും എഴുതപ്പെട്ടത് എത്രയോ നൂറ്റാണ്ടുകൾക്കു ശേഷമാണന്ന് അറിയാമല്ലോ.
നൂറ്റാണ്ടുകളുടെ വിസ്തൃത സഞ്ചാരത്തിനിടയിൽ സ്വാഭാവികമായുമുണ്ടാവുന്ന സാംസ്കാരികമായ കലർപ്പുകളെ തുറന്ന മനസ്സോടെ സ്വീകരിക്കുവാനുള്ള പാകതയുണ്ടാവുകയെന്നത് പ്രധാനമാണ്. തിരുക്കുറളിലെ സംസ്കൃതക്കലർപ്പുകളെക്കുറിച്ച് തിരുമുൽപ്പാട് ആമുഖത്തിൽ പറഞ്ഞു പോവുന്നതല്ലാതെ തന്റെ സാമർഥ്യം സ്ഥാപിക്കുവാൻ ശ്രമിക്കുന്നില്ല. തിരുക്കുറളിനെ അനുസരിക്കും വിധം ഉള്ളു തെളിഞ്ഞൊരാൾക്ക് സംസ്കൃതഭാഷ അന്യമോ വരേണ്യമോ ആയി അനുഭവപ്പെടുവാനിടയില്ല. ഇവ്വിധം ഭേദചിന്തകളില്ലാത്തൊരു മാനസികനിലയിലേക്കു വളരുവാൻ തിരുക്കുറളിനോളം സഹായകമായൊരു ഗ്രന്ഥമില്ല. ജീവിതശൈലിയിലും സാമൂഹികാവസ്ഥയിലുമുണ്ടായ മാറ്റങ്ങൾ തിരുക്കുറളിലെ പല നിർദ്ദേശങ്ങളുടെയും പ്രസക്തി കുറച്ചിരിക്കാമെന്ന ബോധ്യത്തോടുകൂടിയാണ് തിരുമുൽപ്പാട് ഈ തർജ്ജമ ചെയ്തിരിക്കുന്നത്.
ഭഗവദ്ഗീതയും ധർമപദവും തിരുക്കുറളുമാണ് തിരുമുൽപ്പാടിനെ കർമബദ്ധനും ജ്ഞാനബദ്ധനുമാക്കിയത്. മൂന്നു വ്യത്യസ്തധാരകളെ സമന്വയിപ്പിക്കാനാവുമെന്നും അതിന്റെയുറപ്പിന്മേൽ മൗനമന്ദഹാസത്തോടെ ചരിക്കാനുമാവുമെന്നും ആ മനീഷി നമുക്കു കാണിച്ചു തന്നു.
സ്നേഹപൂർവം
UiR
Content Highlights: Unni R Book Column | BookBum Column by Unni R | Thirukkural | Bhagavad Gita | Raghavan Thirumulpad